truecoppy
MORE
Truecopy Home
Readers
are
Thinkers

Wednesday, 18 May 2022

truecoppy
Truecopy Logo
Readers are Thinkers

Wednesday, 18 May 2022

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
umar

National Politics

ഉമർ ഖാലിദ്

പ്രതീക്ഷയ്ക്കും നിരാശയ്ക്കുമിടയില്‍
ഞാൻ തൂങ്ങിയാടുകയാണ്​;
ഉമർ ഖാലിദിന്റെ ജയിൽ ഡയറി

പ്രതീക്ഷയ്ക്കും നിരാശയ്ക്കുമിടയില്‍ ഞാൻ തൂങ്ങിയാടുകയാണ്​; ഉമർ ഖാലിദിന്റെ ജയിൽ ഡയറി

‘‘ചാര്‍ത്തിയ കുറ്റങ്ങളുടെ അസംബന്ധം ഏതെങ്കിലും ജഡ്ജി കണ്ടെത്തുമെന്ന് പ്രതീക്ഷിയ്ക്കും. അത്തരം പ്രതീക്ഷകള്‍ വെച്ചുപുലര്‍ത്തുന്നതിലെ അപകടത്തെ കുറിച്ച് സ്വയം ബോധ്യപ്പെടുകയും ചെയ്യും’’, ഡല്‍ഹി കലാപത്തിന് ഗൂഢാലോചന നടത്തിയെന്ന കുറ്റം ആരോപിച്ച് യു.എ.പി.എ ചുമത്തി ഡല്‍ഹി പൊലീസ് അറസ്റ്റുചെയ്ത ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന്‍ മുന്‍ നേതാവ് ഉമര്‍ ഖാലിദ് തിഹാര്‍ ജയിലില്‍ വിചാരണത്തടവുകാരനായി കഴിയുകയാണ്​​. അദ്ദേഹം ജയിലിൽ വച്ച്​ എഴുതിയ ഡയറിക്കുറിപ്പുകളാണിത്​.

3 Jan 2022, 02:40 PM

ഉമര്‍ ഖാലിദ്

അനൂപ് ചന്ദ്രൻ

വിവര്‍ത്തനം

ഇക്കൊല്ലം (2021) ഫെബ്രുവരിയിലെ ഒരു തണുത്ത പ്രഭാതത്തില്‍ ഒരു പൊലീസ് വാന്‍ എന്നെയും കൊണ്ട് ജയിലിന് പുറത്തേക്കിറങ്ങി. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ എന്റെ അറസ്റ്റിന് ശേഷം ആദ്യമായി എന്നെ കോടതിയില്‍ പേശിയ്ക്കായി (ഹാജരാക്കാനായി) കൊണ്ടുപോകുകയായിരുന്നു. വാനിനുള്ളില്‍ പൊലീസുകാര്‍ കര്‍ഷക സമരത്തെക്കുറിച്ചുള്ള ചൂടന്‍ ചര്‍ച്ചയിലായിരുന്നു. എന്നാല്‍ നാലു മാസത്തെ തടവറവാസം കാരണം പുറംകാഴ്ചകളാണ് എനിക്ക് കൂടുതല്‍ ആകര്‍ഷകമായി തോന്നിയത്. ഓഫീസുകളിലേക്ക് പോകുന്ന ആളുകളെയും സ്‌കൂളുകളിലേക്ക് പോകുന്ന കുട്ടികളെയും എനിക്ക് കാണാനായി. കാറിലും ബസിലും റോഡിലുമൊക്കെ മനുഷ്യര്‍. ചിലര്‍  ഫോണില്‍ മുഴുകിയിരിക്കുന്നു, മറ്റുചിലര്‍ പരസ്പരം സംസാരിക്കുന്നു. അവരെ നിരീക്ഷിക്കാന്‍ ആരുമില്ല. അവര്‍ക്ക് എവിടെ വേണമെങ്കിലും പോകാം, ആരോടു വേണമെങ്കിലും സംസാരിക്കാം.

Truecopythink · ജയിലില്‍ നിന്ന് ഉമര്‍ ഖാലിദ് എഴുതുന്നു | Umer Khalid's Jail Diary

അതൊരു സുന്ദരമായ കാഴ്ചയായിരുന്നു- സ്വതന്ത്രരായ മനുഷ്യര്‍. എന്റെ നോട്ടം വീഴുന്ന ഈ മനുഷ്യരെപ്പോലെ, ഞാനും സ്വതന്ത്രനായിരുന്ന ഭൂതകാലത്തെ കുറിച്ച് എനിക്ക് ഓര്‍മ്മ വന്നു. ഇഖ്ബാലിന്റെ വാക്കുകള്‍ ഞാന്‍ ഓര്‍ത്തു.

KSFE

Your browser does not support the video tag.

KSFE

Your browser does not support the video tag.

ആത്താ ഹേ യാദ് മുഛ്കോ ഗുസ്രാ ഹുവാ സമാനാ
വോ ബാഗോം കീ ബഹാരേം, വോ സബ് കാ ചഹ്ചഹാനാ
ആസാദിയാം കഹാം വോ അബ് അപ്നെ ഘോസ്ലേ കീ
അപ്നീ ഖുഷീ സേ ആനാ അപ്നീ ഖുഷീ സേ ജാനാ

(പോയ കാലത്തിന്റെ ഓര്‍മ്മകള്‍ എന്നിലേക്കെത്തുന്നു.
ആ പൂന്തോട്ടങ്ങളുടെ കാഴ്ചകള്‍, ഏവരുടെയും പ്രോത്സാഹനങ്ങള്‍
എവിടെ സ്വാതന്ത്ര്യം, അവനവന്റെ കൂട്ടിലാണിപ്പോള്‍
അവനവന്റെ തോന്നലില്‍ വരിക, അവനവന്റെ തോന്നലില്‍ പോവുക)

ritambara
Photo: Ritambhara Agarwal

ഈ ഒരു ദിവസത്തിനായാണ് ഞാന്‍ കാത്തിരുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കേണ്ടതിനാല്‍ ജയിലില്‍ നിന്ന് വെര്‍ച്വലായാണ് ഇതുവരെ ഞങ്ങളുടെ കോടതി നടപടികളെല്ലാം നടന്നിരുന്നത്. പുറംലോകത്തു നിന്ന് പൂര്‍ണമായും വിച്ഛേദിക്കപ്പെട്ട് ഒരേയിടത്തില്‍ പല മാസങ്ങള്‍ കഴിയേണ്ടി വന്നതോടെ കെണിയില്‍ പെട്ടതു പോലെ തോന്നി എനിക്ക്. ഒരു മാറ്റം ഞാന്‍ അങ്ങേയറ്റം ആഗ്രഹിച്ചിരുന്നു.

കോടതിയിലേക്കുള്ള യാത്രക്ക് ഒന്നര മണിക്കൂര്‍ എടുത്തുവെന്ന് തോന്നുന്നു. കോടതിയില്‍, നടപടികള്‍ കൂടിയാല്‍ 30 മിനിട്ടുകള്‍ കൊണ്ട് പൂര്‍ത്തിയായി. താരിഖ് (കേസിന്റെ തീയതി) പൂര്‍ത്തിയായതോടെ, തിരികെ ജയിലേക്കു പോകാനായി എന്നെ വാനില്‍ കയറ്റി. കോടതിയിലേക്കും തിരിച്ചുമുള്ള യാത്രയിലുടനീളം ഞാന്‍ അങ്ങേയറ്റം കൗതുകത്തോടെ പുറംകാഴ്ചകളിലേക്ക് കണ്ണും നട്ടിരിക്കുകയായിരുന്നു- അപരിചിതമായ ഒരു നഗരത്തില്‍ ബസ് യാത്ര നടത്തുന്ന ഒരു വിനോദസഞ്ചാരിയെപ്പോലെ.

ഉച്ചയ്ക്ക് രണ്ട് മണിയോടെ എന്നെ തിഹാറില്‍ തിരികെയെത്തിച്ചു. വൈകാതെ എന്റെ ജയില്‍മുറിയില്‍ ബന്ധിക്കുകയും ചെയ്തു. കുട്ടിക്കാലത്തെ പിക്നിക്കുകള്‍ പോലെ ജയിലിലേക്കുള്ള ആ "വിനോദയാത്രയും' പെട്ടെന്ന് തീര്‍ന്നുപോയതു പോലെ തോന്നി. വീണ്ടും തിഹാറിന്റെ ഉയര്‍ന്ന മതില്‍ക്കെട്ടുകള്‍ക്കുള്ളിലെ ശ്വാസം മുട്ടിക്കുന്ന, വിരസമായ ജീവിതത്തിലേക്ക് മടങ്ങിയെത്തിയിരിക്കുന്നു.


2020 സെപ്തംബറില്‍ തിഹാറിലേക്ക് കടന്നുവന്നപ്പോള്‍ ആദ്യം ഞാന്‍ ശ്രദ്ധിച്ചത് ഭയപ്പെടുത്തുന്ന ആ നിശബ്ദതയാണ്. ഒരിക്കലെങ്കിലും അതിനുള്ളില്‍ വന്നിട്ടുള്ള ആരും ആ ഭയപ്പെടുത്തുന്ന നിശബ്ദതയെക്കുറിച്ച് പറയും. മാനം മുട്ടുന്ന മതിലുകളാല്‍ ചുറ്റപ്പെട്ട ഒരു പ്രേതനഗരത്തില്‍ എത്തിപ്പെട്ടതു പോലെ തോന്നും. പൊലീസ് സ്റ്റേഷനില്‍ നിന്ന് എന്നെ ജയിലിലേക്ക് കൊണ്ടുവന്ന പൊലീസ് വണ്ടി അകത്തേക്ക് കടക്കുമ്പോള്‍ തന്നെ പുറംലോകത്തു നിന്നുള്ള ശബ്ദം പിന്‍വാങ്ങിത്തുടങ്ങിയിരുന്നു. നിശബ്ദത അതിനെ വിഴുങ്ങിത്തുടങ്ങിയിരുന്നു.

തിഹാര്‍ ജയില്‍ സമുച്ചയത്തിനുള്ളില്‍ ഞങ്ങള്‍ എത്തിയെങ്കിലും എന്നെ പാര്‍പ്പിക്കുന്ന ജയിലിലേക്ക് പിന്നെയും പോകാനുണ്ടായിരുന്നു. തിഹാര്‍ വളരെ വലുതാണ്. തെക്കനേഷ്യയിലെ ഏറ്റവും വലിയ തടവറ. ഒന്‍പത് ജയിലുകള്‍ വെവ്വേറെയുണ്ട് ഉള്ളില്‍. ശൂന്യമായ ഒരു റോഡിലൂടെ കുറേ ദൂരം നീങ്ങിയ ശേഷമാണ് വണ്ടി രണ്ടാം നമ്പര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിയത്. ഇവിടെയാണ് പൊലീസുകാര്‍ എന്നെ ജയില്‍ അധികൃതര്‍ക്ക് കൈമാറുന്നത്.

എന്നാല്‍ ആദ്യം ചില നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ടായിരുന്നു. ഒരു ജാലകത്തിനു മുന്നിലെ വരിയില്‍, അതേ ദിവസം ജയിലിലേക്ക് എത്തുന്ന മറ്റു ചിലരുടെ പിന്നില്‍, ഞാനും നിന്നു. ആ ജാലകത്തിനപ്പുറത്ത് ഒരു ക്ലര്‍ക്ക് ഇരുന്ന് വിവരങ്ങള്‍ എഴുതിയെടുക്കുന്നുണ്ടായിരുന്നു.

""നാം? ബാപ് കാ നാം? കിസ് കേസ് മേം ആയേ ഹോ?''
(പേര്? അച്ഛന്റെ പേര്? എന്താണ് കേസ്?)

എന്റെയും പിതാവിന്റെയും പേര് പറഞ്ഞതിന് ശേഷം അയാളുടെ അവസാന ചോദ്യത്തിന്  "യു.എ.പി.എ' എന്ന് ഞാന്‍ മറുപടി നല്‍കി. അയാള്‍ മുമ്പൊരിക്കലും അങ്ങനെയൊന്ന് കേട്ടിരുന്നില്ല. അതുകൊണ്ട് എനിക്ക് ചോദ്യം മനസിലായില്ലെന്ന് അയാള്‍ ധരിച്ചു.

""നഹീ, കോന്‍സീ ധാരാ ലഗീ ഹേ?''
(അതല്ല, ഏത് വകുപ്പാണ് ചുമത്തിയിരിക്കുന്നത്?)

""യു.എ.പി.എ''

""ക്യാ? ഢംഗ് സേ ബതാവോ''
(എന്താ, വ്യക്തമായിട്ട് പറയ്) അയാളുടെ ക്ഷമ നശിച്ചത് വ്യക്തമായിരുന്നു.

അപ്പോള്‍ എന്നെ ജയിലിലേക്ക് കൂട്ടിക്കൊണ്ടുവന്ന ഡല്‍ഹി പൊലീസിലെ കോണ്‍സ്റ്റബിള്‍ പിന്നില്‍ നിന്ന് മറുപടി പറഞ്ഞു. ""ദംഗേ കേ കേസ് മേം, സര്‍, ഡല്‍ഹി ദംഗാ'' (കലാപത്തിന്റെ കേസാണ് സര്‍, ഡല്‍ഹി കലാപം)

umar
ഉമർ ഖാലിദ് / Photo: Roshmi

ഞാന്‍ വ്യക്തമായി മറുപടി നല്‍കാത്തതിന്റെ അസ്വസ്ഥത പ്രകടിപ്പിച്ചുകൊണ്ടു തന്നെ ക്ലര്‍ക്ക് രജിസ്റ്ററില്‍ അത് രേഖപ്പെടുത്തി. എന്നെ അറസ്റ്റ് ചെയ്തിട്ട് 11 ദിവസമായിരുന്നു. അതുവരെ ആരും എന്റെ മുന്നില്‍ വെച്ച് അങ്ങനെയൊന്ന് പറഞ്ഞിട്ടുണ്ടായിരുന്നില്ല. കലാപത്തിന്റെയും വെറുപ്പിന്റെയും ഭിന്നിപ്പിന്റെയും രാഷ്ട്രീയത്തിനെതിരെ കൊല്ലങ്ങളോളം ശബ്ദമുയര്‍ത്തിയിട്ടും കുറ്റത്തിന്റെ സ്ഥാനത്ത് "ഡല്‍ഹി ദംഗ' എന്നെഴുതിയ ഒരു ചീട്ടുമായി ഞാന്‍ ജയിലിലേക്ക് കടന്നു ചെല്ലുകയാണ്. ആരോ അടിവയറ്റില്‍ ആയത്തില്‍ ഇടിച്ചതു പോലെയാണ് എനിക്ക് തോന്നിയത്.

പക്ഷെ വൈകാരികതകള്‍ക്കുള്ള സമയമായിരുന്നില്ല അത്. കുറേക്കൂടി ആസന്നമായ ഭയം- ജയിലുകളെക്കുറിച്ച് ഞാന്‍ കേട്ടിട്ടുള്ളതില്‍ നിന്ന് മനസിലായവ- എന്റെ മനസിനെ പിടികൂടി. എന്നെ എവിടെയായിരിക്കും ജയില്‍ അധികൃതര്‍ പാര്‍പ്പിക്കുക. ജയിലിലെ പേടിപ്പെടുത്തുന്ന "ബ്ലേഡ്-ബാസി'യെക്കുറിച്ച് ഞാന്‍ കേട്ടിരുന്നു. ആവശ്യങ്ങള്‍ നടത്തിക്കൊടുത്തില്ലെങ്കില്‍ ബ്ലേഡ് കൊണ്ട് വെട്ടുകയും മുറിക്കുകയും ചെയ്യുന്നവര്‍. അവര്‍ എന്നെ പിടിച്ചു നിര്‍ത്തി അവരുടെ ആവശ്യങ്ങള്‍- സാമ്പത്തികമായതു മുതല്‍ ലൈംഗികമായതു വരെയുള്ള ഏതുമാകാം- നിറവേറ്റിക്കൊടുക്കണമെന്ന് പറയുമോ? അറസ്റ്റിനു മുന്‍പ് മാധ്യമങ്ങള്‍ എന്നെക്കുറിച്ച് പറഞ്ഞുവെച്ചതൊക്കെ മനസില്‍ വെച്ച് ജയിലില്‍ വെച്ച് എന്നെ കൈകാര്യം ചെയ്യുമോ?

ALSO READ

രണ്ട് ഗൂഢാലോചനകളും ഒരു ശവദാഹവും

ഭാഗ്യത്തിന്, അങ്ങനെയൊന്നും സംഭവിച്ചില്ല. മറിച്ച്, എനിക്ക് ഒന്നും സംഭവിക്കാതിരിക്കാന്‍ ജയില്‍ അധികൃതര്‍ പ്രത്യേക നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. ജയിലിനുള്ളില്‍ ഞാന്‍ ഒരു "പ്രമുഖന്‍' ആയിരുന്നു. മാധ്യമശ്രദ്ധ കിട്ടുന്ന കേസുകളില്‍ ഉള്‍പ്പെട്ട ഒരാള്‍. അത്തരത്തിലൊരാള്‍ക്ക് ജയിലില്‍ എന്തു സംഭവിച്ചാലും അതും വാര്‍ത്തയാകും. ജയില്‍ അധികൃതരുടെ പിടിപ്പുകേടായി അത് വിലയിരുത്തപ്പെടും.

മറ്റുള്ള തടവുകാരില്‍ നിന്ന് മാറ്റി എന്നെ ഒരു ഒറ്റപ്പെട്ട സെല്ലില്‍ അടച്ചു. രണ്ട് ജയില്‍ വാര്‍ഡന്‍മാരെ എന്റെ സുരക്ഷയ്ക്കായി പ്രത്യേകം നിയോഗിച്ചു. എന്റെ അറസ്റ്റിലേക്ക് കാരണമായ അതേ സംഗതി- മാധ്യമങ്ങളുടെ ആഭിചാരക്രിയകള്‍- തന്നെ ജയിലിനുള്ളില്‍ എനിക്ക് സുരക്ഷാകവചം തീര്‍ക്കുകയായിരുന്നുവെന്ന് എനിക്ക് മനസിലായി.

എന്നാല്‍ അത് പുതിയ ചില പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് എനിക്ക് തുടര്‍ന്നുവന്ന ദിവസങ്ങളിലാണ് മനസിലായത്. മറ്റു തടവുകാരെപ്പോലെ, ജയില്‍ മുറിയ്ക്കു പുറത്തുള്ള ചെറിയ വരാന്തയിലേക്ക് എന്നെ വിട്ടിരുന്നില്ല. മണിക്കൂറുകളോളം കേണപേക്ഷിച്ചാല്‍ ഒരു ദിവസം പത്തോ പതിനഞ്ചോ മിനിട്ട് ശുദ്ധവായു ശ്വസിക്കാന്‍ അനുവദിക്കും. മൂന്നാഴ്ച അത്തരത്തില്‍ അടച്ചിടപ്പെട്ടതോടെ എന്റെ ധൈര്യം ചോര്‍ന്നുതുടങ്ങിയിരുന്നു. അടുത്ത വട്ടം കേസ് വിളിച്ചപ്പോള്‍ ഞാന്‍ അക്കാര്യം കോടതിയില്‍ ഉന്നയിച്ചു. ജഡ്ജി ജയില്‍ സൂപ്രണ്ടിനെ വിളിച്ചു വരുത്തിയിട്ട് എന്നെ അത്തരത്തില്‍ കൂട്ടിലടച്ചിടരുതെന്ന് നിര്‍ദേശം നല്‍കി. അതോടെ എനിക്ക് ദിവസവും മൂന്നു മണിക്കൂര്‍ കിട്ടാന്‍ തുടങ്ങി- രാവിലെ രണ്ടു മണിക്കൂറും രാത്രി ഒന്നും. അപ്പോഴും അത് മറ്റുള്ളവര്‍ക്ക് കിട്ടുന്നതിനേക്കാള്‍ ഏറെ കുറവായിരുന്നു. എങ്കിലും പീഡനം നിറഞ്ഞ മൂന്ന് ആഴ്ചകള്‍ക്കു ശേഷമായതു കൊണ്ട് അതും എനിക്ക് ഒരു വലിയ ആശ്വാസമായിരുന്നു. ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ അധികൃതരോട് സംസാരിച്ച് ഒരു മണിക്കൂര്‍ കൂടി നേടിയെടുത്തു. കുറേ മാസങ്ങള്‍ കൂടി കഴിഞ്ഞപ്പോള്‍ അല്‍പ്പം കൂടി സമയം നീട്ടിക്കിട്ടി.


കഴിഞ്ഞ 15 മാസങ്ങളായി ഇതാണ് ജീവിതം. അടിസ്ഥാനപരമായ ആവശ്യങ്ങള്‍ക്കു പോലും ദിനവും വില പേശേണ്ടി വരുന്ന അവസ്ഥ. അത് പുസ്തകങ്ങള്‍ക്കു വേണ്ടിയായാലും തണുപ്പകറ്റാനുള്ള തുണിയ്ക്കു വേണ്ടിയായാലും മുറിക്കു പുറത്തു നിന്ന് അല്‍പ്പം ശുദ്ധവായു ശ്വസിക്കാനായാലും. പോരാത്തതിന്, പാഴായി പോകുന്ന സമയങ്ങളില്‍ എന്താണ് ചെയ്യേണ്ടതെന്ന ആശയക്കുഴപ്പവും. "പുറത്തുള്ളവര്‍ കരുതുന്നതു പോലെ ജയിലിലെ ജീവിതമെന്നാല്‍ അസംഖ്യം സംഘടനങ്ങളുടേതല്ലെന്ന്, മറിച്ച്, ദിനംപ്രതിയുള്ള വിരസതകളുടേതാണെന്ന്' കെനിയന്‍ എഴുത്തുകാരന്‍ ഗൂഗീ വാ തിയോങ്ങോ തന്റെ ജയില്‍ കുറിപ്പുകളില്‍ പറയുന്നുണ്ട്. രാവിലെ എണീക്കുന്നു, തിന്നുന്നു, വിസര്‍ജ്ജിക്കുന്നു, ഉറങ്ങുന്നു. ഓരോ ദിവസവും അങ്ങനെയങ്ങനെ. അതിനൊപ്പം എനിക്ക് വായന കൂടി ചേര്‍ക്കാന്‍ കഴിയും. കഴിഞ്ഞ 15 മാസങ്ങളിലെ എന്റെ ദിനരാത്രങ്ങളില്‍ ഏറെയും വായനയ്ക്കു വേണ്ടിയാണ് ചെലവഴിച്ചത്.

thiong
ഗൂഗീ വാ തിയോങ്ങോ

പിന്നെയുള്ളത്, ഈ തടവ് എത്ര കാലം നീളുമെന്ന് അറിയാതിരിക്കുന്നത്. തടവറകള്‍ കുറ്റവാളികള്‍ക്കു വേണ്ടിയാണ്, വിചാരണ നേരിടുന്നവര്‍ക്ക് വേണ്ടിയല്ലെന്ന് പറയപ്പെടാറുണ്ട്. പക്ഷെ ഇവിടെ ഞാന്‍ വിചാരണ തുടങ്ങുന്നതിനു മുന്‍പുതന്നെ 15 മാസത്തെ ജയില്‍വാസം അനുഭവിച്ചുകഴിഞ്ഞു. ഇപ്പോള്‍ പോലും വിചാരണ ഉടനെയെങ്ങും തുടങ്ങുമെന്ന് തോന്നുന്നുമില്ല. രാഷ്ട്രീയ തടവുകാര്‍ക്ക് നേരിടേണ്ടി വരുന്ന ഈ പ്രത്യേക വിഷമഘട്ടത്തെക്കുറിച്ചും ഗൂഗീ വാ തിയോങ്ങോ തന്റെ ഓര്‍മ്മപ്പുസ്തകത്തില്‍ പറയുന്നുണ്ട്- സ്വതന്ത്രമാകാന്‍ ഇനിയെത്രകാലം എടുക്കുമെന്നറിയാതെ കാത്തിരിക്കേണ്ടി വരുന്നതിനെക്കുറിച്ച്. ഇക്കാരണത്താല്‍, ഒരര്‍ത്ഥത്തില്‍ കുറ്റവാളികളേക്കാള്‍ ദുരിതപൂര്‍ണമാണ് ഞങ്ങളുടെ അവസ്ഥ. അവര്‍ക്ക് അവരുടെ തടവുകാലം എത്ര നീളുമെന്ന് അറിയാം. അത് ദീര്‍ഘകാലത്തേക്കാണെങ്കില്‍ കൂടി മാനസികമായി തയ്യാറെടുക്കാന്‍ അവര്‍ക്ക് കഴിയും. മറുവശത്ത്, ഞങ്ങള്‍ക്ക് ഒരു മാസം കൊണ്ട് പുറത്തിറങ്ങാനാകുമോ, അതോ ഒരു വര്‍ഷമെടുക്കുമോ അതോ പത്തു വര്‍ഷം തന്നെ വേണ്ടി വന്നേക്കുമോ എന്നൊന്നും അറിയാത്ത അവസ്ഥയാണ്.

പ്രതീക്ഷയ്ക്കും നിരാശയ്ക്കുമിടയില്‍ ഞങ്ങളെ തൂക്കിയിട്ടാട്ടുന്ന ഈ അനിശ്ചിതാവസ്ഥ പ്രത്യേകിച്ച് അസഹനീയമാണ്. ചാര്‍ത്തിയ കുറ്റങ്ങളുടെ അസംബന്ധം ഏതെങ്കിലും ജഡ്ജി കണ്ടെത്തുമെന്നും ഞങ്ങളെ തുറന്നുവിടുമെന്നും എപ്പോഴും പ്രതീക്ഷിയ്ക്കും. അതേസമയം തന്നെ, അത്തരം പ്രതീക്ഷകള്‍ വെച്ചുപുലര്‍ത്തുന്നതിലെ അപകടത്തെ കുറിച്ച് സ്വയം ബോധ്യപ്പെടുകയും ചെയ്യും. പ്രതീക്ഷ എത്രകണ്ട് ഉയരുന്നുവോ അത്രയേറെ ഉയരത്തില്‍ നിന്നാകും പ്രതീക്ഷ തകര്‍ന്ന് നമ്മള്‍ വീഴേണ്ടി വരിക.


ജയില്‍വാസികളെ ഇടക്കിടെ മാറ്റുന്നതും ഏകാന്ത തടവുകളുടെ നീണ്ട കാലങ്ങളും അടക്കം ജയിലിന്റെ പ്രവര്‍ത്തനയും ഘടനയും അതിനുള്ളില്‍ മറ്റുള്ളവരുമായി അര്‍ത്ഥവത്തായ ബന്ധങ്ങളുണ്ടാക്കുന്നതിന് തടസമാകാറുണ്ട്. അക്കാരണം കൊണ്ട്, ജയില്‍ വിശദീകരിക്കാനാകാത്ത ഒറ്റപ്പെടലിന്റെയും വ്യക്തിത്വരാഹിത്യത്തിന്റെയും അനുഭവം കൂടിയാകുന്നുണ്ട്. നൂറു കണക്കിന് തടവുകാര്‍ക്കൊപ്പം കഴിയുമ്പോഴും നമ്മള്‍ ഏകാന്തതയിലായിരിക്കും. കാരണം നമ്മള്‍ പ്രിയപ്പെട്ടവരില്‍ നിന്ന് അകലെയായിരിക്കുമല്ലോ. പക്ഷെ ചില അനുഭവങ്ങള്‍ എന്നെ കൂടുതല്‍ ഒറ്റപ്പെടലിലേക്ക് തള്ളിവിട്ടിട്ടുണ്ട്. മുസ്‌ലിംകളെ കുറിച്ച് ഉള്ളിലുറഞ്ഞു പോയ മുന്‍വിധികളെയും മതവിദ്വേഷത്തെയും കുറിച്ചാണ് ഞാന്‍ പറയുന്നത്. മുസ്‌ലിംകള്‍ക്കെതിരായ മതവിരോധവും മുന്‍വിധിയും മറ്റൊരിക്കലും ഇല്ലാത്ത വിധം ജയിലില്‍ ഞാന്‍ നേരിട്ടു കണ്ടിട്ടുണ്ട്.

ALSO READ

മുസ്‌ലിമായി ജീവിക്കുന്നത് ഇന്നത്തെ കാലത്ത് എത്രത്തോളം ദുഷ്‌കരമാണ്?

ഒരുപാടു പേരുടെ മുന്നില്‍ വെച്ച്, "നിങ്ങള് ഞങ്ങളെയൊക്കെ കാഫിറുകളായിട്ടല്ലേ കാണുന്നത്?' എന്ന് ചോദിച്ചുകൊണ്ട് ഒരാള്‍ എന്നെ അമ്പരപ്പിച്ചിട്ടുണ്ട്. അടുത്തിടെ ടി-20 ലോകകപ്പില്‍ നടന്ന ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരത്തിന് ശേഷം മറ്റൊരാള്‍ പറഞ്ഞു- ""അരേ, കല്‍ തോ തുംഹാരീ ടീം നേ ഹമാരീ ടീം കോ ഹരാ ദിയാ'' (എടോ, ഇന്നലെ നിങ്ങളുടെ ടീം ഞങ്ങളുടെ ടീമിനെ തോല്‍പ്പിച്ചല്ലോ). എന്റെ പിതാവിന് എത്ര ഭാര്യമാരുണ്ടെന്നും അല്ലെങ്കില്‍ ഞാന്‍ എത്ര പേരെ ഭാര്യമാരാക്കുമെന്നുമുള്ള ചോദ്യങ്ങള്‍ ഒന്നിലേറെത്തവണ എനിക്ക് അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. നിങ്ങള്‍ക്ക് ആ ചോദ്യം ഇഷ്ടപ്പെട്ടില്ലെന്ന് തോന്നിയാല്‍ ഉടന്‍ അവര്‍ ന്യായീകരണം തുടങ്ങും, ""അരേ, ക്യാ ഗലത് ബോലാ, ആപ് ലോഗോ മേം തോ ഐസേ ഹീ ഹോതാ ഹേ നാ?'' (അതിനിപ്പോ തെറ്റായിട്ടൊന്നും പറഞ്ഞില്ലല്ലോ, നിങ്ങളുടെ ഇടയില്‍ അങ്ങനെ തന്നെയല്ലേ നടക്കുന്നത്?)

ഒരു മുസ്‌ലിമിനെ ഒരു വലിയ ദേശീയതയുടെയോ ദേശാന്തര സംഘത്തിന്റെയോ ഭാഗമായാണ് എപ്പോഴും കാണുന്നതെന്ന് എനിക്ക് തിരിച്ചറിവുണ്ടായി. സ്വന്തമായ വ്യക്തിത്വം അവര്‍ക്ക് ഉള്ളതായി കാണില്ല. ഒരു മുസ്‌ലിമിനു നേരെയുണ്ടാകുന്ന പല ചോദ്യങ്ങളും പല പരാമര്‍ശങ്ങളും അവനെക്കുറിച്ചായിരിക്കില്ല, മറിച്ച് "ആപ് ലോഗ് '- നിങ്ങളുടെ ആള്‍ക്കാരെ കുറിച്ചായിരിക്കും.

""അരേ, ആപ് ലോഗോ മേ തോ ഐസാ ഹോതാ ഹേ, നാ?''
(നിങ്ങളുടെ ഇടയില്‍ ഇതൊക്കെ നടക്കുന്നതല്ലേ?)

""ആപ് നേ ക്യോം ഒവൈസി കെ ബാരേ മേം കുച് നഹീ ബോല്‍തേ?''
(ഒവൈസിയെക്കുറിച്ച് നിങ്ങളെന്താ ഒന്നും പറയാത്തത്?)

""യേ ആപ് ലോഗോ നേ ക്യാ കര്‍ ദിയാ അഫ്ഗാനിസ്താന്‍ മേം?''
(അഫ്ഗാനിസ്താനില്‍ നിങ്ങളിതെന്താ കാണിച്ചു വെച്ചിരിക്കുന്നത്?)

പലപ്പോഴായി ഞാന്‍ നേരിടേണ്ടി വന്നിട്ടുള്ള മേല്‍പ്പറഞ്ഞ ചോദ്യങ്ങളൊന്നും ബോധപൂര്‍വം വെറുപ്പു കാണിക്കുന്നവരില്‍ നിന്നോ വെറുപ്പ് ഒരു രാഷ്ട്രീയ അജണ്ടയായി കൊണ്ടുനടക്കുന്നവരില്‍ നിന്നോ അല്ല. മറിച്ച്, അവയൊക്കെ സാധാരണക്കാരായ, ഇതൊഴിച്ചാല്‍ "നന്നായി പെരുമാറുന്ന' മനുഷ്യരില്‍ നിന്നാണ്. സ്വന്തം ഭക്ഷണം പങ്കുവെയ്ക്കാന്‍ തയ്യാറാകുന്ന, ജയിലിലെത്തിപ്പെട്ടതിന്റെ കഥ പറയാന്‍ മനസുള്ള, നിയമകാര്യങ്ങളില്‍ ഉപദേശം തേടാന്‍ തയ്യാറാകുന്ന ആളുകള്‍. ഇതൊക്കെ കഴിഞ്ഞ്, അന്നത്തെ വാര്‍ത്തയെക്കുറിച്ച് പറയുമ്പോള്‍ ഇങ്ങനെയൊന്നിലേക്ക് ചെന്നെത്തും- ""ഖാലിദ് ഭായി, നിങ്ങള്‍ എന്ത് പറഞ്ഞാലും ഇന്ത്യക്കെതിരെ കളിക്കുമ്പോള്‍ മുസ്‌ലിംകള്‍ പാക് ക്രിക്കറ്റ് ടീമിനൊപ്പം തന്നെയാണ്.''

""പാകിസ്താനൊപ്പം നില്‍ക്കുന്ന എത്ര മുസ്‌ലിംകളെ നിങ്ങള്‍ക്കറിയാം?''- ഞാന്‍ തിരിച്ച് ചോദിക്കും

""ഞാന്‍ ആരെയും എന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല. പക്ഷെ പാകിസ്താനൊപ്പമാണെന്ന് എനിക്കറിയാമല്ലോ?';
അവര്‍ പറയുന്നത് ശാശ്വത സത്യമാണെന്ന് വിശ്വസിക്കാന്‍ മാത്രം അടിയുറച്ചുപോയ മുന്‍വിധിയാണ് അവരിലുള്ളത്. മാത്രമല്ല, ഒരു ഘട്ടത്തിനപ്പുറം വാദപ്രതിവാദത്തിനു പോലും സാധ്യത നല്‍കാത്ത ധാര്‍മ്മിക ബോധത്തില്‍ നിന്നാണ് ഈ മുന്‍വിധി വരുന്നതു തന്നെ. നിശബ്ദതയിലേക്ക് പിന്‍വലിയുക മാത്രമാണ് ഒരേയൊരു വഴി. "വിധിയുമായുള്ള കൂടിക്കാഴ്ച' 70 വര്‍ഷങ്ങള്‍ക്കിപ്പുറം നമ്മളെ ഇവിടെയാണോ എത്തിച്ചിരിക്കുന്നത്? ഇവരാണോ വിധിയുടെ കുട്ടികള്‍?

hunger
ഉമർ ഖാലിദ് ജെ.എൻ.യുവില്‍ നിരാഹാരസമരത്തിനിടെ / Photo: Anurag Vats

മുന്‍വിധിയോ മതവിദ്വേഷമോ വെറുപ്പോ ഒക്കെ ഞാന്‍ ആദ്യമായി കാണുകയാണെന്നല്ല പറഞ്ഞുവരുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷക്കാലമായി, ഭരണകൂടവും അവരുടെ കുഴലൂത്തുകാരായ മാധ്യമങ്ങളും എന്നിലെ "മുസ്‌ലിമത്വ'ത്തെ എന്നെത്തന്നെ തുടര്‍ച്ചയായി ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുന്നു. പുതിയ ഇന്ത്യയില്‍ മുസ്ലീങ്ങളുടെ സ്ഥാനമെവിടെയാണെന്നും ഓര്‍മ്മപ്പിക്കുന്നു. പക്ഷെ ഇതുവരെ, വെറുപ്പ് അകലങ്ങളില്‍ നിന്നാണ് വന്നിരുന്നത്. മിക്കപ്പോഴും ടിവിയില്‍ നിന്നോ മൊബൈല്‍ സ്‌ക്രീനുകളില്‍ നിന്നോ ഒക്കെ. വെറുപ്പ് അതിരു കടക്കുമ്പോള്‍ അത് ഓഫ് ചെയ്തു വെയ്ക്കാനുള്ള സാധ്യത എന്റെ മുന്നിലുണ്ടായിരുന്നു. എനിക്കു ചുറ്റുമുള്ളവര്‍- യഥാര്‍ത്ഥ ജീവിതത്തില്‍ എനിക്കൊപ്പം സമയം ചെലവിടുന്നവര്‍- വെറുപ്പില്‍ നിന്ന് എന്നെ സംരക്ഷിച്ചു പിടിച്ചിരുന്നു.

ജയില്‍ ആ അകലം ഇല്ലാതാക്കിയിരിക്കുന്നു. ഇപ്പോള്‍ വെറുപ്പും മുന്‍വിധികളും അടുത്തുണ്ട്. എന്റെ കണ്‍മുന്നില്‍. എന്നെ സംരക്ഷിച്ചു പിടിക്കാന്‍ ആരുമില്ല. വിശ്വസിക്കാന്‍ ആരുമില്ല.

എന്റെ പരിതസ്ഥിതികളില്‍ ഒരിക്കലും കലി തോന്നരുതെന്ന്, നിശബ്ദതയുടെ നീണ്ട മണിക്കൂറുകളില്‍, ലോകാവസാനത്തിനു ശേഷമെന്ന പോലെയുള്ള ഏകാന്തതയില്‍, ഞാന്‍ എന്നോടു തന്നെ പറഞ്ഞുകൊണ്ടേ ഇരിക്കാറുണ്ട്. കലിയിലേക്ക് വീണു പോകാന്‍ എളുപ്പമാണ്. എന്നാല്‍ ദേഷ്യം ഗുണകരമായ ഒന്നും എന്നില്‍ അവശേഷിപ്പിക്കില്ല. വെറുപ്പിന്റെയും വിഭാഗീയതയുടെയും കൂട്ടങ്ങളില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കാന്‍ നമ്മള്‍ തുടങ്ങിവെച്ച ഈ പോരാട്ടത്തിന് പ്രത്യേകിച്ച് ഗുണകരമാകില്ല അത്. കുറേക്കൂടി വിശാലമായ കാഴ്ചപ്പാട് ഉണ്ടാകണമെന്നും ഞാന്‍ എന്നോടു തന്നെ പറഞ്ഞുകൊണ്ടിരിക്കുന്നു.

ചിലിയില്‍ പിനോഷെ അധികാരത്തിലിരുന്ന വര്‍ഷങ്ങളിലത്രയും അയാള്‍ക്കെതിരെ കോടതിയില്‍ കേസ് നടത്തിയിരുന്ന ഒരു മനുഷ്യാവകാശ അഭിഭാഷകനെ കുറിച്ച് അടുത്തയിടെ ഒരു സുഹൃത്ത് എന്നോട് പറഞ്ഞിരുന്നു. കേസുകളെല്ലാം തോറ്റു. എന്നാല്‍ പിനോഷെയുടെ പതനത്തിന് ശേഷം, മാനവികതയ്ക്കെതിരെ പിനോഷെ നടത്തിയ കുറ്റകൃത്യങ്ങളും ക്രൂരതകളും അയാള്‍ക്കു മേല്‍ ചുമത്താന്‍ അഭിഭാഷകന്‍ കോടതിയില്‍ നല്‍കിയ പരാതികള്‍ ഉപകരിച്ചു. ഇപ്പോള്‍, വര്‍ഷങ്ങള്‍ക്കിപ്പുറം ചിലിയില്‍ ഒരു ഇടതുപക്ഷ പ്രസിഡന്റ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. അതുകൊണ്ട് ഞാന്‍ എന്നോടു തന്നെ പറയുന്നു- ഒരു സ്വേച്ഛാധിപതിയും എല്ലാക്കാലത്തേക്കുമായി വാഴില്ല. സത്യത്തെ മറച്ചുപിടിക്കാന്‍ അയാള്‍ക്കാവില്ല. സ്നേഹത്തെ എല്ലാക്കാലത്തും ജയിക്കാന്‍ വെറുപ്പിന് കഴിയില്ല.

പിന്നെ, തണുപ്പുള്ള, നക്ഷത്രങ്ങള്‍ നിറഞ്ഞ രാത്രികളില്‍, പ്രിയപ്പെട്ടവളെ പിരിഞ്ഞിരിക്കുന്നതിന്റെ വേദന ഉള്ളില്‍ നിറയുമ്പോള്‍, ഫൈസ് അഹ്‌മദ് ഫൈസ് ഇരുമ്പഴികള്‍ക്കുള്ളിലിരുന്ന് എഴുതിയ വരികള്‍ എനിക്ക് ശക്തി പകരും.

ദില്‍ സേ പൈഹാം ഖയാല്‍ കെഹ്താ ഹേ
ഇത്നീ ശീരീം ഹേ സിന്ദഗി ഇസ് പല്‍
ജുല്‍മ് കാ സെഹര്‍ ഘോല്‍നേവാലേ
കാമരാം ഹോ സകേംഗേ ആജ് നാ കല്‍
ജല്‍വാ-ഗാഹ്-എ-വിസാല്‍ കീ ശമായേം
വോ ബുഝാ ഭീ ചുകേ അഗര്‍ തോ ക്യാ
ചാന്ദ് കോ ഗുല്‍ കരേ തോ ഹം ജാനേ

(ദുര്‍ഭരണത്തിന്റെ വിഷം അവര്‍ പാകം ചെയ്തെടുത്താലും
വിജയം അവരുടേതായിരിക്കില്ല
ഇന്നോ നാളെയോ അവര്‍ ജയിക്കില്ല.
അപ്പോള്‍ പിന്നെ, പ്രണയികളുടെ മുറിക്കുള്ളിലെ
തീനാളങ്ങള്‍ അവര്‍ കെടുത്തിയതു കൊണ്ടെന്ത്?
അത്രമേല്‍ കരുത്തുണ്ടെങ്കില്‍
നിലാവെളിച്ചം അവര്‍ കെടുത്തട്ടേ.)

(The article was originally commissioned and published by Outlook India.)

  • Tags
  • #Umar Khalid
  • #UAPA
  • #Delhi Police
  • #BJP
  • #Muslim Life
  • #Anoop Chandran
  • #Malayalam Podcast
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
 Jignsh-Mevani.jpg

National Politics

പ്രമോദ് പുഴങ്കര

ജിഗ്നേഷ് മേവാനിക്ക് ജാമ്യം കിട്ടിയോ എന്നതല്ല എന്തിന് അറസ്റ്റ് ചെയ്തു എന്നതാണ് ചോദ്യം

Apr 30, 2022

9 Minutes Read

 VM-Devadas-story-vellinakshathram.jpg

Podcasts

വി.എം.ദേവദാസ്

വെള്ളിനക്ഷത്രം

Apr 30, 2022

60 Minutes Listening

jahangir

Report

Delhi Lens

ജഹാംഗീർ പുരിയിൽ ബുൾഡോസർ കയറ്റിയിറക്കിയത്​ സാധാരണ മനുഷ്യരുടെ ജീവിതങ്ങളിലൂടെയാണ്​

Apr 21, 2022

4 minutes read

M Kunhaman

Podcasts

എം. കുഞ്ഞാമൻ

കീഴാളന്റെ അവകാശമാണ് സ്വത്ത് We Demand It

Mar 29, 2022

48 Minutes Listening

Balachandran Chullikkad

Podcasts

ബാലചന്ദ്രന്‍ ചുള്ളിക്കാട്

ആകാശം - ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിത

Mar 28, 2022

1 Minute Listening

 KG-George_1.jpg

Podcasts

സി.ബി മോഹന്‍ദാസ്‌

കുടുംബം, അധികാരം, ന്യൂറോസിസ്സ്​​​​​​; ​കെ. ജി. ജോർജ്ജിന്റെ മൂന്നു ചിത്രങ്ങൾ

Mar 26, 2022

43 Minutes Listening

Hereena

Podcasts

ഹെറീന ആലിസ് ഫെര്‍ണാണ്ടസ്

ആണാവാനെളുപ്പമാണ്, മനുഷ്യനാവാനാണ് ബുദ്ധിമുട്ട്

Mar 25, 2022

13 Minutes Listening

CP Aboobacker

Podcasts

സി.പി. അബൂബക്കർ

കവിയേക്കാൾ രാഷ്ട്രീയക്കാരനാണ് ഞാൻ; സി.പി.അബൂബക്കർ സംസാരിക്കുന്നു

Mar 14, 2022

60 Minutes Listening

Next Article

അവർ പൊലീസുകാരല്ല, സായുധരായ ഗുണ്ടകളാണ്

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster