സുമേഷ് ആൻഡ് രമേഷ്: ചിരിയിൽ വിജയിച്ച കുടുംബകഥ

പൊട്ടിച്ചിരിപ്പിക്കുന്ന ചിത്രം എന്നതിനേക്കാൾ സന്തോഷത്തോടെ കണ്ടിറങ്ങാവുന്ന ചിത്രം എന്നായിരിക്കും ‘ സുമേഷ് ആൻഡ് രമേഷ്’ എന്ന ചിത്രത്തിന് യോജിക്കുന്ന വിശേഷണം.

കോവിഡ് ഏൽപിച്ച കടുത്ത ആഘാതത്തിൽ നിന്ന് കരകയറാൻ ബിജ്ബജറ്റ്-സൂപ്പർസ്റ്റാർ ചിത്രങ്ങളിലായിരുന്നു തീയേറ്ററുകളുടെ പ്രതീക്ഷ. എന്നാൽ വൻപടങ്ങൾ നിരാശപ്പെടുത്തിയ പ്രേക്ഷകരെ ചെറുചിത്രങ്ങൾ തീയേറ്ററുകളിലേക്ക് തിരിച്ചുകൊണ്ടുവരുന്ന കാഴ്ചയാണ് ബോക്​സോഫീസിൽ കാണാനാവുന്നത്. ചിദംബരം സംവിധാനം ചെയ്ത ജാൻ-എ-മൻ, അഷ്റഫ് ഹംസയുടെ ഭീമന്റെ വഴി എന്നീ ചിത്രങ്ങൾ മികച്ച പ്രതികരണങ്ങളോടെ തീയേറ്ററിൽ പ്രദർശനം തുടരുകയാണ്. ആ നിരയിലേക്കാണ് സനൂപ് തൈക്കൂടത്തിന്റെ സുമേഷ് ആൻഡ് രമേഷ്.

സങ്കീർണതകളോ ബഹളങ്ങളോ ഇല്ലാത്ത ഒരു ക്ലീൻ കോമിക്- റൊമാൻറിക് ചിത്രമാണ് സുമേഷ് ആൻഡ് രമേശ്. സുമേഷ് ആയി ശ്രീനാഥ് ഭാസിയും രമേഷ് ആയി ബാലു വർഗീസുമാണ് സ്ക്രീനിലെത്തുന്നത്. ഇരുവരും സഹോദരങ്ങളാണ്. അച്ഛൻ ഇന്ദുകലാധരൻ (സലിം കുമാർ). രമേഷ് പഠിക്കുകയാണ്. സുമേഷ് വല്ലപ്പോഴും ജോലിക്ക് പോവും. മൂന്നുപേരുടെയും പ്രധാന പണി മദ്യപാനം തന്നെ. സുമേഷിന്റെയും രമേശിന്റെയും അമ്മ ഉഷ (പ്രവീണ) വീട്ടുജോലിക്ക് പോയി കിട്ടുന്ന കാശുകൊണ്ടാണ് കുടുംബം കഴിയുന്നത്. രമേഷിന്റെയും സുമേഷിന്റെയും ഉത്തരവാദിത്വമുള്ള യുവാക്കളായുള്ള പരിവർത്തനമാണ് ചിത്രം പറയുന്നത്.

ഏറെ പരിചിതമായ ചുറ്റുപാടുകളെയും കഥാപാത്രങ്ങളെയും ഉപയോഗിച്ചാണ് സനൂപ് കഥ പറയുന്നത്. സുമേഷിന്റെയും രമേഷിന്റെയും സ്വഭാവങ്ങളിലും മാനറിസങ്ങളിലും പോലും നമുക്ക് പരിചിതത്വം തോന്നാം. സംഭവങ്ങളിലോ പ്രശ്നങ്ങളിലോ കുരുക്കിയിടാതെ ഒഴുക്കോടെ കഥ പറഞ്ഞു തീർക്കുന്നുണ്ട് ചിത്രം. വളരെ ലളിതമായ സാഹചര്യങ്ങൾ കൊണ്ടൊരുക്കിയ കോമഡി ഉടനീളം പ്രേക്ഷകരെ ചിത്രത്തോടൊപ്പം പിടിച്ചിരുത്തുന്നു. പൊട്ടിച്ചിരിപ്പിക്കുന്ന ചിത്രം എന്നതിനേക്കാൾ സന്തോഷത്തോടെ കണ്ടിറങ്ങാവുന്ന ചിത്രം എന്നായിരിക്കും ചിത്രത്തിന് യോജിക്കുന്ന വിശേഷണം.

സനൂപ് തൈക്കൂടം

അലസരായ രണ്ട് യുവാക്കളുടെ കഥ പറയുമ്പോഴും അതിനെ ആഘോഷിക്കാതെ സത്യസന്ധമായി സമീപിക്കാൻ ചിത്രം ശ്രമിക്കുന്നുണ്ട്. ഭർത്താവിന്റെയും മക്കളുടെയും നിരുത്തരവാദിത്വപരമായ പെരുമാറ്റത്തിനും അലസതയ്ക്കും രോഷപ്രകടനത്തിനും ആഘോഷങ്ങൾക്കും എല്ലാം വില കൊടുക്കേണ്ടി വരുന്നത് ഉഷയാണെന്ന് ചിത്രം എടുത്ത് കാണിക്കുന്നുണ്ട്. ഉഷയുടെ ഒരു ദിവസം ആരംഭിക്കുന്നതിന്റെ ദീർഘമായ ദൃശ്യ വിവരണത്തോടെ ചിത്രം ആരംഭിക്കുന്നത് തന്നെ ആ സ്ത്രീ ജീവിതത്തിലേക്കുള്ള ശ്രദ്ധ ക്ഷണിക്കലാണ്. ഉഷ സീരിയൽ കണ്ടുകൊണ്ടിരിക്കുമ്പോൾ അനുവാദമില്ലാതെ ചാനൽ മാറ്റുന്നത്, ഉഷ അംഗമായിരിക്കുന്ന അയൽക്കൂട്ടത്തെ പുച്ഛിക്കുന്നത് തുടങ്ങി മിക്ക കുടുംബത്തിലും ആവർത്തിക്കുന്ന രംഗങ്ങൾ മികച്ച രീതിയിൽ ചിത്രത്തിൽ ചേർത്തുവെക്കുന്നുണ്ട്.

ശ്രീനാഥ് ഭാസിയുടെ പ്രകടനമാണ് ചിത്രത്തെ ആസ്വാദ്യമാക്കുന്നതിൽ വലിയ പങ്കുവഹിച്ച മറ്റൊരു ഘടകം. കോമഡി ചെയ്യുമ്പോഴും ഒതുക്കത്തോടെ ക്യാരക്ടറിനെ സ്റ്റേബിളാക്കാൻ ശ്രീനാഥ് ഭാസിക്ക് കഴിയുന്നുണ്ട്. പ്രവീണയുടെ കഥാപാത്രവും മികച്ചു നിന്നു. ബാലു വർഗീസ് ശ്രീനാഥ് ഭാസി കെമിസ്ട്രി നന്നായി വർക്ക്ഔട്ട് ആയിട്ടുണ്ട്. സലിം കുമാറിന്റെ അഭിനയം ചിത്രത്തിന്റെ
മൂഡുമായി ചേർന്നു നിന്നെങ്കിലും പലപ്പോഴും കട്ടപ്പനയിലെ ഋത്വിക്​ റോഷൻ ഉൾപ്പടെയുള്ള ചിത്രങ്ങളിലെ മാനറിസങ്ങളുടെ ആവർത്തനമായി അനുഭവട്ടു. നായികമാരായെത്തിയ ദേവിക കൃഷ്ണ, അഞ്ചു കൃഷ്ണ, കാർത്തിക വെള്ളത്തേരി എന്നിവരുടെ കഥാപാത്രങ്ങളും രസമായി.

നവാഗതനായ സനൂപ് തൈക്കൂടം ആണ് ചിത്രത്തിന്റെ സംവിധായകൻ. ജോസഫ് വിജീഷും സനൂപ് തൈക്കൂടവും ചേർന്ന് രചന നിർവ്വഹിച്ച ചിത്രത്തിന്റെ ചായാഗ്രാഹകൻ ആൽബിയാണ്. യാക്‌സൺ ഗ്യാരി പെരേര, നേഹ എസ് നായർ എന്നിവരാണ് ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും നിർവഹിച്ചിരിക്കുന്നത്. ഫരീദ് ഖാൻ ആണ് ചിത്രത്തിന്റെ നിർമ്മാതാവ്.

Comments