ഉടുമ്പൻചോല: എതിരാളി ആരാകട്ടെ, ആശാൻ ഇറങ്ങിക്കഴിഞ്ഞു

ഏപ്രിൽ ആറിന്​ കേരളം നിയമസഭാ തെരഞ്ഞെടുപ്പിൽ വിധിയെഴുതും. എൽ.ഡി.എഫ് ഭരണത്തുടർച്ചക്കും യു.ഡി.എഫ് ഭരണമാറ്റത്തിനും മാറ്റുരയ്​ക്കുന്ന ​പോരാട്ടത്തിന്റെ ചൂടിലേക്കുണർന്നുകഴിഞ്ഞു. സീറ്റുവിഭജന ചർച്ചകളും സ്ഥാനാർഥി നിർണയവും അന്തിമഘട്ടത്തിലാണ്​. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ കണക്കുകളുടെയും അതിനുശേഷമുള്ള രാഷ്ട്രീയ സാഹചര്യങ്ങളുടെയും അടിസ്ഥാനത്തിൽ സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലെയും പൊതുവായ രാഷ്ട്രീയചിത്രം പരിശോധിക്കുകയാണിവിടെ.

Election Desk

ടുമ്പൻചോലയിൽ മണിയാശാന് ഇടംവലം നോക്കേണ്ട കാര്യമില്ല, പാർട്ടിക്കുള്ളിൽനിന്ന് പച്ചക്കൊടി കിട്ടിയപാടേ പ്രചാരണം തുടങ്ങിക്കഴിഞ്ഞു എം.എം. മണി. നെടുങ്കണ്ടത്ത് ഉടുമ്പൻചോല മണ്ഡലം തെരഞ്ഞെടുപ്പുകമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു, ‘എൽ.ഡി.എഫ് സ്ഥാനാർഥിയെ ജയിപ്പിക്കണം' എന്ന് ആഹ്വാനവും നടത്തി.

2001 മുതൽ സി.പി.എമ്മാണ് ജയിക്കുന്നത് എങ്കിലും കഴിഞ്ഞ തവണത്തെ മണിയുടെ ഭൂരിപക്ഷം വെറും 1109 വോട്ടായിരുന്നു. ആ കണക്ക് നോക്കിയാൽ, മണിക്കും പാർട്ടിക്കും അത്ര ആവേശത്തിന് കാര്യമില്ല. മാത്രമല്ല, യു.ഡി.എഫ് വിചാരിച്ചാൽ മൽസരം കുറെക്കൂടി കടുപ്പിക്കാനും കഴിയും. എങ്കിലും ഇതിലൊന്നും കൂസാതെ മണി തികച്ച ആത്മവിശ്വാസത്തിലാണ് ഇത്തവണയും. അതുകൊണ്ടുതന്നെ സി.പി.എമ്മിന് മറ്റൊരാളെ ഉടുമ്പൻചോലയിലേക്ക് ആലോചിക്കേണ്ടിവന്നില്ല. മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളും മണിക്കുള്ള ജനപ്രീതിയുമാണ് പാർട്ടി കണക്കിലെടുത്തത്.

എം.എം. മണി / വര: ദേവപ്രകാശ്

മുൻ ലോക്‌സഭ, തദ്ദേശ തെരഞ്ഞെടുപ്പുകളിലെ കണക്കുകൾ ഇരുമുന്നണിക്കും പ്രതീക്ഷ നൽകുന്നതാണ്. 2019ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ യു.ഡി.എഫിനായിരുന്നു ലീഡ്. ഇടുക്കിയിൽ കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന ഡീൻ കുര്യാക്കോസ് മണ്ഡലത്തിൽനിന്ന് 63,350 വോട്ട് നേടിയപ്പോൾ ഇടതുസ്വതന്ത്രൻ ജോയ്‌സ് ജോർജിന് കിട്ടിയത് 51, 056 വോട്ടായിരുന്നു- ലീഡ് 12,494. എന്നാൽ, തദ്ദേശ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ പത്തിൽ ഒമ്പതു പഞ്ചായത്തുകളിലും എൽ.ഡി.എഫ് ഭൂരിപക്ഷത്തോടെ അധികാരത്തിൽ. ആർക്കും ഭൂരിപക്ഷമില്ലാതിരുന്ന കരുണാപുരത്തും ഭരണം എൽ.ഡി.എഫിനാണ് ലഭിച്ചത്.

കഴിഞ്ഞ തവണ മണിയുമായി ശക്തമായ മത്സരം കാഴ്ചവെച്ച അഡ്വ. സേനാപതി വേണുവിനെ തന്നെയാണ് കോൺഗ്രസ് പരിഗണിക്കുന്നത്. ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാർ, കെ.പി.സി.സി സെക്രട്ടറി എം.എൻ. ഗോപി എന്നിവരുടെ പേരുകളും സാധ്യതാപട്ടികയിലുണ്ട്.

ബി.ഡി.ജെ.എസിന്റെ സജി പറമ്പത്ത് 21,799 വോട്ടാണ് നേടിയത്. എ.ഐ.എ.ഡി.എം.കെ സ്ഥാനാർഥി ബി. സോമന് കിട്ടിയത് 1651 വോട്ടാണ്.
കേരള കോൺഗ്രസ് നാലുതവണയും സി.പി.എം അഞ്ചുതവണയും ജയിച്ച മണ്ഡലമാണിത്. രണ്ടുതവണ വീതം കോൺഗ്രസും സി.പി.ഐയും. 1987 മുതൽ തുടർച്ചയായി മൂന്നുതവണ ജയിച്ചശേഷമാണ് യു.ഡി.എഫിന്റെ കൈയിൽനിന്ന് എൽ.ഡി.എഫ് മണ്ഡലം പിടിച്ചത്.

2016 - നിയമസഭ തെരഞ്ഞെടുപ്പിലെ കക്ഷിനില.

2001 മുതൽ തുടർച്ചയായി മൂന്നുതവണ ജയിച്ചത് സി.പി.എമ്മിന്റെ കെ.കെ. ജയചന്ദ്രൻ. 2011ൽ സി.പി.എമ്മിലെ കെ.കെ. ജയചന്ദ്രന് 9833 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു.

ഉടുമ്പഞ്ചോല താലൂക്കിലെ ഇരട്ടയാർ, കരുണാപുരം, നെടുങ്കണ്ടം, പാമ്പാടുംപാറ, രാജാക്കാട്, രാജകുമാരി, ശാന്തൻപാറ, സേനാപതി, വണ്ടൻമേട്, ഉടുമ്പൻചോല എന്നീ പഞ്ചായത്തുകൾ ചേർന്ന മണ്ഡലം.


Comments