മഠംകുന്ന് ആദിവാസി സെറ്റിൽമെന്റിൽ താൽക്കാലിക വൈദ്യുതി; ട്രൂ കോപ്പി ഇംപാക്റ്റ്

വൈദ്യുതിയില്ലാത്തതിനാൽ മഠം കുന്ന് പണിയ കോളനി, ഗോവിന്ദൻ പാറ കോളനി എന്നിവിടങ്ങളിലെ ഗോത്ര വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനം നിഷേധിക്കപ്പെടുന്ന വസ്​തുത വെളിച്ചത്തുകൊണ്ടുവന്ന ​അന്വേഷണാത്മക റിപ്പോർട്ട്​ ‘ട്രൂ കോപ്പി തിങ്ക്​’ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു

Think

വൈദ്യുതിയില്ലാത്തതിനാൽ ഓൺലൈൻ പഠനസൗകര്യം നിഷേധിക്കപ്പെട്ടിരുന്ന വയനാട്ടിലെ രണ്ട് ആദിവാസി സെറ്റിൽമെന്റുകളിലേക്ക് വൈദ്യുതിയെത്തുന്നു.
മുട്ടിൽ പഞ്ചായത്തിലെ മഠം കുന്ന് പണിയ കോളനി, ഗോവിന്ദൻ പാറ കോളനി എന്നിവിടങ്ങളിലെ ഗോത്ര വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനം സാധ്യമാകുന്നില്ല എന്ന വസ്തുത മുൻനിർത്തി, എഡിറ്റർ ഇൻ ചീഫ് മനില സി. മോഹൻ നടത്തിയ അന്വേഷണാത്മക റിപ്പോർട്ട് ട്രൂ കോപ്പി തിങ്ക് കഴിഞ്ഞദിവസം പ്രസിദ്ധീകരിച്ചിരുന്നു.

മുട്ടിൽ ഗ്രാമപഞ്ചായത്തിലെ പത്താം വാർഡ് പാക്കം കാരാപ്പുഴ ജലസേചന പദ്ധതിപ്രദേശത്ത് ഉൾപ്പെടുന്ന മഠംകുന്ന് കോളനിയിലും നായ്കൊല്ലി കോളനിയിലുമാണ് പട്ടിക വർഗ വിദ്യാർഥികളുടെ ഓൺലൈൻ പഠനത്തിന്​താൽക്കാലിക വൈദ്യുതി കണക്ഷൻ നൽകാൻ കാരാപ്പുഴ പ്രോജക്റ്റ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അനുമതി നൽകിയത്. താൽക്കാലിക കണക്ഷനുവേണ്ടി വൈദ്യുതി ലൈൻ വലിക്കാൻ മുട്ടിൽ ഗ്രാമപഞ്ചായത്തിന് അനുമതിയും നൽകി ഉത്തരവായി.

അധ്യയനവർഷം ആരംഭിച്ച്​ രണ്ടു മാസമായിട്ടും ആദിവാസി മേഖലയിൽ ഓൺലൈൻ വിദ്യാഭ്യാസം വേണ്ടരീതിയിൽ നടക്കുന്നില്ല എന്ന് തെളിയിക്കുന്നതായിരുന്നു മഠം കുന്ന്, ഗോവിന്ദൻപാറ പണിയ കോളനികളിൽ ‘തിങ്ക്' നടത്തിയ അന്വേഷണം. ഡിജിറ്റൽ ഡിവൈഡിൻറെ ആഴം വ്യക്തമാക്കുന്ന ആ റിപ്പോർട്ട് പ്രസിദ്ധീകരിച്ച ശേഷം, താൽക്കാലിക വൈദ്യുതി കണക്ഷൻ എത്തിക്കാൻ വൈദ്യുതിലൈൻ വലിക്കുന്നതിന് അനുമതിക്കായി മുട്ടിൽ ഗ്രാമപഞ്ചായത്ത് കാരാപ്പുഴ ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് കത്ത് നൽകിയിരുന്നു.

മഠംകുന്ന് സെറ്റിൽമെന്റിലെ ഗോത്ര വിദ്യാർത്ഥികൾക്ക് പഠനാർത്ഥം വെെദ്യുതി കണക്ഷൻ ആവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറി എക്സിക്യുട്ടീവ് എഞ്ചിനിയർക്ക് നൽകിയ കത്ത് (1). വെെദ്യുതി ലെെൻ വലിക്കാൻ അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവ് (2)

കോവിഡും ലോക്ക്ഡൗണുമാണ് ആദിവാസി വിദ്യാർഥികളുടെയും അധ്യയനം മുടക്കിയത്. അവർക്ക് വീടുകളിലിരുന്ന് പഠിക്കേണ്ടിവന്നു. കഴിഞ്ഞവർഷം അങ്കണവാടി, വായനശാല തുടങ്ങിയ പൊതുകേന്ദ്രങ്ങളിൽ വിദ്യാർഥികളെ എത്തിച്ചാണ് പഠനം നടത്തിയിരുന്നത്. എന്നാൽ, ഇത്തരം സെന്ററുകളിലേക്ക് ഏറെ ദൂരമുള്ളതിനാൽ പല കുട്ടികൾക്കും എത്തിച്ചേരാൻ കഴിഞ്ഞിരുന്നില്ല. സെറ്റിൽമെന്റുകളിലാകട്ടെ, വൈദ്യുതിയും ഇല്ല. ഇതോടെ, ഇവരുടെ പഠനം പൂർണമായും മുടങ്ങി. മൊബൈൽ ഫോണും ടി.വിയും അടക്കമുള്ള ഡിവൈസുകൾ നൽകിയാലും വൈദ്യുതിയില്ലാത്തതിനാൽ അവ പ്രവർത്തിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ മൂന്നുരൂപയാണ് ഈടാക്കിയിരുന്നത്.

മുട്ടിൽ പഞ്ചായത്തിൽ 26 പഠനകേന്ദ്രങ്ങളുണ്ട്. പഠനകേന്ദ്രങ്ങളാകട്ടെ, ഏറെ ദൂരെയുമാണ്. അതുകൊണ്ടുതന്നെ സെറ്റിൽമെന്റുകളിൽനിന്ന് വിദ്യാർഥികൾക്ക് ഇവിടെ എത്താൻ കഴിയില്ല. രണ്ട് സെറ്റിൽമെന്റുകളിലെങ്കിലും താൽക്കാലിക വൈദ്യുതി എത്തുന്നതോടെ ഇവിടുത്തെ വിദ്യാർഥികളുടെ ഓൺലൈൻ പഠന പ്രശ്നത്തിന് താൽക്കാലിക പരിഹാരമാകുകയാണ്.

Comments