ദുരവസ്ഥയിൽ കുമാരനാശാൻ നടത്തിയ ക്രൂര മുഹമ്മദീയർ എന്ന പ്രയോഗം കൈത്തെറ്റാവാനുള്ള സാധ്യത കുറവാണ് എന്ന് ആശാൻ തന്നെ എഴുതിയ ലേഖനങ്ങളെ മുൻനിർത്തി പറയുകയാണ് എഴുത്തുകാരനായ ഉണ്ണി. ആർ. വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും മലബാർ കലാപവും കേരളത്തിൻ്റെ സാംസ്കാരിക അന്തരീക്ഷത്തിൽ വീണ്ടും ചർച്ചയായ അവസരത്തിൽ ആശാൻ്റെ എഴുത്തു രാഷ്ട്രീയം വീണ്ടും വിമർശന വിധേയമാവുകയാണ്
27 Jun 2020, 05:20 PM
മലയാള മാസം 1097 ചിങ്ങത്തിലാണ് കുമാരനാശാന്റെ ഭാഷയില്‍ പറഞ്ഞാല്‍, തെക്കെമലയാം ജില്ലയില്‍ മാപ്പിള ലഹള ആരംഭിക്കുന്നത്. 1097-ഇടവത്തിലാണ് കുമാരനാശാന്‍ ദുരവസ്ഥ എന്ന കൃതി എഴുതിത്തുടങ്ങുന്നത്. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ അദ്ദേഹമത് പൂര്‍ത്തിയാക്കുകയും ചെയ്തു. ദുരവസ്ഥയിലെ ക്രൂര മുഹമ്മദീയര്‍ എന്ന പ്രയോഗവും അതുമായി ബന്ധപ്പെട്ട ചര്‍ച്ചകളും നടക്കുന്ന ഈ സാഹചര്യത്തില്‍, ആശാന്റെ ഈ പ്രയോഗം വസ്തുതകള്‍ നേരാംവണ്ണം അറിയാന്‍ കഴിയാത്തതിന്റെ ഫലമായി ഉണ്ടായ കേവലമൊരു കൈത്തെറ്റായി കാണേണ്ടതുണ്ടോ? അതോ മുന്‍കാലങ്ങളില്‍ അദ്ദേഹം വിവേകോദയത്തില്‍ എഴുതിയ ലേഖനങ്ങളുടെ തുടര്‍ച്ചയായി ഈ "തെറ്റ്' സംഭവിച്ചതായി കാണാന്‍ കഴിയില്ലേ? ഈ വിഷയത്തില്‍ വിവേകോദയത്തിലെ ലേഖനങ്ങള്‍ ഇവിടെ പകര്‍ത്തുകയാണ്. ഒരുത്തരത്തിലേക്ക് അവസാനിക്കുക എന്ന ഇടുങ്ങിയ തോന്നലിലല്ല, കുറച്ചു കൂടി തുറന്ന ഒരു കാഴ്ചയ്ക്ക് അത് സഹായകരമായേക്കും എന്ന വിശ്വാസത്തിലൂന്നുക മാത്രമാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം.
1936-ല്‍ തിരുവിതാംകൂറില്‍ ഭരണകൂടം തന്നെ സാമ്പത്തിക സഹായം നല്‍കി ഹിന്ദുമഹാസഭയെ വളര്‍ത്തുകയും അവരുടെ പരിശ്രമത്താല്‍ എണ്‍പതിനായിരത്തോളം മതം മാറിയ കീഴ്ജാതിക്കാരെ തിരികെ എത്തിച്ചതില്‍ തിരുവിതാംകൂര്‍ ഭരണം അഭിമാനം കൊള്ളുകയും ചെയ്തു. അന്ന് അതിന് ഘര്‍വാപസി എന്ന പേരില്ലായിരുന്നു എന്നു മാത്രം.
ഒന്ന്: സമുദായത്തിന്റെ എല്ലാവിധ ശ്രേയസ്സുകള്‍ക്കും അസ്ഥിഭാരം മതമാകുന്നു. മതത്തിന്റെ സഹായം കൂടാതെ ലോകത്ത് ഒരു ജനസമുദായവും ഔന്നത്യത്തെ പ്രാപിച്ചിട്ടില്ല. അതിനാല്‍ സമുദായ പരിഷ്‌ക്കാര വിഷയത്തില്‍ സര്‍വോപരി പ്രാധാന്യം കല്പിക്കേണ്ടത് മതത്തിനാകുന്നു. അതിലും വിശേഷിച്ച് ഹിന്ദുക്കളുടെ ഇടയില്‍ സാമുദായികമായി ചെയ്യപ്പെടുന്ന ഏതു പരിഷ്‌കാരശ്രമത്തിന്റേയും സാഫല്യത്തിന് മതം തീരെ ഒഴിച്ചുകൂടാത്തതാകുന്നു."ഇന്ത്യയെ ഉയര്‍ത്തണമെങ്കില്‍ മതമാകുന്ന അതിന്റെ കൈപിടിയില്‍ തൂക്കിയിട്ടുതന്നെ വേണം' എന്നു വിശ്വവിഖ്യാതനായ വിവേകാനന്ദ സ്വാമികള്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്. ഹിന്ദുക്കള്‍ക്ക് അഭിമാന ഹേതുകമായി വല്ലതും ശേഷിച്ചിട്ടുണ്ടങ്കില്‍ അത് അവരുടെ പ്രാചീനവും പരിശുദ്ധവുമായ മതം ഒന്നു മാത്രമാകുന്നു. എന്നാല്‍ ഇത്ര വിശിഷ്ടമായ ഒരു മതത്തെ അവലംബിച്ചിരിക്കുന്ന ഹിന്ദുക്കളില്‍ ഭൂരിപക്ഷത്തിന്റേയും അവസ്ഥ സാമാന്യമായിട്ടെങ്കിലും ജ്ഞാനം സമ്പാദിച്ചവര്‍ ഇവരില്‍ എത്ര പേരുണ്ടായിരിക്കും? ഇവരില്‍ എത്രപേര്‍ മതാചാരങ്ങളെ നിയമേന അനുഷ്ഠിച്ച് വരുന്നു വരായി കാണപ്പെടുന്നുണ്ട്? (ആശാന്‍ തുടരുന്നു) ഇപ്പോള്‍ ചെങ്ങന്നൂര്‍ മുതലായ വടക്കന്‍ താലൂക്കുകളിലുള്ള ക്രിസ്ത്യാനി സംഘക്കാരില്‍ പലരും അഭൂതപൂര്‍വ്വമായ ഉത്സാഹത്തോടുകൂടി പ്രസംഗങ്ങള്‍, പ്രാര്‍ത്ഥനകള്‍, നൃത്തങ്ങള്‍ മുതലായവ നടത്തി വരികയാകുന്നു. ഇവയിലെല്ലാം അവിടത്തെ സ്വജനങ്ങളില്‍ സ്ത്രീ പുരുഷന്മാര്‍ ആ ബാലവൃദ്ധം സംബന്ധിച്ച് വരുന്നതായും ചില മാന്യ കുടുംബക്കാര്‍ തങ്ങളുടെ വീടുകളില്‍ തന്നെ ക്രിസ്തുമത പ്രാസംഗികന്മാരെ വരുത്തി പ്രസംഗം മുതലായവ നടത്തിച്ചു വരുന്നതായും അതിന്റെ ഫലമായി നമ്മുടെ പാവപ്പെട്ട സഹോദരങ്ങളില്‍ പലരും മതപരിവര്‍ത്തനം ചെയ് വാന്‍ നിശ്ചയിച്ചിരിക്കുന്നതായും അറിഞ്ഞപ്പോള്‍ ഞങ്ങള്‍ക്കുണ്ടായ വ്യസനം എത്രമാത്രമാണന്ന് പറഞ്ഞറിയിക്കുവാന്‍ പ്രയാസം. ഇതിന് ഒരുപശമം ഉണ്ടാക്കണമെന്ന് കരുതി ഞങ്ങള്‍ വിവരം ഹിന്ദുമത പ്രാസംഗികനായ കരുവാ കൃഷ്ണനാശാന്‍ അവര്‍കളെ തെര്യപ്പെടുത്തി. അതനുസരിച്ച് അദ്ദേഹം ചെങ്ങന്നൂര്‍ എത്തി മുറയ്ക്ക് പ്രസംഗങ്ങള്‍ നടത്തിവരികയാകുന്നു.
- മതപ്രസംഗം ,വിവേകോദയം, 1083 തുലാം
രണ്ട്:( ...) ഏതായാലും നമ്മുടെ മതത്തെപ്പറ്റി വിവരമായ അറിവുണ്ടെങ്കില്‍ ഒരുത്തനും മതം മാറാന്‍ ധൈര്യപ്പെടുകയില്ലന്നുള്ളത് നിശ്ചയമാണ്. വിദ്വാന്മാര്‍ക്കും അവിദ്വാന്മാര്‍ക്കും ധനവാന്മാര്‍ക്കും ദരിദ്രന്മാര്‍ക്കും സുഖികള്‍ക്കും ദുഃഖികള്‍ക്കും ഒരുപോലെ ആശ്വാസത്തേയും ആശയേയും ജനിപ്പിക്കത്തക്കവണ്ണം സര്‍വ്വതോമുഖമായ വ്യാപ്തിയും മാഹാത്മ്യവും ഉള്ള മതം ഹിന്ദുമതത്തെപ്പോലെ മറ്റൊന്നും ലോകത്തിലില്ലന്നുള്ളത് അറിഞ്ഞവരെല്ലാം സമ്മതിച്ചിട്ടുള്ളതാകുന്നു. അതുകൊണ്ട് സമുദായരക്ഷയെ ഉദ്ദേശിച്ച് മതതത്വത്തെ ജനങ്ങള്‍ക്ക് ബോധ്യപ്പെടുത്തേണ്ടത് അത്യാവശ്യമാകുന്നു.(ആശാന്‍ തുടരുന്നു) ഇതില്‍ ഞങ്ങള്‍ക്ക് തോന്നുന്നത് മൂന്ന് ഉപായങ്ങളാണ്. (1) സമുദായ സ്‌നേഹികളായ ധനവാന്മാര്‍ യോഗ്യതയുള്ള മത പ്രാസംഗികന്മാരെ പ്രത്യേകം സഹായിക്കുക (2) ക്ഷേത്രങ്ങളിലെ വരവുകളില്‍ മതബോധത്തെ വര്‍ദ്ധിപ്പിക്കുന്നതിനായി ഗണ്യമായ ഒരംശം ചെലവ് ചെയ്ത് അതിനു വേണ്ട ഏര്‍പ്പാടുകള്‍ ചെയ്യുക (3) സമുദായ സ്‌നേഹമുള്ള വിദ്വാന്മാര്‍ പ്രതിഫലത്തെ അപേക്ഷിക്കാതെ ഈ വിഷയത്തില്‍ കഴിയുന്നത്ര സ്വയമേവ യത്‌നിക്കുക ഇവയാകുന്നു.
- നമ്മുടെ മത സംബന്ധമായ ചുമതല ,വിവേകോദയം ,1084 മകരം
മൂന്ന് :(....) തൊട്ടുകൂടാ, തീണ്ടിക്കൂടാ, വെടിപ്പായും സുഖമായും സഞ്ചരിച്ചുകൂടാ, പഠിച്ചുകൂടാ, ധനവും അറിവും സമ്പാദിച്ചുകൂടാ, ഈ വക ശാഠ്യങ്ങളാല്‍ സാധുക്കള്‍ പൊറുതിമുട്ടി ഏതു കക്ഷിയില്‍ ചേര്‍ന്നു നടന്നാല്‍ ഇതെല്ലാം ചെയ്കയും മനുഷ്യരെപ്പോലെ ജീവിക്കുകയും ചെയ്യാമോ ആ കക്ഷികളിലേക്ക് സ്വാഭാവികമായി ഒഴുകിക്കൊണ്ടു പോകുന്നു. ഇതിനാണ് ഇവിടെ മതം മാറ്റം എന്നു പറയുന്നത്. അല്ലാതെ ബുദ്ധിപൂര്‍വ്വമായി വിശ്വാസം മാറ്റുന്നതിനല്ല. ഇത്തരം ഒരു മതം മാറ്റം പൂഞ്ഞാറ്റിടവകയുടെ കീഴിലുള്ള ഈഴവരുടെ ഇടയില്‍ ഉണ്ടാവാന്‍ പോകുന്നതായറിയുന്നതില്‍ ഞങ്ങള്‍ വ്യസനിക്കുന്നു. (ആശാന്‍ തുടരുന്നു) തങ്ങളുടെ ഉത്തമമായ മതത്തേയും നല്ല സമുദായത്തേയും വെടിഞ്ഞു പോകുന്നത് ക്ഷമാപൂര്‍വ്വം വളരെ ആലോചിച്ച് വേണ്ടതാണന്ന് ആ മാനസാന്തരപ്പെടുന്ന ഈഴവ സഹോദരങ്ങളോട് ഉപദേശിച്ച് കൊള്ളുകയും ചെയ്യുന്നു.
_ മതംമാറ്റം, വിവേകോദയം ,1087 മിഥുനം ,കര്‍ക്കടകം
നാല്: ഹിന്ദുക്കള്‍ സംഖ്യയില്‍ ശീഘമായി കുറഞ്ഞുകൊണ്ടു വരുന്നു എന്നും ഏതാനും ശതവര്‍ഷങ്ങള്‍ക്കുള്ളില്‍ ഭൂലോകത്ത് അവരില്ലാതായിത്തീരുമെന്നും ഈ ദയനീയമായ അവസ്ഥയെ തടുപ്പാന്‍ ഒരു റോയല്‍ കമ്മീഷന്‍ ഏര്‍പ്പെടുത്തി അന്വേഷിച്ച് വേണ്ടത് ഉടനേ ഇന്ത്യാഗവണ്‍മെന്റില്‍ നിന്നു ചെയ്യേണ്ടതാണന്നും മറ്റും പ്രസ്താവിച്ചുകൊണ്ട് ബാലകൃഷ്ണ എന്ന ഒരു പ്രൊഫസര്‍ പഞ്ചാബില്‍ നിന്നു പുറപ്പെടുന്ന "വേദിക് മാഗസിന്‍ ' എന്ന മാസികയുടെ ഒക്ടോബര്‍ ലക്കത്തില്‍ പരിതാപകരമായ ഒരു ലേഖനം എഴുതിയിരിക്കുന്നു. ഇദ്ദേഹം ഹിന്ദുക്കളെ ആസന്നമരണമായ ഒരു സമുദായം (A dying race) എന്നാണ് വിളിക്കുന്നത്. ക്രിസ്തുമതത്തിന്റെ അതി ശക്തിയോടു കൂടിയ തള്ളിക്കയറ്റത്തെയാണ് ഈ പ്രൊഫസര്‍ ഭയപ്പെടുന്നതെന്ന് ലേഖനം കൊണ്ടറിയാം. മദ്രാസ് സംസ്ഥാനത്തില്‍ ഇതിന്റെ ശക്തി കുറവെന്നാണ് അദ്ദേഹം മനസ്സിലാക്കിയിരിക്കുന്നതെന്ന് തോന്നുന്നു. പഞ്ചാബില്‍ മുസല്‍മാന്‍ മതത്തിലാണ് അധികം ഹിന്ദുക്കള്‍ ചെന്നു ചേരുന്നത്. (ആശാന്‍ തുടരുന്നു) മദ്രാസ് സംസ്ഥാനത്തെ ഹിന്ദുക്കള്‍ തീരെ നശിപ്പാന്‍ ആയിരത്തില്‍ ചില്വാനം വര്‍ഷം വേണമെന്ന് പ്രൊഫസര്‍ കണക്കാക്കിയത് മലയാളം മുതലായ രാജ്യങ്ങളിലെ കഥയെ പ്രത്യേകം എടുത്ത് നോക്കാഞ്ഞിട്ടായിരിക്കുമെന്ന് തോന്നുന്നു.
- മതംമാറ്റം 2, വിവേകോദയം 1092 ,മകരം ,കുംഭം
(ആശാന്‍ തുടരുന്നു) ഏതായാലും മതബോധത്തെ പ്രചാരപ്പെടുത്താന്‍ വേണ്ടതു വേഗത്തില്‍ പ്രവര്‍ത്തിക്കേണ്ടതാകുന്നു. അല്ലാത്തപക്ഷം സായ്പിന്റെ കീഴില്‍ പഠിച്ചത് അവരുടെ സ്‌നേഹവും അടുപ്പവും കൊണ്ട് ബന്ധുമിത്രാദികളും അവരെ കണ്ടു പഠിച്ചിട്ടു മറ്റു പലരും ഇങ്ങനെയൊക്കെ ആയി ക്രമേണ മിക്കവാറും പേര്‍ ക്രിസ്ത്യാനികളായിത്തീര്‍ന്നു സമുദായത്തിന് ഇപ്പോഴുള്ള ഘനം വേഗത്തില്‍ കുറഞ്ഞു പോകുമെന്നുള്ളത് നിശ്ചയമാകുന്നു.
അഞ്ച്:(...) ഈഴവര്‍ ബുദ്ധമതക്കാരാകണം, ആര്യസമാജക്കാരാകണം, ബ്രഹ്മ സമാജക്കാരാകണം, ക്രിസ്തുമതത്തില്‍ ചേരണം എന്നൊക്കെ ഓരോ യോഗ്യന്മാര്‍ അവരവരുടെ യുക്തിക്കും ജ്ഞാനത്തിനും സാമുദായികാഭിമാനത്തിനും അനുഗുണമായി അഭിപ്രായങ്ങള്‍ പുറപ്പെടുവിക്കുകയും ചുരുക്കം ചിലര്‍ തങ്ങളുടെ അഭിപ്രായങ്ങളില്‍ വാശിയോടെ പിടിച്ച് നില്‍ക്കുകയും ചെയ്യുന്നുണ്ട്. ക്രിസ്ത്യാനികളുടേയും മുഹമ്മദീയരുടേയും പ്രാതിനിദ്ധ്യം വഹിക്കുന്ന ചില്പത്രങ്ങള്‍ ഈഴവരെ തങ്ങളുടെ മതത്തിലേക്ക് ക്ഷണിക്കുകയും ഹിന്ദു പത്രങ്ങള്‍ പാടില്ലെന്നു തടുത്തു പറയുകയും ചെയ്തു കൊണ്ടിരിക്കുന്നു (...)
- ഈഴവരുടെ മതസംബന്ധമായ അസംതൃപ്തി, വിവേകോദയം, 1092 മേടം ഇടവം
തിരുവനന്തപുരം ആനന്ദ പ്രസ്സില്‍ അച്ചടിച്ച, എന്‍ സുബ്രഹ്മണ്യയ്യരാല്‍ എഴുതപ്പെട്ട 1911-ലെ തിരുവിതാംകൂര്‍ സെന്‍സസ് റിപ്പോര്‍ട്ടിന്റെ ഒരു പ്രതി എസ്.എന്‍.ഡി.പി.യുടെ അഭിപ്രായത്തിനായി അയച്ചുകൊടുത്തിരുന്നു.1875 മുതല്‍ 1911 വരെയുള്ള കാനേഷുമാരിക്കണക്കുകള്‍ വെച്ച് ഹിന്ദുക്കളുടെ ജനസംഖ്യാക്കുറവും ക്രിസ്ത്യന്‍, മുഹമ്മദീയ മതങ്ങളുടെ വളര്‍ച്ചയും വിലയിരുത്തുന്നു. പതിനായിരം ജനങ്ങളില്‍ നിന്നുള്ള കണക്ക് ഇങ്ങനെയാണ്: "ആകപ്പാടെ പതിനായിരത്തില്‍ 1875 മുതല്‍ 661 ഹിന്ദുക്കള്‍ കുറഞ്ഞും 607 ക്രിസ്ത്യാനികളും 55 മുഹമ്മദീയരും കൂടുതലായി വന്നിട്ടുണ്ടന്ന് കാണാവുന്നതാണ് ' (വിവേകോദയം 1088 തുലാം ) ഈ റിപ്പോര്‍ട്ടിനെ അധികരിച്ചുള്ള ലേഖനത്തിലെ അവസാന ഖണ്ഡികയില്‍ ആശാന്‍ ഇങ്ങനെ എഴുതുന്നു: നമ്മുടെ ഇപ്പോഴത്തെ ദിവാന്‍ജി അവര്‍കളുടെ ആഗമനശേഷം നടപ്പാക്കിയ പരിഷ്‌ക്കാരങ്ങളുടെ ഫലമായി സാധു ഹിന്ദുക്കളുടെ കഷ്ടാവസ്ഥയില്‍ തെല്ലുപോലും ഭയം ഹിന്ദു പ്രമാണികള്‍ കാണിക്കാതിരുന്നിട്ടും മിഷനറിമാര്‍ പൂര്‍വ്വാധികം ഉത്സാഹമായി യത്‌നിച്ചിട്ടും, അതിനു മുമ്പിലത്തെ ദശവര്‍ഷത്തിലെ വര്‍ദ്ധനയെ കൂടുതലാക്കുന്നതിനോ ഗണ്യമായ കുറവു വരാതെയെങ്കിലും നിലനിര്‍ത്തുന്നതിനോ സാധിക്കാതെയായി. ഇതില്‍ നിന്ന് 1045-ാമാണ്ടത്തെ വിളംബരം അക്ഷരംപ്രതി നടപ്പില്‍ വരുത്തുകയും എല്ലാ സര്‍ക്കാര്‍ ഉദ്യേഗങ്ങളിലും എല്ലാ ജാതിക്കാര്‍ക്കും പ്രവേശനം അനുവദിക്കുകയും പെണ്‍ പള്ളിക്കൂടങ്ങളിലും ആണ്‍ പള്ളിക്കൂടങ്ങളിലെന്നപോലെ എല്ലാവര്‍ക്കും പ്രവേശനം കൊടുക്കുകയും താണ ജാതിക്കാരെ സര്‍ക്കാരില്‍ നിന്ന് വേണ്ട പോലെ പ്രോത്സാഹിപ്പിക്കുകയും ചെയ്‌തെങ്കിലല്ലാതെ ഹിന്ദുമതം നില നിര്‍ത്തിപ്പോരാന്‍ സാധിക്കുന്നതല്ലെന്നു സ്പഷ്ടമാകുന്നല്ലോ ( ... )
കുമാരനാശാന്റെ വ്യസനം വെറുതെയായില്ല, ഹിന്ദുമത പ്രചാരവേലക്കാരുടെ ശ്രമഫലമായി സമുദായത്തില്‍ നിന്നും വിട്ടുപോയവരില്‍ ചിലര്‍ തിരികെ എത്തുകയും ഗുരുവിന്റെ ആശിര്‍വാദത്തോടെ അവര്‍ ഹിന്ദുമതത്തില്‍ തുടരുകയും ചെയ്തു. 1936-ല്‍ തിരുവിതാംകൂറില്‍ ഭരണകൂടം തന്നെ സാമ്പത്തിക സഹായം നല്‍കി ഹിന്ദുമഹാസഭയെ വളര്‍ത്തുകയും അവരുടെ പരിശ്രമത്താല്‍ എണ്‍പതിനായിരത്തോളം മതം മാറിയ കീഴ്ജാതിക്കാരെ തിരികെ എത്തിച്ചതില്‍ തിരുവിതാംകൂര്‍ ഭരണം അഭിമാനം കൊള്ളുകയും ചെയ്തു. അന്ന് അതിന് ഘര്‍വാപസി എന്ന പേരില്ലായിരുന്നു എന്നു മാത്രം.
കുമാരനാശാന്‍ നാരായണഗുരുവിനെ വിശേഷിപ്പിക്കുന്നത്, പ്രതിഷ്ഠിതപ്രജ്ഞനായ ഹിന്ദു യോഗിവര്യന്‍ എന്നാണ്. ജാതി മേല്‍ക്കോയ്മകള്‍ ഇല്ലാതാവുന്നതോടെ ഭാരതത്തിന്റെ യശസ്സിന് മാറ്റ് കൂട്ടാന്‍ കഴിയുന്ന മതമായിട്ടാണ് ഹിന്ദു മതത്തെ അദ്ദേഹം കാണുന്നതും. ആശാന്റെ ഈ ലേഖനങ്ങള്‍ വായിക്കുന്നവര്‍ അവരുടേതായ അഭിപ്രായങ്ങളിലൂടെ ഒരു വിലയിരുത്തലിന് തയ്യാറാവുകയാണ് നല്ലതെന്ന് തോന്നുകയാല്‍ ഈ ലേഖകന്‍ തന്റെ വിശദീകരണങ്ങളിലേക്ക് കടക്കുന്നില്ല.
Mohammed Salim
10 Sep 2021, 04:39 PM
ഗുരു , ബാബ സാഹേബ് നാം ഹിന്ദുകളല്ലന്നാണ് വാദിച്ചത് ആശാൻ ഹിന്ദുക്കൾ മതം മാറുന്നതിൻ്റെ കാരണവും , ഹിന്ദുക്കൾ ഇല്ലാത്ത യാൽ ഈ രാജ്യം തന്നെ ഇടിഞ്ഞു വിഴുമെന്ന ഭയപ്പാട് ഒരു സങ്കി മനൊജ്ഞനനായി കാണുന്നു. നാം ദ്രാവിഡരാണ് നമുക്ക് മതമില്ല , ജാതിയില്ല, നമ്മുടെ വേരുകളെ പറ്റി അജ്ഞരുമാണ് , ഇന്നത്തെ ഹൈന്ദവതയുമായി ദ്രാവിഡ ആശയങ്ങൾക്ക് പുല ബദ്ധം പൊലുമില്ല ശിവൻ ആരെന്നോ , വിഷ്ണു , അയ്യപ്പൻ ആരെന്നൊ അറിയാത്ത ഫേക്കുകളുടെ ആഭാസ കഥയിൽ വിശ്വസിക്കുന്നവർ. നമ്മുടെ പൂർവ്വികരെയെല്ലാം ആരാധ്യരാക്കി അവരുടെ പൂർവ്വികം , കുടുംബം എല്ലാം ഇല്ലതാക്കി . ദൈവങ്ങളായാൽ പിന്നെ മനുഷ്യ വേരറ്റല്ലൊ ഹാ ! കഷ്ടം ദ്രാവിഡ സമൂഹമെ !
വിപിൻ
10 Sep 2021, 04:10 PM
ആശാന്റെ കാവ്യങ്ങളിൽ കാണാവുന്ന മാനവികതയുടെ ഒരു മുഖം ഈ ലേഘനങ്ങളിൽ ഇല്ല...മാത്രമല്ല ദുരവസ്ഥയിലെ ക്രൂരമുഹമ്മദീയർ എന്ന ഭാഗത്തിന് ഇന്ന് വ്യാപക പ്രചരണം നൽകുന്നവരുടെ രാഷ്ട്ലീയ ആശയങ്ങളുമായി ചേർന്ന് നിൽക്കുന്നുമുണ്ട് ഈ ലേഖനങ്ങൾ.
എൻ.സി.ഹരിദാസൻ
10 Sep 2021, 02:04 PM
ഈ ഉദ്ധരണികളിൽ കാണുന്ന അഭിപ്രായം 'മതപരിവർത്തന രസവാദം' എന്ന ലഘു പുസ്തകത്തിൽ ആശാൻ വിശദീകരിച്ചത് കാണാം.ഈഴവർ ബുദ്ധമതം സ്വീകരിക്കണമെന്ന ചില സമുദായ നേതാക്കളുടെ അഭിപ്രായത്തോട് വിയോജിക്കുന്ന ഒരു ദീർഘ ലേഖനം പിന്നീട് പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചതാണ്.കരുണയും ചണ്ഡാലഭിക്ഷുകിയും ബുദ്ധചരിതവും എഴുതിയ ആശാൻ ഓരോ മനുഷ്യനും സമുദായവും അനുഷ്ഠിച്ചു വന്ന ജീവിതരീതി മാറ്റിയെടുക്കുന്നത് ശരിയല്ല എന്ന ആശയമാണ് പ്രകടിപ്പിക്കുന്നത്. ഇവയെക്കാളെല്ലാം ദുരവസ്ഥയിലെ മുസ്ലിം വിരുദ്ധ പരാമർശങ്ങളോട് ചേർത്ത് വയ്ക്കാവുന്ന ആശാന്റെ ഗദ്യ രചനയാണ് 'ദൈവികമായ ഒരു പ്രതികാരം'. ഛത്രപതി ശിവജിയുടെ ജീവിതത്തിൽ സംഭവിച്ചതായി പറയപ്പെടുന്ന ഒന്നാണ് ഈ ലഘു ഗദ്യ കൃതിയിലെ ഇതിവൃത്തം.തന്റെ എതിരാളികളികളിൽപ്പെടുന്ന ഒരു മുസ്ലിം രാജാവുമായി സമാധാനസന്ധി നടത്താൻ താൽപര്യമുണ്ട് എന്ന സന്ദേശത്തോടെ ഒരു ബ്രാഹ്മണ മന്ത്രിയെ അയച്ച് അദ്ദേഹത്തെ കൊട്ടാരത്തിൽ വരുത്തി വാളിന് ഇരയാക്കിയ ശിവജിയുടെ പ്രവൃത്തി ദൈവികമായ പ്രതികാരമാണെന്നാണ് ഈ രചന മുന്നോട്ട് വെച്ച ആശയം.
അഭിനന്ദ്
29 Jun 2020, 09:06 PM
വേണ്ടത്ര വെളിച്ചം ലഭിക്കുന്ന ലേഖനം. നന്ദി.
തോമസ് എബ്രഹാം
28 Jun 2020, 04:27 PM
മലബാർ കലാപം ഒരു ആശയ പരമായ സമരം അല്ല. നമ്മുടെ നാട് ഒരു സമാധാനത്തിന്റെ തുരത്താണ്.. കുമാരൻ ആശാന്റെ ആകുലത ഇ സമൂഹത്തിൽ ഇപ്പോഴും ശക്തമായി നിൽക്കിന്നു. അവർ കാത്തു നിൽക്കുകായാണ്... 001 നിൽ പെടുന്ന നിരീശ്വനായത് കൊണ്ട് എന്നെ ബാധിക്കുന്ന കാര്യം അല്ല.
എൻ.സി.ഹരിദാസൻ
27 Jun 2020, 08:11 PM
"ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്!" " മതമേതായാലും മനുഷ്യൻ നന്നായാൽ മതി!" എന്നിങ്ങനെയുള്ള തത്വങ്ങൾ പറഞ്ഞിരുന്ന നാരായണഗുരുവിന്റെ പേരിൽ ഒരു പ്രസ്ഥാനം ആരംഭിച്ചപ്പോൾ തന്നെ അതിന്റെ ഭരണഘടന എഴുതിയുണ്ടാക്കിയപ്പോൾ കൃത്യമായി ഈഴവരുടെയും തീയ്യന്മാരുടെയും ഉന്നമനത്തിനായി പ്രവർത്തിക്കുന്ന സംഘം എന്ന് അർഥശങ്കയ്ക്കിടമില്ലാത്തവിധം എഴുതി രജിസ്റ്റർ ചെയ്ത് അതിന്റെ സെക്രട്ടറിയായി പ്രവർത്തിച്ച കുമാരനാശാൻ, ബുദ്ധനെ പ്രകീർത്തിച്ച് കവിത എഴുതിക്കൊണ്ടിരുന്ന കാലത്ത് തന്നെയാണ് അയിത്താചരണത്തിന്റെ അപ.മാനത്തിൽ നിന്ന് രക്ഷനേടാൻ ബുദ്ധമതത്തിലേക്കോ മറ്റോ ഈഴവർ മാറേണ്ടതുണ്ട് എന്ന് പറഞ്ഞു കൊണ്ട് ചില ഈഴവ ബുദ്ധിജീവികൾ മുന്നോട്ട് വെച്ച അഭിപ്രായത്തോട് വിയോജിക്കുന്ന ആശാന്റെ ലേഖനം പ്രസിദ്ധീകരിച്ചത്.' മതപരിവർത്തനരസവാദം' എന്ന പേരിൽ ലഘുലേഖയായി പുനഃപ്രസാധനം ചെയ്ത ആ രചനയിൽ ഉണ്ണി.ആർ.ഉദ്ധരിച്ച വിവേകോദയത്തിലെ ആശാന്റെ 'ഹിന്ദുമത ' മഹത്വം പ്രസംഗത്തിന്റെ വികസിത രൂപമാണുള്ളത്. സഹോദരൻ അയ്യപ്പൻ ഹിന്ദുമതത്തിന്റെ ഭാഗമാണ് തങ്ങളെന്ന് വിശ്വസിച്ചു വശായ ഈഴവരും മറ്റുള്ള അവർണരും ചങ്ങല തന്റെ ശരീരത്തിന്റെ ഭാഗമാണെന്ന് കരുതുന്ന പട്ടിയെപ്പോലെയാണെന്ന വിമർശനം ഉന്നയിച്ച കാലത്ത് തന്നെയാണിതും എന്നതും ശ്രദ്ധേയമാണ്.
സജി മർക്കോസ്
27 Jun 2020, 07:48 PM
അപ്പോ, ആശാൻ അത്ര മോശമല്ലാത്ത ആശാൻ ആണെന്ന് വേണമല്ലോ കരുതാൻ...
Rasheed Arakkal
27 Jun 2020, 07:16 PM
very informative, Thanks Unni
വി വിജയകുമാർ
27 Jun 2020, 06:39 PM
ജന്മി-കുടിയാന്‍ എന്ന യഥാര്‍ത്ഥ വിഭജനത്തെ മറയ്ക്കുന്ന രീതിയില്‍ മതവിഭജനങ്ങളെ (ഹിന്ദു-മുസ്ലീം) സ്വീകരിക്കുന്ന ആശാന്‍ മതമുക്തമായ ധാര്‍മ്മികതയുടെ മൂല്യബോധത്തില്‍ നിന്നും അകന്നു നില്ക്കുകയാണ് ചെയ്തത്.
നിതീഷ് നാരായണന്‍
Dec 30, 2022
10 Minutes Read
സയ്യിദ് അഷ്‌റഫ്
Sep 08, 2022
6 Minutes Read
ഡോ. ഉമര്‍ തറമേല്‍
Sep 02, 2022
6 Minutes Read
സോമലാൽ ടി.എം.
Apr 12, 2022
6 Minutes Read
ഡോ. പി.പി. അബ്ദുള്‍ റസാഖ്
Apr 04, 2022
26 Minutes Watch
രവി കെ.പി
23 Sep 2021, 10:10 AM
മത സംബന്ധമായി ഗുരുവിനുള്ള ബോധ്യമായിരുന്നില്ല ആശാനുണ്ടായിരുന്നത്. ഈഴവരുടെ മതം മാറ്റത്തെക്കുറിച്ചുള്ള ശക്തമായ സംവാദങ്ങൾ രൂപപ്പെടുന്ന ഒരു ഘട്ടത്തിലാണ് കുമാരനാശാൻ ഹിന്ദു മത പരിഷക്കരണത്തിലൂന്നിയുള്ള ചില അഭിപ്രായങ്ങൾ മുന്നോട്ടു വെയ്ക്കുന്നത്. അതിനെ തുടർന്ന് വലിയ ചർച്ച തന്നെ അരങ്ങേറുന്നുണ്ട്. ബുദ്ധമത സ്വീകരണവുമായി ബന്ധപ്പെട്ട് സഹോദരനയ്യപ്പനെ പോലുള്ളവർ മുന്നോട്ടു പോവുമ്പോഴാണ് അടുത്ത ഘട്ടത്തിൽ മതപരിവർത്തനരസവാദം എന്ന ദീർഘമായ ഒരു ലേഖനം ആശാന് എഴുതേണ്ടിവരുന്നത്. ഇന്ത്യയിലെ അശ്പൃശ്വർ എന്തുകൊണ്ട് മറ്റൊരു മതം സ്വീകരിക്കണമെന്ന അംബേദ്ക്കറുടെ താത്വികമായ പ്രബന്ധം വരുന്നതും ഇതേ കാലത്തു തന്നെ. എന്തായാലും മതം കൊണ്ട് ഗുണം പിടിയ്ക്കാത്തവർ ദലിതരാണ്