ആണാനന്ദങ്ങളുടെയും മെയിൽ മാർക്കറ്റിങ്ങിന്റെയും കാഞ്ഞബുദ്ധിക്ക് ഇരയാവുന്ന നടിമാർ

ആണാനന്ദങ്ങളുടെയും മെയിൽ മാർക്കറ്റിന്റെയും കാരുണ്യരഹിതമായ ഇരകളാണ് നീലച്ചിത്രങ്ങളിൽ അഭിനയിച്ച നടികൾ. നാം കുറ്റബോധത്തോടെ അവരോട് മാപ്പ് പറയേണ്ടതുണ്ട്, അവരെ മറയാക്കി സംവിധായകർ നടത്തുന്ന നിർലജ്ജമായ മാർക്കറ്റിങ്ങിന്. ഉടൽ മാത്രമാണ് സ്ത്രീയുടെ ഉള്ളടക്കമെന്ന് ധരിക്കുന്ന പുരുഷന്റെ കാഞ്ഞബുദ്ധി എപ്പോഴും സാംസ്‌കാരികതയുടെ ഉടയോടകളോടെ വെളുക്കെ ചിരിച്ചുകൊണ്ടു തന്നെയുണ്ട്.

രു സ്ത്രീക്കു മാത്രം നൽകാവുന്ന അത്യന്തം ആനന്ദകരമായ കാഴ്ചകളുടെ തുള്ളിച്ചാട്ടങ്ങൾ തിരശ്ശീലയിൽ നാം കണ്ടത് ചിലരിലൂടെയാണ്.

രാത്രി, നിലാവ്, വീഞ്ഞ്, മുല്ല തുടങ്ങി ഗസലുകളിൽ ആവർത്തിച്ചുവരുന്ന ബിംബങ്ങൾ മാത്രമല്ല, കൊടുങ്ങല്ലൂർ ഭരണിപ്പാട്ടുകൾ പോലും കേട്ട് നാം അത്ഭുതസ്തബ്ധരാവാറുണ്ട്. അങ്ങനെ വാക്കുകളിലൂടെ യാഥാർഥ്യത്തിനും ഉന്മാദത്തിനുമിടയിൽ മറ്റൊരു മനോഹരമായ ലോകത്ത് നാം പോയി.

എത്രയെത്ര മനോഹരമായ അശ്ലീലങ്ങൾ നമ്മൾ പരസ്പരം പറഞ്ഞു ചിരിച്ചിട്ടുണ്ട്! ബുദ്ധിയുടെ ഉടുപ്പുരി നിർത്തുന്ന അശ്ലീലങ്ങളായിരുന്നു, അവ. ഏറ്റവും ദുഃഖം നിറഞ്ഞ നിമിഷങ്ങളിൽ ഏറ്റവും മനോഹരമായ അശ്ലീലം പറഞ്ഞ് നമ്മൾ സ്വയം സ്വച്ഛരായി.

മരിയോ വർഗാസ് യോസയുടെ ‘രണ്ടാനമ്മയ്ക്ക് സ്തുതി ’എന്ന നോവൽ വായിച്ച്, എത്രയെത്ര അതിശയ രാവുകളിലൂടെ കടന്നുപോയി. ഒരു ബ്ലൂഫിലിമിൽ കാണാവുന്നതിനേക്കാൾ സൂക്ഷ്മവും ഉജ്ജ്വലവും മനോഹരവുമായി യോസ ആ നോവലിൽ ഉടലിനെ ഉടുപ്പൂരി വാക്കുകളുടെ വെളിച്ചത്തിൽ നിർത്തുന്നുണ്ട്. അതിലെ ഡോണ ലു ക്രേഷ്യ എന്ന സ്ത്രീയും ഡോൺ റിഗോ ബർതോ എന്ന പുരുഷനും തമ്മിൽ നടത്തുന്ന ഉടലിളക്കങ്ങൾ വായനക്കാരിൽ ഒരു നീലച്ചിത്രം കാണുന്നതിനേക്കാൾ രതിജന്യമായ ആഹ്ലാദങ്ങൾ പകരുമെന്നതിൽ സംശയമില്ല.

ആർത്തവം, ആർത്തവ വിരാമം തുടങ്ങിയവയെക്കുറിച്ചുള്ള ശാരീരിക അറിവുകളും സംഭോഗത്തിന്റെ ക്ലാസിക് വായനാനുഭങ്ങളും പുസ്തകങ്ങൾ വായിച്ചാണ് അറിഞ്ഞത്. ലജ്ജയോടെ പറയട്ടെ, സ്‌കൂൾ ക്ലാസ് മുറിയിൽ നിന്ന് ഇത്തരം കാര്യങ്ങളൊന്നും പഠിക്കാൻ സാധിച്ചിരുന്നില്ല. മദ്രസയിൽ എന്റെ ഉസ്താദ് പ്രത്യുത്പാദനത്തെക്കുറിച്ച് പഠിപ്പിച്ചതാണ് ഏറ്റവും മനോഹരമായ അനുഭവം. ഇതേക്കുറിച്ച് ‘ഉപ്പിലിട്ട ഓർമ്മകൾ'എന്ന പുസ്തകത്തിൽ എഴുതിയിട്ടുമുണ്ട്.

ആ ഓർമ ഇതാണ്:

ഉസ്താദ് പറഞ്ഞു:‘നമ്മള് കാരപ്പം ( ഉണ്ണിയപ്പം, മുട്ടയപ്പം) തിന്നാറ്ണ്ടണ്ടല്ലൊ. കാരപ്പം ചുട്ന്ന പാത്രത്തില് ഓട്ടയ്ണ്ടാവും. അതില് അരിയൊഴിച്ച് പൊരിച്ചെടുക്കുന്നതാണ് കാരപ്പം. അതുപോലെ പെണ്ണ്ങ്ങള് കാരച്ചട്ടിയാണെന്ന് വിചാരിക്ക്. ആണുങ്ങള് അതില് അരി കലക്കിയ വെള്ളം കലക്കി ഒയിച്ചാല് ണ്ടാവുന്ന കാരപ്പമാണ് മനുഷന്മാര്!'

വളരെ ലളിതമായ ഒരു ക്ലാസായിരുന്നു, അത്.
ഇങ്ങനെയൊക്കെയാണ്, വളരെ ദരിദ്യമായ ഭാവനയോടെയാണ് ജീവശാസ്ത്രം നമ്മുടെ തലമുറ പഠിച്ചത്.

സിൽക്ക് സ്മിത, അനുരാധ, ജയമാലിനി, ജ്യോതിലക്ഷ്മി തുടങ്ങി ഏറ്റവും ഒടുവിൽ ഷക്കീല, സിന്ധു, രേഷ്മ തുടങ്ങിയവരുടെ സിനിമകളില്ലായിരുന്നെങ്കിൽ, ഞങ്ങളുടേത്, എഴുപതുകൾക്കും എൺപതുകൾക്കുമിടയിലെ മുറിമീശ യൗവനങ്ങളുടേത്, ഇരുളടഞ്ഞ യൗവനമാകുമാകുമായിരുന്നു. പി. ചന്ദ്രകുമാറും ക്രോസ് ബെൽറ്റ് മണിയും ഉടലുകളുടെ നിറങ്ങൾ തിരശ്ശീലയിലാണെങ്കിലും കാണിച്ചുതന്നു. അങ്ങനെ ഞങ്ങളുടെ തലമുറ ഉടലിക്കങ്ങൾക്ക് താൽക്കാലിക ശമനമുണ്ടാക്കി. ആ തലമുറക്കുമുന്നിൽ മറ്റൊരു വഴിയും ഉണ്ടായിരുന്നില്ല.

ഇന്ന് ഒരു ഫോൺ തന്നെ എന്തെല്ലാം സാധ്യതകളാണ് തുറന്നുതരുന്നത്. സ്വർഗ നരകങ്ങൾക്കിടയിലെ സിറാത്തുൽ മുസതക്കീൻ എന്ന പാലമാണ് ഫോൺ. ലജ്ജയോടെ പറയട്ടെ, വീഡിയോ പ്ലയർ വീട്ടിൽ കൊണ്ടു വന്ന ദിവസം രണ്ടു സിനിമകൾ ഞാൻ കണ്ടു. ഒന്ന്, റാഷമോൺ. മറ്റൊന്ന്, ഒരു ഒരു ബ്ലൂ ഫിലിം- ‘ഡേർട്ടി നൈറ്റ്‌സ്.' ശരിക്കും ആ സിനിമയുടെ പേര് അതു തന്നെയാണോ എന്ന് ഉറപ്പില്ല. കാസറ്റ് കടക്കാർ അന്ന് അവരുടെ ഭാവനക്കനുസരിച്ച് മനോഹരമായ പേരിടുന്നതിൽ വിദഗ്ദ്ധരായിരുന്നു. ഹോ, ദുർവിധിയെന്നു പറയട്ടെ, വൈറസ് ബാധ കാരണം ആ സിനിമ പൂർത്തിയാക്കാൻ സാധിച്ചില്ല. ആഫ്റ്റർ ഷേവ് ലോഷൻ ഉപയോഗിച്ച് വിഡിയോ പ്ലെയർ ഹെഡ് തുടച്ച് വൃത്തിയാക്കിയെങ്കിലും ആ പടം തിളങ്ങുന്ന കുത്തുകുത്തുകളിൽ അവസാനിച്ചു.

ഞാൻ ഒരു പെരുന്നാളിന് കണ്ണൂർ സംഗീതയിൽ ഒരു ഇംഗ്ലീഷ് പടം കാണാൻ പോയി. പോസ്റ്ററിൽ കണ്ട A മുദ്ര മാത്രമാണ് പ്രചോദനം. സെക്‌സ്, പ്രസവം, ആരോഗ്യകരമായ കുടുംബപരിപാലനം തുടങ്ങിയ വിശദീകരിക്കുന്ന ഒരു ഇംഗ്ലീഷ് ചിത്രമായിരുന്നു അത്. ആ സിനിമ ഇപ്പോൾ ഓർക്കുന്നത്, എന്നെ നാട്ടിൽ വെച്ചു കണ്ടാൽ എപ്പോഴും പള്ളിയിൽ പോകണം, നിസ്‌കരിക്കണം, മുണ്ട് നെരിയാണിക്ക് മീതെ ഉടുക്കണം എന്നൊക്കെ പ്രബോധനം ചെയ്തു കൊണ്ടിരിക്കുന്ന ഒരു ദീനിയായ സുഹൃത്തും എന്റെ തൊട്ടു മുന്നിലെ സീറ്റിൽ ഉണ്ടായിരുന്നു എന്നതു കൊണ്ടാണ്. അവന്റെ ചെവിയിൽ തൊട്ടു പിന്നിലിരിക്കുന്ന ഞാൻ സലാം ചൊല്ലി.ആ മുഖം ഒന്നു കണേണ്ടതായിരുന്നു. പക്ഷെ, നിർഭാഗ്യവാനായ എൺപതുകളിലെ മുറിമീശയൗവനമാണ്.

ഇങ്ങനെയൊക്കെയാണ് ഞങ്ങളുടെ തലമുറ ലൈംഗികതയെ മനസ്സിലാക്കാൻ ശ്രമിച്ചത്. പിന്നെയുണ്ടായിരുന്നത്, ഒ. വി. വിജയൻ എഴുതിയ കഥകളാണ്. അശാന്തം പേരിൽ സമാഹരിച്ച ആ കഥകൾ, ഒരു നിധി പോലെ സൂക്ഷിച്ചിട്ടുണ്ട്. പിന്നെ, എക്കാലത്തെയും ക്ലാസിക്, ഡെകാമറൺ കഥകൾ.

ഇതൊക്കെ പറയുന്നത്, അശ്ലീലം അഭിരുചിയുടെ ഒരു തലമായി സാഹിത്യത്തിലും സിനിമയിലും സംഗീതത്തിലും നിറഞ്ഞുനിൽക്കുന്നുണ്ട് എന്നു പറയാനാണ്. മനുഷ്യർ ഫിലോസഫി മാത്രം പറയുന്ന ജീവിവർഗമല്ല. മനോഹരമായി അശ്ലീലം പറയുന്ന, കാണുന്ന, അതിൽ ആനന്ദം കണ്ടെത്തുന്ന ജീവിവർഗ്ഗം കൂടിയാണ്. ഏതു മനുഷ്യന്റെ ഉള്ളിലും തുടിക്കുന്ന ഒരു അശ്ലീല ഹൃദയമുണ്ട്. എന്നാൽ, പിന്നീട്, മനസ്സിലായി; ആണാനന്ദങ്ങളുടെയും മെയിൽ മാർക്കറ്റിന്റെയും കാരുണ്യരഹിതമായ ഇരകളാണ് നീലച്ചിത്രങ്ങളിൽ അഭിനയിച്ച നടികൾ. നാം കുറ്റബോധത്തോടെ അവരോട് മാപ്പ് പറയേണ്ടതുണ്ട്, അവരെ മറയാക്കി സംവിധായകർ നടത്തുന്ന നിർലജ്ജമായ മാർക്കറ്റിങ്ങിന്. ഉടൽ മാത്രമാണ് സ്ത്രീയുടെ ഉള്ളടക്കമെന്ന് ധരിക്കുന്ന പുരുഷന്റെ കാഞ്ഞബുദ്ധി എപ്പോഴും സാംസ്‌കാരികതയുടെ ഉടയോടകളോടെ വെളുക്കെ ചിരിച്ചുകൊണ്ടു തന്നെയുണ്ട്.


താഹ മാടായി

എഴുത്തുകാരൻ, സ്വതന്ത്ര മാധ്യമപ്രവർത്തകൻ, ജീവചരിത്രകാരൻ. കണ്ടൽ പൊക്കുടൻ, മാമുക്കോയ ജീവിതം, സത്യൻ അന്തിക്കാടിന്റെ ഗ്രാമീണർ, കാരി, പുനത്തിലിന്റെ ബദൽജീവിതം തുടങ്ങിയ പ്രധാന പുസ്​തകങ്ങൾ.

Comments