ടിക് നാട്ട് ഹാൻ; നറുമണം പരത്തിയ ഒരു പൂവ്

"Breathing in, I see myself as a flower.
I am the freshness
of a dewdrop.
Breathing out,
my eyes have become flowers.
Please look at me.
I am looking
with the eyes of love.' (Breathing / Thich Nhat Hanh)

സ്‌നേഹത്തിന്റെ കണ്ണുകൾ കൊണ്ട് പ്രപഞ്ചത്തെ നോക്കിക്കണ്ട സെൻ ഗുരു ടിക് നാട്ട് ഹാൻ ഓർമ്മയായി. ടിക് നാട്ട് ഹാനിന്റെ മരണത്തോടെ ലോകത്തിന് മഹാനായ ഒരു സെൻ ബുദ്ധിസ്റ്റ് ഗുരുവിനെയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. മതാതീത ആത്മീയതയുടെ ഊർജ്ജസ്രോതസ്സായിരുന്നു 95 വയസ്സിൽ വിട പറഞ്ഞ ഈ വിയറ്റ്‌നാംകാരൻ. ജീവിതം മുന്നോട്ടു വെക്കുന്ന സ്വാഭാവിക ക്ലേശങ്ങളെപ്പറ്റിയും സന്തോഷങ്ങളെപ്പറ്റിയും ആഴത്തിൽ ചിന്തിക്കുകയും അവയൊന്നും ഒഴിവാക്കാനാവാത്തവയാണെന്നും അതൊക്കെ അറിഞ്ഞു കൊണ്ട് ജീവിതത്തിൽ നിന്ന് മടുപ്പും വിരസതയും ഒഴിവാക്കാൻ ശീലിക്കുകയാണ് വേണ്ടതെന്നും പഠിപ്പിച്ചാണ് അദ്ദേഹം കടന്നു പോയിരിക്കുന്നത്. സന്യാസിയെന്നതുപോലെ ചിന്തകനായും ഗ്രന്ഥകാരനായും പ്രഭാഷകനായും സമാധാന പ്രവർത്തകനായും കവിയായും അദ്ദേഹം പ്രവർത്തിച്ചു.

"If we are not fully ourselves, truly in the present moment, we miss everything.'
ബഹളമയമായ നമ്മുടെയൊക്കെ ജീവിതത്തിന് പുതിയൊരർത്ഥതലം നൽകി സ്വന്തം ജീവിതത്തിൽ നിന്ന് പിൻവാങ്ങിയിരിക്കുന്ന ടിക് നാറ്റ് ഹാൻ എന്താണ് മാനവസമൂഹത്തോട് പറഞ്ഞു തന്നത്? ജീവിതം ഈ നിമിഷത്തിലാണ് എന്നു മാത്രം പറഞ്ഞു കൊണ്ട് ജീവിതത്തിന്റെ സൗന്ദര്യം കാണിച്ചു തന്നു. അതൊരു വലിയ പാഠമായിരുന്നു.

ജനനത്തിനും മരണത്തിനുമിടയിൽ നിറഞ്ഞു നിൽക്കുന്നത് "ഈ നിമിഷങ്ങളാണ്'. അതിനെ അർത്ഥവത്താക്കുക എന്നാൽ ഓരോ നിമിഷത്തെയും ആഴത്തിൽ അറിഞ്ഞു കൊണ്ട് കടന്നു പോവുക എന്നതാണ്. അതിനെ അദ്ദേഹം mindfullness എന്നു വിശേഷിപ്പിച്ചു. ഈ നിമിഷത്തിൽ ഉണർന്നിരിക്കുക എന്നത് നൽകുന്ന ഊർജ്ജം കൊണ്ടു ജീവിതത്തെ നിറയ്ക്കുക. അത് ആനന്ദം തരും. അങ്ങനെ വരുമ്പോൾ ജനനവും മരണവും അപ്രസക്തമാവും. കാരണം അവ രണ്ടും ഉണർന്നിരിക്കുന്ന നിമിഷങ്ങളിൽ സംഭവിക്കുന്ന കാര്യങ്ങളല്ലല്ലോ.

നാറ്റ് ഹാൻ 1926-ൽ വിയറ്റ്‌നാമിൽ ജനിച്ച് പതിനാറാം വയസ്സു മുതൽ ബുദ്ധമത തത്ത്വങ്ങൾ പഠിക്കാൻ തുടങ്ങി. ചെറുപ്പത്തിലേ സന്യാസം സ്വീകരിച്ച ടിക് നാറ്റ് ഹാൻ വിയറ്റ്‌നാമീസ് ബുദ്ധിസത്തെ നവീകരിച്ചു കൊണ്ടാണ് തുടക്കം കുറിച്ചത്. ഹോചിമിൻ വിയറ്റ്‌നാമിനെ ഫ്രഞ്ച് അധീനതയിൽ നിന്ന് മോചിപ്പിക്കാൻ ശ്രമിച്ചിരുന്ന കാലം. രാജ്യത്തെക്കുറിച്ചുള്ള ചിന്തകൾ യുവാവായ ഈ ബുദ്ധസന്യാസിയേയും അലട്ടിയിരുന്നു. സ്‌കൂൾ ഓഫ് യൂത്ത് ഫോർ സോഷ്യൽ സർവീസ് എന്നൊരു സംഘടനയ്ക്ക് അദ്ദേഹം തുടക്കം കുറിച്ചു. അക്കാലത്തു തന്നെ അദ്ദേഹം സെയ്ഗോൺ സർവ്വകലാശാലയിൽ ചേർന്ന് സാഹിത്യം, ദർശനം, ശാസ്ത്രം മുതലായ വിഷയങ്ങൾ പഠിച്ചു. 1960-ൽ പ്രിൻസ്റ്റൺ സർവ്വകലാശാലയിൽ ഒരു ഫെല്ലോഷിപ്പിനു ചേർന്നു. തുടർന്ന് കൊളംബിയ സർവ്വകലാശാലയിൽ ബുദ്ധിസ്റ്റ് ലക്ചററാവുകയും ചെയ്തു. 1963 ഓടെ അമേരിക്ക വിയറ്റ്‌നാം അക്രമിച്ചു. ഇതോടെ ടിക് നാറ്റ് ഹാൻ വിയറ്റ്‌നാമിൽ തിരിച്ചെത്തി. യുദ്ധത്തിനെതിരേയുള്ള പ്രക്ഷോഭങ്ങൾക്ക് നേതൃത്വം കൊടുത്തു. ഏതു വിധേനയും സമാധാനം നിലനിർത്താൻ മുന്നിട്ടിറങ്ങി. തുടർന്ന് എൻഗേജ്ഡ് ബുദ്ധിസം മൂവ്‌മെന്റിന് തുടക്കം കുറിക്കുകയും ചെയ്തു. 1966 ൽ അമേരിക്കയിലെ കോർണൽ സർവ്വകലാശാലയിൽ നടന്ന ഒരു ബുദ്ധിസ്റ്റ് സെമിനാറിൽ പങ്കെടുത്തു. അവിടെ വെച്ചാണ് മാർട്ടിൻ ലൂതർ കിങ് ജൂനിയറിനെ പരിചയപ്പെടുന്നത്. യുദ്ധത്തിന്റെ കെടുതികൾ അദ്ദേഹത്തെ ബോദ്ധ്യപ്പെടുത്തി. അങ്ങനെ മാർട്ടിൻ ലൂതറും വിയറ്റ്‌നാം യുദ്ധത്തിനെതിരേ രംഗത്തെത്തി. അതൊരു വലിയൊരു യുദ്ധവിരുദ്ധ മുന്നേറ്റമായി. 1967-ൽ ടിക് നാറ്റ് ഹാനിന് ആ വർഷത്തെ സമാധാനത്തിനുള്ള നോബേൽ പുരസ്‌കാരം നൽകണമെന്ന് മാർട്ടിൻ ലൂതർ നിർദ്ദേശിച്ചു. 'I do not know of anyone more worthy than this gentle monk from Vietnam' എന്നാണ് മാർട്ടിൻ ലൂതർ ആ നിർദ്ദേശത്തിൽ എഴുതിയത്.

ആ വർഷം ജൂണിൽ ടിക് നാട്ട് ഹാൻ വാഷിങ്ങ്ടണിൽ ചെന്ന് സമാധാനത്തിനായുള്ള ഒരു പ്രപ്പോസൽ രേഖ സമർപ്പിച്ചു. യുദ്ധത്തിന്റെ കാര്യത്തിൽ പക്ഷം ചേരാൻ തയ്യാറാവാതെ അദ്ദേഹം അമേരിക്കയോട് ആവശ്യപ്പെട്ടത് രണ്ടു കാര്യങ്ങൾ മാത്രം. അമേരിക്ക ബോംബിടൽ അവസാനിപ്പിക്കണം. സമാധാനം പുനസ്ഥാപിക്കണം. ഇത് വിയറ്റ്‌നാം ഭരണകൂടത്തെ ചൊടിപ്പിച്ചു. ടിക് നാറ്റിനെ വിയറ്റ്‌നാമിൽ കടക്കാൻ അനുവദിക്കില്ല എന്നവർ തീരുമാനിച്ചു. മാതൃരാജ്യത്തു നിന്ന് നിഷ്‌കാസിതനായ അദ്ദേഹത്തിന് ഫ്രാൻസ് അഭയം നൽകി. 1966 അവസാനത്തോടെ ഫ്രാൻസിലെ പ്ലം വില്ലേജിൽ ടിക് നാറ്റ് ഹാൻ ഒരു സെൻബുദ്ധിസ്റ്റ് മൊണാസ്ട്രി തുടങ്ങി. അവിടെയിരുന്നാണ് അദ്ദേഹം പിന്നിട് പ്രവർത്തിച്ചത്. ലോകത്തിന്റെ പല സ്ഥലങ്ങളിലും ബുദ്ധമത പഠന കേന്ദ്രങ്ങൾ സ്ഥാപിച്ചു. 1982-ൽ സ്വന്തമായ പുസ്തക പ്രസാധനം തുടങ്ങി. നൂറിലേറെ പുസ്തകങ്ങൾ രചിച്ചു. അവയ്ക്ക് നാല്പതോളം ഭാഷകളിൽ പരിഭാഷകളുണ്ടായി. The Miracle of Mindfulness, Silence, The Art of Living, At Home in the World, You are Here, No Mud, No Lotus, The Buddha's Teaching, Old Path White Clouds എന്നിവയാണ് പ്രധാന കൃതികൾ

ടിക് നാറ്റ് ഹാൻ

ടിക് നാറ്റ് ഹാൻ ലോകമെമ്പാടും അറിയപ്പെടുന്ന സെൻ ഗുരുവായി. ലക്ഷക്കണക്കിന് അനുയായികളും ശിഷ്യന്മാരുമുണ്ടായി. പുസ്തകങ്ങൾ ബെസ്റ്റ് സെല്ലറുകളായി. അദ്ദേഹം പ്രചരിപ്പിച്ച മൈൻഡ് ഫുൾനസ്സ് ജീവിത രീതി പാശ്ചാത്യ ലോകത്തിന് പ്രിയപ്പെട്ടതായി.

ഇതിനിടയിലും അദ്ദേഹം വിയറ്റ്‌നാമിലേക്ക് മടങ്ങാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. നീണ്ട കാലത്തെ ഇടപെടലിനു ശേഷം 2005 ൽ വിയറ്റ്‌നാം സന്ദർശിക്കാൻ അദ്ദേഹത്തിന് സർക്കാർ അനുവാദം നൽകി. അതൊരു ചെറിയ സന്ദർശനം മാത്രമായിരുന്നു. 2007 ൽ വീണ്ടും അനുവാദം ലഭിച്ചു. ഇത്തവണ പ്രഭാഷണങ്ങൾക്കും അനുവാദം കിട്ടിയിരുന്നു. അങ്ങനെ പതിനായിരങ്ങൾ പങ്കെടുത്ത പ്രഭാഷണ ചടങ്ങുകൾ വിയറ്റ്‌നാമിൽ സംഘടിപ്പിക്കപ്പെട്ടു. പുസ്തകങ്ങൾ പ്രസിദ്ധീകരിക്കാനും സാധിച്ചു..

ഫ്രാൻസിൽവെച്ച് 2014ൽ പക്ഷാഘാതം വന്ന് ടിക് നാറ്റ് ഹാൻ കിടപ്പിലായി. ദീർഘനാളത്തെ ആശുപത്രി വാസത്തിനു ശേഷം പ്ലം വില്ലേജിൽ തിരിച്ചെത്തിയ അദ്ദേഹം പൂർണ്ണമായിട്ടല്ലെങ്കിലും ധ്യാനപൂർണ്ണമായ ജീവിതത്തിലേക്ക് മടങ്ങിവന്നു. പിന്നീടും പുസ്തകങ്ങൾ രചിച്ചു. യാത്രകളും പ്രഭാഷണങ്ങളും ഉപേക്ഷിക്കേണ്ടി വന്നു. 2017 ൽ നാട്ടിലേക്ക് മടങ്ങണമെന്നും ജീവിതാന്ത്യം അവിടെ വെച്ചാകണമെന്നും അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു. വിയറ്റ്‌നാം സർക്കാർ അനുവദിച്ചതിനെത്തുടർന്ന് ടിക് നാറ്റ് ഹാൻ വിയറ്റ്‌നാമിലെ തുഹിയു ക്ഷേത്രത്തിലേക്ക് മടങ്ങി. വർഷങ്ങൾക്കു മുമ്പ് അദ്ദേഹം ബുദ്ധമതം സ്വീകരിച്ച് സന്യാസജീവിതം ആരംഭിച്ചതും ഇവിടെ വെച്ചായിരുന്നു. അദ്ദേഹം ആഗ്രഹിച്ചതു പോലെ മരണവും അവിടെ വെച്ചു തന്നെ സംഭവിച്ചു. ജനുവരി 22 ന് പുലർച്ചെ ആ ശരീരം നിശ്ചലമായി. At Home in the World എന്ന പുസ്തകത്തിൽ അദ്ദേഹം ഇങ്ങനെ കുറിച്ചു. "This body of mine will disintegrate, but my actions will continue... If you think I am only this body, then you have not truly seen me. When you see someone walking with mindfullness and compassion, you know he is my continuation. I dont see why we have to say 'I will die,'because I can already see myself in you, in other people, and in future generations.'

ലോകം മുഴുവൻ ഈ ബുദ്ധസന്യാസിയുടെ വാക്കുകൾക്ക് കാതോർത്തിരുന്നു. അദ്ദേഹം സൂചിപ്പിച്ചതു പോലെ ആ വാക്കുകൾ ഇനിയും ലോകത്തിന് പ്രകാശം ചൊരിഞ്ഞു കൊണ്ടിരിക്കും. നമ്മൾ എന്താണോ ചെയ്യുന്നത് മനസ്സിനെ അതിൽ തന്നെ ഏകാഗ്രമായി ചേർത്തു നിർത്തുക. അതാണ് മൈൻഡ് ഫുൾനസ്സ്. ഈ നിമഷത്തേക്കാൾ സുന്ദരമായ മറ്റൊന്നില്ല എന്നറിയുക. ജീവിതത്തിന്റെ സ്വാഭാവിക സൗന്ദര്യം കാണിച്ചു തന്നു കൊണ്ടാണ് ഈ സെൻ ഗുരു തന്റെ ദീർഘകാല ജീവിതത്തിൽ നിന്ന് വിട പറഞ്ഞിരിക്കുന്നത്. നമ്മൾ എന്താണ് ചെയ്യുന്നത്, നമ്മളാരാണ് എന്നു പോലും ഓർക്കാൻ കഴിയാത്ത വിധം ജീവിതത്തെ തിരക്കുകൾ കൊണ്ട് നിറച്ച സമൂഹത്തോട് നിങ്ങൾ ഈ നിമിഷമാണ് എന്ന് ഓർമ്മിപ്പിച്ച ഒരാളാണ് നിശ്ശബ്ദനായിരിക്കുന്നത്. ഈ നിമിഷങ്ങളിൽ നിന്ന് ടിക് നാറ്റ് ഹാൻ വിട പറഞ്ഞിരിക്കുന്നു. ജീവിതം ഒരു പ്രയോഗമല്ല; അതൊരു നൈസർഗികമായ കലയാണ് എന്ന് നമ്മളോട് പറഞ്ഞു തന്നത് ബുദ്ധദർശനമാണ്. നമ്മുടെ കാലത്തെ ബുദ്ധനായിരുന്നു ടിക് നാറ്റ് ഹാൻ.

അവസാന കാലത്ത് മനുഷ്യവംശത്തിന്റെ മുന്നോട്ട് പോക്കിൽ അദ്ദേഹം ദു:ഖിതനായിരുന്നു. കാലാവസ്ഥാ വ്യതിയാനം മൂലം ഒരു നൂറു വർഷത്തുള്ളിൽ നമ്മുടെ സിവിലൈസേഷൻ നശിച്ചുപോയേക്കും എന്നൊരാശങ്ക അദ്ദേഹം പങ്കുവെച്ചു. നിത്യജീവിതത്തിലെ സ്വന്തം ദുരിതങ്ങളിൽ നിന്ന് കരകയറാതെ മനുഷ്യർ എങ്ങനെയാണ് കാലാവസ്ഥാ വ്യതിയാനം പോലുള്ള ദുരന്തങ്ങളെ കൈകാര്യം ചെയ്യുക? അദ്ദേഹം അവസാനമായി രചിച്ച് 2021 ൽ പുറത്തു വന്ന Zen and the Art of Saving the Planet എന്ന പുസ്തകം ഇത്തരം പ്രശ്‌നങ്ങളെ എങ്ങനെ നേരിടാം എന്നാണ് പറഞ്ഞു തരുന്നത്.

ഉള്ള ഇത്തിരിനേരം നറുമണം പരത്തി ഏറ്റവും സ്വാഭാവികമായി കൊഴിഞ്ഞു വീഴുന്ന ഒരു പൂവിന്റെ അനായാസ ജീവിതത്തെപ്പോലെ ഒട്ടും ബഹളമയമല്ലാതിരുന്ന, എന്നാൽ സംഭവബഹുലവും ശ്രദ്ധാപൂർണ്ണവും ധ്യാനപൂർണ്ണവും സ്‌നേഹപൂർണ്ണവുമായിരുന്ന ആ ജീവിതത്തിന് 2022 ജനുവരി 22 ന് തിരശ്ശീല വീണിരിക്കുകയാണ്. ജീവിതാഭിമുഖ്യത്തിന് വേണ്ടിയുള്ള വെളിച്ചം തെളിയിച്ച ഈ ഗുരുവര്യന്റെ തുടർജീവിതം അദ്ദേഹം മുന്നോട്ടുവെച്ച ആശയങ്ങളിലൂടെയായിരിക്കും. ആ ആശയങ്ങളും പുസ്തകങ്ങളും ഇനിയും മനഷ്യരോട് സംവദിച്ചുകൊണ്ടിരിക്കും. നമുക്ക് സന്തോഷവും സംതൃപ്തിയും നേടാനുള്ള വഴികൾ അവയിൽ നിറഞ്ഞിരിപ്പുണ്ട്.

Comments