‘തല്ലുമാല’ക്കുള്ള കൈയടികളും പളപളപ്പ്​ രാഷ്​ട്രീയവും

ഇൻസ്റ്റാഗ്രാം റീലുകളുടെ ആഖ്യാന രീതിയിൽ കഥ പറയുന്ന ‘തല്ലുമാല' പുത്തൻ തലമുറയുടെ കയ്യടി വാങ്ങുന്നത് അതിന്റെ നിയോലിബറൽ പളപളപ്പും അരാജക സ്വഭാവവും കൊണ്ടുമാത്രമല്ല, മറിച്ച് അത് പ്രദാനം ചെയ്യുന്ന കായിക രാഷ്ട്രീയത്തിന്റെ സാധ്യത കൊണ്ടുകൂടിയാണ്.

സോഷ്യൽ മീഡിയയുടെ സൗന്ദര്യശാസ്ത്രം കൃത്യമായി ഉപയോഗിച്ചിരിക്കുന്ന സിനിമയാണ് ‘തല്ലുമാല'. ഇൻസ്റ്റഗ്രാം റീലുകളുടെ ചടുലതയുള്ള ക്യാമറാ മൂവ്‌മെന്റുകളും വേഗമേറിയ എഡിറ്റിംഗും കണ്ണഞ്ചിക്കുന്ന നിറങ്ങളും ഗ്രാഫിക്കലും കാർട്ടൂണിഷുമായ അവതരണവും ശബ്ദായമാനമായ ഇലക്​ട്രോ സംഗീതവുമൊക്കെ ഈ പുത്തൻഭാഷയിൽ നിന്നെടുത്തിരിക്കുന്നതാണ്. ആ അർത്ഥത്തിൽ നോക്കിയാൽ രണ്ടര മണിക്കൂർ നീണ്ട ഒരു റീൽ ആയും ഈ സിനിമയെ കാണാം.

‘തല്ലുമാല' കാണാൻ തിക്കിത്തിരക്കുന്നവർ ഈ റീൽ ഭാഷയുമായി വളരെയധികം ഇഴുകിച്ചേർന്ന യുവജനങ്ങളാണ്. ഒരു നല്ല സിനിമാറ്റിക് പരീക്ഷണമായി പലരും ഇതിനെ വിലയിരുത്തുന്നു. തിയറ്ററിൽ പരിസരം മറന്ന് ആസ്വദിക്കാൻ സാധിക്കുന്ന ജനകീയ വാണിജ്യചിത്രമാണിത്​. അതിന്റെ ആവിഷ്‌കാരത്തിനുപയോഗിച്ച വിഷ്വൽ ഭാഷ പുതുമയുള്ളതാണെന്നും സിനിമയുടെ ആസ്വാദനം ഹൃദ്യമാവുന്നത് അതുകൊണ്ടാണെന്നും മറ്റൊരു വാദവുമുണ്ട്. ‘തല്ലുമാല'ക്ക് ലഭിക്കുന്ന ഈ കയ്യടികളെ നിയോലിബറൽ സമ്പദ്​വ്യവസ്​ഥ കൊണ്ടുവരുന്ന സാമൂഹിക മാറ്റങ്ങളുടെയും സംസ്‌കാര വിപണി (Culture Industry) യെന്ന ആശയത്തിന്റെയും വെളിച്ചത്തിൽ പരിശോധിക്കാനാവുമോ എന്ന ശ്രമമാണ് ഈ കുറിപ്പ്.

‘തല്ലുമാല' വളരെ നൂതനമായ ആവിഷ്‌കാര ഭാഷയിലുള്ളതാണെന്നാണ് ഒരു വാദം. അപ്പോൾ രേഖീയമല്ലാത്തതും ചടുലവുമായ ആഖ്യാനവും കണ്ണഞ്ചിക്കുന്ന എഡിറ്റിംഗും നിറങ്ങളുമെല്ലാം മലയാള സിനിമയിൽ മുൻപ് ഉപയോഗിച്ചിട്ടില്ലേ എന്ന മറുചോദ്യം ഉയരുന്നു. വാണിജ്യസിനിമക്കായി നിശ്ചയിച്ച ഒരു ആഖ്യാനരീതി ഇവിടെ ഉണ്ടായിരുന്നുവെന്നത് ശരി തന്നെ. പക്ഷെ ആഖ്യാനത്തിലെ ചടുലത ഇവിടെ മുൻപും ഉപയോഗിച്ചുകണ്ടിട്ടുണ്ട്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ‘ആമേൻ' അത്തരം ഒരു സിനിമയാണ്. രോഹിത് വി. എസിന്റെ ‘ഇബ്​ലീസ്​’ ആണ് മറ്റൊരു സിനിമ. ഈ രണ്ട് സംവിധായകരുടെയും മറ്റ് സിനിമകളിലും ചടുലവും വിസ്‌ഫോടനാത്മകവുമായ ആഖ്യാന രീതി കാണാം (ഗ്രാഫിക്, കാർട്ടൂണിഷ് അവതരണം ലിജോയുടെ ‘ഡബിൾ ബാരലി’ലുണ്ട്​). രേഖീയമല്ലാത്ത ആഖ്യാനരീതി പിന്തുടരുന്ന ടി.വി. ചന്ദ്രൻ അടക്കമുള്ള ആർട്ട് സിനിമാ സംവിധായകരുമുണ്ട്. മികച്ച ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ ‘ആവാസവ്യൂഹം' ഈ പറയുന്ന എല്ലാ ആഖ്യാനരീതികളൂം ഉപയോഗിച്ചതായി കാണാം.

ആമേൻ, ഇബ്‌ലീസ്, ഡബിൾ ബാരൽ, ആവാസ വ്യൂഹം

ഇപ്പറഞ്ഞ സങ്കേതങ്ങൾ മികച്ചതും പുതുമയുള്ളതുമായതുകൊണ്ട് സിനിമ നല്ലതാവുമോ? സിനിമയും ഒരു കലാമാധ്യമമാണ്. അത് സമൂഹത്തോട് ഒരു സന്ദേശം, ആശയം, നിരീക്ഷണം അല്ലെങ്കിൽ ചിലപ്പോൾ ഒരു ആഹ്വാനം പങ്കുവെക്കാനാണ് ശ്രമിക്കുന്നത്. ആ കലാമാധ്യമത്തിന്റെ സവിശേഷമായ സാങ്കേതികത ഉപയോഗിച്ചുകൊണ്ടാവണം ഈ പ്രകാശനം നടക്കേണ്ടത്. അപ്പോൾ സാങ്കേതിക മികവ് മാത്രമല്ല, ആ സങ്കേതങ്ങൾ എന്തിനുവേണ്ടി ഉപയോഗിക്കുന്നു എന്ന ചോദ്യവും പ്രസക്തമാവുന്നു. ക്യാമറ നീക്കങ്ങൾ, എഡിറ്റിംഗിലെ ചടുലത, കണ്ണഞ്ചിക്കുന്ന നിറക്കൂട്ടുകൾ, അവതരണത്തിലെ കാർട്ടൂണിഷ് സ്വഭാവം, രേഖീയമല്ലാത്ത ആഖ്യാനം തുടങ്ങിയ കാര്യങ്ങൾ കഥാപരിസരത്തെ പ്രേക്ഷകരിലേക്ക് ക്രിയാത്മകമായി എത്തിക്കാൻ സഹായിക്കുന്നുണ്ടോ എന്നാവണം പരിശോധിക്കപ്പെടേണ്ടത്. ഒരു നല്ല സംവിധായകൻ കഥ പറയാൻ മേൽപ്പറഞ്ഞ ആഖ്യാനതന്ത്രങ്ങൾ ഉപയോഗിക്കുന്നത് തന്റെ കേവലം സാങ്കേതിക പ്രാവീണ്യം പ്രദർശിപ്പിക്കാനല്ല. മറിച്ച്, താൻ പറയാനുദ്ദേശിക്കുന്ന കാര്യങ്ങളെ ഇത്തരത്തിൽ അവതരിപ്പിക്കുന്നത് വഴി പ്രേക്ഷകരിൽ ഒരു പ്രഭാവം (effect) ഉണ്ടാക്കാനാണ്.

ലോങ്ങ് ടേക്കുകൾ കഥാപരിസരവുമായി കൂടുതൽ ഇഴുകിച്ചേരാനും ശക്തമായ യാഥാർഥ്യ പ്രതീതി സൃഷ്ടിക്കാനും സഹായിക്കുന്നു. ഓർസൺ വെൽസ് മുതൽ ഡോൺ പാലത്തറ വരെയുള്ളവർ ലോങ്ങ് ടേക്കുകൾ ഉപയോഗിക്കുന്നത് ഈ ഫലം കിട്ടാൻ സഹായകമായ സങ്കേതം എന്ന നിലയ്ക്കാണ്. ഡയറക്റ്റ് കട്ട്, മാച്ച് കട്ട്, ജമ്പ് കട്ട്, ഫെയ്ഡ്, സ്ലൈഡ് പോലുള്ള എഡിറ്റിംഗ് തന്ത്രങ്ങൾ ക്രിയാത്മകമായി ഉപയോഗിക്കുന്നതുവഴി ഏതൊരു വികാരാന്തരീക്ഷവും കൃത്യമായി പ്രേക്ഷകരിലേക്കെത്തിക്കാനാവും. സ്റ്റാൻലി കുബ്രിക്കിന്റെ പ്രസിദ്ധമായ മാച്ച് കട്ട് ഇവിടെ ഓർക്കാം. സംഗീതത്തിന്റെയും ശബ്ദത്തിന്റെയും നിറത്തിന്റെയും ഉപയോഗ ക്രമങ്ങളും സങ്കേതങ്ങളും ഇതുപോലെ തന്നെയാണ്. ഗാസ്‌പെർ നോയെ കണ്ണിൽ കുത്തുന്ന നിറങ്ങളും, വിഭ്രാത്മകമായ എഡിറ്റിംഗും ക്യാമറാ നീക്കങ്ങളും, ഹിംസാത്മകമായ കഥാപരിസരങ്ങളും വെച്ച് സിനിമയെടുക്കുന്നുണ്ട്. കാണികളെ അസ്തപ്രജ്ഞരാക്കി കഥ പറയുന്ന ‘തീയറ്റർ ഓഫ് ക്രുവൽറ്റി' (theatre of cruelty) എന്ന നാടക തത്വചിന്ത തുടരുന്നതിനാലാണ് നോയെ ഇത്തരത്തിലുള്ള സിനിമകൾ ചെയ്യുന്നത്.

സ്റ്റാൻലി കുബ്രിക്കിന്റെ 2001: എ സ്പേസ് ഒഡേസിയിൽ നിന്നുള്ള മാച്ച് കട്ട്

മികച്ച സിനിമാ സംവിധായകർ വ്യക്തമായ ഉദ്ദേശ്യത്തോടു കൂടിയാണ് ഈ സങ്കേതങ്ങളുപയോഗിക്കുന്നതെന്ന് ഇപ്പറഞ്ഞതിൽ നിന്ന് വ്യക്തമാണ്. ആഖ്യാന വിഷയം സ്വാംശീകരിക്കുന്നതിനോടൊപ്പം ഈ പുതുമകൾ പ്രേക്ഷകന്റെ ആസ്വാദന നിലവാരത്തെ ഉയർത്താൻ സഹായകമാണോ എന്നും ശ്രദ്ധിക്കേണ്ടതുണ്ട്. അങ്ങനെ നോക്കുമ്പോൾ ‘തല്ലുമാല'യിലെ പറയപ്പെടുന്ന പുതുമ അതിന്റെ റീൽ സ്വഭാവം മാത്രമാണെന്ന് വരുന്നു.

റീലുകളുടെ മായാലോകം

വിഷ്വൽ സംസ്‌കാര ലോകത്തുണ്ടായ മിക്ക നൂതനത്വങ്ങളെയും നിങ്ങൾക്ക് റീൽ ലോകത്തും കാണാം. വിഷ്വൽ കണ്ടെൻറ്​ വളരെ ചെറിയൊരു ആവിഷ്‌കാര സമയപരിധി നിശ്ചയിച്ച്, സോഷ്യൽ മീഡിയ ഉപഭോക്താവായ ആർക്കും സൃഷ്ടിക്കാവുന്ന സാഹചര്യം കൊണ്ടുവന്നുവെന്നതാണ് റീൽ സംസ്‌കാരത്തിന്റെ ഒരു പ്രത്യേകത. സിനിമാ ഡയലോഗുകളും ഡാൻസ് രംഗങ്ങളും മറ്റ് സീനുകളും ഏതൊരാൾക്കും പുനരാവിഷ്‌കരിക്കാനും അതോടൊപ്പം തങ്ങളുടേതായ ക്രിയാത്മക ആവിഷ്‌കാരങ്ങൾ സോഷ്യൽ മീഡിയാലോകത്തേക്ക് എത്തിക്കാനും റീലുകൾ വഴി സാധിക്കുന്നു. പുത്തൻവസ്ത്രങ്ങളും മറ്റ് ആഭരണങ്ങളും അണിഞ്ഞുകൊണ്ടുള്ള സ്വയം പ്രകാശനം, ആഡംബര വാഹങ്ങളെ ചുറ്റിപ്പറ്റിയുള്ള പളപളപ്പ്, വാഹനങ്ങളിലും സൈക്കിളുകളിലുമുള്ള യാത്രകൾ, ശാരീരികാഭ്യാസങ്ങൾ, കലാകായിക പ്രദർശനങ്ങൾ, ഭക്ഷണത്തെയും പാചകത്തെയും കുറിച്ചുള്ള ഉള്ളടക്കം, വർണാഭമായ ഗ്രാഫിറ്റികൾ, വളരെ വേഗം ശ്രദ്ധയാകർഷിക്കുന്ന റാപ്, ഹിപ്‌ഹോപ് സംഗീത ബീറ്റുകൾ, വിസ്തൃതമായ ആഘോഷങ്ങൾ, ഇങ്ങനെ നീണ്ട ഫോട്ടോഷൂട്ടുകൾക്കും വീഡിയോഗ്രാഫിക്കും സാധ്യതയുള്ള ആവിഷ്‌കാരങ്ങളാണ് റീലുകളെന്ന നിലയിൽ പ്രചാരം നേടുന്നത്.

കേരളത്തിലെ ഒന്നരക്കോടിയോളം വരുന്ന യുവതലമുറയാണ് റീലുകളുടെ ഉപഭോക്താക്കൾ. അവയിലൂടെ ഇവർക്കിടയിൽ ശക്തമാവുന്ന സാംസ്‌കാരിക, സാമൂഹിക അഭിരുചികൾ എന്തെല്ലാമാണ്? ഏറ്റവും പുതിയ ആഡംബര കാറുകളെയും ബൈക്കുകളെയും പറ്റിയുള്ള വിവരങ്ങൾ, പുത്തൻ ഫാഷൻ രീതികൾ, ഭക്ഷണക്രമങ്ങൾ, യാത്രകൾ, ആഘോഷരീതികൾ, ആയോധനകലകളെ പറ്റിയുള്ള വിവരങ്ങൾ, ഇവയെ എല്ലാം അടിസ്ഥാനപ്പെടുത്തിയുള്ള ചെലവേറിയ ജീവിതം, ആഴമില്ലാത്ത വിഷയങ്ങൾക്കുചുറ്റും രൂപപ്പെടുന്ന കൂട്ടായ്മകൾ, സൗഹൃദങ്ങൾ, പണമുണ്ടാക്കാൻ എളുപ്പവും പലപ്പോഴും നിയമസാധുതയില്ലാത്തതുമായ വഴികൾ സ്വീകരിക്കുക, നിയമ സംവിധാനത്തോടും സാമൂഹിക ജീവിതത്തോടും രാഷ്ട്രീയപ്രവർത്തനത്തോടുമുള്ള പുച്ഛം, ഇങ്ങനെ അരാജകത്വ പ്രവണതയുള്ളതും ഉപരിപ്ലവും ഉപഭോഗ സംസ്‌കാരത്തെ ശക്തിപ്പെടുത്തുന്നതുമായ വിഷയങ്ങളാണ് മിക്കവാറും റീലുകളുടെയും ഉള്ളടക്കം. പൊതുസമൂഹത്തിൽ പ്രബലമായിക്കൊണ്ടിരിക്കുന്ന ചില മനോഭാവങ്ങളുടെ പ്രതിഫലനമാണ് ഈ റീലുകളിലുള്ളത്.

നിയോലിബറൽ കാലത്തെ സാമൂഹിക മാറ്റങ്ങൾ

നിയോലിബറൽ മുതലാളിത്തത്തിനകത്ത് സംഭവിക്കുന്ന രണ്ട് പ്രക്രിയകളുടെ പശ്ചാത്തലത്തിൽ ഈ അവസ്ഥയെ നോക്കിക്കാണാം. പൊതുജനജീവിതത്തിൽ സംഭവിക്കുന്ന ‘ലുംപനൈസേഷൻ' (Lumpenisation) ആണതിലൊന്ന്. മാർക്‌സിസ്റ്റ് ചിന്തകൻ ഐജാസ് അഹമ്മദ്, സാമ്പത്തിക ശാസ്ത്രജ്ഞൻ ആൽഫ്രഡ് ഫിൽഹോ എന്നിവർ മുന്നോട്ടുവെച്ച ആശയമാണിത്. തീവ്രമുതലാളിത്ത ലോകത്ത്​ കൂടിയ അളവിലുള്ള തൊഴിലില്ലായ്മയും, ചൂഷണവും, സ്ഥിരം തൊഴിലുകളുടെ അഭാവവും, സ്വകാര്യമേഖലയുടെ കയ്യേറ്റവും വലിയ അളവിലുള്ള അരക്ഷിതബോധം സൃഷ്ടിക്കുന്നു. നിലവിലെ തൊഴിൽ സാധ്യതകൾക്കപ്പുറം, നിയമവ്യവസ്ഥക്കും സ്ഥാപിതരീതികൾക്കും പുറമെയുള്ള അവസരങ്ങൾ പിടിച്ചെടുക്കാൻ ആളുകളെ ഈ അരക്ഷിതബോധം പ്രേരിപ്പിക്കും. വലിയ അളവിലുള്ള മത്സരമനോഭാവം തൊഴിൽ മേഖലക്കകത്തെ സാഹചര്യങ്ങൾക്കനുസരിച്ചുള്ള സംഘാടനത്തെ ക്ഷീണിപ്പിക്കുന്നു. വർഗബോധത്തിലധിഷ്ഠിതമായ യൂണിയനുകൾക്ക് പ്രസക്തി ഇല്ലാതാവും. പകരം ജാതി, മതം, വംശം പോലുള്ള വ്യംഗ്യാശയങ്ങൾക്ക് പുറത്തുള്ള ഒഴുക്കൻ കൂട്ടായ്മകൾ രൂപപ്പെടുമത്രേ. അവ കേന്ദ്രീകൃത സ്വഭാവമുള്ളതാവണമെന്ന് യാതൊരു നിർബന്ധവുമില്ല. പകരം ക്രിമിനൽ റാക്കറ്റ് രീതിയിലുള്ള അക്രമ സ്വഭാവം ഇവക്ക് കൈവരുന്നു. തീവ്രവലതുപക്ഷം ഇത്തരം ഗ്രൂപ്പുകളെ തങ്ങളുടെ പ്രത്യയശാസ്ത്രമേൽക്കോയ്മ നിലനിർത്താനുള്ള ഉപകരണങ്ങളായി ഉപയോഗിക്കുകയും ചെയ്യും.

ഐജാസ് അഹമ്മദ്, ആൽഫ്രഡ് ഫിൽഹോ

ഈ അരാജകബോധം സ്വംശീകരിച്ചവരായി കേരളത്തിലെ യുവജനങ്ങളും മാറുന്നുവെന്നതിന് സൂചനകളാണ് വർധിച്ചുവരുന്ന കുറ്റകൃത്യങ്ങളും ഉപരിപ്ലവമായ കൂട്ടായ്മകളും ആർഭാട, വർണാഭ ജീവിതരീതികളും എളുപ്പവഴികളിലൂടെ പണം സമ്പാദിക്കാനുള്ള ശ്രമങ്ങളുമെല്ലാം. നിയമം, രാഷ്ട്രീയം, വിദ്യാഭ്യാസം, കല, സാഹിത്യം തുടങ്ങിയവയോടുള്ള നീരസവും ഈ ‘ലുംപനൈസേഷ’ന്റെ ഭാഗമാണ്. ഈ തന്നിഷ്ടത്തിൽ മാത്രമൂന്നിയ തെരഞ്ഞെടുപ്പുകൾ അക്രമവാസനയെ പോലും പ്രകീർത്തിക്കുന്ന നിലയിലേക്കെത്തിക്കും.

നിയോലിബറൽ സമ്പദ്വ്യവസ്ഥ ആഗോളതലത്തിൽ വളർത്തിയെടുത്ത ‘സംസ്‌കാര വിപണി' (culture industry) യും ഉപഭോഗ സംസ്‌കാരവും ഇതോട് ചേർത്ത് കാണേണ്ട കാര്യങ്ങളാണ്. ദേശീയ സമ്പദ്​വ്യവസ്ഥകളുടെ നികുതി പ്രതിബന്ധങ്ങളില്ലാതെ, നിയമതടസ്സങ്ങളില്ലാതെ മൂലധനം ആഗോളതലത്തിൽ ഒഴുകിനടക്കുകയാണല്ലോ. ഈ പ്രക്രിയ എളുപ്പം വിറ്റുപോകാവുന്ന ചരക്കുകളാക്കി ക്രിയാത്മകാവിഷ്‌കാരങ്ങളെ മാറ്റുന്നു. മേൽക്കോയ്മയുള്ള (hegemony) പ്രത്യയശാസ്ത്രബോധ്യങ്ങൾക്കും താല്പര്യങ്ങൾക്കുമനുസരിച്ച് മാത്രം ഉല്പാദിക്കപ്പെടുകയും അതേ താല്പര്യങ്ങളെ പ്രചരിപ്പിക്കാൻ വിപണി കയ്യടക്കുകയും ചെയ്യുന്ന ഉത്പന്നങ്ങളായി കലയും സാഹിത്യവും മാറുകയാണിവിടെ. ഇതിനെയാണ് ഫ്രാങ്ക്ഫർട്ട് ചിന്തകൻ തിയോഡോർ അഡോർണോ ‘സംസ്‌കാര വിപണി' എന്ന് വിളിക്കുന്നത്. വില്പനച്ചരക്കെന്ന നിലയിൽ സാധ്യതയുള്ള സാംസ്‌കാരികോല്പന്നങ്ങൾ മാത്രമേ മുഖ്യധാരയിലെത്തുകയുള്ളു. അവ മേൽക്കോയ്മാ പ്രത്യയശാസ്ത്രം മാത്രമേ പ്രചരിപ്പിക്കുകയുമുള്ളൂ. നിയോലിബറൽ മുതലാളിത്തത്തിൽ ആഗോള ‘സംസ്‌കാര വിപണി' ഉപഭോഗ സംസ്‌കാരത്തെയും വ്യക്തിവാദത്തെയും അരാജക വാദത്തെയുമാണ് ഉൾക്കൊള്ളുന്നത്. റീൽ സംസ്‌കാരം പ്രതിഫലിപ്പിക്കുന്നത് ഈ ‘ലുംപെൻ' അരാജകവാദത്തെയും കൺസ്യൂമറിസ്റ്റ് പളപളപ്പിനെയുമാണ്.

‘തല്ലുമാല' എന്ന വില്പനച്ചരക്ക്

നിയോലിബറൽ കാലത്തെ റീൽ ആഖ്യാനരീതിയുടെ തുടർച്ചയാണ് ‘തല്ലുമാല'. സിനിമയുടെ പ്രമേയപരിസരത്തിലും നമുക്കിത് കാണാം. വ്യക്തമായ സാമൂഹിക, രാഷ്ട്രീയ ചുറ്റുപാടുകളിൽ അല്ലാതെ ഉപരിപ്ലവമായി രൂപം കൊള്ളുന്ന കൂട്ടായ്മകളാണ് ‘തല്ലുമാല'യിലെ മനുഷ്യബന്ധങ്ങൾ. താൻപോരിമ മാത്രമാണ് ഇതിലെ നായക കഥാപാത്രങ്ങൾക്കുള്ള സ്വഭാവ സവിശേഷത. മലപ്പുറംകാരായ ഇവർ വില കൂടിയ ബ്രാൻഡഡ് വസ്ത്രങ്ങളും പാദരക്ഷകളും ഉപയോഗിക്കുന്നു, ആഡംബര കാറുകൾക്കിടയിലിരുന്ന് സൗഹൃദ സംഭാഷണം നടത്തുന്നു, ഭാഷകൾ മാറിമാറി ഉപയോഗിക്കുന്നു, അത്യാധുനിക ഇലക്​ട്രോണിക്​ ഉപകരണങ്ങൾ ഉപയോഗിക്കുന്നു, അന്താരാഷ്ട്ര യാത്രകൾ ഈസി ആയി നടത്തുന്നു, ആഘോഷങ്ങൾ ഉൽസവങ്ങളെന്ന പോലെ ആഡംബരത്തിൽ നടത്തുന്നു, അതിനെല്ലാമുപരിയായി കാര്യകാരണ ബന്ധമില്ലാതെ വികാരത്തള്ളിച്ചയിൽ തല്ലുകൂടുന്നു. സാംസ്‌കാരികമായും സാമൂഹികമായും രാഷ്ട്രീയമായുള്ള ചുറ്റുപാടുകൾക്ക് ഇവിടെ യാതൊരു പ്രാധാന്യവുമില്ല.

തല്ലുമാലയിൽ നിന്ന്

തന്റെ എല്ലാ സിനിമകളിലും രാഷ്ട്രീയമുണ്ടെന്ന് ‘തല്ലുമാല'യുടെ തിരക്കഥാകൃത്ത് മുഹ്സിൻ പരാരി പറഞ്ഞതായി വാർത്തകൾ കണ്ടിരുന്നു. ഇങ്ങനെ പുറംപകിട്ടിലൂന്നിയ അക്രമങ്ങളുടെ ശൃംഖല സിനിമയാക്കുന്നതാണ് രാഷ്ട്രീയമെന്നവകാശപ്പെടുന്നതെങ്കിൽ അത് നിരാശാജനകമാണ്. അതിൽ ചില പ്രശ്‌നങ്ങളുമുണ്ടെന്ന് തോന്നുന്നു. മാന്യമായ പരസ്പരചർച്ചക്ക് നിൽക്കാതെ, വികാരവിക്ഷോഭത്തിനു പുറത്ത് കയ്യാങ്കളി നടത്തി കാര്യങ്ങൾ പരിഹരിക്കുന്ന രീതിയെയാണ് ‘തല്ലുമാല'പ്രകീർത്തിക്കുന്നത്. അടിച്ചു പല്ലുതെറിപ്പിക്കുന്നതിനെയും, ഫയർ എക്സ്റ്റിംഗ്യുഷർ കൊണ്ട് തലയടിച്ചു പൊട്ടിക്കുന്നതും, കണ്ണടിച്ചു കരുവാളിപ്പിക്കുന്നതുമെല്ലാം കണ്ട് ആർത്തുവിളിക്കുകയാണ് പ്രേക്ഷകർ. മുഴുനീള ആക്ഷൻ സിനിമകളിൽ പോലും കാണാത്ത രീതിയിൽ അക്രമത്തെ ആകർഷകമാക്കുകയാണ് ‘തല്ലുമാല'. ഇതിലെ ആക്ഷൻ രംഗങ്ങൾക്ക് കിട്ടുന്ന കയ്യടികൾ അക്രമ അരാജക പ്രവണതകൾ കൂടിവരുന്ന ഒരു സമൂഹത്തെക്കുറിച്ചുള്ള മുന്നറിയിപ്പ് കൂടിയാണ്.

പക്ഷെ, നിയോലിബറൽ ആശയങ്ങളെ സ്വാംശീകരിച്ച പുതുതലമുറക്ക് ഈ സിനിമ രസകരമാണ്. അവരുടെ മൂല്യലോകത്തോട് ‘തല്ലുമാല'കൃത്യമായി സംവദിക്കുന്നുണ്ട്. കഥാപാത്രങ്ങൾക്ക് മലപ്പുറം സ്വത്വം ചാർത്തിക്കൊടുക്കുന്നതും കയ്യടി ഏറ്റുവാങ്ങുകയാണ്. മലയാള സിനിമയിൽ പ്രാമുഖ്യമുണ്ടായിരുന്ന മലപ്പുറം മുസ്​ലിം വാർപ്പുമാതൃകയെ (representation) ഈ സിനിമ മാറ്റിമറിക്കുന്നുണ്ട്. അപരിഷ്‌കൃതരും ആധുനിക ജീവിതരീതിക്ക് പുറത്തുനിൽക്കുന്നവരും നിരക്ഷരരുമായ ‘കാക്ക' കഥാപാത്രങ്ങളായിരുന്നു ജനകീയ വാണിജ്യ സിനിമയിലെ മലപ്പുറം ഭാഷ സംസാരിക്കുന്നവർ. അതിനുപകരം പ്രവാസ ജീവിതം നൽകിയ ഉയിർപ്പും പളപ്പും സാമൂഹിക പുരോഗതിയും കൈവരിച്ച ഉപഭോഗ സമൂഹമായാണ് ‘തല്ലുമാല'യിലെ മലപ്പുറംകാർ വരുന്നത്. ഈ മാറ്റത്തെ പ്രേക്ഷകർ ഇരുകൈയും നീട്ടി സ്വീകരിക്കുകയാണ്.

മുഹ്​സിൻ പരാരി

പക്ഷെ മറ്റൊരപകടം അതിനു പിന്നിലുണ്ട്. അഖിലേന്ത്യാതലത്തിൽ സംഘപരിവാരത്തിന്റെ വ്യാജപ്രചാരണത്തിന് പാത്രമായ നാടാണ് മലപ്പുറം. മുസ്​ലിം ജനത കൂടുതലുള്ളതു കൊണ്ട് ഗൾഫ് പണത്തിന്റെ പളപളപ്പുള്ള നാടാണിതെന്നും ഇവിടെ അക്രമവും കലാപങ്ങളും ധാരാളം നടക്കാറുണ്ടെന്നുമൊക്കെ കള്ളക്കഥകൾ ഇപ്പോഴും പറന്നുനടക്കുന്നുണ്ട്. താൻപോരിമക്കാരായ അരാജകവാദികളാണ് മലപ്പുറംകാരെന്നും ഇവിടെ നിയമവ്യവസ്ഥ നിലനിൽക്കുന്നില്ലെന്നും പ്രചാരണമുണ്ട്. ആഗോളതലത്തിൽ തീവ്രവാദ ഗ്രൂപ്പുകളിലേക്കുള്ള റിക്രൂട്ട്‌മെൻറ്​ മലപ്പുറത്ത് വ്യാപകമായി നടക്കുന്നുണ്ടെന്നുള്ള കഥകൾ ഓർമയില്ലേ? ‘തല്ലുമാല'ഇതുപോലെയുള്ള കള്ളപ്രചരണങ്ങൾക്ക് ശക്തി പകരാൻ സാധ്യതയുണ്ട്. ശാരീരിക കടന്നുകയറ്റങ്ങളിലൂടെ തങ്ങളുടെ സ്വത്വബോധത്തെ സംരക്ഷിക്കുന്നവരാണ് മലപ്പുറത്തുള്ളവരെന്ന പ്രസ്താവനയാണ് ഈ സിനിമ നടത്തുന്നത്. തങ്ങളുടെ വർഗീയപ്രചരണം കോപ്പുകൂട്ടാൻ സംഘപരിവാരത്തിനെ ഇത് സഹായിക്കും. അതുപോലെ തന്നെ തങ്ങളുടെ സ്വത്വം ഏത് രീതിയിലും (അക്രമാസക്തമായിട്ടാണെങ്കിൽ അങ്ങനെ) സംരക്ഷിക്കേണ്ടതുണ്ടെന്ന ബോധം മറുഭാഗത്തുള്ള മൗലികവാദികളിലുണ്ടാവാനും ‘തല്ലുമാല'വഴിവെച്ചേക്കാം. അരാജകമായ കൗണ്ടർ കൾച്ചർ രീതികളെ സ്വാംശീകരിച്ച, വളരെ നൂതനമായ ഉപഭോക്തൃ സംസ്‌കാരമുള്ള, വിസ്‌ഫോടന സ്വഭാവമുള്ള ‘ആൺപിള്ളേരാ’ണ് മലപ്പുറത്തുള്ളതെന്നണ് ഈ സിനിമ പറയുന്നത്. ഇൻസ്റ്റാഗ്രാം റീലുകളുടെ ആഖ്യാന രീതിയിൽ കഥ പറയുന്ന ‘തല്ലുമാല'പുത്തൻ തലമുറയുടെ കയ്യടി വാങ്ങുന്നത് അതിന്റെ നിയോലിബറൽ പളപളപ്പും അരാജക സ്വഭാവവും കൊണ്ടുമാത്രമല്ല, മറിച്ച് അത് പ്രദാനം ചെയ്യുന്ന കായിക രാഷ്ട്രീയത്തിന്റെ സാധ്യത കൊണ്ടുകൂടിയാണ്.

Comments