വക്കം മൗലവിയിലെ
പ്രബുദ്ധതയെ സംശയത്തിലാക്കുന്ന
ചില സ്വദേശാഭിമാനി വൈരുദ്ധ്യങ്ങള്‍
വക്കം മൗലവിയിലെ പ്രബുദ്ധതയെ സംശയത്തിലാക്കുന്ന ചില സ്വദേശാഭിമാനി വൈരുദ്ധ്യങ്ങള്‍
സവര്‍ണ വിധേയത്വം കഴുത്തിലണിഞ്ഞ് ജാതിവെറിയുടെ പ്രതിലോമതകളില്‍ നിശബ്ദത പുലര്‍ത്തിയ വക്കം മൗലവി പിന്നീട് എന്തുകൊണ്ട് സവര്‍ണ ബോധ നവോത്ഥാന ചരിത്രങ്ങളിലെ മുഖ്യ / ഏക മാപ്പിളയായി ഉയര്‍ത്തപ്പെട്ടു എന്നതിന്റെ വായന വികസിക്കേണ്ടതുണ്ട്.
16 Nov 2021, 09:51 AM
കേരള ‘മുസ്‌ലിം നവോത്ഥാനത്തിന്റെ പിതാവ്', എന്ന പരികല്‍പ്പനക്ക് അര്‍ഹനായ നവ സംസ്‌കാര മുസ്‌ലിമാണല്ലോ വക്കം മൗലവി. തീണ്ടിക്കൂടായ്മയുടേയും തൊട്ടുകൂടായ്മയുടെയും സാമൂഹിക പരിസരത്ത് അധികാരസ്ഥാനമോഹികള്‍ തീര്‍ത്ത സാമൂഹിക ഘടന പ്രാമുഖ്യം പ്രാപിച്ച ഒരു കാലം. സാമൂഹിക ചിന്തകളില്‍ മോഡേണിറ്റി ആവശ്യപ്പെട്ടുള്ള പ്രതിക്രിയകള്‍ എമ്പാടും നടന്നുകൊണ്ടിരിക്കുന്ന കാലം. കീഴ്ജാതിയും മേല്‍ജാതിയും എന്ന ജാതിവരകളില്‍ വേര്‍തിരിക്കപ്പെട്ട സാംസ്‌കാരിക അധഃപ്പതന കാലഘട്ടത്തില്‍, വക്കം മൗലവി സാമുദായികോദ്ധാരണത്തിന് ചാലകശക്തിയാകും വിധം ‘സ്വദേശാഭിമാനി' പത്രത്തിന് തുടക്കം കുറിക്കുന്നു.
ഭാഷാപരവും, സാമൂഹികപരവുമായ സ്വീകാര്യതയില്‍ മേല്‍ജാതി ബോധത്തെ പിന്തുടരുന്നതിനാണ് വക്കവും അദ്ദേഹത്തിന്റെ പത്രവും താല്‍പര്യം കാണിച്ചത് എന്നുപറയാം. സാമ്രാജത്വ വിരുദ്ധ മനോഗതിയുടെ കാര്യത്തിൽ ചരിത്ര ഏടുകളില്‍ വലിയ സ്വീകാര്യത നേടിയ സ്വദേശാഭിമാനി പക്ഷേ, സവര്‍ണ താല്‍പര്യങ്ങളെ ചോദ്യം ചെയ്യപ്പെടുന്ന ഘട്ടം വരുമ്പോള്‍ അതിന്റെ സവര്‍ണ വിധേയത്വ ശൈലി കാണിച്ചിരുന്നു എന്നുവേണം കരുതാന്‍.
തന്റെ പത്രാധിപര്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കി, മുസ്‌ലിം പരിഷ്‌കരണ യജ്ഞത്തില്‍ ശ്രദ്ധയൂന്നിയ വക്കം, സി. പി. ഗോവിന്ദ പിള്ളയും പിന്നീട് ബാലകൃഷ്ണപ്പിള്ളയേയും പത്ര ചുമതല ഏല്‍പ്പിക്കുന്നു. രാമകൃഷ്ണപിള്ളയുടെ ഉപരിപഠനാവശ്യാര്‍ത്ഥം അഞ്ചുതെങ്ങില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പത്ര ആസ്ഥാനം മാറ്റുന്നതിനും അദ്ദേഹം മടി കാണിച്ചില്ല. കേരള മാധ്യമ ചരിത്രത്തിലെ മുസ്‌ലിം പ്രാതിനിധ്യം അടയാളപ്പെടുത്തിയ അപൂര്‍വ്വത എന്ന വിശേഷണത്തിന് ഒരു പത്ര ഉടമയും, അദ്ദേഹത്തിന്റെ സ്ഥാപനവും അര്‍ഹമാകുന്നതിന്റെ ലളിതോദാഹരണം.
എന്നാല്‍ അക്കാലത്തു തന്നെയാണ് മുസ്‌ലിം - ദലിത് രാഷ്ട്രീയ സമരസപ്പെടലില്‍ മലബാറില്‍ സാമ്രാജത്യ വിരുദ്ധ പോരാട്ടങ്ങള്‍ നടക്കുന്നത് എന്നത് സ്വദേശാഭിമാനിയുടെ നിലപാട് ചര്‍ച്ചകളില്‍ എടുത്തുകാണിക്കേണ്ടതാണ്. സ്വദേശാഭിമാനി പത്രത്തിന്റെ ഉദയാസ്ഥമന കാലത്താണ് കൊളോണിയല്‍ സമരങ്ങളുടെ തീക്ഷണാനുഭവങ്ങളിലൂടെ സവര്‍ണ ജന്മികളെന്ന സാമ്രാജ്യത്വ ദല്ലാളുകളെ നേരിട്ടിരുന്നത്. എന്നാല്‍ കേരളത്തിന്റെ സവര്‍ണബോധ ശരികളുടെ പ്രചാരണ ഹേതുവായ രാമകൃഷ്ണപിള്ള, തന്നില്‍ അന്തര്‍ലീനമായ ഉന്നതകുലജാതി ചിന്തയുടെ പ്രസരണോപാധിയാക്കി സ്വദേശാഭിമാനിയെ മാനം കെടുത്തി എന്ന് മനസ്സിലാക്കാം.

ജാതീയ സമവാക്യങ്ങളില്‍ വര്‍ഗബോധം നിലനിര്‍ത്തി താഴ്ന്ന ജാതിക്കാരെ അധിക്ഷേപിക്കുന്ന ഒരു സമീപനം തുടര്‍ന്നുപോകാന്‍ പലപ്പോഴും സ്വദേശഭിമാനിയിലെ അച്ചടിത്താളുകളിലൂടെ അദ്ദേഹം ശ്രമിച്ചതായി കാണാം.
ബ്രിട്ടീഷ് വിരുദ്ധ സമീപനത്തിലും, ജനാധിപത്യബോധനിര്‍മിതി പ്രവര്‍ത്തനങ്ങളിലുമെല്ലാം ശക്തമായി തന്നെ അച്ചുകള്‍ നിരത്തി ദേശ സ്വാതന്ത്ര നിലപാടുകില്‍ ഉന്നതമായ കാഴ്ചപ്പാട് പുലര്‍ത്തിയ പത്രമാണ് സ്വദേശാഭിമാനി എന്നംഗീകരിക്കുമ്പോഴും, ചില സാഹചര്യത്തിലെങ്കിലും പത്രാധിപനിലെ ജാതി വെറിയുടെ പ്രചാരണ ഉപാധിയായി പത്രത്തെ ഉപയോഗപ്പെടുത്തി എന്നുപറയാം. നിലപാടിലെ ഇത്തരം ദൗര്‍ബല്യങ്ങളെ കണ്ടെത്തി, സവര്‍ണാശയ പ്രചാരണം അവസാനിപ്പിക്കാന്‍ സമയബന്ധിതമായൊരു ഇടപെടല്‍ നടത്താന്‍ വക്കം മൗലവി എന്ന നവോത്ഥാന ചിന്തകന് സാധിക്കാതെ പോയത് യാദൃശ്ചികതയാണോ?. അതല്ല പത്രാധിപനോടുള്ള അമിത വിശ്വാസം സവര്‍ണ ബോധത്തിന് കീഴൊടുങ്ങാന്‍ നിര്‍ബന്ധിതനാക്കി എന്ന് പറയേണ്ടി വരുമോ?. പത്രത്തിന്റെ പ്രവര്‍ത്തനം തന്നെ നിര്‍ത്തലാക്കിച്ച നെയ്യാറ്റിന്‍കര രാമകൃഷ്ണപിള്ളയുടെ ജാതി വെറി ലേഖനം സ്വദേശാഭിമാനിയുടെ താളുകളില്‍ മഷി പരത്തിയത് വിളിച്ചോതുന്നത് അതാണ്.
1910 ന് പത്രം കണ്ടുകെട്ടുന്നതിലേക്ക് നയിച്ച നടപടിയുടെ വിശദീകരണങ്ങള്‍ തീര്‍ച്ചയായും ഒരു ദേശസ്‌നേഹിയുടെ പരിത്യാഗം തന്നെ. കാരണം രാജ്യ വിരുദ്ധ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്ന സാമ്രാജ്യത്വ റാന്‍മൂളികളെ കവഞ്ചിക്ക് (കുതിര ചമ്മട്ടി) അടിക്കണം എന്നെഴുതുന്നത് ദേശസ്‌നേഹത്തിന്റെ ഉത്തമ മാതൃകയല്ലാതെന്ത്?. എന്നാല്‍ അതിനപ്പുറം ആ ഉത്തരവിന്റെ ധാര്‍മിക വശം അംഗീകരിക്കാതെ, രാമകൃഷ്ണപിള്ളയെന്ന സവര്‍ണ തമ്പുരാനെ ഇത്രത്തോളം ക്ഷുഭിതനാക്കിയ ആ ഉത്തരവ് എന്തായിരുന്നെന്ന് പരിശോധിക്കുമ്പോഴാണ്, ഒരു ദേശാഭിമാനിയേക്കാള്‍ ജാതിവെറിയുടെ യഥാര്‍ത്ഥ്യം ബോധ്യപ്പെടുക.
തിരുവിതാംകൂര്‍ മഹാരാജാവ് ശ്രീമൂലം തിരുനാളിന്റെ സുമനസ്സിനാല്‍, ക്രിസ്തുവര്‍ഷം 1910 (കൊല്ലവര്‍ഷം 1085) മാര്‍ച്ച് - 2ാം തിയ്യതിയില്‍ ദിവാന്‍സര്‍ രാജഗോപാലാചാരി ഇറക്കിയ ഉത്തരവിന്‍ പ്രകാരം: ഈഴവര്‍, ഹരിജന്‍ മുതലായ തീണ്ടല്‍ ജാതിക്കാര്‍ക്ക് സ്‌കൂള്‍ പ്രവേശനം അനുവദിക്കപ്പെടുകയുണ്ടായി- ഈ ഉത്തരവില്‍ വെറി പൂണ്ടാണ് രാമകൃഷ്ണപിള്ളയുടെ സവര്‍ണ ബോധത്തില്‍ കെട്ടിക്കിടന്നിരുന്ന ജാതിഭൂതം പുറത്തുവന്നത്. ഇതിനെതിരായി രാമകൃഷ്ണപിള്ളയുടെ ഉന്നതകുലാഭിമാനത്തില്‍ നിന്ന് നിര്‍ഗളിച്ച വാക്കുകള്‍ ഇങ്ങനെ: ‘ആചാര കാര്യത്തില്‍ സര്‍വ്വജനനീയനായ സമത്വം അനുഭവപ്പെടുണമെന്ന് വാദിക്കുന്നവര്‍ ആ സംഗതിയെ ആധാരമാക്കി കൊണ്ട് പാഠശാലകളില്‍ കുട്ടികളെ അവരുടെ വര്‍ഗ്ഗയോഗ്യതകളെ വക തിരിക്കാതെ നിര്‍ഭേദം ഒരുമിച്ചിരുത്തി പഠിക്കണമെന്നു ശഠിക്കുന്നതിനെ അനുകൂലിക്കുവാന്‍ ഞങ്ങള്‍ യുക്തി കാണുന്നില്ല. എത്രയോ തലമുറകളായി ബുദ്ധി കൃഷി ചെയ്തിട്ടുള്ള ജാതിക്കാരെയും എത്രയോ തലമുറകളായി നിലം കൃഷി ചെയ്തു വന്നിരിക്കുന്ന ജാതിക്കാരേയും ബുദ്ധി കൃഷിക്കാര്യത്തിനായി ഒന്നായി ചേര്‍ക്കുന്നതു കുതിരയേയും, പോത്തിനേയും ഒരു നുകത്തിന്‍ കീഴില്‍ കെട്ടുകയാണ്...'
വക്കം മൗലവിയെപ്പോലെ ഒരു ധിഷണാശാലിയുടെ ചിന്തയില്‍ നിന്നുടലെടുത്ത്, അദ്ധ്വാനം കൊണ്ടുദയം ചെയ്തതാണ് സ്വദേശാഭിമാനി പത്രം. നവോത്ഥാന സംസ്‌കരണത്തിന് മാപ്പിള സമൂഹത്തില്‍ പ്രായോഗികമാനം നല്‍കിയ ദീര്‍ഘവീക്ഷകന് പക്ഷേ ജാതി മേല്‍ക്കോയ്മയുടെ വിഷ ലിഖിതങ്ങളെ തിരുത്താനായില്ല എന്നത് ഖേദകരം തന്നെ.

രാമകൃഷണപിള്ളയെന്ന സവര്‍ണ നിലപാടുകാരന്റെ ആദ്യ ‘തെറ്റാ'യിരുന്നില്ല ഇത്. അയിത്തോച്ചാടനവും, താഴ്ന്ന ജാതിക്കാരുടെ ഉന്നമനവും ലക്ഷ്യം വെച്ച് പണ്ഡിത് കറുപ്പന്‍ രചിച്ച ‘ബാലകലേശം' എന്ന നാടകകൃതിക്കെതിരേയും ഇത്തരമൊരു നിലപാട് അദ്ദേഹം സ്വീകരിച്ചത് കാണാം. കേരള സമൂഹത്തിന്റെ ഭ്രാന്തായി പടര്‍ന്ന ജാതിവ്യവസ്ഥയെ നിശിതമായി വിമര്‍ശിക്കുന്ന ഈ രചനയുടെ മൂല്യത്തെ രാമകൃഷ്ണപിള്ള ചെറുത്തത് ബാലിശമായ വാദങ്ങളുയര്‍ത്തിയാണ്. ധീവര സമുദായംഗമായ കറുപ്പന്റെ കുലത്തൊഴിലിനെയും, ജാതിയെയും അപഹസിക്കുന്ന പ്രചാരണ രീതിയാണ് ആശയ ദാരിദ്ര്യം ബാധിച്ച ഈ സോ -കോള്‍ഡ് സാംസ്‌കാരിക പ്രബുദ്ധനായകന്‍ ഉപയോഗിച്ചത്.
ബാലകൃഷണപിള്ളയെന്ന ഉന്നത ജാതി ബോധക്കാരനില്‍ അന്തര്‍ലീനമായിരുന്ന ഇത്തരം നിര്‍ഭാഗ്യ സമീപനങ്ങളെ തദവസരത്തില്‍ ഉയര്‍ത്തിക്കാണിച്ച് നിര്‍ത്തിക്കുന്നതിനോ, അല്ലെങ്കില്‍ ആവശ്യമായ തിരുത്തല്‍ നടപടികള്‍ ഉപദേശിക്കാനോ ശ്രമിച്ചില്ല എന്നത് മൗലവിയിലെ പ്രബുദ്ധതയെ സംശയത്തിലാക്കുന്നു. സവര്‍ണ വിധേയത്വം കഴുത്തിലണിഞ്ഞ് ജാതിവെറിയുടെ പ്രതിലോമതകളില്‍ നിശബ്ദത പുലര്‍ത്തിയ വക്കം മൗലവി പിന്നീട് എന്തുകൊണ്ട് സവര്‍ണ ബോധ നവോത്ഥാന ചരിത്രങ്ങളിലെ മുഖ്യ / ഏക മാപ്പിളയായി ഉയര്‍ത്തപ്പെട്ടു എന്നതിന്റെ വായന വികസിക്കേണ്ടതുണ്ട്.
ഫാക്കല്‍റ്റി ഓഫ് സോഷ്യല്‍ സയന്‍സ്, എം.ഇ.എസ്. മമ്പാട് കോളേജ്.
അനസുദ്ദീൻ അസീസ്
May 12, 2022
8 minutes read
ടി.എം. ഹർഷൻ
Apr 27, 2022
1 Minute Reading
കെ.വി. ദിവ്യശ്രീ
Apr 26, 2022
9 Minutes Read
Think
Apr 25, 2022
4 Minutes Read
ഷഫീഖ് താമരശ്ശേരി
Apr 14, 2022
10 Minutes Read
ഒ.കെ. ജോണി
Apr 14, 2022
10 Minutes Read
ടി.എം. ഹര്‍ഷന്‍
Apr 07, 2022
44 Minutes Watch