'ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ' കണ്ട രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല

ലേബലുകളൊന്നുമില്ലാതെ വന്ന ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ നാം കണ്ടിട്ടുള്ള സത്യസന്ധമായ സിനിമകളിലൊന്നാണ്. അടുക്കളയിലേക്കു തിരിച്ചുവച്ച കണ്ണാടിയിൽ ആൺബോധത്തിന്റെ അഴുക്കുകൾ, തുറന്നു പ്രദർശിപ്പിക്കുന്ന അശ്ലീലം പോലെ തെളിഞ്ഞുകാണുന്നു. ദാമ്പത്യത്തിലെ ലിംഗനീതിയെയും നൈതികതയെയും മാന്യതയെയുമൊക്കെ നേർക്കുനേർ വിചാരണ ചെയ്യുന്നത് അടുക്കള എന്ന സുപരിചിതമായ കളത്തിൽ നിർത്തിയാണ്. ധീരമായൊരു ശ്രമം തന്നെയാണത്.

കുറെ നല്ല സിനിമകൾ ഇറങ്ങിയ നല്ലൊരു വർഷമാണ് കടന്നുപോയത്. കോവിഡ് വെല്ലുവിളികൾ പുതിയ പരീക്ഷണങ്ങൾക്കും പുതിയ ആസ്വാദനശേഷിയ്ക്കും അവസരമൊരുക്കി. സംവിധായകനും തിരക്കഥാകൃത്തുമായ ജിയോ ബേബിയെ പോലും അമ്പരപ്പിക്കുന്ന വിജയം കൊയ്‌തെടുത്ത ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ ഈ വർഷത്തെ ഏറ്റവും നല്ല ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടി. ഏറ്റവും നല്ലൊരു തിരക്കഥയാണെന്നതിലും തർക്കമില്ല. ബിഗ് ബജറ്റോ, ജനം കാണാൻ ആഗ്രഹിക്കുന്നതായി നിർമാതാക്കൾ ഭാവന ചെയ്യുന്ന ഘടകങ്ങളോ താരരാജാക്കന്മാരോ ഒന്നുമില്ലാതെ പ്രേക്ഷകർ നല്ല സിനിമയെ ഏറ്റെടുക്കുന്ന കാഴ്ചയാണിത്. സിനിമ വിനോദോപാധി മാത്രമാണെന്ന് കരുതുന്നവർക്ക് നിർമിക്കാൻ കഴിയാത്ത പടമാണിത്.

കഴിഞ്ഞ ചില വർഷങ്ങളിൽ കണ്ട രണ്ടുമൂന്നു സിനിമകൾ മനസ്സിലേക്ക് കടന്നുവന്നു. ഗ്രാമീണ-ഫ്യൂഡൽ കുടുംബങ്ങളിലെ ആൺകോയ്മയുടെ ഉഗ്രവിഷം ചീറ്റുന്ന രംഗങ്ങൾ ലീന യാദവിന്റെ PARCHED എന്ന സിനിമയിൽ കാണാം. ഇതിനുനേരെ എതിരെ, വരേണ്യസമൂഹത്തിലെ ഹിപ്പോക്രസിയുടെ പൊയ്മുഖം തട്ടിയുടയ്ക്കുന്ന കാഴ്ച, അനുഭവ് സിൻഹയുടെ ഥപടിൽ ഉണ്ട്. വെറും ആൺസിനിമകളുടെ തള്ളിക്കയറ്റത്തിനിടെ വല്ലപ്പോഴും മാത്രം കടന്നുവരുന്ന ഇത്തരം നല്ല സാമൂഹ്യ ചിത്രങ്ങൾ വിജയിക്കുന്നുമുണ്ട്. സ്ത്രീപക്ഷ സിനിമകൾ എന്നവകാശപ്പെടുന്നവയിലെ സ്ത്രീവിരുദ്ധതയെക്കുറിച്ച് പറഞ്ഞിട്ട് കാര്യമില്ല.

ഥപട് എന്ന സിനിമയിൽ താപ്‌സി പന്നു / Photo: IMDb

ലേബലുകളൊന്നുമില്ലാതെ വന്ന ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ നാം കണ്ടിട്ടുള്ള സത്യസന്ധമായ സിനിമകളിലൊന്നാണ്. അടുക്കളയിലേക്കു തിരിച്ചുവച്ച കണ്ണാടിയിൽ ആൺബോധത്തിന്റെ അഴുക്കുകൾ, തുറന്നു പ്രദർശിപ്പിക്കുന്ന അശ്ലീലം പോലെ തെളിഞ്ഞുകാണുന്നു. ദാമ്പത്യത്തിലെ ലിംഗനീതിയെയും നൈതികതയെയും മാന്യതയെയുമൊക്കെ നേർക്കുനേർ വിചാരണ ചെയ്യുന്നത് അടുക്കള എന്ന സുപരിചിതമായ കളത്തിൽ നിർത്തിയാണ്. ധീരമായൊരു ശ്രമം തന്നെയാണത്.

അടുക്കളയിലെ യാന്ത്രികമായ ജോലികളെ ക്യാമറ നിർവികരമായി നോക്കിക്കാണുന്നു. തീറ്റക്കാർ തുപ്പിനാറ്റിയ ടേബിൾ കാഴ്ച അറപ്പുണ്ടാക്കുന്നതാണ്. ഇത്തരം രംഗങ്ങളിൽ വൈദഗ്ധ്യവും മിതത്വവും തികഞ്ഞ അഭിനയമാണ് നിമിഷയുടേത്. ഇടതടവില്ലാത്ത അടുക്കള ജോലികളിൽ മുങ്ങിത്താണു കിടക്കുന്ന സ്ത്രീജീവിതത്തിന്റെ മറുപുറത്ത്, വീട്ടിലെ പുരുഷന്മാർക്ക് യോഗാസനവും ഫോണും പത്രം വായനയും ഉറക്കവും മാത്രമേ ചെയ്യാനുള്ളൂ. ഒടുങ്ങാത്ത ജോലികളൊതുക്കി, ഉറങ്ങാൻ കയറുന്ന പെണ്ണിന് അത്രതന്നെ വിരസമായ കിടപ്പറ. താല്പര്യമുണ്ടെങ്കിലും ഇല്ലെങ്കിലും കുറച്ചു സെക്‌സ് കൂടി വിളമ്പിക്കഴിഞ്ഞാൽ ഉറങ്ങാം. അടുക്കളക്കാഴ്ച പോലെ സമർഥമായി ആവിഷ്‌കരിച്ച കിടപ്പറ കാഴ്ച.

ഓവർ സ്മാർട് ആയ ഒരു ബന്ധു വീട്ടിൽ വരുമ്പോൾ ചായക്ക് കുറ്റം പറയുന്നു. എങ്ങനെ ചായയുണ്ടാക്കണമെന്ന വിഷയത്തിൽ അയാൾ നിമിഷയ്ക്ക് സ്റ്റഡി ക്ലാസ് എടുക്കുന്നു. അടുക്കളയിൽ നിന്ന് പെണ്ണുങ്ങളെ പുറത്താക്കി "ആൺകുട്ടികൾ' ഡിന്നർ ഉണ്ടാക്കുന്നു. അടുക്കള അറപ്പിക്കുംവിധം ചെളിയും അഴുക്കും നിറച്ച് അലങ്കോലമാക്കിയിട്ടുണ്ട്. ഡിന്നർ കഴിഞ്ഞ് ചീട്ടുകളി കമ്പനിക്ക് വിളിക്കുമ്പോൾ, അടുക്കളയിൽ കുറച്ചുപണിയുണ്ട് ചേട്ടാ എന്ന് പറയുന്ന നിമിഷയോടു "അടുക്കളയിൽ ഇനിയെന്ത് പണി' എന്നയാൾ അത്ഭുതം കൂറുന്നു. ഈ രംഗം കണ്ടപ്പോൾ ജാഗോരിയുടെ ഒരു വീഡിയോ ഓർത്തുപോയി. ഭാര്യ എന്ത് ചെയ്യുന്നു എന്ന ചോദ്യത്തിന് എല്ലാ പുരുഷന്മാരും ഒരേ മറുപടിയാണ് പറയുന്നത്. "വോ കുച്ച് നഹിം കർതി' - അവൾ ഒന്നും ചെയ്യുന്നില്ല! പശ്ചാത്തലത്തിൽ വീട്ടിലും പാടത്തും പറമ്പിലും അത്യധ്വാനം ചെയ്യുന്ന സ്ത്രീകളുടെ ദൃശ്യങ്ങൾ കാണിക്കുന്നുണ്ട്. ആ അധ്വാനം പാടെ അവഗണിക്കപ്പെടുന്നു.

ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന സിനിമയിലെ രംഗം / Photo: IMDb

എന്നാൽ കേരളത്തിലെ ഉപരിമധ്യവർഗ പുരുഷന്റെ ഇരട്ടത്താപ്പ് പൊളിച്ചുകാട്ടുന്നതാണ് "സാരമില്ല, മോള് ബുദ്ധിമുട്ടണ്ട. ചമ്മന്തി മിക്‌സിയിൽ അരച്ചോളൂ, ചോറ് മാത്രം കുക്കറിൽ വയ്ക്കരുതേ' എന്നു മധുരമായി അപേക്ഷിക്കുന്ന അമ്മായിയപ്പന്റെ ഡയലോഗ്. "എന്റെ തുണികൾ വാഷിങ് മെഷീനിൽ ഇടല്ലേ മോളെ' എന്നു കിന്നാരം പറയുന്ന ശുംഭന്റെ അടിവസ്ത്രം മരുമകൾ ഉരച്ചുകഴുകുന്ന കാഴ്ച ഉള്ളിൽ തങ്ങിനിൽകും. ഇതുപോലെ ഒരുപാട് സീനുകളുണ്ട്. ഭാരതീയ അടുക്കളയുടെ ദൃശ്യാവിഷ്‌കാരത്തിലൂടെ സംവിധായകൻ പാട്രിയാർക്കിയിലെ പെൺജീവിതം ഉള്ളിൽ തട്ടുംവിധം തന്നെ അവതരിപ്പിക്കുന്നുണ്ട്.

സുരാജിനും നിമിഷയ്ക്കും വിരുന്നുനൽകുന്ന വീട്ടിലെ ആൺകുട്ടി ഗൃഹനാഥനോടും അതിഥികളോടുമൊപ്പം തീന്മേശയിലിരിക്കുമ്പോൾ ചെറിയ പെൺകുട്ടിയെ "അവൾ എന്റെ കൂടെ കഴിച്ചോളും' എന്ന് അമ്മ വിലക്കുന്നത് വീടുകളിലെ ആരും കാര്യമായെടുക്കാത്ത സാധാരണ രംഗമാണ്.
വീട്ടിലെ മുതിർന്ന പുരുഷന് പല്ലുതേയ്ക്കാനുള്ള ബ്രഷ് ഭാര്യയുടെ കസ്റ്റഡിയിലാണ്. അമ്മ ഇല്ലാത്ത ഒരു ദിവസം " ബ്രഷ് കിട്ടീട്ടില്ല മോളെ' എന്ന് പറയാൻ അയാൾക്ക് യാതൊരു കൂസലുമില്ല. ഈ രംഗത്തെക്കുറിച്ചു പലരുമായും സംസാരിച്ചപ്പോഴാണ് ഷർട്ടിന്റെ ബട്ടനിടാനും ബോഡി spray അടിക്കാനും വേണ്ടി സിനിമകളിൽ കാണുംപോലെ നിന്നുകൊടുക്കുന്ന പുരുഷന്മാർ അന്യംനിന്നു പോയിട്ടില്ലെന്ന് അറിഞ്ഞത്. ജിയോ ബേബിയുടെ അപൂർവ സുന്ദരമായ സ്‌ക്രിപ്റ്റ് സിനിമ കണ്ട പുരുഷന്മാർക്ക് ഒരു ആത്മനിന്ദ കൊടുക്കാൻ പ്രാപ്തമാണ്. താൻ കണ്ട കാഴ്ചകളല്ലാതെ കാണാത്തതൊന്നും തന്റെ ഈ സിനിമയിലില്ലെന്നു അദ്ദേഹം ഒരു അഭിമുഖത്തിൽ പറയുന്നുണ്ട്.

ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന സിനിമയിലെ രംഗം / Photo: IMDb

പാട്രിയാർക്കിയുടെ മുഖത്തേയ്ക്കു അടുക്കളയിലെ അഴുക്കുവെള്ളം ഒഴിച്ചിട്ടു അടുക്കളയെ പുറത്തുനിന്നു പൂട്ടി, ആചാരസംരക്ഷണപന്തലിന്റെ മുന്നിലൂടെ ഉറച്ച കാൽവയ്പുകളോടെ നിമിഷ നടന്നു മുന്നോട്ടു നീങ്ങുന്നിടത്തു ചിത്രത്തിന് ഒരു പൂർണത വരുമായിരുന്നെങ്കിലും അതിനുശേഷം മാത്രം കാണിക്കാൻ പറ്റുന്ന രണ്ടു ഉഗ്രൻ സീനുകൾ മിസ് ആകുമായിരുന്നു.
സ്വന്തം വീട്ടിൽ ചെന്ന നിമിഷയോടു "മാപ്പു പറഞ്ഞു തിരിച്ചുപോകണം, ഞാൻ കൊണ്ടാക്കാം' എന്നാണു അമ്മ കയർക്കുന്നത്. "ചേച്ചി എപ്പോൾ വന്നു' എന്ന കുശലപ്രശ്‌നത്തോടെ കയറിവരുന്ന ആൺകുട്ടി, "അമ്മേ എനിക്ക് കുറച്ചു വെള്ളം' എന്നാവശ്യപ്പെടുമ്പോൾ അവനു കുറച്ചു വെള്ളം കൊടുക്ക് എന്ന് അമ്മ അനിയത്തിയോട് പറയുന്നു. "ഇരിക്കെടീ അവിടെ' എന്ന് പൊട്ടിത്തെറിച്ചുകൊണ്ടു, "നിനക്കെന്താണടാ തനിയെ എടുത്തു കുടിച്ചാൽ' എന്ന് ചോദിക്കുന്ന രംഗത്തിന്റെ ദൗത്യം ചെറുതല്ല. അടുത്ത സീനിൽ കിച്ചൻ സ്‌ളാബിനു മുകളിൽ ഇരുന്ന് ചായ കുടിച്ചുകൊണ്ട് കഴിഞ്ഞ ജീവിതം ഒരു റിഹേഴ്‌സലായിരുന്നു, തെറ്റുതിരുത്തി മുന്നോട്ടുപോകാം എന്ന് തന്റെ പുതിയ ഭാര്യയോട് പറയുന്ന സുരാജിനെ കാണാം. ചായ കുടിച്ച കപ്പ് അവിടെത്തന്നെ വച്ചിട്ട് ഒന്ന് ഫ്രഷായിട്ടു വരാം എന്നു ആദ്യ ഭാര്യയോട് പറഞ്ഞ അതേ ഡയലോഗുമായി അടുക്കളയിൽ നിന്ന് പുറത്തുപോകുന്നു. പെൺകുട്ടി ഗ്ലാസ്സെടുത്തു കഴുകുന്ന സീൻ പരത്തിതന്നെ കാണിക്കുന്നുണ്ട്. നല്ലൊരു സ്റ്റഡി മെറ്റീരിയലാണ് ഈ ഫിലിം.

ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ എന്ന സിനിമയിലെ രംഗം / Photo: IMDb

ഈ സിനിമ കണ്ട രാത്രി ഉറങ്ങാൻ കഴിഞ്ഞില്ല. എന്റെ അമ്മയുടെ ദുരിതപൂർണമായ അടുക്കളജീവിതത്തിന്റെ ഓർമകൾ അലട്ടിക്കൊണ്ടിരുന്നു. നിവർത്തികേടുകൊണ്ടാവാമെങ്കിലും ആ അടുക്കള അമ്മയുടെ ചോയ്‌സ് ആയിരുന്നു. താൻ ശോഭിക്കുമായിരുന്ന അധ്യാപകവൃത്തി ഉപേക്ഷിച്ചത് വലിയൊരടുക്കളയും ചെറിയ കുട്ടികളും ബാധ്യതയായി വന്നപ്പോഴാണ്. ഇന്നത്തെപ്പോലെ ഗ്യാസടുപ്പും മിക്‌സിയും കുക്കറുമൊന്നുമില്ലാത്ത കാലം. ആ അടുക്കളയിൽ നിന്ന് ഒന്നും ഡിമാൻഡ് ചെയ്യാത്ത അച്ഛന്റെ ജീവിതവും വിശ്രമമറിയാത്തതായിരുന്നു. നല്ല ഹോട്ടലുകളില്ലാതിരുന്ന ഗ്രാമത്തിലേക്ക് അച്ഛനെ തേടി ദൂരസ്ഥലങ്ങളിൽനിന്നെത്തിയ രോഗികൾക്കും മുന്നറിയിപ്പില്ലാതെ കയറിവരുന്ന സന്ദർശകർക്കും ഒക്കെ അമ്മയുടെ അടുക്കള ഭക്ഷണം നൽകിയിരുന്നു. ആ കൊച്ചു ഗ്രാമത്തിൽ അച്ഛൻ തുടങ്ങിയ സ്‌കൂളിൽ ലഞ്ച് കൊണ്ടുവരാത്ത ചില കുട്ടികൾക്കും അമ്മ സന്തോഷത്തോടെ ചോറ് കൊടുത്തു. കൃഷിപ്പണിക്കാർക്കും അച്ഛന്റെ സഹായികൾക്കും ഒക്കെ ആ കിച്ചൻ ആഹാരം കൊടുത്തു. ഭ്രാന്തു പിടിപ്പിക്കുന്ന കാഴ്ച.

അറിയുന്നവരൊക്കെ ആദരിച്ചിരുന്ന ആ ധന്യജീവിതം സ്വന്തം അനുഭവത്തിൽ ദുരിതപൂർണമായിരുന്നു. ഈ കഷ്ടപ്പാട് അച്ഛനെ ദുഃഖിപ്പിച്ചിരുന്നു. പഞ്ചാഗ്‌നിമധ്യത്തിലെ ഈ തപസ് എന്നുതീരും എന്ന് വിഷമത്തോടെ പറയുന്നത് ഞാനൊരിക്കൽ കേട്ടു. ജോലിപരിചയമില്ലാത്ത സഹായികളെ പറഞ്ഞയച്ച് ആ അടുക്കളയെ അദ്ദേഹം കൂടുതൽ പ്രശ്‌നത്തിലാക്കി. കുട്ടികളായിരിക്കുമ്പോൾ ഞങ്ങൾ അമ്മയെ വളരെ കഷ്ടപ്പെടുത്തിയിട്ടുണ്ട്. അമ്മ ഇന്നില്ല. ഇത്രയേറെ സന്തോഷവും സ്‌നേഹവും നൽകിയ അമ്മയെ ഇന്ന് ഞാനോർക്കുന്നത് അടുക്കള നരകത്തിന്റെ പേരിലാണ്. എന്നാൽ ഇതൊന്നുമല്ല എന്റെയും രണ്ടു പെൺമക്കളുടെയും അടുക്കളകൾ. ഈ മൂന്നു അടുക്കളകളിലും പതിമൂന്നു വയസ്സുള്ള ഒരു കുട്ടി ഉൾപ്പെടെ ഏഴു പേർക്കും കടന്നുചെല്ലാം, ഇഷ്ടമുള്ളതുണ്ടാക്കുകയോ സൊറപറഞ്ഞു കൂടെ നിൽക്കുകയോ ചെയ്യാം. എന്റെ മൂത്ത മകൾ മാത്രമാണ് പാചകം ചെയ്യാത്തത്. പക്ഷെ കിച്ചൺ സ്ലാബ് തന്റെ സ്റ്റഡി ടേബിൾ പോലെ തുടച്ചുവയ്ക്കും.

ജിയോ ബേബി, താൻ അടുക്കള ജോലികൾ ചെയ്യുന്നൊരാളാണെന്നു ഒരഭിമുഖത്തിൽ പറയുന്നുണ്ട്. അതിൽ പെട്ടുപോയ ഒരാൾ എന്നാണദ്ദേഹം പറയുന്നത്. "നമ്മളൊരാളെ സഹായിക്കുന്നതാണ്... എന്റെ പാർട്ണറുടെ കൂടെ നിൽക്കേണ്ടതുകൊണ്ടു...' അതെന്തുമാകട്ടെ, തന്റെ വീട്ടിലെ അടുക്കള തന്റെ കൂടി ബാധ്യതയാണെന്ന ഉൾക്കാഴ്ചയുള്ള ഒരാളുടെ സിനിമയായിട്ടാണ് ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ നമ്മുടെ മുന്നിലുള്ളത്. ആർത്തവം വകവയ്ക്കാതെ അടുക്കളപ്പണിക്ക് പോകുന്ന ജോലിക്കാരിയും തീണ്ടാരിക്കാലത്തു "ചുത്തി പിടിക്കാതെ' മുറുക്കിത്തുപ്പി നടക്കുന്ന തന്നിഷ്ടക്കാരിയും സിനിമയിലുണ്ടല്ലോ!

Comments