ദൈവമാകാൻ ശ്രമിക്കുന്ന മനുഷ്യൻ

ജൈവികതയുടെ നൈസർഗ്ഗികതയെ വിച്ഛേദിക്കുന്ന, വിഘടിപ്പിക്കുന്ന ഒന്നാണ് നിർമ്മിത ബുദ്ധിയുടേതായാലും സൈബോർഗിയൻ പരീക്ഷണങ്ങളുടേതായാലും ഇടപെടലുകൾ. ശാസ്ത്ര-സൈബോർഗിയൻ ശരീരങ്ങളും സൈബോർഗിയൻ അല്ലാത്ത ശരീരങ്ങളും എന്ന വളരെ നിഷ്‌കൃഷ്ടമായ ചേരിതിരിവ് കൂടി ഉണ്ടാവും എന്നത് മുൻകൂട്ടി കാണാൻ കഴിയുന്ന കാര്യമാണ്. നിർമ്മിത ബുദ്ധിയുടെ പരിണാമഘട്ടങ്ങളെ കോവിഡാനന്തര കാലത്തെ മനുഷ്യഭാവിയുമായി ചേർത്ത് വിശകലനം ചെയ്യുന്ന അഭിമുഖം.

ഗോപാലകൃഷ്ണൻ: കോവിഡ് കാലത്തിനുശേഷമുള്ള മനുഷ്യരാശിയുടെ ഭാവിയെ കുറിച്ചുള്ള ചർച്ചയുടെ ഭാഗമായാണ് നാം സംസാരിക്കുന്നത്. അടുത്ത കാലത്ത് താങ്കൾ എഴുതിയ ലേഖനവും അഭിമുഖ സംഭാഷണവും വായിക്കാനിടയായി. അതിന്റെ മുന്നോട്ടുള്ള ചർച്ചയാണ് ഈ അഭിമുഖത്തിന്റെയും ഉദ്ദേശ്യം. മനുഷ്യൻ ഒരു ജൈവപ്രതിഭാസമാണ് എന്ന ധാരണ നിർമ്മിതബുദ്ധിയുടെ വരവോടെ നഷ്ടപ്പെടുന്നു എന്ന് കരുതാമോ? നൈസർഗ്ഗികത മനുഷ്യനുള്ള മനോഹരമായ സഹജഭാവമാണ്. നിർമ്മിതബുദ്ധി മനുഷ്യനുള്ള സഹജഭാവങ്ങളുമായി ഒന്നിച്ചു പോകുമോ?

ടി.ടി. ശ്രീകുമാർ: ജൈവികത എന്നുപറയുന്നത് മനുഷ്യപരിണാമത്തിന്റെ നൈസർഗ്ഗികതയെ സൂചിപ്പിക്കുന്നതാണ്. പുനരുൽപാാദനത്തിന്റെ ഘട്ടം മുതൽ മനുഷ്യാവസ്ഥയുടെ എല്ലാ പരിണാമഭേദങ്ങളിലും അവൻ ഇപ്പോഴും കാണാൻ ആഗ്രഹിക്കുന്നതാണ് ഈ നൈസർഗ്ഗികത; ജൈവികതയുടേതായ നൈസർഗ്ഗികത. പക്ഷെ അത് വളരെയധികം കാൽപനികവൽക്കരിക്കപ്പെട്ട ഒന്നാണെന്ന് നമ്മൾ ആദ്യംതന്നെ പറയേണ്ടതുണ്ട്. കാരണം, അണ്ഡവും ബീജവും തമ്മിലുള്ള ബന്ധത്തെപ്പറ്റി പറയുമ്പോഴാണെങ്കിലും ദേഹവും ദേഹിയും എന്നിങ്ങനെ വേർതിരിച്ച് ആത്മീയ പരിപ്രേക്ഷ്യത്തിൽ അവതരിപ്പിക്കുമ്പോഴായാലും, നമ്മുടെ സാമൂഹിക ജീവിതത്തിൽ ശരീരം പ്രതിനിധാനം ചെയ്യപ്പെടുന്നത് അത്തരം കാൽപനികമായ രൂപകങ്ങളിലൂടെയാണ്. കാൽപനികമായ ഇത്തരം രൂപകങ്ങളിലൂടെ ശരീരത്തെ, മനുഷ്യപരിണാമത്തെ വീക്ഷിക്കാൻ പരിശീലിച്ചുപോന്ന നമ്മളെ സംബന്ധിച്ച്, നിർമ്മിതബുദ്ധിയും സൈബോർഗിയൻ പരീക്ഷണങ്ങളുടെയും കാലഘട്ടം എന്ന് പറയുന്നത്, അടിസ്ഥാനപരമായി നമ്മുടെ ചിന്തയുടെ മാതൃകകളെ, പരിപ്രേക്ഷ്യങ്ങളെ ചോദ്യം ചെയ്യുന്ന ഒന്നായി മാറുന്നു എന്നതിൽ തർക്കമില്ല. ഏറ്റവും പ്രധാനപ്പെട്ട കാര്യം, ഈ ജൈവികതയുടെ നൈസർഗ്ഗികത എന്ന് പറയുന്നതിനെ വിച്ഛേദിക്കുന്ന, വിഘടിപ്പിക്കുന്ന ഒന്നാണ് നിർമ്മിത ബുദ്ധിയുടേതായാലും സൈബോർഗിയൻ പരീക്ഷണങ്ങളുടേതായാലും ഇടപെടലുകൾ എന്ന് പറയുന്നത്.

അതിന്റെ പ്രധാനമായ അടിസ്ഥാന സമീപനം എന്ന് പറയുന്നത്, ജൈവാർഥത്തിലുള്ള മനുഷ്യപരിണാമം അവസാനിച്ചു കഴിഞ്ഞിരിക്കുന്നു. പകരം മാറ്റം ഉണ്ടാക്കാൻ സാധിക്കുന്നത്, ശരീരത്തിന്റെ രൂപത്തിലാണ്, ഘടനയിലാണ്, അതിന്റെ ധർമ്മങ്ങളിലാണ്. ജൈവിക പരിണാമം അവസാനിക്കുകയും മനുഷ്യശരീരമെന്നത് രൂപാന്തരീകരണത്തിന് വിട്ടുകൊടുക്കുകയും ചെയ്യേണ്ട ഒന്നാണെന്ന് പറയുന്നത് തീർച്ചയായും നമ്മുടെ കാൽപ്പനിക പരിപ്രേക്ഷ്യത്തെ ചോദ്യം ചെയ്യുന്ന ഒന്നാണ്. പക്ഷെ, പ്രശ്നം അതുമാത്രമല്ല. ശരീരത്തിന്റെ പരിമിതികളെ അതിലംഘിക്കുകയെന്നത് മനുഷ്യകുലത്തിന്റെ ഒരടിസ്ഥാന മോഹം തന്നെയാണ്. ആഗ്രഹം തന്നെയാണ്. പക്ഷെ, ഇവിടെ ഇത് കേവലമായ ഒരു പരിപ്രേക്ഷ്യത്തിന്റെ പ്രശ്നം മാത്രമല്ല. മറിച്ച് രോഗം, വേദന, വിശപ്പ്, തുടങ്ങിയ കാര്യങ്ങളെയൊക്കെ നിസ്സാരമാക്കാൻ കഴിയുന്ന രൂപാന്തരീകരണം ശരീരത്തിൽ സംഭവിപ്പിക്കാം എന്ന സൈബോർഗിയൻ ചിന്ത, അതോടൊപ്പം തന്നെ ചില ദാർശനിക, നൈതിക, ധാർമ്മിക പ്രശ്നങ്ങളെക്കൂടി കെട്ടഴിച്ചുവിടുന്നു എന്നതിനെ വിസ്മരിച്ച് നമുക്ക് ഈ കാര്യം ചർച്ച ചെയ്യാനാകില്ല.

രോഗം, വേദന, വിശപ്പ്, തുടങ്ങിയ കാര്യങ്ങളെയൊക്കെ നിസ്സാരമാക്കാൻ കഴിയുന്ന രൂപാന്തരീകരണം ശരീരത്തിൽ സംഭവിപ്പിക്കാം എന്ന സൈബോർഗിയൻ ചിന്ത, അതോടൊപ്പം തന്നെ ചില ദാർശനിക, നൈതിക, ധാർമ്മിക പ്രശ്നങ്ങളെക്കൂടി കെട്ടഴിച്ചുവിടുന്നു എന്നതിനെ വിസ്മരിച്ച് നമുക്ക് ഈ കാര്യം ചർച്ച ചെയ്യാനാകില്ല.

അതിലേറ്റവും പ്രധാനമായ ഒന്ന്, ഇത്തരം പരീക്ഷണങ്ങൾ ശരീരത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ, മനുഷ്യൻ എന്ന പ്രാഥമിക സങ്കൽപ്പത്തെ മാറ്റിമറിക്കുന്നു എന്നതാണ്. പരിണാമത്തിന്റെ ഭാഗമായി ലഭിക്കുന്ന ചിന്താപരവും ശാരീരികവുമായ കഴിവുകൾക്കും അപ്പുറത്ത് നിർമ്മിത ബുദ്ധിയുടെ ഇടപെടലുകളിലൂടെ അതിനെ മാറ്റിത്തീർക്കുക എന്നത് പ്രധാന ധാർമ്മിക-നൈതിക ചോദ്യം തന്നെയാണ്. രണ്ടുരീതിയിലാണ് ആ വെല്ലുവിളി പ്രസക്തമാകുന്നത്. ഒന്ന്, ഇത് ആഗോളതലത്തിൽത്തന്നെ കോർപ്പറേറ്റുകളുടെ കാർമികത്വത്തിലാണ് നടക്കുക എന്നതുകൊണ്ടുതന്നെ, ഇതിനു സ്വീകരിക്കുന്ന മാർഗ്ഗങ്ങൾ, ഇതിന്റെ ലക്ഷ്യങ്ങൾ പോലെ തന്നെ നമുക്ക് സംശയമുണ്ടാക്കുന്നതാണ്.

രണ്ടാമത്തെ വലിയ പ്രശ്നം, ഇത്തരമൊരു സൈബോർഗിയൻ ലോകം എല്ലാവർക്കും വേണ്ടി ഉള്ളതായിരിക്കുകയില്ല എന്നതാണ്. ലോകത്തിലെ വലിയ വിഭാഗം ജനങ്ങൾ ഈ നിർമ്മിത ബുദ്ധിയുടെയും സൈബോർഗിയൻ ഇടപെടലുകളുടെയും രൂപാന്തരീകരണം സംഭവിക്കുന്ന ശരീരങ്ങൾക്ക് പുറത്തായിരിക്കും എന്നത് പ്രധാനമാണ്. വർഗവ്യത്യാസം പോലെ അസമത്വം എന്നുപറയുന്നത്, അല്ലെങ്കിൽ വംശീയ അസമത്വം എന്ന് പറയുന്നത് പോലെ, ശാസ്ത്ര-സൈബോർഗിയൻ ശരീരങ്ങളും സൈബോർഗിയൻ അല്ലാത്ത ശരീരങ്ങളും എന്ന വളരെ നിഷ്‌കൃഷ്ടമായ ചേരിതിരിവ് കൂടി ഉണ്ടാവും എന്നത് മുൻകൂട്ടി കാണാൻ കഴിയുന്ന കാര്യമാണ്.

ദൈവമാകാനുള്ള ആഗ്രഹം നമ്മുടെ അന്വേഷക യന്ത്രങ്ങൾക്ക്, അതായത് സേർച്ച് എഞ്ചിനുകൾക്ക് സഹജമായതാണ്. അതിനു കഴിഞ്ഞില്ലെങ്കിലും നവമാധ്യമങ്ങൾ ഭരണകൂടങ്ങൾ തന്നെയായി മാറുമോ എന്ന് ശ്രീകുമാർ കഴിഞ്ഞ ലേഖനത്തിൽ സംശയം പ്രകടിപ്പിച്ചിരുന്നു. നിർമ്മിതബുദ്ധിയുടെ കോയ്മാലോകത്ത് ഈ നവഭരണകൂടം ദൈവം തന്നെ ആയിമാറുമോ?

"ദൈവമാകാൻ ശ്രമിക്കുക' എന്നത് ചിലർ പരിഹാസരൂപേണ പറഞ്ഞിരുന്നതാണ്. ചിലരുടെ പ്രതീക്ഷയാണ്. ചിലർ അതിമോഹമായി കണ്ടിരുന്നതാണ്. പക്ഷെ, ബയോ ടെക്നോളജിയുടെയും ജനറ്റിക് എൻജിനീയറിങ്ങിന്റെയും വരവോടെ, രോഗത്തിന്റെയും വേദനയുടെയും മരണത്തിന്റെയുമൊക്കെ സാധ്യതകളെ അതിലംഘിക്കാനുള്ള പരീക്ഷണങ്ങൾ നിരന്തരം ആവിർഭവിച്ചതോടുകൂടി ഇത് കേവലം ആഗ്രഹം എന്നതിലുപരി സാക്ഷാത്കരിക്കാൻ സാധ്യതയുള്ള ഒന്നായി മനസ്സിലാക്കപ്പെട്ട് തുടങ്ങിയിരിക്കുകയാണ്. മനുഷ്യന്റെ ജൈവപരിണാമത്തെ മനുഷ്യൻ തന്നെ കൈയിലെടുക്കാൻ ശ്രമിക്കുന്നു എന്ന വിമർശനം ഉന്നയിക്കപ്പെടുന്നത് ഈ സന്ദർഭത്തിലാണ്. ഇവിടെ പ്രധാനമായി എനിക്ക് തോന്നിയത്, ബയോ ടെക്നോളജിയുടെയും ജനറ്റിക് എൻജിനീയറിങ്ങിന്റെയും സാങ്കേതികവിദ്യ വികസിച്ചതിനൊപ്പമാണ് ഡിജിറ്റൽ സാങ്കേതികവിദ്യയും വികസിച്ചത്. ഡിജിറ്റൽ സാങ്കേതികവിദ്യയുടെയും ബയോടെക്നോളജിയുടെയും ഒരു ഉഭയബന്ധമുണ്ട്. പലപ്പോഴും നമ്മൾ സൂക്ഷ്മാവസ്ഥയിൽ മനസ്സിലാക്കാതെ പോകുന്ന ഒന്ന്. ഈ ഉഭയബന്ധം എന്ന് പറയുന്നത് ഒരു സിംബയോസിസ് എന്ന് പറയാം. ഈ ഉഭയബന്ധം ഒന്നിനെ മറ്റൊന്ന് കൂടുതൽ സാധ്യമാക്കുന്നു എന്നുള്ളതാണ്. അതോടുകൂടി, നിർമ്മിതബുദ്ധിയും ജനറ്റിക് എൻജിനീയറിങ്ങും ചേർന്ന് മനുഷ്യശരീരത്തിന്റെ അടിസ്ഥാനപരമായ ജൈവാവസ്ഥകളെപ്പോലും നിയന്ത്രിക്കുന്ന കണ്ടുപിടുത്തങ്ങളിലേക്ക് ലോകം നീങ്ങുന്നു എന്നത് വസ്തുനിഷ്ഠമായി സംഭവിച്ചുകൊണ്ടിരിക്കുന്ന കാര്യമാണ്. ഇതിൽ ശ്രദ്ധിക്കേണ്ട വസ്തുത, നവമാധ്യമങ്ങൾ ഈ ഡിജിറ്റൽ സാങ്കേതികവിദ്യയിലെ ഏറ്റവും സാമൂഹികമായ വിതരണമാണ്. ആ അർത്ഥത്തിൽ പലരും ഇതിനെ മനസ്സിലാക്കാറില്ല. പല സാങ്കേതിക വിദ്യകളും സമൂഹത്തിൽ വിതരണം ചെയ്യപ്പെടുന്നതിൽ ചില പ്രത്യേക മാതൃകകളുണ്ട്. ആ പൂർവ മാതൃകകൾ, നിരാകരിച്ച്, സമൂഹത്തിലെ എല്ലാവർക്കും നേരിട്ട് ലഭിക്കത്തക്ക രീതിയിൽ, രൂപകൽപ്പന ചെയ്യപ്പെട്ടിട്ടാണ് നവമാധ്യമ സാങ്കേതികവിദ്യ വരുന്നത്. ആ സാങ്കേതികവിദ്യയിലൂടെ, സർഗ്ഗാത്മകത ഒരേസമയം ഉൽപ്പാദിപ്പിക്കപ്പെടുകയും ഉപഭോഗം ചെയ്യപ്പെടുകയും ചെയ്യുന്ന ഒരു സമൂഹമായി നമ്മളെ മാറ്റിയിട്ടുണ്ട്. ഇതാണ് ഇതിലെ അടിസ്ഥാനമായ കാര്യം.

മുതലാളിത്തം അതിന്റെ ചരിത്രത്തിൽ ഉണ്ടാക്കിയ ഏറ്റവും പ്രധാനമായ ഉടമ്പടി, ദേശരാഷ്ട്രവുമായിട്ടുള്ളതാണ്. ദേശരാഷ്ട്രത്തെ അംഗീകരിച്ചുകൊണ്ട്, അതിന്റെ പരിമിതിയുണ്ടെങ്കിലും അതുമായി സന്ധിചെയ്യാം എന്ന് മനസ്സിലാക്കി ചരിത്രത്തിൽ പ്രവർത്തിക്കുന്ന ഒന്നാണ് മുതലാളിത്തം.

ഇതിന്റെ മറുവശം, ഇത് പൂർണമായി നിയന്ത്രിക്കുന്നത് ഈ ഹാർഡ്‌വെയറിന്റെ
ഉൽപ്പാദകരാണ്. അത് ലോക കോർപ്പറേറ്റ് വിഭാഗങ്ങൾ തന്നെയാണ്. മുതലാളിത്തം അതിന്റെ ചരിത്രത്തിൽ ഉണ്ടാക്കിയ ഏറ്റവും പ്രധാനമായ ഉടമ്പടി, ദേശരാഷ്ട്രവുമായിട്ടുള്ളതാണ്.

ദേശരാഷ്ട്രത്തെ അംഗീകരിച്ചുകൊണ്ട്, അതിന്റെ പരിമിതിയുണ്ടെങ്കിലും അതുമായി സന്ധിചെയ്യാം എന്ന് മനസ്സിലാക്കി ചരിത്രത്തിൽ പ്രവർത്തിക്കുന്ന ഒന്നാണ് മുതലാളിത്തം. അത് ചൈനയിലെപ്പോലെ സമഗ്രാധിപത്യമുള്ള ഒരിടത്തായാലും പിനോഷെയെപ്പോലെയുള്ള ഏകാധിപത്യ ഭരണകൂടങ്ങളായാലും ശരി, സ്വതന്ത്ര ജനാധിപത്യ രാഷ്ട്രങ്ങളായാലും ശരി, സിംഗപ്പൂർ, മലേഷ്യ തുടങ്ങിയ ഏഷ്യൻ ജനാധിപത്യ രാജ്യങ്ങളിലായായാലും, ലിബറൽ ജനാധിപത്യ രാജ്യങ്ങളായാലും ശരി, അതിനോടൊക്കെ ഇഴുകിച്ചേർന്ന് പ്രവർത്തിക്കാൻ കഴിയുന്ന തരത്തിലുള്ള സംവിധാനമാണ് മുതലാളിത്തം. അവരുടെ കൈപ്പിടിയിലാണ് ഇത് നിലനിൽക്കുന്നതുതന്നെ. അതുകൊണ്ടുതന്നെ നവമാധ്യമങ്ങളിലൂടെയുള്ള ഇടപെടൽ എന്നത് മനുഷ്യസ്വഭാവത്തിൽ മാറ്റം വരുത്താനുള്ള, മനുഷ്യന്റെ പ്രതികരണങ്ങളിൽ, പ്രതിരോധങ്ങളിൽ, ആത്മപ്രതിഫലനങ്ങളിൽ മാറ്റം വരുത്താനുള്ള ശ്രമങ്ങൾ ശക്തമായി സന്നിവേശിപ്പിച്ചിട്ടുള്ള സാങ്കേതിക വിദ്യയാണ്.

നാം നമ്മുടെ സ്വകാര്യതയെ കുറിച്ചുള്ള, മൂല്യങ്ങളെക്കുറിച്ചുള്ള, ജനാധിപത്യത്തെക്കുറിച്ചുള്ള സങ്കൽപങ്ങൾ ഒക്കെ സാമൂഹ്യമാധ്യമങ്ങളുടെ ഇടപെടലിലൂടെ മാറിമാറിയുന്നുണ്ട്. ഇന്ന് സാമൂഹ്യമാധ്യമങ്ങളിൽ ഇടപെടുന്ന ഒരു വ്യക്തി, ജനാധിപത്യത്തിന് വോട്ട് ചെയ്തിരുന്ന ആ പഴയ വ്യക്തിയല്ല. ഈ ഒരു മാറ്റം ആ അർത്ഥത്തിൽ വളരെ പ്രാധാന്യമുള്ളതാണ്. ആ പ്രാധാന്യത്തെയാണ് ഇനി നവസാങ്കേതിക മുതലാളിത്തം ചൂഷണം ചെയ്യാൻ പോകുന്നത്. അവർ നമ്മളെ ഓരോരുത്തരെയും, ഇത്തരത്തിൽ ഒരു ഭാഗത്തുകൂടി ജനാധിപത്യബോധമുള്ളവരാക്കി മാറ്റുകയും എന്നാൽ ആ ജനാധിപത്യബോധത്തെ വ്യക്ത്യധിഷ്ഠിതമായി ചുരുക്കി നിർത്തുവാൻ നിർബ്ബന്ധിക്കുകയും ചെയ്യുന്നുണ്ട് എന്ന രാഷ്ട്രീയ പ്രശ്‌നം പലപ്പോഴും കാണാതെ പോവുകയും ചെയ്യുന്നുണ്ട്. അതാണ് എനിക്ക് ഏറ്റവും പ്രധാനമായി തോന്നുന്നുണ്ട്. അവിടെയാണ് ഈ നവമാധ്യമ സാങ്കേതികവിദ്യ ദൈവമായിത്തീരാൻ പോകുന്നത്. കേവല മനുഷ്യശരീരത്തിന്റെ പരിണാമതലത്തിൽ മാത്രമല്ല, മനുഷ്യസ്വഭാവത്തെത്തന്നെ തങ്ങൾക്കനുകൂലമായി മാറ്റിമറിക്കാൻ കഴിയുന്ന വലിയ സംവിധാനമാണ് നവമാധ്യമങ്ങൾ എന്ന് മനസ്സിലാക്കിക്കൊണ്ടുള്ള പ്രവർത്തനമാണ് അവരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത് എന്ന് നമ്മൾ സൂക്ഷ്മമായി മനസ്സിലാക്കേണ്ട കാര്യമാണ്.

മനുഷ്യന്റെ ധാർമ്മിക മൂല്യങ്ങൾ ദേശകാല ബന്ധിതമാണെന്നത് വസ്തുതയാണ്. അതിനാൽ ധാർമ്മിക മാനദണ്ഡങ്ങൾ ദേശങ്ങളിൽ നിന്ന് ദേശങ്ങളിലേക്കും കാലങ്ങളിൽ നിന്ന് കാലങ്ങളിലേക്കും മാറിക്കൊണ്ടിരിക്കും. എന്നാൽ ശ്രീകുമാർ അഭിപ്രായപ്പെടുന്നത്, നൈതികശൂന്യത എന്നത് മനുഷ്യനെസംബന്ധിച്ച് അസാധ്യമാണ് എന്നാണ്. നിർമ്മിത ബുദ്ധിയിലേക്ക് ചുരുങ്ങിയ മനുഷ്യപ്രകൃതിയിൽ നൈതികത എന്നത് ആരായിരിക്കും തീരുമാനിക്കുക?

ധാർമ്മികത തീർച്ചയായിട്ടും ചരിത്രനിരപേക്ഷമായ സങ്കൽപ്പമല്ല. അതിന് ദേശകാല രൂപങ്ങളുണ്ട്. അതില്ലാതെ ധാർമ്മികതയ്ക്ക് നിലനിൽപ്പില്ല. എല്ലാ ധാർമ്മികതയും ആപേക്ഷികമാണെന്ന് പറയുമ്പോഴും സാമൂഹ്യസംഘാടനത്തിന് അടിസ്ഥാനപരമായി ചില നൈതികഘടനകളില്ലാതെ സാധിക്കില്ല. അതുകൊണ്ടുതന്നെയാണ് നൈതിക സങ്കൽപ്പങ്ങളിലുള്ള ഇടപെടലുകൾക്ക് പ്രാധാന്യം നൽകുന്നത്. നമ്മളിപ്പോൾ ജനാധിപത്യപരമായി ശാക്തീകരിക്കപ്പെട്ട ഒരു വ്യക്തി എന്ന ബോധം, ആ ബോധം യഥാർത്ഥത്തിൽ ഇത് നൽകുന്ന ഒരു ശക്തിക്ക് മാനിപുലേറ്റ് ചെയ്യാൻ കഴിയുന്നതാണ് എന്ന ആത്മബോധം ഇല്ലാത്ത ഒരവസ്ഥയിൽ അത്യന്തം അപകടകരമാണ്.

"ഗേ സയൻസ്' എന്ന നീഷേയുടെ പുസ്തകത്തിൽ, അദ്ദേഹം ശാക്തീകരണം എന്ന വാക്കുപയോഗിക്കാതെ, ആരെങ്കിലും ആരെയെങ്കിലും ശാക്തീകരിക്കാൻ ശ്രമിക്കുന്നത്, അവരെ കൂടുതൽ ക്രിയാത്മകമായി ചൂഷണം ചെയ്യാനുള്ള സാധ്യത അന്വേഷിച്ചുകൊണ്ടാണ്. അല്ലെങ്കിൽ കൂടുതൽ അധികാരം അവരിൽ പ്രയോഗിക്കാൻ വേണ്ടിയാണ് എന്നാണ്. അത്തരത്തിലുള്ള ഒരു ശാക്തീകരണമാണ് നവമാധ്യമങ്ങൾ നമുക്ക് തരുന്നത്. നമ്മൾ വ്യക്തിപരമായി ശാക്തീകരിക്കപ്പെട്ടു. ഏതൊരു നേതാവിനെയും വിമർശിക്കാനും ട്രോളാനും വെല്ലുവിളിക്കാനും ഒരു ജനാധിപത്യ സ്വാതന്ത്ര്യം നമുക്ക് തരുമ്പോൾ, അത് നവമാധ്യമങ്ങളുടെ ദയാവായ്പിനുള്ളിൽത്തന്നെ രൂപംകൊള്ളുന്നതാണ് എന്ന് നമ്മൾ മനസ്സിലാക്കാത്തതാണ് ഇതിന്റെ വൈരുദ്ധ്യം കുടികൊള്ളുന്നത്. ധാർമ്മികതയുടെ മേഖലയിലുള്ള നവമാധ്യമങ്ങളുടെയും നിർമ്മിതബുദ്ധിയുടെയും ഇടപെടൽ എന്ന് പറയുന്നത്, ഒരുതരത്തിൽ ഓരോ വ്യക്തിയെയും അതിമാനുഷികരാക്കുകയും അതേസമയം ഈ അതിമാനുഷികത എന്നത് അങ്ങേയറ്റം പൊള്ളയായ ഒന്നാണെന്ന് അവരിൽനിന്ന് തമസ്‌കരിച്ച് വെയ്ക്കുകയും ചെയ്യുന്ന (ഒരേസമയം തന്നെ, അറിവ് നൽകുകയും അതിനെ ഒളിപ്പിച്ച് വെയ്ക്കുകയും ചെയ്യുന്ന) രീതിയാണ്. ഈ ഒരർത്ഥത്തിലാണ് എന്ത് തരത്തിലുള്ള നൈതികതയായിരിക്കും ഒരു സൈബോർഗിയൻ ലോകം സ്വീകരിക്കുക എന്നിങ്ങനെയുള്ള സംശയങ്ങൾ നമ്മൾ ചോദിക്കുന്നത്. സ്വാഭാവികമായും അത് ഇന്നത്തെ നൈതികത ആയിരിക്കുകയില്ല.

നീഷേ

നൈതികത എപ്പോഴും ആപേക്ഷികമാവുകയും കാലദേശ ബദ്ധമാവുകയും ചെയ്യുന്നപോലെത്തന്നെ അത് സാങ്കേതികവും കൂടി ആയിത്തീരും. സാങ്കേതികതയുടെ കൂടി പരിവൃത്തത്തിനുള്ളിൽ രൂപപ്പെടുന്ന ഒന്നായിരിക്കും ഈ സൈബോർഗിയൻ നൈതികത. അതിന്റെ പ്രകാശങ്ങൾ, പ്രതിനിധാനങ്ങൾ ഒക്കെ എങ്ങനെയായിരിക്കും എന്നത് നമ്മൾ ചരിത്രത്തിലൂടെ കാത്തിരുന്നു കാണേണ്ട കാര്യമാണ്.
നിർമ്മിതബുദ്ധിക്ക് മേൽക്കോയ്മയുള്ള ഒരു ലോകത്ത് സ്വതന്ത്രവ്യക്തി എന്ന സങ്കൽപ്പത്തിന് പരിണാമം സംഭവിക്കുമോ?

സ്വാതന്ത്ര്യത്തെ ഒരു വ്യക്തിഗത സങ്കൽപമായി കരുതുന്നത് പഴയ അരിസ്റ്റോട്ടേലിയൻ ചിന്തയാണ്. "മനുഷ്യൻ ഒരു രാഷ്ട്രീയ മൃഗമാണ്' എന്ന വ്യാഖ്യാനമാണ് അതിന്റെ അടിത്തറ. സൈബോർഗ് ആ അർത്ഥത്തിൽ ഒരു രാഷ്ട്രീയജീവി ആയിരിക്കുമോ എന്ന ചോദ്യത്തിനുള്ള ഉത്തരം; മനുഷ്യൻ എന്ന നിലയിലുള്ള പരിമിതികളെ അതിലംഘിക്കാനുള്ള ഒരു പരിശ്രമമാണ്. നമ്മൾ അതിന്റെ ലക്ഷ്യങ്ങളെക്കുറിച്ചും മാർഗ്ഗങ്ങളെക്കുറിച്ചും ചിന്തിക്കുന്നുണ്ടെങ്കിലും, അതിന്റെ അടിസ്ഥാന ത്വരയെന്നത് ശരീരത്തെ കൂടുതൽ സ്വതന്ത്രമാക്കുക എന്നതാണ്.

ജനാധിപത്യത്തെക്കുറിച്ചുള്ള സാമൂഹിക സങ്കൽപം, സ്വകാര്യസ്വത്തിനെക്കുറിച്ചുള്ള സാമൂഹിക സങ്കൽപം; ഇതിനെയൊക്കെ അടിസ്ഥാനപരമായി ചോദ്യം ചെയ്യുന്ന ഒരു രാഷ്ട്രീയഘടന പുതിയ ലോകത്ത് സൃഷ്ടിക്കുവാൻ കോർപ്പറേറ്റുകൾ ശ്രമിക്കുമോ?

പക്ഷെ, ശരീരത്തിന്റെ ഈ സ്വാതന്ത്ര്യം മാത്രമാണോ സ്വാതന്ത്ര്യം എന്നതുകൊണ്ട് സാമൂഹികമായി നാം അർത്ഥമാക്കുന്നത്? ഒരു സാമൂഹിക ജീവിതത്തിൽ വ്യക്തികൾ തമ്മിലുള്ള പാരസ്പര്യത്തിലാണ് സ്വാതന്ത്ര്യം കണ്ടെത്തുകയും മനസ്സിലാക്കുകയും ചെയ്യേണ്ടത് എന്ന പ്രശ്നത്തെ ഈ ചർച്ച അവഗണിക്കുന്നുണ്ട്. മനുഷ്യൻ വ്യക്തി എന്ന നിലയിൽ പരിമിതികളെ അതിലംഘിക്കുന്ന ഒരു പുതിയ രാഷ്ട്രീയമൃഗമായി മാറുന്നുണ്ടെങ്കിലും സാമൂഹ്യതലത്തിൽ അതിന്റെ പ്രതിഫലനങ്ങൾ ഏതു രീതിയിലായിരിക്കും എന്നതിനെ സംബന്ധിച്ച വ്യക്തമായ സൂചന ലഭ്യമല്ല. പകരം നമ്മുടെ മുമ്പിൽ എന്താണുള്ളത്? നേരത്തെ സൂചിപ്പിച്ച, പൊള്ളയായ രീതിയിൽ ശാക്തീകരിക്കപ്പെട്ട ഒരു സ്വതന്ത്ര വ്യക്തി, അത്തരം പൊള്ളയായ വ്യക്തിത്വങ്ങളുടെ പാരസ്പര്യത്തിന്റെ എല്ലാ അപാകതകളോടും കൂടി നിലനിൽക്കാൻ പോവുകയാണ്. അതിന്റെ സങ്കീർണ്ണ പ്രശ്നങ്ങൾ (ദാർശനിക, നൈതിക പ്രശ്നങ്ങൾ) എന്തൊക്കെയാണ് എന്നതാണ് ഈ സന്ദർഭത്തിൽ ഏറ്റവും പ്രധാന ചോദ്യം.

പഴയ തരത്തിലുള്ള ഒരു സ്വാതന്ത്ര്യസങ്കൽപം അപ്രസക്തമാവുന്നുണ്ട് ഒരു സൈബോർഗിയൻ ലോകത്ത്. കാരണം ലോകത്തിന്റെ സൈബോർഗിയൻ നൈതികതയുടെയും രാഷ്ട്രീയ ബോധത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും അതൊക്കെ വികസിച്ചു വരുക. അതിനെ നിയന്ത്രിക്കുന്ന ശക്തികൾ ഏതൊക്കെയായിരിക്കും, അതിന്റെ രാഷ്ട്രീയമായ മറ്റു സാധ്യതകൾ ഏതൊക്കെയായിരിക്കും എന്നതൊക്കെ അറിയേണ്ടതായിട്ടുണ്ട്. അതൊക്കെ വിശദമായി മനസ്സിലാക്കാനുള്ള സാഹചര്യം ഇപ്പോൾ ഉണ്ടായിട്ടില്ല എന്ന് പറയുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം; ജനാധിപത്യത്തെക്കുറിച്ചുള്ള സാമൂഹിക സങ്കൽപം, സ്വകാര്യസ്വത്തിനെക്കുറിച്ചുള്ള സാമൂഹിക സങ്കൽപം; ഇതിനെയൊക്കെ അടിസ്ഥാനപരമായി ചോദ്യം ചെയ്യുന്ന ഒരു രാഷ്ട്രീയഘടന പുതിയ ലോകത്ത് സൃഷ്ടിക്കുവാൻ കോർപ്പറേറ്റുകൾ ശ്രമിക്കുമോ? നേരിട്ട് കോർപ്പറേറ്റുകൾ ഭരിക്കുന്ന ഒരു സാഹചര്യം സൃഷ്ടിക്കുവാൻ അവർക്ക് സാധിക്കുമോ തുടങ്ങിയ ചോദ്യങ്ങളുമായി ബന്ധപ്പെടുത്തി മാത്രമേ നമുക്ക് ഈ പ്രശ്‌നം ഉന്നയിക്കാൻ സാധിക്കൂ.

ഡേറ്റയെ ചുറ്റിപ്പറ്റി ഒരു വിവാദം കേരളത്തിൽ ഈയിടെ നടക്കുകയുണ്ടായി. അത് നിലനിൽക്കുന്നുമുണ്ട്. കോർപ്പറേറ്റ് മുതലാളിത്തത്തിന് ആവശ്യമുള്ളത് അമൂർത്തമായ ഡേറ്റ അല്ലെന്നും, വ്യക്തിയുടെ സ്വകാര്യതയിൽ കടന്നുകയറുക എന്നതിനുള്ള സാധുത (ഭരണഘടനാപരമായും രാഷ്ട്രീയമായും സാംസ്‌കാരികമായും) നേടിയെടുക്കുകയാണ് ലക്ഷ്യമെന്നും ശ്രീകുമാർ പറഞ്ഞിരുന്നു. അതൊന്ന് വ്യക്തമാക്കാമോ?

സൈബോർഗിന്റെയും നിർമ്മിതബുദ്ധിയുടെയും കാലഘട്ടം എന്ന് പറയുന്നത്, കോർപ്പറേറ്റുകളെ സംബന്ധിച്ച് സൂക്ഷ്മമായ വിവര ശേഖരണത്തിന്റെയും അതിനേക്കാൾ സൂക്ഷ്മമായ ഡേറ്റയുടെ മാനിപ്പുലേറ്റിവ് ഡിപ്ലോയ്‌മെന്റിന്റെയും കാലഘട്ടമാണ് എന്ന കാര്യത്തിൽ സംശയമില്ല. ദേശരാഷ്ട്രങ്ങളുടെ മാധ്യസ്ഥത്തിൽ തന്നെയാണ് മുതലാളിത്തത്തിന് ഇത് ചെയ്യുവാൻ സാധിക്കുക. പക്ഷെ അതിൽ അത്ഭുതപ്പെടേണ്ട കാര്യമൊന്നുമില്ല.

ഫൂക്കോ

1980-കളുടെ തുടക്കത്തിൽ നിയോ-ലിബറൽ സാമ്പത്തിക സംവിധാനം ലോകം മുഴുവൻ അടിച്ചേൽപ്പിക്കുന്നതിന്റെ ഭാഗമായി, ലോകവ്യാപാര സംഘടനയുടെ അടിസ്ഥാന ഘടനകളിൽ മാറ്റം വരുത്താൻ ശ്രമം നടന്ന സന്ദർഭത്തിൽ ആദ്യമുണ്ടായ ഒരു കാര്യം, ഓരോ ദേശരാഷ്ട്രങ്ങളുടെയും ബൗദ്ധിക സ്വത്തവകാശ നിയമങ്ങൾ ഭേദഗതി ചെയ്യാനുള്ള നിർദ്ദേശമായിരുന്നു. അന്ന് ഇന്ത്യയും ചൈനയും അപ്രകാരം ഭേദഗതി ചെയ്ത രാജ്യങ്ങളാണ്. അനേകം ഏഷ്യൻ ആഫ്രിക്കൻ ലാറ്റിനമേരിക്കൻ രാജ്യങ്ങളും മുതലാളിത്തത്തിന്റെ ഈ നിർദ്ദേശങ്ങൾക്കനുസൃതമായി ഭരണഘടന തന്നെ ഭേദഗതി ചെയ്തു. അത്തരത്തിൽ ഇടപെടാൻ സാധിക്കും എന്ന് ഉറപ്പുള്ളതിനാലാണ്, ദേശരാഷ്ട്രവുമായി ഉടമ്പടി ഉണ്ടാക്കി ഈ വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടന്നുകയറാൻ അവർ ശ്രമിക്കുന്നത്. പക്ഷെ, അതിനൊക്കെ അപ്പുറത്ത്, ദേശരാഷ്ട്രങ്ങളുടെ മാധ്യസ്ഥമെന്നത് സെക്കന്ററിയാണ്. ഒരു പ്രാഥമിക കാര്യമല്ല.

ഈ മേൽനിരീക്ഷണ സംവിധാനം, ഫൂക്കോ ഒക്കെ മുൻപ് നിരീക്ഷിച്ച പെനപ്റ്റികോൺ സംവിധാനത്തിനപ്പുറത്തേക്ക് പോകുന്ന, അതിനെ അപ്രസക്തമാക്കുന്ന, അസംഗതമാക്കുന്ന പുതിയ മേൽനിരീക്ഷണ സംവിധാനമാണ് നവസാങ്കേതിക വിദ്യ കൊണ്ടുവരുന്നത്. അത്, നമ്മളെത്തന്നെ മറ്റുള്ളവരുടെ നിരീക്ഷകരാക്കുന്ന, നമ്മുടെ തന്നെ നിരീക്ഷകരാക്കുന്ന ഒരു സാങ്കേതിക സംവിധാനമാണ്. ആ നിരീക്ഷണങ്ങളിലൂടെയുള്ള ഡേറ്റയാണ് നമ്മൾ കൈമാറിക്കൊണ്ടിരിക്കുന്നത്. ആ ഡേറ്റ ഉപയോഗിച്ചാണ് നമ്മളെയും നമ്മുടെ തന്നെ സാമൂഹ്യ ജീവിതത്തെയും ഈ കോർപ്പറേറ്റുകൾ മാനിപ്പുലേറ്റ് ചെയ്യാൻ പോകുന്നത്. താങ്കൾ സൂചിപ്പിച്ചതു പോലെ ഭീതിദമായ ഒരു അവസ്ഥ ഇതിൽ അടങ്ങിയിട്ടുണ്ട് എന്നത് വാസ്തവമാണ്. അതിനെതിരെയുള്ള പ്രതിരോധം ഏതുതരത്തിൽ ഉയർന്നുവരും എന്നത് കാത്തിരുന്ന് കാണേണ്ടതാണ്.

(ദില്ലി ഡാലി പോഡ്കാസ്റ്റ് മേയ് 2)

Comments