കമൽഹാസൻ, ഒരു പെരിയ വിഷയം

അഞ്ചാറു കൊല്ലം സിനിമയിൽ നിന്ന്​ ബ്രേക്ക്​ എടുത്ത കമൽഹാസൻ സിനിമ എന്തെന്നുതന്നെ മറന്നുപോയിക്കാണില്ലേ എന്ന മട്ടിലുള്ള സംശയങ്ങൾ ചില സിനിമാ ഗ്രൂപ്പുകളിൽ കണ്ടിരുന്നു. പുതിയ സാങ്കേതികവിദ്യകൾ ഒന്നും അയാൾക്ക് പിടിയുണ്ടാവില്ല എന്നും ചിലർ. എന്താ പറയുക, ഇതൊക്കെ കണ്ട്​ അയാൾ ഊറിച്ചിരിക്കുന്നുണ്ടാവണം.

1997 ഒക്ടോബർ 13 പകൽ.

ചെന്നൈ എം.ജി.ആർ ഫിലിം സിറ്റി പരിസരം അന്ന് പതിവില്ലാതെ സുരക്ഷാ ക്രമീകരണങ്ങൾ കൊണ്ട് വീർപ്പുമുട്ടി.
നിറയെ പൊലീസ്, കരിമ്പൂച്ചകൾ, കേന്ദ്ര -സംസ്ഥാന ഭരണകൂടങ്ങളിലെ ഉയർന്ന ഉദ്യോഗസ്ഥർ, അങ്ങനെ അങ്ങനെ.
എല്ലാവർക്കും പതിവില്ലാത്ത ഒരു പരവേശം, അങ്കലാപ്പ്.

ഏതാനും മണിക്കൂറുകൾക്കുള്ളിൽ ബ്രിട്ടീഷ് രാജ്ഞി ക്യൂൻ എലിസബത്ത് അവിടം സന്ദർശിക്കാൻ പോകുന്നു.

രാജ്ഞിയ്‌ക്കൊപ്പം, അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി കരുണാനിധി അടക്കമുള്ള വി.വി.ഐ.പികളുടെ നീണ്ടനിര വേറെയും. ഇത്ര കൊട്ടിഘോഷിച്ചു നടത്താൻ എന്താണ് അവിടെ നടക്കാൻ പോകുന്നത്?
വല്ല സർക്കാർ പരിപാടിയുടെയും ഉദ്ഘാടനം?
ബ്രിട്ടീഷ് റാണി ഒക്കെ വരിക എന്നുപറഞ്ഞാൽ...

പക്ഷെ, 1996 ൽ അധികാരത്തിൽ കയറിയ കരുണാനിധി സർക്കാരിന് വയസ്സ് ഒന്ന് തികഞ്ഞിട്ടില്ലല്ലോ. അതുകൊണ്ടുതന്നെ ഒരു തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിന് തീരെ സാധ്യതയുമില്ല. ഒരു കൊല്ലത്തിനുള്ളിൽ വാജ്‌പേയ്, ദേവഗൗഡ, ഗുജ്റാൾ എന്നിങ്ങനെ മൂന്നു പ്രധാനമന്ത്രിമാരെ കണ്ട ഇന്ത്യയിൽ സാക്ഷാൽ ബ്രിട്ടീഷ് ക്വീൻ ഉദ്ഘാടനം, ചെയ്യേണ്ട വലുപ്പത്തിലുള്ള പദ്ധതികൾ ഒന്നും തന്നെ ആ സമയം ഉണ്ടായിരുന്നുമില്ല. ഡയാന രാജകുമാരിയുടെ മരണാനന്തര ചടങ്ങുകൾ കഴിഞ്ഞിട്ട് ഏതാനും ആഴ്ചകൾ മാത്രമേ ആയിട്ടുമുള്ളൂ. മാത്രമല്ല, ഇന്ത്യൻ സ്വാതന്ത്ര്യത്തിന്​ 50 വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി നടത്തിയ റോയൽ വിസിറ്റിനിടെ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി റോബിൻ കുക്ക് നടത്തിയ കശ്മീർ പരാമർശങ്ങൾക്കെതിരെ അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി ഗുജ്റാൾ തന്നെ രംഗത്തുവരികയും ചെയ്തിരുന്നു.

അപ്പോൾ പിന്നെ ഇങ്ങനെയൊരു സന്ദർശനം?
അതും ഇന്ത്യയുടെ ഇങ്ങേയറ്റത്ത്, ദക്ഷിണഭാഗത്തുള്ള ഒരു ഫിലിം സിറ്റിയിൽ, അതും ഒരു സ്വകാര്യ പരിപാടിക്ക്. അൽപ സമയത്തിനകം തന്റെ ട്രെഡ്മാർക്ക് സ്‌കർട്ടും തൊപ്പിയും ധരിച്ച് ബ്രിട്ടീഷ് റാണി എത്തി. ഒപ്പം തമിഴ്‌നാട് മുഖ്യമന്ത്രി മുത്തുവേൽ കരുണാനിധി, അന്നത്തെ വാർത്താവിതരണ പ്രക്ഷേപണ മന്ത്രി ജയ്​പാൽ റെഡ്ഢി, ഷെവലിയാർ ശിവാജി ഗണേശൻ, സൂപ്പർസ്റ്റാർ രജനികാന്ത്, പ്രശസ്ത മാധ്യമപ്രവർത്തകൻ ചോ രാമസ്വാമി തുടങ്ങിയവരും.

കമൽഹാസൻ. മരുതനായകത്തിലെ രംഗം.

അവർക്കൊപ്പം പതിനേഴാം നൂറ്റാണ്ടിലെ രാജാക്കന്മാരുടേതിനു സമാനമായ വേഷവിധാനത്തോടെ ഒരാളും... അയാളാണ് അന്നവിടെ നടക്കുന്ന ചടങ്ങിന്റെ ശ്രദ്ധാകേന്ദ്രം എന്ന് ക്യാമറക്കണ്ണുകൾ പറയാതെ പറഞ്ഞു, റാണിക്കൊപ്പം അയാളും നടന്നു തുടങ്ങി.

ചടങ്ങുകൾക്ക് തുടക്കമായി.
തന്റെ മുന്നിൽ വച്ചിരിക്കുന്ന ക്യാമറ കരുണാനിധി ഓൺ ചെയ്തു.
നേരത്തെ രാജാവേഷം ധരിച്ച്​ റാണിക്കുപിന്നിൽ നിന്നിരുന്ന 165 സെന്റിമീറ്റർ മാത്രം ഉയരമുള്ള ആ മനുഷ്യൻ പതുക്കെ ക്യാമറയ്ക്ക്പിന്നിലേക്ക് വന്നു.
‘ആക്ഷൻ' എന്ന് പറഞ്ഞതിന് തൊട്ടടുത്ത നിമിഷം അയാൾ ക്യാമറയ്ക്ക് മുന്നിലെത്തി.
അതുവരെ അല്പം നാണത്തോടെ അവർക്കുപിന്നിൽ മറഞ്ഞു നിന്നിരുന്ന ആ വ്യക്തി പൊടുന്നനെ പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ചു മരിച്ച ഒരു ചരിത്ര പുരുഷനായി മാറി.
ഒരു മികച്ച നടന് മാത്രം സാധിക്കുന്ന ഒന്ന്.
തന്റെ ഇടത്, സിംഹസനത്തിനുസമീപം നിൽക്കുന്ന കഥാപാത്രം വായിച്ചു നൽകുന്ന രാജകീയ ഉത്തരവുകേട്ട് അയാളുടെ കണ്ണുകൾ ക്രോധം കൊണ്ട് തിളങ്ങി.
പിന്നീട് സിംഹാസനത്തിന്റെ വലത്തേ ഭാഗത്തേയ്ക്ക് നിസ്സഹായത നിഴലിക്കുന്ന മുഖത്തോടെ അയാൾ ചെരിഞ്ഞു. തൊട്ടടുത്ത നിമിഷം തന്റെ സ്വതസിദ്ധമായ ഉറച്ച ശബ്ദത്തിൽ ആ മനുഷ്യൻ പറഞ്ഞു തുടങ്ങി, ‘ഒരു കടലെയോ, കാട്രെയോ കുട്രകയ്ക്കോ വാടകയ്‌ക്കോ സ്വന്തം കൊണ്ടാടാ മുടിയും എന്ത ഉൻ അഹന്തൈ ഉനക്ക് എപ്പടി വന്തത്?
നീയാര്?
ഇത് ഏൻ ഊര്..!
എൻ അപ്പനുടെ സാമ്പൽ മേലെ ഞാൻ നടന്തിട്ടിറുക്കേൻ..!
എൻ സാമ്പൽ മേലെ എൻ പുള്ള നടപ്പാം..

കരുണാനിധി, ക്യൂൻ എലിസബത്ത് II, കമൽഹാസൻ എന്നിവർ മരുതനായകത്തിന്റെ സെറ്റിൽ.

(ഈ ഭാഗം ചിത്രീകരിക്കുന്നതിനുമുൻപായി ഇതിന്റെ പരിഭാഷ റാണിയ്ക്ക് ലഭ്യമാക്കിയിരുന്നതായും, ആ ഭാഗം കേട്ടശേഷം റെഡ് ഇന്ത്യൻ ഗോത്രനേതാവ് സിയാറ്റിലിന്റെ വിശ്വപ്രസിദ്ധ പ്രസംഗത്തോട് താങ്കളുടെ സംഭാഷണം സമാനത പുലർത്തുന്നുവല്ലോ എന്ന് റാണി അഭിപ്രായപ്പെട്ടതായും ബി.ബി.സി തമിഴിനു നൽകിയ ഒരു അഭിമുഖത്തിൽ പിന്നീട് ആ നടൻ വെളിപ്പെടുത്തിയിരുന്നു.)

അങ്ങനെ ആ ഷോട്ട് കഴിഞ്ഞു.
പിന്നീട് റാണിയെ കാണിക്കാനായി മാത്രം ഷൂട്ട് ചെയ്ത ഒരു രംഗം സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങി. ഏതാനും മിനിട്ടുകൾ മാത്രം നീണ്ട ആ സെഗ്മെന്റിന് അയാൾ ചിലവിട്ട തുക കേട്ട് സിനിമാലോകം പിന്നീട് ഞെട്ടി, ഒന്നര കോടി രൂപ.

പത്തും അമ്പതും ലക്ഷത്തിന്​ ഒരു പടം തീരുന്ന കാലം ആണതെന്ന് ഓർക്കണം. വളരെ ചെറുതെങ്കിലും മിനിട്ടുകൾ മാത്രം നീണ്ടുനിന്ന ആ ചടങ്ങിലൂടെ തുടക്കം കുറിക്കപ്പെട്ടത് ഒരു ഇതിഹാസത്തിനാണ്, മരുതനായകം.
സംവിധാനം: കമൽഹാസൻ.
രചന: സുജാത.
സംഗീതം : ഇളയരാജ.
നിർമാണം: രാജ്കമൽ ഫിലിംസ് ഇന്റർനാഷണൽ.

പാൻ ഇന്ത്യൻ എന്ന് ഇന്ത്യൻ സിനിമക്കാർ ചിന്തിച്ചു തുടങ്ങുന്നതിനു മുൻപേ പാൻ വേൾഡ് സിനിമ സ്വപ്നം കണ്ട ഒരു മനുഷ്യൻ, കമൽഹാസൻ.
അയാളുടെ ഡ്രീം പ്രൊജക്റ്റ്, മരുത നായകം.
അന്ന്, 87 കോടി രൂപ ചെലവിൽ അണിയിച്ചൊരുക്കാൻ കമൽ സ്വപ്നം കണ്ട വിസ്മയം. പിന്നീട് എന്തോ, നിർമാണപങ്കാളികളായ ബ്രിട്ടീഷ് കമ്പനിയുടെ പിന്മാറ്റം അടക്കമുള്ള കുരുക്കുകളിൽ കുടുങ്ങി മരുതനായകം മുടങ്ങിപ്പോയി..

പിന്നീട് കമലിന്റെ ​പ്രസ്​മീറ്റുകളിലെല്ലാം അയാൾക്കുമുന്നിലേയ്ക്ക് ഏറിയപ്പെട്ട ഒരു ചോദ്യമുണ്ട്, ആണ്ടവരേ, മരുതനായകം എന്നാണ് ഞങ്ങൾക്ക് കാണാൻ കഴിയുക?

ഇപ്പോൾ അയാൾക്ക് പ്രായം 67.
നാൽപതുകളിൽ സ്വന്തമായുണ്ടായിരുന്ന മാസ്‌കുലാർ ശരീരമോ, ഗാഭീര്യം നിറഞ്ഞ ശബ്ദമോ ഒന്നും അയാൾക്ക് ഇന്നില്ല. പ്രായവും കാലവും അയാളിൽ ഏറെ പരിക്കേൽപ്പിച്ചുകഴിഞ്ഞു.
വിക്രം സിനിമ കണ്ടവർക്കറിയാം, ഒരുകാലത്ത്​ അനായാസമായി ചെയ്തിരുന്ന ഫൈറ്റ് സീക്വൻസ് ഒക്കെ ചെയ്യാൻ അയാൾ എത്രകണ്ട്​ ആയാസപ്പെട്ടിട്ടുണ്ട് എന്ന്.

ആർക്കോട്ട് സൈന്യത്തിന്റെ താഴെക്കിടയിൽ ജീവിതം തുടങ്ങി
1758 ൽ മധുര, തിരുനൽവേലി ഗവർണർ പദവികൾ വരെ വഹിച്ചിരുന്ന മരുതനായകം എന്ന മുഹമ്മദ് യൂസഫ് ഖാനായി സ്‌ക്രീനിൽ വരാൻ അയാൾക്ക് ഒരു ബാല്യം ശേഷിക്കുന്നുണ്ടെന്നു തോന്നുന്നില്ല. അതുകൊണ്ടുതന്നെയാവാം കഴിഞ്ഞ ദിവസം, മരുതനായകമായി സ്‌ക്രീനിൽ വരാൻ ഇനി താൻ ഉണ്ടാവില്ല എന്ന പരോക്ഷ സൂചന അയാൾ നൽകിയതും. പക്ഷെ ക്യാമക്കുപിന്നിൽ നിന്ന്​, മരുതനായകത്തിനു പിറവികൊടുക്കാൻ അയാൾക്കുകഴിയും എന്ന് തന്നെയാണ് പ്രതീക്ഷ.

ഈ ഭൂമി മുഴുവൻ അപ്പാടെ വിഴുങ്ങിയിട്ട്, തെല്ലൊന്ന് അടച്ചുതുറക്കുന്ന ആ ഇടം. കണ്ണിനുമുകളിലും താഴെയുമായി ‘യൂണിവേഴ്‌സൽ ഹീറോ കമൽഹാസൻ' എന്ന ടൈറ്റിൽ കാർഡും അതിനുശേഷം ‘മരുതനായകം' എന്നും തെളിഞ്ഞു കാണാനാണ് ആഗ്രഹം എങ്കിലും...
ഇന്ത്യൻ സിനിമയും സിനിമാ പ്രവർത്തകരും അത്രയുമെങ്കിലും അയാൾക്ക് തിരികെനൽകേണ്ടതുണ്ട്.
അതിനിടെ അഞ്ചാറു കൊല്ലം സിനിമയിൽ നിന്ന്​ ബ്രേക്ക്​ എടുത്ത കമൽഹാസൻ സിനിമ എന്തെന്നുതന്നെ മറന്നുപോയിക്കാണില്ലേ എന്ന മട്ടിലുള്ള സംശയങ്ങൾ ചില സിനിമാ ഗ്രൂപ്പുകളിൽ കണ്ടിരുന്നു. പുതിയ സാങ്കേതികവിദ്യകൾ ഒന്നും അയാൾക്ക് പിടിയുണ്ടാവില്ല എന്നും ചിലർ.
എന്താ പറയുക, ഇതൊക്കെ കണ്ട്​ അയാൾ ഊറിച്ചിരിക്കുന്നുണ്ടാവണം.

ആ ചിരി, അത് ഒരുപക്ഷെ പത്തിരുപതു കൊല്ലം മുൻപ് താൻ എന്ത് സാങ്കേതികവിദ്യയാണോ ഉപയോഗിച്ചത്, അതല്ലെങ്കിൽ അതിന്റെ തൊട്ടടുത്ത വേർഷൻ മാത്രമാണ് ഇന്നും ഇന്ത്യൻ സിനിമയിലുള്ളത് എന്നോർത്താവാം. അല്ലെങ്കിൽ, ഒ.ടി.ടി റിലീസുകൾ എന്ന് ചിന്തിച്ചു തുടങ്ങാൻ ഒരു കൊറോണ വേണ്ടി വന്നെങ്കിൽ 2013 ൽ തന്നെ ഡി.ടി.എച്ച്​ വഴി വിശ്വരൂപം ടി.വി സ്‌ക്രീനിൽ എത്തിക്കാൻ താൻ ശ്രമിച്ചിരുന്നല്ലോ എന്നോർത്താവാം. അതും അല്ലെങ്കിൽ, 2022ൽ ഭീഷ്മപർവത്തിലും, വിക്രത്തിലും ഒക്കെ ഉപയോഗിക്കുന്ന cinebot ന്റെ ആദ്യരൂപം പത്തിരുപതുകൊല്ലം മുന്നേ താൻ ആളവന്താനിൽ പരീക്ഷിച്ചു വിജയിച്ചതാണല്ലോ എന്നോർത്താവാം

തിരക്കഥ രചനയ്ക്കായി മൂവി മാജിക് എന്ന സോഫ്​റ്റ്​വെയർ അയാൾ ഉപയോഗിക്കുന്ന കാലത്ത് (തേവർമകൻ) ഈ മഹാരാജ്യത്ത് കമ്പ്യൂട്ടർ പോലും അത്ര വ്യാപകമായിട്ടില്ല എന്നും ഓർക്കണം. ഇനി കമലിന്റെ എഴുത്ത് വറ്റിക്കാണുമോ എന്നാണ് സംശയമെങ്കിൽ, Rashmon എഫക്ട്, ബട്ടർഫ്ളൈ എഫക്ട്, തുടങ്ങിയ രചനാസങ്കേതങ്ങളും ഹിന്ദു -മുസ്​ലിം വർഗീയത (ഹേ റാം), വധശിക്ഷ (വീരുമാണ്ടി ), കമ്മ്യൂണിസം, നിരീശ്വരവാദം (അൻപേ ശിവം ) തുടങ്ങിയ തൊട്ടാൽ പൊള്ളുന്ന വിഷയങ്ങളും മുഖ്യധാരാ ഇന്ത്യൻ സിനിമയ്ക്ക് പരിചയപ്പെടുത്തിയത് അയാളാണെന്നതും കണക്കിലെടുക്കാവുന്നതാണ്.

വിക്രത്തിന്റെ സംവിധായകൻ ലോകേഷ് കനകരാജ് അടുത്തിടെ ഒരു അഭിമുഖത്തിൽ വീരുമാണ്ടി എന്ന ചിത്രത്തെപ്പറ്റി പറ്റി പറഞ്ഞ ഒരു ഭാഗം കൂടി പങ്കുവയ്ക്കുന്നു: ‘വീരുമാണ്ടി, റൊമ്പ കഷ്ടമാന സ്‌ക്രിപ്റ്റ് സർ അത്..! റൂറൽ ബാക്‌ഡ്രോപ്പിലെ, നോൺ ലീനിയറാ അന്തമാതിരി ഒരു കഥ സൊല്ലണം ന്നാ അവങ്കളാലെ താൻ മുടിയും. ഒരേ സീനേ രണ്ടുതടവൈ വേറെ വേറെ ആങ്കിളിലെ ഷൂട്ട് പണ്ണണം. അതെല്ലാം അവങ്ക എപ്പടി പണ്ണിയാന്ന് യോശിച്ചാലേ .... അതെല്ലാം പെരിയ വിഷയം സർ.’

കമൽഹാസനൊഴിച്ച് ബാക്കിയെല്ലാവർക്കും അയാൾ ഇന്നോളം ചെയ്തതും ചെയ്യുന്നതും എല്ലാം ‘പെരിയ വിഷയ’മാണ്​.
ആണാൽ ആണ്ടവരേ പൊറുത്തവരെയ്ക്കും അതെല്ലാം വന്ത് സർവ സാധാരണമാന വിഷയം.

Comments