സ്വാമി ജോൺ സ്പിയേഴ്‌സ് എന്ന ജ്ഞാനഭിക്ഷു

പ്രിസം ബുക്‌സ് പ്രസിദ്ധീകരിച്ച സ്വാമി ജോൺ സ്പിയേഴ്സിന്റെ Philosopher Saint: The life and philosophy of Narayana Guru എന്ന പുസ്തകത്തിന് മുനി നാരായണപ്രസാദ് എഴുതിയ ആമുഖം.

സ്‌കോട്ട്‌ലാൻഡിൽ നിന്നുള്ള ജോൺ സ്പിയേഴ്‌സ് എന്ന യുവാവ് 1930ലാണ് ഇന്ത്യയിലെത്തിയത്. ഇന്ത്യയുടെ ജ്ഞാനപൈതൃകത്തെ സ്‌നേഹിച്ച അദ്ദേഹം അത് കൂടുതൽ ആഴത്തിൽ കണ്ടെത്തി, ആവോളം നുകരുവാനാണ് ഇന്ത്യയിലെത്തിയത്. 1979-ൽ അദ്ദേഹം അന്തരിച്ചത് സ്വാമി ജോൺ സ്പിയേഴ്‌സ് ആയാണ്. അപ്പോഴേക്കും ഈ ജ്ഞാനപൈതൃകത്തിന്റെ വക്താവായി അദ്ദേഹം മാറിക്കഴിഞ്ഞിട്ടുണ്ടായിരുന്നു, പ്രത്യേകിച്ചും ഋഷിയായ നാരായണഗുരുവിന്റെ ദർശനത്തിന്റെ. ആ ജ്ഞാനത്തിന്റെ യഥാർത്ഥ രൂപവും ഭാവവും അദ്ദേഹം നാരായണഗുരുവിൽ കണ്ടെത്തി. നാരായണഗുരുവിന്റെ ജ്ഞാനപിൻഗാമിയായ നടരാജഗുരുവിന്റെ ആദ്യശിഷ്യനായിത്തീരുകയായിരുന്നു ജോൺ സ്പിയേഴ്‌സ്.

ജോൺ സ്പിയേഴ്‌സ് സ്‌നേഹിച്ച ഇന്ത്യ ഇന്നു നാം കാണുന്ന ഭൂമിശാസ്ത്രപരമായ ഒരു പ്രദേശമോ രാഷ്ട്രീയ ഘടകമോ ആയിരുന്നില്ല. മറിച്ച്, ഉന്നതമായ ആശയങ്ങൾ യഥാർത്ഥ ജീവിതവുമായി ബന്ധിക്കുന്ന ഒരു മാനസികാവസ്ഥയായിരുന്നു അത്. ഈ അവസ്ഥയെ വെളിപ്പെടുത്തുവാനായി, മാക്‌സ് മുള്ളറുടെ "What India Means to me' എന്ന പ്രബന്ധത്തിൽപ്പറഞ്ഞിരിക്കുന്നതിനെ അദ്ദേഹം ഉദ്ധരിക്കുന്നു: ""മനുഷ്യന്റെ മനസ്സ് അതിന്റെ ഏറ്റവും മികച്ച ചില സമ്മാനങ്ങൾ ഏതെല്ലാം ആകാശത്തിൻ കീഴിൽ വികസിപ്പിച്ചെടുത്തിട്ടുണ്ട്, ജീവിതത്തിലെ ഏറ്റവും വലിയ പ്രശ്‌നങ്ങളെക്കുറിച്ച് ആഴത്തിൽ ആലോചിക്കുകയും അവയ്ക്ക് പരിഹാരങ്ങൾ രൂപപ്പെടുത്തുകയും ചെയ്തിട്ടുണ്ട് എന്ന് എന്നോട് ചോദിച്ചാൽ - അവയിൽ ചിലത് പ്ലേറ്റോയെയും കാന്റിനെയും പഠിച്ചവരുടെപോലും ശ്രദ്ധയർഹിക്കുന്നു - ഞാൻ ഇന്ത്യയിലേക്ക് വിരൽചൂണ്ടും.''

നിത്യചൈതന്യയതി, നടരാജ ഗുരു, സ്വാമി ജോൺ സ്പിയേസ്

ഒരു തീർത്ഥാടകനായി ഇവിടെയെത്തുമ്പോൾ, ഇന്ത്യ ഇതുവരെ ലോകത്തിന് വാഗ്ദാനം ചെയ്തതും എല്ലായ്‌പ്പോഴും വാഗ്ദാനം ചെയ്യുന്നതുമായതെന്തെന്ന് അദ്ദേഹത്തിന്റെ മനസ്സിൽ ഉണ്ടായിരിക്കാം. അതേ പഠനത്തിൽതന്നെ, തന്നെപ്പോലുള്ള തീർത്ഥാടകരുടെ അന്വേഷണസ്വഭാവവും അദ്ദേഹം വ്യക്തമാക്കി.
""സത്യം അന്വേഷിക്കുന്ന തീർത്ഥാടകർ, മനുഷ്യന്റെ സ്വഭാവം, നമ്മൾ എന്തുകൊണ്ട്, നമ്മൾ എന്തൊക്കെയാണ്, മനഃശ്ശാസ്ത്രപരവും പ്രപഞ്ചയുക്തിപരവുമായ പ്രശ്‌നങ്ങൾ, ജ്ഞാനശാസ്ത്രത്തിന്റെ സ്വഭാവം, ഉണ്മയെക്കുറിച്ചുള്ള അന്വേഷണം, ജീവിതമൂല്യങ്ങളുടെ അന്വേഷണം, പ്രയോജനപരതയുടെ പ്രശ്‌നങ്ങൾ, എല്ലാറ്റിനുമുപരി പരമമായ ജ്ഞാനത്തിലേക്കുള്ള വഴി എന്നിവയ്‌ക്കൊക്കെയുള്ള ചോദ്യങ്ങൾക്ക് ഉത്തരം തേടി, ഈ തീർത്ഥാടകർ എല്ലായ്‌പ്പോഴും ഇന്ത്യയിലേക്കാണ് തിരിഞ്ഞത്.''

ഭാരതത്തിന്റെ ഈ ജ്ഞാനസംസ്‌കാരം അതുല്യമായതാണ്, അതൊരിക്കലും മറ്റു സംസ്‌കാരങ്ങളിൽ നിന്ന് കടമെടുത്തതല്ല, എന്നിട്ടും അത് മറ്റുള്ളവർക്ക് യഥേഷ്ടം സൗജന്യമായി നൽകുന്നു. അത് എല്ലാം ഉൾക്കൊള്ളുന്നതും വിശാലവുമാണ്. അതുമായി സമ്പർക്കം പുലർത്തുന്ന മറ്റെല്ലാ സംസ്‌കാരങ്ങളെയും മതങ്ങളെയും അതിലേക്കാകർഷിച്ചു. ജീവിതത്തിൽ അർത്ഥമുള്ളതൊന്നും അതിനന്യമല്ല.

ജ്ഞാനികളായ ഗുരുക്കന്മാരുടെ നീണ്ട നിരയിലൂടെയും അവർ ശിഷ്യന്മാർക്ക് നേരിട്ട് നൽകിയ ഉപദേശങ്ങളിലൂടെയും ഉപനിഷത്തുകൾ, ഭഗവദ്ഗീത, ബ്രഹ്മസൂത്രം എന്നിവയിലൂടെ രേഖപ്പെടുത്തിവച്ച ഋഷിമാരുടെ വാക്കുകളിലൂടെയും ഈ ജ്ഞാനം ജീവനോടെ എല്ലാകാലത്തും സൂക്ഷിക്കപ്പെടുന്നു. രാമായണം, മഹാഭാരതം തുടങ്ങിയ ഇതിഹാസങ്ങളും കാളിദാസൻ, ഭർതൃഹരി, ഭവഭൂതി, ഭാസൻ തുടങ്ങിയ മഹാകവികളുടെ കൃതികളിലൂടെയും ഈ ജ്ഞാനം സൂക്ഷിച്ചു പോരുന്നു. പുരാതന റോമാക്കാരുടെ ഒരു വാക്യം ഉദ്ധരിച്ചുകൊണ്ട് കിഴക്കിന്റെ ഈ സംസ്‌കാരത്തെ പടിഞ്ഞാറിന്റെ കൂടുതൽ പ്രായോഗിക സംസ്‌കാരവുമായി അദ്ദേഹം താരതമ്യം ചെയ്യുന്നു. ""Ex Orientelux; ex Occidentelex;'' എന്നതിനർത്ഥം ""കിഴക്ക് വെളിച്ചം, പടിഞ്ഞാറ് നിയമങ്ങൾ'' എന്നാണ്. ജ്ഞാനികളായ ഗുരുപരമ്പരയുടെ യഥാർത്ഥ പ്രതിനിധിയായി നാരായണഗുരുവിനെ ജോൺ സ്പിയേഴ്‌സ് നടരാജഗുരുവിലൂടെ തിരിച്ചറിഞ്ഞു.

നാരായണഗുരുവിന്റെ വാക്കുകളെ കൂടുതൽ ധ്യാനാത്മകമായി ആഴത്തിൽ പഠിക്കുന്തോറും ഗുരു കൂടുതൽ അൽഭുതമായി അദ്ദേഹത്തിന് മുൻപിൽ തെളിയുകയായിരുന്നു. ഗുരുവിനോടുള്ള ഈ നിലപാട് ജീവിതാവസാനം വരെ മാറ്റമില്ലാതെ തുടർന്നു.

നാരായണഗുരു

നാരായണഗുരുവിനെ മതപരമായ ആദരവോടെ ആരാധിക്കുന്ന പലരിൽ നിന്നും വ്യത്യസ്തമായി, ജോൺ സ്പിയേഴ്‌സ് അദ്ദേഹത്തെ "ഗുരുപരമ്പരയുടെ വാഹകനായി കണക്കാക്കി. മറ്റൊരുതരത്തിൽ പറഞ്ഞാൽ, യഥാർത്ഥ ജ്ഞാനത്തിന്റെ പ്രബുദ്ധരായ ഗുരുക്കന്മാരുടെ നീണ്ടനിരയിലൂടെ തലമുറകളിൽ നിന്നും തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന ആദിയും അന്തവുമില്ലാത്ത നിധിയാണ് ഗുരുത്വം. ജോൺ സ്പിയേഴ്‌സിനെ സംബന്ധിച്ചിടത്തോളം നാരായണഗുരു സമാനതകളില്ലാത്ത മാതൃകയായിരുന്നു. അഥവാ അപരസാമ്യമില്ലാത്ത ഗുരു.

നാരായണഗുരുവിന്റെ ദർശനം ഒരു തത്വചിന്തയെയോ മതത്തെയോ ബാഹ്യമായി പരിഗണിച്ചില്ലെങ്കിലും അതിന്റെ ഉൽഭവം കിഴക്കിന്റെ സംസ്‌കാരത്തിൽ നിന്നാണ്. പുരാതനമായ കിഴക്കിന്റെയും ആധുനികമായ പടിഞ്ഞാറിന്റെയും മൂല്യസങ്കൽപ്പങ്ങളിൽ നിന്ന് വ്യത്യസ്തമായി. അദ്ദേഹം എഴുതുന്നു: ""ഇവിടെ ഞങ്ങൾ രണ്ട് വിപരീത ലക്ഷ്യങ്ങൾ കണ്ടുമുട്ടുന്നു. മനുഷ്യന്റെ അന്ത്യം ഒരു പരിണാമനേർരേഖയിലൂടെയുള്ള പ്രപഞ്ചത്തിന്റെ പൂർണ്ണ നിയന്ത്രണത്തിലാണെന്നും ആനന്ദം നിറഞ്ഞ പറുദീസയാണെന്നും പാശ്ചാത്യ ശാസ്ത്രജ്ഞർ വിശ്വസിക്കുമ്പോൾ അതിന്റെ എതിർ കോടിയായ കിഴക്കിന്റെ ലക്ഷ്യം ഭൗതികവും മാനസികവുമായ എല്ലാറ്റിൽ നിന്നുള്ള മുക്തിയും മരണം, ജനനം, മറ്റു കഷ്ടപ്പാടുകൾ എന്നിവയിൽ നിന്നും മോചനം നേടി നിരുപാധികവും നിത്യവുമായ സത്യത്തിലുള്ള ലയവുമാണ്.''

ആഴത്തിലുള്ള അർത്ഥത്തിലല്ലെങ്കിലും, ഈ സാംസ്‌കാരികമായ വിടവ് ഒരു പരിധിവരെ ചുരുങ്ങിയിരിക്കുന്നു. അടുത്തിടെ, ഒരുകൂട്ടം റഷ്യൻ വനിതകൾ എന്നെ സന്ദർശിച്ച് ആവശ്യപ്പെട്ടു: ""ഞങ്ങൾക്ക് ജ്ഞാനോദയം വേണം''. തീർച്ചയായും അനുമാനിക്കാവുന്നതുപോലെ, ആധുനിക പരീക്ഷണശാസ്ത്രം, പരീക്ഷണശാലയിൽ ഉൽപ്പാദിക്കുന്ന അറിവുപോലെ ഒന്നല്ല ജ്ഞാനോദയം എന്നതിനാൽ എനിക്ക് അവരെ സഹായിക്കാൻ കഴിഞ്ഞില്ല.

തീർച്ചയായും, സാംസ്‌കാരിക ദൃഷ്ട്യാ പാശ്ചാത്യശാസ്ത്രജ്ഞന്മാരുടെ "ഇതരകോടി കിഴക്കിന്റെ ഗുരുക്കന്മാരിൽ, കാണേണ്ടതാണ്. കിഴക്കൻ രാജ്യങ്ങളിലെ ആധുനികശാസ്ത്രജ്ഞരും സാങ്കേതിക വിദഗ്ധരും പാശ്ചാത്യ ശാസ്ത്രജ്ഞരുടെ എതിർവശമായി വരുന്നവരല്ല. മറിച്ച് അവയുടെ പകർപ്പുകളും വിപുലീകരണങ്ങളുമാണ്.

നാരായണഗുരുവിന്റെ കൃതികൾ ഉപനിഷത് ജ്ഞാനത്തിന്റെ തുടർച്ചയും വളരെ സംക്ഷിപ്തവും കൃത്യവും സമ്പൂർണ്ണവുമായ പരമമായ സത്യത്തെ സംബന്ധിക്കുന്ന ധ്യാനാത്മകചിന്തയുമാണ്. വാക്കുകൾക്കും മനസ്സിനും ഗ്രഹിക്കാനാവുന്നതിനുമപ്പുറത്താണ് അവ. അത് പ്രധാന ഉപനിഷത്തുകൾക്ക് തുല്യമാണ്. "തത്ത്വത്തിൽ നാം ശങ്കരനെ പിൻതുടരുന്നു' എന്ന് പറഞ്ഞെങ്കിലും ഇവ രണ്ടും തമ്മിൽ കാര്യമായ വ്യത്യാസമുണ്ട്. ശങ്കരാചാര്യർ ഉപനിഷത്തുകളുടെ വ്യാഖ്യാതാവാണെങ്കിൽ ഗുരു ഉപനിഷത്തുകൾ പോലെ തന്നെയുള്ള തനിമയുള്ള കൃതികളുടെ രചയിതാവായിരുന്നു.

നടരാജ ഗുരു, സ്വാമി ജോൺ സ്പിയേസ്

ഈ ഗുരു ജോൺ സ്പിയേഴ്‌സിന്റെ ശ്രദ്ധയിൽപ്പെടുന്നത് നാരായണഗുരുവിന്റെ ജ്ഞാനപിൻഗാമിയും ഗുരുകൃതികളുടെ വ്യാഖ്യാതാവും ഗുരുകുല പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവുമായ നടരാജഗുരുവിലൂടെയാണ്. നാരായണഗുരു മനുഷ്യന്റെ വിമോചനമാണ് ലക്ഷ്യമിട്ടത്; നാരായണഗുരുകുലപ്രസ്ഥാനം, അന്വേഷകരെ അവരുടെ വിമോചനം കണ്ടെത്താൻ സഹായിക്കുകയാണ്.

ജോൺ സ്പിയേഴ്‌സ് ചൂണ്ടിക്കാണിച്ചതുപോലെ, സംഘടനകൾ സാധാരണ മനുഷ്യരെ വിമോചനത്തിൽ നിന്ന് അകറ്റിനിർത്തുന്നു. എന്നാൽ നാരായണഗുരുകുലം അന്വേഷകരുടെ കൂട്ടായ്മ മാത്രമായതിനാൽ അതിൽ ചേരുന്നത് വിമോചനത്തിന്റെ സ്ഥാനത്ത് ബന്ധമായിരിക്കുമെന്ന് അദ്ദേഹം കരുതിയില്ല. അങ്ങനെ അദ്ദേഹം നാരായണഗുരുകുലത്തിൽച്ചേർന്ന്, ഡോ. പി. നടരാജനെ ഗുരു എന്ന് വിളിക്കുന്ന ആദ്യത്തെ ശിഷ്യനായി. ബാംഗ്ലൂരിനടുത്ത് ഒരു ഗുരുകുലം ആരംഭിച്ച് ഗുരുകുലത്തിന്റെ ഇംഗ്ലീഷ് മുഖപത്രമായ വാല്യൂസ് മാസികയുടെ പ്രസിദ്ധീകരണം തുടങ്ങി.

"ഒരു ഗുരുവിന്റെ ജനനം' എന്ന ലേഖനത്തിൽ, തന്റെ അദ്ധ്യാപകനായ നടരാജഗുരുവിനെക്കുറിച്ചുള്ള വിലയിരുത്തൽ ഇപ്രകാരമായിരുന്നു: ""ഗുരുത്വത്തെ, മനുഷ്യരാശിയുടെ ജീവിതത്തിൽ ശരിയായ സ്ഥാനത്ത് വിശ്വസ്തതയോടെ പുനഃസ്ഥാപിച്ച മനുഷ്യൻ എന്നായിരിക്കും ഭാവിതലമുറ നടരാജഗുരുവിനെക്കുറിച്ച് പറയുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം.'' മറ്റൊരു സന്ദർഭത്തിൽ അദ്ദേഹം എഴുതുന്നു: ""ഒരു ജ്ഞാനിയായ ഗുരുവായി നാരായണഗുരുവിനെ പൂർണ്ണമായും മനസ്സിലാക്കുവാൻ കഴിഞ്ഞ ഒരേ ഒരു ശിഷ്യനേ നാരായണഗുരുവിനുണ്ടായിരുന്നുള്ളു. ഗുരുത്വത്തെ അതാക്കിത്തീർക്കുന്നതിനുള്ള ഒരു പ്രത്യേകതരം അറിവ് അദ്ദേഹത്തിനുണ്ടായിരുന്നു; ഞാൻ ഉദ്ദേശിക്കുന്നത്, പരാമർശിക്കുന്നത് നടരാജഗുരുവിനെയാണ്.''

തീർച്ചയായും അവർ തമ്മിൽ ഒരു തരം "ആത്മീയപോരാട്ടം' ഉണ്ടായ സന്ദർഭങ്ങളുണ്ടായിരുന്നു. അത് പ്രധാനമായും അവരുടെ വ്യക്തിത്വസവിശേഷതകളുടെ വ്യത്യാസം കൊണ്ടാണ്. ഒന്നോ രണ്ടോ തവണ ഞാൻ ഇതിന് സാക്ഷിയായിരുന്നു. തീർച്ചയായും ഗുരുവും ശിഷ്യനും തമ്മിലുള്ള പരസ്പരബഹുമാനത്തെ ഇത് ഒരു തരത്തിലും ബാധിച്ചിരുന്നില്ല.
പിന്നീട്, ജോൺ സ്പിയേഴ്‌സ് സ്വന്തമായി തീരുമാനിച്ചു, ഒരാൾ ആജീവനാന്തം ശിഷ്യനായി തുടരേണ്ടതില്ലെന്ന്. നാരായണഗുരുകുല പ്രസ്ഥാനത്തിൽ നിന്ന് തന്നെ സ്വയം നീക്കം ചെയ്തു.

ഈ പുതിയ വഴിത്തിരിവിനെക്കുറിച്ചുള്ള പ്രഖ്യാപനത്തിൽപ്പോലും അദ്ദേഹം തുറന്നു സമ്മതിച്ചു,
""നടരാജഗുരു പ്രതിനിധാനം ചെയ്യുന്നിടത്തെല്ലാം ഗുരുത്വത്തോടുള്ള എന്റെ പ്രതിബദ്ധത, കാൽനൂറ്റാണ്ടുകാലത്തെ സേവനത്തിനുശേഷവും അങ്ങിനെയായിരിക്കും എന്നതിന് യാതൊരു സംശയവുമില്ല.''
സ്വാമി ജോൺ സ്പിയേഴ്‌സുമായുള്ള എന്റെ വ്യക്തിബന്ധം ആരംഭിച്ചത് 1960-ൽ വർക്കല ഗുരുകുലത്തിലെ മറ്റൊരു കുട്ടിയുമായി ഞാൻ ഊട്ടി ഗുരുകുലത്തിലെത്തിയപ്പോഴാണ്.

അക്കാലത്ത് എനിക്ക് ഇംഗ്ലീഷിൽ വേണ്ടവണ്ണം സംസാരിക്കാനറിയില്ലായിരുന്നു. എന്റെ നിസ്സഹായത മനസ്സിലാക്കി, ഇംഗ്ലീഷ് പദങ്ങൾ എങ്ങനെ ശരിയായി ഉച്ചരിക്കാമെന്ന് അദ്ദേഹം എന്നെ വളരെ സ്‌നേഹത്തോടെ പഠിപ്പിച്ചു. "ഡബ്ലൂ' എന്ന് തുടങ്ങുന്ന എല്ലാവാക്കുകളും ഉച്ചരിക്കുമ്പോൾ ചുണ്ടുകൾ നീണ്ടു നിൽക്കണമെന്ന് അദ്ദേഹം എന്നെ പഠിപ്പിച്ചത് ഞാൻ ഇപ്പോഴും ഓർക്കുന്നു. പിന്നീട് 1968 ലെ വർക്കലയിൽ നടന്ന വാർഷിക ഗുരുകുലകൺവെൻഷനിൽ, ആദ്യദിവസം വൈകുന്നേരത്തെ പ്രാർത്ഥനാസമ്മേളനത്തിൽ, അദ്ദേഹം നടത്തിയ പ്രസംഗം പരിഭാഷപ്പെടുത്തുവാൻ എന്നോടാവശ്യപ്പെട്ടു. അദ്ദേഹത്തെ പരിഭാഷപ്പെടുത്തിയിരുന്ന സ്വാമി മംഗലാനന്ദ അവിടെയില്ലാതിരുന്നതിനാലും ഇത് ചെയ്യാൻ പ്രാപ്തിയുള്ള മറ്റൊരു വ്യക്തിയായ നിത്യചൈതന്യയതി ഡൽഹിയിൽ നിന്ന് എത്തിയിട്ടില്ല എന്നതിനാലുമാണ് ഇത് സംഭവിച്ചത്.

ഞാൻ വളരെയധികം മടിച്ചു. അത് ചെയ്യാൻ ഭയപ്പെട്ടു. എന്നാൽ മറ്റൊരു മാർഗവുമില്ലായിരുന്നു. അതിനാൽ വ്യക്തമായി ഉച്ചരിച്ച് സാവധാനം പ്രസംഗിക്കാൻ ഞാൻ അദ്ദേഹത്തോട് അഭ്യർത്ഥിച്ചു. അദ്ദേഹം അങ്ങനെ ചെയ്യുകയും ഓരോ വാക്യമായി പരിഭാഷപ്പെടുത്താനും എനിക്ക് കഴിഞ്ഞു. വർഷങ്ങൾക്കുശേഷം അവിടെ സന്നിഹിതനായിരുന്ന ഒരു ഇംഗ്ലീഷ് പ്രൊഫസർ എന്നോടു പറഞ്ഞു എന്റെ പ്രസംഗ വിവർത്തനം മികച്ചതായിരുന്നു. എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. അതിനുശേഷം, ജോണിന്റെ മറ്റുചില പ്രസംഗങ്ങളും ഞാൻ പരിഭാഷപ്പെടുത്തുകയുണ്ടായി. എങ്കിലും ആദ്യശ്രമം അവിസ്മരണീയമാണ്.

ജോൺപിയേഴ്‌സിന്റെ തെരഞ്ഞെടുത്ത ചില പ്രബന്ധങ്ങളാണ് ഈ വാല്യത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവയെഴുതി, അരനൂറ്റാണ്ടു കഴിഞ്ഞിട്ടും അവയുടെ മൂല്യം ഇപ്പോഴും പുതുമയുള്ളതായി തുടരുന്നു. കാരണം അവയെല്ലാം ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ ഇന്ത്യൻ സംസ്‌കാരത്തിന്റെ അടിത്തറ നിലകൊള്ളുന്ന ഗുരുത്വത്തിലേക്ക് വെളിച്ചം വീശുന്നവയാണ്.
എല്ലാ തരത്തിലുള്ള മതങ്ങൾക്കും അതീതമായി നിലകൊള്ളുന്ന ഇന്ത്യൻ ആത്മീയതയെ സ്‌നേഹിക്കുന്നവർക്ക് ഈ പുസ്തകം വിലപ്പെട്ട ഒരു നിധിയായിരിക്കുമെന്ന് എനിക്കുറപ്പുണ്ട്.

മലയാള പരിഭാഷ: ഡോ. ബി. സുഗീത


Comments