ആല്‍ബേര്‍ കാമുവിന്റെ അപൂര്‍ണമായ നോവല്‍ 'ഒന്നാമത്തെ മനുഷ്യനെ' ആധാരമാക്കി ഇറ്റാലിയന്‍ സംവിധായകന്‍ ജിയാന്നി അമിലിയൊ അതേപേരിലെടുത്ത സിനിമ, കാമുവിനുള്ള നല്ലൊരു ശ്രദ്ധാഞ്ജലിയാണ്. കാറപകടത്തില്‍ കാമു മരിക്കുമ്പോള്‍ ഈ നോവല്‍ പൂര്‍ത്തിയാക്കപ്പെടാത്ത രൂപത്തില്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. അപൂര്‍ണനോവലിന്റെ ചലച്ചിത്രാവിഷ്‌കാരം അപൂര്‍ണമാണെന്ന പ്രതീതി ജനിപ്പിക്കുന്നില്ല
4 Dec 2020, 07:24 PM
എന്താണ് ഓര്‍മകള്‍?
മുറിച്ചെടുക്കുകയും ഒട്ടിച്ചുചേര്‍ക്കുകയും സ്വന്തം ആശയലോകം കൊണ്ടു വ്യാഖ്യാനിക്കുകയും ചെയ്യുന്ന ജീവിതത്തിലെ ഏടുകളത്രേ അത്. ഓര്‍മകളില്‍ നാം ശുദ്ധീകരിക്കപ്പെടുന്നുണ്ട്. സ്വയം വിമര്‍ശിക്കുന്നുണ്ട്. പശ്ചാത്തപിക്കുന്നുണ്ട്. ഉള്ളിലെവിടെയോ തിളയ്ക്കുന്ന സ്വയം നിര്‍മലീകരിക്കാനുള്ള അഭിവാഞ്ഛ ഓര്‍മകളില്‍ ശക്തമായി പ്രവര്‍ത്തിക്കുന്നു.
ഓര്‍മകള്‍ ബാല്യത്തെ കുറിച്ചാകുമ്പോള്‍ കൂടുതല്‍ തരളമാകുന്നു.
നിങ്ങള്‍ക്കൊരു ബാല്യമില്ലേ എന്ന മഹാകവിയുടെ ചോദ്യത്തില്‍ ബാല്യത്തിന്റെ മഹത്വം ധ്വനിക്കുന്നുണ്ടായിരുന്നുവല്ലോ. നമ്മെ രൂപപ്പെടുത്തുന്നതില്‍ ബാല്യ-കൗമാരാനുഭവങ്ങള്‍ക്കുള്ള പങ്ക് ഇപ്പോള്‍ മനഃശാസ്ത്രപഠനങ്ങളുടെ കാലത്ത് സുവിദിതമായിരിക്കുന്നു.
കാമുവിന്റെ അപൂര്‍ണനോവലിനെ അധികരിച്ച് ജിയാന്നി അമിലിയൊ സംവിധാനം ചെയ്ത ഒന്നാമത്തെ മനുഷ്യന്‍ എന്ന ചലച്ചിത്രം ഓര്‍മകളുടെ ഒരു രേഖയാണ്. ചലച്ചിത്രത്തിലെ കഥാപുരുഷനെ രൂപപ്പെടുത്തിയ ബാല്യ-കൗമാരജീവിതം ഓര്‍മകളിലൂടെ ആവിഷ്‌കൃതമാകുന്നു. മതാത്മകമല്ലാത്തതും ഉയര്‍ന്ന മൂല്യസംവാഹിയുമായ മാനവികാത്മീയതയുടെ അത്രമേല്‍ പരിചിതമല്ലാത്ത ലോകങ്ങളിലേക്ക് ഈ ചലച്ചിത്രം നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. അനന്യവും സരളവും പ്രശാന്തവുമായ സ്നേഹാനുഭവങ്ങളെ ചലച്ചിത്രം പ്രദാനം ചെയ്യുന്നു.
എന്താണ് ഒരു എഴുത്തുകാരന്റെ കടമ?
ഴാക് കൊര്‍മേരി എന്ന എഴുത്തുകാരന്‍ സ്വന്തം നാടായ അല്‍ജീരിയയിലേക്കു വരികയാണ്. അല്‍ജീരിയയിലെ അധിനിവേശവിരുദ്ധ പ്രക്ഷോഭത്തിന്റെ നാളുകളാണത്. തന്റെ അച്ഛനെ അടക്കം ചെയ്ത സ്ഥലം അദ്ദേഹം കണ്ടെത്തുന്നു. അവിടെ നിശബ്ദനായിരിക്കുന്നു. പിന്നെ, കാറിലെ യാത്ര. അദ്ദേഹത്തോടൊപ്പം രണ്ടു വിദ്യാര്‍ത്ഥികളുമുണ്ട്. അവര്‍ സര്‍വകലാശാലയിലേക്കാണു പോകുന്നത്.
വര്‍ഷങ്ങള്‍ക്കു മുന്നേ കൊര്‍മേരി അവിടെ പഠിച്ചിരുന്നു. അദ്ദേഹം അവിടെ ഇപ്പോള്‍ ക്ഷണിക്കപ്പെട്ട അതിഥിയായി എത്തുകയാണെന്നു തോന്നുന്നു. വിദ്യാര്‍ത്ഥികളോടൊപ്പം അദ്ദേഹം സര്‍വ്വകലാശാലയിലേക്കു കയറുമ്പോള്‍ എല്ലാവരും അദ്ദേഹത്തെ ശ്രദ്ധിക്കുന്നു. ഒരു പ്രതിഷേധമുദ്രാവാക്യം മുഴങ്ങുന്നുണ്ട്. എല്ലാവര്‍ക്കും അദ്ദേഹത്തെ അറിയാം. നാടിന്റെ പ്രശസ്തനായ എഴുത്തുകാരനാണ്, അദ്ദേഹം.

ഒരു കാലത്ത് താന്‍ പഠിക്കാനായി ഇരുന്ന ക്ലാസ്മുറിയില്‍ തിങ്ങിക്കൂടിയിരിക്കുന്ന വിദ്യാര്‍ത്ഥികളോട് അദ്ദേഹം സംസാരിക്കുന്നു - ഒരു എഴുത്തുകാരന്റെ കടമ ചരിത്രം നിര്‍മ്മിക്കുന്നവരെ സേവിക്കുകയെന്നതല്ല; മറിച്ച്, അതില്‍ സഹിക്കുന്നവരെ സഹായിക്കുകയെന്നതാണ്. അല്‍ജീരിയയിലെ അറബികളും ഫ്രഞ്ചുകാരും കൂട്ടുചേര്‍ന്നു നിലനില്‍ക്കുന്നതില്‍ ഞാന്‍ വിശ്വസിക്കുന്നു.
തുല്യരും സ്വതന്ത്രരുമായ ജനങ്ങളുടെ സഹഅസ്തിത്വം മാത്രമാണ് ഏക പരിഹാരമാര്‍ഗ്ഗം. അല്‍ജീരിയ ഫ്രഞ്ചാണ്. അവസാനത്തെ വാക്യം അദ്ദേഹം പറയുമ്പോള്‍ സദസ്സിലെ ഒരു വിഭാഗം പ്രക്ഷുബ്ധമാകുന്നു. ഈ ദൃശ്യങ്ങളോടെയാണ്, ജിയാന്നി അമിലിയൊയുടെ ചലച്ചിത്രം ആരംഭിക്കുന്നത്. ഴാക് കൊര്‍മേരിയുടെ പ്രാഗ്രൂപം ആല്‍ബേര്‍ കാമു തന്നെയാണെന്നു കരുതപ്പെടുന്നു.
കാതലില്‍ അര്‍ജീരിയക്കാരനായിരുന്ന കാമു
ഴാക് കൊര്‍മേരിയുടെ അല്‍ജീരിയയോടുള്ള സമീപനം അദ്ദേഹത്തിന്റെ പ്രഭാഷണത്തിലെ വാക്കുകളിലുണ്ട്. അത് ആല്‍ബേര്‍ കാമുവിന്റെ അല്‍ജീരിയയോടുള്ള സമീപനം തന്നെയാണ്. അദ്ദേഹം അറബികളുടെ രാഷ്ട്രീയഅവകാശങ്ങള്‍ക്കു വേണ്ടി വാദിച്ചുവെങ്കിലും സ്വതന്ത്രമായ അല്‍ജീരിയയെ വിഭാവനം ചെയ്യാന്‍ വിസമ്മതിച്ചു. ഫ്രഞ്ച് അല്‍ജീരിയയെ കുറിച്ചുള്ള കാമുവിന്റെ സമീപനം അല്‍ജീരിയയിലെ ഭൂരിപക്ഷത്തിനും സ്വീകാര്യമായിരുന്നില്ല.
മറ്റൊരു രീതിയില്‍, അത് വര്‍ണവിവേചനത്തിന്റെ ദക്ഷിണാഫ്രിക്കയെ പോലെയായിരുന്നു. അത് രണ്ടു ലോകങ്ങളായി പിളര്‍ന്നിരുന്നു - അറബിലോകവും യൂറോപ്യന്മാരുടെ ലോകവും. കാമു അസാധാരണമെന്നോണം കാതലില്‍ അല്‍ജീരിയക്കാരനായിരുന്നു. അല്‍ജീരിയക്കാര്‍ അദ്ദേഹത്തെ മഹാനായി കണ്ടിരുന്നിരിക്കണം. എന്നാല്‍, അദ്ദേഹം അന്യനായിരുന്നു.
ജിയാന്നി അമിലിയൊയുടെ ഴാക് കൊര്‍മേരിയും ഇങ്ങനെ തന്നെയാണെന്നു തോന്നുന്നു. ഈ നായകനെ അത്ഭുതാദരങ്ങളോടെ നോക്കുന്ന നാട്ടുകാരെ ചലച്ചിത്രകാരന്‍ പല പ്രാവശ്യം കാണിക്കുന്നുണ്ട്. നായകനാകട്ടെ, വളരെ പ്രതിജ്ഞാബദ്ധതയോടെ ചില ദൗത്യങ്ങള്‍ ഏറ്റെടുക്കുന്നു. എങ്കിലും ആ പിളര്‍പ്പ് നാം അനുഭവിക്കുന്നു. അല്‍ജീരിയയുടെ കലുഷമായ രാഷ്ട്രീയാന്തരീക്ഷം ചലച്ചിത്രത്തില്‍ കടന്നുവരുന്നുണ്ട്.
സൈനികപരിശോധനകള്‍, തോക്കുമേന്തി കാവല്‍ നില്‍ക്കുന്ന പട്ടാളക്കാര്‍, സ്ഫോടനത്തിന്റെയോ തീവയ്പ്പിന്റെയോ ദൃശ്യങ്ങള്‍ ഇവയെല്ലാം. ഇതിന്നപ്പുറത്ത് നായകന്റെ ബാല്യ-കൗമാരകാലജീവിതത്തിലേക്കുള്ള പ്രവേശികയായി ഈ സന്ദര്‍ശനം മാറുന്നു. അതീവ ഹൃദ്യമായ ആഖ്യാനമാണിത്.
ഓര്‍മകളില്ലായിരുന്നെങ്കില്‍ എല്ലാം നിരര്‍ത്ഥകം
ഴാക് കൊര്‍മേരിയുടെ ബാല്യകാലം സംഘര്‍ഷഭരിതമായിരുന്നു. പിതാവിനെ കണ്ട ഓര്‍മകള്‍ അവനുണ്ടാകില്ല. സ്നേഹനിധിയായ അമ്മ ഒരു അലക്കുതൊഴിലാളിയായി പണിയെടുത്തു. അവര്‍ ഒരു പാവം സ്ത്രീ. മകനെ എന്തെന്നില്ലാതെ സ്നേഹിക്കുന്നവള്‍. ദാരിദ്ര്യത്തിന്റെ നാളുകളായിരുന്നു അത്. മുത്തശ്ശിയുടെ കഠിനമായ ശിക്ഷണത്തിലാണ് അവന്‍ വളര്‍ന്നത്.
ചെറിയ കുസൃതികള്‍ക്ക് മുത്തശ്ശി അവനെ പ്രഹരിക്കുമ്പോള്‍ നുറുങ്ങുന്ന ഹൃദയവുമായി അവളിരിക്കുന്നതു നാം കാണുന്നു. എന്നാല്‍, തന്റെ വീഴ്ചയില്‍ തനിക്കു വേണ്ടി കശാപ്പുകാരനോടു മാപ്പു പറയാന്‍ ഴാക്കിനെ പറഞ്ഞയയ്ക്കുന്ന മുത്തശ്ശിയെ നാം കാണുന്നുണ്ട്. കാണാതായ പണത്തിനു വേണ്ടി പ്രാര്‍ത്ഥനകളോടെ തിരയുന്ന മുത്തശ്ശി ഴാക്കിനെ എന്തെല്ലാം പഠിപ്പിക്കുന്നില്ല? ആ രണ്ടു സ്ത്രീകളാണ് അയാളെ നിര്‍മ്മിച്ചെടുത്തതെന്ന് ഴാക്കിന്റെ പ്രിയപ്പെട്ട അദ്ധ്യാപകന്‍ പറയുന്നത് പിന്നീടു നാം കേള്‍ക്കുന്നുണ്ട്.
എന്നാല്‍, ഒരു ദിവസം ശിക്ഷയേറ്റുവാങ്ങാനുള്ള മുത്തശ്ശിയുടെ വിളി ഴാക് കേള്‍ക്കുന്നില്ല. ബാല്യം എങ്ങനെയാണ് ഒരു മനുഷ്യനെ രൂപപ്പെടുത്തുന്നതെന്ന് എത്രയും ഹൃദയാവര്‍ജ്ജകമായി ജിയാന്നി അമിലിയൊ ദൃശ്യവല്‍ക്കരിക്കുന്നു.
ഴാക് കൊര്‍മേരിയുടെ അല്‍ജീരിയന്‍ സന്ദര്‍ശനകാലവും ബാല്യകാലജീവിതവും മാറി മാറിവരുന്ന ഫ്ളാഷ്ബാക്കുകളിലൂടെയാണ് ചലച്ചിത്രം മുന്നോട്ടു നീങ്ങുന്നത്. നേര്‍രേഖീയമല്ലാത്ത ഈ അവതരണരീതി സംവേദനത്തിന് സഹായകമായി തീരുന്നതാണ്.
ഒരിക്കല്‍ ജീവിച്ച സ്ഥലങ്ങള്‍ കാണുമ്പോള്‍, അന്ന് ഒരുമിച്ചു ജീവിച്ചിരുന്നവരെ കാണുമ്പോള്‍ ബാല്യകാലത്തിലേക്കു കൊര്‍മേരി സഞ്ചരിക്കുന്നു. അയാളില്‍ ഓര്‍മ്മകള്‍ ഉണരുന്നു. ഓര്‍മ്മകള്‍ ഈ ചലച്ചിത്രത്തിന്റെ വലിയൊരു ഭാഗമായിരിക്കുന്നു. ഓര്‍മകളില്ലായിരുന്നെങ്കില്‍ എല്ലാം നിരര്‍ത്ഥകമായിപ്പോകുമായിരുന്നെന്നു പ്രേക്ഷകനു തോന്നുന്ന വിധത്തില്‍ അവയുടെ സഫലമായ ആവിഷ്‌ക്കാരമാണ് ചലച്ചിത്രം നിര്‍വ്വഹിക്കുന്നത്.
ആരാണ് പാവങ്ങളെന്നു ഴാക് അമ്മയോടു ചോദിക്കുന്ന ഒരു പ്രകരണത്തെ ചലച്ചിത്രകാരന്‍ ചലച്ചിത്രത്തില്‍ ഉള്‍ച്ചേര്‍ക്കുന്നുണ്ട്. നമ്മളാണ്, മുത്തശ്ശിയും ഞാനും അമ്മാവനുമെല്ലാം ദരിദ്രരാണെന്ന് അമ്മ മറുപടി പറയുന്നു. നമ്മളാണ് പാവങ്ങളെങ്കില്‍ എല്ലാം നല്ലതാണെന്നു പ്രതികരിക്കുന്ന ബാലനെ നാം കാണുന്നു. ഇപ്പോള്‍, അവന്റെ അമ്മയുടെ മുഖത്തു വിരിയുന്ന ചിരി മകന്റെ സ്വഭാവത്തിനു നല്‍കുന്ന പാരിതോഷികമാണ്. സഹനത്തിനുള്ള ശേഷിയെ, യാഥാര്‍ത്ഥ്യത്തെ ഉള്‍ക്കൊള്ളാനുള്ള കഴിവിനെ ഴാക്കില്‍ നാം കാണുന്നു.
അവന്‍ നിഷേധങ്ങളിലൂടെയല്ല വളരുന്നത്, യാഥാര്‍ത്ഥ്യത്തിന്റെ കഠിനമുഖത്തെ നേരിട്ടുകൊണ്ടും മനസ്സിലാക്കലിലൂടെയും ഒത്തുതീര്‍പ്പുകളിലൂടെയുമാണ്. ഫ്രഞ്ചും അറബികളും ഒരുമിച്ചു ജീവിക്കണമെന്ന ഴാക്കിന്റെ ആഗ്രഹത്തിനു പിന്നില്‍ അവനില്‍ പ്രവര്‍ത്തിക്കുന്ന സഹനത്തിന്റെ ചിന്തക്ക് പങ്കുണ്ടെന്നു തോന്നാവുന്നതാണ്.
ഴാക്കിന്റെ അദ്ധ്യാപകന്‍ അവന്റെ ജീവിതത്തിലെ വഴികാട്ടിയായിത്തീരുന്നു. കുടുംബത്തെ സഹായിക്കാന്‍ പുറത്തു തൊഴിലെടുക്കാന്‍ പോയിത്തുടങ്ങിയിരുന്ന ഴാക്കിനെ വിദ്യാഭ്യാസത്തിലേക്കു തിരിച്ചു കൊണ്ടുവരുന്നത് അവന്റെ അദ്ധ്യാപകനാണ്. ഈ അല്‍ജീരിയ സന്ദര്‍ശനവേളയില്‍ ആ അദ്ധ്യാപകനു സമര്‍പ്പിച്ച പുസ്തകവുമായി ഴാക് കൊര്‍മേരി അദ്ദേഹത്തെ കാണുന്നുണ്ട്. മറക്കാനാവാത്ത ഒരു കൂടിക്കാഴ്ചയേയാണ് ദൃശ്യങ്ങളിലൂടെ ചലച്ചിത്രകാരന്‍ ഒരുക്കുന്നത്. അവരുടെ സംസാരത്തില്‍ സ്നേഹവും ചരിത്രവും മൂല്യസംഘര്‍ഷങ്ങളും കൂടിക്കുഴയുന്നതു നാം കാണുന്നു.
തങ്ങളെ കുറിച്ച്, തങ്ങളുടെ ദുരന്തത്തെ കുറിച്ച് ഒരു നോവലെഴുതാന്‍ ആ അദ്ധ്യാപകന്‍ തന്റെ ലോകപ്രശസ്തനായ ശിഷ്യനോടു പറയുന്നു. നോവലുകളിലാണ് സത്യമുള്ളത്. റഷ്യ അതിന്റെ ചരിത്രപുസ്തകങ്ങളിലല്ല, ഡോസ്റ്റോവ്സ്‌ക്കിയുടേയും ടോള്‍സ്റ്റോയിയുടേയും കൃതികളിലാണ്. ക്ലാസ്മുറിയില്‍ സ്വയം തന്റെ പ്രതിയോഗി ചമഞ്ഞ് ആക്രമിച്ചിരുന്ന സഹപാഠിയെ ഴാക് കൊര്‍മേരി പോയിക്കാണുന്നുണ്ട്. ബോംബ് സ്ഫോടനക്കേസില്‍ കുറ്റവാളിയായി ജയിലില്‍ കഴിയുന്ന മകനെ കാണാന്‍ ഴാക് അയാള്‍ക്ക് അവസരമുണ്ടാക്കുന്നു.
ഫ്രാന്‍സ്- അല്‍ജീരിയ വൈരുധ്യം
ഴാക്കിന്റെ അല്‍ജീരിയ സന്ദര്‍ശനത്തിലുടനീളം ഫ്രാന്‍സും അല്‍ജീരിയയും തമ്മിലുള്ള വൈരുധ്യങ്ങള്‍ കടന്നു വരുന്നുണ്ട്. തന്റെ സഹപാഠിയെ ഴാക് കാണുന്ന സന്ദര്‍ഭത്തിലും താന്‍ ജനിച്ച ആടു വളര്‍ത്തല്‍ കേന്ദ്രം കാണാന്‍ അദ്ദേഹം എത്തിച്ചേരുന്ന സന്ദര്‍ഭത്തിലും ഈ വൈരുദ്ധ്യത്തെ സംഭാഷണങ്ങളിലൂടെ നാം കേള്‍ക്കുന്നു. ഴാക് നടത്തുന്ന റേഡിയോ പ്രഭാഷണത്തില്‍ അയാളുടെ വ്യാകുലതകള്‍ റേഖപ്പെടുന്നുണ്ട്.
അമ്മയും മകനും തമ്മിലുള്ള സംഭാഷണരംഗങ്ങള്‍ ചലച്ചിത്രത്തിലെ ശക്തമായ ചില ദൃശ്യങ്ങളാണ്. എന്തുകൊണ്ടാണ് ഒറ്റയ്ക്ക് ഇവിടെ അല്‍ജീരിയയില്‍ തന്നെ കഴിയാന്‍ ആഗ്രഹിക്കുന്നതെന്ന് ഴാക് കൊര്‍മേരി അമ്മയോടു ചോദിക്കുന്നുണ്ട്. ഫ്രാന്‍സ് സുന്ദരിയാണ്, എന്നാല്‍ അവിടെ അറബികളില്ല എന്ന് അവര്‍ മറുപടി നല്‍കുന്നു. തന്റെ ജീവിതത്തിലുടനീളം ഒരുമിച്ചുണ്ടായിരുന്നവര്‍ ഇനിയും ഒരുമിച്ചുണ്ടാകണമെന്ന് ആഗ്രഹിക്കുന്ന തന്റെ അമ്മയെ അയാള്‍ക്കു മനസ്സിലാകും.

ഐക്യത്തിനും സമാധാനത്തിനും രണ്ടു ജനതകളുടേയും ഒരുമിച്ചുള്ള ജീവിതത്തിനും വേണ്ടിയാണ് അമ്മയെ പോലെ തന്നെ മകനും ആഗ്രഹിക്കുന്നത്. മനുഷ്യരാശി നിരാശയിലും സഹനത്തിലും പെട്ട് തെറ്റായ കാര്യങ്ങള്‍ക്കു വേണ്ടിയാണോ മല്ലടിക്കുന്നതെന്ന ഖേദം അയാളിലുണ്ട്. എന്നാല്‍, ഈ മനോഭാവം ഫ്രഞ്ച് അധിനിവേശത്തിനുള്ള ന്യായീകരണമായി തീരുന്നുണ്ടോയെന്ന സന്ദേഹം പ്രേക്ഷകരില്‍ ഉണരാതിരിക്കുന്നില്ല.
ആല്‍ബേര്‍ കാമുവിന്റെ അപൂര്‍ണമായ നോവലാണ് ജിയാന്നി അമിലിയൊ ചലച്ചിത്രമാക്കിയത്. കാര്‍ അപകടത്തില്‍ പെട്ട് കാമു മരിക്കുമ്പോള്‍ ഈ നോവല്‍ പൂര്‍ത്തിയാക്കപ്പെടാത്ത രൂപത്തില്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. അപൂര്‍ണനോവലിന്റെ ചലച്ചിത്രാവിഷ്‌കാരം അപൂര്‍ണ്ണമാണെന്ന പ്രതീതി ജനിപ്പിക്കുന്നില്ല. വര്‍ഷങ്ങള്‍ക്കു മുന്നേ തന്നെ കാനിലെ മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിയ ജിയാന്നി അമിലിയൊയുടെ ഈ ചിത്രം ആല്‍ബേര്‍ കാമുവിനുള്ള നല്ലൊരു ശ്രദ്ധാഞ്ജലിയായിരുന്നു.
Directed by Gianni Amelio, Screenplay by Gianni Amelio, Based on Le Premier Homme by Albert Camus, Starring: Jacques Gamblin, Catherine Sola, Maya Sansa, Denis Podalydès, Cinematography Yves Cape, Running time: 100 minutes,
Country: France -Italy, Language: French
സേതു
Feb 19, 2021
5 Minutes Read
ഡോ. എം. മുരളീധരന്‍
Feb 09, 2021
5 minutes read
ജോഷിന രാമകൃഷ്ണന്‍
Jan 16, 2021
5 Minutes Read
ശ്രീഹരി ശ്രീധരന്‍
Nov 19, 2020
3 Minutes Read
ഗീത
Nov 19, 2020
20 Minutes Read
പി.പി. ശോശു
Nov 13, 2020
3 Minutes Read
റിമ മാത്യു
Oct 31, 2020
18 Minutes Read