സിന്ദൂരമിട്ടാൽ കുലസ്ത്രീ? വട്ടപ്പൊട്ടിട്ടാൽ ഫെമിനിസ്റ്റ്? ചില സംശയങ്ങൾ

നെറ്റിയിലോ മുടിവകുപ്പിലോ സിന്ദൂരമിട്ടാൽ കുലസ്ത്രീ ആകുമോ? മുണ്ടും നേരിയതും ഉടുത്താൽ, താലിയിട്ടാൽ, ഈശ്വരവിശ്വാസിയായാൽ, ഇതും ഇതിൽ കൂടുതൽ കാരണവും കുലസ്ത്രീയെ അടയാളപ്പെടുത്തുമോ? അതോ പുരുഷമേധാവിത്യത്തെ കണ്ണുമടച്ചു അനുകൂലിക്കുന്നവരാണോ കുലസ്ത്രീകൾ? സംശയങ്ങളാണേ...

കുലസ്ത്രീ എന്നാലെന്താണെന്നു പലരും ആലോചിച്ചിട്ടുണ്ടാവും.
ഫെമിനിച്ചി എന്ന് കളിയാക്കി വിളിക്കുന്ന ഫെമിനിസ്റ്റുകളുടെ വിപരീതമാണോ? ഫെമിനിസ്റ്റെന്നാൽ കുലസ്ത്രീയുടെ വിപരീതം?

ഒരുപാടു മനുഷ്യർക്കുള്ള സംശയമാണ്, പ്രത്യേകിച്ചും സ്ത്രീകൾക്ക്.
പലപ്പോഴും, വേഷം, സ്ത്രീകളെ ഓരോരോ ഗ്രൂപ്പുകളിൽ ആക്കുന്നു. യഥാർഥ ഫെമിനിസ്റ്റും കുലസ്ത്രീയുമൊക്കെ മനസ്സിലാക്കപ്പെടാതെയുമിരിക്കും.
അതുകൊണ്ടാണ് ഫെമിനിസ്റ്റിന്റെ വലിയ വട്ടപ്പൊട്ടും കുലസ്ത്രീയുടെ സിന്ദൂരവുമൊക്കെ ചർച്ചയാവുന്നത്.

നെറ്റിയിലോ മുടിവകുപ്പിലോ സിന്ദൂരമിട്ടാൽ കുലസ്ത്രീ ആകുമോ? മുണ്ടും നേരിയതും ഉടുത്താൽ, താലിയിട്ടാൽ, ഈശ്വരവിശ്വാസിയായാൽ, ഇതും ഇതിൽ കൂടുതൽ കാരണവും കുലസ്ത്രീയെ അടയാളപ്പെടുത്തുമോ? അതോ പുരുഷമേധാവിത്യത്തെ കണ്ണുമടച്ചു അനുകൂലിക്കുന്നവരാണോ കുലസ്ത്രീകൾ? സംശയങ്ങളാണേ...

പ്രശസ്ത ഹിന്ദി സിനിമാതാരം രേഖയുടെ ജീവിതം ഓർത്തുനോക്കൂ. അവർ സമൂഹത്തെ ഒരിക്കലും ഗൗനിച്ചിരുന്നില്ല. തമിഴ് നാട്ടിൽ നിന്ന് മുംബൈയിലെത്തിയ അവർ എല്ലാക്കാലവും വിവാദനായികയായിരുന്നു. നിരവധി പ്രണയങ്ങൾ. പുതിയ പുതിയ പുരുഷന്മാർ ജീവിതത്തിൽ വന്നുപോയി. പ്രശസ്ത അയ്യങ്കാർ കുടുംബത്തിൽ ജനിച്ച രേഖ, പ്രശസ്ത അഭിനേതാവ് ജെമിനി ഗണേശന്റെ മകൾ രേഖ. അവർക്കു കുടുംബമോ മറ്റെന്തെങ്കിലുമോ ഭാരമായില്ല.
അവർ ഏറെക്കാലം വിവാഹം കഴിച്ചില്ല. അമിതാഭ് ബച്ചനുമായുള്ള പ്രണയം ഏറെ ചർച്ചാവിഷയമായി. വിവാഹം ആരെയെങ്കിലും പരസ്യമായി കഴിക്കുന്നതിനു മുമ്പ്, അവർ സുമംഗലികൾ സീമന്തരേഖയിൽ അണിയാറുള്ള കുങ്കുമം അണിയാൻ തുടങ്ങി. സിനിമ ഷൂട്ടിങിനല്ലാതെയുള്ള പരിപാടികളിലും അവർ കുങ്കുമം അണിഞ്ഞെത്തുന്നത് കാണികൾക്കു കൗതുകമായി. വിവാഹം കഴിക്കാത്ത സ്ത്രീകൾ അങ്ങനെ സിന്ദൂരമിടുന്നതവർ അക്കാല ഫാഷൻ ആക്കി. യാഥാസ്ഥികലോകത്തിനതു ഒട്ടും ഇഷ്ടമായില്ല. പക്ഷെ രേഖ ആകാശകുസുമമായിരുന്നു. ആർക്കും തൊടാൻ പറ്റാത്ത ഉയരത്തിലായിരുന്നു അവർ.

രേഖ

കുറേനാൾ കഴിഞ്ഞവർ ഒരു ബിസിനസുകാരനെ വിവാഹം കഴിച്ചു. താമസിയാതെ അയാൾ ആത്മഹത്യ ചെയ്തു. അയാൾ മാനസിക പ്രശ്‌നമുള്ള ആളായിരുന്നു എന്ന് അന്നത്തെ പത്രത്തിൽ വായിച്ചതു ഞാൻ ഓർക്കുന്നു. രേഖയുടെ ജീവിതം കഴിഞ്ഞു എന്ന് പലരും അന്ന് വിചാരിച്ചു .അവർ പക്ഷെ ജീവിതം പതിവുപോലെ തുടർന്നു.

എപ്പോഴും പോലെ അപ്പോഴും ഒരുങ്ങിനടന്നു, മുടിവകുപ്പിൽ സിന്ദൂരവുമിട്ട് അവർ പൊതുവേദിയിൽ വന്നു. വിവാഹം കഴിക്കാത്ത സ്ത്രീ, കുങ്കുമം അണിയുന്നതിനേക്കാൾ യാഥാസ്ഥികലോകത്തെ അന്ന് ചൊടിപ്പിച്ചത് വിധവയായ ഒരു സ്ത്രീ പട്ടുസാരിയും ഉടുത്തു മുല്ലപ്പൂവും വെച്ച് മുടിവകുപ്പിൽ സിന്ദൂരവും ഇട്ടു നടക്കുന്നതായിരുന്നു. ഒരു കുലസ്ത്രീ ലുക്കോടെ രേഖ കുലസ്ത്രീകളെ അട്ടിമറിച്ചു എന്ന് മാത്രമല്ല സ്വാതന്ത്ര്യത്തിന്റെ സ്വന്തം രൂപം അങ്ങേയറ്റം വരച്ചെടുക്കുന്ന ഒരു സ്ത്രീയായിയാണ് എനിക്കവരെ കാണാനായത്. കുലസ്ത്രീ ചിഹ്നങ്ങളൊക്കെ അവരുടെ മുന്നിൽ നിഷ്​പ്രഭമായി.

രേഖക്ക് എന്തും ആവാം, അവർ പണക്കാരിയാണ്, പ്രശസ്തയാണ്. സാധാരണ സ്ത്രീകളെ അവരുമായി താരതമ്യം ചെയ്യേണ്ട കാര്യമില്ല എന്നതാണ് സത്യം. എങ്കിലും ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല എന്നും സാധാരണ മനുഷ്യരുടെ ഇടയിലും ഇത്തരം സമൂഹമാമൂലുകൾക്കെതിരെ, സ്വന്തം ജീവിതം കൊണ്ട്, സ്വന്തം തീരുമാനത്തിൽ ജീവിച്ച സ്ത്രീകളുണ്ടെന്നും നമുക്കൊക്കെ അറിയാം. പലപ്പോഴും അറിയില്ല എന്ന് പലരും ഭാവിക്കുമെങ്കിലും.

ഇതേ കാര്യങ്ങൾ തന്നെ അഗ്രഹാരങ്ങളിലെ പൊതുവെ ഒതുങ്ങിയിരുന്ന സ്ത്രീകളിൽ ചിലരെങ്കിലും ചെയ്തതറിയാം. ഒരു പ്രശസ്ത കർണാടക സംഗീത വിദുഷി കോട്ടക്കകത്തു പാടാൻ വന്നതും അവർ വിധവയായി അധികം നാളായിട്ടില്ലെന്നും എന്നിട്ടും പാടാൻ വന്നെന്നും അവർ ഒരുങ്ങിയിരിക്കുന്നത് കണ്ടോ എന്നും അവർ പൊട്ടു വെച്ചിട്ടുണ്ടെന്നും അതീവ അതിശയത്തോടെ മാമിമാർ പരസ്പരം പറയുന്നത് എന്റെ ചെറുപ്പകാലത്തു ഞാൻ കേട്ടിട്ടുണ്ട്. അവർ ആശ്വസിക്കുന്നതും കേട്ടു; ‘ഇവളവ് പ്രമാദമാണ പട്ടുസാരിയെല്ലാം പൊട്ടിരിക്ക ആന പൂ മാത്രം വെക്കലെ കടവുള് കപ്പാട്ടിട്ടർ' (കൂടിയ പട്ടുസാരിയൊക്കെ ഉടുത്തിട്ടുണ്ടെങ്കിലും തലയിൽ പൂ വെച്ചിട്ടില്ല. ദൈവം രക്ഷിച്ചു).

തനൂജ ഭട്ടതിരി

സമൂഹം പറയുന്നതൊക്കെ തിരസ്‌കരിക്കണമെന്നല്ല. പക്ഷെ സ്വന്തം ജീവൻ ബാക്കി ആകുന്നതു വരെ തന്റെ ജീവിതം കൊണ്ട് എന്തുചെയ്യണം എന്ന് ബോധ്യമുള്ള സ്ത്രീകളാവുകയാണ് വേണ്ടതെന്നു തോന്നുന്നു. അത് എന്തുതരം പരിവേഷമുള്ളവരാണെങ്കിലും അല്ലെങ്കിലും!
സമൂഹത്തെ ഒരിക്കലും ഭയക്കാത്ത ഒരു പ്രിയ പ്രിയതരമാം സ്ത്രീയുടെ എഴുത്തിലെ ചില വരികൾ കൂടി പങ്കുവെക്കാം .
ലളിതാംബിക അന്തർജ്ജനത്തിന് മാധവിക്കുട്ടി 1982ൽ എഴുതിയ കത്തിലെ ചില വരികൾ

പ്രിയപ്പെട്ട അമ്മേ ...,
ഏതോ വാരികയിൽ കണ്ട ലേഖനത്തിൽ ഞാൻ എന്റെ വലിയമ്മാവനെപ്പറ്റി മോശമായി എഴുതിയതിനെക്കുറിച്ചമ്മ ചോദിച്ചല്ലോ. അതൊന്നും ഞാൻ പറഞ്ഞ വാക്കുകളല്ല. വലിയമ്മാവന് ഭാര്യയില്ലാത്ത കാലം ഞാൻ ജനിക്കുന്നതിനു മുമ്പായിരുന്നു. പിന്നെ അമ്മാവൻ വേലക്കാരികളെ നോക്കുക കൂടിയില്ല. ദരിദ്ര്യരെ മനുഷ്യരായി കാണുന്ന സ്വഭാവം അദ്ദേഹത്തിനുണ്ടായിരുന്നില്ല. ഭിക്ഷക്കാരെയും മറ്റു ദരിദ്രരെയും ആട്ടിയോടിക്കുന്നത് ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട്. അതുകൊണ്ട് വേലക്കാരികൾ ഗർഭിണികളാകുന്നത് വേലക്കാരുടെ വികൃതികൊണ്ടാണെന്നു ഞാൻ കരുതുന്നു. അയൽക്കാരൊക്കെ ജന്മികളുമായിരുന്നു. ഹിപ്പോക്രസി നാടുഭരിക്കുന്ന കാലമായിരുന്നല്ലോ അന്ന്... ഗാന്ധിസവും.... ഭാര്യമാർ പറയുന്നതുകൂടി ശ്രദ്ധിക്കാൻ സന്മനസ് കാട്ടാത്ത ഖദർ ധാരികളുടെ വിഹാരരംഗമായിരുന്നില്ലേ അന്ന് നമ്മുടെ രാജ്യം?
എനിക്ക് കുട്ടിക്കാലം മുതലേ അഭിനയം വെറുപ്പായിരുന്നു. സത്യം പറഞ്ഞിട്ടും ഈ ഭൂമിയിൽ താമസിക്കാൻ ഒരിടം കിട്ടുമോ എന്ന് പരീക്ഷിക്കുവാൻ ഞാൻ ആഗ്രഹിച്ചു. മനുഷ്യനായിട്ട് -യാതൊരുവിധ ദൈവിക അനുഗ്രഹങ്ങളുമില്ലാത്ത മനുഷ്യസ്ത്രീയായിട്ട്!
എന്നെ പലരും തെറ്റിദ്ധരിക്കും. ശരിക്കും ധരിക്കും. പക്ഷെ സ്‌നേഹിക്കുവാൻ ആരും എളുപ്പത്തിൽ പുറപ്പെടുകയില്ല. കാരണം മിക്കവാറും ആളുകൾ ഭീരുക്കളാണ്. മിക്കവർക്കും സർവാണി സദ്യകൾക്കു ക്ഷണക്കത്തു ലഭിക്കണം. സമൂഹത്തിന്റെ വൃത്തികെട്ട സർവ്വാണി സദ്യ, എരപ്പാളികളുടെ ഉത്സവം.
അമ്മ ഒരിക്കലും എന്നെ എതിർക്കരുത്. അമ്മ ധൈര്യവതിയാണ്. എന്റെ കണ്ണിൽ ധൈര്യത്തിന്റെ പ്രതീകമാണ്. നാമെല്ലാം ഒരേ വംശജരാണ്. ഒരേ ലക്ഷ്യത്തിലേക്കാണ് രണ്ടു മാർഗത്തിൽ കൂടിയെങ്കിലും നാം നടന്നു ചെല്ലുന്നത്, ഇനിയും കാണാൻ മോഹമുണ്ട്.
സ്‌നേഹത്തോടെ
കമല

മാധവിക്കുട്ടി

ലളിതാംബിക അന്തർജ്ജനവും കമലയും രേഖയും പേരുപറയാത്ത ആ സംഗീതവിദുഷിയും , പിന്നെ ലോകത്തിന്റെ പല പല കോണുകളിലായി സമൂഹത്തിന്റെ സർവ്വാണി സദ്യക്ക് ക്ഷണക്കത്തു കാത്തിരിക്കാത്ത, എരപ്പാളികളുടെ ഉത്സവത്തിൽ പങ്കു ചേരാത്ത കുറെ സ്ത്രീകളും ...!
അനേകമനേകം സ്ത്രീകളുടെ, അവർ നേരിട്ട ദുരന്തങ്ങളുടെ അത് അതിജീവിച്ചവരുടെ, തോൽക്കാൻ സമ്മതമില്ലാത്ത അവരുടെ ജീവിതത്തിന്റെ കൂടി തുടർച്ചയാണ് ഇന്നത്തെ മറ്റു പല സ്ത്രീകളുടെയും ജീവിതം. കാലം തെറ്റിയും തലമുറ മാറിയും, ഇവർ, ഈ സ്ത്രീകൾ, പരകായ പ്രവേശം നടത്തി എന്നും ജീവിക്കുന്നു.

ആത്മാഭിമാനമുള്ള, ഓരോ സ്ത്രീയിൽ നിന്നും കിട്ടിയ വെളിച്ചം, കുലസ്ത്രീകളായ ഫെമിനിസ്റ്റുകൾ, ഫെമിനിസ്റ്റുകളായ കുലസ്ത്രീകൾ എന്ന വേർതിരിവൊന്നുമില്ലാതെ സ്ത്രീലോകം പ്രയോജനപ്പെടുത്തി!
കുറ്റം പറയാൻ, ആരോപിക്കാൻ, സ്ത്രീകൾ കുറച്ചുപേർ എല്ലാക്കാലത്തും സമൂഹത്തിനു വേണമായിരുന്നു. അങ്ങനെ ചാവേറാവാൻ വിധിക്കപ്പെട്ട സ്ത്രീകൾക്ക് ശേഷമാണ് അവരുടെ ജീവിതം മഹത്വവത്കരിക്കപ്പെടുന്നതും ഭൂരിപക്ഷം അത് പിന്തുടരുന്നതും.

കുലമെന്നത് സ്വന്തം വീടല്ല, കുടുംബപ്പേരല്ല, സ്വന്തം പരമ്പരകളല്ല,
കുലമെന്നാൽ മനുഷ്യകുലമാണെന്നു തിരിച്ചറിഞ്ഞവർ! സ്വന്തം ജീവിതം ആർക്കും വിട്ടുകൊടുക്കാത്തവർ! അഭിമാനിനികൾ!



തനൂജ ഭട്ടതിരി

കഥാകൃത്ത്, നോവലിസ്​റ്റ്​. താഴ്​വരയിൽ നിന്ന്​ ഒരു കാറ്റ്, സെലസ്റ്റിയൻ പ്ലെയ്ൻ (കഥകൾ), ഗ്രാൻഡ്​​ ഫിനാലേ (നോവൽ) തുടങ്ങിയവ പ്രധാന കൃതികൾ

Comments