‘തുടർച്ച പിണറായി വിജയനാണ്​, അത്​ വിപൽക്കരമാണ്​’

തുടർഭരണം എന്നതുകൊണ്ട് എൽ.ഡി.എഫ് ഉദ്ദേശിക്കുന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തുടർഭരണം അല്ല, അത് പിണറായി വിജയൻ എന്ന വ്യക്തിയുടെ, അല്ലെങ്കിൽ അദ്ദേഹത്തിനും അദ്ദേഹത്തിനൊപ്പം അധികാരം കയ്യാളുന്നവരുടെയും തുടർച്ച മാത്രമാണ്. ഈ തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയം നോക്കുക. കഴിഞ്ഞ ഗവൺമെൻറിൽ ഫലപ്രദമായി പെർഫോം ചെയ്തവരെ വെറും സാങ്കേതിക കാരണം പറഞ്ഞ് ഒഴിവാക്കുക, അതിൽ കെ.ടി. ജലീലിനെപ്പോലെ, വളരെ ടെയ്ന്റഡ് ആയവർക്ക്​ ഇളവ്​ കൊടുക്കുക. പ്രത്യേക ഉദ്ദേശ്യത്തോടെയാണ് പിണറായി വിജയൻ ഈ തുടർച്ച ആഗ്രഹിക്കുന്നത് എന്ന്​ ഇതിൽനിന്ന്​ വ്യക്​തമാണ്​. അത് എത്രമാത്രം ആശാസ്യമാണ്, എത്രമാത്രം അനുകൂലമാണ് കേരളത്തിന്റെ മുന്നോട്ടു പോക്കിന് എന്ന്​ ആലോചിക്കേണ്ടിവരും.

കഴിഞ്ഞ അഞ്ചുവർഷത്തെ രീതി കണ്ടു കഴിഞ്ഞാൽ ഒരു കാര്യം മനസ്സിലാക്കാം, മുഖ്യമന്ത്രിയും ഒരു ബ്യൂറോക്രസിയും കൂടിയായിരുന്നു കേരളം ഭരിച്ചത്. ബ്യൂറോക്രസി എന്നു പറയുന്നത് ഐ.എ.എസ് ലെവലിലുള്ള ഉദ്യോഗസ്ഥ വിഭാഗവും വളരെ സെലക്ടഡായ ഉദ്യോഗസ്ഥരും മുഖ്യമന്ത്രിക്കു ചുറ്റുമുള്ള ചില സെക്രട്ടറിമാരും അടങ്ങിയ ഒരു ഭരണം. ഏതുതരം ഭരണമായിരുന്നോ ബംഗാളിൽ, അല്ലെങ്കിൽ ബ്യൂറോക്രസി എങ്ങനെയാണോ ചൈനയിലും സോവിയറ്റ് യൂണിയനിലും അധികാരം കയ്യാളുന്നത്, അതിന്റെ മാഗ്നിട്യൂഡ് ഇല്ലെങ്കിലും അതിന്റെ ഒരു കോമാളി രൂപം എന്ന നിലയിലാണ് ഇവിടെ കാര്യങ്ങൾ പോയിക്കൊണ്ടിരുന്നത്.

ഏറ്റവുമൊടുവിൽ ആഴക്കടൽ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് അമേരിക്കൻ കമ്പനിയുമായുള്ള കരാർ ആണെങ്കിലും ആരോഗ്യ വിവരങ്ങളും മറ്റും കമ്പനികൾക്ക് കൈമാറാനുള്ള സ്​പ്രംഗ്​ളർ കരാർ ആണെങ്കിലും; എല്ലാ കാര്യങ്ങളും തനിക്കറിയില്ലെന്ന് ആദ്യം മുഖ്യമന്ത്രി പറയും. മുഴുവൻ ഉത്തരവാദിത്തങ്ങളും സെക്രട്ടറിമാരിലും ഓഫീസർമാരിലും ആരോപിക്കും, അത് വിജയിച്ചു കഴിഞ്ഞാൽ അതിന്റെ ഗുണഭോക്താവാകും, അത്​ തന്റെ നേട്ടമാണെന്ന് മുഖ്യമന്ത്രി സമർത്ഥമായി അവകാശപ്പെടും. വിജയിച്ചു കഴിഞ്ഞാൽ, ഫലപ്രദമായി നടപ്പിലാക്കി കഴിഞ്ഞാൽ എത്രമോശം പ്രോഗ്രാമാണെങ്കിലും അത് നേട്ടമാണെന്ന് പറയുകയും വീഴ്ച വന്നാൽ അത് ‘ഞാൻ അറിയില്ല’ എന്ന രീതിയിൽ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞു മാറുകയുമാണ്​ ചെയ്യുക. അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ മറ്റ് വ്യക്തികൾ ഇക്കാര്യങ്ങളെല്ലാം അറിയുന്നുണ്ടോ എന്ന കാര്യം സംശയമാണ്.

ഉദാഹരണത്തിന്​, ഇലക്​ട്രിക്​ ബസ് നിർമാണ കരാർ. അത് താൻ അറിയില്ലെന്നാണ്​ ഗതാഗത മന്ത്രി പറഞ്ഞത്. ഇത്തരത്തിൽ സഹപ്രവർത്തകരെ കൂടി അറിയിക്കാതെ ഒരു രഹസ്യവിഭാഗം അധികാരവും സമ്പത്തും കയ്യാളുക എന്ന ഫാസിസ്​റ്റായ രീതി. ഫാസിസ്റ്റ് എന്നാൽ അർഥമാക്കുന്നത്​, ഹിറ്റ്‌ലറുടെയോ മുസോളിനിയുടേയോ ഫാസിസമല്ല, പുതുതായി രൂപപ്പെട്ടുവന്ന, പ്രത്യേകിച്ചും മൂന്നാം ലോകരാജ്യങ്ങളിൽ രൂപപ്പെട്ട ഒരു തരം പുതിയ ഫാസിസമാണ്. കമ്യൂണിസ്​റ്റ്​ പാർട്ടി രൂപം മാറി സോഷ്യൽ ഡമോക്രാറ്റ്‌സ് ആയതിന്റെ ഫലമായി ജനാധിപത്യ മാർഗത്തിലൂടെ അധികാരത്തിലെത്തുകയും പിന്നെ ആ അധികാരം നിലനിർത്താൻ പല ഉപാധികളും സ്വീകരിക്കുന്ന ഒരു ഫാസിസ്റ്റ് രീതിയുണ്ട്. അതാണ് കേരളത്തിൽ ഫലപ്രദമായി പിണറായി വിജയനും സി.പി.എമ്മും ചെയ്യുന്നത്​. സി.പി.എം എന്ന പാർട്ടി എത്രമാത്രം പങ്കാളിയാണെന്ന് എനിക്ക് സംശയമുണ്ട്. പലപ്പോഴും, പാർട്ടിയിലെ പല വിഭാഗങ്ങളും ഇതിനെ എതിർക്കുന്നുണ്ട്. പക്ഷേ പിണറായി വിജയനെന്ന ലീഡർ അതാണ് ചെയ്തുകൊണ്ടിരിക്കുന്നത്. ബാക്കിയുള്ളവരെ നിഷ്​പ്രഭമാക്കും വിധം കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നു. അതാണ്, ഞാൻ ഇതിന്റെ തുടർച്ചയെ എതിർക്കാൻ കാരണം, അല്ലെങ്കിൽ അത് കേരളത്തിന് ഗുണകരമായിരിക്കില്ല എന്ന് പറയാൻ കാരണം. മാത്രമല്ല, വിപൽക്കരം കൂടിയായിരിക്കും അത്.

മറ്റൊരു കാര്യം: കേരളം കഴിഞ്ഞ അഞ്ചുവർഷംകൊണ്ട് ദക്ഷിണേന്ത്യയിലെ എന്നു മാത്രമല്ല ഏഷ്യയിലെ തന്നെ പ്രധാനപ്പെട്ട ഒരു അണ്ടർവേൾഡ് പ്രവർത്തന കേന്ദ്രമായി മാറിയിരിക്കുകയാണ്. സ്വർണക്കള്ളക്കടത്ത്, മയക്കുമരുന്ന് വ്യാപാരം, ആയുധക്കടത്ത്- ഇങ്ങനെയുള്ളവയുടെ കേന്ദ്രമായി മാറിയിട്ടുണ്ട്. നേരത്തെ ഗുജറാത്ത് - ബോംബെ കോസ്റ്റായിരുന്നെങ്കിൽ അത് കേരള തീരത്തേക്കും കേരള- ശ്രീലങ്കൻ തീരത്തേക്കും അതിന്റെ ഓപ്പറേഷൻസ് മാറിയതിന് ധാരാളം തെളിവുണ്ട്. രണ്ടുമാസം മുമ്പ് ഇടയ്ക്കിടയ്ക്ക് ആയുധക്കപ്പലുകളെയും മയക്കുമരുന്നുമായി പോകുന്ന കപ്പലുകളെയും കടലിൽ വെച്ച് നേവി തടയുകയും പിടിക്കുകയും ചെയ്യുന്നുണ്ട്. അതൊക്കെ വരുന്നത് പാക്കിസ്ഥാനിൽ നിന്നാണ്. അതിന്റെ ഏജൻറുമാർ വർക്കു ചെയ്യുന്നത് കേരളത്തിലും തമിഴ്‌നാട് തീരത്തുമാണ്​.

ഇവർക്കൊക്കെ പ്രവർത്തിക്കാൻ അനുകൂല സാഹചര്യം കേരളത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. കേരളത്തിലെ ഭരണകൂടത്തിനും പൊലീസിനും രാഷ്ട്രീയ നേതൃത്വത്തിനും അതിൽ പങ്കുണ്ട്, അല്ലെങ്കിൽ മൗനാനുവാദമുണ്ട് എന്ന കാര്യം വ്യക്തമാണ്. ആ രീതിയിൽ അതും അങ്ങേയറ്റം അപകടകരമാണ്. മാത്രമല്ല, അത് പലതരം മത ഫണ്ടമെന്റലിസ്റ്റ്- ടെററിസ്റ്റ് ആക്ടിവിറ്റികളിലേക്കും പോകുന്നുണ്ട്. ഈയടുത്ത് പത്രത്തിൽ വായിച്ചതാണ്, വസ്തുതാപരമായി ശരിയാണെന്ന് പറയുന്നു, രണ്ടു കപ്പലുകൾ നേവി പിടിച്ചെടുത്തതിൽ, ഒന്ന് വിഴിഞ്ഞത്തും ഒന്ന് കൊച്ചിയിലും അടുപ്പിച്ചു. അതിൽ ആയുധങ്ങളും മയക്കുമരുന്നുമായിരുന്നു. അതേപോലെ, കേരളത്തിൽ തീവ്രവാദി സ്‌ഫോടനം നടത്താൻ വേണ്ടിയുള്ള ചില സംഘങ്ങളുടെ പ്രവർത്തനങ്ങളും കണ്ടെത്തിയിട്ടുണ്ട്.

ഈ രീതിയിൽ, കേരളത്തിൽ നിലനിൽക്കുന്ന ശാന്തവും സമാധാനപൂർണവുമായ അന്തരീക്ഷം തകർക്കുന്ന വിധത്തിലുള്ള പ്രവർത്തനങ്ങൾ കഴിഞ്ഞ അഞ്ചുവർഷത്തിനുള്ളിൽ സജീവമായിട്ടുണ്ട്. അതിന്, ഒന്നുകിൽ സർക്കാറിന്റേതായ മൗനാനുവാദമുണ്ടായിട്ടുണ്ടാകാം, അല്ലെങ്കിൽ അനുകൂല സാഹചര്യം ഒരുക്കിക്കൊടുത്ത്​ അതിൽ നിന്നുള്ള വിഹിതം അധികാരത്തിലുള്ളവർ കൈപ്പറ്റുന്നുണ്ടായിരിക്കാം. ഇതിനോട്​ചേർത്തുവായിക്കേണ്ട മറ്റൊരു കാര്യം, നമ്മുടെ മന്ത്രിമാർക്കും സ്പീക്കർക്കും എതിരെ ആരോപിക്കപ്പെടുന്ന വിദേശ ബന്ധങ്ങളും വിദേശ യാത്രകളും വിദേശ ബിസിനസുകളും ഒക്കെതന്നെയാണ്. എന്തിനു പോകുന്നു, ആരെയൊക്കെ കാണുന്നു എന്നൊന്നും ജനം അറിയാത്ത വിധത്തിലാണ്​ അത്തരം യാത്രകൾ. തുടർച്ചയുമായി ബന്ധപ്പെട്ട ഒന്നാമത്തെ ഭീഷണി ഇതാണ്​.

പരസ്പരം പരിശോധിച്ചും ആശയവിനിമയം നടത്തിയും മുന്നോട്ടുപോകുന്ന ഒരു സംവിധാനമാണ് ഇന്ത്യൻ ഫെഡറൽ സംവിധാനം. ഇവിടെയാണെങ്കിൽ ഫെഡറൽ സംവിധാനത്തിലെ കേന്ദ്ര നിയമങ്ങളെയും കേന്ദ്രത്തിന്റേതായ ഏജൻസികളേയും മുഴുവൻ അപഹാസ്യമാക്കാനും നിർവീര്യമാക്കാനും അതിനെ ചാലഞ്ച് ചെയ്യാനുമുള്ള ശ്രമമാണ്. ഇത് എല്ലാതരം ഫാസിസ്റ്റുകളും ചെയ്യുന്ന കാര്യമാണ്. അധികാരത്തിൽ വന്നുകഴിഞ്ഞാൽ, അവരുടെ ഇംഗിതത്തിനനുസരിച്ച് അധികാരം കൈയാളും, ഭരണഘടനയോ ജുഡീഷ്യറിയോ പൊലീസ് സംവിധാനങ്ങളോ പൊതുജനങ്ങളോ അതിന് എതിരാണെന്ന് തോന്നിക്കഴിഞ്ഞാൽ അതിനെ നിഷ്​പ്രഭമാക്കാനും നിർവീര്യമാക്കാനുമുള്ള പ്രവർത്തനം നടത്തും. അത് എല്ലായിടത്തുമുണ്ടായിട്ടുണ്ട്. ചിലിയിലുണ്ടായിട്ടുണ്ട്. എം.എ ബേബിയൊക്കെ എപ്പോഴും എടുത്തുപറയുന്ന ക്യൂബയിൽ ഫിഡൽ കാസ്‌ട്രോ ചെയ്തതതാണ്. കാസ്‌ട്രോയെ അധികാരത്തിലെത്തിച്ച പല എഴുത്തുകാരെയും അദ്ദേഹത്തിന്റെ കാലത്ത് തടവിലാക്കിയിട്ടുണ്ട്​, അവരും പല ക്യൂബൻ കമ്മ്യൂണിസ്റ്റുകളും ജനാധിപത്യവാദികളും അമേരിക്കയിൽ അഭയം തേടിയിട്ടുണ്ട്.

അതുപോലെ, ഷാവേസ്​ വെനിസ്വലയിൽ അധികാരത്തിലെത്തുന്നു. അധികാരത്തുടർച്ചയ്ക്ക് ഭരണഘടന അനുവദിക്കുന്നില്ലെന്ന് തിരിച്ചറിഞ്ഞ നിമിഷം, വീണ്ടും തെരഞ്ഞെടുപ്പിലൂടെ ഭരണഘടനാമാറ്റത്തിന്​ ജനാഭിപ്രായം തേടുകയും അതുവെച്ചുകൊണ്ട് ആജീവനാന്ത പ്രസിഡന്റായി സ്വയം അവരോധിക്കുകയും ചെയ്യുന്നു. ജനയിച്ഛ ആ രീതിയിൽ മാനിപ്പുലേറ്റ് ചെയ്യുന്നു. പിന്നെ അദ്ദേഹം ചെയ്തത്​ എതിരഭിപ്രായം പറയുന്നവരെയും വിയോജിക്കുന്നവരെയും ജയിലിലടക്കുകയും രാജ്യത്തിന് പുറത്താക്കുകയും അവർക്ക് അവസരം കൊടുക്കാതിരിക്കുകയുമാണ്​. വെനിസ്വല ഒരു സ്വതന്ത്രരാജ്യമായതുകൊണ്ട് പ്രസിഡന്റിനെ മാറ്റാൻ അധികാരമുണ്ട്​, അതുകൊണ്ട്​ അത്​ സാധ്യമായി.

കേരളം ഒരു സ്റ്റേറ്റ് ആയതുകൊണ്ടുതന്നെ ഭരണഘടന മാറ്റാൻ പിണറായി വിജയനോ കേരള മുഖ്യമന്ത്രിക്കോ അധികാരമില്ല. അതുകൊണ്ട്​, ഇതിന്റെ പരിധിയിൽ ചെന്ന് ഇതിനെ അപഹസിക്കുകയും നിർവീര്യമാക്കുകയും ഇതിനെ കോമാളിരൂപമാക്കുകയും ചെയ്യുന്നു. ഇ.ഡിയെയും കസ്റ്റംസിനെയും സി.ബി.ഐയെയും ഇത്തരത്തിലുള്ള കേന്ദ്ര പരിശോധനാ സംവിധാനങ്ങളെയും മുഴുവൻ അപ്രസക്തമാക്കുന്ന വിധത്തിൽ, നിർവീര്യമാക്കുന്ന വിധത്തിൽ ഒരു ഏറ്റുമുട്ടലാണ് നടക്കുന്നത്, കേന്ദ്രവുമായി. കേന്ദ്രത്തിലെ ബി.ജെ.പി സർക്കാറുമായിട്ടല്ല ഏറ്റുമുട്ടുന്നത്, ഇന്ത്യൻ സ്‌റ്റേറ്റുമായിട്ടാണ്. അവിടെ മോദിയാണോ അമിത് ഷാ ആണോ എന്നതല്ല പ്രശ്‌നം. ഏറ്റുമുട്ടുന്നത് ഐ.ബിയാണെങ്കിലും ഇ.ഡിയാണെങ്കിലും സി.ബി.ഐയാണെങ്കിലും ഒക്കെ തന്നെ സ്റ്റേറ്റിന്റെ സംവിധാനമാണ്. സെൻട്രൽ സിസ്റ്റമാണ്. അതിനോടാണ് കേരള ഗവൺമെൻറ്​ ഏറ്റുമുട്ടുന്നത്​. അവർക്കെതിരെ കേസെടുക്കുന്നു. ഒരു സ്വതന്ത്ര പ്രദേശമായി, ഞങ്ങൾക്ക് അധികാരം കയ്യാളാൻ പറ്റുന്ന സ്ഥലമായി, ഞങ്ങളെ പരിശോധിക്കാൻ ആരും വരാത്ത ഒരിടമായി ഇതിനെ മാറ്റാനുള്ള ശ്രമമാണ്. തുടർഭരണം ആപത്​കരമാണ്​ എന്നു പറയാനുള്ള രണ്ടാമത്തെ കാരണം ഇതാണ്​.

ബി.ജെ.പിയുടെ തുടർഭരണ​വും വിമർശിക്കപ്പെടേണ്ടതല്ലേ എന്ന ചോദ്യമുയരുന്നുണ്ട്​. ഇതു രണ്ടിനെയും രണ്ടായി കാണേണ്ട ആവശ്യമുണ്ട്. ബി.ജെ.പി ഈ രീതിയിൽ ഇന്ത്യൻ സ്റ്റേറ്റിനെ വെല്ലുവിളിക്കുന്നില്ല. ഇത് അതല്ല ചെയ്യുന്നത്. മാനിപ്പുലേറ്റ് ചെയ്യുകയാണ്. ഇലക്ടറൽ റോളിൽ കാണുന്ന കാര്യങ്ങൾ, കീ പോസ്റ്റുകൾ, പൊലീസ് സംവിധാനത്തെ ഉപയോഗിക്കുന്ന വിധം, ഏറ്റുമുട്ടൽ കൊല... ഇതൊക്കെ മറ്റേ ഗവൺമെന്റ് ചെയ്യുന്നുണ്ടായിരിക്കും, ഇല്ല എന്നല്ല പറയുന്നത്, പക്ഷേ അവർ ഇന്ത്യൻ സ്റ്റേറ്റിനെ വെല്ലുവിളിക്കുന്നില്ല, ആ അർത്ഥത്തിൽ. അവർ ഭരണഘടന മാറ്റുന്നുണ്ട്. പക്ഷേ അനുവദനീയമായ രീതിയിലാണത് ചെയ്യുന്നത്. ഇത്​ അതല്ല ചെയ്യുന്നത്. സ്റ്റേറ്റിനെയും ഈ കോൺസ്റ്റിറ്റ്യൂഷനെയും മറ്റും അങ്ങേയറ്റം വെല്ലുവിളിച്ചുകൊണ്ടുള്ള പ്രവർത്തനമാണ് നടക്കുന്നത്.

പിന്നെ ഈ രഹസ്യാത്മകതയെന്നു പറയുന്ന കാര്യം . എല്ലാം ഒരു ബ്യൂറോക്രാറ്റിക് റൂളിലേക്ക്​, ഒരു വ്യക്തിയിലേക്ക്​ കേന്ദ്രീകരിക്കുന്നു. അതുകൊണ്ടാണിത് അപകടകരമെന്ന് പറയുന്നത്. മാത്രമല്ല, ഇതിനു പിന്നിൽ നടക്കുന്ന രഹസ്യ ഉടമ്പടികളെത്രയാണ് പുറത്തുവന്നത്. കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രധാനപ്പെട്ട ഒരു കാര്യം, രഹസ്യ പ്രവർത്തനം അവരുടെ ജീനിലുള്ള ഒന്നാണ്​. കോർ കമ്മിറ്റിയുണ്ടായിരിക്കുക, ഫ്രാക്ഷൻ ഉണ്ടായിരിക്കുക, ഫ്രാക്ഷൻ തീരുമാനിക്കുക, അതു പറയാതെ ജനങ്ങളോട് വേറൊന്ന് പറയുക, ഇത് വെച്ചുകൊണ്ട് ഇപ്പോഴും പ്രവർത്തിക്കുക എന്നു പറയുന്നത് അങ്ങേയറ്റം പ്രതിലോമകരമാണ്.

പിണറായി വിജയൻ ഗവൺമെന്റിന്റെ മറ്റൊരു പ്രധാന പ്രശ്‌നം, പൊളിറ്റിക്കൽ എത്തിക്‌സ് വർക്കുചെയ്യുന്നത് പഴയ കമ്യൂണിസ്റ്റ് പാർട്ടിയുടെ രഹസ്യപ്രവർത്തനത്തിന്റെ മോഡലിലാണ്. അതാണ് അതിന്റെ എത്തിക്‌സ്. ഫിലോസഫിക്കൽ സ്റ്റാൻറ്​ അതിലാണ്. രഹസ്യപ്രവർത്തനങ്ങൾ, ഫ്രാക്ഷൻ എന്നു പറയുന്ന കമ്യൂണിസ്റ്റ് സെറ്റപ്പ് പോലെയാണത് പ്രവർത്തിക്കുന്നത്. അതായത് അപ്രതിരോധ്യനായ സെക്രട്ടറി. ആ നടത്തം നോക്കിയാൽ മതി. പിണറായി വിജയനെന്നു പറയുന്ന മുഖ്യമന്ത്രിയുടെ വിഷ്വൽ നോക്കിയാൽ മതി ചാനലിൽ. ചുറ്റുപാടും ധാരാളം പൊലീസുകാരും അനുയായികളുമായിട്ടങ്ങനെ ആ വരവ്, അദ്ദേഹത്തിന്റെ ബോഡീ ലാംഗ്വേജ്... ഇതൊന്നും താനേ ഉണ്ടാവുന്നതല്ല. ഒരാളുടെ സംസ്‌കാരത്തെയും അയാൾ തന്നെപ്പറ്റി എന്തു മനസിലാക്കുന്നുവെന്നും തന്റെ ചുറ്റുമുള്ള ആളുകളെ എങ്ങനെ കാണുന്നുവെന്നും ജനങ്ങളുമായ ബന്ധത്തെ ഏതുരീതിയിൽ വിഭാവനം ചെയ്യുന്നുവെന്നും അനുസരിച്ചാണ് ഒരു മനുഷ്യന്റെ, പ്രത്യേകിച്ച്​ ഒരു രാഷ്​ട്രീയക്കാരന്റെ ശരീരഭാഷ ഉണ്ടാവുന്നത്. ആ വരവ് നോക്കിയാൽ മതി. എത്രമാത്രം സെക്യൂരിറ്റിയും അകമ്പടിയും ഒക്കെയായിട്ടാണ് ആ വരവ്. നമുക്കറിയാതെ ഒരു മിലിറ്ററി ബ്യൂഗിൾ വായിക്കാൻ തോന്നും അത് കാണുമ്പോൾ. ഒരു സ്വേച്ഛാധിപതി വരുന്ന സമയത്തുള്ള ഒരു മ്യൂസിക് നമുക്കതിന് പശ്ചാത്തല സംഗീതം കൊടുക്കാൻ തോന്നും. ഡബ് ചെയ്യേണ്ട ആവശ്യമേയുള്ളൂ, ആ റോളിലോട്ട് അദ്ദേഹത്തിന്.

ഇങ്ങനെ പല കാരണങ്ങൾകൊണ്ടാണ് തുടർഭരണത്തെ എതിർക്കുന്നത്. ആദ്യകാല കമ്യൂണിസത്തിന്റെ രഹസ്യ പ്രവർത്തനങ്ങളുടെ രീതിയിലാണ് പിണറായി വിജയൻ കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നതെങ്കിലും അദ്ദേഹം ഇപ്പോൾ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന കാര്യങ്ങൾ പുതിയ ടെക്‌നോളജിയുടെ കാര്യങ്ങളാണ്. ഇതിന്റെ വലിയൊരു വൈരുദ്ധ്യം ഇയാളിലുണ്ട്. ഒരു സ്‌കിസോഫ്രീനിയയുണ്ട് ഈ പ്രവൃത്തിയിൽ. പൊളിറ്റിക്കൽ സ്‌കിസോഫ്രീനിയ. അതായത് പൊളിറ്റിക്കൽ ഫിലോസഫിയെന്നു പറഞ്ഞ് പഴയ മാർക്‌സിസവും പഴയ കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തനങ്ങളും അതിന്റെ രഹസ്യ പ്രവർത്തനങ്ങളുമൊക്കെയായി കാര്യങ്ങൾ പോകുന്നു, അതേസമയം അതിനെ ഇംപ്ലിമെൻറ്​ ചെയ്യുന്നത് പുതിയ ടെക്‌നോളജി വെച്ചുകൊണ്ടുമാണ്. പുതിയ ടെക്‌നോളജിയുമായി അത്​ ഒരിക്കലും ഒത്തുപോകില്ല. പുതിയ ടെക്‌നോളജി ഉപയോഗിക്കണമെങ്കിൽ ഡമോക്രാറ്റിക്കായിട്ട് അതിനനുസരിച്ചുള്ള ഒരു മാനസിക മാറ്റം, ഒരു പൊളിറ്റിക്കൽ ഫിലോസഫിക്കൽ മാറ്റം നിങ്ങളുടെ ചിന്തയിലും മറ്റുമുണ്ടായിരിക്കണം. അതുണ്ടായില്ല. അതില്ലാത്തതിന്റെ പ്രശ്‌നങ്ങളുണ്ട് ഇദ്ദേഹത്തിന്. അതുകൊണ്ടാണ് പലപ്പോഴും ഒരേസമയത്ത് ടെക്‌നോളജി, വികസനം എന്നൊക്കെ പറയുന്നത്​, അല്ലെങ്കിൽ ഗ്ലോബൽ മീറ്റ്, ഗ്ലോബൽ ഇൻവെസ്റ്റ്‌മെന്റ് മീറ്റ് എന്നൊക്കെ പറഞ്ഞ് സംഘടിപ്പിക്കുന്നത്​. സൈബർ ഇടത്തിലെ ഇടപെടലിനുവേണ്ടി കമ്മിറ്റിയെ വെക്കുന്ന ആളുതന്നെ സൈബർ ആക്ടിവിസ്റ്റിനെ കൺട്രോൾ ചെയ്യുന്ന നിയമങ്ങളുണ്ടാക്കുന്നു. ഒരു സമയത്ത് സൈബർ ആക്ടിവിസത്തിനെ പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനം നടത്തുന്ന സമയത്ത് തിരിച്ചുപോയി രഹസ്യമായി അതിനെ അങ്ങേയറ്റം നിയന്ത്രിക്കുന്ന നിയമങ്ങൾ സൃഷ്ടിക്കുന്ന പൊളിറ്റിക്കൽ സ്‌ക്രിസോഫ്രീനിയയാണ്​ അദ്ദേഹത്തിന്​. ഈ പാർട്ടി അല്ലെങ്കിൽ ഗവൺമെന്റുള്ളതുകൊണ്ടാണ് അതുണ്ടാവുന്നത്. അതാണതിന്റെ പ്രശ്‌നം. അത് ട്രീറ്റ് ചെയ്യേണ്ട കേസാണ്​. അങ്ങനെ മാറില്ല അത്.

കഴിഞ്ഞ അഞ്ചുവർഷം കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട കാലമാണ്, എല്ലാ അർത്ഥത്തിലും. കടം വാങ്ങി കെട്ടിടങ്ങൾ പണിയാൻ ആർക്കും പറ്റും. മലയാളികളുടെ സ്വഭാവമാണത്. ലോണെടുത്തിട്ട് വലിയ ബംഗ്ലാവ് വെക്കുക, അതിന്റെ കടം വീട്ടാൻ കഴിയാതെ വിറ്റുപോകുക, എന്നിട്ട് ലോട്ടറി വിൽക്കാൻ പോകുന്ന ജനങ്ങളാണ് നമ്മൾ. അതേ പോലെ കിഫ്ബിയെന്നൊക്കെ പറഞ്ഞ്, എവിടെ നിന്നാണ്, എങ്ങനെ അടയ്ക്കാം എന്നൊന്നും അറിയാതെ. ഇത്തരത്തിലുള്ള ക്ഷേമപ്പെരുമഴയുടെ റിസോഴ്‌സ് ആരും പറയുന്നില്ല. അതൊക്കെ വരും എന്നാണ് ഫിനാൻസ് മിനിസ്റ്ററും പറയുന്നത്. ഇതുവെച്ചുകൊണ്ട് ലോകനിലവാരത്തിലുള്ള സ്‌കൂളുകൾ പണിതു എന്നു പറയുന്നു. കെട്ടിടമാണോ ലോകനിലവാരമുണ്ടാക്കുന്നത്? ഇന്ത്യയിൽ ഇത്തരത്തിലുള്ള ധാരാളം ഇന്റർനാഷണൽ സ്‌കൂളുകളുണ്ട്. ഇതൊക്കെ കെട്ടിടത്തിന്റെ മഹിമ കൊണ്ടാണോ ഉണ്ടാവുന്നത്. അവിടെ കൊടുക്കുന്ന എഡ്യുക്കേഷന്റെ ക്വാളിറ്റി ലോകനിലവാരത്തിലുള്ളതാണോ? എങ്ങനെയാണ് അതിന്റെ ലോകനിലവാരം , ആരാണ് അവിടുത്തെ കരിക്കുലം തീരുമാനിക്കുന്നത്? ഇവിടുത്തെ അധ്യാപക സംഘടനകൾ സെലക്ട് ചെയ്യുന്നവരല്ലേ പാഠപുസ്തകങ്ങൾ ഏതുവേണമെന്ന് പറയുന്നത്. സംഘടനയിലെ അധ്യാപകർ തിരുവനന്തപുരത്തിരുന്ന് തീരുമാനിക്കുകയല്ലേ എന്തുപഠിക്കണം, എന്ത് വായിക്കണം എന്ന്​. അതിനിപ്പോഴും ഒരു പഞ്ചായത്ത് നിലവാരം പോലുമില്ല. ലോകനിലവാരം എന്നാൽ പെയിന്റടിച്ച കെട്ടിടം മാത്രമാണെന്ന് പറയുന്ന വ്യാജമായ വികസന കാഴ്ചപ്പാട്. വികസനം എന്നു പറയുന്നതിനെ നമ്മൾ കാണുന്നതിങ്ങനെയാണ്. കെട്ടിടങ്ങൾ, റോഡുകൾ പാലങ്ങൾ ഒക്കെയാണ് വികസനം. അതുവേണ്ട എന്നല്ല. ക്വാളിറ്റി ഓഫ് ലൈഫ് എന്നു പറയുന്നത് വളരെ പ്രധാനമാണ്. അത് എത്രമാത്രം ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്?

ആശുപത്രികളുണ്ടായി, സ്‌കൂൾ കെട്ടിടങ്ങളുണ്ടായി, പൊലീസ് സ്റ്റേഷൻ കെട്ടിടങ്ങളുണ്ടായി. ഇതൊക്കെ ഉണ്ടാവുന്നത് കേരളത്തിന്റെ ആഭ്യന്തര ഉല്പാദനത്തിന്റെയോ അല്ലെങ്കിൽ അതിന്റെ വരുമാനത്തിന്റെയോ ഭാഗമായല്ല. പലയിടത്തുനിന്നും ലോണെടുത്ത് ഉണ്ടാക്കിയിരിക്കുകയാണ്. മലയാളി വീടുവെക്കുമ്പോലെ, കാറുവാങ്ങിക്കുംപോലെ തന്നെ. ഇത് എങ്ങനെ തിരിച്ചടക്കുമെന്ന് നമ്മൾക്കറിയില്ല. കടക്കെണിയിൽ പെട്ട്​ ആത്മഹത്യയാണ് ചെയ്യുന്നത് നമ്മൾ. ലോണെടുത്ത് വീടുണ്ടാക്കി അവസാനം അടക്കാൻ പറ്റാതെ. വ്യക്തികളെന്ന നിലയ്ക്ക് മലയാളിയ്ക്ക് സംഭവിക്കുന്ന കാര്യം ഒരു സ്റ്റേറ്റിന് സംഭവിക്കാൻ പോകുകയാണ് കേരളത്തിൽ. അതാണോ നിങ്ങൾ പറയുന്ന നേട്ടം.

നമുക്ക് അഭിമാനിക്കാൻ എന്താണുള്ളത്. വ്യാജ എൻകൗണ്ടറിൽ എട്ടുപേരെ വെടിവെച്ചുകൊന്നില്ലേ ഇവിടെ. അവിടൊരു ഏറ്റുമുട്ടലുമില്ല എന്ന്​ പല അന്വേഷണ റിപ്പോർട്ടുകളിലും വന്നില്ലേ. അത് ഈ കമ്യൂണിസ്റ്റ് കാരനും ജനാധിപത്യവാദിയുമായ മുഖ്യമന്ത്രിയുടെ കാലത്തല്ലേ നടന്നത്. അതിനെപ്പറ്റി ആർക്കെങ്കിലും പറയാനുണ്ടോ. എത്രമാത്രം പൊലീസ് അട്രോസിറ്റീസ് നടന്നിട്ടുണ്ട് ഇവിടെ. അതാരെങ്കിലും ഹൈലൈറ്റ് ചെയ്തിട്ടുണ്ടോ . മിണ്ടാതിരിക്കുകയല്ലേ എല്ലാവരും ചെയ്യുന്നത്.

ചുരുങ്ങിയത്​ ഒരു റിയാക്ഷൻ വേണമെങ്കിലും യു.പിയിൽ നടന്നാൽ നമ്മളൊക്കെ ഇവിടെ പ്രകടനവും മെഴുകുതിരി കത്തിക്കലുമായി, കിഡ്‌സൺ കോർണറിൽ വട്ടംകൂടലായി. ഇവിടെ നടന്നാൽ പ്രശ്‌നമല്ല. ഇപ്പോളൊരു സ്ത്രീ പാലക്കാട്ടുള്ള വാളയാറമ്മ ശിരോമുണ്ഡനം ചെയ്തിട്ട് നടക്കുകയല്ലേ? ഇലക്ഷന് മത്സരിക്കുന്നുണ്ട്. എന്തുകൊണ്ട് അവരുടെ കുട്ടികളുടെ കൊലപാതകം അറ്റന്റ് ചെയ്യപ്പെടാതെ പോകുന്നു, ഇതുമാത്രമല്ല, എത്രമാത്രം കൊലപാതകങ്ങൾ ഈ തരത്തിൽ വേണ്ടരീതിയിൽ അന്വേഷണം നടക്കാതെ പോയി. അതേസമയത്തോ, സർക്കാറിന് താൽപര്യമുള്ള കാര്യങ്ങളാണെങ്കിൽ ഉടനെ തന്നെ അന്വേഷണമല്ലേ. എല്ലാ കാര്യങ്ങളും പെട്ടെന്ന് ചെയ്യും. നിസാരകാര്യത്തിൽ പോലും ചെയ്യും. പക്ഷേ genuine ആയി കൺസേൺ വേണ്ട കാര്യങ്ങളിൽ അങ്ങേയറ്റം അവഗണനയും കണ്ണടക്കലുമുണ്ടാകും. ഇതാണോ നൈതികത കൂടുതലുള്ള സർക്കാറിന്റെ പ്രവർത്തനം?

മറ്റൊരു കാര്യം ഉണ്ടായിട്ടുണ്ട്. ഗുണഭോക്താക്കളായ ആളുകൾക്ക് നല്ല കാലമായിരുന്നു. പൂവുകൾക്ക് പുണ്യകാലം എന്ന പാട്ടുള്ളതുപോലെ ഗുണഭോക്താക്കൾക്ക് പുണ്യകാലമായിരുന്നു. സ്തുതി പാഠകരായിട്ടും നിരീക്ഷകരായിട്ടും അഭിപ്രായം പറയുന്ന ആളായിട്ടും ചാനലിലും പത്രങ്ങളിലും കയറി കൂടി സ്തുതിക്കുകയാണ്. അത് എല്ലാ കാലത്തും ഏത് ഫാസിസ്റ്റിനും ഉള്ള ഒന്നാണ്​. ഫാസിസ്റ്റ് ചതിക്കുഴിയാണത്. ഈ ഗുണഭോക്താക്കളുടെയും സ്തുതിപാഠകരുടെയും കോറസ് എന്നു പറയുന്നത് ഹിറ്റ്‌ലർ തൊട്ട്​ ഇങ്ങോട്ടുള്ള എല്ലാവരേയും കുഴിയിൽ ചാടിച്ച കാര്യമാണ്​. പബ്ലിക് ആയി അപമാനിക്കപ്പെട്ടിട്ട് വീണ്ടും ചിരിച്ചുകൊണ്ട് പിണറായി വിജയൻ ഗവൺമെന്റിന്റെ പ്രവർത്തനങ്ങളെയും അട്രോസിറ്റീസിനെയും ന്യായീകരിക്കുന്ന ആളുകളെ ഞാൻ കണ്ടിട്ടുണ്ട് നാട്ടിൽ. അവർ എന്തും ചെയ്യും. അവർക്കൊക്കെ നല്ല കാലമായിരുന്നു. മിഡിൽ മാൻ ആളുകൾക്ക്, അതായത് ബ്രോക്കേഴ്‌സിന്, ഈ സ്തുതിപാഠകർക്ക്... ഇങ്ങനെ ഇതിന്റെ ഗുണഭോക്താക്കളാവുന്ന ആളുകളുണ്ട്. അവർക്ക് പല സ്ഥാനങ്ങളും മറ്റ് ഉപഹാരങ്ങളുമൊക്കെ കിട്ടും.

മറ്റൊന്ന്, മലയാളികളെ അപമാനിക്കുകയാണ് കിറ്റ് എന്ന സംവിധാനത്തിലൂടെ സർക്കാർ ചെയ്​തത്​. ആത്മാഭിമാനത്തെയാണ്​ അത് ഇല്ലാതാക്കിയത്. വേണ്ടത് കൊടുക്കുകയാണ് വേണ്ടത്. തൊഴിൽ കൊടുക്കുക, ഉല്പാദനത്തിന് വഴി കാണിക്കുക... അത്തരത്തിൽ യാതൊരു തരത്തിലുള്ള ശ്രദ്ധയുമില്ലാതെ എല്ലാമാസവും സഞ്ചിയിലാക്കി കുറേ അരിയും മറ്റും കൊടുത്തുകഴിഞ്ഞാൽ അതിന്റെ അർത്ഥം, ഒരു ജനത അങ്ങേയറ്റം ‘ഗുഡ് ഫോർ നത്തിങ്’ ആയി മാറുക എന്നതാണ്​. അതിൽ തൃപ്തരായിരിക്കുകയാണ് ആളുകളൊക്കെ. ഇത്രയും കാലം നമ്മൾ തമിഴ്​നാട്ടുകാരെ പറ്റി ഇങ്ങനെ പറയുമായിരുന്നു, അവിടെയൊക്കെ ടി.വിയും അരിയും സാരിയും കൊടുത്ത്​ വോട്ടുവാങ്ങി എന്ന്. അതേ ലെവലിലേക്ക്​ മലയാളികളെയും എത്തിക്കുന്നത് ഇദ്ദേഹമാണ്. അദ്ദേഹത്തിന്റെ പ്രധാന രാഷ്ട്രീയ കോൺട്രിബ്യൂഷൻ, അല്ലെങ്കിൽ അഡ്മിനിസ്‌ട്രേറ്റീവ് കോൺട്രിബ്യൂഷൻ എന്നു പറയുന്നത് മലയാളികളെ മറ്റു സംസ്ഥാനക്കാരുടെ തലത്തിലേക്ക്​ അദ്ദേഹം എത്തിച്ചു. ആനുകൂല്യങ്ങൾ കൊടുത്ത്​ വോട്ട്​ വിലക്കുവാങ്ങാം, ജനപ്രീതി വർധിപ്പിക്കാം എന്ന കാര്യം ഏറ്റവും ഫലപ്രദമായി നടപ്പിലാക്കിയ മുഖ്യമന്ത്രി പിണറായി വിജയനായിരിക്കും.

കൊടിയ വിപത്തും ചെയ്തിട്ടുണ്ട്, പാരിസ്ഥിതിക പ്രശ്‌നങ്ങളിൽ. ക്വാറിയിങ് ഏരിയയിൽ നിന്ന് ജനവാസ കേന്ദ്രങ്ങളിലേക്കുള്ള അകലം 50 മീറ്ററായി കുറച്ചത് ഈ ഗവൺമെന്റാണ്. അതിനെ ഹൈക്കോടതി തടഞ്ഞപ്പോൾ അതിനെതിരെ അപ്പീൽ പോയതും ഈ ഗവൺമെന്റാണ്. 50 മീറ്ററിനിടയിൽ ഖനനം നടത്താമെന്ന് ആഗ്രഹിക്കുന്നൊരു ഗവൺമെൻറ്​, അതിന് ക്വാറി മാഫിയയെ സഹായിക്കുന്ന തീരുമാനങ്ങളെടുത്ത ഗവൺമെൻറ്​, വേറേതാണുള്ളത്? ഒരു ഭാഗത്ത് അതിനെ സഹായിക്കുകയും മറ്റൊരു ഭാഗത്ത് ഞങ്ങൾ പരിസ്ഥിതി സന്തുലിതാവസ്ഥ കാത്തുകൊണ്ട് വികസനം നടപ്പിലാക്കുമെന്ന് കുട്ടികളോട് പരിസ്ഥിതി ദിനത്തിൽ കള്ളം പറയുകയും ചെയ്യുകയാണ്. അശ്ലീലമല്ലേ ഈ കാണിച്ചിരിക്കുന്നത്.

എന്തെങ്കിലുമൊരു കൺസേൺ ഈ സ്റ്റേറ്റിനോട് ഈ ഗവൺമെന്റ് കാണിച്ചിട്ടുണ്ടോ. കേരളം എന്നു പറയുന്നത് രണ്ട് വെസ്റ്റേൺ ഘട്ടിന്റെയും അറബിക്കടലിന്റെയും ഇടയ്ക്കുള്ള താൽക്കാലികമായ ഒരു ആനുകൂല്യമാണ്. അതിന്റെ ബാലൻസ് എപ്പോൾ പോകുന്നോ പിന്നെ മഹാദുരന്തമായിരിക്കും. അത്തരത്തിലുള്ള യാതൊരു ചിന്തയുമില്ലാതെ കമ്മീഷനും വോട്ടും മാത്രം നോക്കി പോളിസി തീരുമാനിക്കുകയും വികസനം എന്നു പറഞ്ഞ്​ എന്ത് അട്രോസിറ്റീസും കാണിക്കുകയും ചെയ്യുക. മുമ്പത്തെ ഗവൺമെൻറും ചെയ്തുവന്നിട്ടുണ്ട്. പക്ഷേ ഇത്ര മറനീക്കി ചെയ്യാൻ കാരണം, ചോദ്യം ചെയ്യാൻ ഇതിനകത്ത് ആളുണ്ടായിരുന്നില്ല, എതിർപ്പ് ഇല്ല എന്ന കാരണമാണ്. ആ കാരണം കൊണ്ടുതന്നെയാണ് ഇതിന്​ തുടർച്ചയുണ്ടാവാൻ പാടില്ല എന്നു പറയുന്നത്​. ഇത് തുടർന്നാൽ ബാക്കി വെസ്റ്റേൺ ഘട്ട് പോകും. പുഴകൾ പോകും. കേരളമെന്ന് പറയുന്ന സംസ്ഥാനത്തിന്റെ പാരിസ്ഥിതിക വിനാശം പൂർത്തിയാകും. നമ്മുടെ പൗരാവകാശവും മനുഷ്യാവകാശവും നഷ്ടപ്പെടും. മരുവൽക്കരണം എന്ന ഭീകരമായ അവസ്ഥയായിരിക്കും കേരളത്തിൽ.

ഇപ്പോൾ തന്നെ, ചാനൽ ചർച്ചയിൽ ഇടതുപക്ഷത്തെ പ്രതിനിധാനം ചെയ്യുന്ന ആളുകളുടെ ശരീരഭാഷ നോക്കിയാൽ മതി എന്ത് ധാർഷ്ട്യവും പ്രതിപക്ഷ ബഹുമാനമില്ലായ്മയും അഹങ്കാരവും നിറഞ്ഞതാണ് അവരുടെ വാക്കുകൾ. എന്ത് അശ്ലീലവും ജനങ്ങളോട് വിളിച്ചു പറയാൻ അവർക്ക് കഴിയും. അശ്ലീലം പബ്ലിക്കായി വായിക്കുന്ന രണ്ട് യുവ നേതാക്കൾ ആ പാർട്ടിയിലുണ്ട്​. ഇത് അതിന്റെ സംസ്‌കാരികവും നൈതികവുമായ അടിത്തറയും അതിന്റെ നിലവാരവും കാണിക്കുന്നു. അത്തരമൊരു രാഷ്ട്രീയ പ്രസ്ഥാനത്തി​ന്റെയും അതിന്റെ ആളുകളുടെയും മൂർത്തിമത് ഭാവമാണ്​, അതിന്റെ മൂർത്തിയാണ് പിണറായി വിജയൻ. ആ മൂർത്തി തന്നെ വീണ്ടും തുടർച്ചയിൽ വരണമെന്നാണോ പറയുന്നത്​?


ടി.പി. രാജീവൻ

കവി, നോവലിസ്​റ്റ്​. രാഷ്ട്രതന്ത്രം , കോരിത്തരിച്ച നാൾ, പ്രണയശതകം (കവിത), പുറപ്പെട്ടു പോകുന്ന വാക്ക് (യാത്ര), പാലേരി മാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ, കെ.ടി.എൻ. കോട്ടൂർ എഴുത്തും ജീവിതവും (നോവൽ) എന്നിവ പ്രധാന പുസ്​തകങ്ങൾ.

Comments