മറക്കാനാകാത്ത ‘അതിഥി’, പിന്നെ പി.ജെ. ആന്റണിയും

കെ.പി. കുമാരന്റെ ‘അതിഥി’ എന്ന സിനിമയുടെ കാലം ഓർത്തെടുക്കുകയാണ്, അന്ന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാർഥിയായിരുന്ന ലേഖകൻ. ഒപ്പം, അന്ന് ‘നിർമാല്യ’ത്തിലൂടെ ദേശീയഅവാർഡ് നേടിയ നടൻ പി.ജെ. ആന്റണിയുടെ ഒരു അപൂർവ ചിത്രവും

ദ്യമായി അതിഥി എന്ന് കേൾക്കുന്നത് 1972ൽ ആയിരിക്കണം. തിരുവനന്തപുരത്ത് നടന്നുകൊണ്ടിരുന്ന ഒരു നാടകോത്സവത്തിൽ ദ റോക്ക് എന്ന വിശ്രുതമായ 90 സെക്കന്റ് ചിത്രത്തിന്റെ സ്രഷ്ടാവും സ്വയംവരം എന്ന, സഹകരണാടിസ്ഥാനത്തിൽ നിർമിക്കപ്പെട്ട ആദ്യ ചിത്രത്തിന്റെ സഹതിരക്കഥാകൃത്തും സഹസംവിധായകനുമായ കെ. പി. കുമാരൻ എഴുതി സംവിധാനം ചെയ്ത അതിഥി അവതരിപ്പിക്കുന്നുണ്ട് എന്ന് കേട്ടപ്പോൾ അത് ഒന്ന് കാണണം എന്ന് അതിയായ മോഹമുദിച്ചു.

ദ റോക്ക് കണ്ടതുതന്നെ ഒരുപാട് അന്വേഷിച്ചുനടന്ന് അവസാനം പട്ടത്തെ കൽപന ടാക്കീസിൽ ഒരു സെക്കന്റ്‌ഷോക്ക് ഓടിക്കിതച്ചെത്തിയാണ്. രണ്ടു തവണ ആ ചിത്രം കണ്ടു. പക്ഷെ ഇന്നും അതിന്റെ ശബ്ദവും വെളിച്ചവും മനസ്സിൽ തെളിഞ്ഞുനിൽക്കുന്നു.

പാറയുരുട്ടിക്കയറ്റുന്ന വൃദ്ധന്റെ കർണ്ണഞരമ്പ് പൊട്ടിപ്പോകുമെന്ന് തോന്നിപ്പിക്കും വിധമുള്ള ശ്വാസോച്ഛ്വാസത്തിന്റെ മുരൾച്ച; ചിത്രം അവസാനിക്കുന്ന ഫ്രെയിമിൽ കയ്യുയർത്തി ആർത്തുചിരിക്കുന്ന അയാളുടെ വിദൂരദൃശ്യം...ഇതെല്ലാം എന്റെ സെലുലോയിഡ് സ്വപ്നങ്ങളിലെ ജീവസ്സുറ്റ ഇമേജുകളാണ്. ഇങ്ങനെയൊക്കെയുള്ള ആലോചനകൾ ഈ മഹാവ്യാധിക്കാലത്തെ വീട്ടുതടങ്കലിൽ പതിവാണ്. അതിഥിയുമായി ബന്ധപ്പെട്ട ഒന്നുരണ്ട് അനുഭവങ്ങളാണ് പറയാൻ തുടങ്ങിയത്. അതിലേക്കു മടങ്ങാം.

നാടകോത്സവത്തിന് പാസ് ഒപ്പിക്കുക എന്നതൊന്നും അന്നത്തെ കാലത്ത് എന്നെപ്പോലെ അസ്ഥിമാത്രനും പട്ടിണിക്കാരനുമായ ഒരു വിദ്യാർത്ഥി വിചാരിച്ചാൽ നടക്കുന്ന കാര്യമല്ല.

അതിഥിയിൽ നിന്നൊരു രംഗം

അങ്ങനെ ഞാൻ അക്കാലത്ത് എനിക്ക് ഏറ്റവും അടുത്ത് ബന്ധമുണ്ടായിരുന്ന, ഇത്തരം കാര്യങ്ങളിലെല്ലാം താൽപര്യമുള്ള ഒരു സുഹൃത്തിനോട് (ഇന്നത്തെ പ്രശസ്ത ചലച്ചിത്ര സംവിധായകൻ ഹരികുമാർ. അന്നദ്ദേഹം സിനിമാസ്വപ്നങ്ങളുമായി തിരുവനന്തപുരത്ത് വേറൊരു ജോലി ചെയ്ത് ജീവിക്കുകയായിരുന്നു) ഇക്കാര്യം സൂചിപ്പിച്ചു. (ഇതിൽ ഉൾപ്പെട്ട മൂന്നാമന്റെ പേർ ഞാൻ പറയില്ല. അദ്ദേഹം ഇപ്പോൾ ജീവിച്ചിരിപ്പില്ല എന്നതു തന്നെയാണ് അതിനു കാരണം. പേരു പറഞ്ഞാൽ പലർക്കും പരിചിതനായിരിക്കും അദ്ദേഹം). ഹരിയുടെ ഒരു പരിചയക്കാരന്റെ സാന്നിദ്ധ്യത്തിൽ ഇക്കാര്യം ഞങ്ങൾ സംസാരിക്കുന്നതു കേൾക്കാനിടയായപ്പോൾ അദ്ദേഹം ചാടി വീണു.

‘‘കുമാരൻ ചേട്ടന്റെ നാടകത്തിന്റെ പാസോ? ഇന്നും ഞാൻ പുള്ളീയുടെ വീടുവഴി പോയിരുന്നു. പ്രത്യേകം പറഞ്ഞിട്ടുണ്ട്, നാടകം കാണാൻ ചെല്ലണമെന്ന്. നിങ്ങളെ രണ്ടുപേരേം കൂടെ കൊണ്ടു ചെല്ലുന്നതിൽ പുള്ളിക്ക് യാതൊരു പ്രശ്‌നവും ഉണ്ടാവില്ല. ഞാൻ ഒന്നു ചോദിച്ചിട്ടു പറയാം.''

പോകാൻ എഴുന്നേറ്റ അദ്ദേഹം തിരിച്ചു വന്നിട്ടു ഞങ്ങളോട് പറഞ്ഞു; ‘‘അല്ലെങ്കിൽ ഒരു കാര്യം ചെയ്യാം. നാളെയല്ലേ നാടകം? ഞാൻ ഇവിടെ വരാം. നമുക്ക് ഒന്നിച്ചങ്ങു പോകാം. എന്താ?'' അങ്ങനെ ഞങ്ങൾ പിരിഞ്ഞു.

പിറ്റേന്ന് പതിവിലും നേരത്തെ ഞാൻ ഹരികുമാറിന്റെ മുറിയിൽ ഹാജരായി. അയാളുടെ പരിചയക്കാരനും വന്നു.

ഞങ്ങൾ ഒന്നിച്ച് കാർത്തികതിരുനാൾ തീയേറ്ററിലേക്ക് നടന്നു. അതിന്റെ മുൻഗേറ്റിനൽപം അകലെയായി ഞങ്ങൾ കെ.പി കുമാരൻ വരുന്നതും കാത്തുനിന്നു. അദ്ദേഹം രണ്ട് എക്‌സ്ട്രാ പാസുകൾ കൊണ്ടുവരും എന്നാണ് ഹരിയുടെ പരിചയക്കാരൻ പറഞ്ഞത്.

കെ.പി. കുമാരൻ

അങ്ങനെ നിൽക്കുമ്പോൾ ഒരു അംബാസഡർ കാർ വന്നു നിൽക്കുന്നു. അതിൽ നിന്ന് കെ.പി. കുമാരനും അദ്ദേഹത്തിന്റെ ഭാര്യയും രണ്ട് കുഞ്ഞുങ്ങളും (ഒരാൾ നടക്കുന്ന പ്രായം. മറ്റേയാളെ ശ്രീമതി എടുത്തിരിക്കുന്നു) വന്നിറങ്ങുന്നു.

ഞങ്ങളോട് കൂലങ്കഷമായി തന്റെ അസ്തിത്വസംബന്ധമായ ആകുലതകൾ പങ്കിട്ട് നിന്നിരുന്ന ഹരികുമാറിന്റെ പരിചയക്കാരൻ ‘ദാ വരുന്നേ’ എന്നു പറഞ്ഞ് ഉസൈൻ ബോൾട്ടിനെ വെല്ലുന്ന ഗതിവേഗത്തിൽ പാഞ്ഞുചെന്ന് മിസ്സിസ് കുമാരന്റെ കയ്യിൽ നിന്ന് കുഞ്ഞിനെ അങ്ങ് വാങ്ങുന്നു. അവരോടൊപ്പം നടന്ന് ഗേറ്റ് കടന്ന് തീയേറ്ററിനുള്ളിലേക്ക് കയറി പോകുന്നു. അയാൾ മറയുന്നത് കണ്ടു നിന്ന ഹരി എന്നോട് പറഞ്ഞു,

‘ജയാ, അവൻ നമ്മളെ പറ്റിച്ചല്ലോ. നമുക്കു പോകാം.’

എനിക്ക് നഗരജീവിതത്തിന്റെ മറവിലെ തിരിവുകളെപ്പറ്റി ഹരികുമാറിനോളം പരിചയമില്ലായിരുന്നു. അതുകൊണ്ട് ഞാൻ പറഞ്ഞു, ‘ഏയ്, അയാൾ തിരിച്ചു വരുമെന്നേ.''

അങ്ങനെ ഞങ്ങൾ ഏതാണ്ട് അര മണിക്കൂർ കൂടി അവിടെ നിന്നു. നാടകം തുടങ്ങിക്കഴിഞ്ഞിരുന്നു. ഞങ്ങൾ നിരാശരായി തിരികെ പോകുകയും ചെയ്തു.

അതാണ് അതിഥിയുമായുള്ള ആദ്യത്തെ സമാഗമം. അഥവാ നടക്കാതെ പോയ സമാഗമം. അതിഥിയിൽ കൊട്ടാരക്കര ശ്രീധരൻ നായരുടെ കഥാപാത്രത്തിന് സമാനമായ അനുഭവമാണല്ലോ റെയിൽവേ സ്റ്റേഷനിൽ ഉണ്ടാവുന്നത്!

അതിനുമെത്രയോ നാളുകൾ കഴിഞ്ഞാണ് അതിഥി സിനിമയാവുന്നു എന്ന വിവരം വൈകുന്നേരം സ്വാമീസ് ബുക്‌സിൽ വന്നു ചേരാറുള്ള, ഇന്നും ഞാൻ ഗുരുക്കന്മാരിലൊരാളായി കരുതുന്ന ശ്രീവരാഹം ബാലകൃഷ്ണൻ സാറോ മറ്റോ പറഞ്ഞ് അറിയുന്നത്.

‘ഇരുട്ടിന്റെ ചക്കിലെ ഇല്ലാത്ത പൂച്ചയെ തിരയുന്നവർ’ എന്നോ മറ്റോ ആലേഖനം ചെയ്ത ഒരു ബ്രോഷർ അതിഥിക്കു വേണ്ടി ആർട്ടിസ്റ്റ് കെ. ദേവദത്തൻ തയാറാക്കിയിരുന്നു. അതും കണ്ടിരുന്നു.

അതിഥിയുടെ ഷൂട്ടിംഗ് നടന്നത് ചാക്കക്കടുത്ത വിശാലമായ ഒരു മണൽപ്പരപ്പിലായിരുന്നു. ആ ലാൻഡ്‌സ്‌കേപ് ഇന്നെങ്ങനെയാണെന്ന് എനിക്കറിയില്ല. പക്ഷേ അന്ന് അത് ശരിക്കും ഒരു ‘സാൻഡ് ഡ്യൂൺ’തന്നെ ആയിരുന്നു. അതിന്റെ ഉള്ളിടങ്ങളിലെവിടെയോ വെയിലും തണലും സമൃദ്ധമായി വന്നു വീഴാനിടമുള്ളൊരിടത്ത് ഇട്ട ഒരു സെറ്റായിരുന്നു അതിഥിയിലെ കരുണന്റെ വീട്.

ആ ‘സാൻഡ് ഡ്യൂണി’നപ്പുറം ഒരു പാവപ്പെട്ട സെറ്റിൽമെന്റ് ഉണ്ടായിരുന്നു. അവിടത്തെ വഴികളും മറ്റും ചിത്രത്തിൽ പലയിടത്തും ഉപയോഗിച്ചിട്ടുണ്ടെന്നാണ് എന്റെ അറിവ്.

ഈയിടെ, എഫ്.എഫ്.എസ്.ഐ നടത്തിയ കെ.പി. കുമാരൻ ഫെസ്റ്റിവലിൽ അതിഥി സ്‌ക്രീനിംഗ് കഴിഞ്ഞതിന്റെ പിറ്റേന്ന് ശശി എന്നെ വിളിച്ചു.

‘അതിഥി കണ്ടോ?'

‘കണ്ടു’

പിന്നെ അങ്ങോട്ട് ശശി ചില ചോദ്യങ്ങൾ ചോദിച്ചു. ആ ചോദ്യങ്ങളുടെയെല്ലാം ഉത്തരങ്ങൾ സിനിമയുടെ ക്രെഡിറ്റ് ടൈറ്റിലിൽ വരേണ്ട പേരുകളാണ്.

അതിന്റെ ക്യാമറ ആരായിരുന്നു? മൂർത്തി. കർണ്ണാടകസംസ്ഥാനത്തോ നിന്നോ മറ്റോ ഉള്ള ആളാണെന്ന് തോന്നുന്നു. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രോഡക്റ്റ് ആണെന്നാണ് എന്റെ ഓർമ.

പ്രൊഡക്ഷൻ ഡിസൈൻ (കലാസംവിധാനം)? കെ. ദേവദത്തൻ.

റെക്കോർഡിസ്റ്റ്: ഓർമയില്ല. ദേവദാസ് ആയിരുന്നോ എന്ന് സംശയമുണ്ട്.

സംഗീതം: ദേവരാജൻ.

ഗാനരചന: വയലാർ,

ഇത്രയുമൊക്കെയേ എനിക്ക് ഓർമയുള്ളു.

ഇതൊക്കെത്തന്നെ പലപ്പോഴായി നടന്ന സംഭാഷണങ്ങളിൽ നിന്നും മറ്റും ഓർമ ഭാഗ്യവശാൽ ‘ബാക്കി’വച്ച അറിവിന്റെ ശകലങ്ങളാണ്.

ശശിയുടെ അവസാനത്തെ ഡയലോഗ് അവിസ്മരണീയമാണ്: ഇതൊക്കെ ജയനറിയാം. ഇപ്പോൾ എനിക്കും. വേറെ എത്ര പേർക്കറിയാം?'' അത് സത്യം.

എന്തു കാരണം കൊണ്ടായാലും അതിഥി പ്രദർശനത്തിനെത്തിയപ്പോൾ ക്രെഡിറ്റുകൾ ഒന്നും തന്നെ ഇല്ലായിരുന്നു. ‘വിതരണം: ദീപ്തി ഫിലിംസ്' എന്നു മാത്രം ഒരു ഫ്രെയിം അവസാനം കാണാം.

ദീപ്തി ഫിലിംസ് അതിനു മുൻപ് ചിത്രങ്ങൾ നിർമ്മിച്ചിരുന്നതായാണ് എന്റെ ഓർമ. അവയിലൊന്നാണ് മിടുമിടുക്കി. ആ ചിത്രം ഇന്നും ഓർമിക്കപ്പെടുന്നത് അതിലുള്ള ഒരു അനശ്വരമായ യുഗ്മഗാനത്തിന്റെ പേരിൽ മാത്രമാണ്; ‘അകലെയകലെ നീലാകാശം.’

ദീപ്തി ഫിലിംസ് ആണോ അതിഥി നിർമിച്ചതെന്ന് എനിക്കറിയില്ല. പക്ഷേ എ. പൊന്നപ്പൻ എന്നൊരാളായിരുന്നു ദീപ്തിയുടെ ഉടമസ്ഥനെന്ന് കേട്ടിട്ടുണ്ട്. അയാൾക്ക് മറ്റു ബിസിനസ്സുകളും ഉണ്ടായിരുന്നതായാണ് കേട്ടിട്ടുള്ളത്. അതിലൊന്ന് അന്നൊക്കെ എല്ലാ വർഷവും പുത്തരിക്കണ്ടത്തു നടന്നുകൊണ്ടിരുന്ന ആൾ ഇൻഡ്യാ എക്‌സിബിഷൻ' എന്ന ‘മഹോത്സവ’ത്തിൽ സ്‌കിൽ ഗെയിംസ് സ്റ്റാൾ നടത്തലായിരുന്നു എന്നും കേട്ടിരുന്നു.

ഇതെല്ലാം കേട്ടറിവ് മാത്രമാണ്.

അതിഥി ഷൂട്ടിംഗ് നടക്കുമ്പോൾ ഞങ്ങൾ യൂണിവേഴ്‌സിറ്റി കോളേജിൽ യൂണിവേഴ്‌സിറ്റി കോളേജ് സ്റ്റുഡന്റ്‌സ് ഫോറം (യു.സി.എസ്.എഫ്) എന്നൊരു സംഘടന രൂപീകരിച്ചിരുന്നു. കോളേജ് യൂണിയനെ മാത്രം ആശ്രയിച്ച് കലാസാംസ്‌കാരിക പരിപാടികൾ നടത്താതിരിക്കാനുള്ള ശ്രമമായിരുന്നു അത്. അതിന്റെ രൂപീകരണത്തെ ഒരു ആഘോഷം തന്നെയാക്കി മാറ്റി ഞങ്ങൾ.

ഈയിടെ അന്തരിച്ച നോവലിസ്റ്റ് എസ്. ഇ. ജയിംസ്, സി. പി. എം നേതാവ് ബി.എസ്. രാജീവ് (രാജീവ് അന്ന് എന്റെ ഒരു വർഷം ജൂനിയറായി യൂണിവേഴ്‌സിറ്റി കോളേജിൽ ഇംഗ്ലീഷ് ബി.എക്ക് പഠിക്കുന്നു) എന്നിവരും ഞാനും ചേർന്നാണ് അതിനൊരു മാനിഫെസ്റ്റോ ഉണ്ടാക്കിയെടുത്തത്. അതിനെ ഞങ്ങൾ ‘നാലാം തലമുറയുടെ മാനിഫെസ്റ്റോ’ എന്ന തലക്കെട്ടോടെ ലഘുലേഖയാക്കി അച്ചടിച്ച് കോളേജിലും പുറത്തുമെല്ലാം വിതരണം ചെയ്തു.

അതിന്റെ തുടക്കം യൂണിവേഴ്‌സിറ്റി കോളേജിൽ ആദ്യമായി നടന്ന ഒരു താരനിബിഡമായ കവിയരങ്ങോടെ ആയിരുന്നു. അയ്യപ്പ പണിക്കർ, കടമ്മനിട്ട രാമകൃഷ്ണൻ, വിഷ്ണുനാരായണൻ നമ്പൂതിരി, ഒ.എൻ.വി തുടങ്ങി ഇതെഴുതുന്നയാൾ വരെയുള്ളവർ ഒത്തുചേർന്ന കവിയരങ്ങ്.

ഔദ്യോഗിക പരിപാടി അല്ലാത്തതിനാൽ കോളേജ് ഓഡിറ്റോറിയം ഉപയോഗിക്കാൻ പറ്റില്ലെന്ന് അന്നത്തെ പ്രിൻസിപ്പാൾ ഞങ്ങളെ അറിയിച്ചു. അതുകൊണ്ട് പരിപാടി നടത്തിയത് യൂണിവേഴ്‌സിറ്റി കോളേജിലെ ഏറ്റവും പ്രശസ്തമായ ലക്ചർ ഹാൾ ആയ ‘റൂം നമ്പർ 114’ൽ വച്ചായിരുന്നു.

കടമ്മനിട്ടയുടെ സിംഹഗർജ്ജനം ആ മുറിയുടെ ചുമരുകളെപ്പോലും കിടിലം കൊള്ളിച്ചിരിക്കണം. എല്ലാ വെള്ളിയാഴ്ചയും ഉച്ചകഴിഞ്ഞായിരുന്നു യു.സി.എസ്.എഫിന്റെ പരിപാടികൾ നടത്തിയിരുന്നത്. എസ്.എഫ്.ഐ സ്‌പോൺസർ ചെയ്യുന്ന ഒരു സംഘമാണതെന്ന് എല്ലാവർക്കും അറിയാമായിരുന്നെങ്കിലും അവിടെ ഉയരുന്ന രാഷ്ട്രീയഭാഷണങ്ങളിൽപ്പോലും അത്യാവശ്യം subtlety കലർത്താൻ ഞങ്ങൾ ശ്രദ്ധിച്ചിരുന്നതിനാൽ ഞങ്ങളുടെ എതിരാളികളായ കെ.എസ്.യു സഹോദരന്മാർക്ക് എതിർക്കാൻ ഒരു പഴുതും കിട്ടുന്നുമില്ലായിരുന്നു.

ഭരത് അവാർഡ് പ്രഖ്യാപനം നടന്നു കഴിഞ്ഞായിരുന്നു അതിഥിയുടെ ഷൂട്ടിംഗ്. നിർമാല്യത്തിൽ വെളിച്ചപ്പാടായി തകർത്തഭിനയിച്ച പി. ജെ. ആന്റണി നല്ല സിനിമയെ സ്‌നേഹിക്കുന്ന ഞങ്ങൾ ചെറുപ്പക്കാർക്കിടയിലെ ഏറ്റവും വില കൂടിയ താരമായി മാറിയ കാലം.

അതിഥിയുടെ ഷൂട്ടിംഗിന് പി.ജെ. ആന്റണി വന്നിട്ടുണ്ടല്ലോ. അദ്ദേഹത്തെ ഒന്ന് കോളേജിൽ കൊണ്ടുപോയി രണ്ടു വാക്ക് സംസാരിപ്പിക്കാം എന്നൊരാശയം ഞങ്ങളുടെ ഉള്ളിലുദിച്ചു. കുമാരേട്ടനോട് അതിന് അനുവാദം ചോദിച്ചപ്പോൾ ഷൂട്ടിംഗ് നടക്കുന്നതിനിടെ അത്തരം പരിപാടികളൊന്നും പറ്റില്ല എന്ന പ്രതികരണമാണ് കിട്ടിയത്.

പി.ജെ. ആന്റണി

ആന്റണിക്ക് ഷൂട്ടിംഗ് ഇല്ലാത്ത സമയത്ത് അദ്ദേഹം സമ്മതിച്ചാൽ കൊണ്ടുപോയി അതു കഴിഞ്ഞയുടനെ ഷൂട്ടിംഗ് നടക്കുന്നിടത്ത് എത്തിച്ചുകൊള്ളാം എന്ന ഉറപ്പിലും സ്വന്തമായി ഒരു വാക്കു പോലും ആന്റണിയോട് ഇതേപ്പറ്റി ശുപാർശയായി പറയില്ല എന്ന കർശനമായ ഓർമപ്പെടുത്തലുമാണ് കുമാരേട്ടന്റെ ഭാഗത്തു നിന്ന് ഉണ്ടായത്. ആന്റണിയെ കണ്ടു സംസാരിക്കാൻ ഞങ്ങളെ അനുവദിച്ചതുതന്നെ വലിയ കാര്യം എന്ന് ഞങ്ങൾക്ക് തോന്നി. അങ്ങനെ ജെയിംസും ഞാനും അദ്ദേഹം താമസിച്ചിരുന്ന ഓവർബ്രിഡ്ജിനടുത്തുള്ള ഉഡുപ്പി ശ്രീവാസ് എന്ന സാമാന്യം നല്ല ഒരു ലോഡ്ജിൽ ചെന്നു കയറി. (ആ ലോഡ്ജ് ഇപ്പോൾ ഇല്ലെന്നാണ് തോന്നുന്നത്).

മുറിയിൽ ചെന്നപ്പോൾ അദ്ദേഹം ഷൂട്ടിംഗൊക്കെ കഴിഞ്ഞു വന്ന് വളരെ റിലാക്‌സ്ഡ് ആയ ഒരു മൂഡിൽ ഇരിക്കുന്നു. ഞങ്ങൾ കോളേജിന്റെ പേരൊക്കെ പറഞ്ഞപ്പോൾ അകത്തേക്ക് ക്ഷണിച്ചു. ഞങ്ങൾ അകത്തു ചെന്നു. അപ്പോഴേക്ക് സന്ധ്യ മയങ്ങിത്തുടങ്ങിയിരുന്നു.

ഞങ്ങൾ യു. സി. എസ്. എഫിനെപ്പറ്റിയും ഇതുവരെ നടത്തിയ പരിപാടികളെപ്പറ്റിയും എല്ലാം പറഞ്ഞൊപ്പിച്ചു, ഞങ്ങളുടെ അന്നത്തെ അവസ്ഥ മനസ്സിലാക്കണം. ഭരത് അവാർഡ് കിട്ടിയ ഇന്ത്യയിലെ ഏറ്റവും വലിയ സിനിമാനടൻ എന്ന പരിവേഷം മാത്രമല്ലല്ലോ പി. ജെ. ആന്റണിക്കുള്ളത്! ശക്തമായ ഇടതുപക്ഷരാഷ്ട്രീയം കൊണ്ടുനടന്ന് പള്ളിയെ വെല്ലുവിളിച്ച അതിധീരനായ ഒരു വിപ്ലവകാരി കൂടിയാണല്ലോ അദ്ദേഹം. ഒരു ഘട്ടത്തിൽ പാർട്ടിയെപ്പോലും അദ്ദേഹം വെല്ലുവിളിച്ചിട്ടുണ്ടല്ലോ.

ഞങ്ങൾ വിഷയം പറഞ്ഞ ഉടനേ അദ്ദേഹം പറഞ്ഞു, ‘ഇല്ല. ഞാൻ വരില്ല. കോളേജിൽ വന്ന് എനിക്ക് ഒന്നും പറയാനില്ല. നിങ്ങൾ വല്ല കോളേജദ്ധ്യാപകരെയും വിളിച്ച് സൽക്കരിക്ക്.'

എല്ലാവരും ഇങ്ങനെ പറയും. നമ്മൾ കൂടുതൽ താണുവീണു പറഞ്ഞ് സമ്മതിപ്പിക്കുക. ഇവരുടെ ഈഗോ ആണ് ഇങ്ങനെ ഒരു അഭിനയം നടത്താൻ ഇവരെ പ്രേരിപ്പിക്കുന്നത് എന്നതാണ് ഞങ്ങളുടെ ഒരു ലൈൻ.

ആ ലൈനിൽ ഞാനും ജെയിംസും താഴാൻ തുടങ്ങി.

പക്ഷേ താഴുവോളം അദ്ദേഹത്തിന്റെ നിഷേധത്തിന്റെ കടുപ്പം കൂടിയതല്ലാതെ അണുവിട പോലും കുറയുന്ന ലക്ഷണം കണ്ടില്ല.

അതിനിടക്ക് ആന്റണിസാർ ഞങ്ങൾക്ക് ചായ വരുത്തി തന്നു. അദ്ദേഹം മൂന്നു ചായയാണ് കുടിക്കുക.

വർത്തമാനം പറഞ്ഞു പറഞ്ഞ് രാത്രിയായി. ആന്റണി സാർ ഒരു കുപ്പി വിസ്‌കി വാങ്ങിപ്പിച്ചു. ഓൾഡ് വിക് എന്നു പേരുള്ള, രൂക്ഷമായ ഗന്ധമുള്ള ഒരു വിസ്‌കി ഉണ്ടായിരുന്നു അക്കാലത്ത്. അതാണ് അദ്ദേഹം വാങ്ങിയത്.

അത് ഗ്ലാസിലേക്കൊഴിക്കുമ്പോൾ ഞങ്ങളോട് പറഞ്ഞു, ‘നീയൊന്നും ഇതു കണ്ട് മോഹിക്കണ്ട. എന്റെ മക്കളേപ്പോലെയാ നീയൊക്കെ. നിനക്കൊന്നും ഞാൻ ഇതൊന്നും ഓഫർ ചെയ്യില്ല, മനസ്സിലായോ?'

കോളജ് വിദ്യാർത്ഥികൾ പൊതുവേ മഹാ ഉപയോഗശൂന്യരായ ഒരു കൂട്ടം കാളികൂളികൾ ആണെന്നാണ് അദ്ദേഹം പറഞ്ഞുവച്ചത്. ജെയിംസും ഞാനും സാമാന്യം നല്ല നിഷേധികൾ ആയിരുന്നെങ്കിലും ആന്റണിച്ചേട്ടനുമായി ഒരു വാദപ്രതിവാദത്തിന് പോകരുത് എന്ന് ഞങ്ങൾക്ക് നിർബന്ധമുണ്ടായിരുന്നു. അതുകൊണ്ട് ഞങ്ങൾ ദത്തശ്രദ്ധരായിരുന്ന് അദ്ദേഹം പറഞ്ഞതെല്ലാം കേട്ടു.

അപ്പോഴെല്ലാം കാർക്കശ്യത്തിന്റെ ആൾരൂപം പോലെ മുന്നിലിരിക്കുന്ന ഈ മനുഷ്യന്റെ ഉള്ളിൽ ദുഃഖിതനും സ്‌നേഹസമ്പന്നനുമായ ഒരു അച്ഛൻ, പ്രണയലോലുപനായ ഒരു ഭർത്താവ്, ഇവരെല്ലാം ഉണ്ടാവും; അതില്ലാതെ ഇദ്ദേഹം നിർമാല്യത്തിൽ അവതരിപ്പിച്ച് നമ്മെ ആർദ്രഹൃദയരാക്കിയ ആ വെളിച്ചപ്പാടിന്റെ ജീവിതത്തിലെ രണ്ട് നിമിഷങ്ങൾ- അഭിമാനവിജൃംഭിതനായി, ഒരു വിജിഗീഷുവായി, തന്റെ വിളിപ്പുറത്തുള്ള ദേവിയെ തന്നിലേക്കാവാഹിക്കാൻ തയ്യാറെടുത്ത് നെഞ്ചുവിരിച്ച്, എതിരേവരുന്ന നാട്ടുകാരെ കണ്ട്, എന്നാൽ ഒന്നും കാണാതെ കുളി കഴിഞ്ഞ് ഈറൻ മാറാൻ വീട്ടിലേക്കു പോകുന്ന ആ നിമിഷം...വീട്ടിൽ ചെല്ലുമ്പോൾ താൻ കാണാനിടയാവുന്നത് ഈ അനുഗൃഹീത നിമിഷത്തിൽ, മറ്റൊരുവനോടൊപ്പം കിടക്കേണ്ടി വരുന്ന ഭാര്യയുടെ അമ്പരന്ന മുഖം...എല്ലാ ശക്തിയും ചോർന്നുപോയ വെളിച്ചപ്പാടിന്റെ ഒരു തിരിച്ചുവരവുണ്ടല്ലോ...വിജൃംഭിച്ചു നിന്ന തോളുകളിടിഞ്ഞ്, വിജിഗീഷുവിന്റെ ‘അഹം’ തെളിയുന്ന അർദ്ധമന്ദഹാസത്തിന്റെ സ്ഥാനത്ത് കരച്ചിലിന്റെ വക്കോളമെത്തുന്ന ഒരു ചിരി തേച്ച് ഒരു പരാജിതനായി അവസാനത്തെ വെളിച്ചപ്പെടലിലേക്ക് നടന്നു നീങ്ങുന്ന ഒരു നിമിഷം...ഈ രണ്ട് നിമിഷങ്ങളും ഇന്നും എന്റെ മനസ്സിൽ മായാതെ നിൽക്കുന്നത് അത് പി. ജെ. ആന്റണി എന്ന നടൻ കാണിച്ചു തന്നതു കൊണ്ടാണ്. അത്തരമൊരാളെ ഒരു കഠിനഹൃദയനായി സങ്കൽപ്പിക്കാനേ ഞങ്ങൾക്ക് കഴിയില്ലായിരുന്നു.

ഒരു കുപ്പി കഴിഞ്ഞപ്പോൾ അദ്ദേഹം ഒരു കുപ്പി കൂടി വരുത്തി. അതിനു പിറകേ കഴിക്കാനായി എന്തോ വരുത്തി. ഞങ്ങളെയും നിർബന്ധിച്ചു കഴിപ്പിച്ചു.

അതെല്ലാം കഴിഞ്ഞ് അദ്ദേഹം ആ മുറിയിലുണ്ടായിരുന്ന ചാരുകസേരയിലേക്ക് ഇരുന്നു. അദ്ദേഹം കുടുംബത്തെക്കുറിച്ച് സംസാരിക്കാൻ തുടങ്ങി. അത് ചെന്നു നിന്നത് സ്വന്തം ജീവിതസഖിയെക്കുറിച്ചുള്ള ഒരു നീണ്ട പ്രഭാഷണത്തിലായിരുന്നു.

എനിക്കു തോന്നിയത്, അദ്ദേഹം ഞങ്ങളോടല്ല സംസാരിച്ചിരുന്നത്. അദ്ദേഹം സ്വയം പറയുകയായിരുന്നു. ഒരു മോണോലോഗ്. അതിന്റെ അവസാനം അദ്ദേഹം പാടി:

ബിന്ദു, ബിന്ദു
ഒതുങ്ങി നിൽപ്പൂ
നിന്നിലൊരുൽക്കട-
ശോകത്തിൻ സിന്ധു...

അദ്ദേഹം നല്ല ഒരു ഗായകനാണെന്ന് അന്നു വരെ ആരും ഞങ്ങളോട് പറഞ്ഞിരുന്നില്ല. പക്ഷേ എന്നെ വിശ്വസിക്കൂ; പി.ജെ. ആന്റണി അനന്യമായ ഒരു ഗായകശബ്ദത്തിനുടമയായിരുന്നു.

‘കേട്ടിട്ടുണ്ടോടാ ഈ പാട്ട്?’ അദ്ദേഹം ചോദിച്ചു.

മറുപടിക്ക് കാത്തു നിൽക്കാതെ അദ്ദേഹം പറഞ്ഞു, ‘ഈ പാട്ടുണ്ടല്ലോ, ഇത് ഞാൻ എന്റെ ഭാര്യക്കുവേണ്ടി എഴുതിയതാണ്; അറിയാമോ?'

ഞങ്ങൾ നിശ്ശബ്ദരായി കേട്ടിരുന്നു.

‘അതേടാ. അവൾ ഒരു ശോകത്തിന്റെ സിന്ധു ആണ്. എന്റെ എല്ലാ തെറ്റുകളും മനസ്സിലാക്കി, എന്നെ സ്‌നേഹിക്കുന്നവൾ..നീയൊക്കെ വെറും പിള്ളേരല്ലേടാ. നീയൊക്കെ ഇതൊക്കെ എങ്ങനെ അറിയാനാ..'

താൻ തന്നെ തിരക്കഥയും ഗാനങ്ങളും എഴുതി, സംവിധാനം ചെയ്ത ചിത്രമായിരുന്നു പെരിയാർ. സാമ്പത്തികമായി അമ്പേ പരാജയപ്പെട്ട ഒരു ചിത്രം. ഒരാഴ്ച പോലും അത് ഒരിടത്തും ഓടിയില്ല.

ചലച്ചിത്രസംവിധാനം തനിക്ക് ചേർന്ന മേഖലയല്ല എന്ന് അതിൽ ആവർത്തിച്ചുണ്ടായ പരാജയങ്ങൾ ആന്റണിയെ പഠിപ്പിച്ചില്ല.

അതിനിടക്ക് അദ്ദേഹം തന്റെ പല്ലുകൾ ഊരി വച്ചു. അതോടെ ആ മുഖത്തിന്റെ സ്വഭാവം തന്നെ മാറിപ്പോയതായി ഞങ്ങൾക്കു തോന്നി. ഭീതിദമായ, അല്ല; സൂക്ഷിച്ചു നോക്കിയാൽ ദൈന്യതയുടെ കാണാക്കയങ്ങൾ തെളിയുന്ന കണ്ണുകളുമായി, സ്വന്തം നഷ്ടങ്ങളുടെ ഓർമ്മപ്പുസ്തകം ഞങ്ങളുടെ മുന്നിൽ തുറന്നിടുന്ന ഒരു സാധു മനുഷ്യൻ.

രാവേറെച്ചെന്നു ആന്റണിച്ചേട്ടൻ ആ കസേരയിൽ കിടന്നുറങ്ങി. ജെയിംസും ഞാനും ആ മുറിയിൽ വെറും തറയിൽ ചാരിയിരുന്നുറങ്ങി.

രാവിലെ എണീറ്റപ്പോൾ ആന്റണിച്ചേട്ടൻ എണീറ്റ് കുളിയൊക്കെ കഴിഞ്ഞ് ചായ വരുത്തി വച്ചിരിക്കുന്നു. ഞങ്ങൾ അദ്ദേഹത്തിന്റെ ചായയും കുടിച്ച് യാത്ര പറഞ്ഞിറങ്ങി.

അങ്ങനെ അതിഥി ഒരിക്കലും മറക്കാത്ത ഒരു രാത്രിയുടെ മുദ്രകൾ മനസ്സിൽ പതിച്ച് കടന്നുപോയി.

ഒരു കാര്യം കൂടി പറയാതിരുന്നാൽ ഈ കുറിപ്പ് പൂർണമാവില്ല. നാലാമത്തെ തവണയാണ് ഞാൻ അതിഥി കാണുന്നത്. ഇതു പോലെ ‘ഫ്രഷ്‌നെസ്​' ഉള്ള ഒരു ചിത്രം മലയാളത്തിൽ വേറെ ഇല്ല. കഴിഞ്ഞ ഫെസ്റ്റിവൽ സമയം സ്വയംവരം കണ്ടപ്പോൾ അത് കുറെയൊക്കെ ‘ഡേറ്റഡ്' ആയി തോന്നിയിരുന്നു.

എന്നാൽ പഥേർ പാഞ്ചലി കാണുമ്പോൾ അത് തോന്നില്ല. ഏതാണ്ട് അത്തരം ഒരു അനുഭവമാണ് അതിഥി നമുക്ക് സമ്മാനിക്കുക. അതിനു കാരണം അതിഥി കൈകാര്യം ചെയ്യുന്നത് അസാദ്ധ്യമായ ഒരു പ്രപഞ്ചത്തിൽ അകപ്പെട്ടു പോകുന്ന മനുഷ്യന്റെ അന്തഃസംഘർഷങ്ങളാണ് എന്നതാവാം.

ഞാൻ ഉദ്ദേശിച്ചത്, അതിഥിയുടെ പ്രമേയത്തിന്റെ ഒരു സാർവലൗകികത്വം ആണ്. അതിഥിയുടെ ക്യാമറാവർക്കും ലൈറ്റിംഗും ഇന്നും അതിന്റെ പുതുമ ചോർന്നു പോകാതെയിരിക്കാൻ കാരണമാണെന്നും എനിക്ക് തോന്നുന്നു.

അതിനോടെല്ലാം ഒപ്പമോ അതിനേക്കാളുപരിയായോ അതിഥിയെ സമാനതകളില്ലാത്ത ഒരു അനുഭവമാക്കി മാറ്റുന്നത് ദേവരാജന്റെ പശ്ചത്തലസംഗീതമാണ്. അദ്ദേഹം ഈ കഥയുടെ ആത്മാവ് സംഗീതത്തിലൂടെ കണ്ടറിഞ്ഞിരിക്കുന്നു. ഇതു കണ്ടു കഴിഞ്ഞപ്പോൾ അദ്ദേഹത്തെ ശരിക്കും ‘മാസ്റ്റർ' എന്ന് വിളിക്കാമെന്നു തോന്നി.

ഇതെല്ലാം തന്നെ കൃതഹസ്തനായ ഒരു ചലച്ചിത്രകാരന്റെ അസാമാന്യമായ പ്രതിഭയിലേക്കാണ് വിരൽ ചൂണ്ടുന്നത്.


യു.ജയചന്ദ്രൻ

എഴുപതുകളിലെ ശ്രദ്ധേയനായ കവി. ദേശാഭിമാനി, പമ്പരം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ ജോലി ചെയ്തു. 1980 മുതൽ 37 വർഷം ദക്ഷിണാഫ്രിക്കയിലെ അംടാട്ട ഹോളിക്രോസ് ഹൈസ്കൂളിൽ. ഡെപ്യൂട്ടി പ്രിൻസിപ്പലായി വിരമിച്ചു. സൂര്യന്റെ മാംസം കവിതാ സമാഹാരം

Comments