ഡി.എച്ച്. ലോറന്‍സിന്റെയും ബോദ്ലേറുടെയും മലബാര്‍ പ്രയോഗങ്ങള്‍ക്ക് കെ.എ. കൊടുങ്ങല്ലൂരിന്റെയും ആറ്റൂര്‍ രവിവര്‍മയുടെയും പരിഭാഷകള്‍...കെ.എ. കൊടുങ്ങല്ലൂരിന്റെ വിവര്‍ത്തനവും ആറ്റൂരിന്റെ വിവര്‍ത്തനവും അതിലെ ഊന്നലുകളും പരിഭാഷ ഒരു പ്രധാന വിഷയമായി മാറിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ചര്‍ച്ചകളില്‍ ഇടം പിടിക്കേണ്ടുന്ന കാര്യങ്ങളായി ഇന്ന് മലബാറിലിരുന്ന് ഈ രചനകള്‍ വായിക്കുമ്പോള്‍ അനുഭവപ്പെടുന്നു. സപ്തംബർ 30, അന്താരാഷ്ട്ര പരിഭാഷ ദിനത്തിൽ വേറിട്ട ഒരു വിചാരം
29 Sep 2020, 04:00 PM
‘‘മലബാറെന്നു പറയുന്നതിന്റെ അര്‍ഥമെന്താണാവോ?, അമ്മ ചോദിച്ചു.
എനിക്കറിയില്ല, അച്ഛന്‍ പറഞ്ഞു.
മലബാറെന്നു പറഞ്ഞതിന്റെ അര്‍ഥമെന്തായിരിക്കും?, അവള്‍ സഹോദരനോടും ചോദിച്ചു.
ഓസ്‌ക്കാര്‍ വ്യകതമാക്കി: ഡര്‍ബിയില്‍ പങ്കെടുക്കുന്ന പന്തയക്കുതിരകളില്‍ ഒന്നിന്റെ പേരാണത്.
ഓസ്‌ക്കാര്‍ ഇക്കാര്യം ബാസ്സറ്റിനോടും അറിയാതെ പറഞ്ഞുപോയി. മലബാറിന്‍മേല്‍ ആയിരം പവന്‍ കെട്ടുകയും ചെയ്തു.’’
ഡി.എച്ച്.ലോറന്‍സിന്റെ ‘ദ റോക്കിംഗ് ഹോഴ്‌സ് വിന്നര്‍'- ആട്ടക്കുതിരയിലെ (മരക്കുതിര) വിജയി എന്ന് പദാനുപദ തര്‍ജമ- എന്ന ചെറുകഥക്ക് കെ.എ.കൊടുങ്ങല്ലൂര്‍ തയ്യാറാക്കിയ പരിഭാഷയില്‍ നിന്ന്. മലയാള പരിഭാഷയില്‍ കഥയുടെ ശീര്‍ഷകം മലബാര്‍: മലബാര്‍ എന്നാണ്).

1991 ഡിസംബറില്‍ കെ.എ. കൊടുങ്ങല്ലൂര്‍ അനുസ്മരണ സമിതി പ്രസിദ്ധീകരിച്ച ‘അല്‍ഭുതങ്ങള്‍ വില്‍പനക്ക്' എന്ന പുസ്തകത്തിലാണ് ഈ കഥ. കെ.എ. കൊടുങ്ങല്ലൂര്‍ പരിഭാഷപ്പെടുത്തിയ 12 കഥകളാണ് ഈ സമാഹാരത്തില്‍. പുസ്തകത്തിന്റെ ആമുഖക്കുറിപ്പില്‍ പലകാലങ്ങളിലായി പരിഭാഷപ്പെടുത്തിയ കഥകള്‍ എന്നാണ് പറഞ്ഞിരിക്കുന്നത്. ഡി.എച്ച്.ലോറന്‍സിന്റെ ഈ കഥയുടെ പരിഭാഷ ഏതു കാലത്ത്, ഏതു പ്രസിദ്ധീകരണത്തില്‍ വന്നതാണെന്ന് പുസ്തകത്തില്‍ പറയുന്നില്ല. കൊടുങ്ങല്ലൂര്‍ തന്റെ പരിഭാഷാ രുചികളെക്കുറിച്ച് എവിടെയെങ്കിലും പറഞ്ഞിരുന്നുവോ? അദ്ദേഹത്തിന്റെ എഴുത്തുലോകത്തില്‍ വിവര്‍ത്തനം വളരെ പ്രധാന പ്രവര്‍ത്തനങ്ങളിലൊന്നായിരുന്നുവെന്ന് വ്യക്തമാണ്. ഈ കഥാസമാഹാരം തന്നെ അതിന് വ്യക്തമായ ഉദാഹരണമാണ്. ലോറന്‍സിന്റെ കഥയുടെ ശീര്‍ഷകം മാറ്റുന്ന വിവര്‍ത്തകന്റെ സ്വാതന്ത്ര്യം കൊടുങ്ങല്ലൂര്‍ പ്രയോജനപ്പെടുത്തിയിട്ടുമുണ്ട്.
ലോറന്‍സിന്റെ ‘ലേഡീസ് ചാറ്റര്‍ലീസ് ലവര്‍' എന്ന നോവലിലെ വിവാദങ്ങള്‍ മലയാള സാഹിത്യമണ്ഡലവും ചര്‍ച്ച ചെയ്തിട്ടുണ്ട്. എന്നാല്‍ മലബാര്‍ എന്ന പന്തയക്കുതിര കടന്നുവരുന്ന ഈ കഥ വേണ്ട വിധം മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ടില്ല എന്നു തോന്നുന്നു. പരിഭാഷകന്‍ തീര്‍ച്ചയായും മലയാളി വായനക്കാരുടെ ശ്രദ്ധ ആകര്‍ഷിക്കുക എന്ന ഉദ്ദേശ്യത്തോടെ തന്നെയായിരിക്കണം ‘മലബാര്‍: മലബാര്‍' എന്ന ശീര്‍ഷകം സ്വീകരിച്ചത്. എന്നാല്‍ അതോടൊപ്പം ആ തെരഞ്ഞെടുപ്പ് ഇന്നു വായിക്കുമ്പോള്‍ കൊളോണിയലിസത്തെക്കുറിച്ചുള്ള വിമര്‍ശനങ്ങളിലേക്ക് കൃത്യമായ ചില വാതിലുകള്‍ തുറക്കുന്നുണ്ട്. ലോറന്‍സിന്റെ കഥയെ തീര്‍ത്തും വ്യത്യസ്തമായ ഒരു തലത്തില്‍ വായിപ്പിക്കാന്‍ ഈ ശീര്‍ഷക മാറ്റം പ്രേരിപ്പിക്കുന്നുമുണ്ട്.
മലബാറിനെ പന്തയക്കുതിരയാക്കിയ ലോറന്‍സ്
1926 ജൂലൈയിലാണ് ലോറന്‍സിന്റെ ഈ കഥ ന്യൂയോര്‍ക്കില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന വനിതാ ഫാഷന്‍ മാസികയായ ഹാര്‍പേഴ്‌സ് ബസാറില്‍ പ്രസിദ്ധീകരിക്കുന്നത്. നമ്മുടെ നാട്ടിലും വനിതാ പ്രസിദ്ധീകരണങ്ങള്‍ ‘കുടുംബ ചെറുകഥകള്‍' പ്രസിദ്ധീകരിക്കുന്നതിന് സമാനമായതാണ് ഈ കഥയുടെ പ്രസിദ്ധീകരണത്തിലും നടന്നതെന്ന് കരുതാം. പോള്‍ എന്ന കുട്ടിയിലൂടെയാണ് കഥ വികസിക്കുന്നത്. ഈ കുട്ടിയുടെ വീട്ടില്‍ എപ്പോഴും ഉയര്‍ന്നു പൊങ്ങുന്നത് പണം ഒന്നിനും തികയുന്നില്ല, കൂടുതല്‍ പണമില്ലാതെ ശരിയാകില്ല എന്ന പറച്ചിലാണ്. അങ്ങിനെ പറഞ്ഞുകൊണ്ടിരിക്കുന്ന ഒരു വീടാണ് തന്റേതെന്ന് പോള്‍ കഥയില്‍ പറയുന്നുണ്ട്. എന്തുകൊണ്ടാണ് ഇങ്ങനെ എന്ന ചോദ്യത്തിന് നിങ്ങളുടെ അച്ഛന് ഭാഗ്യമില്ല എന്ന മറുപടിയാണ് അമ്മ നല്‍കുന്നത്. സത്യത്തില്‍ അത് പ്രണയം തകര്‍ന്ന ദാമ്പത്യമാണെന്ന് കഥയില്‍ സൂചനയുണ്ട്. ആയയും തോട്ടക്കാരനും ഉളള വീടാണ് പോളിന്റേത്. അച്ഛന്‍ ഓഫീസ് ജോലിക്കാരനുമാണ്. പക്ഷെ ഒന്നിനും പണം തികയുന്നില്ല, കാരണം അച്ഛന്‍ നിര്‍ഭാഗ്യവാനാണ്.

ഒടുവില്‍ തന്റെ മരക്കുതിരയില്‍ കേറി സഞ്ചരിക്കുന്നതായി ഭാവിക്കുന്ന പോള്‍ കുതിരപ്പന്തയക്കാരനായി മാറുന്നു. തോട്ടക്കാരന്‍ കുതിരപ്പന്തയത്തെക്കുറിച്ച് അറിവുള്ളയാളാണ്. അമ്മാവനില്‍ നിന്ന് കിട്ടിയ ചെറിയ തുകയുമായി പോള്‍ കുതിരപ്പന്തയത്തിനിറങ്ങുന്നു. തന്റെ ഭാഗ്യം കൊണ്ട് വീട്ടിലെ പണമില്ലാപല്ലവിക്ക് അറുതിയുണ്ടാക്കാമെന്ന് കരുതുന്നു. കളിച്ച് പോളിന് 5000 പവന്‍ വരെ കിട്ടുന്നുണ്ട്. അത് അമ്മക്ക് ജന്മദിനസമ്മാനമായി ഒരു ബന്ധുകൊടുക്കുന്നതുപോലെ എത്തിക്കാന്‍ പോളിന് ആകുന്നു. വീട് ജപ്തി ചെയ്യാന്‍ നോട്ടീസ് വന്നു കിടക്കുമ്പോഴാണ് പോള്‍ ഇതുചെയ്യുന്നത്. എന്നാല്‍ പിന്നീട് പോള്‍ പന്തയങ്ങളില്‍ തുടര്‍ച്ചയായി തോല്‍ക്കുന്നു. മരക്കുതിര/കളിക്കുതിരയുമായുള്ള ആശയവിനിമയത്തില്‍ നിന്നാണ് പന്തയത്തില്‍ ഏതു കുതിരക്കുമേലാണ് ബെറ്റ് വെക്കേണ്ടതെന്ന ധാരണയില്‍ താന്‍ എത്തുന്നത് എന്നാണ് പോള്‍ വിശ്വസിക്കുന്നത്. ഒടുവിലാണ് ഒരു പന്തയവേളയില്‍ മലബാര്‍ എന്ന കുതിരയില്‍ പോള്‍ ബെറ്റ് വെക്കുന്നത്. അയാള്‍ അതില്‍ 80,000 പവന്‍ നേടുകയും ചെയ്യുന്നു. എന്നാല്‍, ഈ സമയമാകുമ്പോഴേക്കും ജ്വരം പോലെ ഒരു രോഗം ബാധിച്ച് മെലിഞ്ഞുണങ്ങി വിഷാദവാനായി പോള്‍ മാറിയിരുന്നു. മുന്‍കളികളിലെ പരാജയമായിരുന്നു കാരണം. ചൂതാട്ടം ഒരിക്കലും സഹായിക്കില്ലെന്ന് പോളിനെ അമ്മ ധരിപ്പിക്കാന്‍ ശ്രമിക്കുന്നുമുണ്ട്. മലബാര്‍ പണം നല്‍കിയ രാത്രി പോള്‍ രോഗം മൂര്‍ച്ഛിച്ച് മരിക്കുന്നു. കഥയുടെ അവസാന ഭാഗം ഇങ്ങിനെയാണ്: അവന്‍ അങ്ങിനെ മരിച്ചുകിടക്കുന്ന സമയത്തുതന്നെ അവന്റെ അമ്മ അവളുടെ സഹോദരന്റെ ഈ വാക്കുകളും കേട്ടു: ഹെസ്റ്റര്‍ നീ ഇപ്പോള്‍ എണ്‍പതിനായിരത്തില്‍പരം പവന്റെ സമ്പാദ്യം നേടുകയും പാവപ്പെട്ട ഒരു മകനെ നഷ്ടപ്പെടുകയും ചെയ്തിരിക്കുന്നു. ഏതായാലും വിജയിക്കുന്ന കുതിരയെ കണ്ടുപിടിക്കാന്‍ വേണ്ടി തന്റെ മരക്കുതിരപ്പുറത്ത് ഭ്രാന്തന്‍സവാരി ചെയ്യേണ്ടി വരുന്ന ഈ ഗതികേടില്‍ നിന്ന് പോള്‍ എന്നെന്നേക്കുമായി മോചനം നേടിയത് നന്നായി.
ഡി.എച്ച്. ലോറന്‍സിന്റെ കഥ പ്രസിദ്ധീകരിക്കപ്പെടുമ്പോള്‍ ബ്രിട്ടീഷ് കോളനിഭരണം യഥാര്‍ഥ മലബാറില്‍ നിന്ന് ഊറ്റിയെടുക്കാവുന്ന സമ്പത്ത് ഏതു വിധേയനേയും തട്ടിയെടുക്കുന്നതിന്റെ തിരക്കിലായിരുന്നു. മലബാര്‍ കലാപം അടിച്ചൊതുക്കി നാലുവര്‍ഷം കഴിയുമ്പോഴാണ് കഥ പുറത്തുവരുന്നത്. അതായത്, ലോറന്‍സിനെപ്പോലെ വിഖ്യാതനായ ഒരെഴുത്തുകാരനും മലബാര്‍ ഒരു പന്തയക്കുതിരയായിരുന്നു. ഭാഗ്യനിര്‍ഭാഗ്യങ്ങളില്‍ ഒരേപോലെ വാതുവെക്കാവുന്ന പന്തയക്കുതിര. ബ്രിട്ടീഷുകാനായിരുന്ന ലോറന്‍സിനേയും തന്റെ രാജ്യത്തിന്റെ കോളനിയായി മാറിയ പ്രദേശം ഒരു പന്തയക്കുതിരയുടെ പേരായി മാറി എന്നത് ഒരിക്കലും യാദൃശ്ചികമായിരുന്നുവെന്ന് കരുതാന്‍ വയ്യ. അത് കോളനിബോധത്തിന്റെ ഉല്‍പ്പന്നം തന്നെയായിരുന്നുവെന്ന് കരുതുന്നതില്‍ യുക്തിയുണ്ട്. ഇക്കാര്യം കൃത്യമായും മനസ്സിലാക്കിത്തന്നെയായിരിക്കണം കെ.എ. കൊടുങ്ങല്ലൂര്‍ കഥയുടെ ശീര്‍ഷകം ‘മലബാര്‍: മലബാര്‍’ എന്നാക്കിയത്. വായനക്കാരുടെ ശ്രദ്ധ ആകര്‍ഷിക്കുക എന്നതു മാത്രമായിരിക്കില്ല വിവര്‍ത്തകന്‍ ലക്ഷ്യമിട്ടത്, ഒപ്പം അത്തരമൊരു കഥയുടെ പോസ്റ്റ് കൊളോണിയല്‍ വിവര്‍ത്തനം എങ്ങിനെയാകാം എന്നതിന് മാതൃക സൃഷ്ടിക്കല്‍ കൂടിയായിരിക്കും. സത്യത്തില്‍ ഡി.എച്ച്. ലോറന്‍സിന്റെ ഈ കഥയുടെ ഇന്നത്തെ പ്രസക്തി (ഏറ്റവും ചുരുങ്ങിയത് മലബാറിലെങ്കിലും) എന്തെന്ന് ശക്തമായി ചിന്തിപ്പിക്കാന്‍ ഉതകുന്നതുതന്നെയാണ് മലയാള വിവര്‍ത്തനത്തിലെ ശീര്‍ഷക മാറ്റം. പോസ്റ്റ്‌കൊളോണിയല്‍ ചിന്തകരും ബുദ്ധിജീവികളും ഇക്കാലമത്രയും ഇത്തരമൊരു കാര്യം കണ്ടില്ലെന്നു മാത്രം. ഈ കഥയുടെ വിവര്‍ത്തനം അതിനാല്‍ തന്നെ മലയാളത്തിലെ പരിഭാഷ സാഹിത്യത്തിലെ പ്രധാന താളുകളിലൊന്നായി മാറുന്നതും ഈ പ്രാധാന്യം കൊണ്ടുതന്നെയാണ്.
ഈ കഥ അവലംബിച്ച് 1949ല്‍ (ഇന്ത്യ സ്വതന്ത്രയായി രണ്ടു വര്‍ഷം കഴിഞ്ഞ്) ചലച്ചിത്രമുണ്ടായി. ഒലിവര്‍ ട്വിസ്റ്റായി അഭിനയിച്ച പ്രശസ്ത ബാലനടന്‍ ജോണ്‍ ഹൊവാര്‍ഡ് ഡേവിസാണ് ‘ദ റോക്കിംഗ് ഹോഴ്‌സ് വിന്നര്‍' എന്ന ശീര്‍ഷകത്തില്‍ തന്നെയുള്ള സിനിമയില്‍ പോള്‍ ആയി അഭിനയിച്ചത്. ആ സിനിമ കേരളത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നുവോ? എങ്കില്‍ എന്തായിരുന്നു പ്രതികരണം എന്നു വ്യക്തമല്ല. യൂറോപ്പിലും അമേരിക്കയിലും ബാലനടന്‍ തകര്‍ത്തഭിനയിച്ച കുടുംബ ചിത്രം എന്ന നിലയിലാണ് ഒലിവര്‍ ട്വിസ്റ്റിനെപ്പോലെ ഈ സിനിമയും നേടിയ ഖ്യാതി.
മലബാര്‍ കലാപത്തിന് തൊട്ടുപിന്നാലെ 1923ല്‍ ഇറ്റാലിയന്‍ ഭാഷയില്‍ ‘ലാ റിവോള്‍ട്ട ഡെല്‍ മലബാര്‍' എന്ന നാടകം രചിക്കപ്പെട്ടു.

അമില്‍കെയര്‍ മക്കെട്ടി ആയിരുന്നു രചയിതാവ്. മലബാറില്‍ ബ്രിട്ടീഷ് സൈനികനായിരുന്ന ഡൊണാള്‍ഡ് സിന്ദര്‍ബേ രചിച്ച ‘ദ ജ്വല്‍ ഓഫ് മലബാര്‍', 1927ലും പുറത്തു വന്നു. രണ്ടു വിദേശ രചനകളിലും മലബാര്‍ കലാപമായിരുന്നു പ്രമേയം. അതായത് യൂറോപ്യന്‍ സാഹിത്യത്തിലേക്ക് മലബാര്‍ എന്ന പ്രദേശം പ്രവേശിച്ചതില്‍ മലബാര്‍ കലാപത്തിനു പങ്കുണ്ട്. ഈ രണ്ടു രചനകളിലും കലാപം തന്നെയാണ് പ്രമേയം. 1926ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ഡി.എച്ച്. ലോറന്‍സിന്റെ കഥയില്‍ ഇതേ മലബാര്‍ ഒരു പന്തയക്കുതിരയാകുന്നു. നേരത്തെ പറഞ്ഞ രണ്ടു രചനകളിലുമുള്ള അതേ യുക്തി തന്നെയാണ് മലബാറിനെ പന്തയക്കുതിരയാക്കുമ്പോള്‍ ലോറന്‍സിലും സംഭവിച്ചത്. അത് ‘ലേഡി ചാറ്റര്‍ലി പ്രഭ്വി' വിക്ടോറിയന്‍ സദാചാരത്തിനു നേരെ ഉയര്‍ത്തിയ വിമര്‍ശനം പോലെയായിരുന്നില്ല. കൊളോണിയല്‍ യുക്തി അദ്ദേഹത്തെപ്പോലെ ഒരെഴുത്തുകാരനെ എങ്ങിനെയാണ് ബാധിച്ചത് എന്നതിന്റെ തെളിവായിട്ടായിരിക്കും ഈ കഥയുടെ ഭാവി ജീവിതം (തീര്‍ച്ചയായും മലബാറിലെങ്കിലും). കോളനി ഭരണക്കാലത്ത് മലബാര്‍ ബ്രിട്ടീഷുകാര്‍ക്ക് അക്ഷരാര്‍ഥത്തില്‍ ഒരു പന്തയക്കുതിരയായിരുന്നുവെന്നതിന് ഇന്ന് നിരവധി തെളിവുകള്‍ നമുക്ക് മുന്നിലുണ്ടെന്നിരിക്കെ പ്രത്യേകിച്ചും.
ഇന്റര്‍നെറ്റിന്റെ സാഹിത്യ-സാംസ്‌ക്കാരിക ഡാറ്റാ ബേസ് പരിശോധിക്കുമ്പോള്‍ ലോറന്‍സ് എന്തുകൊണ്ട് പന്തയക്കുതിരക്ക് മലബാര്‍ എന്ന പേരു നല്‍കി എന്ന് അന്വേഷിക്കുമ്പോള്‍ ലഭിക്കുന്നത് മൂന്നു ഉത്തരങ്ങളാണ്. ആദ്യ ഉത്തരം വിവിധ കച്ചവട സാധ്യതകളും സ്ഥാപനങ്ങളുമുള്ള തെക്കേ ഇന്ത്യയിലെ പ്രദേശം ഭാഗ്യദേശമായി ലോറന്‍സ് കരുതിയിരിക്കാം എന്നതാണ്. രണ്ടാമത്തെ ഉത്തരം മലബാര്‍ വിദൂരമായ പ്രദേശമാണ്, സമ്പത്ത് വിദൂരതയില്‍ ആയിരിക്കാം എന്ന് സൂചിപ്പിക്കാനായിരിക്കാം എന്ന് നിരീക്ഷിക്കുന്നു. മൂന്നാമത്തേത് വിഷച്ചെടിയായ (വാതുവെപ്പ് മരണകാരണം തന്നെയായി കഥയില്‍ മാറുകയാണല്ലോ) മലബാര്‍ സ്പിനാച്ചില്‍ നിന്ന് മലബാര്‍ എന്ന പദം എടുത്തതാകാം എന്നുമാണ്. എന്നാല്‍ മലബാര്‍ നിരന്തരം വിജയിക്കുന്ന ഒരു പന്തയക്കുതിരയായി ബ്രിട്ടീഷ് സാമ്രാജ്യത്തിനു തോന്നി, അത് ലോറന്‍സിനെ ശക്തമായി സ്വാധീനിച്ചു എന്ന ഉത്തരമാണ് ഇന്ന് ഇക്കഥ (പരിഭാഷ) വായിക്കുമ്പോള്‍ തോന്നുക.
മലബാറിനെ ആറ്റൂര്‍ മലയാളിയാക്കുമ്പോള്‍
ഇതോടൊപ്പം തലക്കെട്ടിലെ മലബാര്‍, മലയാളി എന്നാക്കി മാറ്റിയ ഒരു പരിഭാഷയെക്കുറിച്ച് കൂടി ഇവിടെ പറയേണ്ടതുണ്ടെന്ന് തോന്നുന്നു.

ഫ്രഞ്ച് മഹാകവി ബോദ്‌ലേര്‍ എഴുതിയ ‘എ യുന്‍ മലബാറിസെ (മലബാര്‍ പെണ്‍കുട്ടിയോട്) എന്ന കവിത പരിഭാഷപ്പെടുത്തിയത് ആറ്റൂര്‍ രവിവര്‍മയാണ്. പരിഭാഷയില്‍ ആറ്റൂര്‍ ശീര്‍ഷകം മലയാളി പെണ്‍കിടാവിനോട് എന്നാക്കി. പരിഭാഷയുടെ അടിക്കുറിപ്പില്‍ ബോദ്‌ലേര്‍ മാഹി സന്ദര്‍ശിക്കുകയും അപ്പോള്‍ കണ്ട പെണ്‍കിടാവിനെക്കുറിച്ചായിരിക്കാം ഈ കവിതയെന്നും ആറ്റൂര്‍ രവിവര്‍മ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കൊല്‍ക്കത്ത ലക്ഷ്യമാക്കി ഫ്രാന്‍സില്‍ നിന്ന് യാത്ര പുറപ്പെട്ട ബോദ്‌ലേര്‍ സഞ്ചരിച്ച കപ്പല്‍ കാറ്റിലും കോളിലും മൗറീഷ്യസില്‍ എത്തുകയും അവിടെ ഒരു ഫ്രഞ്ചുകാരന്റെ തോട്ടത്തില്‍ പണിയെടുത്തിരുന്ന മലബാര്‍ പെണ്‍കുട്ടിയെ കാണുകയും (ബോദ്‌ലേര്‍ മൗറീഷ്യസിലെത്തിയതിനെക്കുറിച്ച് സാര്‍ത്ര് എഴുതിയ ബോദ്ലേര്‍ എന്ന വിഖ്യാതഗ്രന്ഥത്തില്‍ സൂചനയുണ്ട്) അവരെക്കുറിച്ചെഴുതിയ കവിതയാണ് ഇതെന്നും ചില ലേഖനങ്ങളില്‍ കാണുന്നു. ആ പെണ്‍കുട്ടി മൗറീഷ്യസിലേക്ക് കൊണ്ടുപോയ ഒരു അടിമസ്ത്രീയുടെ മകളായിരുന്നുവെന്നും (മലബാറില്‍ നിലനിന്ന അടിമക്കച്ചവടത്തിലേക്ക് ഇക്കാര്യം ശക്തമായി വിരല്‍ചൂണ്ടുന്നു) ഈ ലേഖനങ്ങള്‍ വിശദീകരിക്കുന്നു.

ഇപ്പറയുന്ന കാര്യമാണ് ശരിയെങ്കില്‍, അല്ലെങ്കില്‍ വിവര്‍ത്തകന്‍ എന്ന നിലയില്‍ ആറ്റൂര്‍ ഇത്തരമൊരു കാര്യത്തിനാണ് ഊന്നല്‍ നല്‍കിയിരുന്നതെങ്കില്‍ മലബാര്‍ എന്നത് മലയാളി എന്നാകുമായിരുന്നോ എന്നാലോചിക്കുമ്പോള്‍ മിക്കവാറും ആകുമായിരുന്നില്ല എന്ന ഉത്തരമാണ് ലഭിക്കുക. ആറ്റൂരിന്റെ ഊന്നലുകളെക്കുറിച്ച് അറിയാവുന്നവര്‍ക്ക് പ്രത്യേകിച്ചും. മലബാര്‍ എന്ന യൂറോപ്യന്‍ കോളനിയില്‍ നിന്ന് (അത് ബ്രിട്ടനോ, ഫ്രാന്‍സോ ആകാം) കൊണ്ടുപോയ അടിമ സ്ത്രീയുടെ മകള്‍ മലബാറുകാരിയോ അതോ മലയാളിയോ? ബോദ്‌ലേറുടെ പ്രയോഗമായിരുന്നോ വിവര്‍ത്തനത്തില്‍ ആറ്റൂര്‍ വരുത്തിയ മാറ്റമായിരുന്നോ ശരി? പോസ്റ്റ് കൊളോണിയല്‍ പണ്ഡിതര്‍ തീര്‍ച്ചയായും ആലോചിക്കേണ്ട കാര്യമാണിതെന്ന് തന്നെ തോന്നുന്നു.
കെ.എ. കൊടുങ്ങല്ലൂരിന്റെ വിവര്‍ത്തനവും ആറ്റൂരിന്റെ വിവര്‍ത്തനവും- അതിലെ ഊന്നലുകളും പരിഭാഷ ഒരു പ്രധാന വിഷയമായി മാറിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് ചര്‍ച്ചകളില്‍ ഇടം പിടിക്കേണ്ടുന്ന കാര്യങ്ങളായി ഇന്ന് മലബാറിലിരുന്ന് ഈ രചനകള്‍ വായിക്കുമ്പോള്‍ അനുഭവപ്പെടുന്നു.
ഉമർ തറമേൽ
30 Sep 2020, 08:45 PM
പരിഭാഷാദിനത്തിൽ ഏറെ ശ്രദ്ധേയവും വ്യത്യസ്തവുമായി മുസഫർ അഹമ്മദിന്റെ കുറിപ്പ്. പരാമർശിക്കപ്പെട്ട കഥകളിൽ ഒക്കെ പന്തയകുതിരകൾ ഉണ്ട്. മലബാർ /കേരളം കുതിരകളുടെ നാടൊന്നുമായിരുന്നില്ല. ബ്രിട്ടീഷ് അധിനിവേശത്തോടെയാണ്, കുതിരപ്പടയും മറ്റും രാഷ്ട്രീയ പടയാളിപ്പടയാകുന്നത്. രാഷ്ട്രീയ പന്തയം എന്ന പ്രയോഗത്തോട് കുതിര, ഏറെ സാത്മ്യം നേടുന്നത് ഇക്കാലത്തായിരിക്കാം. ഈ കഥകളിൽ അതിന്റെ അനുരണനം ഉണ്ട്. ആ പന്തയക്കുതിര കാലത്തിനു, പുതിയ രാഷ്ട്രീയ പരിവാർ ഭാഷ്യം മലബാറുമായി ബന്ധപ്പെട്ട് ഇപ്പോൾ വളർന്നു വന്നു കൊണ്ടിരിക്കയാണ്. കുതിരക്കുളമ്പടിയൊച്ചകൾ കേട്ടു തുടങ്ങിയിരിക്കുന്നു.
Laila Saein
30 Sep 2020, 08:10 PM
Its really informative and the language is simply amazing.
Shaji Joseph
30 Sep 2020, 06:27 PM
നന്നായി
ബിന്ദു കൃഷ്ണൻ
Dec 23, 2020
5 Minutes Listening
Gopi Nedungadi
1 Oct 2020, 09:49 AM
മലബാർ എന്നും രാഷ്ട്രീയ വിവാദങ്ങളുടെ മാത്രം ഭൂമികയായി നിലനിൽകുമ്പോൾ മുസഫർ അഹമ്മദിന്റ വേറിട്ട രീതിയിൽ സംസ്‍കാരികവും സാഹിത്യപരവുമായ പുനർവായന കൗതുകം ഉണർത്തുന്നു. ഒരുവേള ഭാവിയിൽ ഈ വഴിയിലും ചിന്തകൾ വളർന്നേക്കാം. വിഭജനങ്ങൾക്ക് മാത്രം ഉപയോഗിക്കപ്പെട്ട മലബാർ ഗതിമറി സഞ്ചരിക്കുന്നത് രസകരം. ഭാവുകങ്ങൾ.