കായൽക്കവിതയുടെ കഥ - ഭാഗം ഒന്ന്

ഒരു കവിയുടെ ജീവിതമെഴുത്താണിത്. അനാഥപ്പെട്ടും ഓടിയും അലഞ്ഞും അടി വാങ്ങിയും വരയ്‌ച്ചെടുത്ത ഒരു കായൽക്കവിതയുടെ ജീവിതം. പരമ്പരയുടെ ഒന്നാം ഭാഗം

ലയാം കൊളത്തിൽ വൈശാഖും അനീഷും കോർത്തുപിടിച്ച കയ്യിൽ കമന്ന് കെടന്ന് കൈകാലിട്ടടിക്കുമ്പഴാണ് ഡാ എന്നൊരു അലർച്ച കേട്ടത്.
നോക്കുമ്പോ അച്ഛനാണ്.
അച്ഛനെ കണ്ടതും അവമ്മാര് എന്നെ വിട്ടിട്ട് കരയ്ക്ക് കേറി ഓടി.
ഞെട്ടല് മാറും മുമ്പ് ഞാൻ വെള്ളത്തിനടിയിലേക്ക് താന്ന് പോയി. കൊളത്തിൽ നല്ലോണം വെള്ളമൊണ്ട്. രണ്ട് മൂന്ന് കവിള് വെള്ളോം കുടിച്ച് അലച്ചുതല്ലി പൊങ്ങി വരുമ്പഴത്തേക്കും കയ്യിൽ തൂക്കി അച്ഛൻ കരയ്ക്കിട്ടു.
അടിക്കാൻ കമ്പ് നോക്കിയിട്ട് കാണാത്തോണ്ട് ഞാനുടുത്തിരുന്ന നനഞ്ഞ തോർത്ത് വലിച്ചഴിച്ച് അടിതൊടങ്ങി. ഊരിയിട്ടിരുന്ന നിക്കറും ഉടുപ്പും പോലും എടുത്തിടാൻ സമ്മതിക്കാതെ മുഴുവൻ കാളയായി വീട് വരെ അടി കൊണ്ടു.
അച്ഛൻ നല്ലോണം കുടിച്ചിട്ടൊണ്ടാരുന്നു. ഷാപ്പീന്ന് വരുന്ന വഴിയാണ് എന്നെ കൊളത്തിൽ കണ്ടത്.
വീടെത്തിയപ്പോ എന്നേ വിട്ടിട്ട് അമ്മയോടായി ബാക്കി. അത് പതിവൊള്ള കാര്യമാണ്. അടുക്കള മൂലക്കിരുന്ന് ഞാൻ കൊറേ കരഞ്ഞു. ചോറ് പോലും ഉണ്ണാതെ അച്ഛൻ കെടന്ന് ഒറങ്ങിയിരുന്നു. നാലുമണി അടുത്ത് അച്ഛൻ എഴീറ്റു. ചാരായത്തിന്റെ അമലിപ്പ് കൊറഞ്ഞിരുന്നു. തിണ്ണയ്ക്ക് വെഷമിച്ചിരുന്ന എന്നെ അടുത്ത് വിളിച്ച് പൊറത്ത് തടവി. അച്ഛനങ്ങനാണ് അടിച്ചാൽ കൊറേക്കഴിഞ്ഞ് വിളിച്ചിരുത്തി തടവും അത് മൂത്തോരോടായാലും കാളമ്മാരോടായാലും അങ്ങനാണ്.

മേലാൽ അവമ്മാര് കൊളത്തിൽ പാൻ വിളിച്ചാ പോവല്ല്. കഴുവറടാമക്കള് വിട്ടിട്ട് പോയ കണ്ടോ. ഞാൻ കണ്ടില്ലാരുന്നേ ചത്ത് പോയേനേ ഇന്ന്.
നിന്നെ നീന്തല് അച്ഛൻ പഠിപ്പിക്കാം എന്ന് പറഞ്ഞു (അവമ്മാര് അച്ഛനേ പേടിച്ച് ഇട്ടിട്ട് ഓടിയതാണ്). കാളമ്മാർക്ക് പോച്ച വാരി ഇട്ട് കൊടുത്തിട്ട് അച്ഛൻ പിന്നേം ഷാപ്പിൽ പാനെറങ്ങി.

അച്ഛന് കാളേം വണ്ടീമാരുന്നു. ശാസ്താം കോട്ട സിനിമാ പറമ്പ് പറക്കോട് ശൂരനാട് അങ്ങനെ ചുറ്റുവട്ടത്തൊള്ള കമ്പോളങ്ങളിലേക്കൊള്ള സാധനങ്ങള് കൊണ്ട് കൊടുക്കാൻ പോവും. വയലില് നടീൽ സമയം ആയാൽ വെളുപ്പിന്
കണ്ടം പൂട്ടാനും പോവും. പള്ളിക്കൂടത്തി പോവണ്ടാത്തപ്പം ഞാനും കൂടെപ്പോവും. പൂട്ടുന്ന കണ്ടത്തിന്റെ കരേല് ദെണ്ണേല് തെങ്ങിന്റെ തണല് നോക്കി ഞാനിരിക്കും. പൂട്ടിക്കൊഴയുമ്പം അച്ഛന് കണ്ടത്തിലോട്ട് വെള്ളം കൊണ്ടുക്കൊടുക്കലാണ് എന്റെ പണി. എത്ര വെയിലത്ത് നിന്ന് വെയർത്താലും അച്ഛൻ ചൂട് വെള്ളമേ കുടിക്കത്തൊള്ള്. വെള്ളത്തിന്റെ ചൂട് പോവുന്ന മൊറയ്ക്ക് ഞാൻ കണ്ടത്തിനടുത്തൊള്ള വീടുകളീന്ന് പോയി വെള്ളം കൊണ്ട് വരും. വയലിന്റെ കരേലൊള്ള മിക്ക വീട്ട്കാരും അച്ഛൻ പൂട്ടാൻ ചെന്നാൽ വെള്ളം തെളപ്പിച്ചിട്ടിരിക്കും.

പൂട്ടി വെള്ളം കേറ്റിയിട്ട കണ്ടം പതം വരുത്താൻ മരമടിക്കും. അന്നേരം അച്ഛൻ മരത്തേലിരിക്കാൻ എന്നേ വിളിക്കും. ചെളിക്കണ്ടത്തിന് മോളിക്കൂടെ തെന്നി നീങ്ങുന്ന മരത്തേലിരിക്കൽ രസമൊള്ള കാര്യമാണ്.

പൂട്ട് കഴിഞ്ഞ് കലപ്പ കരേലെവിടേലും വച്ച് കാളമ്മാരേ തോട്ടിൽ കുളിപ്പിച്ച് എന്നേ ഏൽപ്പിച്ചിട്ട് നീ ഇതുങ്ങളേം കൊണ്ട് വീട്ടിപ്പൊയ്‌ക്കോ എന്ന് പറഞ്ഞിട്ട് അച്ഛൻ ഷാപ്പിലോട്ട് പോവും. അവത്തുങ്ങക്ക് വീടറിയാം കയറിന്റെ അറ്റത്ത് പിടിച്ചോണ്ട് പോയാ മതി സൈഡ് ചേർന്ന് മുമ്പേ അവര് നടന്ന് പോവും പൊറേൽ ഞാനും.

2

അന്ന് ഒന്നാം ക്ലാസിലാണ്. പള്ളിക്കൂടം വിട്ട് ഓടി വീട്ടില് വരുമ്പം അച്ഛനും അമ്മയും തിണ്ണയ്ക്കിരിപ്പുവൊണ്ട്. പുസ്തക സഞ്ചി തിണ്ണേലോട്ടെറിഞ്ഞ് അമ്മേടെ മടീൽ കേറി ബ്ലൗസ് പൊക്കി പാല് കുടിച്ചോണ്ടിരുന്ന എന്റെ തൊടയെത്തിച്ച് അച്ഛനൊരടിയടിച്ചു. ഞെട്ടി നെലവിളിക്കാൻ തൊടങ്ങിയ എന്റെ കാല് തടവിക്കൊണ്ട് കാലൻ, പെരും കൈയ്യിലെ അഞ്ച് വെരലും തെണുത്ത് കെടപ്പുവൊണ്ടെന്ന് അമ്മ പ്രാകി.
അന്നത്തോടെ മൊല കുടി നിന്നു. ചെറുതിലേയുള്ള ഓർമ്മകളിൽ കരിഞ്ഞ് പോവാതെ നിക്കുന്നത് അത് മാത്രമാണ്.
ആറ് മക്കളിൽ ആറാമത്തവനായത് കൊണ്ട് അമ്മയ്ക്ക് പാടില്ലായിരുന്നു. പെങ്ങൻമാര് മാറി മാറി എടുത്തോണ്ട് നടന്നു. ചേട്ടൻമാര് കൂടെ കളിച്ചു. മൂത്ത പെങ്ങളും അമ്മയും ഒരു മാസത്തിന്റെ വെത്യാസത്തിലാണ് പെറ്റ് കെടന്നത്. മോടെ കല്യാണം കഴിഞ്ഞ് വയറ്റിലൊണ്ടെന്നറിഞ്ഞതും അവർക്ക് കൊറച്ചിലാരുന്നു. ചെവിക്ക് ചെവി അറിയാതെ കളയാൻ അവര് ഗോപാലകൃഷ്ണൻ ഡോക്റ്ററുടെ അടുത്ത് ചെന്നതാണ്. പക്ഷേ സമയം കഴിഞ്ഞ് പോയിരുന്നു. കളഞ്ഞാൽ അമ്മയ്ക്ക് കേടാണെന്ന് ഡോക്ടർ പറഞ്ഞത് കൊണ്ട് നാപ്പത്തഞ്ചാമത്തെ വയസിൽ എന്നേ പെറ്റു.
ഒരു ദെവസം അമ്മേ ഉപദ്രവിച്ചപ്പം കലി വന്ന് അമ്മ വിളിച്ചു പറഞ്ഞതാണ്.
ഗോപാലകൃഷ്ണൻ ഡോക്ടറുടെ കാരുണ്യം കൊണ്ടാണ് ഞാൻ ഭൂമികണ്ടത്.
അങ്ങേരിപ്പഴും ഒണ്ട് നൂറ് വയസ്സിനടുത്തായി. അമ്മയതന്ന് തമാശ ചേർത്താണ് പറഞ്ഞത്. പക്ഷേ അന്നത് ഉണ്ടാക്കിയ മുറിവ് ഇന്നും ഒണങ്ങിയിട്ടില്ല. ആഗ്രഹിക്കാതെ ഒണ്ടായ അധികപ്പറ്റാണെന്ന നീറ്റല് കെടന്ന് പൊകഞ്ഞാണ് കവിത എഴുതാൻ തൊടങ്ങിയത്.
അതുകൊണ്ടാണെന്ന് തോന്നുന്നു ഇങ്ങനെ അന്തർമുഖനായിപ്പോയത്.
അന്ന് ചുറ്റുവട്ടത്തെല്ലാരും കളിയാക്കും. പെണ്ണുങ്ങള് സ്‌നേഹം ചേർത്ത് പൊന്നമ്മയമ്മേടെ വയറ് കഴുകി പിള്ളേന്ന് വിളിക്കും.
ആണുങ്ങള് തങ്കോമ്പിള്ള കൊച്ചാട്ടൻ വടിച്ചൊഴിച്ചൊണ്ടാക്കിയതാ നിന്നെ എന്ന് പറയും. ശങ്കിച്ച് ശങ്കിച്ച് എന്നേ പെറ്റോണ്ടാന്ന് തോന്നുന്ന് ആദ്യവൊക്കെ
അമ്മയ്ക്ക് പാല് കൊറവാരുന്ന്. അന്നേരം പെങ്ങളെടുത്ത് മൊല തരും. ജീവിതത്തിൽ അങ്ങനെ അമ്മേടേം പെങ്ങടേം പാല് കുടിക്കാൻ ഭാഗ്യമൊണ്ടായി.

ആറ് മക്കളും അച്ഛനും അമ്മയും രണ്ട് കാളമ്മാരും ഒരു പശുവും കുട്ടിയും ഒരു പട്ടിയും പിന്നെ കൊറേ കോഴിയും. ഇതൊക്കെയാരുന്നു ഞങ്ങള്.
കുടിച്ച് കഴിഞ്ഞ് മിച്ചവൊള്ളത് അച്ഛൻ വീട്ടിക്കൊടുക്കും. ഒള്ള ചില്ലറ കൊണ്ട് ഇത്രേം വയറ് നെറയ്ക്കാൻ അമ്മ പെടാപ്പാട് പെട്ടു.

ചന്ത ദെവസം കാളവണ്ടി തിരിച്ച് വരുമ്പം ഒടിഞ്ഞതും ചതഞ്ഞതുമായ ചീനിയും ഏത്തക്കായും ഒക്കെ സാധനവെറക്കിക്കഴിഞ്ഞ് അച്ഛൻ കാളമ്മാർക്ക് കൊടുക്കാൻ വാരി വണ്ടീലിടും. വീട്ടില് വന്ന് കഴിഞ്ഞാൽ അമ്മ അത് പൊളിച്ച് തൊലി കന്നാലിക്കും ബാക്കി പുഴുങ്ങി ഞങ്ങക്കും തരും. ചോറിനേക്കാൾ പട്ടിണി മാറ്റിയത് ചക്കയും ചീനിയുമായിരുന്നു. അതൊന്നും ഇല്ലാത്തപ്പം പച്ചവെള്ളവും കുടിച്ച് നടന്നു.

3

ഏഴിലോ എട്ടിലോ പഠിക്കുമ്പഴാണ് മൂന്നാമത്തെ പെങ്ങടെ കല്യാണം.
അമ്പലത്തിലെ സദ്യാലയത്തില് വേറേ കല്യാണം ഒണ്ടായോണ്ട് ശാസ്താം കോട്ട സ്‌കൂളിൽ വച്ചായിരുന്നു സദ്യയൊക്കെ. കല്യാണപ്പെണ്ണിന് പോവാൻ അംബാസഡർ കാറ് വന്നിട്ടൊണ്ട്. അത് വരെ അച്ഛന്റെ കാളവണ്ടീല് മാത്രവേ കേറിയിട്ടൊള്ള്. നേരത്തേ തന്നെ കുളിച്ചൊരുങ്ങി വെളുത്ത അംബാസഡർ കാറിനേ ചുറ്റിപ്പറ്റി നിന്നു. എറങ്ങാൻ സമയമായതും ഓടിച്ചെന്ന് മുമ്പിലത്തെ
ഡോറ് തൊറന്ന് അഭിമാനത്തോടെ കേറിയിരുന്നു.

പെങ്ങമ്മാരും കുഞ്ഞമ്മമാരും പൊറേൽ തിങ്ങി നെറഞ്ഞ് കഴിഞ്ഞ് അമ്മാവിക്ക് കേറാൻ സ്ഥലമില്ല. അപ്പച്ചീടെ മോൻ വന്ന് ഡാ എറങ്ങിങ്ങോട്ട്. നീ നടന്ന് പോയാൽ മതി. അയ്യs അയാള് കേറിയങ്ങ് ഞെളിഞ്ഞിരുന്നെന്ന് കളിയാക്കിക്കൊണ്ട് കയ്യേപ്പിടിച്ച് വലിച്ചെറക്കി. അന്നൊണ്ടായ അപമാനം മറക്കാൻ പറ്റില്ല. അപമാനത്തിന്റെ ഉമിത്തീ കെടന്ന് നീറി നീറി നെഞ്ച് പൊള്ളി. പെണ്ണിന്റാങ്ങളയായ എന്നേ വലിച്ചെറക്കി വിട്ട കല്യാണത്തിന് പോന്നില്ലെന്ന് വച്ച് തിണ്ണയിൽ കേറിയിരുന്നു. നടന്ന് പോവാവുന്ന കേസേയൊള്ള്. പക്ഷേ സങ്കടം സഹിക്കാൻ പറ്റിയില്ല. വീടിന് തീവെച്ചിട്ട് നാട് വിട്ടാലോ എന്നാലോചിച്ചു. ഭാഗ്യത്തിന് അന്നേരം കല്യാണം കഴിഞ്ഞ് തിരിച്ച് ആള് വന്നോണ്ട് അത് നടന്നില്ല.
അതിനേക്കാൾ സങ്കടം ഞാൻ കല്യാണത്തിന് ചെന്നില്ല എന്ന കാര്യം ഒരു കുഞ്ഞുപോലും അറിഞ്ഞില്ല. എന്നേക്കാണാതെ സങ്കടപ്പെട്ട് കാണും എന്ന് കരുതി സമാധാനിച്ചത് വെറുതെയായി. അന്ന് കാറിൽ നിന്ന് എറക്കിവിട്ട അപ്പച്ചീടെ മോന് നല്ല സ്‌നേഹവാ. പക്ഷേ ഞാനിപ്പഴും അയാളോട് മിണ്ടാറില്ല.

മൺകട്ട കെട്ടിയ ഓലമേഞ്ഞ ഒരുമുറിയും ചായ്പ്പും അടുക്കളയും. അതായിരുന്നു വീട്. കളീക്കലെന്നായിരുന്നു വീട്ട് പേര്. അമ്മേം പെങ്ങൻമാരും ഞാനും അടുക്കളേലും അണ്ണൻമാര് രണ്ടും നടുക്കത്തെ മുറിയിലും അച്ഛൻ ചായ്പ്പിലുമാണ് കെടക്കുന്നത്.

അച്ഛൻ കുടിച്ച് കഴിഞ്ഞാൽ ഭീകരമായിരുന്നു വീട്ടിലെ അവസ്ഥ.
കുടിക്കാത്ത ദിവസങ്ങളുമില്ല. അണ്ണൻമാര് പാതിരാത്രി അച്ഛനൊറങ്ങിയെങ്കിലേ വീട്ടിൽ വരൂ. അല്ലെങ്കിൽ അടിക്കുമെന്ന് ഉറപ്പാണ്. ഒരു മൂസല് ചീത്ത വിളികഴിഞ്ഞ് ഒറങ്ങാൻ കെടക്കുന്ന അച്ഛന്റെ അടുത്തിരുന്ന് എഴുന്നേൽക്കാതെ നോക്കാൻ അമ്മ എന്നേ പറഞ്ഞ് വിടും. എന്നേ ഒന്നും ചെയ്യാറില്ല.
അച്ഛൻ കെടന്ന് പാട്ട് പാടും.

എന്തും വിധിക്കട്ടെ ലോകം
മമ പ്രേമബന്ധത്തിൽ ഞാനൊരു
ഭീരുവല്ല
അത്രയ്ക്ക് മേലുള്ള പ്രേമബന്ധങ്ങളാൽ
ഒട്ടിപ്പിടിച്ചു പോയ് ഓമനേ നാം.

എല്ലാപ്പാട്ടിന്റെയും ആദ്യ വരികളേ ഓർമ്മയിൽ കാണൂ.
ബാക്കി അറിയാഞ്ഞ് എടി പൊന്നമ്മോ ബാക്കി എന്തുവാടീ എന്ന് ചോദിക്കും.
മറുപടി കിട്ടാതാവുമ്പോ ചാടിയെഴുന്നേറ്റ് ചീത്ത വിളി തൊടങ്ങും. അപ്പൊ പൊന്നച്ഛനല്ലിയോ കെടന്നൊറങ്ങ് എന്നും പറഞ്ഞ് പിടിച്ച് കെടത്തി ഒറക്കും.
അച്ഛൻ വരി മറക്കുമ്പം മുമ്പ് കേട്ട പരിചയത്തില് ബാക്കി പാടി ഞാൻ വഴക്ക് ഒഴിവാക്കും. ലോകത്തില് അച്ഛനേ താരാട്ട് പാടി ഒറക്കിയിട്ടൊള്ള മകൻ ഞാൻ മാത്രമാരിക്കും.

4

ശാസ്താം കോട്ട ദേവസ്വം ബോർഡ് കോളേജിൽ പ്രീഡിഗ്രി ഫസ്റ്റ് ഇയർ പഠിയ്ക്കുന്ന സമയം. കോളേജ് പ്രിൻസിപ്പൽ അന്ന് മീനാക്ഷിയമ്മ ടീച്ചറായിരുന്നു. ടീച്ചർ വാടകയ്ക്ക് താമസിച്ചിരുന്നത് മനക്കര തന്നെ പൂവണ്ണാലഴികത്ത് പ്രൊഫസർ ഹരിക്കുട്ടനുണ്ണിത്താൻ സാറിന്റെ വീട്ടിലായിരുന്നു.
വീട്ടിലന്ന് പശുവുണ്ട്. അങ്ങനെ ടീച്ചറിന് പാലുകൊണ്ടു കൊടുക്കാനുള്ള ഭാഗ്യമുണ്ടായി. സത്യത്തിൽ തീരെ താല്പര്യമുണ്ടായിട്ടല്ല, കരമൊഴിവായി അന്ന് ഞാനേ ഉള്ളൂ.
ഏറ്റവും ഇളയതായതുകൊണ്ട് പുണ്ണാക്ക്, ബീഡി, പഞ്ചാര തുടങ്ങിയ അവശ്യ വസ്തുക്കൾ തീരുന്ന മുറയ്ക്ക് പോയി വാങ്ങുന്നത് നമ്മടെ പണിയായിരുന്നു.
പാലും കൊണ്ട് ചെന്ന ആദ്യ ദിവസം ടീച്ചർ ചോദിച്ചു മോന്റെ പേരെന്താ...? വിനയാന്വിതനായി ഞാൻ: സുനില്ന്നാ...
ടീച്ചർ: എത്തറിലാ പഠിയ്ക്കുന്നെ..?
ഞാൻ: ഒമ്പതിലാ...
വിപധിധൈര്യം/നിമിഷത്തിന്റെ ആയിരത്തിലൊന്ന് സെക്കന്റ് കൊണ്ട് പ്രശ്‌നത്തെ പ്രശ്‌നം കൊണ്ട് ഗുണിച്ചെടുത്ത തീരുമാനമായിരുന്നു അത്.
കാരണം പ്രീ ഡിഗ്രി ആണെന്ന് പറഞ്ഞാ എന്താ ഏതാ എന്നൊക്കെ ചോദ്യം വരും..
ക്ലാസിൽ കേറിയില്ലെങ്കിലോ മറ്റോ പ്രശ്‌നമാവാൻ സാദ്ധ്യതയുണ്ട്. പോരാത്തതിന് കാന്റീൻ നടത്തുന്നത് നമ്മടെ അമ്മാവനും. എന്തായാലും ടീച്ചറത് വിശ്വസിച്ചു. കാരണം അന്നത്തെ ആകാര സൗഷ്ഠവം അങ്ങനെയായിരുന്നു.
പോകെ പോകെ ടീച്ചറിന് ശാന്തനും സൽസ്വഭാവിയുമായ എന്നെ ക്ഷ പിടിച്ചു.. വല്ലപ്പോഴും നന്നായി പഠിച്ച് എസ് എസ് എൽ സി യ്ക്ക് നല്ല മാർക്ക് വാങ്ങി കോളേജിൽ ചേരണമെന്നൊക്കെ ഫ്രീയായി ഉപദേശിയ്ക്കും. ഒരിയ്ക്കല് ഒരു പേന തന്നതായി ഓർക്കുന്നു.

അങ്ങനെയിരിയ്‌ക്കെ ഒരു ദിവസം തന്റേതല്ലാത്ത കാരണത്താൽ എനിയ്ക്ക് പാലും കൊണ്ട് പോകാനായില്ല. മൂടിപ്പുതച്ച്, കിടുങ്ങുന്നേ.. വയ്യായേ.. എന്നൊക്കെ പറയുന്നത് കേട്ട് ചേട്ടത്തി ദൗത്യം ഏറ്റെടുത്തു.. പനിച്ച് സുഖിച്ച് കിടക്കുന്നതിനിടയിൽ കൊള്ളിയാൻ പോലെ അപകട ഭീതി ഉള്ളിൽ വന്നലച്ചു.
എല്ലാം തകരും...
ബാധ കേറിയവൻ എറങ്ങി ഓടുന്ന പോലെ പൊതപ്പും വലിച്ചെറിഞ്ഞ് നൂറേ നൂറിൽ ഒരു വിടീലാരുന്നു പിന്നെ.
യ്യോ എന്റെ കുഞ്ഞിനെന്താന്നോ..
എന്ന് നെലവിളിച്ച് അമ്മ പിറകേ...
കുമ്പളത്ത് മുക്കില് വച്ച് ചേട്ടത്തിയേ ബ്ലോക്ക് ചെയ്ത് ആവുന്ന പറഞ്ഞു ഞാൻ കൊണ്ട് പോകാമെന്ന്.
തരികിട മണത്ത ആ ദുഷ്ട സമ്മയ്ച്ചില്ല...

പിന്നെ പറയണ്ടല്ലോ...

സകല സത്യവും തുറന്ന് പറഞ്ഞ് സുകുമാരക്കുറുപ്പിനേക്കാൾ വലിയ ദുഷ്ട കഥാപാത്രമായി ടീച്ചറിന്റെ മനസ്സിൽ പതിപ്പിക്കുന്നതിൽ ചേട്ടത്തി വിജയിച്ചു.
അതിൽ പിന്നെ പാലും കൊണ്ട് പോയിട്ടില്ല.
5

അച്ഛനും അമ്മയും മച്ചമ്പിമാരായിരുന്നു. അവരുതമ്മിൽ ഇഷ്ടത്തിലായി കല്യാണം കഴിച്ചതാണെന്നാണറിവ്. തമ്മിൽ മരണപ്പൊരുത്തമായിരുന്നത്രേ.
അച്ഛൻ അമ്മയേ താലി കെട്ടിയാൽ മരിക്കുമെന്ന് ജോൽസ്യൻ പറഞ്ഞത് കൊണ്ട്
കൊച്ഛച്ചനേക്കൊണ്ട് താലി കെട്ടിച്ച് അച്ഛൻ കൂടെ കൂട്ടുകയായിരുന്നു.
ആറു മക്കളേയും കൊണ്ട് അഴന്തുന്നത് പോരാഞ്ഞ് എന്നും അടിയും വഴക്കും പതിവായിരുന്നു. ഉപദ്രവം സഹിക്കാതാവുമ്പോ അമ്മ ഇറങ്ങി ഓടിപ്പോവും.
ചെല ദിവസം രാത്രികളിൽ അമ്മയുടെ ഏണിൽ പതുങ്ങിയിരുന്ന് അടുത്തുള്ള ചീനി വെളയിൽ നേരം വെളുപ്പിച്ചിട്ടുണ്ട്. വൈകിട്ട് അച്ഛൻ കുടിച്ചിട്ട് വരുന്നതോർത്ത് ഉച്ചമുതൽ പിരിമുറുക്കം തുടങ്ങും. വെപ്രാളം കൊണ്ട് കയ്യിലെ നഖം തിന്നും. ഒന്നിനും ആത്മവിശ്വാസമില്ലാതായി തീർന്നത് അങ്ങനെയാണ്. എന്തിനേയും ഭയപ്പാടോടുകൂടിയേ സമീപിക്കാൻ കഴിഞ്ഞിരുന്നുള്ളു. പള്ളിക്കൂടവും അമ്പലവും കായലും തമ്മിൽ പത്ത് ചവിട്ടടി ദൂരമേയൊണ്ടാരുന്നൊള്ള്. അമ്പലത്തിൽ കല്യാണമൊള്ള ദെവസം ആദ്യത്തെ പന്തിക്ക് തന്നെ കയറി ഉണ്ണും. അങ്ങനെ ഒരു ദിവസം സദ്യാലയത്തിലെ ഗ്രില്ലിനിടയിൽ കൈ പെട്ട കഥ മുമ്പ് കവിതയിൽ എഴുതിയിട്ടുണ്ട്.

അമ്പലത്തിന് കിഴക്ക് വശം അക്കേഷ്യാ കാടായിരുന്നു. അതുകടന്ന് ചെന്നാൽ ദേവസ്വം ബോഡ് കോളേജാണ്. സ്‌കൂളിലെ ഇന്റർ വെൽ സമയത്ത് കായൽ വാരത്തെ അക്കേഷ്യ കാട് കേറിയിറങ്ങും. കള്ളനും പോലീസും കളിക്കുമ്പോൾ സ്‌കൂൾ പരിസരം വിട്ട് ഒളിക്കാൻ കായല് വാരത്ത് പോവും. അങ്ങനെയൊരുദിവസമാണ് കുറ്റിക്കാടിനിടയിലെ അനക്കം കണ്ട് നോക്കുമ്പോൾ ആണും പെണ്ണും ഇണ ചേരുന്നത് കണ്ടത്.

കായല് വാരത്തോട് ചേർന്ന് തന്നെയാണ് കോളേജ് ഗ്രൗണ്ട് അവിടെ ക്രിക്കറ്റ് കളിയുള്ള ദിവസം സ്‌കൂളീന്ന് മുങ്ങി കളി കാണാൻ പോവും.
ക്രിക്കറ്റിനോട് ഒരു താൽപര്യവുമുണ്ടായിട്ടല്ല. കൂട്ടുകാരൻമാരുടെ കൂടെ പോവുന്നതാണ്.

പഠിക്കാൻ ഒഴപ്പായിരുന്നെങ്കിലും പത്തിൽ ഫസ്റ്റ് ക്ലാസ് കിട്ടുമെന്ന് ട്യൂട്ടോറിയൽ സാറമ്മാര് പറയുമായിരുന്നു. പക്ഷേ മുന്നൂറ്റി അഞ്ച് മാർക്കേ കിട്ടിയുള്ളു. അതിന് കുമാര സഹജമായ ഒരു കാരണമുണ്ട് പിന്നീട് പറയാം

6
ഒരു പാട് പ്രണയങ്ങളുണ്ടായിട്ടുണ്ടെങ്കിലും ഒരു പെൺ കുട്ടിയോട് ഉണ്ടായിരുന്ന പ്രണയത്തേപ്പറ്റി ഓർത്തു. ഡിഗ്രി കഴിഞ്ഞ് ചെന്നൈയിൽ ഒരു അഡ്വർട്ടൈസിങ് കമ്പനിയിൽ ഫ്‌ലെക്‌സ് പ്രിന്ററായി ജോലി നോക്കുവാണന്ന്.
നോട്ട് ബുക്കിൽ ഡയറിയെഴുത്തു പോലെ കവിതയുമുണ്ട്. അസ്ഥിത്വ ദുഖമാണോ എന്തോ എന്നൊന്നുമറിയാത്ത ഒരു സങ്കടം തൊണ്ടക്കുഴിയിൽ കൂട്ടിനുണ്ട്. മദ്യത്തിലാശ്രയ സ്ഥാനം കണ്ടിരുന്ന കാലമാണ്.
കമ്പനിയിലെ ഫ്രണ്ടോഫീസിൽ ജോലി ചെയ്യുന്ന തമിഴ് പെൺകുട്ടിയോടാണ് പ്രണയം. അവൾ വർഷങ്ങളോളം പ്രണയിച്ചവനുമായി കല്യാണം നിശ്ചയിച്ചിരിക്കുന്നവളാണ്. അവളേക്കാൾ പൊക്കം കുറഞ്ഞ, മെലിഞ്ഞ് കൂനിയ എന്നോട് അയ്യോ ഞാൻ കമ്മിറ്റടായിപ്പോയി അല്ലായിരുന്നെങ്കിൽ... എന്ന ആശ ബാക്കി നിർത്തുന്ന നിലപാടായിരുന്നു.

ഓഫീസ് വിട്ട് കുടിക്കാൻ പോയി വന്ന് മൊനക്കടയിലെ എസ്റ്റീഡി ബൂത്തിൽ നിന്ന് അവളേ വിളിച്ച് എന്നും പതം പറയും. അവളെല്ലാം മൂളിക്കേൾക്കും. അവൾക്ക് വേണ്ടി തമിഴിൽ എഴുതിയ കവിതകൾ ഓർത്ത് പറയും. അവൾ ചിരിക്കും. അവളുടെ കല്യാണം അടുത്തു. അവൾ റിസൈൻ ചെയ്യാനുള്ള നോട്ടീസ് പീരീഡിൽ ഓഫീസിലുണ്ട്. നഷ്ടപ്പെടാൻ പോകുന്ന പ്രണയത്തേ ഓർത്ത് നീറി ഓഫീസിൽ പോകാതായി.
കമ്പനിയിൽ നിന്നും കൂട്ടുകാരിൽ നിന്നും കടം വാങ്ങി കുടിച്ച് സ്വയം മറന്ന് നടന്നു നാളുകൾ പോകെ എങ്ങുനിന്നും കടം കിട്ടാതായി.
പൈ ഗ്രാപ്‌സ് റോഡിലെ താസ്മാക്കിന് മുമ്പിൽ വഴിയേ പോകുന്നവരോട് കൈ നീട്ടിയായി കുടി. അങ്ങനെയൊരു ദിവസം കൂട്ടുകാർ വന്ന് ബലമായി പിടിച്ച് എം ഡിയുടെ മുന്നിലെത്തിച്ചു. മലയാളിയായ ചെറുപ്പക്കാരനായിരുന്നു.
കവിതയുടെ അസുഖമുണ്ടെന്നറിയാവുന്നത് കൊണ്ട് ഒരു മാസം ലീവ് തന്ന് നാട്ടിൽ പോയി വരാൻ പറഞ്ഞു.
അന്ന് രാത്രി കുടിച്ച് ഭ്രാന്തായി അമ്പത്തൂരിലെ അവളുടെ വീട്ടിലേക്ക് ലക്ഷ്യം വച്ച് നടന്നു. വഴിയിലെവിടെയോ ബസ് റ്റേഷനിൽ മഴയത്ത് ചെളിയിൽ കിടന്ന എന്നേ പോലീസ് തല്ലി എഴുന്നേൽപ്പിച്ചു. ഇനി ഇവിടെ നിന്നാൽ ആത്മഹത്യ ചെയ്തു പോവും എന്ന് തോന്നിയത് കൊണ്ട് സെന്റ്രൽ റെയിൽവേ സ്റ്റേഷനിലെത്തി. പരിചയക്കാരനോട് കടം വാങ്ങിയ ഷർട്ടുമിട്ട് നാട്ടിലേക്ക് പോന്നു. ഇതിനിടയ്ക്ക് എന്റെ മാനസിക നില തെറ്റിയെന്ന് കമ്പനിയിൽ സംസാരമായി.
കമ്പനിയിൽ നിന്ന് തിരികെ ചെല്ലാൻ വിളി വന്നെങ്കിലും പോയില്ല.
മറ്റൊരു കാരണം കൊണ്ട് അവളുടെ കല്യാണം മുടങ്ങിയെന്ന് പിന്നീടറിഞ്ഞു.

7
ദുബൈയിലുള്ളപ്പോൾ ഷാർജ അൽ നാദയിൽ ടൈഗർ ബിൽഡിങ്ങിന്റെ മുപ്പതാമത്തെയോ മുപ്പത്തഞ്ചാമത്തെയോ നിലയിലായിരുന്നു താമസം.
വ്യാഴാഴ്ച രാത്രി മരണക്കുടി കുടിച്ച് കിടന്നാലും വെള്ളിയാഴ്ച രാവിലേ തന്നെ ഉണരും. കൂടെയുള്ളവർ ഉച്ചയ്ക്ക് ഒരു മണിയൊക്കെയാവും ഉണരാൻ.
അന്ന് സ്വന്തമായൊരു ലാപ്‌ടോപ്പുണ്ട്. രാവിലെ എടുത്ത് മടിയിൽ വച്ചാൽ പല്ല് പോലും തേക്കാതെ പാതിരാത്രി വരെ ഒരേ ഇരിപ്പിരിക്കും.
പള്ളിയിൽ പോവാനെഴുന്നേൽക്കുന്ന നസീദ്
ഗെഡ്യേ ഈ കുന്തം മാറ്റി വയ്ക്ക് ട്ടാ,
നെന്റെ കെഴങ്ങ് കരിഞ്ഞ മണം വരണുണ്ട്
കുട്ട്യോളൊണ്ടാവൂലാട്ടോന്ന് പേടിപ്പിക്കും.
ഉച്ചയ്ക്ക് മൂന്ന് മണിയോടെ കൂട്ടുകാരെല്ലാം പുറത്ത് പോയിക്കഴിയുമ്പോൾ
മെല്ലെയെഴുന്നേറ്റ് ബാഗിൽ നിന്നും ഒരു ബലൂൺ പാക്കറ്റ് എടുത്ത് ഒന്നൊന്നായി വീർപ്പിച്ച് കോറിഡോറിലെ ജനൽ തുറന്ന് പുറത്തേക്ക് വിടും.
ഹൂം എന്ന് കാറ്റെടുത്ത് അത് അകലേക്ക് അകലേക്ക് പോവും.

ഒരു പ്രത്യേക ലഹരിയിൽ അതങ്ങനെ പോവുന്നത് നോക്കി നിൽക്കും.
കമ്പനി പൂട്ടി റൂമിലിരിപ്പായി.
കുടിയൊക്കെ വല്ലപ്പോഴും ദെയ്‌റയിലെ കൂട്ടുകാരുടെ റൂമിൽ അവരുടെ കാരുണ്യത്താലായി.
ബലൂൺ വാങ്ങാൻ കാശില്ലാതായി.
റൂമിലിരുന്ന് നരകിച്ച് മനോനിലയേപ്പോലും
ബാധിച്ച് തുടങ്ങി. വിഷാദത്തിന്റെ തീ നീറിപ്പിടിച്ചു.
വയറ് കഴിയാൻ വാങ്ങുന്ന കുബൂസിന്റെ കവറും ലുലുവിന്റെ കവറും ഒക്കെ വേസ്റ്റ് ബിന്നിൽ നിന്നും പെറുക്കി വയ്ക്കും.
റൂമിൽ ഞാൻ മാത്രമാകുമ്പോൾ ജനൽ തുറന്ന് അവ പറത്തി വിടും.
ആ ദിവസങ്ങളിൽ വിഷാദം കവിതയിലേക്ക് എന്നേ പറത്തി വിട്ടു.
അമ്മയന്ന് ക്യാൻസർ കാർന്ന് തിന്ന് ജീവച്ഛവമാണ്.
അങ്ങനെ ഒരു പ്രതീക്ഷയുമില്ലാതിരിക്കെ തിരിച്ച് പോവാനുള്ള ടിക്കറ്റ് വന്നു.
അല്ലായിരുന്നെങ്കിൽ ഒരു ദിവസം കുബൂസിന്റെ കവറിൽ തൂങ്ങി
നാട്ടിലേക്ക് പറക്കാൻ പ്ലാനിട്ടുറപ്പിച്ചിരുന്നതാണ്
ജസ്റ്റ് മിസ്.

(തുടരും)

Comments