ക്രിപ്‌റ്റോ തകര്‍ച്ച
ഒരു ഷോക്ക് ട്രീറ്റ്മെൻറ്
ക്രിപ്‌റ്റോ തകര്‍ച്ച ഒരു ഷോക്ക് ട്രീറ്റ്മെൻറ്
ടെറാ UST - Luna തകര്‍ച്ചയില്‍ നിന്ന് ടെക്‌നോളജിലോകം പഠിച്ച പാഠം അല്‍ഗോരിതം മുഖേനയുള്ള കണ്‍ട്രോളുകള്‍ പലപ്പോഴും കുറ്റമറ്റരീതിയില്‍ പ്രവര്‍ത്തിക്കുമെന്ന് ഉറപ്പിക്കാന്‍ പറ്റില്ല എന്നതുതന്നെയാണ്. മാത്രമല്ല, ക്രിപ്‌റ്റോ കറന്‍സിലോകം ഒരു റെഗുലേറ്റഡ് ലോകമായി മാറേണ്ട ആവശ്യകതയും പല സര്‍ക്കാരുകളും ചിന്തിച്ചുതുടങ്ങിയിട്ടുണ്ട്. ഏതു ഇൻവെസ്റ്റുമെൻറിനും അതിന്റേതായ റിസ്‌കുണ്ട്. അത് നന്നായി പഠിച്ചശേഷം മാത്രം ഇറങ്ങി പുറപ്പെടുക എന്നതാണ് ഈ രംഗത്തെ പരിചയസമ്പന്നര്‍ നൽകുന്ന മുന്നറിയിപ്പ്.
30 Jun 2022, 10:26 AM
കഴിഞ്ഞ മേയില്‍ സംഭവിച്ച ക്രിപ്‌റ്റോ മാര്‍ക്കറ്റിലെ തകര്‍ച്ച പല രാജ്യങ്ങളിലെ വിപണികളെയും പിടിച്ചുകുലുക്കി. അതൊരു ഒന്നൊന്നര കുലുക്കലായിരുന്നു. ക്രിപ്‌റ്റോ ആണ് ഭാവി എന്നും ഓഹരിവിപണികളേക്കാളേറെ സുരക്ഷിതമാണ് എന്നും ഇന്‍വെസ്റ്റ് ചെയ്യുന്നവര്‍ക്ക് നല്ല ആദായം കിട്ടും എന്നും വിശ്വസിച്ചിരുന്ന പലര്‍ക്കും അതൊരു ഷോക്കായിരുന്നു. ക്രിപ്‌റ്റോ വിപണി ഇടിവിനു പിന്നിലെ കാരണം ഒന്ന് പരിശോധിക്കാം.
തൊട്ടുനോക്കാൻ പറ്റാത്ത നോട്ട്
ക്രിപ്‌റ്റോ കറന്‍സി അഥവാ ക്രിപ്‌റ്റോ കോയിന്‍സ്, ചുരുക്കത്തിൽ ക്രിപ്‌റ്റോ എന്നാല്‍ വെര്‍ച്ച്വല്‍ കറന്‍സി ആണ്. അതായത്, നിത്യജീവിതത്തില്‍ നമ്മള്‍ കാണുന്ന രൂപ നോട്ടുകളെപ്പോലെ തൊട്ടുനോക്കാന്‍ പറ്റില്ല എന്നര്‍ത്ഥം. ക്രിപ്‌റ്റോ കറന്‍സിയിലെ ക്രിപ്‌റ്റോ, സൈബര്‍ സെക്യൂരിറ്റി രംഗത്തുള്ള ക്രിപ്‌റ്റോഗ്രഫി എന്ന ശാസ്ത്രശാഖയില്‍ നിന്നാണ് വന്നിട്ടുള്ളത്. ക്രിപ്‌റ്റോഗ്രഫി എന്ന ശാസ്ത്രശാഖയില്‍ നിന്ന് വന്ന സുരക്ഷാ പ്രത്യേകതകള്‍ എന്തെന്നുവെച്ചാല്‍, അത് പ്രൈവസി, സെക്യൂരിറ്റി,പിന്നെ "ഡബിള്‍ സ്‌പെന്‍ഡ്' ചെയ്യാന്‍ പറ്റാതിരിക്കുക എന്നതൊക്കെയാണ്.
"ഡബിള്‍ സ്‌പെന്‍ഡ് ' എന്താണെന്ന് നോക്കാം. ഉദാഹരണത്തിന് നമ്മുടെ അക്കൗണ്ടില്‍ 1000 രൂപ ബാലന്‍സുണ്ടെങ്കില്‍ നമ്മുടെ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് 1000 രൂപ മാത്രമേ ചെലവാക്കാന്‍ പറ്റുകയുള്ളൂ. അല്ലാതെ രണ്ടിടത്ത് 1000 രൂപ വെച്ച് 2000 രൂപ ചെലവാക്കാന്‍ പറ്റില്ല എന്നര്‍ത്ഥം.
കഴിഞ്ഞ മേയില്‍ തകര്‍ച്ച പറ്റിയത് "സ്റ്റേബിള്‍ കോയിന്‍സ്' നാണ് . ഇവ ഒരു ക്രിപ്‌റ്റോ കറന്‍സി വകഭേദമാണ്. അതെന്താണെന്നു വിശദമാക്കാം.
ആദ്യം ക്രിപ്‌റ്റോ കറന്‍സികളുടെ ചില പ്രത്യേകതകള്‍ നോക്കാം. ക്രിപ്‌റ്റോ "Decentralized' ആണ്. അതായത്, ഒരു സെന്‍ട്രല്‍ ബാങ്കിന്റെയും നിയന്ത്രണത്തിലല്ല ഇവ പ്രവര്‍ത്തിക്കുന്നത്, മാത്രമല്ല റെഗുലേറ്റഡും അല്ല.
ഉദാഹരണത്തിന്, ഇപ്പോള്‍ ഇന്ത്യയില്‍ നിന്ന് അമേരിക്കയിലുള്ള ഒരാള്‍ക്ക് പണം അയക്കണെമെങ്കില്‍ ആദ്യം ഇന്ത്യയിലെ ഏതെങ്കിലും ഒരു ബാങ്കില്‍ ചെന്ന് ഇന്ത്യന്‍ രൂപയില്‍ പണം നിക്ഷേപിച്ചാല്‍ അത് അമേരിക്കന്‍ ഡോളറിലേയ്ക്ക് മാറ്റപ്പെട്ട് പല ഇന്റര്‍മീഡിയറി ബാങ്കിങ് സ്ഥാപനങ്ങള്‍ മുഖേന അമേരിക്കയിലുള്ള കക്ഷിക്ക് അവരുടെ ബാങ്കില്‍, ഡോളറില്‍ ലഭിക്കും. ഇതൊരു സെൻട്രലൈസ്ഡ് അപ്രോച്ച് ആണ്.
എന്നാല്‍ ക്രിപ്‌റ്റോ വഴിക്കാണ് ഈ ട്രാന്‍സാക്ഷന്‍ നടക്കുന്നത് എങ്കില്‍ അവ, ‘ഡീ സെൻട്രലൈസ്ഡ്’ ആയതുകാരണം പല ഡിസ്ട്രിബ്യൂറ്റഡ് ലെഡ്ജറുകളിലും ഒരേസമയം രേഖപ്പെടുത്തുന്നതുകൊണ്ട് ഇന്റര്‍മീഡിയറി ബാങ്കിങ് സ്ഥാപനങ്ങള്‍ ആവശ്യമില്ല. ക്രിപ്‌റ്റോ ഉപയോഗപ്പെടുത്തുന്നത് "ബ്ലോക്ക് ചെയിന്‍ ' ടെക്‌നോളജി ആയതുകാരണം എല്ലാം സേഫും വിശ്വസനീയവുമാണ്. മാത്രമല്ല, കൃത്രിമം നടക്കാന്‍ സാധ്യതയും കുറവാണ്.
ചില പോരായ്മകൾ
ക്രിപ്‌റ്റോയുടെ പല പോരായ്മകളിലൊന്ന് അതിന്റെ മൂല്യത്തിന്റെ പ്രവചനാതീതമായ ഏറ്റക്കുറച്ചിലുകളാണ്. കുറെ നാളുകളായി, ആദ്യത്തെ ക്രിപ്‌റ്റോ കറന്‍സി ആയ ബിറ്റ് കോയിനിന്റെ വില ഒരുദിവസം 8 % കൂടുന്നുവെങ്കില്‍ അടുത്ത ദിവസം ചിലപ്പോള്‍ 9 % കുറയും . ഈ volatility ഒരു വലിയ പ്രശ്‌നം തന്നെയാണ്. ഇത് മാര്‍ക്കറ്റ് ക്യാപ്പില്‍ അധിഷ്ഠിതവുമാണ്. അതായത്, ഒരു ക്രിപ്‌റ്റോ കറന്‍സിയുടെ മാര്‍ക്കറ്റ് ക്യാപ്പ് ചെറുതാണെങ്കിലും, അതിന്റെ volatility വളരെ കൂടുതലായിരിക്കും. അതേസമയം, മാര്‍ക്കറ്റ് ക്യാപ്പ് വലുതാണെങ്കില്‍, അതിന്റെ volatility വളരെ ചെറുതായിരിക്കും. ഉദാഹരണത്തിന് ഒരു കിണറ്റില്‍ കല്ലെറിഞ്ഞാലുണ്ടാകുന്ന ഓളവും, കടലില്‍ കല്ലെറിഞ്ഞാലുണ്ടാകുന്ന ഓളവും തമ്മിലുള്ള വ്യത്യാസം പോലെ.
ക്രിപ്‌റ്റോയുടെ volatility പ്രശ്‌നം പരിഹരിക്കാനാണ് "സ്റ്റേബിള്‍ കോയിന്‍സ്' ഇറക്കുന്നത്. സ്റ്റേബിളിന്റെ പ്രധാന സവിശേഷത, അതിന്റ വില നിയന്ത്രണത്തില്‍ നിര്‍ത്താനുള്ള ചില നിയന്ത്രണങ്ങളായിരുന്നു. ഇതിനെ "പെഗ്ഗിങ് ' എന്നാണ് പറയുക . അതായത് ഒരു "സ്റ്റേബിള്‍ കോയിന്‍ ' നെ ഒരു അമേരിക്കന്‍ ഡോളറിന്റെ വിലയില്‍ ഉറപ്പിച്ചുനിര്‍ത്താന്‍ പല വിധത്തില്‍ ശ്രമിക്കുന്നു. പല തരം അല്‍ഗൊരിതംസ് ഉപയോഗപ്പെടുത്തിയാണ് ഇത് സാധ്യമാക്കുന്നത്. സോഫ്റ്റ്വെയർ കോഡുകള്‍ ഇമ്മാതിരി പലവിധത്തിലുമുള്ള ചെക്കുകള്‍ നിരന്തരം നടത്തിക്കൊണ്ടിരിക്കുന്നുണ്ടാവും.
അല്‍ഗോരിതം പ്രധാനമായും രണ്ടു രീതിയില്‍ പ്രവര്‍ത്തിക്കാം. ഉദാഹരണത്തിന് ഒരു സ്റ്റേബിള്‍ കോയിനിന്റെ വില 1 .05 ഡോളര്‍ ആയിക്കഴിഞ്ഞാല്‍ അതിന്റെ മാര്‍ക്കറ്റ് വില തിരിച്ച് ഒരു ഡോളറിലെത്തിക്കാന്‍ മാര്‍ക്കറ്റില്‍ കൂടുതല്‍ സ്റ്റേബിള്‍ കോയിന്‍സ് സോഫ്റ്റ്വെയർ മുഖേന റിലീസ് ചെയ്യും. അങ്ങനെ ലഭ്യത കൂടുമ്പോള്‍ വില കുറഞ്ഞ് തിരിച്ച് പെഗ്ഗ് ചെയ്തിട്ടുള്ള ഒരു ഡോളറില്‍ എത്തുകയും ചെയ്യും. അതേപോലെ ഒരു സ്റ്റേബിള്‍ കോയിനിന്റെ വില 0 .95 ഡോളര്‍ ആയി കുറഞ്ഞാല്‍ അതിന്റെ വില തിരികെ ഒരു ഡോളറിലെത്തിക്കാന്‍ സോഫ്റ്റ്വെയർ മുഖേന മാര്ക്കറ്റിൽനിന്ന്അതിനനുസരിച്ചുള്ള സ്റ്റേബിള്‍ കോയിന്‍സ് നീക്കം ചെയ്യപ്പെടും. അങ്ങനെ ലഭ്യത കുറയുമ്പോള്‍ വില ഉയര്‍ന്ന് പെഗ്ഗ് ചെയ്തിട്ടുള്ള ഒരു ഡോളറില്‍ എത്തുകയും ചെയ്യും. ചുരുക്കത്തില്‍, കഴിഞ്ഞ മാസം നടന്ന ക്രിപ്‌റ്റോ തകര്‍ച്ചയുടെ പ്രധാന കാരണം ഈ സോഫ്റ്റ്വെയർ അല്‍ഗോരിതം ശരിക്കും പ്രവര്‍ത്തിക്കാത്തതാണ്.

സ്റ്റേബിള്‍ കോയിന്‍സ് ഒരു ക്രിപ്‌റ്റോ ആണെങ്കിലും ക്രിപ്റ്റോയെ അപേക്ഷിച്ചു ചില വ്യത്യാസങ്ങളുണ്ട്. ഇവ റെഗുലേറ്റഡ് ആണ്, മാത്രമല്ല ഏതെങ്കിലും ഒരു കമ്പനിയുടെ ബാക്കിങ് ഉണ്ടാകും.
ഈ ബാക്കിങ് അഥവാ കൊളാറ്ററൽ സെക്യൂരിറ്റി മൂന്ന് വിധത്തിലുണ്ട്.
ഒന്ന്, ഏതെങ്കിലും ഫിയറ്റ് കറന്‍സി (നിത്യജീവിതത്തിലുപയോഗിക്കുന്ന കറന്‍സി): ഒരു കമ്പനി ഒരു സ്റ്റേബിള്‍കോയ്ന്‍ ഇറക്കുമ്പോള്‍ അതിനു തുല്യമായ ഫിയറ്റ് കറന്‍സി ( ഒരു ഡോളര്‍ )കൊളാറ്ററൽ സെക്യൂരിറ്റി ആയി ബാങ്കില്‍ വെച്ചിട്ടുണ്ടായിരിക്കണം.
രണ്ട്, ഏതെങ്കിലും വസ്തുവകകള്‍, പ്രധാനമായും സ്വര്‍ണമോ എണ്ണയോ: ഒരു സ്റ്റേബിള്‍കോയ്ന്‍ ഇറക്കുമ്പോള്‍ അതിനു തുല്യമായ മൂല്യമുള്ള കൊളാറ്ററൽ സെക്യൂരിറ്റി ആയി ബാങ്കില്‍ വെച്ചിട്ടുണ്ടായിരിക്കണം.
മൂന്ന്, ഒരു കമ്പനി ഒരു സ്റ്റേബിള്‍കോയ്ന്‍ ഇറക്കുമ്പോള്‍ അതിനു തുല്യമായ മൂല്യമുള്ള ക്രിപ്‌റ്റോ കറന്‍സി കൊളാറ്ററൽ സെക്യൂരിറ്റി ആയി മാറ്റിവെച്ചിട്ടുണ്ടായിരിക്കണം.
അമേരിക്കന്‍ ഡോളറില്‍ പെഗ്ഗിങ് നടക്കുന്നതുകൊണ്ടാണ് ഓരോ സ്റ്റേബിള്‍ കോയിന്‍ ഇറക്കുമ്പോഴും അതിന് തത്തുല്യമായ കൊളാറ്ററൽ സെക്യൂരിറ്റി വേണമെന്ന് നിഷ്‌ക്കര്‍ഷിക്കുന്നത്, വേറെ പല കറൻസികളിലും പെഗ്ഗിങ് നടന്നാല്‍ അതനുസരിച്ച് അതേ കറൻസികളില്‍ അതിന് തത്തുല്യമായ കൊളാറ്ററൽ സെക്യൂരിറ്റി വേണമെന്ന് പറയുന്നത്.
എന്ത് കൊണ്ട് ക്രിപ്‌റ്റോ തകര്‍ന്നു
ടെറാ (Terra) എന്ന കമ്പനിയുടെ സ്റ്റേബിള്‍ കോയിനിനാണ് തകര്‍ച്ച സംഭവിച്ചത്. ഈ കമ്പനി കണ്ടുപിടിച്ചത് രണ്ടു ചെറുപ്പക്കാരായ തെക്കന്‍ കൊറിയക്കാരായിരുന്നു. ദോ ക്വോനും, ഡാനിയേല്‍ ഷിനും. രണ്ടുപേരും അമേരിക്കയിൽ സര്‍വ്വകലാശാലാ ബിരുദധാരികളായിരുന്നു. കോസ്‌മോസ് എന്ന ബ്ലോക്ക് ചെയിന്‍ ഉപയോഗിച്ച് വികസിപ്പിച്ച ഒരു ഇക്കോ സിസ്റ്റം ആയിരുന്നു ടെറായുടെ അടിസ്ഥാനം. ടെറായുടെ ക്രിപ്‌റ്റോ കംപോണൻറുകൾ രണ്ടു ഭാഗമായിരുന്നു. ഒരു കോയിനിനിന്റെ രണ്ടു വശങ്ങള്‍ പോലെ. ടെറയുടെ സ്റ്റേബിള്‍ കോയിന്‍ ആയിരുന്നു UST. അത് പെഗ്ഗ് ചെയ്തിരുന്നത് ഒരു യു.എസ് ഡോളറിലായിരുന്നു . UST യോട് ലിങ്ക് ചെയ്ത മറ്റൊരു കംപോണൻറ് ആയിരുന്നു ലൂണ ( Luna). ലൂണയില്‍ നിക്ഷേപിക്കുന്നവര്‍ക്ക് ഏതാണ്ട് 20 % ആയിരുന്നു ആദായം വാഗ്ദാനം ചെയ്തിരുന്നത്. ആള്‍ക്കാര്‍ ലൂണ വാങ്ങിയശേഷം അതിനു തത്തുല്യമായ UST സമയമനുസരിച്ച് മാറ്റിക്കൊണ്ടിരുന്നു. ഇതിനെ Burning എന്നും, മാറ്റി തത്തുല്യമായ UST എടുക്കുന്നതിനെ Minting എന്നും വിളിക്കും. പൊതുവെ ആള്‍ക്കാര്‍ ഒരു ഡോളറില്‍ താഴെ UST ക്കു വിലകുറയുമ്പോള്‍ വാങ്ങുകയും ഒരു ഡോളറില്‍ കൂടുതല്‍ വിലകൂടുമ്പോള്‍ വില്‍ക്കുകയും ചെയ്തിരുന്നു . അങ്ങനെയാണ് UST സ്റ്റേബിള്‍ കോയിന്‍ ഇടപാടുകളില്‍ ആദായം ഉണ്ടായിക്കൊണ്ടിരുന്നത്.

ടെറാ UST - Luna ഒരു ponzi സ്‌കീം അഥവാ തട്ടിപ്പാണെന്ന് പലരും ഊഹം പറഞ്ഞെങ്കിലും, ഇതിനുമുമ്പ് നടന്ന ടൈറ്റാന്‍ - Iron finance crash ആയിരുന്നു ഒരു ponzi സ്‌കീം ആയി പരക്കെ പറയപ്പെട്ടിരുന്നത്. ടൈറ്റാന്‍ - Iron finance സ്‌കീം പലരും ഒരു ഹോള്‍ഡിങ് പാറ്റേണിലായിരുന്നു നിക്ഷേപിച്ചിരുന്നത് . എന്നാല്‍ ടെറാ UST - Luna ഇക്കോ സിസ്റ്റം അധികവും ഉപയോഗപ്പെടുത്തിയിരുന്നത് കൊറിയയിലായിരുന്നു. അതും CHAI എന്നറിയപ്പെടുന്ന ഒരു കൊറിയന്‍ പേയ്‌മെൻറ് സിസ്റ്റം മുഖേന .
ടെറാ UST - Luna ഇക്കോസിസ്റ്റത്തിലുണ്ടായിരുന്ന മറ്റൊരു സവിശേഷത ഏതെങ്കിലും ഒന്ന് ( UST - Luna ) വിറ്റഴിക്കുന്നവര്‍ക്ക് ക്യാഷ് സെറ്റില്‍മെൻറ് ഉടനടിയായിരുന്നു. അതായത് വെയ്റ്റിംഗ് പീരീഡ് ഉണ്ടായിരുന്നില്ല.
മേയില്‍ സംഭവിച്ച ക്രിപ്‌റ്റോ തകര്‍ച്ചയ്ക്ക് മുന്നോടിയായി ഏപ്രില്‍ 30 ന് ടെറയുടെ പുറകിലുള്ള കൊറിയന്‍ കമ്പനി ഡിസോള്‍വ് ചെയ്യാന്‍ അപേക്ഷ കൊടുക്കുന്നു. അതിനുള്ള അനുമതി മെയ് നാലിന് അവര്‍ക്കു ലഭിക്കുന്നു. മെയ് ഒമ്പതോടെ UST യുടെ വില 0.92 ഡോളര്‍ ആയി കുറയുന്നു. ഇത് ഏതാണ്ട് 0.83 ഡോളര്‍ ആയപ്പോഴേക്കും ആള്‍ക്കാര്‍ ചെറുതായി പരിഭ്രാന്തരാവുന്നു. വലിയ ഇന്‍വെസ്റ്റ്‌മെൻറ് കമ്പനികള്‍ വില ഓട്ടോമാറ്റിക്കായി കൂട്ടാനുള്ള അല്‍ഗോരിതം വര്‍ക്കാവുന്നില്ല എന്നുറപ്പിച്ച് വലിയ തോതില്‍ UST വിറ്റഴിക്കുന്നു. പെട്ടെന്ന് കുറെയധികം UST മാര്‍ക്കറ്റില്‍ വന്നതുകാരണം വില പിന്നെയും കുറയുന്നു.
Coin desk ഏതാണ്ട് നാല് ബില്യണ്‍ ഡോളര്‍ UST മാര്‍ക്കറ്റില്‍ ഡമ്പ് ചെയ്യുന്നു. UST വില പിന്നെയും കുറഞ്ഞ് 0.70 ഡോളര്‍ ആകുന്നു. അതോടെ പരിഭ്രാന്തരായി കൂടുതല്‍ പേര്‍ കിട്ടിയ വിലയ്ക്ക് UST വില്‍ക്കാന്‍ തുടങ്ങുന്നു. ഇതിനിടക്ക് പല ഊഹാപോഹങ്ങളും, അതായത് UST ക്കുനേരെയുള്ള ഒരു സംഘടിത ആക്രമണമാണ് എന്നുവരെ അഭ്യൂഹം പരക്കുന്നു. അങ്ങനെ വില കുറഞ്ഞ് 0.62$, 0.50$, 0.20$... എന്നിങ്ങനെ 0.05 ഡോളര്‍ ആയി കുറയുന്നു. Luna ഫൗണ്ടേഷന്‍ ഗാർഡ് ഏതാണ്ടൊരു ഒന്നര ബില്യണ്‍ ഡോളര്‍ ലോണ്‍ ആയി കൊടുത്തെങ്കിലും പ്രയോജനമുണ്ടായില്ല.

UST വില കുറയുമ്പോള്‍ അല്‍ഗോരിതം പ്രകാരം ലൂനയുടെ വില ഓട്ടോമാറ്റിക് ആയി കൂടേണ്ടതായിരുന്നു. എന്നാല്‍ UST യുടെ വില കുത്തനെ ഇടിഞ്ഞുതുടങ്ങിയപ്പോള്‍ ലൂനയുടെ വിലയും ക്രമാതീതമായി കുറഞ്ഞുതുടങ്ങി. കാരണം, പരിഭ്രാന്തിയെതുടർന്ന് ആളുകൾ ലൂനയും കിട്ടിയവിലയ്ക്കു വിറ്റുതുടങ്ങി. 119 ഡോളറായിരുന്ന ലൂന വില പതുക്കെ കുറഞ്ഞു കുറഞ്ഞുവന്നു, 70$, 20$, 10$ എന്നിങ്ങനെ. അവസാനം UST യോടൊപ്പം ഏതാണ്ട് പൂജ്യത്തിലെത്തി. ഇതിന്റെയിടയ്ക്കു ചില ഇന്‍വെസ്റ്റ്‌മെൻറ് കമ്പനികളും മറ്റും ബിറ്റ് കോയിനും മറ്റും വിറ്റു ആ പണവും മാര്‍ക്കറ്റിലിറക്കി UST യുടെ വില ഉയര്‍ത്തിക്കൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
ഈ തകര്‍ച്ചയില്‍ ഏതാണ്ട് 45 ബില്യണ്‍ മാര്‍ക്കറ്റ് ക്യാപ് ആണ് നഷ്ടപ്പെട്ടത്. ഇതിന്റെ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. അന്തിമ റിപ്പോര്‍ട്ട് വന്നാലേ എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്ന് പറയാന്‍ കഴിയൂ. ടെറാ UST - Luna തകര്‍ച്ചയില്‍ ഏതാണ്ടൊരു 17 ബില്യണ്‍ ക്രിപ്‌റ്റോ മൂല്യമാണ് തുടച്ചുനീക്കപ്പെട്ടത്. പലരുടെയും ജീവിതസമ്പാദ്യമാണ് മണിക്കൂറുകള്‍ കൊണ്ട് തിരിച്ചുപിടിക്കാന്‍ സാധിക്കാത്തവിധം നഷ്ടമായത്.
ടെറാ UST - Luna തകര്‍ച്ചയില്‍ നിന്ന് ടെക്‌നോളജിലോകം പഠിച്ച പാഠം അല്‍ഗോരിതം മുഖേനയുള്ള കണ്‍ട്രോളുകള്‍ പലപ്പോഴും കുറ്റമറ്റരീതിയില്‍ പ്രവര്‍ത്തിക്കുമെന്ന് ഉറപ്പിക്കാന്‍ പറ്റില്ല എന്നതുതന്നെയാണ്. മാത്രമല്ല, ക്രിപ്‌റ്റോ കറന്‍സിലോകം ഒരു റെഗുലേറ്റഡ് ലോകമായി മാറേണ്ട ആവശ്യകതയും പല സര്‍ക്കാരുകളും ചിന്തിച്ചുതുടങ്ങിയിട്ടുണ്ട് . അതെന്താവുമെന്ന്കാത്തിരുന്നുകാണണം . എന്തായാലും ഏതു ഇൻവെസ്റ്റുമെൻറിനും അതിന്റേതായ റിസ്‌കുണ്ട്. അത് നന്നായി പഠിച്ചശേഷം മാത്രം ഇറങ്ങി പുറപ്പെടുക എന്നതാണ് ഈ രംഗത്തെ പരിചയസമ്പന്നര്‍ നൽകുന്ന മുന്നറിയിപ്പ്.
അന്താരാഷ്ട്ര സൈബര്‍സുരക്ഷാ വിദഗ്ധന്‍. സൈബര്‍സുരക്ഷാ പ്രഭാഷകനും എഴുത്തുകാരനുമാണ്. ഇന്റര്‍പോളിന്റെ പ്രത്യേക ക്ഷണിതാവ്. GSEC, CISSP, CISM, CRISC, CCSK തുടങ്ങിയ അന്താരാഷ്ട്ര സെക്യൂരിറ്റി സര്‍ട്ടിഫിക്കേഷന്‍സ് നേടിയിട്ടുണ്ട്.
കെ. സഹദേവന്‍
Jan 30, 2023
8 minutes read
സി. ബാലഗോപാൽ
Jan 24, 2023
2 Minutes Read
സംഗമേശ്വരന്‍ മാണിക്യം
Jan 13, 2023
10 Minutes Read
ആഷിക്ക് കെ.പി.
Dec 26, 2022
8 minutes read
സംഗമേശ്വരന്‍ മാണിക്യം
Dec 14, 2022
5 Minutes Read