പക്ഷെ, ആ ജീവിതം
പറഞ്ഞു തന്നെയാണ്
ഇബ്രാഹിം ഹാജി വിട പറഞ്ഞത്
പക്ഷെ, ആ ജീവിതം പറഞ്ഞു തന്നെയാണ് ഇബ്രാഹിം ഹാജി വിട പറഞ്ഞത്
പി.എ. ഇബ്രാഹിം ഹാജിയുടെ ജീവിതമെഴുതിയ അനുഭവം, ജനവരിയിൽ പ്രസിദ്ധീകരിക്കുന്ന ആ പുസ്തകത്തിൽനിന്നുള്ള ഭാഗവും
23 Dec 2021, 11:48 AM
ജീവിതത്തിലെ ചില ആകസ്മികതകള്‍ കൊണ്ടാണ് ചിലരുടെ "ജീവിതം' തന്നെ എഴുത്തിനുള്ള ഒരു വിഷയമായി തീരുന്നത്. ജെമിനി ശങ്കരന്റെ ജീവിത കഥ എഴുതാനിരിക്കുമ്പോഴെല്ലാം ആ വായിലേക്കല്ല, കണ്ണുകളിലേക്കാണ് ഉറ്റു നോക്കിയത്. "ഇന്ത്യന്‍ തമ്പുകളുടെ തമ്പുരാന്‍ ' എന്നു വിശേഷിപ്പിക്കാവുന്ന ആ സര്‍ക്കസ് ജീനിയസ് നെഹ്‌റു, മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങ്, ലാല്‍ ബഹദൂര്‍ ശാസ്ത്രി, ഇന്ദിരാഗാന്ധി.. തുടങ്ങിയവരെ മാത്രമല്ല, ഒരു മിത്തായി തീര്‍ന്ന "കിട്ടുണ്ണി' യെ പോലും നേരിട്ടു കണ്ട കണ്ണുകളാണ്. അത്രയും കാഴ്ചകളിലും ഓര്‍മകളിലും പതിഞ്ഞ കണ്ണുകള്‍.
ഇന്ത്യയില്‍ നിന്ന് ഒരു കാലത്ത് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്ക് ഏറ്റവും കൂടുതല്‍ പറന്നത്, ജെമിനി ശങ്കരനാണ്. സര്‍ക്കസ് അന്ന് ആഗോള വിസ്മയമായിരുന്നു. യൂറോപ്പിലേക്കും ആഫ്രിക്കയിലേക്കും ജെമിനി ശങ്കരന്‍ പറന്നു കൊണ്ടിരുന്നത്, സര്‍ക്കസ് കുലപതിയുടെ ഉജ്ജ്വലമായ ആത്മവിശ്വാസത്തോടെ തന്നെയാണ്. ആഫ്രിക്കയെ കുറിച്ച് ചോദിച്ചപ്പോഴൊക്കെ ജെമിനി ശങ്കരന്‍ പറഞ്ഞ മറുപടി ഇതായിരുന്നു: ‘ഹൊ, എന്താ കാട്!’
വീണ്ടും ഒന്നിടവിട്ട ദിവസങ്ങളില്‍ ആ ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ മറുപടി അതേ ഒറ്റവരിയുടെ ആവര്‍ത്തനം തന്നെയായിരുന്നു: ‘കാട്, ഭയങ്കര കാട്'.
പിന്നെ കാട്ടിനിടയിലൂടെയുള്ള റോഡിലൂടെ കാറില്‍ പോകുന്നതിനിടയില്‍ ഒരു പൂച്ച കുറുകെ ചാടിയപ്പോള്‍ കെനിയന്‍ ഡ്രൈവര്‍ വണ്ടി നിര്‍ത്തി. കാറില്‍ നിന്ന് പുറത്തിറങ്ങി, ഒരു കല്ലെടുത്ത് പൂച്ച ചാടിയതിന് മറുകണ്ടം എറിഞ്ഞു. അതേ വിശ്വാസം, മലബാറില്‍ തന്റെ നാട്ടിലുമുണ്ടെന്ന് ജെമിനി ശങ്കരന്‍ ആ കാട്ടുപാതയില്‍ വെച്ച് അത്ഭുതത്തോടെ ഓര്‍മിച്ചു. വലിയ ജീവിതം നയിച്ചവരെല്ലാം ജീവിതത്തിലെ ഏറ്റവും സൂക്ഷ്മവും മറ്റുള്ളവര്‍ക്കു അപ്രധാനമെന്ന് തോന്നുന്ന സംഭവങ്ങളിലും അവരുടെ ഓര്‍മയെ കൊളുത്തി വെക്കുന്നു. ഒരു പൂച്ച കാട്ടിലൂടെ പോകുന്നതും അവരുടെ ഓര്‍മയുടെ ഭാഗമാണ്. നാം, ചെറിയ ജീവിതം നയിക്കുന്നവര്‍, പൂച്ച വരുന്നതോ പോകുന്നതോ അറിയുന്നേയില്ല.
ഇതേപോലെ ഒരു പൂച്ചയുടെ കഥ അരുമയോടെ ഞാന്‍ കേള്‍ക്കുന്നത്, അന്തരിച്ച വ്യവസായ പ്രമുഖന്‍ പി.എ. ഇബ്രാഹിം ഹാജിയുടെ ദുബായിലെ വില്ലയില്‍ വെച്ചാണ്. ഡോ.എം.കെ. മുനീര്‍ പറഞ്ഞ്, പി.എ. ഇബ്രാഹിം ഹാജിയുടെ ജീവിതമെഴുതാന്‍ പോയതായിരുന്നു. ജീവിതമെഴുതുമ്പോള്‍ ബുക് ഡിസൈനറായി, ഇന്ന് കേരളത്തില്‍ കിട്ടാവുന്ന ഏറ്റവും മികച്ച ഡിസൈനര്‍ സൈനുല്‍ ആബിദും പ്രൊജക്റ്റ് കോ- ഓര്‍ഡിനേറ്ററായി ദിലീപും ഒപ്പമുണ്ടായിരുന്നു. ദുബായി ക്രീക്കിലെ ഫ്‌ളോറ ഇന്റര്‍നാഷനില്‍ ഇബ്രാഹിം ഹാജി ഞങ്ങള്‍ക്ക് താമസമൊരുക്കി. എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള രുചി വൈവിധ്യം കൊണ്ട് സമൃദ്ധമായ അവിടത്തെ ബ്രേക്ക് ഫാസ്റ്റ് നാവിനെ പല കരകള്‍ അനുഭവിപ്പിച്ചു. ഇബ്രാഹിം ഹാജിയുടെ ജീവിതം ഞാന്‍ കേട്ടെഴുതുക, അതില്‍ നിന്ന് എല്ലാ തലമുറകള്‍ക്കും കൈ മാറാവുന്ന പ്രചോദിപ്പിക്കുന്ന ആശയങ്ങള്‍ കണ്ടെത്തുക, "കാണാനും വായിക്കാനുമുള്ള' വിശിഷ്ടമായ ഒരു ഓര്‍മപ്പുസ്തകമായി രൂപകല്‍പന ചെയ്യുക എന്നതായിരുന്നു ഞങ്ങളുടെ തീരുമാനം. അദ്ദേഹത്തോടൊപ്പം ഞങ്ങള്‍ മരുഭൂമിയില്‍ ചെന്ന് പുലരിയില്‍ ചിത്രങ്ങളെടുത്തു. നിസ്‌കാരപ്പായയിലിരുന്ന് ഖുര്‍ ആന്‍ വായിക്കുന്ന ഫോട്ടോക്ക് പോസ് ചെയ്യുമ്പോള്‍ അദ്ദേഹം സ്വയം മറന്നിരുന്നു. പ്രശസ്ത ഫോട്ടോഗ്രാഫര്‍ ഷിഹിനാസ് അബു എടുത്ത എത്രയോ ചിത്രങ്ങള്‍...
അതിനിടയില്‍ ജീവിതത്തെ കുറിച്ച് പറയുന്നതെല്ലാം കുറിച്ചെടുക്കുകയും റെക്കോര്‍ഡ് ചെയ്യുകയും ചെയ്തു. ഓരോ പേജും സൈനുല്‍ ആബിദ് മനസ്സില്‍ രൂപകല്‍പന ചെയ്തു കൊണ്ടിരുന്നു...

ഒരാഴ്ചത്തെ കൂടിക്കാഴ്ചകള്‍ക്കും യാത്രയ്ക്കും ശേഷം, ഇബ്രാഹിം ഹാജിയുടെ വില്ലയില്‍ ഞങ്ങള്‍ക്കു മാത്രമായി വിശിഷ്ടമായ വിരുന്ന്. ചിക്കന്‍, മട്ടന്‍, മീന്‍ വിഭവങ്ങള്‍. ഭക്ഷണത്തിനു ശേഷം ഞങ്ങളെ അത്ഭുതപ്പെടുത്തിക്കൊണ്ട് അദ്ദേഹം ഞങ്ങള്‍ ഭക്ഷണം കഴിച്ച പാത്രത്തിലെയും വെയ്സ്റ്റ് ബിന്നിലെയും ചിക്കന്‍ എല്ലുകള്‍ സ്വന്തം കൈ കൊണ്ട് പെറുക്കി.
"ചെറിയ എല്ലുകള്‍ എന്റെ പൂച്ചകള്‍ക്കിഷ്ടമാണ്’, ഇബ്രാഹിം ഹാജി പറഞ്ഞു.
ദിലീപ്, ഹാജിക്കയുടെ കൈ തന്റെ ഭക്ഷണം കഴിച്ച പാത്രത്തിലേക്ക് നീണ്ടു വരുന്നതിനു മുന്നേ എല്ലുകള്‍ പെറുക്കി മാറ്റി. പ്രിയപ്പെട്ട പൂച്ചകളോടൊപ്പമുള്ള ചിത്രങ്ങള്‍ക്കും ഇബ്രാഹിം ഹാജി ചിരിയോടെ നിന്നു. അവയെ തലോടി.
ഇബ്രാഹിം ഹാജിക്കയുടെ പുസ്തകം ആറു മാസം മുന്നേ പൂര്‍ത്തിയായി. സൈനുല്‍ ആബിദ് എന്ന ഡിസൈനര്‍ നിറഞ്ഞാടുന്ന ആ പുസ്തകം, ഡോ.എം.കെ.മുനീറെഴുതിയ ആമുഖത്തോടെ കഴിഞ്ഞ ഷാര്‍ജ ബുക് ഫെയറില്‍ പ്രകാശനം ചെയ്യേണ്ടതായിരുന്നു. അദ്ദേഹം ഡോ.എം.കെ.മുനീറിനോട് അപ്പോള്‍ പറഞ്ഞു: ഡിസംബര്‍ കഴിയട്ടെ, ജനുവരിയില്‍ പ്രകാശനം ചെയ്യാം.
ജനുവരിയില്‍ ആ പുസ്തകം പ്രകാശനം ചെയ്യും. അദ്ദേഹം ആഗ്രഹിച്ചത് തന്റെ പ്രിയപ്പെട്ടവര്‍ അദ്ദേഹത്തിന്റെ അസാന്നിധ്യത്തില്‍ ആ പുസ്തകം വായിക്കണമെന്നായിരിക്കുമോ? ആകസ്മിതകളുടെ സമാഹരത്തെയാണ് ജീവിതം എന്നു പറയുന്നത്. പള്ളിക്കരയിലെ തന്റെ ബാല്യത്തില്‍ പുഴ കടത്താന്‍ സഹായിച്ച ഒരു കടത്തു തോണിക്കാരന്റെ ഓര്‍മയില്‍ നിന്നാണ് ആ ജീവിത വര്‍ത്തമാനം തുടങ്ങുന്നത്. ഒരു തോണിയും ശാശ്വതമായി ഒരു കരയിലും കെട്ടിയിടില്ല എന്നു പറയുന്നു ആ ഓര്‍മയുടെ സന്ദര്‍ഭത്തില്‍ ഇബ്രാഹിം ഹാജി.
ജനുവരില്‍ "ഒലിവ് ' പുസ്തകം പ്രസിദ്ധീകരിക്കും. അതിലെ ഒരു ഭാഗം.
ഉമ്മ
ഉമ്മ എപ്പോഴും ആര്‍ദ്രമായ സ്‌നേഹം നല്‍കി. വീടിന്റെ ഓരോ അനക്കവും ഉപ്പയെ കേന്ദ്രീകരിച്ചാണെങ്കില്‍, മക്കളെ ചുറ്റിപ്പറ്റിയായിരുന്നു, ഉമ്മയുടെ ചലനങ്ങള്‍. സഹായ ബോധമുള്ള ഒരു മനസ്സായിരുന്നു, ഉമ്മയുടേത്. വിശക്കുന്ന അയല്‍ക്കാരെ കണ്ടെത്തി അവര്‍ക്ക് ഭക്ഷണമെത്തിക്കുമായിരുന്നു, ഉമ്മ. അയല്‍ക്കാര്‍ക്ക് ബുദ്ധിമുട്ട് വരുമ്പോള്‍ തന്നാലാവുന്ന വിധം ഉമ്മ അവരെ സഹായിക്കുമായിരുന്നു. എപ്പോഴും ചിരിക്കുന്ന മുഖത്തോടെയാണ് ഉമ്മയെ കണ്ടിരുന്നത്.
പിന്നീട് ഉമ്മയുടെ സ്വഭാവം എന്നെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്.
"നിങ്ങളുടെ അരികില്‍ ആരെങ്കിലും സഹായം ചോദിച്ചു വന്നാല്‍ ആട്ടി ഓടിക്കരുത്, നിരാകരിക്കരുത് ' എന്ന വി. ഖുര്‍ആനിന്റെ സന്ദേശം ഇത്തരം പ്രവര്‍ത്തനങ്ങളില്‍ കാണാം. ഇതേ കാര്യം, മറ്റൊരു തരത്തില്‍ നബി(സ) ഉദ്‌ബോധനം ചെയ്തിട്ടുണ്ട്. "കുതിരപ്പുറത്ത് കയറി ഒരാള്‍ നിങ്ങളുടെ അരികില്‍ സഹായത്തിനു വന്നാല്‍ പോലും നിങ്ങള്‍ സഹായിക്കാന്‍ മടിക്കരുത്. കുതിരയുണ്ടെങ്കിലും അയാള്‍ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ബുദ്ധിമുട്ടുന്നവനായിരിക്കാം '.

നമുക്ക് കിട്ടിയ കഴിവുകള്‍ മറ്റുള്ളവര്‍ക്ക് ഉപയോഗിക്കുമ്പോഴാണ്, അതിനര്‍ത്ഥം വരുന്നത്. "ഇതെല്ലാം എന്റേതാണ്, എന്റെ കഴിവ് കൊണ്ടാണ് ' എന്നു ചിന്തിച്ചാല്‍ പ്രശ്‌നമായി. "എന്റെ കഴിവ് കൊണ്ടാണ് ' എന്നു പറയുമ്പോള്‍ ദൈവത്തിനു അതിനൊരു പങ്കുമില്ല എന്ന അര്‍ഥമായി.
"എന്റേതാണ്, എന്റേതാണ് ഇതെല്ലാം' എന്നു ചിന്തിച്ചാല്‍ നിരാശയും പരാജയവുമാവും ഫലം. നമ്മുടെ അരികില്‍ സഹായം തേടി വരുന്ന ഒരാളെ നിരാകരിക്കമ്പോള്‍, നാളെ ആ അവസ്ഥയില്‍ എന്തുകൊണ്ട് നമ്മളായിക്കൂടാ എന്ന ചിന്ത മനസ്സിലുണ്ടാവണം.
ദൈവസ്മരണയോടെയല്ലാതെ ഞാനൊന്നും ചെയ്യാറില്ല. ഇത്തരം കാര്യങ്ങള്‍ ഞാനെന്റെ ജീവിതത്തില്‍ പുലര്‍ത്താന്‍ ശ്രമിക്കാറുണ്ട്. സൂക്ഷ്മത പുലര്‍ത്തുന്നവരെയാണല്ലൊ ദൈവം ഇഷ്ടപ്പെടുന്നത്.
ഏതൊരു കാര്യവും ഏറെ ആലോചനകളോടെയാണ് സംഭവിക്കുന്നത്. ചില ചെറിയ ചെറിയ കാര്യങ്ങള്‍ പോലും ഞാന്‍ നേരില്‍ പോയി ചെയ്യേണ്ടതാണെങ്കില്‍ അതിന് സമയം കണ്ടെത്തുന്നു.
ഇപ്പോള്‍, വീട്ടില്‍ ഒരു വിളക്ക്, അല്ലെങ്കില്‍ ഒരു കസേര, അതുമല്ലെങ്കില്‍ കിടപ്പു മുറിയിലെ ഒരു ക്ലോക്ക് - ഇതൊക്കെ ഞാനിഷ്ടപ്പെട്ട് നേരിട്ടു പോയി തന്നെ വാങ്ങുന്നു.
മൈത്രിയാണ് സമാധാനം
മൈത്രിയാണ് എനിക്ക് മാതാപിതാക്കള്‍ പകര്‍ന്ന ഒരു വലിയ പാഠം. മൈത്രി കടലാസില്‍ വായിക്കാന്‍ മാത്രമുള്ള ഒന്നല്ല. ജീവിതത്തില്‍ പാലിക്കേണ്ട കടമളില്‍ പ്രധാനപ്പെട്ടതാണ്.
എല്ലാ മതത്തില്‍ പെട്ടവര്‍ക്കും സ്‌നേഹത്തോടെ ജീവിക്കാനുള്ളത്രയും വിശാലമാണ് ഈ ഭൂമി. അന്യോന്യം സഹായിച്ചും മനസ്സിലാക്കിയും ജീവിക്കുമ്പോള്‍ കാലുഷ്യങ്ങള്‍ കുറയുന്നു.
മനസ്സിലാക്കുക എന്നത് പ്രധാനമാണ്. മനസ്സിലാക്കാന്‍ നാം അല്‍പം താഴ്മയോടെ ഇരിക്കണം. കുലീനത അടിയറ വെച്ചു കൊണ്ടുള്ള താഴ്മയല്ല. അലിവോടെ മനുഷ്യരെ കേള്‍ക്കാനുള്ള താഴ്മ.
മൈത്രിയെക്കുറിച്ച് പറയുമ്പോള്‍ വിശേഷമായ ഒരനുഭവം പറയാനുണ്ട്. ഒരിക്കല്‍ എയര്‍ ഇന്ത്യയില്‍ ഇന്ത്യയിലേക്ക് ഞാന്‍ യാത്ര ചെയ്യുകയായിരുന്നു. ബിസിനസ് ക്ലാസിലായിരുന്നു ഞാന്‍. ഫ്‌ലെയ്റ്റില്‍ വെച്ച് നിസ്‌കരിക്കാനുള്ള അനുഭവത്തിനായി എന്റെ ഹൃദയം കൊതിച്ചു. ഞാന്‍ crew നോട് പറഞ്ഞു. ക്യാപ്റ്റന്റെ കാബിനും ബിസിനസ് ക്ലാസിനുമിടയിലെ ഒരു സ്ഥലം അവര്‍ നിസ്‌കാരത്തിനായി അനുവദിച്ചു തന്നു. എനിക്ക് ഫ്ലൈറ്റില്‍ വെച്ച് നിസ്‌കരിക്കാന്‍ അനുവാദം തന്ന ക്യാപ്റ്റന്‍, ഒരു ഹിന്ദു സഹോദരനായിരുന്നു!
മൈത്രി ഏറ്റവും വലിയ ഗുണമാണ്. അത് ജീവിതത്തില്‍ സമാധാനം കൊണ്ടു വരുന്നു.
സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് ബാപ്പ ദിവസവും രണ്ടണ തരും. ഉച്ചയ്ക്ക് ചായക്കും കടിക്കുമുള്ള പൈസയാണത്. അക്കാലത്ത് പൈദാഹമടങ്ങാന്‍ അത്രയും മതിയായിരുന്നു. സ്‌കൂള്‍ ക്ലാസ് കയറ്റത്തോടൊപ്പം ഉപ്പ തരുന്ന പൈസയുടെ തോത് കൂടിക്കൊണ്ടിരുന്നു. അന്ന് ഞങ്ങളുടെ സ്‌കൂളിനടുത്ത്, കോട്ടിക്കുളത്ത് ഒരു ബ്രാഹ്‌മണ ഹോട്ടലുണ്ടായിരുന്നു. അവിടെ നിന്നാണ് ഊണ്‍ കഴിച്ചത്. പറഞ്ഞു വരുന്നത്, രുചിയിലും ഒരു മൈത്രിയുണ്ട്.
മൈത്രി മധുരം നിറഞ്ഞ അനുഭവമാണ്.
എഴുത്തുകാരന്‍
ബിപിന്‍ ചന്ദ്രന്‍
Apr 26, 2022
7 Minutes Read
ടി.ആര്‍. സുശീല
Apr 18, 2022
3 Minutes Read
സി. രാധാകൃഷ്ണൻ അമ്പലപ്പുഴ
Apr 04, 2022
2 minutes read
സിവിക് ചന്ദ്രൻ
Mar 19, 2022
3 Minutes Read
ജോയ് മാത്യു
Mar 19, 2022
3 Minutes Read
ജയന്‍ ചെറിയാന്‍
Mar 10, 2022
3 minutes read