truecoppy
MORE
Truecopy Home
Readers
are
Thinkers

Thursday, 30 March 2023

truecoppy
Truecopy Logo
Readers are Thinkers

Thursday, 30 March 2023

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
-roma

Human Rights

കരുതൽ ലഭിച്ചുവെങ്കിലും
റോമയെ രക്ഷിക്കാനായില്ല;
വേണം, ഫലപ്രദമായ കരുതൽ

കരുതൽ ലഭിച്ചുവെങ്കിലും റോമയെ രക്ഷിക്കാനായില്ല; വേണം, ഫലപ്രദമായ കരുതൽ

ട്രാന്‍സ് വുമണും സെന്‍ട്രല്‍ മാര്‍ക്കറ്റിലെ ലോട്ടറിവില്‍പ്പനക്കാരിയുമായ റോമ ന്യൂമോണിയ ബാധിച്ച് ചികിത്സയിലിരിക്കെയാണ്​ മരിച്ചത്​. റോമ ചികിത്സക്ക്​ പണമില്ലാതെ ബുദ്ധിമുട്ടുന്ന കാര്യം ട്രൂ കോപ്പി റിപ്പോര്‍ട്ട് ചെയ്യുകയും ഇതേതുടർന്ന്​ ആരോഗ്യമന്ത്രിയും സാമൂഹികനീതി വകുപ്പ് മന്ത്രിയും​ അടിയന്തരമായി ഇടപെടുകയും ചെയ്തിരുന്നു. പക്ഷേ ആരോഗ്യനില വഷളായതിനെതുടർന്ന്​ അവരെ രക്ഷിക്കാനായില്ല. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് സാമ്പത്തിക സഹായം നല്‍കുന്ന  ‘കരുതല്‍ പദ്ധതി’ സംവിധാനം കൂടുതല്‍ സുതാര്യവും ഫലപ്രദവും ആവേണ്ടതിന്റെ പ്രാധാന്യത്തെയാണ് റോമയുടെ മരണം സൂചിപ്പിക്കുന്നത്​.

31 Aug 2022, 05:59 PM

റിദാ നാസര്‍

ട്രാന്‍സ് വുമണും സെന്‍ട്രല്‍ മാര്‍ക്കറ്റിലെ ലോട്ടറിവില്‍പ്പനക്കാരിയുമായ റോമ ന്യൂമോണിയ ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരിക്കുന്നത്. റോമ ചികിത്സക്ക്​ പണമില്ലാതെ ബുദ്ധിമുട്ടുന്ന കാര്യം ട്രൂകോപ്പി റിപ്പോര്‍ട്ട് ചെയ്യുകയും ഈ റിപ്പോർട്ടിന്റെ അടിസ്​ഥാനത്തിൽ ആരോഗ്യമന്ത്രി വീണ ജോർജും സാമൂഹികനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദുവും​ അടിയന്തരമായി ഇടപെടുകയും ചെയ്തിരുന്നു. പക്ഷേ ആരോഗ്യനില വഷളായി റോമ മരിച്ചു.

View Ad

Your browser does not support the video tag.

View Ad

Your browser does not support the video tag.

ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് സാമ്പത്തിക സഹായം നല്‍കുന്ന  ‘കരുതല്‍ പദ്ധതി’ സംവിധാനം കൂടുതല്‍ സുതാര്യവും ഫലപ്രദവും ആവേണ്ടതിന്റെ പ്രാധാന്യത്തെയാണ് റോമയുടെ മരണം പറഞ്ഞുവെക്കുന്നത്. സ്വത്വം വെളിപ്പെടുത്തുന്ന ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് പിന്തുണ നല്‍കാനും അവരെ ഒപ്പം കൂട്ടാനും  ‘കല്‍പ്പിച്ചു നല്‍കിയ' സാമൂഹികവ്യവസ്ഥിതികളില്‍ കുടുങ്ങിക്കിടക്കുന്ന സമൂഹത്തിനോ നമ്മുടെ കുടുംബങ്ങള്‍ക്കോ ഇതുവരെ സാധിച്ചിട്ടില്ല. ഈ സന്ദര്‍ഭത്തില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് പിന്തുണ നല്‍കി അവരെ മുഖ്യധാരയിലെത്തിക്കേണ്ടതിന്റെ പൂര്‍ണ ഉത്തരവാദിത്തം സര്‍ക്കാറിനാണ്.

roma
റോമ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ന്യുമോണിയ ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുന്ന റോമയെക്കുറിച്ച് കോഴിക്കോട് ജില്ലാ ട്രാന്‍സ്‌ജെന്‍ഡര്‍ ജസിറ്റിസ് ബോര്‍ഡ് അംഗവും ട്രാന്‍സ്‌ജെന്‍ഡര്‍ സംഘടനയായ പുനര്‍ജനി കള്‍ച്ചറല്‍ സൊസൈറ്റിയുടെ പ്രസിഡന്റുമായ സിസിലി ജോര്‍ജാണ് ട്രൂ കോപ്പിയെ അറിയിക്കുന്നത്. മെഡിക്കല്‍ കോളേജില്‍ അത്യാസന്ന നിലയില്‍ കഴിയുന്ന റോമയുടെ ചികിത്സാചെലവ്​ വിവിധ സി.ബി.ഒ പ്രതിനിധികളും സംഘടനകളും നല്‍കിയിരുന്ന സംഭാവനകളിലൂടെയാണ് അടച്ചിരുന്നത്. ഇത്തരം അടിയന്തര ഘട്ടങ്ങളില്‍ ട്രാന്‍സ് ജെന്‍ഡേഴ്‌സിന് സാമ്പത്തിക സഹായം നല്‍കുന്ന ‘കരുതല്‍ പദ്ധതി’ വഴി ചികിത്സാ ചെലവ്​ ലഭിക്കാൻ ജില്ലാ സാമൂഹിക നീതി വകുപ്പിനും ടി.ജി സെല്ലിനും അപേക്ഷിച്ചെങ്കിലും അനുകൂല മറുപടി ലഭിച്ചില്ലെന്ന് സിസിലി ജോര്‍ജ്  ട്രൂ കോപ്പിയോട്​ പറഞ്ഞു.

ജില്ലയില്‍ ഈ വര്‍ഷത്തെ കരുതല്‍ പദ്ധതിയുടെ ഫണ്ട് ഉപയോഗിക്കുന്നതിനെക്കുറിച്ച് ഒരു ഉത്തരവും ഇതുവരെ ലഭിച്ചിട്ടില്ലെന്നും ബന്ധപ്പെട്ട വകുപ്പില്‍ നിന്ന് അറിയിപ്പ് കിട്ടിയാലേ ഫണ്ട് അനുവദിക്കാനാവൂ എന്നുമായിരുന്നു അധികൃതരില്‍ നിന്ന് ലഭിച്ച മറുപടി. ലിംഗമാറ്റ ശസ്ത്രക്രിയ, ആരോഗ്യ പ്രശ്‌നങ്ങള്‍, അപകടങ്ങള്‍, പെട്ടെന്നുണ്ടാകുന്ന അസുഖങ്ങള്‍, പ്രകൃതിദുരന്തങ്ങള്‍ തുടങ്ങിയ അടിയന്തര ഘട്ടങ്ങളില്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ സഹായിക്കുന്നതിനാണ് കരുതല്‍ പദ്ധതി ആവിഷ്‌കരിച്ചത്.

ALSO READ

സഭയ്​ക്കും ഭരണകൂടത്തിനുമിടയിലെ മത്സ്യത്തൊഴിലാളികൾ, അവരുടെ സമരം

രാജ്യത്ത് തന്നെ ആദ്യമായി ട്രാന്‍സ് ജെന്‍ഡര്‍ നയം നടപ്പിലാക്കിയ സംസ്ഥാനമാണ് കേരളം. 2015 ല്‍ ട്രാന്‍സ്‌ജെന്‍ഡര്‍ നയം രൂപീകരിക്കുന്നതിന് മുന്നോടിയായി നടത്തിയ സര്‍വ്വേയില്‍ കേരളത്തിലെ 51 ശതമാനത്തോളം വരുന്ന ട്രാന്‍സ്‌ജെന്‍ഡേഴ്‌സും അസ്തിത്വം തുറന്നുപറഞ്ഞതിന്റെ പേരില്‍ സ്വന്തം വീടുകളില്‍ നിന്ന് പുറത്താക്കപ്പെട്ടവരാണെന്ന് കണ്ടെത്തിയിരുന്നു. ഇത്തരത്തില്‍ പാര്‍ശ്വവത്ക്കരിക്കപ്പെടുന്ന ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് ലിംഗമാറ്റ ശസ്ത്രക്രിയയുടെ ഭാഗമായും ഹോര്‍മോണ്‍ ചികിത്സകള്‍ തുടര്‍ന്നുവരുന്ന സാഹചര്യത്തിലും നേരിടേണ്ടിവരുന്ന ആരോഗ്യപ്രശ്‌നങ്ങളിലെല്ലാം പിന്തുണ ഉറപ്പാക്കുന്നതിനാണ് കരുതല്‍ പദ്ധതി ആവിഷ്‌കരിച്ചത്. കരുതല്‍ പദ്ധതി നടപ്പിലാക്കാന്‍ ജില്ലകളില്‍ കലക്ടര്‍ ചെയര്‍മാനായും ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ കണ്‍വീനറായും ഉപദേശക സമിതി രൂപീകരിച്ചിട്ടുണ്ട്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ജില്ലാ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, ഡെല്‍സാ പ്രതിനിധി, രണ്ട് ട്രാന്‍സ് ജെന്‍ഡര്‍ പ്രതിനിധികള്‍ എന്നിവരും ഉപദേശകസമിതിയിലുണ്ട്.

roma

സാമ്പത്തിക സഹായം ലഭിക്കേണ്ട അടിയന്തര സാഹചര്യങ്ങളില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ പ്രതിനിധികള്‍ ജില്ലാ സാമൂഹ്യനീതി ഓഫീസറെ അറിയിക്കുകയും ഉപദേശകസമിതി വിലയിരുത്തി പദ്ധതിക്ക്​വിലയിരുത്തിയ തുക വിനിയോഗിക്കുകയുമാണ് ചെയ്യുന്നത്. സഹായം ആവശ്യമുള്ള അത്യാവശ്യഘട്ടങ്ങളില്‍ വ്യവസ്ഥകള്‍ കൂടാതെ അനാഥരായ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളെ സഹായിക്കാന്‍ മോണിറ്ററിങ്ങ് കമ്മിറ്റിയുടെ തീരുമാനത്തിന് വിധേയമായോ മോണിറ്ററിങ്ങ് കമ്മിറ്റിയെ ബോധ്യപ്പെടുത്താനാകുന്ന രീതിയിലോ തുക വിനിയോഗിക്കാം. അടിയന്തരഘട്ടങ്ങളില്‍ 25,000 രൂപ വരെയുള്ള ധനസഹായ അപേക്ഷകള്‍ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ക്ക് ഉപദേശസമിതിയുടെ അനുമതി ലഭ്യമാക്കാതെ തന്നെ ചെലവാക്കാം. ഇത് അടുത്ത കമ്മിറ്റിയില്‍ അവതരിപ്പിച്ച് സാധൂകരണം നേടിയാല്‍ മതി. ഒരു ഗുണഭോക്താവിന് ഒരു സാമ്പത്തിക വര്‍ഷത്തില്‍ ഒറ്റ തവണ മാത്രമേ ധനസഹായം ലഭിക്കുകയുള്ളു.

Remote video URL

ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്  ‘കരുതല്‍ പദ്ധതി’യിലൂടെ ലഭിക്കുന്ന ഒരു ലക്ഷം രൂപയില്‍നിന്ന് അടിയന്തര ഘട്ടത്തില്‍ നല്‍കാവുന്ന തുകയായ 25,000 രൂപ അനുവദിച്ചുകിട്ടാന്‍ ആരോഗ്യ മന്ത്രി ഇടപെടണമെന്ന ആവശ്യം ട്രൂ കോപ്പി റിപ്പോർട്ടിലുണ്ടായിരുന്നു. റിപ്പോര്‍ട്ട് ശ്രദ്ധയില്‍പ്പെട്ടയുടൻ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സിസിലി ജോര്‍ജിനെ വിളിക്കുകയും റോമക്ക് മികച്ച ചികിത്സയും കരുതല്‍ പദ്ധതിയില്‍ നിന്നുള്ള സാമ്പത്തികസഹായവും നല്‍കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. തൊട്ടടുത്ത ദിവസം, സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു കരുതല്‍ പദ്ധതിയില്‍ നിന്ന് 25,000 രൂപ റോമക്ക് അടിയന്തിര ചികിത്സാ സഹായമായി ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ മുഖേന നല്‍കുകയും ചെയ്തു.

sisly
  സിസിലി ജോര്‍ജ്

‘‘റോമയെ രക്ഷപ്പെടുത്താൻ എല്ലാ ശ്രമങ്ങളും നടത്തിയിരുന്നു. എന്നാല്‍ ആരോഗ്യസ്ഥിതി വഷളായതിനെ തുടര്‍ന്ന് രക്ഷിക്കാനായില്ല. മരണശേഷം അവളുടെ ബോഡി തിരിച്ചുകിട്ടുന്നതിന് വരെ നിരവധി തടസ്സങ്ങളുണ്ടായിരുന്നു. കാരണം റോമക്ക് അച്ഛനും അമ്മയും ഇല്ലായിരുന്നു, ചേട്ടനും ചേച്ചിയുമാണ് ഉണ്ടായിരുന്നത്. അവരുടെ അനുമതിയല്ലാതെ ബോഡി ഞങ്ങള്‍ക്ക് നല്‍കാന്‍ സാധിക്കില്ലായിരുന്നു. സ്വത്വം തുറന്നുപറഞ്ഞശേഷം റോമ കുടുംബക്കാരുമായി അകന്ന് ജീവിക്കുകയായിരുന്നു.  ഈ ആവശ്യമുന്നയിച്ച് ഞാന്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതിയുമായി ചെന്നിരുന്നു. പക്ഷേ അവര്‍ ഇതിനെക്കുറിച്ച് അന്വേഷിക്കാമെന്നൊക്കെ പറഞ്ഞ് നിസ്സാരവത്ക്കരിക്കുകയായിരുന്നു. അന്ന് ഒമ്പത് മണി വരെ ഞാന്‍ സ്റ്റേഷനില്‍ നിന്നു. തുടര്‍നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്ന് ഞാന്‍ പൊലീസുകാരുടെ മുന്നില്‍വെച്ചു തന്നെ ആരോഗ്യമന്ത്രിയെ വിളിക്കുകയും പ്രശ്‌നങ്ങളെക്കുറിച്ച് ബോധ്യപ്പെടുത്തുകയും ചെയ്തു. അടുത്ത ദിവസം പത്ത് മണിക്കുള്ളില്‍ തന്നെ ബോഡി തിരിച്ചുകിട്ടാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കിയിരുന്നു. പിറ്റേന്ന് വീട്ടുകാരുടെ അനുവാദവും മറ്റും വാങ്ങി അല്‍പ്പം ബുദ്ധിമുട്ടിയശേഷമാണ് റോമയുടെ മൃതദേഹം തിരിച്ചുകിട്ടിയത്. 2017 മുതല്‍ ഞാന്‍ ജില്ലാ ജസ്റ്റിസ് ബോര്‍ഡ് അംഗമാണ്​. കോഴിക്കോടുള്ള ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ ഉന്നമനത്തിനായുള്ള നിരവധി പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായിട്ടുണ്ട്. സാമൂഹിക നീതി വകുപ്പിന്റെ കീഴില്‍ ട്രാന്‍സ് ജെന്‍ഡേഴ്‌സിനെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ നിരവധി പദ്ധതികള്‍ നിലവിലുണ്ട്. ഇത്തരം പദ്ധതികളുട ഗുണഭോക്താക്കളായ നിരവധി ട്രാന്‍സ് ജെന്‍ഡേഴ്‌സിനെ എനിക്ക് പരിചയമുണ്ട്. എങ്കിലും പലപ്പോഴും പദ്ധതിക്ക് ഫണ്ട് അനുവദിക്കുന്നതിനുള്ള അനുമതിക്ക് കാലതാമസമുണ്ടാകുന്നതാണ് പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് തടസ്സം നില്‍ക്കുന്നതായി എനിക്ക് തോന്നിയിട്ടുള്ളത്'’ - സിസിലി ജോര്‍ജ് ട്രൂ കോപ്പിയോട് പറഞ്ഞു.

ROMA
റോമയ്ക്കുള്ള അടിയന്തിര ചികിത്സാ സഹായം സിസിലി ജോർജ്ജിന് കെെമാറുന്നു, സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി ഡോ.ആര്‍.ബിന്ദു ഫേസ്ബുക്കില്‍ പങ്കുവെച്ച ചിത്രം

ട്രാന്‍സ്‌ജെന്‍ഡേര്‍സിനെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സാമൂഹിക നീതി വകുപ്പിന്റെ നേതൃത്വത്തില്‍ നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.  പാര്‍ശ്വവത്ക്കരിക്കപ്പെടുന്ന ട്രാന്‍സ്‌ജെന്‍ഡര്‍സിനെ സാമൂഹിക- സാംസ്‌കാരിക- സാമ്പത്തികപരമായ ഉന്നമനം കൈവരിക്കാന്‍ പ്രാപ്തരാക്കാനാണ് ഈ പദ്ധതികളിലൂടെയെല്ലാം  സാമൂഹിക നീതി വകുപ്പ് ലക്ഷ്യമിടുന്നത്. സ്വന്തമായ ജീവനോപാധിയില്ലാത്ത ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കി സ്വയം പര്യാപ്തരാക്കാന്‍ ആവിഷ്‌കരിച്ച സാകല്യം പദ്ധതി, കോളേജുകളില്‍ പോകാന്‍ കഴിയാതെ വിദൂര വിദ്യാഭ്യാസ സംവിധാനത്തിലൂടെ ഡിഗ്രി/ പി.ജി തുടങ്ങിയ ഉന്നതവിദ്യാഭ്യാസ കോഴ്‌സുകള്‍ പഠിക്കുന്ന ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് നല്‍കുന്ന വിദൂര വിദ്യാഭ്യാസ സാമ്പത്തിക സഹായ പദ്ധതി, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പ്രവേശനം നേടിയ ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ക്ക് മെച്ചപ്പെട്ട പഠന സാഹചര്യമൊരുക്കുന്നതിനായുള്ള സഫലം പദ്ധതി, വിദ്യാഭ്യാസം പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വന്ന ട്രാന്‍സ്‌ജെന്‍ഡേര്‍സിന് തുടര്‍ വിദ്യാഭ്യാസം സാധ്യമാക്കുന്ന സമന്വയ പദ്ധതി തുടങ്ങിയവയെല്ലാം ഇതിലുള്‍പ്പെടും. എന്നാല്‍, സാമ്പത്തിക സഹായം അത്യാവശ്യമുളള ഘട്ടങ്ങളില്‍ സാമൂഹികനീതി വകുപ്പില്‍ നിന്ന് ഈ ഫണ്ട് ലഭിക്കാറില്ലെന്നും റോമയുടെ സംഭവത്തിലുള്‍പ്പടെ ഇത് വ്യക്തമാണെന്നും ട്രാന്‍സ് വുമണായ തൃപ്തി ഷെട്ടി പറയുന്നു: 

tripthi
തൃപ്തി ഷെട്ടി

‘‘റോമയെ കുറെ വര്‍ഷങ്ങളായി എനിക്ക് പരിചയമുണ്ട്. അവള്‍ തിരുവനന്തപുരത്തുകാരിയാണെങ്കിലും കോഴിക്കോട് തന്നെയാണ് ഉണ്ടായിരുന്നത്. എല്ലാവരും വളരെ ഇഷ്ടപ്പെടുന്ന വ്യക്തിയായിരുന്നു റോമ. നല്ലൊരു ഡാന്‍സര്‍ കൂടിയായിരുന്നു. തമിഴ് പാട്ടിലൊക്കെ അവള്‍ നന്നായി ഡാന്‍സ് ചെയ്യുമായിരുന്നു. റോമയുടെ ഡാന്‍സ് ഞങ്ങള്‍ക്കിടയില്‍ തന്നെ ഫേമസായിരുന്നു. റോമയുടെ മരണം വല്ലാതെ വിഷമിപ്പിച്ചിരുന്നു. ട്രൂ കോപ്പി റിപ്പോര്‍ട്ട് കണ്ട് ആരോഗ്യമന്ത്രി ഇടപെട്ടതുകൊണ്ടു മാത്രമാണ് അവസാന സമയത്തെങ്കിലും അവള്‍ക്ക് ധനസഹായം ലഭിച്ചത്. സാമൂഹിക നീതി വകുപ്പ് സാമ്പത്തിക സഹായം ആവശ്യമുള്ള അടിയന്തര ഘട്ടത്തില്‍ പോലും നമുക്ക്​ ഫണ്ട് നല്‍കാറില്ല. എന്റെ അനുഭവത്തില്‍ നിന്നാണ് പറയുന്നത്. എനിക്ക് ലിംഗമാറ്റ സര്‍ജറി കഴിഞ്ഞ സമയത്ത് അടിയന്തരമായി ചികിത്സക്ക് പണം ആവശ്യമുണ്ടായിരുന്നു. യൂറിന്‍ ബ്ലോക്കായി പ്രശ്‌നങ്ങളുണ്ടായതിനെ തുടര്‍ന്ന് ഞാന്‍ കുറച്ചകാലം കൊച്ചിയിലെ അമൃത ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു. അന്ന് ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഞാന്‍ സാമൂഹിക നീതി വകുപ്പ് മന്ത്രിയെ വിളിച്ച് സംസാരിച്ചിരുന്നു. എന്നിട്ടും ഫലമുണ്ടായില്ല. പിന്നീട് എന്നെ ചികിത്സിച്ച ഡോ. സന്ദീപും അമൃത ആശുപത്രിയും ഇടപെട്ട് ചികിത്സാചെലവ്​ കുറച്ചുതന്ന് സര്‍ജറി ചെയ്യുകയായിരുന്നു. എന്റെ കല്ല്യാണത്തിന് കിട്ടേണ്ട ഫണ്ട് ലഭിക്കാനും താമസമെടുത്തു. അതിന് നേരത്തെ അപേക്ഷ നല്‍കിയെങ്കിലും ചില കാരണങ്ങള്‍കൊണ്ട് തിരിച്ചയച്ചുവെന്നാണ് അറിയാന്‍ കഴിഞ്ഞത്. പിന്നീട് ഞാന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയും തുടര്‍ന്ന് അന്വേഷണം നടക്കുകയും ചെയ്തശേഷമാണ് ഫണ്ട് ലഭിച്ചത്. പണം ആവശ്യമുള്ള ഘട്ടങ്ങളില്‍ അത് കിട്ടാതിരിക്കുന്നത് വലിയ പ്രയാസമുണ്ടാക്കും. സാമൂഹിക നീതി വകുപ്പ് ഉദ്യോഗസ്ഥരെ മാത്രം ഈ വിഷയത്തില്‍ പ്രതിക്കൂട്ടില്‍ നിര്‍ത്താനാവില്ല. അവര്‍ക്ക് മുകളില്‍ പ്രവര്‍ത്തിക്കുന്ന ബന്ധപ്പെട്ട അധികാരികളാണ് ഈ വിഷയത്തില്‍ ശ്രദ്ധ നല്‍കേണ്ടത്.’’

ALSO READ

ഒരു മോദി- അദാനി ചങ്ങാത്തക്കഥ

സാമൂഹ്യനീതി വകുപ്പിനുകീഴില്‍ ടി.ജി സെല്‍ വന്ന സമയത്തുണ്ടായിരുന്ന പ്രവര്‍ത്തനങ്ങളും പദ്ധതികളും ഇപ്പോള്‍ കാര്യക്ഷമമായി നടക്കുന്നില്ലെന്നും തൃപ്തി ഷെട്ടി പറഞ്ഞു. ഷെല്‍ട്ടര്‍ ഹോം നടത്തിപ്പും സ്വയം തെഴില്‍ ചെയ്യാന്‍ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെ സഹായിക്കുന്ന പദ്ധതികളും പ്രവര്‍ത്തനരഹിതമായതായും തൃപ്തി ഷെട്ടി കൂട്ടിച്ചേര്‍ത്തു. ഇതേ അഭിപ്രായം തന്നെയാണ് ട്രാന്‍സ് വുമണായ അനാമികയും പങ്കുവെച്ചത്​: 

ANAMIKA
 അനാമിക

‘‘റോമ മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റായ സമയത്ത് ഞാന്‍ സിസിലിക്കൊപ്പം അവരെ കാണാന്‍ പോയിരുന്നു. റോമയുടെ പാര്‍ട്ട്ണര്‍ കൂലിപ്പണി ചെയ്തിരുന്ന ആളായിരുന്നു. അതുകൊണ്ടു തന്നെ ചികിത്സാച്ചെലവ്​ അടക്കാന്‍ മാത്രമുള്ള പണം അവരുടെ കൈയ്യിലില്ലായിരുന്നു. തുടര്‍ന്ന് ജില്ല ജസ്റ്റിസ് ബോര്‍ഡ് അംഗമായ സിസിലി, റോമക്ക് കരുതല്‍ പദ്ധതി പ്രകാരം തുക നല്‍കണമെന്നാവശ്യപ്പെട്ട് ജില്ലാ സാമൂഹിക നീതി വകുപ്പിന് അപേക്ഷ നല്‍കി. മന്ത്രിക്കും കലക്ടര്‍ക്കുമെല്ലാം സിസിലി പരാതി നല്‍കിയിരുന്നു. ഈ വര്‍ഷത്തെ ഫണ്ട് വിനിയോഗത്തെക്കുറിച്ച് സര്‍ക്കാരില്‍ നിന്ന് അറിയിപ്പുണ്ടായിട്ടില്ലെന്നാണ് ഇവിടെ നിന്നെല്ലാം മറുപടി ലഭിച്ചത്. പിന്നീട് ഇക്കാര്യം ട്രൂ കോപ്പി റിപ്പോര്‍ട്ട് ചെയ്യുകയും മന്ത്രി ഇടപെടുകയും ചെയ്തതിനെ തുടര്‍ന്നാണ് ഫണ്ടനുവദിച്ചത്. അടിയന്തര ഘട്ടത്തില്‍ ഫണ്ട് ലഭിക്കാതിരിക്കുന്നത് വലിയ പോരായ്മയാണ്. സര്‍ജറിക്കും മറ്റു ചികിത്സകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് സാമൂഹിക നീതി വകുപ്പിനുകീഴില്‍ ഫണ്ടുണ്ട്. അതൊന്നും അത്യാവശ്യ ഘട്ടങ്ങളില്‍ കിട്ടാത്തതിനാല്‍ പലപ്പോഴും ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് കടം വാങ്ങിയും മറ്റുമാണ് ചികിത്സ നടത്താറ്​. ഈ പണമടച്ച് അതിന്റെ ബില്ല് സഹിതം അപേക്ഷ നല്‍കിയാല്‍ മാത്രമേ സാമൂഹികനീതി വകുപ്പില്‍ നിന്ന് പണം ലഭിക്കുകയുള്ളൂ. അതുപോലെ ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ഥികള്‍ക്ക് പഠനച്ചെലവിനും ഹോസ്റ്റലിനുമൊക്കെയായി സാമൂഹിക നീതി വകുപ്പ് 6000 രൂപയോളം നല്‍കുന്നുണ്ട്. പക്ഷേ ഈ ഫണ്ടൊക്കെ കോഴ്‌സ് പൂര്‍ത്തിയാക്കുന്ന സമയത്താണ് കൈയ്യില്‍ കിട്ടുന്നത്. ഈ കാരണങ്ങള്‍ കൊണ്ട് പല ട്രാന്‍സ്‌ജെന്‍ഡേഴ്‌സും പഠനം പൂര്‍ത്തിയാക്കാതെ ഡ്രോപ്പ്​ ഔട്ട്​ ആയി പോകാറുണ്ട്. ഞാന്‍ ഈയടുത്താണ് മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ ഡിഗ്രി പൂര്‍ത്തിയാക്കിയത്. ഫണ്ട് കൃത്യമായി ലഭിക്കാത്തതിന്റെ ബുദ്ധിമുട്ടുകളെക്കുറിച്ച് എനിക്ക് കൃത്യമായ ബോധ്യമുണ്ട്. കോഴ്‌സ് കഴിയുന്ന സമയത്ത് ഈ ഫണ്ട് ഒരുമിച്ച് തരുന്നതിനെക്കാള്‍ അതാത് മാസങ്ങളില്‍ തന്നെ ഫണ്ട് നല്‍കാന്‍ സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധിക്കുകയാണെങ്കില്‍ പഠനച്ചെലവിന്​ ബുദ്ധിമുട്ടേണ്ട ആവശ്യം വരില്ല. പല ട്രാന്‍സ്‌ജെന്‍ഡേഴ്‌സും പഠനം പാതിവഴിയില്‍ നിര്‍ത്തുന്നതിന്റെ കാരണങ്ങളെക്കുറിച്ച് സര്‍ക്കാറും ട്രാന്‍സ്‌ജെന്‍ഡര്‍ സെല്ലും വിശദമായി അന്വേഷണം നടത്തേണ്ടതുണ്ട്.’’

ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കിടയില്‍ കൂടിവരുന്ന ആത്മഹത്യകള്‍ ചര്‍ച്ചയാകണമെന്നും ചികിത്സകള്‍ സമയത്തിന് കിട്ടാനാകാതെ നിരവധി പേരാണ് ആത്മഹത്യചെയ്യുന്നതെന്നും ഡാറ്റകള്‍ സഹിതം അനാമിക കൂട്ടിച്ചേര്‍ത്തു.

എന്നാൽ ട്രാന്‍സ്‌ജെന്‍ഡര്‍മാരുടെ ഉന്നമനത്തിന്​ സാമൂഹിക നീതി വകുപ്പിന്റെ മഴവില്‍ പദ്ധതികളുണ്ടെങ്കിലും ഇതിലേക്ക് അപേക്ഷ വരുന്നത് കുറവാണെന്നാണ് കോഴിക്കോട് സാമൂഹിക നീതിവകുപ്പ് ഉദ്യോഗസ്ഥനായ അനൂജ് രാമകൃഷ്ണന്‍ പറയുന്നത്:  ‘‘റോമയുടെ ചികിത്സക്ക് കരുതല്‍ പദ്ധതിയില്‍ നിന്ന് അടിയന്തര സഹായം നല്‍കണമെന്നാവശ്യപ്പെട്ട് സിസിലി ജോര്‍ജ് ഞങ്ങളെ സമീപിച്ചിരുന്നു. അപേക്ഷ തന്ന അന്നു തന്നെ ഡയറ്കടറിലേക്ക് അയക്കുകയും ഞങ്ങളുടെ ഭാഗത്തുനിന്ന് ചെയ്യാനുള്ളതെല്ലാം കൃത്യമായി നിര്‍വഹിക്കുകയും ചെയ്തിരുന്നു. കരുതല്‍ പദ്ധതിയെ സംബന്ധിച്ച നോട്ടിഫിക്കേഷന്‍ വന്നിരുന്നെങ്കിലും പൈസയായി ഫണ്ട് ഓഫീസില്‍ എത്താത്തതാണ് കാലതാമസത്തിന് കാരണമായത്. പക്ഷേ ഞങ്ങള്‍ റോമയെ മെഡിക്കല്‍ കോളേജില്‍ പോയി സന്ദര്‍ശിക്കുകയും ആരോഗ്യസ്ഥിതി അന്വേഷിക്കുകയും ചെയ്തിരുന്നു. പിന്നീട് ട്രൂ കോപ്പിയില്‍ വാര്‍ത്തയായതിനെ തുടര്‍ന്ന് മന്ത്രി നേരിട്ട് ഇടപെട്ടാണ് ചികിത്സാ സഹായം നല്‍കിയത്. പദ്ധതിയില്‍ ഫണ്ടില്ലാത്തതിനാല്‍ മെഡിക്കല്‍ എമര്‍ജന്‍സിയായതുകൊണ്ട് തല്‍ക്കാലം മറ്റേതെങ്കിലും ഫണ്ടില്‍ നിന്ന് പണം നല്‍കാനാണ് അറിയിപ്പ് കിട്ടിയത്. അന്നേദിവസം ബാങ്ക് സമയം കഴിഞ്ഞതിനാലും സാങ്കേതികപരമായ ബുദ്ധിമുട്ടുണ്ടായതിനാലും അല്‍പം ബുദ്ധിമുട്ടിയാണ് പണം എത്തിച്ചത്. മറ്റൊരു പദ്ധതിയില്‍ നിന്ന് കലക്ടറുടെ അനുമതിയോടെ ചെക്ക് എഴുതി വാങ്ങി, ബാങ്കില്‍ 25,000 രൂപ പണമായി തന്നെ എടുത്താണ് സിസിലിക്ക് കൈമാറിയത്. റോമയുടെ ചികിത്സാസഹായത്തിന് സിസിലിക്ക് സാമൂഹിക നീതി വകുപ്പ് മന്ത്രി നേരിട്ട് തന്നെയാണ് പണം നല്‍കിയത്. ഇതിന്റെ ചിത്രവവും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.  ഇതേപോലെ ട്രാന്‍സ്‌ജെന്‍ഡര്‍ ഉന്നമനത്തിനായി നിരവധി പ്രവര്‍ത്തനങ്ങള്‍ ഞങ്ങള്‍ നടത്തിയിട്ടുണ്ട്. നാല്‍പതോളം ട്രാന്‍സ്‌ജെന്‍ഡര്‍ ഐ.ഡി കാര്‍ഡ് ഓഫീസില്‍നിന്ന് ഇതുവരെ നല്‍കിയിട്ടുണ്ട്. ഓഫീസിലേക്ക് വരുന്ന അപേക്ഷകളെല്ലാം കൃത്യമായി പരിഗണിക്കുകയും കഴിയുന്ന വേഗം നടപടികളെടുക്കുകയും ചെയ്യാറുണ്ട്. ഫണ്ടുകളെല്ലാം മാനദണ്ഡമനുസരിച്ച് കൃത്യമായി നല്‍കാറുണ്ട്. ഫണ്ട് വരുന്ന മുറക്ക് കൊടുക്കുക എന്ന രീതിയാണുള്ളത്​.’’

കോഴിക്കോട് സാമൂഹിക നീതി വകുപ്പിന്റെ കീഴില്‍ കോവിഡ് സമയത്ത് ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് ധനസഹായവും ഫുഡ്കിറ്റും കൃത്യമായി നല്‍കിയതായും അനൂജ് രാമകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. ട്രാന്‍സ് ജെന്‍ഡര്‍ വിദ്യാര്‍ഥികളുടെ പഠനച്ചെലവും എസ്.ആര്‍.എസ് (sex reassignment surgery) കഴിഞ്ഞവര്‍ക്ക് ചികിത്സാസഹായവും അതാത് സമയത്ത് നല്‍കുന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ

'പൊലീസ് ചോദിച്ചു, പെണ്ണുങ്ങളുടെ എന്ത് അവയവമാണ് നിങ്ങള്‍ക്കുള്ളത്?' ആക്രമിക്കപ്പെടുന്ന ട്രാന്‍സ്ജെന്‍ഡര്‍മാര്‍

സാമൂഹിക തിരസ്‌കാരണത്തിലൂടെ തീര്‍ത്തും ഒറ്റപ്പെട്ടുപോകുന്ന ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് പദ്ധതികളുടെ പിന്തുണ കൃത്യമായി നല്‍കുന്നതിന് സാമൂഹികനീതി വകുപ്പിനുകീഴിലുള്ള പദ്ധതികള്‍ സുതാര്യമാകേണ്ടത് അനിവാര്യമാണ്. ട്രാന്‍സ്‌ജെന്‍ഡേഴ്സ് അംഗീകരിക്കപ്പെടുകയും ചേര്‍ത്തുനിര്‍ത്തപ്പെടുകയും ചെയ്യേണ്ടത് അത്യാവശ്യമായതിനാൽ അവരെ പിന്തുണക്കുകയും ഒപ്പം നിര്‍ത്തുകയും ചെയ്യുന്ന ഇടങ്ങള്‍ വര്‍ധിപ്പിച്ചെടുക്കേണ്ടതിന് സർക്കാർ പ്രത്യേക ശ്രദ്ധ നൽകേണ്ടതുണ്ട്. അതിനാദ്യം സെക്‌സ്, സെക്ഷ്വാലിറ്റി, ജെന്‍ഡര്‍ എന്നിവയുമായി ബന്ധപ്പെട്ട സ്വയം നിർ​ണയാവകാശങ്ങളെക്കുറിച്ചും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ അവകാശങ്ങളെക്കുറിച്ചും സമൂഹത്തിന് വ്യക്തമായ അറിവ് നല്‍കാൻ സർക്കാർ മുൻകൈയ്യെടുക്കേണ്ടതുണ്ട്. കൂടാതെ ട്രാൻസ്ജെൻഡർമാരുടെ മുഖ്യധാരാവത്ക്കരണം ലക്ഷ്യം വെക്കുന്ന പദ്ധതികളുടെ പ്രവർത്തനവും ഫണ്ടിങ്ങും സുഗമമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുമുണ്ട്.

റിദാ നാസര്‍  

ജൂനിയര്‍ ഔട്ട്പുട്ട് എഡിറ്റര്‍

  • Tags
  • #Transgender
  • #Roma
  • #Social Justice Department kerala
  • #Ridha Nazer
  • #Human Rights
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
muthanga cover

Adivasi struggles

റിദാ നാസര്‍

സമരഭൂമി മുതല്‍ കോടതിമുറി വരെ നീളുന്ന വംശീയത; മുത്തങ്ങയിലെ ആദിവാസികളുടെ അനുഭവങ്ങള്‍

Mar 28, 2023

10 Minutes Read

think stories

Higher Education

റിദാ നാസര്‍

ഇന്റേണ്‍ഷിപ്പ് ഫീസ് കുറക്കണം, പരാതിയുമായി വിദ്യാര്‍ഥികള്‍

Feb 20, 2023

7 Minutes Watch

ziya

Editorial

മനില സി. മോഹൻ

മനുഷ്യന്റെ ജെന്റര്‍ സാധ്യതകള്‍

Feb 09, 2023

4 Minutes Read

green field

Developmental Issues

റിദാ നാസര്‍

75000 രൂപ മതിയോ ഒരു കടയ്​ക്ക്​? ഒന്നിലേറെ ജീവിതങ്ങൾക്ക്​? കുടിയിറക്കപ്പെടുന്ന പെരുമണ്ണയിലെ വ്യാപാരികൾ ചോദിക്കുന്നു

Feb 02, 2023

8 Minutes Watch

SREE

Casteism

റിദാ നാസര്‍

കെ.ആർ. നാരായണൻ ഇൻസ്​റ്റിറ്റ്യൂട്ട്​: മന്ത്രിയുമായി നാളെ കൂടിക്കാഴ്​ചക്കുശേഷം അന്തിമ തീരുമാനമെന്ന്​ വിദ്യാർഥികൾ

Jan 22, 2023

2 Minutes Read

woman

Crime against women

റിദാ നാസര്‍

ആത്മാഭിമാനത്തോടെ ജീവിക്കാനുള്ള അവകാശം: പൊരുതുന്ന സ്​ത്രീകളുടെ എണ്ണം കൂടുന്നു

Jan 21, 2023

18 Minutes Read

muslim-women

Human Rights

എം.സുല്‍ഫത്ത്

മുസ്​ലിം സ്ത്രീകളുടെ സ്വത്തവകാശം: ഭരണകൂടം കാണേണ്ടത്​ മതത്തെയല്ല,  മതത്തിനുള്ളിലെ സ്ത്രീയെ

Jan 12, 2023

10 Minutes Read

ADOOR

Casteism

റിദാ നാസര്‍

അടൂരിന്റെയും ശങ്കർ​ മോഹന്റെയും നുണപ്രചാരണത്തിന്​ ജീവനക്കാരും വിദ്യാർഥികളും മറുപടി പറയുന്നു

Jan 05, 2023

5 Minutes Read

Next Article

മാര്‍ക്‌സിസ്റ്റുകള്‍ ഗോര്‍ബച്ചേവിനെ പഠിക്കണം, ഒരു ജാഗ്രതയായി മാത്രം

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster