കാര്യക്ഷമമല്ലെന്ന് തെളിയിക്കപ്പെട്ട ഒരു ബ്യൂറോക്രാറ്റിക് സംവിധാനത്തിലേക്ക്, കെ.വി. തോമസ് എന്ന രാഷ്ട്രീയ അവസരവാദ പ്രതീകത്തെ കുടിയിരുത്തുന്നതിനുപുറകില്‍ അധികാരത്തിന്റെ ഇടനാഴികളിലെ അവിഹിതത്വങ്ങളല്ലാതെ മറ്റെന്താണുള്ളത്?
20 Jan 2023, 04:07 PM
22 വര്‍ഷം ലോക്‌സഭാംഗം, അഞ്ചു വര്‍ഷം കേന്ദ്രമന്ത്രി. മൂന്നുതവണ പാര്‍ലമെന്റിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയര്‍മാന്‍. ഡല്‍ഹിയില്‍ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി നിയമിക്കപ്പെട്ട കെ.വി. തോമസിന്റെ, ഡല്‍ഹിയിലെ രാഷ്ട്രീയജീവിതം ഇങ്ങനെ സംഗ്രഹിക്കാം.
ഒരു രാഷ്ട്രീയപ്രവര്‍ത്തകന്റെ പ്രൊഫൈലില്‍ ഇതെല്ലാം യോഗ്യതകളാണ്. എന്നാല്‍, കെ.വി. തോമസ് എന്ന കോണ്‍ഗ്രസുകാരന്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാറിന്റെ പ്രതിനിധിയായി ബി.ജെ.പി സര്‍ക്കാറിനോട് നടത്താനിരിക്കുന്ന വിലപേശലുകളും സമ്മര്‍ദതന്ത്രങ്ങളും, ഇടതുപക്ഷത്തിനുചേരാത്ത ഇടനില രാഷ്ട്രീയമാണ്. കോണ്‍ഗ്രസ്, ബി.ജെ.പി ഭരണകൂടങ്ങളിലൂടെ നിയോ ലിബറലിസം പാലിച്ചുപോരുന്ന ഈയൊരു ഏജന്‍സിഷിപ്പ് ഒരു ഇടതുപക്ഷ സര്‍ക്കാര്‍ ഒരുതരം സന്ദേഹങ്ങളുമില്ലാതെ ഏറ്റെടുക്കുമ്പോള്‍, അതിനെതിരെ കക്ഷിരാഷ്ട്രീയത്തിനുപുറത്ത് ഒരു വിമര്‍ശവും ഉയരുന്നില്ല എന്നത് കേരളത്തിലെ ഇടതുപക്ഷ വിമര്‍ശനങ്ങളുടെ പാപ്പരത്വം കൂടി വെളിവാക്കുന്നു.
കേരളം കേന്ദ്രത്തിന്റെ ഒരു രാഷ്ട്രീയ ഉന്നമാണ്. ഫെഡറലിസത്തിനെതിരെ ബി.ജെ.പി സര്‍ക്കാര്‍ മുന്നോട്ടുവക്കുന്ന സെന്‍ട്രലൈസ്ഡ് അതോറിറ്റേറിയനിസത്തിന്റെ ഏറ്റവും വലിയ ഇര കൂടിയാണ് കേരളം. രാഷ്ട്രീയമായ അട്ടിമറികള്‍ മാത്രമല്ല, ഭരണഘടനാപരമായി സംസ്ഥാനങ്ങള്‍ക്കുള്ള സാമ്പത്തികവും ധനപരവുമായ അവകാശങ്ങളെ പോലും നിഷേധിച്ച് കേന്ദ്രത്തിന്റെ സാമന്ത ഭരണകൂടങ്ങളാക്കി സംസ്ഥാനങ്ങളെ മാറ്റിക്കൊണ്ടിരിക്കുന്നതിന്റെ വലിയ വില കൊടുക്കേണ്ടിവരുന്നുണ്ട് കേരളവും. അതിന് കേരളത്തിലെ ജനങ്ങള്‍ നല്‍കിയ മികച്ച മറുപടി കൂടിയാണ് ബി.ജെ.പിക്കെതിരെ നിലപാടെടുക്കേണ്ട 20 എം.പിമാര്‍.
ജനാധിപത്യ രാഷ്ട്രീയത്തിന്റേതായ അത്തരമൊരു പ്ലാറ്റ്‌ഫോമിനെ ഒരു സമ്മര്‍ദശക്തിയെന്ന നിലയ്ക്ക് ഏകോപിപ്പിക്കാന്‍ എന്തുകൊണ്ടാണ് സംസ്ഥാന സര്‍ക്കാറിന് കഴിയാതെ പോകുന്നത്? അതിനുപകരം, കാര്യക്ഷമമല്ലെന്ന് തെളിയിക്കപ്പെട്ട ഒരു ബ്യൂറോക്രാറ്റിക് സംവിധാനത്തിലേക്ക്, കെ.വി. തോമസ് എന്ന രാഷ്ട്രീയ അവസരവാദ പ്രതീകത്തെ കുടിയിരുത്തുന്നതിനുപുറകില്‍ അധികാരത്തിന്റെ ഇടനാഴികളിലെ അവിഹിതത്വങ്ങളല്ലാതെ മറ്റെന്താണുള്ളത്?
മുമ്പ്, ഡല്‍ഹിയില്‍ സംസ്ഥാന സര്‍ക്കാറിന്റെ പ്രതിനിധിയായിരുന്ന എ. സമ്പത്തിനും അദ്ദേഹത്തിന്റെ ഓഫീസ് നടത്തിപ്പിനുമായി 20 മാസം കൊണ്ട് ചെലവിട്ട രൂപയുടെ ഫലം വട്ടപ്പൂജ്യമായിരുന്നു എന്ന വിവരം ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. കേന്ദ്ര സര്‍ക്കാറുമായുള്ള ഇടപാടുകളെ ഇത്തരം, ബ്യൂറോക്രാറ്റിക് ബ്രോക്കറേജുകള്‍ക്ക് ഒരുതരത്തിലും സ്വാധീനിക്കാനാകില്ല എ ന്നതിന്റെ സാക്ഷ്യപത്രം കൂടിയാണ് ഈ കണക്ക്. കാരണം, കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാറും കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാറും തമ്മിലുള്ള വിനിമയങ്ങളെ രാഷ്ട്രീയമായാണ് സമീപിക്കേണ്ടത്.
കെ- റെയില്‍, വിഴിഞ്ഞം തുറമുഖം, ദേശീയപാത നിര്‍മാണം, ബഫര്‍സോണ്‍ തുടങ്ങിയ പദ്ധതികളുടെ കാര്യത്തിലും കേന്ദ്രാവിഷ്‌കൃത പദ്ധതികളുമായി ബന്ധപ്പെട്ടും കേരളത്തിനെതിരായ നിലപാടുകളിലുമെല്ലാം പ്രവര്‍ത്തിക്കുന്നത് ബി.ജെ.പി സര്‍ക്കാറിന്റെ രാഷ്ട്രീയമാണ്. അതിനെ ഇടതുപക്ഷത്തിന്റെ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ചുതന്നെയാണ് നേരിടേണ്ടത്. കഴിഞ്ഞ ദിവസം ഖമ്മത്ത് നടന്ന ബി.ആര്‍.എസ് റാലിയില്‍ പിണറായി വിജയന്‍ പറഞ്ഞതുതന്നെയാണ് ആ രാഷ്ട്രീയം. എന്നാല്‍, അതേ പിണറായി വിജയന്‍ തന്നെയാണ്, ഇടതുപക്ഷത്തേക്കുവന്ന ഒരു മുന്‍ കോണ്‍ഗ്രസുകാരനുവേണ്ടിയുള്ള ഉപകാരസ്മരണയിലേക്ക് ഒരു വലിയ രാഷ്ട്രീയ പ്രതിരോധത്തെ ചുരുക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ സംവിധാനങ്ങളുമായുള്ള ഇടപെടലുകള്‍ക്കാവശ്യമായ വ്യവസ്ഥാപിതമായ ഉദ്യോഗസ്ഥ സംവിധാനം നിലവിലുണ്ട്. അതിനുമുകളിലുള്ള പ്രതിഷ്ഠകള്‍ക്ക്, അധികാരത്തിന്റെ ഇടനാഴികളിലാണ് സ്ഥാനം. അത്തരം വിലപേശലുകള്‍ ജനാധിപത്യത്തിന് യോജിച്ചവയുമല്ല.
മാത്രമല്ല, ഇടതുപക്ഷം വിമര്‍ശിച്ചുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസിന്റെ വലതുപക്ഷനയങ്ങളുടെയെല്ലാം ശക്തനായ വക്താവുകൂടിയാണ് കെ.വി. തോമസ്. അദ്ദേഹം കോണ്‍ഗ്രസില്‍ നേടിയെടുത്ത സ്വാധീനത്തെ, വംശീയഛായ കലര്‍ന്ന ആക്ഷേപങ്ങളാല്‍ ഒരു കാലത്ത് ആക്രമിച്ച നേതാക്കള്‍ ഇപ്പോഴും സി.പി.എമ്മിലുണ്ട്. അങ്ങനെയൊരാള്‍, അജണ്ടക്കുപുറത്തെ ഒരു ഇനമായി, മന്ത്രിസഭായോഗത്തിലെ ചര്‍ച്ചയിലെത്തിയതും ഉടന്‍ നിയമിക്കപ്പെടുന്നതുമെല്ലാം പിണറായി വിജയന്‍ സര്‍ക്കാറിന്റെ മാറി വരുന്ന നിലപാടുകളുടെ സൂചനകളായിരിക്കാം. എന്നാല്‍, അത് തീര്‍ച്ചയായും കേരളത്തെ മുന്നോട്ടുനടത്തുന്ന ഒന്നല്ല.
കെ- റെയിലും വിഴിഞ്ഞം തുറമുഖവും പോലെ, ഇടതുപക്ഷത്തിനും ബി.ജെ.പിക്കും ഒരേപോലെ സ്വീകാര്യമായ പദ്ധതികളില്‍ ഈയൊരു ബ്രോക്കറേജ് വിജയകരമാകും. അദാനിക്ക് ഗുണകരമാകുന്ന രീതിയില്‍ വിഴിഞ്ഞം തുറമുഖ സമരം ഒത്തുതീര്‍ക്കുന്നതില്‍ ലത്തീന്‍ സഭയുമായി നടത്തിയ ഇടപാടുകളില്‍ കെ.വി. തോമസിനും റോളുണ്ടായിരുന്നുവല്ലോ. കെ- റെയിലിന്റെ കാര്യത്തിലും ബി.ജെ.പിക്കോ കേന്ദ്രത്തിനോ നയപരമായ ഭിന്നതയൊന്നുമില്ല. കേരളത്തിലെ ബി.ജെ.പിയുടെ മുതലെടുപ്പുരാഷ്ട്രീയം മാത്രമാണ് കെ- റെയിലിന് അനുമതി നല്‍കാന്‍ കേന്ദ്രത്തിനുമുന്നിലെ ഏക തടസം.
നരേന്ദ്രമോദിയുടെ വികസന നയങ്ങളെ പിന്തുണയ്ക്കുകയും ബി.ജെ.പിയുമായി നല്ല രീതിയില്‍ വിനിയമം നടത്തിവരികയും ചെയ്യുന്ന ആള്‍ എന്ന നിലയ്ക്കുകൂടിയുള്ള കെ.വി. തോമസിന്റെ റോള്‍, സംസ്ഥാന- കേന്ദ്ര താല്‍പര്യങ്ങള്‍ ഒത്തുപോകുന്ന സംരംഭങ്ങള്‍ അതിവേഗത്തിലാക്കാന്‍ സഹായിക്കുമെന്ന് തീര്‍ച്ചയാണ്. ഇത്തരം പൊതുതാല്‍പര്യ സംരംഭങ്ങളുടെ എണ്ണം ഭാവിയില്‍ കൂടിവരുന്നതിനനുസരിച്ച് കെ.വി. തോമസുമാര്‍ വഴിയാധാരമാകാതെ സംരക്ഷിക്കപ്പെടാന്‍ ഇത്തരം ഇരിപ്പിടങ്ങളുണ്ടായിക്കൊണ്ടിരിക്കുകയും ചെയ്യും
പിണറായി വിജയൻ
Mar 24, 2023
3 Minutes Read
കെ. കണ്ണന്‍
Mar 23, 2023
5 Minutes Watch
കെ. കണ്ണന്‍
Mar 15, 2023
6 Minutes Watch
കെ. കണ്ണന്‍
Mar 09, 2023
4:48 Minutes Watch
ഉല്ലേഖ് എന്‍.പി.
Feb 21, 2023
54 Minutes Watch
Think
Feb 03, 2023
10 Minutes Read