കോവിഡുബാധിതരായ വായനക്കാർ ആദ്യം ഓർത്തെടുക്കും, എം.ടിയുടെ മണം

ജൂലൈ 15 എം.ടി. വാസുദേവൻ നായരുടെ 88ാം ജന്മദിനം.

ചിരി. പിന്നെ നിശ്ശബ്ദത. ഒരാൾ എന്തോ പിറുപിറുത്തു. പടരുന്ന ചില പിറുപിറുപ്പുകൾ. അവയ്ക്കു വിവർത്തനമില്ല (എം.ടിയുടെ യാത്രകൾ, പേജ് 190). എം.ടിയുടെ സാഹിത്യ ലോകത്തിലേക്കുള്ള താക്കോൽ വാചകമാണിത്. പിറുപിറുപ്പിന് വിവർത്തനം അസാധ്യം, പക്ഷെ ‘ഒറിജിനൽ സാധ്യം' എന്നാണ് ആ വാചകത്തിന്റെ ഒരർഥം. എം.ടിയുടെ യാത്രാവിവരണ ലേഖനത്തിലാണ്, അതായത് അദ്ദേഹത്തിന്റെ നോൺ ഫിക്ഷൻ രചനയിലാണ് ഈ വാചകമുള്ളത്.

അദ്ദേഹത്തിന്റെ ഫിക്ഷൻ ലോകത്തെക്കുറിച്ച് പലമാതിരി എഴുതിയവരാരും ഈ വാചകം ശ്രദ്ധിക്കുകയോ അതിലൂടെ എം.ടി സാഹിത്യത്തിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുകയോ ചെയ്തില്ല. അതിനാൽ പിറുപിറുപ്പ് എന്ന മനുഷ്യ സ്വഭാവം എങ്ങനെ വാക്കും ഭാഷയും സാഹിത്യവുമായി വളർന്നുവെന്ന് വേണ്ടവിധം മനസ്സിലാക്കാൻ നമുക്ക് കഴിയാതെയും പോയി. ആവർത്തിച്ചുള്ള പിറുപിറുക്കലുകളിൽ നിന്നാണ് കടുത്ത വിശ്വാസങ്ങൾ ബലപ്പെടുന്നതെന്ന് തെറാപ്പിസ്റ്റും പ്രചോദക എഴുത്തുകാരിയുമായ ഷാനൺ എൽ. ആൽഡർ പറയുന്നു. അതിനാലാണ് ഭാഷ രൂപപ്പെടും മുൻപ് മനുഷ്യർക്കിടയിൽ പ്രവർത്തിക്കാനാരംഭിച്ച ദീർഘനിശ്വാസം, പിറുപിറുപ്പ് എന്നിവ ഇന്നും മനുഷ്യർക്കിടയിൽ ഒരു സ്വഭാവമായി നില നിൽക്കുന്നതെന്നും ആൽഡർ പറയുന്നുണ്ട്. അക്ഷരങ്ങൾ മാത്രമല്ല, ചിഹ്നങ്ങൾ കൂടി ചേർന്നതാണ് ഭാഷ (കുത്തും കോമയും അർധ വിരാമങ്ങളും ആശ്ചര്യ ചിഹ്നങ്ങളും ലയിച്ച) എന്ന പോലെ മനുഷ്യവികാരങ്ങളുടെ ശക്തമായ പ്രാതിനിധ്യം പിറുപിറുക്കലിനുണ്ട്.

എം.ടി തന്റെ യാത്രാവിവരണത്തിൽ പറഞ്ഞിട്ടുള്ളത്, പിറുപിറുപ്പുകൾക്ക് വിവർത്തനമില്ല എന്നാണ്. പരിഭാഷയുടെ കേന്ദ്ര പ്രശ്നത്തിലേക്കും ആ പ്രസ്താവന നമ്മെ നയിക്കുന്നുണ്ട്. വിവർത്തന അസാധ്യതയിൽ പെട്ട ഒരു പ്രതിഭാസം പിറുപിറുപ്പാണെന്ന് എം.ടി പറയുന്നു. എന്നാൽ ഇതേ കാര്യം ‘ഒറിജിനൽ' എഴുത്തിൽ സാധ്യമാണോ? ആണ് എന്ന ഉത്തരം എം.ടി സാഹിത്യത്തിൽ എമ്പാടുമായി കാണാം. പിറുപിറുക്കലുകൾ പൊട്ടിക്കരച്ചിലുകളായും പ്രതിഷേധങ്ങളായും ജീവിത മുദ്രാവാക്യങ്ങളായും രൂപപ്പെടുന്നു. എം.ടി ഈ സങ്കൽപ്പത്തെ മഞ്ഞിന്റെ തുടക്കത്തിൽ ഇങ്ങിനെ അവതരിപ്പിക്കുന്നു: എണ്ണമറ്റ നേർത്ത ശബ്ദങ്ങൾ കൂടിക്കലർന്നു താളമുണ്ടാവുമ്പോഴാണ് നിശ്ശബ്ദത തോന്നുന്നത്. ശബ്ദമില്ലാത്ത ഒരവസ്ഥ ഇല്ലെന്ന് അവളോർത്തു.

എം.ടി സാഹിത്യത്തിലെ ശബ്ദപഥമാണ് സവിശേഷമായി പഠിക്കേണ്ടത് എന്നു തോന്നിയിട്ടുണ്ട്. ഇവിടെ പറഞ്ഞ കാര്യത്തിന്റെ മാനിഫെസ്റ്റേഷൻ ഏറ്റവും നന്നായി മനസ്സിലാക്കാൻ കഴിയുക അപ്പോഴായിരിക്കും. ഭാഷക്ക് മുൻപേയുള്ള വിനിമയ രീതിയിൽ നിന്നാരംഭിച്ച് ഭാഷയുടെ ഇതേവരേയുള്ള എല്ലാ പടവുകളേയും ഒരു സിംഫണിയിലെന്ന പോലെ എം.ടി അവതരിപ്പിക്കുന്നു.ശബ്ദമില്ലാത്ത ഈ അവസ്ഥയെ വാക്കുകളിലേക്ക് പകരുകയും അതിന്റെ പ്രാതിനിധ്യത്തെ അടയാളപ്പെടുത്തുകയുമാണ് എം.ടി ചെയ്യുന്നത്. ഇരുട്ടിന്റെ ആത്മാവിലെ മനോനിലെ തെറ്റിയ വേലായുധന്റെ പിറുപിറുക്കലുകളും ചങ്ങലയുടെ ശബ്ദവും ഒരേ പോലെ എന്താണ് സംസാരിക്കുന്നതെന്ന് ആ കഥയിലുണ്ട്. മൊഴിക്കും ഭാഷക്കും മുമ്പ് ആശയ വിനിമയത്തിന്റെ ഭാഗമായി മനുഷ്യർ കൊണ്ടു നടന്ന, ഇന്നും കൂടെയുള്ള വിനിമയ പ്രതലത്തെ ഏറ്റവും കൂടുതൽ ഉപയോഗപ്പെടുത്തിയ മലയാളി എഴുത്തുകാരൻ എം.ടി ആയിരിക്കും. ഈ ഒരു ആശയ പശ്ചാത്തലത്തിൽ നിന്ന് എം.ടി സാഹിത്യത്തെ സമീപിക്കുമ്പോൾ ഇക്കാര്യം കൂടുതൽ കൂടുതലായി തെളിഞ്ഞു കിട്ടും. മനുഷ്യ വികാരങ്ങളുടെ പൊട്ടിത്തെറിക്കലുകൾ, വികാരോർജ്ജ ഗോപുരങ്ങൾ എല്ലാം പൊട്ടിപ്പുറപ്പെടുന്നത് ഈ പറഞ്ഞ മനുഷ്യ സ്വഭാവത്തിൽ നിന്നാണ്. ശൂന്യാകാശത്തേക്ക് ഒരു പേടകം പുറപ്പെടുന്ന ലോഞ്ചിങ്ങ് പാഡിന് സമാനമായ ഒരു മനുഷ്യ/ഭാഷാ അനുഭവം.

രണ്ടാമൂഴത്തിലും ഇതു തന്നെ നാം അനുഭവിക്കുന്നു. ഭീമന്റെ ശബ്ദം പുറത്തേക്ക് വേണ്ടവിധം കേൾക്കാൻ കഴിയാത്ത നിരവധി മുഹൂർത്തങ്ങളെ ഒലിപ്പെരുക്കിയിലെന്ന പോലെ നാം കേൾക്കുന്നത്, അത് ‘ഒറിജിനൽ' ആയി ‘വിവർത്തനം' ചെയ്യപ്പെട്ട പിറുപിറുക്കലുകൾ ആയതിനാൽ തന്നെ. (അതിനെക്കുറിച്ച് എം.ടി പറഞ്ഞിട്ടുള്ളത് ഇങ്ങനെയാണ്: രണ്ടാമൂഴത്തിലൊക്കെ അങ്ങനെയാണ്. ചില സന്ദർഭങ്ങളിലെത്തുമ്പോൾ നമ്മളെ അതു പിടിച്ചു വലിക്കും. അപ്പോൾ അവിടെ കുറച്ചു കൂടി ചെയ്യേണ്ടതുണ്ട് എന്നു തോന്നും. അത് കലയുടെ ഭാഗമാണ്. നമ്മൾ എഴുതി വരുമ്പോൾ എന്തിനാ അവിടെ കൂടുതൽ വാക്കുകൾ എന്നു തോന്നിപ്പോകും. ചിലപ്പോൾ ഒരു നോട്ടം? ഒരു നോട്ടം. അതു മതി- എം.ടി/ അശ്വതി- മനസ്സിൽ ഗ്രാമത്തെക്കുറിച്ചുള്ള നോവൽ).

തുടക്കത്തിൽ പറഞ്ഞ പ്രതിഭാസത്തിന്റെ മറ്റൊരു രീതിയിലുള്ള പ്രതിനിധാനമാണിത്. കാഴ്ച കാണുക എന്നതല്ല ശബ്ദം കേൾക്കുകയും കേൾപ്പിക്കുകയും ചെയ്യുക എന്ന ശ്രമം, പിറുപിറുക്കലുകളെ ജീവിത മുദ്രാവാക്യങ്ങളായി രൂപപ്പെടുത്തുക എന്ന ആഖ്യാന തന്ത്രമല്ലാതെ മറ്റൊന്നുമല്ല ഇത്. മനുഷ്യരാശിയിൽ ആദ്യ വാക്ക് ഉണ്ടായതെപ്പോൾ എന്ന് ഈ മനുഷ്യ സ്വഭാവത്തിലൂടെ കടന്നു പോകുമ്പോൾ വീണ്ടും വീണ്ടും നാം അന്വേഷിക്കുന്നു. കേരളം വിട്ടുള്ള ദേശങ്ങളിൽ കഥ നടക്കുമ്പോൾ (ഷെർലക്കിലടക്കം) ഈ വികാരം കൂടുതൽ രൂക്ഷമാകുന്നുണ്ട്. മൊഴിയുടെ നോട്ടമാണ് പിറുപിറുക്കലുകൾ.
അത് വ്യക്തമായി ഉച്ചരിക്കപ്പെടുന്നതല്ല. പക്ഷെ അതിൽ എല്ലാ മനുഷ്യ വികാരങ്ങളും തീവ്രമായി തന്നെ അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു.
ഷെർലക്ക് എന്ന കഥയിൽ ഇങ്ങിനെയൊരു വാചകമുണ്ട്: പൂച്ച പരിഹാസത്തിലൊന്നു നോക്കി മുരണ്ടു: ആ മുരളൽ പൂച്ചയുടേതു മാത്രമല്ല, കഥയിലെ ബാലുവിന്റേതു കൂടിയാണ്. ബാലു ഒരിക്കൽ ഇങ്ങിനെ പറയുന്നു: ഇടയ്ക്ക് എന്റെ ശബ്ദം ഒന്നു കേൾക്കണമല്ലോ; ചേച്ചി ജോലിക്കു പോയാൽ ഒറ്റക്കാവുമ്പോൾ ബാലു ഷെർലക്ക് എന്ന പൂച്ചയോട് സംസാരിക്കുന്നു. അയാൾ പുതിയൊരു പേച്ചിന് ശ്രമിക്കുകയാണ്. അതിനുള്ള കാരണവും ന്യായവും യുക്തിയും തനിക്ക് തന്റെ തന്നെ ശബ്ദം കേൾക്കണമെന്നുള്ളതാണ്.

നിന്റെ ഓർമ്മക്ക്, അതിന്റെ രണ്ടാം ഭാഗമായ കഡുഗണ്ണാവ: ഒരു യാത്രക്കുറിപ്പ് എന്നീ കഥകൾ നോക്കുക. ഈ ആഖ്യാനങ്ങളുടെ കേന്ദ്രം സിലോണാണ്. (ശ്രീലങ്ക). മലയാളിയുടെ ശ്രീലങ്കയുമായുള്ള തൊഴിൽ പ്രവാസ ബന്ധത്തെ നമ്മുടെ സാഹിത്യത്തിൽ ഏറ്റവും മൂർത്തമായി പ്രതിനിധീകരിച്ച കഥകളാണിവ. നിന്റെ ഓർമ്മക്ക് എന്ന കഥയിൽ നാം ഈ വരികൾ വായിക്കുന്നു: ഞാൻ പ്രതീക്ഷിച്ചതു പോലെ വീട്ടിനകത്തെ അന്തരീക്ഷം സുഖകരമാവുന്നില്ല. കുശുകുശുപ്പുകൾ അവിടവിടെ പൊങ്ങുന്നു...അമ്മയെ കേൾപ്പിക്കരുതെന്ന് അവർക്കെല്ലാമുണ്ട്. കുഴപ്പം മുഴുവൻ ഞാൻ മനസ്സിലാക്കിയിടത്തോളം ആ പെൺകുട്ടിയെക്കൊണ്ടാണ്:
മറ്റൊരു വാചകം ഇങ്ങനെ: കാര്യം ഏറെക്കുറെ എനിക്ക് മനസ്സിലായി. വീടിനകത്തെ പിറുപിറുപ്പുകളിലെല്ലാം അടങ്ങുന്ന വിഷയം ഒന്നാണ്. ലീല അച്ഛന്റെ മകളാണ്!

കഡുഗണ്ണാവ: ഒരു യാത്രക്കുറിപ്പിൽ നാം വായിക്കുന്നു: കൂട്ടുചേരാൻ പറ്റാത്ത രോഗാവസ്ഥകളെപ്പറ്റി പറഞ്ഞ് ഒഴിഞ്ഞുമാറി. പുറത്ത് ഇരുട്ടായിരുന്നു.ഇവിടെ പിറുപിറുപ്പ് എന്ന മനുഷ്യ സ്വഭാവം അതിശക്തമായ കഥാപാത്രമായിത്തന്നെ മാറുന്നതായി കാണാം. ഈ കഥ സിലോണിൽ ജോലി ചെയ്യുന്ന ഒരാൾ അവധിക്ക് ലീല എന്ന പെൺകുട്ടിയുമായി നാട്ടിലെത്തുന്നതിനെക്കുറിച്ചാണ്. ആ കുട്ടി തന്റെ സുഹൃത്തിന്റെ മകളാണെന്നും യുദ്ധവേളയിലെ ബോംബിംഗിൽ കുട്ടിയുടെ മാതാപിതാക്കൾ കൊല്ലപ്പെട്ടുവെന്നും അതിനാൽ സംരക്ഷണം നൽകാൻ കൊണ്ടു വന്നതാണെന്നും ശ്രീലങ്കൻ പ്രവാസി വാദിക്കുന്നു. എന്നാൽ അയാളുടെ വീട്ടിൽ ഭാര്യയും മറ്റുള്ളവരും ഇത് വിശ്വസിക്കുന്നില്ല. ആ വീട്ടിൽ ഒരു "വിസ്​പർ കാമ്പയിൻ' ആരംഭിക്കുന്നു. ഒടുവിലത് വൻ പൊട്ടിത്തെറിയാകുന്നു. അയാൾക്ക് ആ പെൺകുട്ടിയുമായി സിലോണിലേക്ക് തന്നെ മടങ്ങേണ്ടിയും വരുന്നു.

നിന്റെ ഓർമ്മക്ക് എന്ന കഥയുടെ തുടർച്ചയിൽ രോഗാവസ്ഥയെക്കുറിച്ച് പറഞ്ഞ് ഒഴിഞ്ഞുമാറി പുറത്തെ ഇരുട്ടുമായി കൂട്ടുകൂടാൻ ശ്രമിക്കുന്ന നായകനെ കാണാം. അയാൾ പഴയ വിസ്​പർ കാമ്പയിനെക്കുറിച്ചാണ് ശ്രീലങ്കയിലേക്കുള്ള യാത്രയിൽ ഓർത്തുകൊണ്ടിരുന്നത്. ലീലയെ കണ്ടെത്താനുള്ള ശ്രമവും അയാൾ നടത്തുന്നുണ്ട്. എന്നാൽ ലീലയിലെ അച്ഛൻ ജോലി ചെയ്തിരുന്ന സ്ഥലം കഡുഗണ്ണാവയായിരിക്കില്ല മറ്റേതെങ്കിലും സ്ഥലമായിരിക്കാം എന്ന തോന്നലുമായി മടങ്ങുന്ന പത്രപ്രവർത്തകനായ നായകനിലാണ് കഥ അവസാനിക്കുന്നത്.

ലേഖനത്തിന്റെ പൂർണ്ണരൂപം വായിക്കാം

കോവിഡുബാധിതരായ വായനക്കാർ ആദ്യം ഓർത്തെടുക്കും, എം.ടിയുടെ മണം

ട്രൂകോപ്പി വെബ്സീൻ പാക്കറ്റ് - 27


Comments