തൃക്കരിപ്പൂരിലെ ‘ലോകകപ്പി’ൽ​ ഗോളി നാരാണേട്ടന്റെ കൈകൾ ഇടപെട്ട വിധം

കളിക്കളത്തിലെ നിലയ്ക്കാത്ത കയ്യടികൾ പോലെ, ഗോൾമുഖത്തെ ആഴക്കടൽ ഗഹനത പോലെ ഗോളി എന്ന അനുഭവത്തെ പേരിനൊപ്പം കൊണ്ടുനടക്കുന്ന രണ്ട് മനുഷ്യർ. ഗോളി തമ്പാനേട്ടനും ഗോളിനാരാണേട്ടനും. ജീവിതത്തിൽ കണ്ട ഏറ്റവും വലിയ ഗോളിയാണ് നാരാണേട്ടൻ. പീറ്റർ ഷിൽട്ടനെയും ഷുമാക്കറേയും ഗോയ്ക്കോഷ്യയെയും വാൾട്ടർ സെങ്കയെയും ഒലിവർ കാനെയും കാണാൻ പഠിപ്പിച്ചത് ഗോളികളുടെ നാട്ടുദൈവമായ നാരാണേട്ടനാണ്. താഴേക്കിറങ്ങിയ മീശയും ചുരുളൻ തലമുടിയും മെലിഞ്ഞു നീണ്ട കൈകാലുകളും കണ്ണുകളിലെ നിസ്സംഗതയും.

1986 ജൂൺ 22.

തൃക്കരിപ്പൂരിൽ മഴയുടെ ആരവം.
മെക്സിക്കൻ നഗരിയിൽ ലഹരിയുടെ ആരവം.

സിരകളിൽ പൊട്ടിയൊലിച്ച വിഭ്രാന്തിയുമായി മെക്സിക്കൻ തെരുവുകളിൽ ജനങ്ങൾ ആർത്തലച്ചു.

മെക്സിക്കോ നഗരത്തിലെ എസ്റ്റാഡിയ അസ്റ്റെക്കാ സ്റ്റേഡിയത്തിലെ കളിമണ്ണിൽ മുളച്ച പുൽത്തകിടിയിൽ ഒരു കുറിയ മനുഷ്യന് ദൈവമായ് തിരുപ്പിറവി.
ആകാശത്തേക്ക് ചൂണ്ടിയ കൈകളുമായുയിർത്ത കാൽപ്പന്തുകളിയുടെ ദൈവം.
26 വയസ്സുള്ള ഒരു ചെറുപ്പക്കാരൻ സൂര്യൻ അസ്തമിച്ചിട്ടില്ലാത്ത ഇംഗ്ലണ്ട് മഹാരാജ്യത്തിനുമുകളിൽ കത്തിനിന്ന സൂര്യനെ ഊതിക്കെടുത്തി.
ദൈവത്തെ ഡ്രിബിൾ ചെയ്ത് വെള്ളം കുടിപ്പിച്ചു.

‘നിനക്ക് കൈകൾ മാത്രമേയുള്ളു.
നടന്നും ഓടിയും പലായനം ചെയ്തും പൊട്ടിത്തഴമ്പിച്ച കാലുകൾ ഞങ്ങൾ മനുഷ്യർക്കു മാത്രം.
നിങ്ങൾ കൈകൊണ്ട് മനുഷ്യന് മുകളിലെഴുതിയ വിധികൾ ഞങ്ങൾ കാലു കൊണ്ട് മായ്ച്ചുകളയും.
ദൈവത്തിന്റെ കൈകൾക്കുമുകളിൽ
കഠിനാധ്വാനിയായ മനുഷ്യന്റെ കാലുകൾ ജയിക്കുന്ന ദിവസമാണിന്ന്.’
ഡീഗോ അർമാന്റേ മറഡോണ പറഞ്ഞു.

ചോർന്ന കൈകളുമായി ഇംഗ്ലണ്ട് ഗോളി പീറ്റർ ഷിൽട്ടൻ ഗോൾവലയിൽ കുരുങ്ങിയ മീനിനെ പോലെ പിടച്ചു.

അന്നൊരു മഴക്കോളുള്ള വൈകുന്നേരം.

തങ്കയം മുഹമ്മദ് അബ്ദുൾ റഹിമാൻ വായനശാലയിൽ പുസ്തകമെടുക്കാൻ പോയതാണ്. വലിയ ഓടിട്ട കെട്ടിടമാണ് വായനശാല. മുകളിലത്തെ ജനാലയിൽ വലിയൊരു കോളാമ്പി ഘടിപ്പിച്ചിട്ടുണ്ട്, റേഡിയോ ആണ്.

എല്ലാവരും തറയിലിരുന്ന് ലോകകപ്പ് ഫുട്ബോ​ൾ കാണുകയാണ്.
അതിശയത്തോടെ ടി.വിയിൽ നോക്കി. മഴയുടെ കാൽപ്പനികത മുഴുവൻ നനഞ്ഞ് ഒരു കുറിയ മനുഷ്യൻ പച്ചപ്പുല്ലുകൾക്ക് മുകളിൽ പെയ്തുകൊണ്ടിരുന്നു.
വമ്പൻ പോരാളികളുമായി പൊയ്ത്തിനിറങ്ങിയ ഇംഗ്ലണ്ടിന്റെ കപ്പൽ ഒറ്റക്ക് മുക്കിയ പടയാളിയെ മറഡോണ..... മറഡോണ.... എന്ന് എല്ലാവരും ആർത്തുവിളിച്ചു.

കാൽപന്തുകളിയോട് വല്ലാത്ത ലഹരിയായിരുന്നു.
നന്നായി കളിക്കാനൊന്നുമറിയില്ല. ഉള്ളിലിരമ്പുന്ന കളിക്കമ്പത്തോടെ കഥയറിയാതെ സോക്കർ ദൈവത്തിന്റെ കളിയാട്ടം കണ്ടിരുന്നു.

കളിയിരമ്പത്തിന്റെ മറ്റൊരു മഴക്കാലം
1988ലെ യൂറോപ്യൻ കപ്പ് ഫൈനൽ.

ജർമനിയിലെ മ്യൂണിച്ചിൽ വെച്ചാണെന്നു തോന്നുന്നു, ഹോളണ്ടും റഷ്യയുമാണ് ഏറ്റുമുട്ടുന്നത്. യൂറോകപ്പിന്റെ പ്രാധാന്യത്തെ കുറിച്ച് കുട്ടികളായ ഞങ്ങൾക്ക് വലിയ നിശ്ചയമൊന്നുമില്ല. ഞങ്ങളെല്ലാവരും വലിയ ആവേശത്തിലാണ്.

86 ലെ മാറഡോണയെ കണ്ടുവെങ്കിലും, പക്ഷേ അന്ന് ലോകകപ്പിനെ കുറിച്ചൊന്നും അറിയില്ലായിരുന്നു.

കുട്ടികളാണെങ്കിലും വകതിരിവോടെ ആദ്യം കണ്ട കളി 1988ലെ യൂറോ കപ്പാണ്. അതൊരിക്കലും മനസ്സിൽ നിന്ന്​ പോകില്ല. പിരിച്ചുവെച്ച നീളൻ മുടിയുമായി റൂഡ് ഗുള്ളിറ്റിനെ കണ്ടപ്പോൾ സാക്ഷാൽ പരമശിവനെ മുന്നിൽ കാണുന്നതുപോലെയായിരുന്നു. ഫുട്ബോളിനോട് പറഞ്ഞറീക്കാൻ കഴിയാത്ത ഇഷ്ടമായിരുന്നു. ഓറഞ്ച് കുപ്പായത്തിൽ വാൻബാസ്റ്റനും ഫ്രാങ്ക് റെയ്ക്കാർഡും നിറഞ്ഞാടി. ഹോളണ്ട് റഷ്യയെ 2-0ന് തോല്പിച്ചു. വാൻ ബാസ്റ്റന്റെ
മാന്ത്രികക്കാലുകളും റൂഡ്ഗുളളിറ്റിന്റെ പിരിയൻ തലയും എത്രയോ രാത്രികളിലെ ഉറക്കത്തെ പെനാൾട്ടിപ്പെട്ടിക്കുള്ളിൽ ചവുട്ടിവീഴ്ത്തി...

സുഭാഷ് സ്പോർട്സ് ക്ലബ്ബ് എടാട്ടുമ്മൽ

എൺപതുകൾ തൃക്കരിപ്പൂരിലെ കളി മൈതാനങ്ങളുടെ വസന്തകാലമാണ്.
ഫുട്ബോൾ ഒരു ജ്വരം പോലെ പടർന്ന നാട്. വേനൽക്കാലമായാൽ എങ്ങോട്ട് നോക്കിയാലും വലുതും ചെറുതുമായ ഫുട്​ബോൾ മാച്ചുകളാണ്.
ചാമുണ്ഡിയും ഒറ്റക്കോലവും പനിയനും പന്തുതട്ടി കളിക്കുന്ന കൂറ്റൻ ആൽമരങ്ങൾ നിഴൽ വീഴ്ത്തിയ എടാട്ടുമ്മൽ ആലും വളപ്പ് നമ്മുടെ സ്വന്തം മരാക്കാനയാണ്. പ്രതിഭകളുടെ ധാരാളിത്തമാണ്. പല പ്രായത്തിലുള്ളവർ പല നിലയ്ക്കുള്ള പ്രതിഭയുള്ളവർ ആലും വളപ്പിൽ നിന്ന് പന്തുതട്ടി. എടാട്ടുമ്മൽ സുഭാഷ്, ആക്മി തൃക്കരിപ്പൂർ, ഗോൾഡൻ സ്റ്റാർ തൃക്കരിപ്പൂർ, യുവതതരംഗ് എളമ്പച്ചി, കുമാർ കുഞ്ഞി മംഗലം, ബ്ലൂസ്റ്റാർ പയ്യന്നൂർ, ഉദിനൂർ സെൻട്രൽ യൂണിറ്റി, കോസ് മോസ് പള്ളിക്കര, എടയിലെക്കാട് നാഗേശ്വരി....
ആവേശപ്പൂത്തിരി കത്തിപ്പടരുന്ന ഏപ്രിൽ- മെയ്​ മാസങ്ങളിലെ വൈകുന്നേരങ്ങൾ.

കുമ്മായവരക്കുള്ളിൽ തിളച്ചുമറിയുന്ന യുദ്ധക്കളങ്ങൾ.
ഉദ്വേഗത്തിന്റെ കൊടുമുടിയിൽ ശ്വാസം നിലച്ചുപോകുന്ന നിമിഷങ്ങൾ.
കളികാണൽ എന്നാൽ ഹൃദയം സ്തംഭിച്ച് പോകുന്നതുപോലെയാണ്.

ഗാളിത്തമ്പാൻ ഗോളി നാരാണൻ അടങ്ങുന്ന എടാട്ടുമ്മൽ സുഭാഷ് ടീം

തൃക്കരിപ്പൂർ, ഇളമ്പച്ചി, കരിവെള്ളൂർ തുടങ്ങിയവയാണ് വീടിനടുത്തെ അങ്കക്കളരികൾ. കളികാണാൻ പോകൽ എന്നാൽ വലിയ ആവേശമാണ്. ഉച്ച കഴിഞ്ഞാൽ ഞങ്ങൾക്ക് ഇരിക്കപ്പൊറുതിയുണ്ടാവില്ല. നാട്ടിലെ ഓരോ കളിക്കാരനോടും വല്ലാത്ത ആരാധനയാണ്. ചങ്ങാതിമാരോടൊത്ത് നേരത്തേ തന്നെ കളിസ്ഥലത്തേക്കുപോകും. ഇളമ്പച്ചിയിലേക്കും കരിവെള്ളൂരിലേക്കും വേഗത്തിലെത്താവുന്ന പല എളുപ്പവഴികളും ഉണ്ടായിരുന്നു. നേരത്തെ കളിസ്ഥലത്തെത്തും. ഓല കൊണ്ട് മറച്ച അണിയറയിൽ മോത്തെഴുതാൻ കിടക്കുന്ന തെയ്യത്തെ ഒളിഞ്ഞുനോക്കുന്നതു പോലെ കൗതുകത്തോടെ, അതിശയത്തോടെ, ബഹുമാനത്തോടെ, ആരാധനയോടെ കളിക്കാരെ കാണും.
ടീംമാനേജരുടെ കയ്യിൽ നിന്ന്​ ജഴ്സി വാങ്ങി കണ്ണോടണയ്ക്കുന്ന കളിക്കാർ.
ഉടുത്തിരിക്കുന്ന ലുങ്കിയഴിച്ച് മറച്ച് അങ്ങോട്ട് തിരിഞ്ഞുനിന്ന് ലെങ്കോട്ടി കെട്ടുന്ന കളിക്കാർ. അടിഭാഗത്ത് കൂർത്ത ആണികളുള്ള കനത്ത ബൂട്ടിട്ട് ലെയിസ് മുറുക്കുന്ന കളിക്കാർ. കളിയിൽ ഒഴിവാക്കേണ്ടതായി ഒന്നുമില്ല.
എല്ലാം കാഴ്ചകളാണ്.

കുമ്മായവരക്കുള്ളിൽ പകുത്തത് ഹൃദയത്തിന്റെ അറകളാണ്. രണ്ടുപേർക്കായി പകുത്ത രണ്ട് പാതികൾ. പ്രണയവും കലാപവും അഗ്നിബാധയും താണ്ഡവമാടുന്ന ഭൂമിയുടെ പപ്പാതികളായി കുമ്മായത്തിന്റെ വെള്ളവരകൾ കളി മൈതാനിയെ പകുത്തുകെട്ടി. പച്ചപ്പുൽത്തകിടികളില്ല. ചെമ്മണ്ണുനിറഞ്ഞ പരുക്കൻ പ്രതലങ്ങളിൽ പന്തിന് വേണ്ടി അടരാടുന്നവർ മാത്രം. മൈതാനം തൊട്ട് തലയിൽ വെച്ച് കളിക്കാർ ഇറങ്ങുന്നത് കതിവന്നൂർ വീരന്റെ വലിയ തോറ്റമിറങ്ങുന്നതുപോലെയാണ്. കളിക്കളമെന്നാൽ കളിയാട്ടക്കളം തന്നെയാണ്. രണ്ടുതൂണുകൾ കൊണ്ട് കീറ്റോല മറച്ചുകെട്ടിയ പതി പോലെയാണ് ഗോളി പോസ്റ്റ്. വിജയവും പരാജയവും തീർപ്പാക്കുന്ന മന്ത്രവാദക്കളങ്ങൾ പോലെയാണ് പെനാൽട്ടി ബോക്സ്. വിജയിയുടേയും പരാജിതരുടെയും വിളഭൂമി. ദൈവവും ഒറ്റുകാരും തീരുമാനിക്കപ്പെടുന്ന ലോകത്തിലെ ഒരേയൊരു അൾത്താര. മരണത്തിന്റെയും ജീവിതത്തിന്റെയും ഗർഭപാത്രം. ഗോളി ഒരു പുരോഹിതശരീരമാണ്. കൈക്കരുത്തുള്ള ദൈവത്തിന്റെ പ്രതിപുരുഷൻ.

തൃക്കരിപ്പൂരിന്റെ കളിക്കമ്പത്തിന് അതിരുകളില്ല. കാറ്റ് നിറച്ച പന്തിൽ ഒരു നാടിന്റെ ഹൃദയം തുടിക്കുന്നുണ്ട്. എത്രയെത്ര കളിക്കാർ കാൽപ്പന്തിലെ നാട്ടതിശയങ്ങൾ. കളി ജീവിതം തന്നെയാണ്. സ്വന്തം ശ്വാസം തന്നെയാണ്, സ്വന്തം ജീവൻ തന്നെയാണ് പന്തിന്റെ നാഭിച്ചുഴിയിലൂടെ ഊതി നിറച്ചിരിക്കുന്നത്. കളി കളിയല്ല കാര്യമാണ്. രക്തത്തിലലിഞ്ഞ ഉപ്പു പോലെ.

ഉദിനൂർ സെൻട്രൽ യൂണിറ്റി

കളിയിൽ പല ദൈവങ്ങളാണ്. ടെലിവിഷൻ വന്നു തുടങ്ങിയ കാലം.
1988 ന് ശേഷം 1990 വന്നു. ‘ഇറ്റാലിയ 90’ നെ ജീവിതത്തിൽ എങ്ങനെ മറക്കും.
റൂഡ് ഗുള്ളിറ്റിനോടും മാർക്കോ വാൻ ബാസ്റ്റനോടും ആരാധന മൂത്ത് പിന്നീട് ഹോളണ്ട് ഇഷ്ട ടീമായി മാറിയിരുന്നു. 1990 ആയപ്പോഴേക്കും നാട്ടിൽ കളർ ടി.വി യൊക്കെ വന്നു. തൃക്കരിപ്പൂർ ആക്മയിൽ നിന്നാണ് ‘ഇറ്റാലിയ 90’ലെ എല്ലാ സംഘർഷങ്ങളും അനുഭവിച്ചത്.

അർദ്ധരാത്രിയുള്ള കളി കാണൽ ഞങ്ങൾക്കൊരുത്സവം തന്നെയായിരുന്നു. ഞങ്ങൾ എല്ലാകൂട്ടുകാരും ഞങ്ങളുടെ ഏട്ടന്മാരും അങ്ങനെ ഒരു വലിയ പട തന്നെയുണ്ട് കളി കാണാൻ. എല്ലാവരും ഭക്ഷണം കഴിച്ച് വീടിനടുത്തുള്ള മോഹനേട്ടന്റെ പിടികത്തിണ്ണയിൽ കിടക്കും. ജൂണിലെ കൊടുംമഴയിൽ എല്ലാവരും ഒരുമിച്ച് കളിയെക്കുറിച്ച് മാത്രം സംസാരിച്ചുകൊണ്ടുള്ള കിടപ്പ്. വല്ലാത്ത ഓർമയാണ്. രാത്രി ഏറെ വൈകിയുള്ള കളികൾ തൃക്കരിപ്പൂർ ആക്മി ക്ലബ്ബിൽ വെച്ചാണ് കാണുക.

ആക്മി തൃക്കരിപ്പൂർ

ഇറ്റലിക്കും ജർമനിക്കും അർജൻറീനയ്ക്കും ബ്രസീലിനും വേണ്ടി ആരാധകർ ആർത്തുവിളിച്ചു. ഗുള്ളിറ്റിനും വാൻ ബാസ്റ്റനും റൈക്കാർഡിനും വേണ്ടി ആർത്തുവിളിക്കാൻ ഞങ്ങൾ രണ്ടു മൂന്നുപേരെ ഉണ്ടായിരുന്നുള്ളൂ.

‘ഇറ്റാലിയ 90’ ഉം സാൽവറ്റർ സ്കില്ലാച്ചിയും നാട്ടിലാകെ പടർന്നു.
കാമറൂൺ സിംഹങ്ങൾ വേട്ടയാടിപ്പിടിച്ച ഡീഗോ മാറഡോണ എല്ലാവരുടെയും ഉള്ളകങ്ങളിലെ നോവായി. ഒരാൾ ഒരു പാട് പേരാകുന്നതിന്റെ പേരാണ് മറഡോണ. ആന്ത്രയോസ് ബ്രഹ്മയുടെ ഒരൊറ്റയമ്പിൽ ഫുട്ബോൾ ദൈവം പിടഞ്ഞു. അർജൻറീനയെ മറികടന്ന് ജർമനിയുടെ ലോതർ മത്യാസും യുർഗൻ ക്ലിൻസ്മാനും റൂഡി വോളറും കപ്പുയർത്തി. മഴയും കളിയും അടങ്ങി. വാൾട്ടർ സെങ്കയും ഗോയ്ക്കോഷ്യയും റോബർട്ടോ ബാജിയോയും സാൽവറ്റർസ്കില്ലാച്ചിയും സയിദ് ഒവൈറാനും ജോർജെഹാഗിയും പിന്നെയും കുറേ നാൾ തൃക്കരിപ്പൂരിലെ പുഞ്ചക്കണ്ടത്തിലലഞ്ഞു.

അവിഭക്ത കണ്ണൂർ ജില്ല ലീഗ് ചാമ്പ്യന്മാരായ ആക്മി തൃക്കരിപ്പൂർ

തൃക്കരിപ്പൂരിലെ കൊയ്ത്തൊഴിഞ്ഞ പാടത്തും പൂഴിമണലിലും കളിയുടെ കാവ്യമെഴുതിയ എത്രയെത്ര നാട്ടുദൈവതങ്ങൾ. ഉറച്ചമാംസ പേശികളും അടങ്ങാത്ത സ്പോർട്സ് മാൻ സ്പിരിറ്റുമായി ഇന്ന് അറുപതുകൾ പിന്നിട്ടവർ.
അവർ ഇപ്പോഴും പന്തുതട്ടുന്നുണ്ട്. കുമ്മായവരയ്ക്കപ്പുറത്തേക്ക് കളിനിയമങ്ങൾ പാലിക്കാതെ സ്വയം ചുവപ്പുകാർഡ് കണ്ട് കളിക്കളം എന്നെന്നേയ്ക്കുമായി ഉപേക്ഷിച്ചു പോയവർ. കളിമൈതാനങ്ങളുടേയും ആരവങ്ങളുടേയും ഓർമച്ചിത്രങ്ങൾ പോലെ ജീവിതത്തിന്റെ പല തുറകളിൽ പല പൊസിഷനുകളിൽ ടോട്ടൽ ഫുട്​ബോൾ കളിക്കുന്നവർ. മസിലുറപ്പ് പോയിട്ടില്ലാത്ത അവരുടെ മെലിഞ്ഞുനരച്ച ശരീരങ്ങൾ പൊയ്​പ്പോയ കളിക്കാലത്തിന്റെ, കളിക്കമ്പത്തിന്റെ, കളിദേശത്തിന്റെ ചലിക്കുന്ന ഭൂപട ചിത്രങ്ങളാണ്.

സിരകളിൽ തീപിടിച്ച പഴയ കാല സെവൻസ് മത്സരങ്ങൾ. ഇന്നും ആലോചിക്കുമ്പോൾ വല്ലാത്ത ചങ്കിടിപ്പാണ്. ആക്മിയും ഗോൾഡൻ സ്റ്റാറുമാണ് കലാശക്കളിയെങ്കിൽ തലേന്നാളെ കുടിച്ച വെള്ളം തടിക്ക് പിടിക്കൂല. പായയിൽ ഉറക്കമില്ലാതെ തിരിഞ്ഞു മറിഞ്ഞും കിടക്കും. നാളെ എന്ത് സംഭവിക്കും. തോട്ടുവക്കത്തിരുന്ന് മീനിലേക്ക് അസ്ത്രമായി തുളഞ്ഞിറങ്ങുന്ന മീൻകൊത്തിയുടെ കണിശതയും കൃത്യതയുമായി മുന്നേറുന്ന ആക്മിയുടെ ലക്ഷ്മണൻ. ഏതു മുന്നേറ്റപ്പന്തിനെയും റാഞ്ചിക്കൊണ്ടു പോകുന്ന കിടിയനെ പോലെ ഗോൾഡൻ സ്റ്റാറ്റിന്റെ സ്റ്റോപ്പർ ബാക്ക് ദയാരഹിതനായ കുറ്റിക്കാദർ. (ഖാദർച്ച) ഒരേ ഭൂഖണ്ഡത്തിലെ രണ്ട് ശത്രുരാജ്യങ്ങളെ പോലെ തൃക്കരിപ്പൂരിനെ രണ്ടായി പകുത്ത് ആക്മിയും ഗോൾഡൻ സ്റ്റാറും അടരാടി. തങ്ങളും ഭാസ്ക്കരൻ മാഷും ടീമിന് നേതൃത്വം നൽകി. പുഷ്പൻ, അസീസ്, സത്താർ, ഷൗക്കത്ത്, ദാമോദരൻ. കളിക്കളത്തിലെ പോരാളികൾ. കോർണർ കിക്ക് നേരിട്ട് ഗോൾ പോസ്റ്റിലെത്തിക്കുന്ന ചുരുളൻ മുടിക്കാരൻ ചില്ല് മുസ്തഫ.

മുട്ടത്ത് പപ്പൻ

ഹോ, മുസ്തഫ ഒരനുഭവം തന്നെയായിരുന്നു.

വേനൽക്കാല സായാഹ്നങ്ങളെ അനശ്വരമാക്കിയ ഫുട്​ബോൾ ദൈവങ്ങൾ.

വളപട്ടണം റഷീദ് എന്ന് കേൾക്കുമ്പോൾ ഇന്നും രോമാഞ്ചമാണ്. സെവൻസ് മൈതാനങ്ങളെ ത്രസിപ്പിച്ച വളപട്ടണം റഷീദിനെ പോലുള്ള കളിക്കാർ ആരുണ്ട്. 2- 0 ന് തോറ്റവസാനിക്കാറായ മത്സരങ്ങൾ അവസാന പത്ത് മിനിറ്റിൽ വന്നിറങ്ങി എതിർടീമിലെ ബാക്കുകൾക്ക് കണ്ടെത്താനാകാത്ത വേഗതയോടെ 3 -2 ന് കളി ജയിപ്പിക്കുന്ന, കണ്ണിനുമുകളിൽ കറുത്ത പാടുള്ള അത്ഭുതമനുഷ്യൻ. വളപട്ടണം റഷീദ്.

നമ്മുടെ മരക്കാനയായ ആലും വളപ്പിലേക്ക്.
എടാട്ടുമ്മൽ സുഭാഷ് അന്ന് ഏറ്റവും കുടുതൽ കളി ജയിക്കുന്ന ടീമാണ്. മുട്ടത്ത് പപ്പനെന്ന സ്വപ്നാടകൻ ഒറ്റയൊരാൾ മതി ഏതുകണക്കും തെറ്റിക്കാൻ. പന്ത് പപ്പന് ശരീരത്തോട് ചേർന്ന അവയവമാണ്. പപ്പനെ കാണാൻ മാത്രം കളി കാണാൻ വരുന്നവർ.

സത്താർ ആക്മി തൃക്കരിപ്പൂർ

പന്തിനെ ലാളിച്ച് കൊണ്ടുള്ള പപ്പന്റെ ആട്ടം കാണുമ്പോഴാണ് ഫുട്​ബോൾ സ്പോർട്സല്ല, ആർട്ടാണെന്ന് മനസ്സിലായത്. കുഞ്ഞികൃഷ്ണൻ, എടാട്ടുമ്മല്ലിലെ കെ.വി കൃഷ്ണൻ, കെ.വി മുകുന്ദൻ, മുണ്ടീലെ നാരാണൻ, ഗണേശൻ , രമേശൻ, കിട്ടൻ... കളിക്കളത്തിലെ വൻമതിൽപ്പടുതകൾ. എടാട്ടുമ്മലിന്റെ ആളും ആരവവുമായ എം.ആർ.സി. കൃഷ്ണേട്ടൻ. ആരേയും വിറപ്പിക്കുന്ന റഫറിയും പരിശീലകനുമായിരുന്നു.

കളിക്കളത്തിലെ നിലയ്ക്കാത്ത കയ്യടികൾ പോലെ, ഗോൾമുഖത്തെ ആഴക്കടൽ ഗഹനത പോലെ ഗോളി എന്ന അനുഭവത്തെ പേരിനൊപ്പം കൊണ്ടുനടക്കുന്ന രണ്ട് മനുഷ്യർ. ഗോളി തമ്പാനേട്ടനും ഗോളി നാരാണേട്ടനും. ജീവിതത്തിൽ കണ്ട ഏറ്റവും വലിയ ഗോളിയാണ് നാരാണേട്ടൻ. പീറ്റർ ഷിൽട്ടനെയും ഷുമാക്കറേയും ഗോയ്ക്കോഷ്യയെയും വാൾട്ടർ സെങ്കയെയും ഒലിവർ കാനെയും കാണാൻ പഠിപ്പിച്ചത് ഗോളികളുടെ നാട്ടുദൈവമായ നാരാണേട്ടനാണ്.
താഴേക്കിറങ്ങിയ മീശയും ചുരുളൻ തലമുടിയും മെലിഞ്ഞു നീണ്ട കൈകാലുകളും കണ്ണുകളിലെ നിസ്സംഗതയും.

വളപട്ടണം റഷീദ്

ഗോളി നാരാണേട്ടൻ നടന്നുപോകുന്നത് തങ്കയത്തെ റോഡിലൂടെയല്ല.
പകയും ഉന്മാദവും ലഹരിയും പതയുന്ന ലാറ്റിനമേരിക്കൻ തെരുവിലൂടെയാണ്, ഉള്ളിൽ ആരവങ്ങൾ കടൽ പോലെ ഇരമ്പി...

കളി ഒരു ദേശചിഹ്നമാകുന്നത് അങ്ങനെയാണ്. കാറ്റൂതിയ കളിപ്പന്ത് ഒരു സാംസ്കാരിക മുദ്രയാകുന്നതങ്ങനെയാണ്. കളിയുടെ ദേശാന്തര ഗമനങ്ങൾ.
കളിക്കളം ഒരു മന്ത്രക്കളം പോലെ വിഭ്രാമകമാകുന്നു. പെലെയും ഗാരിഞ്ചയും യോഹാൻ ക്രൈഫും ബെക്കൻബോവറും കളിപ്പന്തുതട്ടിയ ഹയർ മിത്തുകളാണ്. കളിയുടെ ഐന്ദ്രജാലികർ വിസ്മയങ്ങൾ കാണിച്ചു കൊണ്ടിരുന്നു. ജഡ ഉച്ചിയിൽ കെട്ടി വെച്ച പരമശിവനെ പോലെ റൂഡ് ഗുള്ളിറ്റ്.
ആയിരമായിരം അപ്പൂപ്പൻ താടികൾ തല കൂട്ടയിൽ നിറച്ച ആട്ടക്കാരൻ കാർലോസ് വാൾഡറമ, ഏത് വേഷവും നിഷ്പ്രയാസം മാറാൻ കഴിയുന്ന എവിടെയും പ്രത്യക്ഷപ്പെടാൻ കഴിയുന്ന കാപ്പിരിമുടിക്കാരനായ യക്ഷൻ റെനെ ഹിഗ്വിറ്റ.

ഹിഗ്വിറ്റ

കളിദൈവങ്ങളെ മനസ്സിൽ ധ്യാനിച്ച്, മൂലമന്ത്രങ്ങൾ ഉരുക്കഴിച്ച്, അണിയറയിൽ നിന്ന്​ കെട്ടിച്ചുറ്റി വരുന്ന നമ്മുടെ സ്വന്തം നാട്ടുദൈവങ്ങൾ... യുവതരംഗ് ബാലൻ, ഇടിവാള് ഗോപാലൻ, ഉദിനൂരിലെ കിട്ടൻ, എത്ര ദൂരെ നിന്നും ഗോൾപോസ്റ്റിലേക്ക് ത്രൂ ത്രോ എറിയുന്ന കരുണൻ,
ഗോളി വിദ്യാധരൻ, നീലേശ്വരത്തെ വിജയചന്ദ്രൻ, രാജീവൻ
പയ്യന്നൂരിലെയും അന്നൂരിലെയും ബാബുരാജാക്കന്മാർ, സുമനെന്ന സുന്ദര കളേബരൻ... കളിക്കളത്തിന്റെ തിര മുറിച്ച് നീന്തിവരുന്ന കളിവീരന്മാർ.

കണ്ടം കൊത്തിയും കൽപ്പണിയെടുത്തും ബീഡിപ്പണിയെടുത്തും കാൽപ്പന്തുകളിയെ സാധാരണ മനുഷ്യന്റെ കളിയായി ജനകീയമാക്കിയ അതുല്യ പ്രതിഭകളായ എത്രയെത്ര മനുഷ്യർ.
കളിയാട്ടക്കാർ....

തൃക്കരിപ്പൂരിന്റെ ആരവങ്ങളെ ഒരൊറ്റ എഴുത്തിന്റെ
കുമ്മായവരക്കുള്ളിലാക്കാൻ കഴിയില്ല. പഠിപ്പല്ല, കളിയാണ് പ്രധാനം എന്നുപറഞ്ഞ് പള്ളിക്കൂടമുപേക്ഷിച്ച് കാറ്റു നിറച്ച പന്തിനുപിറകെ പാഞ്ഞവർ.
ചിലർ ഓട്ടത്തിൽ വിജയിച്ച് മുന്നേറി. ചിലർ ഇടറിവീണുപോയി.

തൃക്കരിപ്പൂരിന്റെ സോക്കർ ചരിത്രത്തിന്റെ ഭാഗമായ അസാമാന്യ പ്രതിഭകൾ.
കളിയഴകുകളുടെ, ആൾക്കൂട്ടാരവങ്ങളുടെ ഒരിക്കലും നിലയ്ക്കാത്ത തുടിപ്പാണ് ചരിത്രത്തിന്റെ പടവുകൾ കയറിയ ഓരോ കാൽപ്പന്തുകളിക്കാരനും.

Comments