മലയാളത്തിന്​ അക്ഷരമാലയല്ല, അക്ഷരമാലകളാണ്​ ഉണ്ടായിരുന്നത്​ എന്നോർക്കണം

അക്ഷരമാല തിരിച്ചുകൊണ്ടുവരുന്നെങ്കിൽ അത് സമഗ്രമായി ലിപി രൂപപ്പെട്ടതിന്റെ ചരിത്രം മനസ്സിലാവുന്ന രീതിയിലായിരിക്കണം. ഒരു വ്യവസ്ഥ എന്ന മട്ടിൽ അതു പരിചയപ്പെടുന്നതിനായിരിക്കണം. വട്ടെഴുത്ത്, ആര്യ എഴുത്ത്, ആധുനിക മലയാള അക്ഷരമാല എന്നിവയോടൊപ്പം അറബി മലയാളം അക്ഷരമാലയും കുർസോനി അക്ഷരമാലയും ഹീബ്രുമലയാളം അക്ഷരമാലയും കൂടി കുട്ടികൾ പരിചയപ്പെടേണ്ടതാണ്.

കേരളത്തിലെ മലയാളപാഠപുസ്തകങ്ങളിൽ അക്ഷരമാലയില്ല എന്നത് വലിയ ചർച്ചയായി ഉയർന്നുവന്നിരിക്കുകയാണല്ലോ. പാഠപുസ്തകങ്ങളിൽ അക്ഷരമാല ഉൾപ്പെടുത്തും എന്ന് വിദ്യാഭ്യാസമന്ത്രി പ്രഖ്യാപിക്കുകയും ചെയ്തു. സയൻസും ടെക്‌നോളജിയും പോലെ ഒരു ബന്ധമാണോ ഭാഷാശാസ്ത്രവും പെഡഗോജിയും(ബോധനശാസ്ത്രം) തമ്മിലുള്ളത് എന്നറിയില്ല.

അക്ഷരമാലയിൽ ഭാഷാപഠനം ആരംഭിക്കുന്ന രീതി നൂറ്റാണ്ടുകൾ പഴക്കമുള്ളതാണ്. എന്നാൽ 1870-കൾ തൊട്ട് ആ രീതിയ്ക്കു മാറ്റം വരാൻ തുടങ്ങി. മലബാറിൽ വിദ്യാഭ്യാസ ഇൻസ്‌പെക്ടറായിരുന്ന ഗാർത്തുവേറ്റ് ആണ് ലളിതമായ വാക്കുകളിലൂടെ അക്ഷരം പഠിക്കുക എന്ന പരിഷ്‌കാരം ആദ്യമായി കൊണ്ടുവരുന്നത്. ഒന്നാം തരം പകുതിയാകുമ്പോഴേക്ക് കുട്ടികൾ വായിക്കാൻ പഠിക്കും എന്നതായിരുന്നു ഈ പരിഷ്‌കാരത്തിന്റെ മെച്ചം. തുടർന്നുള്ള നൂറ്റാണ്ടിൽ കേരളം മുഴുവൻ ഈ രിതിയിലേക്കു മാറി. (ഷിജു അലക്‌സ്, സിബു സി.ജെ., സുനിൽ വി.എസ്.എന്നിവർ 2020 നവംബർ 9-ന് മാധ്യമത്തിൽ എഴുതിയ ലേഖനം നോക്കുക) അക്കാലംതൊട്ടുതന്നെ പഴയ എഴുത്തച്ഛൻ പള്ളിക്കൂടത്തിൽ പ്രചാരമുണ്ടായിരുന്ന അക്ഷരമാല തൊട്ടുള്ള പഠനരീതി മതി എന്നു വാദിക്കുന്നവർ ഉണ്ടായിരുന്നു.

ഇടക്കാലത്ത് കേരളത്തിലെ പാഠപുസ്തകങ്ങളിൽനിന്ന് അക്ഷരമാല അപ്രത്യക്ഷമായി. പാഠപുസ്തകങ്ങളുടെ അനുബന്ധമായിപ്പോലും അക്ഷരമാല കൊടുക്കേണ്ടതില്ല എന്നതിന് ന്യായമായി പറഞ്ഞു കേൾക്കുന്നത് പേരിനെങ്കിലും അത് പാഠപുസ്തകത്തിലുണ്ടെങ്കിൽ വലിയൊരു വിഭാഗം അധ്യാപകർ ഒന്നര നൂറ്റാണ്ടു മുമ്പ് ഉപേക്ഷിച്ച പഴയ സമ്പ്രദായത്തിലേക്കു തിരിച്ചുപോകും എന്നതാണ്. വ്യക്തമായ നിർദ്ദേശങ്ങളോടെ ചെറിയ ക്ലാസുമുതൽ പാഠപുസ്തകങ്ങൾക്ക് അനുബന്ധമായി അക്ഷരമാല പാഠപുസ്തകങ്ങളിൽ ഉൾപ്പെടുത്താം എന്നാണ് എന്റെ അഭിപ്രായം.

കേരളത്തിലെ ചേര / പെരുമാൾ രാജാവ് ജൂത വ്യാപാരി ജോസഫ് റബ്ബാന് വട്ടെഴുത്ത് ലിപിയിൽ അയച്ച സന്ദേശം. (എ.ഡി. 11-ാം നൂറ്റാണ്ടിലാണിത് എഴുതപ്പെട്ടതെന്ന് കരുതുന്നു). / Photo: Sarah Welch, Wikimedia Commons

അക്ഷരമാലാവിന്യാസത്തിന്റെ യുക്തിയും ചരിത്രവുംകൂടി സ്‌കൂൾ തലത്തിൽ കുട്ടികളെ ധരിപ്പിക്കുന്നതിൽ തെറ്റുണ്ടെന്നു തോന്നുന്നില്ല. ഇതിന്റെയൊക്കെ ബോധനശാസ്ത്രപരമായ വശങ്ങൾ അതുമായി ബന്ധപ്പെട്ടവരാണ് പറയേണ്ടത്.
മലയാളത്തിന്റെ അക്ഷരമാല എന്നത് ചരിത്രാതീത കാലം മുതൽ മാറ്റമോ കൂട്ടിച്ചേർക്കലുകളോ ഇല്ലാതെ നിലനിൽക്കുന്ന ഒന്നല്ല. ദ്രാവിഡഭാഷയായ മലയാളത്തിന്റെ ആദ്യത്തെ അക്ഷരമാല വട്ടെഴുത്തായിരുന്നു. അക്ഷരമാലയും അതു രേഖപ്പെടുത്തുന്ന ലിപിയും വട്ടെഴുത്തു തന്നെ. സ്വരങ്ങളും വ്യഞ്ജനങ്ങളുമായി 28 അക്ഷരങ്ങളേ അതിൽ ഉണ്ടായിരുന്നുള്ളൂ. സംസ്‌കൃതമെഴുതാൻ ഉപയോഗിച്ചിരുന്ന ലിപിയാണ് ആര്യ എഴുത്ത്. ഇതിലെ അക്ഷരസംഖ്യ 51 ആയിരുന്നു. അമ്പത്തൊന്നക്ഷരാളീ... എന്നു തുടങ്ങുന്ന വന്ദനശ്ലോകത്തിൽ പരാമർശിക്കുന്നത് ഈ ആര്യ എഴുത്തക്ഷരമാലയാണ്. അച്ചടിയോടെ വട്ടെഴുത്ത് ഉപേക്ഷിക്കപ്പെടുകയും മലയാളത്തിനാകെ ആര്യ എഴുത്ത് വർണ്ണങ്ങളും ലിപികളുമായി സ്വീകരിക്കപ്പെടുകയും ചെയ്തു. ആര്യ എഴുത്തിൽ ഇല്ലാത്ത ദ്രാവിഡവർണ്ണങ്ങൾകൂടി ചേർത്താണ് ആധുനികമലയാള അക്ഷരമാല ഉണ്ടായത്.

ഈ അക്ഷരമാലയും മാറ്റങ്ങളില്ലാതെ തുടർന്നു വന്നതല്ല. പല കാലങ്ങളിൽ പല അക്ഷരങ്ങളും ഉപേക്ഷിക്കപ്പെട്ടു. ചിലത് കൂട്ടിച്ചേർക്കപ്പെട്ടു. ൠ, ൡ, ഌ എന്നിവ സ്വരാക്ഷരങ്ങളുടെ പട്ടികയിൽനിന്ന് ഒഴിവാക്കി. അതിനും മുമ്പ് ഏ, ഓ എന്നിവ കൂട്ടിച്ചേർക്കപ്പെട്ടു. ഇയുടെ ലിപി മാറ്റി. ഏതാണ്ട് oരo എന്ന മട്ടിലായിരുന്നു പഴയ . ചന്ദ്രക്കല വന്നു. വലിയ പരിഷ്‌കാരം വന്നത് ഉപലിപികളുടെ കാര്യത്തിലാണ്. ഉകാരം വ്യഞ്ജനാക്ഷരങ്ങളോടു ചേർക്കുന്ന പരിപാടി പാടേ നിർത്തി. ി, ഒക്കെ പോലെ എന്ന ചിഹ്നം വേറിട്ടുതന്നെയാക്കിയത് വലിയ സൗകര്യമായി. ചന്ദ്രക്കലയിട്ട് പിരിച്ചെഴുതാമെന്നു വന്നതോടെ നിരവധി കൂട്ടക്ഷരങ്ങൾ ലിപിപ്പട്ടികയിൽനിന്ന് ഒഴിവാക്കാനായി. യ, ഴ, ച, ക തുടങ്ങിയ വ്യഞ്ജനങ്ങൾക്കെല്ലാം ചില്ലുണ്ടായിരുന്നത് പോയി. അക്ഷരങ്ങൾക്കുമേൽ കുത്തനെ വരച്ചുണ്ടാക്കുന്ന ചില്ലുരേഫം പോയി (ഇവയിൽ പലതും അത്യാവശ്യമെങ്കിൽ യൂണിക്കോഡിൽ ലഭ്യമാണ്. അതു സപ്പോർട്ടു ചെയ്യുന്ന ഫോണ്ടുകളും ലഭ്യം).

അക്ഷരമാലയിലെ അക്ഷരങ്ങളുടെ എണ്ണം സംബന്ധിച്ചും വിദഗ്ധർക്കിടയിൽ ഏകാഭിപ്രായമില്ല. 48-മുതൽ 53-വരെ ആ പട്ടിക നീളും. മന്ത്രി, സഭയിൽ പറഞ്ഞ പ്രകാരം പാഠപുസ്തകങ്ങളിൽ അക്ഷരമാല ഉൾപ്പെടുത്തിയാൽ ഏതക്ഷരമാലയാകും വരിക എന്ന കൗതുകവും ഉണ്ട്.
മലയാളം അക്ഷരമാലയിൽനിന്ന് പിറകോട്ടു പോയി നമ്മുടെ ലിപിവ്യവസ്ഥ രൂപപ്പെട്ടു വന്നതിന്റെ ചരിത്രം കൂടി കുട്ടികൾ അറിയേണ്ടതുണ്ട്. യാന്ത്രികമായി ഏതെങ്കിലും അക്ഷരമാല പരിചയപ്പെടുത്തുക എന്നതിൽനിന്നു വ്യത്യസ്തമായി സമഗ്രമായി അതേക്കുറിച്ചു ധാരണയുണ്ടാക്കുകയാണു വേണ്ടത്. കേവലം അക്ഷരം പഠിക്കാനായി അക്ഷരമാല വേണ്ടതില്ലെന്ന് ബോധനശാസ്ത്രം തെളിയിച്ചിരിക്കേ ഇനി അക്ഷരമാല തിരിച്ചുകൊണ്ടുവരുന്നെങ്കിൽ അത് ഇത്തരത്തിൽ സമഗ്രമായി ലിപി രൂപപ്പെട്ടതിന്റെ ചരിത്രം മനസ്സിലാവുന്ന രീതിയിലായിരിക്കണം. ഒരു വ്യവസ്ഥ എന്ന മട്ടിൽ അതു പരിചയപ്പെടുന്നതിനായിരിക്കണം. മലയാളത്തിന് അക്ഷരമാലയല്ല അക്ഷരമാലകളാണ് ഉണ്ടായിരുന്നത് എന്ന് അപ്പോൾ ബോധ്യപ്പെടും.

വട്ടെഴുത്ത്, ആര്യ എഴുത്ത്, ആധുനിക മലയാള അക്ഷരമാല എന്നിവയോടൊപ്പം അറബി മലയാളം അക്ഷരമാലയും കുർസോനി അക്ഷരമാലയും ഹീബ്രുമലയാളം അക്ഷരമാലയും കൂടി കുട്ടികൾ പരിചയപ്പെടേണ്ടതാണ്. സ്‌കൂൾ കാലത്ത് ഇതൊക്കെ പരിചയപ്പെടുത്തുകയേ വേണ്ടൂ, പഠിപ്പിക്കേണ്ടതില്ല. വൈവിധ്യമാർന്ന അക്ഷരമാലകളെക്കുറിച്ച് മനസ്സിലാക്കുന്നതിനൊപ്പം നമ്മൾ ഉപേക്ഷിച്ച കൂട്ടക്ഷരങ്ങളും പരിമിതമായ ലിപിയുപയോഗിച്ച് എഴുതിയ എഴുത്തുകളും കുട്ടികൾ പരിചയപ്പെടട്ടെ. ഇന്ദുലേഖ ആദ്യ പതിപ്പിൽ എകാര ഒകാര ദീർഘങ്ങളും ചന്ദ്രക്കലയും ഇല്ല എന്നാണ് ഓർമ്മ.

അറബി-മലയാളം അക്ഷരമാല

അക്ഷരമാല, അതിൽനിന്ന് പിന്നോട്ടെന്ന പോലെ മുന്നോട്ടും സഞ്ചരിക്കേണ്ട ഒരു സങ്കല്പനമാണ്. എന്നു മാത്രം എഴുതിയാൽ അതിന്റെ ഉച്ചാരണം കണ്ടെത്തുക സാധ്യമല്ല. -യുടെ ലിപിയുപയോഗിച്ചാണ് വേറൊരു വർഗ്ഗത്തിലെ റ്റ എഴുതുന്നത്. -യുടെയും -യുടെയും ഉപലിപി ഒന്നാണ്. (പ്ലാവ്, ചില്ല) -യുടെയും -യുടെയും ഉപലിപിയും ഒന്നാണ്(ച്ച-വ്വ) ഇവയുടെ ഉപലികളും ഒന്നുതന്നെ. -കാര, -കാരങ്ങൾക്കും അനുസ്വാര മകാരങ്ങൾക്കും വിസർഗ്ഗ ഹകാരങ്ങൾക്കും ഉച്ചാരണത്തിൽ സാമ്യമുണ്ട്. മലയാളത്തിൽ വ്യാകരണധർമ്മമുള്ള സംവൃതോകാരം എന്ന സ്വരം അക്ഷരമാലയിൽ കാണില്ല. ചന്ദ്രക്കലയും സംവൃതോകാരവും തമ്മിലുള്ള വ്യത്യാസം സന്ദർഭത്തിൽനിന്ന് ഊഹിച്ചെടുക്കുക എന്നല്ലാതെ വേറെ വഴിയില്ല എന്ന അവസ്ഥയുണ്ട്. സ്വരങ്ങൾ അക്ഷരമാലയ്ക്കു പുറത്ത് പദാദിയിലേ വരികയുള്ളൂ. അല്ലാത്തിടത്തൊക്കെ സ്വരങ്ങളുടെ ഉപലിപികളാണ് പ്രത്യക്ഷപ്പെടുക (കാണി എന്നേ എഴുതൂ കാണഇ എന്നെഴുതില്ല. കാണ്ഇ എന്നും പറ്റില്ല).

അകാരത്തെ സംബന്ധിച്ച് അതിന്റെ ഉപലിപി സീറോയാണ്. വ്യഞ്ജനങ്ങൾക്കൊപ്പം മറ്റു സ്വരങ്ങളുടെ ഉപലിപിയില്ലെങ്കിൽ അകാരോച്ചാരണം സ്വയം സിദ്ധമാണ്. സ്വരങ്ങളിൽ അവസാനത്തേതായ അഃ അക്ഷരമാലയിലുണ്ടെങ്കിലും ഒരിടത്തും അത് അങ്ങനെതെന്നെ പ്രയോഗിക്കുന്ന സന്ദർഭങ്ങൾ ഇല്ല. ദുഃഖം, മനഃപ്രയാസം പോലുള്ള വാക്കുകളിലാണ് അർദ്ധ ഹകാരോച്ചാരണമുള്ള ഈ വർണ്ണം പ്രത്യക്ഷപ്പെടുക. ഇത്തരം കാര്യങ്ങളൊക്കെ മലയാള അക്ഷരമാലയിൽനിന്ന് മുന്നോട്ടു ചിന്തിക്കേണ്ട കാര്യങ്ങളാണ്. ക്ഷ എന്ന അക്ഷരത്തിന് പക്ഷി-ആക്ഷൻ എന്നീ വാക്കുകളിൽ രണ്ടു തരം ഉച്ചാരണമാണ്. അതുപോലെ -യ്ക്ക് ഫാൻ-ഫണം എന്നീ വാക്കുകളിലേതുപോലെ രണ്ടുതരം ഉച്ചാരണമുണ്ട്. ഇംഗ്ലീഷിൽനിന്ന് മലയാളത്തിലേക്കു സ്വീകരിച്ച പദങ്ങളെ മലയാളപദങ്ങളായിത്തന്നെ കണ്ടാൽ മതിയാകും.

1971-ലെ പരിഷ്‌കരണത്തിനു ശേഷം ഔദ്യോഗികമായി അക്ഷരമാല പരിഷ്‌കരിച്ചിട്ടില്ലെങ്കിലും പ്രയോഗത്തിൽ ഇപ്പോൾ പല മട്ടിലാണ് കാര്യങ്ങൾ. ഡി.ടി.പി.യും യൂണിക്കോഡ് മലയാളവും വന്നതോടെ സ്വരവ്യഞ്ജനച്ചിഹ്നങ്ങൾ ചേർത്ത രൂപങ്ങളും കൂട്ടക്ഷരങ്ങളും തിരിച്ചു വന്നു. ഇതോടെ ഉപലിപികളുടെ കാര്യത്തിൽ മലയാളത്തിൽ അവ്യവസ്ഥിതത്വമായി. സ്‌കൂളിൽ പഠിക്കുന്നതുപോലെയല്ലാതെയും മലയാളത്തിന് അക്ഷരവിന്യാസമുണ്ട് എന്നൊരു ധാരണയാണ് ഇതുണ്ടാക്കിയത്. എവിടെയും പഠിക്കാതെ ഉകാരത്തിന്റെ ഉപലിപി ചേർന്ന രൂപങ്ങൾ ആളുകൾ സ്വന്തമായി ഉണ്ടാക്കിത്തുടങ്ങി. കു, ചു മാതൃകയിൽ തു ഉണ്ടാക്കിയാൽ ശരിയാവില്ല. ണു പോലെ രു ഉണ്ടാക്കിയാൽ പാളും. പക്ഷേ കുട്ടികൾ ധാരാളമായി അത്തരം രൂപങ്ങൾ ഉപയോഗിക്കുന്നുണ്ട്. മിക്കവാറും പേർ എവിടെയും ഔപചാരികമായി പഠിക്കാതെ തന്നെ പതിയെ പഴയ എഴുത്ത് ശീലിക്കുകയാണ്.

മറ്റേതു ഭാഷയെയും പോലെ മലയാളവും പരിണാമിയാണ്. ഓരോരോ ആവശ്യങ്ങൾക്കും സൗകര്യങ്ങൾക്കുമൊക്കെ വേണ്ടിയാണ് ഇത്. റ്റ മലയാളത്തിൽ രണ്ടു വിധത്തിൽ എഴുതാനാകും. തുടർച്ചയായി രണ്ടു -കൾ എഴുതുന്ന രീതിയാണെങ്കിൽ വരികൾക്കിടയിലെ ഇട ലാഭിക്കാം എന്ന് അച്ചടിബിസിനസുകാർ പറയുന്നതു കേട്ടിട്ടുണ്ട്. വാല്മീകി എന്ന മട്ടിൽ -കാരച്ചില്ല് ഉപയോഗിക്കുന്നതു കുറഞ്ഞു വരുന്നു. പകരം ധ്വനിപരിണാമം സംഭവിച്ച -കാരച്ചില്ലാണ്(ൽ) സാർവ്വത്രികമായി ഉപയോഗിക്കുന്നത്. വ്യവസായവത്കരണം എന്നത് വ്യവസായവൽക്കരണം എന്ന് എഴുതുന്നതുപോലെ വാല്മീകിയെ വാൽമീകിയാക്കുന്നു. ഇവിടെ വാത്മീകി ശരിയാവുകയും ഇല്ല. അതിഖരവും ഘോഷവും വരുന്ന പദങ്ങൾ ക്രമേണ പദകോശത്തിൽനിന്ന് ഉപേക്ഷിക്കപ്പെടുകയും പഴയ ദ്രാവിഡസ്വനകോശത്തിനിണങ്ങുന്ന പദകോശം സ്വീകരിക്കപ്പെടുകയും ചെയ്യുന്നു. അതേസമയം മൃദുവർണ്ണങ്ങൾക്കുള്ള ലിപികൾ സ്വീകരിക്കുന്നതിനു മടിയുമില്ല.

യൂണിക്കോഡ് ആവശ്യപ്പെടുന്ന പുതിയ ജാഗ്രതകളെ കുറിച്ചുകൂടി പുതിയകാലത്ത് എഴുത്തുവിദ്യയഭ്യസിക്കുന്നവർ അറിഞ്ഞിരിക്കേണ്ടതുണ്ട്.
കടലാസിൽ എഴുതുകയോ അച്ചടിക്കുകയോ ചെയ്യുന്നതിൽനിന്നു വ്യത്യസ്തമാണ് യൂണിക്കോഡ് ഉപയോഗിച്ചുകൊണ്ടുള്ള അക്ഷരസന്നിവേശം. പൂജ്യം, അനുസ്വാരം, ടവർഗ്ഗത്തിന്റെ അതിഖരം, മലയാളം പൂജ്യം, ഇംഗ്ലീഷിലെ ക്യാപ്പിറ്റലും അല്ലാത്തതുമായ -കൾ എന്നിവ രൂപത്തിൽ ഒരേ പോലെയാണ്. ക്യാപ്പിറ്റൽ I (ഐ), സ്മാൾ ലെറ്റർ l (എൽ), മലയാളത്തിലെ , ഇംഗ്ലീഷിലെ s (എസ്) ഇവയൊക്കെ രൂപത്തിൽ സാമ്യമുള്ളതാണെങ്കിലും യൂണിക്കോഡിൽ അതാതിന്റെ ലിപിമൂല്യമനുസരിച്ച് വെവ്വേറെ സ്ഥാനപ്പെടുത്തിയവയാണ്. ഒരു രൂപത്തിന്റെ തന്നെ ഒന്നിലധികം പ്രത്യക്ഷീകരണങ്ങളെക്കുറിച്ച് പുതിയ കാലത്ത് വിദ്യാർത്ഥികൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. ഇന്റർനെറ്റും യൂണിക്കോഡുമൊക്കെ വന്നതോടുകൂടി അക്ഷരവിദ്യയുടെ അഭ്യാസവും പ്രയോഗവും കൂടുതൽ സങ്കീർണ്ണമാവുകയാണ് ചെയ്തത്. എഴുതിയും പറഞ്ഞും ടൈപ്പുചെയ്തുമെല്ലാം അക്ഷരസന്നിവേശം നിർവ്വഹിക്കാമെന്നതിനാൽ ഓരോ രീതിയിലും വരാവുന്ന പ്രശ്‌നങ്ങളെ കുറിച്ചുകൂടി ധാരണ വേണ്ടതുണ്ട്.

താൽക്കാലിക ഉപയോഗത്തിന് സൂക്ഷ്മമായ ജ്ഞാനം ആവശ്യമില്ലെങ്കിലും ഭാവി പഠനഗവേഷണങ്ങൾക്ക് ഓരോ അക്ഷരവും രൂപപ്പെട്ട വഴിയും ഉച്ചാരണവും കൃത്യമായി അറിഞ്ഞിരിക്കണം. അതുകൊണ്ട് ഹൈസ്‌കൂൾ വിദ്യാഭ്യാസം കഴിഞ്ഞിറങ്ങുന്ന കുട്ടികൾക്ക് പടിപടിയായി ഇതിന്റെ ചരിത്രവും തത്ത്വങ്ങളും പരിചയപ്പെടുത്തുക എന്നത് അത്യാവശ്യമായ ഒന്നാണ്.

വാൽ: സന്ധിയിലെ പ്രശ്‌നങ്ങൾ ചപ്പാത്തി കമ്പനി എന്ന മട്ടിൽ വഴിതോറും കാണുന്നത് അടുത്തകാലംവരെ അസ്വസ്ഥതയുണ്ടാക്കിയിരുന്നു. മലയാളികൾ ദ്വിത്വസന്ധിയിൽ ചെറിയ വിട്ടുവീഴ്ച വരുത്തിത്തുടങ്ങി എന്ന് വിചാരിക്കാനാണ് ഇപ്പോൾ ഇഷ്ടം.


വി. അബ്ദുൽ ലത്തീഫ്

കവി. ശ്രീശങ്കരാചാര്യ സംസ്കൃതസർവ്വകലാശാല കൊയിലാണ്ടി പ്രാദേശിക കേന്ദ്രത്തിൽ മലയാളവിഭാഗം അസിസ്റ്റന്റ് പ്രൊഫസർ, പേരക്കയുടെ മണം, മലയാളി ആടുജീവിതം വായിക്കുന്നതെന്തുകൊണ്ട്, കാസറഗോട്ടെ മറാഠികൾ: ഭാഷയും സമൂഹവും, നീർമാതളത്തോട്ടത്തിന്റെ അല്ലികളിൽനിന്ന് അല്ലികൾ പൊട്ടിച്ചെടുക്കുന്ന വിധം എന്നിവ പ്രധാന പുസ്തകങ്ങൾ ​​​​​​​

Comments