കർക്കടകത്തിൽ വീണ്ടെടുക്കണം അവർണനായ എഴുത്തച്​ഛനെ

കർക്കടകത്തെയും എഴുത്തച്ഛൻ രാമായണത്തെയും ആവേശിച്ച്​ ജീവസ്സു ചോർത്തിക്കളഞ്ഞ ബ്രാഹ്മണ്യ പ്രത്യയശാസ്ത്രത്തോട് ഏറ്റുമുട്ടുമ്പോൾ എഴുത്തച്ഛന്റെ ഭാഷയും, തീണ്ടാരിയായ പെണ്ണിനും ദൈവവിളിയ്ക്ക് അവകാശമുണ്ടെന്ന സമത്വസ്വാതന്ത്ര്യ പ്രഖ്യാപനവും നാം ആ ഗൂഢാലോചനയ്ക്കു വിട്ടു കൊടുക്കരുത്. കാരണം ഈ ഭാഷയും പ്രഖ്യാപനവും നമ്മുടെ ഉച്ഛ്വാസവായു തന്നെയാണ്.

ഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത്​, പുന്നപ്രയിലെ രക്തസാക്ഷി മണ്ഡപത്തിൽ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ യുവനേതാവ് പുഷ്പാർച്ചന നടത്തിയത് ഓർക്കുന്നുണ്ടല്ലോ? കഴിഞ്ഞ ഗാന്ധി ജയന്തി ദിനത്തിൽ, ജാതി മതദ്വേഷത്തിന്റെ ഇതേ സംഘ രാഷ്ട്രീയം പലയിടങ്ങളിലും, സർവ്വമത സാഹോദര്യത്തിനു വേണ്ടി രക്തസാക്ഷിയായ ഗാന്ധിജിയുടെ ചിത്രവുമേന്തി വാഹനറാലി നടത്തിയിരുന്നു. ദളിത് വിമോചനത്തിന്റെ ഐതിഹാസിക നായകനായ ഭീമാറാവ് റാംജി അംബദ്ക്കറെയും ഇക്കൂട്ടർ തരം പോലെ മടിയിലിരുത്തി ലാളിക്കാറുണ്ട്.

400 വർഷം മുമ്പ് തിരൂരിൽ വെട്ടം ദേശത്ത് തൃക്കണ്ടിയൂർ അംശത്തിൽ ജീവിച്ച് നാട്ടുഭാഷയിൽ രാമായണമെഴുതി, അത് മലയാളീ ഭവനങ്ങളിൽ സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ വായനാ സാക്ഷരതയ്ക്കുള്ള ടെക്സ്റ്റാക്കി നൽകി, അന്നത്തെ അക്ഷരാധികാരത്തിന്റെ ബ്രാഹ്മണാധീശത്വത്തെ വെല്ലവിളിച്ച എഴുത്തച്ഛൻ രാമായണത്തെയും, അത് ഭാഷയിലെ സമുന്നതമായ ഈടുവെപ്പാണെന്നത് നിഷേധിക്കാനാവാതെ വന്നപ്പോൾ, എഴുത്തച്ഛൻ ബ്രാഹ്മണ ബീജത്തിൽ ജാതനായി എന്ന കെട്ടുകഥയുണ്ടാക്കി "തനിക്കാക്കി വെടക്കാക്കി'യവരാണ് ഇവരുടെ മുൻതലമുറക്കാരായ ചാതുർവർണ്യവാദികൾ.

കേരളീയ സാക്ഷരതയുടെ രണ്ടാം ഘട്ടത്തിനാണ്, എഴുത്തച്ഛന്റെ കിളിപ്പാട്ട് ശീലിലുള്ള രാമായണ വായനയോടെ മലയാള നാട്ടിൽ തുടക്കമിട്ടത്. ഇതിന്റെ ഒന്നാം ഘട്ടമാകട്ടെ എഡി. 8-ാം നൂറ്റാണ്ടുവരെ കേരളത്തിൽ സജീവ സാന്നിദ്ധ്യമായിരുന്ന ബുദ്ധ-ജൈന മത കാലത്താണ് സംഭവിച്ചത്. എ.ഡി എട്ടാം നൂറ്റാണ്ടു മുതൽ, ശങ്കാരാചാര്യരുടെ മുൻകൈയിൽ നടന്ന ബ്രാഹ്മണമതത്തിന്റെ ആശയപരവും രാഷ്ട്രീയവുമായ അധിനിവേശത്താൽ ഹൈന്ദവവൽക്കരണത്തിനു കീഴ്പ്പെട്ട്, ജാതി മേൽക്കോയ്മയിൽ ശ്വാസംമുട്ടി കഴിഞ്ഞിരുന്ന മലയാള സമൂഹത്തിൽ, നാട്ടു ഭാഷാധിഷ്ഠിതമായ ജനായത്തവൽക്കരണത്തിന് ഹരിശ്രീ കുറിയ്ക്കുകയായിരുന്നു എഴുത്തച്ഛൻ രാമായണം.

ഭാഷയായിരുന്നു, സുരപാനിയെന്ന് അക്കാലത്തെ വർണവെറിയന്മാർ അധിക്ഷേപിച്ച്, ജന്മനാട്ടിൽ നിന്നുതന്നെ ഓടിച്ചു വിട്ട, ഇന്നത്തെ ഒ.ബി.സി. ജാതിക്കാരനായ രാമാനുജൻ എഴുത്തച്ഛന്റെ ആയുധം.

"അദ്ദേഹത്തിന്റെ പ്രതിഭയും പാണ്ഡിത്യവും കണ്ട് അസൂയാകലുഷിതരായ നമ്പൂതിരിമാർ അദ്ദേഹം തങ്ങളേക്കാൾ കൂടുതൽ പ്രസിദ്ധനാകുമെന്നു ഭയപ്പെട്ട്, വാമാചാര തന്ത്രങ്ങൾ പ്രയോഗിച്ച് അദ്ദേഹത്തെ ഒരു കള്ളുകുടിയനാക്കിത്തീർത്തു. തന്റെ അധഃപതനത്തിനു കാരണക്കാരായ നമ്പൂതിരിമാരുടെ അന്ധവിശ്വാസങ്ങളെയും അസഹിഷ്ണുതയെയും സർവ്വശക്തികളും ഉപയോഗിച്ച് എതിർക്കുവാൻ എഴുത്തച്ഛൻ തുനിഞ്ഞു. പ്രതികാരം ചെയ്യാൻ അദ്ദേഹം സ്വീകരിച്ച വഴി മലയാണ്മ ഭാഷയെ പുഷ്ടിപ്പെടുത്തുകയാണ്. തമിഴിന്റെ നിസ്സാര ഭാഷയായ ഈ ഭാഷയെ മഹർഷിമാരുടെ ദിവ്യ ഭാഷയോട് തുല്യമായൊരു നിലയിലെത്തിക്കുവാൻ അദ്ദേഹം തീർച്ചപ്പെടുത്തി’- എഫ്.ഡബ്ല്യു. എല്ലിസ് 1816 ൽ എഴുതി.

തുഞ്ചൻ സ്മാരകത്തിലെ എഴുത്താണിയുടേയും എഴുത്തോലയുടേയും തത്തയുടേയും ശില്പം / Photo: Wikimedia Commons

അധികാരവും അറിവും തമ്മിൽ തിരിച്ചിയാനാവാത്തവിധം സംസ്കൃത ഭാഷയാൽ കൂട്ടിക്കലർത്തി, ഇവ മൂന്നും സമൂഹത്തിന് പ്രാപ്യമാകാത്ത വിധത്തിൽ അന്യർക്ക് അസ്പർശ്യത കൽപ്പിച്ച അന്നത്തെ ജാതിമേൽക്കോയ്മയോട്, നാട്ടുഭാഷയ്ക്ക് വട്ടെഴുത്തെന്ന ഒരു ലിപി നൽകി, ഉയിരു ഊരും നൽകിക്കൊണ്ടായിരുന്നു ഈ കവി വര്യന്റെ കലാപം. "മലയാള ലിപിയുടെ ആദ്യരൂപമായ വട്ടെഴുത്തിന്നു അംഗീകാരവും പ്രചാരവും നേടിക്കൊടുത്തവർ ജൈനസംസ്കാര പാരമ്പര്യമുള്ള എഴുത്തച്ഛന്മാരും ഗണകന്മാരും (പണിക്കന്മാർ ) ആയിരുന്നു... എഴുത്തച്ഛൻ വട്ടെഴുത്തു പ്രചരിപ്പിച്ചതു മൂലവും മലയാളത്തിലെ രാമായണ ഭാരതാദി ഗ്രന്ഥങ്ങൾ വട്ടെഴുത്തിൽ (ഗ്രന്ഥാക്ഷരത്തിൽ) എഴുതപ്പെട്ടതു മൂലവുമാവാം തുഞ്ചത്തെഴുത്തച്ഛനാണ് മലയാള ലിപിയുടെ പിതാവ് എന്നു പറഞ്ഞു വരാൻ ഇടയായ'തെന്ന് കെ.ബാലകൃഷ്ണക്കുറുപ്പ് പറയുന്നുണ്ട്.

അരുവിപ്പുറത്ത് ആധുനിക കേരള നിർമിതിക്കായി ശ്രീ നാരായണ ഗുരു ഈഴവ ശിവനെ പ്രതിഷ്ഠിച്ചതിനു സമാനമായ ചങ്കൂറ്റമാണ് ‘ദേവഭാഷ’യായ സംസ്കൃതത്തിന്റെ മുന്നിൽ അധഃകൃത ഭാഷയായി ഓച്ഛാനിച്ചു നിൽക്കാൻ മാത്രം വിധിക്കപ്പെട്ട നാട്ടുഭാഷയിൽ രാമായണത്തെ പുനഃപ്രതിഷ്ഠിച്ച്​പുതുമലയാണ്മയുടെ ഈ മഹേശ്വരൻ കാണിച്ചത്.

ചെറ്റക്കുടിലിൽ കീറപ്പായയിൽ മാത്രം കിടക്കാൻ വിധിക്കപ്പെട്ട ജനതയ്ക്ക് ജാതിമത ദേദമെന്യേ വൃത്തിയും വെടിപ്പുമുള്ള അന്തസ്സായ വാസഗേഹങ്ങൾ അവകാശമായി നേടിയെടുക്കുന്നതു പോലെ, മലയാളിയുടെ എല്ലാവിധ അന്തർഗതങ്ങളുടെയും ആവിഷ്ക്കാരത്തിനു അനുയോജ്യമായ, സംസ്കൃതത്തോടു സമം നിൽക്കുന്ന നെടുന്തൂണുകളുള്ള നാട്ടുഭാഷയാകുന്ന, കാറ്റും വെളിച്ചവും കലർന്ന വരമൊഴിയുടെ ആവാസ വ്യവസ്ഥയെ സൃഷ്ടിക്കുകയാണ് എഴുത്തച്ഛൻ കൃതികൾ ചെയ്തത്. ഇന്ന് കേരളീയ പാരമ്പര്യ വാസ്തുശില്പ മാതൃകകളായ നടുമുറ്റവും മറ്റും ആർക്കിടെക്റ്റുകൾ അഴിച്ചെടുത്ത് നവ നിർമ്മിതികൾ തീർക്കുന്നതിനു തത്തുല്യമായി, സംസ്കൃത പദങ്ങളെ ഉചിതമായി നാട്ടു ഭാഷയോട് സംയോജിപ്പിച്ചു കൊണ്ട് എഴുത്തച്ഛൻ മലയാള വരമൊഴിക്കു അസ്തിവാരം കീറി. വാമൊഴി ഭേദങ്ങൾ, തമിഴ് ഒസ്യത്തുകൾ എന്നീ വാക് വൈവിധ്യങ്ങളെല്ലാം ഈ വരമൊഴി മലയാളത്തിൽ തനതു വ്യക്തിത്വത്തോടെ തലയുയർത്തി നിൽക്കുകയും ചെയ്തു.

"എഴുത്തച്ഛനെഴുതുമ്പോൾ പറക്കുന്നു കുതിരകളെഴുത്താണിത്തുമ്പിലൂടെ' എന്ന്​ സച്ചിദാനന്ദൻ കുറിച്ചതിൽ , കഴുതയായി ഭാരം ചുമക്കാൻ മാത്രം വിധിക്കപ്പെട്ട പതിത മലയാളം വിവേചനത്തിന്റെ ത്രൈവർണ്ണികാധികാരത്തോട് അശ്വ രൂപമാർജ്ജിച്ച് മുൻകാലുകളുയർത്തി അങ്കം കുറിക്കുന്നതു കാണാം.

ജാതി വിലക്കുകളില്ലാതെ വിദ്യാദാനത്തിനായി വിഹാരങ്ങൾ തുറന്നിട്ട ബുദ്ധ-ജൈന സംസ്കാരത്തിൽ ആയിരം വർഷത്തോളം അഭിരമിക്കാൻ കേരളത്തിനു സാധിച്ചതു കൊണ്ടാണ് വൈദ്യം, ജ്യോതിശാസ്ത്രം, തച്ചുശാസ്ത്രം എന്നീ രംഗങ്ങളിൽ ഈഴവർ, വേലർ, പുലയർ, കണിയാന്മാർ, ആശാരിമാരൊക്കെ സംസ്കൃത പാണ്ഡിത്യത്തോടെ വിദഗ്ധരായി ഇന്നും അവശേഷിക്കുന്നത്. ബ്രാഹ്‌മണേതരമായ ഈ ബൗദ്ധ പാരമ്പര്യം മാനവരിലെന്നപോലെ ഭാഷയിലും ഉച്ച നീചത്വം ആരോപിച്ചിരുന്നില്ല. അതുകൊണ്ട് സംസ്കൃതത്തോടൊപ്പം നാട്ടു ജീവൽ ഭാഷകളും ബൗദ്ധ സംസ്കാരത്താൽ പരിപോഷിപ്പിക്കപ്പെട്ടു. വിദ്യയെ ജനകീയമാക്കിയ ഈ വിഹാരങ്ങൾക്കും കാവുകൾക്കും മഠങ്ങൾക്കും കലാശാലകൾക്കും മേൽ ശങ്കരാചാര്യമതം നടത്തിയ കടന്നാക്രമണത്തോളം മറ്റൊന്നില്ല ഇന്ത്യയെ മനുഷ്യത്വ വിഹീനമായ ജാതിശ്രേണീയുടെ നിർഗുണ താവളമാക്കി ഇന്നും നിലനിർത്തുന്നതിൽ.

അച്ഛൻ, അമ്മ എന്നീ വാക്കുകളും സംസ്കൃതത്തിൽ നിന്നല്ല ബുദ്ധന്റെ പാലി ഭാഷയിൽ നിന്നാണ് മലയാളമായതും. അതുകൊണ്ട് നമ്മുടെ എഴുത്തിന്റെ "അച്ഛൻ' ബ്രാഹ്മണ്യമല്ല, ബോധിസത്വനത്രേ.

എന്നാൽ മനുഷ്യരിലും അവരുടെ ഭാഷയിലും സമഭാവന പുലർത്തുന്നതും ബ്രാഹ്മണമതത്തിന് അന്യവുമായ ബൗദ്ധ- ജൈന സംസ്​കാരത്തിന്റെ ഉയിർത്തെഴുന്നേൽപ്പാണ് എഴുത്തച്ഛൻ കാവ്യാദർശത്തിന്റെ ആന്തരിക ചോദന (അദ്ദേഹം ബുദ്ധമത കുടുംബ പരമ്പരയിൽ ജനിച്ചയാളെന്ന് എം.ജി.എസ്.നാരായണനും അതല്ല ജൈന പരമ്പരയെന്ന് കെ.ബാലകൃഷ്ണക്കുറുപ്പും പറയുന്നുണ്ട് ). ആ സാംസ്കാരിക പൈതൃകത്തെ പിൻപറ്റി ഭാഷാകാവ്യരചനയിലൂടെ മൂന്നു ദൗത്യങ്ങളാണ് തുഞ്ചൻ കൃതികൾ നിർവ്വഹിച്ചത്. അതിൽ ഏറ്റവും മുഖ്യമായതാകട്ടെ സാർവ്വത്രികമായ നാട്ടുഭാഷാ സാക്ഷരത മലയാളീ സമൂഹത്തിൽ ജാതി ലിംഗവ്യത്യാസമില്ലാതെ പുനഃസ്ഥാപിക്കുക എന്നതായിരുന്നു. പള്ളികൾക്കൊപ്പം പള്ളിക്കൂടങ്ങൾ/ എഴുത്തുപള്ളികൾ സ്ഥാപിച്ച് അക്ഷരവിദ്യയെ ജനകീയമാക്കിയ കേരളത്തിന്റെ ബൗദ്ധ പാരമ്പര്യത്തെയാണ് ബ്രാഹ്മണ മതത്തിന്റെ അറിവധികാരത്തെ ധിക്കരിച്ചു കൊണ്ട് എഴുത്തച്ഛൻ വീണ്ടെടുത്തത്. സംസ്കൃതത്തെ കൈ വെടിഞ്ഞ് എന്നാൽ, അതിലെ ബൃഹത്തായ വർണ പദ സംഹിതകളെ സ്വാംശീകരിച്ചു കൊണ്ടും, ഭാഷയ്ക്ക് വട്ടെഴുത്തെന്ന ലിപി ശരീരത്തെ നിർമ്മിച്ചു കൊണ്ടും പുതു മലയാണ്മക്കു ജീവൻ നൽകുന്നതിലൂടെ ഒരു ജനതയുടെ ചിരപുരാതനമായ അസ്തിത്വത്തെയാണ് അവർണനായ ഈ നാട്ടെഴുത്തച്ഛൻ പുതുക്കിപ്പണിഞ്ഞത്. ഇപ്രകാരം നാട്ടു ഭാഷാ സൃഷ്ടിയിലൂടെയും അതിന്റെ ജനായത്തവൽക്കരണത്തിലൂടെയും ബ്രാഹ്മണ്യത്തോടുള്ള സർഗ്ഗാത്മകമായ പ്രതിസ്വരമായിരുന്നു എഴുത്തച്ഛൻ കൃതികൾ.

രണ്ടാമതായി,
"ഋതുവായ പെണ്ണിന്നുമിരപ്പന്നും ദാഹകനും
പതിതന്നുമഗ്നിയജനം ചെയ്ത ഭൂസുരനും
ഹരിനാമകീർത്തനമിതൊരുനാളുമാർക്കുമുട-
നരുതാത്തതല്ല, ഹരി നാരായണായ നമ:'

എന്ന് തീണ്ടാരിയായ പെണ്ണിനും യാചകനും ദരിദ്രനുമെല്ലാം, അഗ്നിഹോത്രം ചെയ്യുന്ന ബ്രാഹ്മണനെ പോലെതന്നെ, ഈശ്വരനാമം ചൊല്ലാൻ അവകാശമുണ്ടെന്ന പ്രഖ്യാപനം, ബുദ്ധ സംസ്കാരാർജിതവും ജാതിലിംഗധന വിരുദ്ധവുമായ ധർമ്മസമത്വ ബോധത്തിന്റെ ബഹിസ്ഫുരണമല്ലാതെ മറ്റൊന്നുമല്ല. മാതംഗി എന്ന ചണ്ഡാലി പെൺകുട്ടിക്കു സന്യാസം നൽകിയ ബുദ്ധ ദർശനം അകക്കാമ്പിൽ ഉള്ളതുകൊണ്ടാണ് ഋതുമതിയായ പെണ്ണിന് ഹരിനാമകീർത്തനം ചൊല്ലാം എന്ന് എഴുത്തച്ഛൻ പറഞ്ഞത്.

മൂന്നാമതായി, സമത്വബോധത്തിനു വിഘാതമായി നിൽക്കുന്ന ബ്രാഹ്മണ മതത്തെ പരിപോഷിപ്പിക്കുന്ന രാജാധികാരത്തെ അഥവാ, സമ്പൂർണമായ ഭോഗലാലസതയെ ധാർമികതയിൽ അടിയുറച്ചു നിന്ന്​ എഴുത്തച്ഛൻ അവഗണിച്ചു എന്നതാണ്. തന്റെ ഒരു കൃതിയിലും അദ്ദേഹം രാജസ്തുതിക്കു മുതിർന്നില്ലെന്നു മാത്രമല്ല, ആരുടെയും ആശ്രിതനായി വന്ദന ശ്ലോകങ്ങൾ ചമച്ചുകൊണ്ട് കോവിലകങ്ങളിൽ അഭയം തേടിയതുമില്ല.

ദുരിതദുർഘടങ്ങൾ പേമാരിയ്ക്കൊപ്പം പെയ്തിറങ്ങുന്ന കർക്കടകത്തെ പാരായണത്തിന്റെയും ദേഹശുദ്ധി ശുശ്രൂഷയുടെയും മാസമാക്കി കർക്കടകക്കഞ്ഞിയും കളരി ചികിത്സകളും വഴി അകവും പുറവും വെടിപ്പാക്കാൻ മലയാളിയെ ശീലിപ്പിച്ചത് കേരളീയ ബൗദ്ധ സംസ്ക്കാര കാലമാണ്. മനവും തനുവും മാത്രമല്ല കുടിയും പരിസരവും ശുചിയാക്കി ശീപോതിയ്ക്കു വെയ്ക്കുന്ന ചടങ്ങ് ഇന്നും കർക്കടകത്തിലാണ്. "പോതി' എന്നാൽ "ബോധി' അഥവാ ബുദ്ധൻ തന്നെ. ശ്രീ ബുദ്ധനത്രെ ശീപോതി. കേരളത്തിൽ സർവ്വ വ്യസനങ്ങളും ഇടതിങ്ങി വരുന്ന കർക്കടകത്തെ ജയിക്കൽ ദുഃഖങ്ങളെ അതിജീവിക്കാനുള്ള വാർഷിക പരീക്ഷയാണ്. അതുകൊണ്ട് സമചിത്തതയോടെയും സമഭാവനയോടെയും ആത്മ ശരീര ശുചീകരണ പരിരക്ഷണമത്രേ കർക്കടകത്തിലെ ബൗദ്ധധർമ്മം. ആര്യാധിനിവേശത്താൽ എട്ടാം നൂറ്റാണ്ടിനും പതിനാറാം നൂറ്റാണ്ടിനുമിടയിൽ അധഃപതിച്ചു പോയ ഈ ബൗദ്ധശീലത്തെ

"ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം
വേഗേന നഷ്ടമാമായുസുമോർക്ക നീ'

എന്നു ധർമ്മമോതിക്കൊണ്ട് മലയാള രാമായണമെഴുതി, അതിനെ കർക്കടകവായനാ ഗ്രന്ഥമാക്കി തിരിച്ചു പിടിക്കുകയായിരുന്നു എഴുത്തച്ഛൻ ധർമം. നമ്പൂതിരിമാരല്ല, ശൂദ്രരായ ദരിദ്ര നായർ, ഈഴവർ, വിശ്വകർമ്മ എന്നീ ഒ.ബി.സി. കുടുംബങ്ങളിൽ പുരുഷന്മാരെന്ന പോലെ സ്ത്രീകളുമായിരുന്നു എഴുത്തച്ഛൻ രാമായണത്തിന്റെ കർക്കടക വായനക്കാർ. (സി.വി.കുഞ്ഞിരാമൻ തന്റെ ആത്മകഥയിൽ ഇക്കാവമ്മ എന്ന വിദുഷി തന്നെ അതിമനോഹരമായി രാമായണം വായിക്കാൻ പരിശീലിപ്പിച്ചത് അനുസ്മരിക്കുന്നുണ്ട്). അവർക്കത് ഭക്തിയേക്കാൾ അക്ഷരത്തിന്റെയും അറിവിന്റെയും കാവ്യാനുഭൂതിയുടെയും ജാതി ലിംഗസമത്വത്തിന്റെയും അകളങ്കിതമായ അനുഭവ ബോധ്യമായിരുന്നു.

ഇന്ന് "ശബരിമലയിൽ ദളിതനെ എന്തുകൊണ്ട് പൂജാരിയാക്കുന്നില്ല' എന്നു അവകാശ ബോധത്തോടെ സർക്കാരിനോട് കയർക്കുന്ന അധഃസ്ഥിത ഉയിർത്തെഴുന്നേൽപ്പ് തന്നെയാണ്, ജാതി വിലക്കുകളെ തെല്ലും കൂസാതെ, സംസ്കൃതത്തിലെ അധ്യാത്മരാമായണം മലയാളത്തിലേക്ക് സ്വതന്ത്രമായി പരിഭാഷപ്പെടുത്തി കേരളീയർക്കു സമ്മാനിച്ചപ്പോൾ, അഗ്നി കവർന്നെടുത്തു മനുഷ്യർക്കു നൽകിയ പ്രൊമിത്യൂസിനെ പോലെ എഴുത്തച്ഛനും ചെയ്തത്. അദ്ദേഹത്തിന്റെ ഭക്തി ഇന്നു നാം തിരിഞ്ഞു നോക്കുമ്പോൾ, ലക്ഷ്യമായിരുന്നില്ല മാർഗമായിരുന്നു, സ്വഭാഷയിലേയ്ക്കും സമത്വദർശനത്തിലേയ്ക്കും അധികാര വിമുഖതയിലേക്കും ധർമാദർശത്തിലേയ്ക്കും മലയാളിയെ പരിവർത്തിപ്പിക്കുന്നതിന്. അതുകൊണ്ട് കർക്കടകത്തെയും എഴുത്തച്ഛൻ രാമായണത്തെയും ആവേശിച്ചു ജീവസ്സു ചോർത്തിക്കളഞ്ഞ ബ്രാഹ്മണ്യ പ്രത്യയശാസ്ത്രത്തോട് ഏറ്റുമുട്ടുമ്പോൾ എഴുത്തച്ഛന്റെ ഭാഷയും, തീണ്ടാരിയായ പെണ്ണിനും ദൈവവിളിയ്ക്ക് അവകാശമുണ്ടെന്ന സമത്വ സ്വാതന്ത്ര്യ പ്രഖ്യാപനവും നാം ആ ഗൂഢാലോചനയ്ക്കു വിട്ടു കൊടുക്കരുത്. കാരണം ഈ ഭാഷയും പ്രഖ്യാപനവും നമ്മുടെ ഉച്ഛ്വാസവായു തന്നെയാണ്. അച്ഛൻ, അമ്മ എന്നീ വാക്കുകളും സംസ്കൃതത്തിൽ നിന്നല്ല ബുദ്ധന്റെ പാലി ഭാഷയിൽ നിന്നാണ് മലയാളമായതും. അതുകൊണ്ട് നമ്മുടെ എഴുത്തിന്റെ "അച്ഛൻ' ബ്രാഹ്മണ്യമല്ല, ബോധിസത്വനത്രേ. ഇതേ ബോധധാരയാണ് ഇങ്ങ് "സാധുജന പരിപാലന സംഘം' രൂപീകരിച്ച അയ്യൻകാളിയിലും കെടാതെ കത്തിയത്.

കർക്കടകത്തെയും രാമായണ വായനയെയും ഹിന്ദുത്വ ദുർശക്തികളുടെ കുടിലമായ അജണ്ടകളിലൊന്നായി വലിച്ചെറിയുന്നതിനു മുമ്പ്, നമുക്ക് അതിൽ നിന്നും എഴുത്തച്ഛനേയും ആ കലാപത്തെയും നാട്ടുചികിത്സയുടെ കായശുദ്ധി ചര്യകളെയും ഈ കർക്കിടക നാളുകളിൽ തിരികെയെടുക്കണം. അപ്പോഴേ ശബരിമലയിൽ ദളിത്പൂജാരി വേണം എന്ന അവകാശ ബോധം ചരിത്രത്തിൽ വേരൂന്നിയതാകൂ.

കടപ്പാട് :
1. കെ. ബാലകൃഷ്ണക്കുറുപ്പ് . വിശ്വാസത്തിന്റെ കാണാപ്പുറങ്ങൾ.
2 ഡോ. എം.ഡി. മനോജ്. കേരള ബുദ്ധ സാഹിത്യ സംസ്ക്കാര ധാരകൾ .


Comments