എന്നിട്ടും തീർപ്പാവാത്ത ബാബരി മസ്ജിദിന്റെ കഥ; Theerpu Review

ഒരു ഗംഭീര പുറം മോടിയുണ്ടെങ്കിലും കഥയിലേക്ക് പ്രേക്ഷകരെ പിടിച്ചിരുത്താൻ ‘തീർപ്പ്​’ എന്ന സിനിമയ്ക്ക് ആവുന്നില്ല. കഥാപാത്രങ്ങൾക്കിടയിലുള്ള കോൺഫ്ലിക്​റ്റും ടെൻഷനും പോലും നേരാംവിധം പ്രേക്ഷകരിലെത്തുന്നില്ല. ഫ്ലാഷ്​ബാക്ക്​ സീനുകളിൽ മതമൈത്രി സ്ഥാപിക്കുന്നത് ഉൾപ്പെടെ സ്റ്റിരിയോ ടൈപ്പായ പഴയ ടെക്‌നിക്കുകൾ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്​

മുരളി ഗോപിയുടെ തിരക്കഥയുടെ തീം ഒക്കെ ഗംഭീരമായിരിക്കും. വളരെ പൊളിറ്റിക്കൽ ഡെപ്ത് ഉള്ളതും ഒരുപാട് സംഭവങ്ങളുള്ളതുമായിരിക്കും. പക്ഷേ അത് മുരളി ഗോപി എഴുതി മറ്റൊരാൾ സംവിധാനം ചെയ്ത് സ്‌ക്രീനിലേക്കെത്തുമ്പോഴേക്കും കയ്യീന്ന് പോയിട്ടുണ്ടാവും.
തീർപ്പിനും മറ്റൊന്നുമല്ല സംഭവിച്ചത്.

ഒരു പൊളിറ്റിക്കൽ ചിത്രമാണെന്ന് ആദ്യം തന്നെ വ്യക്തമാക്കുന്ന തരത്തിലുള്ള ടൈറ്റിൽസോടെയാണ് ചിത്രം ആരംഭിക്കുന്നത്. മിക്ക പ്രധാന ചരിത്ര സംഭവങ്ങളും ടൈറ്റിൽസിൽ വരുന്നു. ചാർളി ചാപ്ലിൻ, രണ്ടാം ലോകമഹായുദ്ധം, സദ്ദാഹം ഹുസൈൻ, ചെ ഗുവേര, ബാബരി മസ്ജിദ് ധ്വംസനം, ബോംബെ കലാപം, സ്വാതന്ത്ര്യ സമരം, മുഗൾ ഭരണം, രജനീകാന്ത്, അമിതാബ് ബച്ചൻ തുടങ്ങിയ ഒരുപാട് സംഭവങ്ങൾ ടൈറ്റിലിൽ കാണിക്കുന്നു.

കേരളത്തിലെ ഒരു ബീച്ച് റിസോട്ടിൽ കോവിഡ് പ്രോട്ടോക്കോൾ നിലവിലുള്ള സമയത്താണ് കഥ നടക്കുന്നത്. മുൻപ് കേരളത്തിലില്ലാതിരുന്ന വിനായക ചതുർഥി ആഘോഷത്തെക്കുറിച്ച് പറഞ്ഞും പ്രവീൺ തൊഗാഡിയ എന്ന പേരിന് സമാനമായ ലക്ഷ്മൺ കൊഥാഡിയ എന്ന ഉത്തരേന്ത്യൻ നേതാവ് കോവിഡ് പ്രോട്ടോക്കോൾ സമയത്ത് ബീച്ചിൽ വലിയൊരു സമ്മേളനം സംഘടിപ്പിക്കുന്നതും ഉൾപ്പടെ ഹിന്ദുത്വ കടന്നുകയറ്റങ്ങളെക്കുറിച്ച് സംസാരിച്ചാണ് കഥ തുടങ്ങുന്നത്.

അധികം വൈകാതെ സിനിമ ഫ്ലാഷ്​ബാക്കിലേക്കും കടക്കുന്നു. മതമൈത്രിയുണ്ടായിരുന്ന ഒരു ഭൂതകാലമാണ് കാണിക്കുന്നത്. പെരുന്നാളിന് മരക്കാറിന്റെ വീട്ടിൽ ഒത്തുകൂടുന്ന വ്യത്യസ്ത മതത്തിലുള്ള സുഹൃത്തുക്കൾ. ആ വീടിന് പ്രത്യക്ഷത്തിൽ തന്നെ ബാബരി മസ്ജിദിന്റെ രൂപസാദൃശ്യമുണ്ടെന്നത് കൊണ്ട് തന്നെ ആ വീടിന് പിന്നെന്ത് സംഭവിക്കുമെന്നത് ഊഹിക്കാവുന്നതാണ്. ബാബരി മസ്ജിദ് സംഭവത്തിന്റെ ഒരു ആഖ്യാനം കൂടിയാണ് സിനിമ പറയുന്നത്. മരക്കാർ കുടുംബത്തിൽ 1993-ൽ നടക്കുന്ന സംഭവങ്ങളും അതിനുശേഷം 2022-ൽ നടക്കുന്ന അതിന്റെ തുടർസംഭവങ്ങളുമാണ് സിനിമ.

പൃഥ്വിരാജ്

ഉത്സവപ്പറമ്പിലെ കളിപ്പാട്ടക്കടയിൽ കയറിയ കുട്ടിയെ പോലെ ‘ഈശ്വരാ ഞാനിത് എന്തൊക്കെയാ എടുക്കുക' എന്ന വെപ്രാളത്തോടെയാണ് മുരളിഗോപിയുടെ തിരക്കഥ. എല്ലാ ചരിത്ര സന്ദർഭങ്ങളിൽ നിന്നുള്ള സിംബോളിസവും പ്രധാന കഥാപാത്രങ്ങളെക്കൊണ്ട് അവയുടെ വോക്കൽ എക്​സ്​പ്ലനേഷനുമൊക്കെയായി ‘ഭയങ്കര റിച്ചി'ലാണ് തിരക്കഥയുടെ കിടപ്പ്. എന്നാൽ ഉപമകൾ വളരെ അലസമായും വിരുദ്ധമായും ഉപയോഗിച്ചിരിക്കുന്നതും കാണാം.

ഉദാഹരണത്തിന് സിനിമയിൽ റിസോട്ടിൽ വച്ചിരിക്കുന്ന പുരാവസ്തുക്കൾ സിനിയിൽ പൊളിറ്റിക്‌സ് പറയാൻ കൂടി ഉപയോഗിക്കുന്നുണ്ട്. ഇവയുടെ ധാരാളിത്തം ഒരു പ്രശ്‌നമാണ്, മറ്റൊരു പ്രശ്‌നം ഒരു സീനിൽ ഹിറ്റ്‌ലറുടെ മെഴുക് പ്രതിമ വച്ച് സിംബോളിസം കാണിക്കുമ്പോൾ അടുത്ത സീനിൽ തന്നെ നെഗറ്റീവ് കഥാപാത്രത്തിന് ബോക്‌സർ മുഹമ്മദ് അലിയുടെ കയ്യുറകൾ കൊടുക്കുന്നത് പോലത്തെ വിരുദ്ധമായ ഉപമകളാണ്.

സിദ്ദീഖ്

കമ്മാരസംഭവത്തിനുശേഷം രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന സിനിമയാണ് തീർപ്പ്. റിസോർട്ടിന്റെ നല്ല വിഷ്വൽസ് ഉൾപ്പെടെ ഒരു ഗംഭീര പുറം മോടിയുണ്ടെങ്കിലും കഥയിലേക്ക് പ്രേക്ഷകരെ പിടിച്ചിരുത്താൻ സിനിമയ്ക്ക് ആവുന്നില്ല. കഥാപാത്രങ്ങൾക്കിടയിലുള്ള കോൺഫ്ലിക്​റ്റും ടെൻഷനും പോലും നേരാംവിധം പ്രേക്ഷകരിലെത്തുന്നില്ല. ഫ്ലാഷ്​ബാക്ക്​ സീനുകളിൽ മതമൈത്രി സ്ഥാപിക്കുന്നത് ഉൾപ്പെടെ സ്റ്റിരിയോ ടൈപ്പായ പഴയ ടെക്‌നിക്കുകൾ തന്നെയാണ് ഉപയോഗിച്ചിരിക്കുന്നതെങ്കിലും ചിത്രത്തിൽ ഫ്ലാഷ്​ബാക്ക്​ സീനുകൾ തന്നെയാണ് മികച്ചു നിന്നത്. ഒരു കയ്യടക്കമില്ലാത്ത രീതിയിലാണ് 2022-ലെ സീനുകൾ ചിത്രീകരിച്ചിരിക്കുന്നത്. കഥയുടെ ഗൗരവത്തിന് ചേരാത്ത, പശ്ചാത്തലവുമായി യോജിച്ച് പോവാത്ത, തമാശ സൃഷ്ടിക്കാനുള്ള ശ്രമവും പരാജയമായിരുന്നു.

ഇഷ തൽവാർ, ഹന്ന റെജി, സൈജു കുറുപ്പ്, ഇന്ദ്രജിത്ത്

ബാബരി മസ്ജിദ് ധ്വംസനം പശ്ചാത്തലമാക്കി കെ.ആർ. മീരയുടെ ഖബറിന് സമാനമായ ആഖ്യാനം തീർപ്പിലും അനുഭവിക്കാനാവും. ഖബറിൽ ഖയാലുദ്ധീന്റെ കറാമത്തുകൾ (അത്ഭുത സിദ്ധി) ഒരു മിസ്റ്റിക് ഫീലുണ്ടാക്കുമ്പോൾ തീർപ്പിൽ അബ്ദുല്ല മരക്കാറിന്റെ മാനസിക രോഗമാണ് സീനുകളിൽ ഒരു ഭ്രമാത്മകത കൊണ്ടുവരാൻ ഉപയോഗിച്ചിരിക്കുന്നത്.

അബ്ദുല്ല മരക്കാറിന്റെ ഉപ്പയായെത്തിയ സിദ്ദീഖിന്റേതാണ് ചിത്രത്തിൽ എടുത്ത് പറയാനുള്ള പ്രകടനം. രണ്ട് സീനുകളിൽ മാത്രമെത്തിയെങ്കിലും ലുഖ്മാനും മികച്ച് നിന്നു. പൃഥ്വിരാജിന്റെ കഥാപാത്രം ‘കുരുതി'യിലെ ലായിക്കിനെ ഓർമിപ്പിച്ചെങ്കിലും മടുപ്പിച്ചില്ല. ഇഷ തൽവാർ, സൈജു കുറുപ്പ് എന്നിവരും രസമായി.

ഗോപീ സുന്ദറിന്റെ പശ്ചാത്തല സംഗീതത്തിനും മുരളീ ഗോപിയുടെ സംഗീത സംവിധാനത്തിനും ചിത്രത്തിന് കാര്യമായ എലവേഷൻ നൽകാൻ സാധിച്ചില്ലെങ്കിലും ക്ലൈമാക്‌സിനോട് അടുപ്പിച്ചുള്ള പാട്ടിന്റെ ചിത്രീകരണം ഭംഗിയായിട്ടുണ്ട്. ഹിന്ദുത്വ ഭീകരത ഒരു പൊതു സമ്മേളനമായി ആഘോഷിക്കപ്പെടുമ്പോൾ അബ്ദുല്ല എന്നായാൾ തന്റെ നീതിക്കായി ഒറ്റയാൾ പോരാട്ടം നടത്തുന്നതിന്റെ ദൃശ്യാവിഷ്‌കാരമാണ് ആ പാട്ട്.

Comments