The Disciple
സംഗീതം പാരമ്പര്യം ആധുനികത
- ഒരു ശിഷ്യ സംഘര്‍ഷം
The Disciple; സംഗീതം പാരമ്പര്യം ആധുനികത- ഒരു ശിഷ്യ സംഘര്‍ഷം
പാരമ്പര്യത്തിന്റെയും ആധുനികതയുടേയും വ്യവഹാരങ്ങള്‍ കലയെ അവയുടെ ആദര്‍ശങ്ങളിലും പ്രയോജനത്തിലും മാത്രം നിര്‍ത്തി ഉപയോഗിക്കുമ്പോള്‍ കല അതിജീവിക്കാന്‍ ആശ്രയിക്കുന്നത് അടിസ്ഥാനവര്‍ഗ്ഗത്തെ തന്നെയാണ്. കലയില്‍ മുഴുകി പ്രവര്‍ത്തിപ്പിക്കുന്ന, യശോപ്രാര്‍ത്ഥികളല്ലാത്ത, ജീവിതത്തെ തിമിര്‍ത്ത് ആഘോഷിക്കാത്ത ദരിദ്രരിലാണ് സംഗീതം മഹത്ത്വവല്‍ക്കരിക്കപ്പെടുന്നത്. സംഗീതം; ഏതൊരു കലയും, അതിജീവിക്കുന്നത് അവരിലൂടെയാണ്. 2020 വെനീസ് ഫിലിം ഫെസ്റ്റിവലില്‍ മികച്ച തിരക്കഥക്കുള്ള അവാര്‍ഡും FIPRESCI ജൂറി അവാര്‍ഡും നേടിയ തമാനേയുടെ 'ശിഷ്യന്‍' (The Disciple) എന്ന പുതിയ സിനിമയെ കുറിച്ച്
26 Sep 2020, 03:29 PM
ചൈതന്യ തമാനേ സാക്ഷാത്ക്കരിച്ച ‘കോടതി' (ദി കോര്‍ട്ട് ) എന്ന മറാത്തി ചലച്ചിത്രം ഇന്ത്യന്‍ നീതിന്യായവ്യവസ്ഥയിലേക്കു തുറന്നുവച്ച കണ്ണായിരുന്നു. കോടതിയിലെത്തുന്ന മനുഷ്യാവകാശസംബന്ധിയായ ഒരു വ്യവഹാരത്തിന്റെ പശ്ചാത്തലത്തില്‍ വ്യത്യസ്തമായ കോടതിമുറിയെയാണ് ചൈതന്യയുടെ ആദ്യചലച്ചിത്രം അവതരിപ്പിച്ചത്. നമ്മുടെ മുഖ്യധാരാചിത്രങ്ങളിലെ കോടതിമുറികളില്‍ നിന്ന് തീര്‍ത്തും വിഭിന്നമായത്, എന്നാല്‍, ഏറെ യഥാതഥം. തമാനേയുടെ പുതിയ ചലച്ചിത്രം ശിഷ്യന്‍ (The Disciple) പുറത്തിറങ്ങുന്നതിനുമുമ്പേ, വെനീസ് ഫിലിം ഫെസ്റ്റിവലില്‍ അത് മികച്ച തിരക്കഥക്ക് അവാര്‍ഡ് നേടിയ വാര്‍ത്ത പുറത്തുവന്നിരിക്കുന്നു. FIPRESCI ജൂറിയുടെ അവാര്‍ഡും ഈ സിനിമ നേടി.
പുതിയ ചലച്ചിത്രത്തിന്റെ പ്രമേയം സംഗീതവുമായി ബന്ധപ്പെട്ടതാണ്. ശുദ്ധസംഗീതത്തെ കുറിച്ച്, ശുദ്ധകലയെ കുറിച്ച്, സംഗീതത്തിന്റെ പാരമ്പര്യവഴികളെ കുറിച്ച് അഭിമാനമുള്ള ശരത് നെരുല്‍ക്കര്‍ എന്ന യുവാവിന്റെ ജീവിതത്തിന്റെ ആവിഷ്‌ക്കരണമാണിതെന്ന് ആദ്യനോട്ടത്തില്‍ പറയാം. വാള്‍ട്ടര്‍ ബെന്‍യാമിന്റെ വാക്കുകളില്‍ പറഞ്ഞാല്‍, കലാകാരനുചുറ്റുമുള്ള ദിവ്യപരിവേഷത്തില്‍ അയാള്‍ വിശ്വസിക്കുന്നു. തന്റെ ഗുരുക്കന്മാരില്‍ ആ പരിവേഷം അയാള്‍ കണ്ടെത്തുന്നു. സംഗീതത്തെ നിഗൂഢമായ ശേഷിയോ വരമോ ആയി കാണുന്ന ഒരു മനോനില അയാളിലുണ്ട്. ശാസ്ത്രീയസംഗീതം അഭ്യസിക്കാന്‍ ശ്രമിക്കുന്ന ശരത്തിന്റെ അര്‍പ്പണബുദ്ധിയുടേയും പ്രതിജ്ഞാബദ്ധതയുടേയും അയാള്‍ അനുഭവിക്കുന്ന ധൈഷണികസംഘര്‍ഷങ്ങളുടേയും ആവിഷ്‌കാരം കൂടിയാണിത്. സംഗീതത്തിനു വേണ്ടിയുള്ള ശരത്തിന്റെ കഠിനപ്രയത്നത്തെ സാക്ഷാത്ക്കരിക്കാന്‍ ശ്രമിക്കുന്ന ചൈതന്യ തമാനേ പ്രശ്നീകരണങ്ങളുടെ അനേകം പ്രകരണങ്ങളെ സൃഷ്ടിച്ചുകൊണ്ട് ബഹുലമായ അര്‍ത്ഥങ്ങളെ സൃഷ്ടിക്കുന്നു. ചലച്ചിത്രത്തിന്റെ ശീര്‍ഷകം വിദ്യാര്‍ത്ഥി എന്നല്ല, ശിഷ്യന്‍ എന്നാണ്. ആ വാക്ക് കൊണ്ടു വരുന്ന ചില മൂല്യലോകങ്ങളുണ്ട്. ആധുനികതയുടെ മൂല്യലോകങ്ങളുമായി സംഘര്‍ഷത്തിലാകുന്ന ചിലത്. ഈ സംഘര്‍ഷമാണ് തമാനേയുടെ ചലച്ചിത്രത്തിന്റെ കാതല്‍.
സംഗീതം തന്നെ ജീവിതം
വിനായക്പ്രധാന്‍ എന്ന സംഗീതജ്ഞന്റെ ശിഷ്യനാണ്, ശരത്. തന്റെ പിതാവ് ആലപിക്കുന്ന സംഗീതവും അദ്ദേഹം പറയുന്ന സംഗീതത്തെ കുറിച്ചുള്ള വാക്കുകളും കേട്ടാണ് ശരത് വളരുന്നത്. പിതാവില്‍ നിന്ന് അയാള്‍ക്കു ലഭിച്ച സംഗീതവാസനകളെ മായിയുടെ എപ്പോഴും ഓര്‍മ്മിക്കുന്ന വാക്കുകളും ഗുരുസാമീപ്യവും ചേര്‍ന്ന് ശരത്തില്‍ ഊട്ടിയുറപ്പിക്കപ്പെടുന്നു. സംഗീതപഠനത്തിന് ഏറെ ബുദ്ധിമുട്ടും വിഷമതകളും അനുഭവിക്കുമ്പോഴും സ്വയം താല്‍പ്പര്യപ്പെടുകയും ഇഷ്ടപ്പെടുകയും ചെയ്യുന്നതിനെ മനസ്സിലേറ്റി അതിനുവേണ്ടി കഷ്ടപ്പെട്ടു പ്രവര്‍ത്തിക്കുന്നു, അയാള്‍. സഹപാഠികളെ പോലെ നന്നായി പാടാന്‍ ശരത്തിനു കഴിയുന്നില്ല. എന്നാല്‍, അയാള്‍ താന്‍ ഏര്‍പ്പെട്ടിരിക്കുന്ന പ്രവൃത്തിയുടെ മഹത്ത്വം നന്നായി അറിയുകയും അതില്‍ മുഴുകുകയും ചെയ്യുന്നുണ്ട്. സംഗീതത്തിനുവേണ്ടി അയാള്‍ ജീവിതത്തെ മാറ്റിവക്കുന്നുവെന്നു പോലും പറയാം. നാല്‍പ്പതു വയസ്സിനു ശേഷം വിവാഹിതനായാല്‍ മതിയെന്ന്, തനിക്കു ഭാര്യയായി വിവാഹമോചനം നേടിയവരോ വിധവയോ ആരെങ്കിലും മതിയെന്നു പറയുന്നവനെ നാം കാണുന്നു. ശരത് തന്റെ ശാരീരിക ആവശ്യങ്ങള്‍ മാറ്റിവക്കുന്നതിനു പോലും സന്നദ്ധനാണ്. അയാള്‍ സ്വയംഭോഗം ചെയ്യുന്നതിന്റെ രണ്ടു രംഗങ്ങള്‍ ചലച്ചിത്രത്തിലുണ്ട്. തന്റെ വാസനകളേയും താല്‍പര്യങ്ങളേയും സ്വയം ശമിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു പ്രവര്‍ത്തനം അയാളില്‍ നടക്കുന്നുണ്ട്. ഒരു പക്ഷേ, അയാള്‍ തന്നിലേക്ക് ഒതുങ്ങിയിരിക്കുന്നവനാണ്. എന്നാല്‍, പൂര്‍ണമായും ആത്മാനുരാഗത്തില്‍ മുഴുകിയ ഒരാളായി ശരത്തിനെ കാണാനും കഴിയില്ല. പുതിയ കാലത്തിന്റെ മൂല്യങ്ങളുമായി മുഖാമുഖം വരുമ്പോള്‍ അയാള്‍ പരീക്ഷീണനാകുന്ന നിരവധി പ്രകരണങ്ങളെ ചലച്ചിത്രകാരന്‍ ഒരുക്കുന്നുണ്ട്. ടെലിവിഷന്‍ ഷോകളിലൂടെയും മറ്റും സംഗീതത്തിലെ താരങ്ങളായി മാറാന്‍ വെമ്പുന്നവരുടെ വെപ്രാളങ്ങളെ ചലച്ചിത്രത്തിന്റെ മുഖ്യപ്രമേയവുമായി ചേര്‍ത്തുവച്ചുകൊണ്ട് താരതമ്യം ചെയ്യുന്ന സന്ദര്‍ഭങ്ങള്‍ ചലച്ചിത്രകാരന്‍ സൃഷ്ടിക്കുന്നു. മുതലാളിത്ത സംസ്‌കാരം കലയെ എങ്ങനെ മാറ്റിത്തീര്‍ക്കുന്നുവെന്നതിന്റെ ദൃഷ്ടാന്തങ്ങളായി ഈ ദൃശ്യങ്ങള്‍ ചലച്ചിത്രത്തില്‍ രേഖപ്പെട്ടിരിക്കുന്നു.

സംഗീതത്തിന്റെ പരമ്പരാഗതരീതികളെയാണ് ശരത് പിന്തുടരുന്നത്. പാടാന്‍ സദസ്സുകളിലേക്ക് പോകുന്നതിനുമുമ്പ് അയാള്‍ മായിയുടെ വാക്കുകള്‍ മനസ്സില്‍ കേള്‍ക്കുന്നു. മായിയുടെ ആലാപനം ശരത് കേട്ടിട്ടില്ല. സംഗീതത്തെ കുറിച്ച് അവര്‍ പറയുന്ന വാക്കുകള്‍ അവരറിയാതെ റിക്കാര്‍ഡു ചെയ്തതാണ് ശരത് കേട്ടിട്ടുള്ളത്. ഇത് അയാള്‍ക്ക് വലിയ പ്രചോദനം നല്‍കുന്നുണ്ട്. തന്റെ സംഗീതം റിക്കാര്‍ഡു ചെയ്യുന്നതിന് മായിക്ക് സമ്മതമുണ്ടായിരുന്നില്ല. യാന്ത്രികയുഗത്തിനു മുമ്പേയുള്ള ഒരു കാലത്തിന്റെ സംഗീതജ്ഞയാണ് അവര്‍. ഇപ്പോള്‍ അവരുടെ പാട്ടുകള്‍ ആരും കേള്‍ക്കുന്നില്ല. കേള്‍ക്കാത്ത സംഗീതത്തിന്റെ മധുരമായി ആ ഗുരു ശരത്തിന്റെ മനസ്സില്‍ നില്‍ക്കുന്നു. എല്ലാക്കാലത്തേക്കും നിലനില്‍ക്കുകയെന്ന ആഗ്രഹങ്ങളില്ലാത്ത, സാധാരണ മനുഷ്യരായി ജീവിക്കുന്ന, തന്റെ ജീവിതകാലത്ത് തന്റെ സങ്കല്‍പ്പനങ്ങള്‍ക്കനുസരിച്ച് സുന്ദരമായി ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരെ ശരത് തന്റെ ആദര്‍ശബിംബമാക്കുന്നു. കര്‍ണ്ണാടകസംഗീതത്തിന്റെ യന്ത്രപകര്‍പ്പുകള്‍ തയ്യാറാക്കുന്നതില്‍ സഹകരിക്കാതിരുന്ന പ്രമുഖരായ വാഗ്ഗേയകാരന്മാര്‍ ചരിത്രത്തിലെ പ്രാമുഖ്യമുള്ള പദവിയില്‍ നിന്നും തിരസ്‌ക്കൃതരാകുകയും അതിനു തയ്യാറാകുന്ന സുബ്ബലക്ഷ്മിയെ പോലുള്ള ഗായികമാര്‍ സംഗീതചരിത്രത്തിലേക്കു പ്രവേശിക്കുകയും ചെയ്യുന്നത് നമുക്കറിയാവുന്ന കാര്യമാണ്. അത്തരമൊരു പ്രകരണത്തെയാണ് മറ്റു മാനങ്ങളില്‍ ചലച്ചിത്രകാരന്‍ ആവിഷ്‌ക്കരിക്കുന്നത്.
പാരമ്പര്യവാദികളെ ആകര്‍ഷിക്കുന്ന നായകസ്വരൂപം
ശരത് വൃദ്ധനായ ഗുരുവിന് വേണ്ട ശുശ്രൂഷകള്‍ നല്‍കുന്നു. അദ്ദേഹത്തിന്റെ രോഗാവസ്ഥയില്‍ പരിചരിക്കുന്നു. തന്റെ ആലാപനത്തിലെ കുറവുകളെ കുറിച്ച് ഗുരു പറയുന്നത് കേള്‍ക്കുന്നു. വലിയ വിദ്വാന്മാരായി തീരുന്നവരും മിടുക്കരുമായ ശിഷ്യന്മാരെ അപേക്ഷിച്ച് ഗുരുജനങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയും അവരെ ഓര്‍ക്കുകയും ചെയ്യുന്നത് സാധാരണക്കാരായ പിന്‍ബഞ്ചിലിരിക്കുന്ന വിദ്യാര്‍ത്ഥികളാണ്. അവരെ കുറിച്ച് അദ്ധ്യാപകര്‍ പറയുന്ന നല്ല വാക്കുകള്‍, അവര്‍ക്കു നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍, പ്രശംസകള്‍ എല്ലാം അവര്‍ ഓര്‍ത്തിരിക്കുന്നു. ഒരു പക്ഷേ, അദ്ധ്യാപകരെ അറിയുന്നതും ഉള്‍ക്കൊള്ളുന്നതും കാലങ്ങള്‍ക്കു ശേഷവും സംവദിക്കുന്നതും അവരാണ്. ശരത്തില്‍ അങ്ങനെയൊരു ശിഷ്യനുണ്ട്. ഗുരുകുലവിദ്യാഭ്യാസത്തിന്റെ മൂല്യങ്ങള്‍ സ്വാംശീകരിച്ചവനെ പോലെ പെരുമാറുന്ന ശരത്ത് പാരമ്പര്യവാദികളെ ആകര്‍ഷിക്കുന്ന നായകസ്വരൂപമാണ്.
സംഗീതാഭ്യസനത്തിന്റെ പാരമ്പര്യവഴികളിലും യോഗാഭ്യാസരീതികളിലും ഊന്നുന്ന നായകന്റെ ജീവിതാദര്‍ശം പാരമ്പര്യത്തെ ഫാസിസത്തിനു നടക്കാനുള്ള വഴിയാക്കി മാറ്റിത്തീര്‍ത്തു കൊണ്ടിരിക്കുന്ന സമകാലത്ത് പ്രതിലോമകരമായ ചില ദൗത്യങ്ങളെ ഏറ്റെടുത്തേക്കും. ഉത്തരാധുനിക ചലച്ചിത്ര സങ്കല്‍പ്പനത്തിന്റെ ഇരുതലമൂര്‍ച്ചയുള്ള വാളിനെ പരിചയപ്പെടുന്നതിനുള്ള അവസരമാണിത്. എന്നാല്‍, പാരമ്പര്യത്തില്‍ നിന്ന് വ്യത്യസ്തമാകുന്ന ചില മൂലകങ്ങളെ ശരത്തില്‍ കാണാം. അയാള്‍ ശാസ്ത്രീയസംഗീതത്തെ കാസറ്റുകളിലാക്കി സൂക്ഷിക്കുകയും വിതരണം നടത്തുകയും ചെയ്യുന്നുണ്ട്. കലയുടെ യാന്ത്രികമായ പുനരുല്‍പ്പാദനം അയാള്‍ നിര്‍വ്വഹിക്കുന്നു. മായി അറിയാതെ റിക്കാര്‍ഡ് ചെയ്യപ്പെട്ട സംഭാഷണങ്ങളില്‍ നിന്നാണ് ആ സംഗീതപ്രതിഭയുടെ മഹത്ത്വം അയാള്‍ അറിയുന്നത്. തന്റെ വാക്കുകളുടെയോ സംഗീതത്തിന്റെയോ യാന്ത്രികമായ പുനരുല്‍പ്പാദനം മായി ഇഷ്ടപ്പെട്ടിരുന്നില്ലല്ലോ. അഥവാ അവരുടെ താല്‍പ്പര്യങ്ങള്‍ക്കു വിരുദ്ധമായ ഒരു പ്രവൃത്തിയാണ് ശരത്തിനെ പോലെ ഒരു സംഗീതപ്രേമിക്ക് അവരുടെ വാക്കുകള്‍ കേള്‍ക്കാന്‍ പോലും സഹായകമാകുന്നത്. ചലച്ചിത്രകാരന്‍ ഒരുക്കുന്ന ഈ വിഭിന്നപ്രകരണങ്ങള്‍ ആധുനികതയെ പൂര്‍ത്തീകരിക്കപ്പെടാത്ത ഒരു പദ്ധതിയായി കാണാന്‍ നമ്മെ പ്രേരിപ്പിക്കുന്നതാണ്.
ചില വിമര്‍ശപാഠങ്ങള്‍
പാരമ്പര്യത്തോടുള്ള ശരത്തിന്റെ പ്രണയത്തിന്റെ പശ്ചാത്തലത്തില്‍ കലയെ കുറിച്ചുള്ള പ്രശ്നീകരണങ്ങളുടെ ഒരു വലിയ ലോകം തുറക്കാന്‍ ചലച്ചിത്രകാരന്‍ ശ്രമിക്കുന്നുണ്ട്. ശരത്തും സുഹൃത്തും ഒരു സംഗീതനിരൂപകനുമായി സംഭാഷണങ്ങളിലേര്‍പ്പെടുന്ന രംഗങ്ങള്‍ ചലച്ചിത്രത്തിലുണ്ട്. മായിയെ കുറിച്ചും അവരുടെ ശിഷ്യനായ വിനായക് പ്രധാനെ കുറിച്ചും വിമര്‍ശനവാക്കുകളാണ് അദ്ദേഹം പറയുന്നത്. നിങ്ങള്‍ മായിയുടെ റിക്കാര്‍ഡുകള്‍ കേട്ടിട്ടുണ്ടോയെന്ന ശരത്തിന്റെ ചോദ്യത്തിന് ചിലതൊക്കെ കേട്ടിട്ടുണ്ടെന്ന് അയാള്‍ മറുപടി നല്‍കുന്നു. മായിക്ക് റിക്കാര്‍ഡുകളില്ലല്ലോ എന്നു ശരത് പറയുമ്പോള്‍ അവര്‍ പൊതുവിടങ്ങളില്‍ സംഗീതം അവതരിപ്പിക്കാന്‍ സന്നദ്ധയാകാത്തതു കൊണ്ടാണെന്ന് നിരൂപകന്റെ മറുപടി. അത് അങ്ങനെയല്ലെന്ന് ശരത് തര്‍ക്കിക്കുന്നു.

സാംസ്‌കാരികവിമര്‍ശകരുടെ പൊങ്ങച്ചവാക്കുകള്‍ ചിലതെങ്കിലും ആ നിരൂപകനില്‍ നിന്ന് കേള്‍ക്കാമെങ്കിലും അയാളില്‍ നിന്ന് ചില വിമര്‍ശപാഠങ്ങള്‍ നമുക്കു ലഭ്യമാകുന്നുണ്ട്. ആ സംഗീതനിരൂപകന്‍ പറയുന്ന കാര്യങ്ങള്‍ ശരത്തിനു താങ്ങാന്‍ കഴിയാത്തതായിരുന്നു. മായിക്ക് സംഗീതാവതരണത്തിന് താല്‍പ്പര്യമുണ്ടായിരുന്നില്ലെന്നും അവര്‍ വിമോഹാവസ്ഥയില്‍ നിരന്തരം സംഗീതം അഭ്യസിക്കുകയായിരുന്നെന്നും മറ്റുമുള്ള പ്രചാരണങ്ങളില്‍ താന്‍ വിശ്വസിക്കുന്നില്ലെന്ന് നിരൂപകന്‍ പറയുന്നു. അവതരണത്തില്‍ താല്‍പ്പര്യമില്ലാത്ത കലാകാരന്മാരുണ്ടോ? സ്പഷ്ടമായും അവര്‍ ഉന്മത്തയായിരുന്നു. ഏതാണ്ട് മുപ്പതു വര്‍ഷം മുമ്പ് നിങ്ങളുടെ പ്രായത്തില്‍ അവരുടെ വീട്ടിലിരുന്ന് ഞാന്‍ ആ സംഗീതം കേട്ടിട്ടുണ്ട്. അവര്‍ നല്ല സംഗീതജ്ഞയാണ്. പക്ഷേ, ഒരു മനുഷ്യസ്ത്രീയെന്ന നിലക്ക് നിന്ദ്യയാണ്. അവരുടെ മകളുടെ ഭാവി തന്നെ അവര്‍ നശിപ്പിച്ചു, മുഗളര്‍ നമ്മുടെ സംഗീതത്തെ മലിനീകരിച്ചുവെന്നും താന്‍ മുസ്‌ലിം സംഗീതം ആലപിക്കുകയില്ലെന്നും പറഞ്ഞ മായി മറ്റുള്ളവരേക്കാള്‍ മെച്ചമാണെന്നു സ്വയം അഭിമാനിച്ചിരുന്ന വരേണ്യവാദിയായിരുന്നവെന്ന് അയാള്‍ പറയുന്നു. തന്റെ ഗുരുവിനെ വിമര്‍ശിച്ച് അയാള്‍ സംസാരിക്കാന്‍ തുടങ്ങുമ്പോള്‍ ശരത് തന്റെ മുന്നിലിരുന്ന പാനീയമെടുത്ത് അയാളുടെ മുഖത്തൊഴിക്കുന്നു. വലിയ പ്രശ്നീകരണത്തിന്റെ ഈ സന്ദര്‍ഭങ്ങള്‍ ഒഴിവാക്കപ്പെട്ടിരുന്നെങ്കില്‍ തമാനേയുടെ ചലച്ചിത്രം മിക്കവാറും ഏകതാനമായ ആദര്‍ശലോകത്തിന്റെ പ്രചാരണമായി മാറിത്തീരുമായിരുന്നു!
തമാനേയുടെ ചലച്ചിത്രത്തിലെ ലോങ്ഷോട്ടുകള്‍ സവിശേഷശ്രദ്ധ ആകര്‍ഷിക്കുന്നതാണ്. സംഗീതസദസ്സുകളേയും ഹാളുകളേയും മുറികളേയും ഫോക്കസ് ചെയ്യുന്ന രീതി വ്യത്യസ്തതയുള്ളതായി നമുക്ക് അനുഭവപ്പെടുന്നു. സംഗീതത്തിന്റെ ഒരു മായികലോകം ഈ ചലച്ചിത്രത്തിലുണ്ട്. അത്യന്തം ഹൃദയാവര്‍ജ്ജകമായി അവ ചിത്രീകരിച്ചിരിക്കുന്നു. ശാസ്ത്രീയസംഗീതകാരന്മാരുടെ അര്‍പ്പണബുദ്ധിയേയും മറ്റും എടുത്തു കാണിക്കുന്ന സന്ദര്‍ഭങ്ങള്‍ ഏറെയുണ്ട്. ദൃശ്യങ്ങളുടെ മുറിക്കലും ഒട്ടിക്കലും പ്രത്യേകം എടുത്തു പറയേണ്ടതാണ്.
കലയുടെ മഹത്ത്വത്തെ കുറിച്ചുള്ള കുറിച്ചുള്ള ചിന്തകള്‍ ഈ ചലച്ചിത്രത്തിന്റെ ആധാരശ്രുതിയായിരിക്കുന്നു. എന്നാല്‍, ചലച്ചിത്രത്തിന്റെ അന്ത്യരംഗത്തില്‍ തീവണ്ടിയില്‍ പാടുന്ന ഗായകനെ കാണിക്കുന്ന ചലച്ചിത്രകാരന്‍ കലയുടെ വേരുകള്‍ അടിസ്ഥാനവര്‍ഗ്ഗത്തിലാണെന്നു സൂചിപ്പിക്കുന്നുണ്ട്. പാരമ്പര്യത്തിന്റെയും ആധുനികതയുടേയും വ്യവഹാരങ്ങള്‍ കലയെ അവയുടെ ആദര്‍ശങ്ങളിലും പ്രയോജനത്തിലും മാത്രം നിര്‍ത്തി ഉപയോഗിക്കുമ്പോള്‍ കല അതിജീവിക്കാന്‍ ആശ്രയിക്കുന്നത് അടിസ്ഥാനവര്‍ഗ്ഗത്തെ തന്നെയാണ്. കലയില്‍ മുഴുകി പ്രവര്‍ത്തിപ്പിക്കുന്ന, യശോഃപ്രാര്‍ത്ഥികളല്ലാത്ത, ജീവിതത്തെ തിമിര്‍ത്ത് ആഘോഷിക്കാത്ത ദരിദ്രരിലാണ് സംഗീതം മഹത്ത്വവല്‍ക്കരിക്കപ്പെടുന്നത്. സംഗീതം; ഏതൊരു കലയും, അതിജീവിക്കുന്നത് അവരിലൂടെയാണ്.
ജോഷിന രാമകൃഷ്ണന്‍
Jan 16, 2021
5 Minutes Read
ശ്രീഹരി ശ്രീധരന്‍
Nov 19, 2020
3 Minutes Read
ഗീത
Nov 19, 2020
20 Minutes Read
പി.പി. ശോശു
Nov 13, 2020
3 Minutes Read
റിമ മാത്യു
Oct 31, 2020
18 Minutes Read
താഹ മാടായി
Oct 18, 2020
6 Minutes Read