അധികാരത്തെ
അതിജീവനത്തിനായ്
ഉപയോഗിച്ച പാസ്വാന്‍
അധികാരത്തെ അതിജീവനത്തിനായ് ഉപയോഗിച്ച പാസ്വാന്‍
രാം വിലാസ് പാസ്വാന്റെ രാഷ്ട്രീയ ജീവിതത്തിലെ പ്രത്യയശാസ്ത്ര ചാഞ്ചാട്ടങ്ങളും, രാഷ്ട്രീയ അവസരവാദവും, കുടുംബവാഴ്ചയുമാണ് ആ രാഷ്ട്രീയത്തെയും സംഘടനാപരമായ സ്വാധീനത്തെയും ഇന്ത്യയുടെ മറ്റുഭാഗങ്ങളിലേക്ക് വ്യാപിക്കുന്നത് തടഞ്ഞതെന്ന അഭിപ്രായമുണ്ട്. എന്നാല്‍, മാറിമാറി വന്ന വിഭിന്ന പ്രത്യയശാസ്ത്ര മുന്‍ഗണനകളുള്ള സര്‍ക്കാറുകളിലെ പാസ്വാന്റെ സാന്നിധ്യം സാമൂഹ്യ നീതിയിലധിഷ്ഠിതമായ പ്രവര്‍ത്തനങ്ങള്‍ക്കും സംരംഭങ്ങള്‍ക്കും, ആവശ്യമായ തലത്തിലല്ലെങ്കില്‍ കൂടിയും, കുറച്ചെങ്കിലും പ്രാമുഖ്യം നിലനിര്‍ത്താന്‍ സഹായിച്ചുവെന്ന വാദവും ഇതോടൊപ്പം സ്മരണീയമാണ്
9 Oct 2020, 06:08 PM
"ഈ യുവാവിന് ഇന്ത്യയുടെ ആദ്യ ദളിത് പ്രധാനമന്ത്രിയാവാന്‍ കെല്‍പ്പുണ്ട്'; 1989ല്‍ രാംവിലാസ് പാസ്വാനെ കേന്ദ്രമന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതിനും ഏറെ മുമ്പ്, മുന്‍ പ്രധാനമന്ത്രി വിശ്വനാഥ് പ്രതാപ് സിങ് ഇങ്ങനെയൊരു പ്രവചനം നടത്തി. ആ പ്രവചനത്തിന് ചില അടിസ്ഥാനങ്ങളുണ്ടായിരുന്നു.
പ്രധാനമന്ത്രി രാജീവ് ഗാന്ധിയുമായി പിരിഞ്ഞ സിങ്, സാമൂഹ്യനീതി എന്ന ലക്ഷ്യവുമായി ജന്‍മോര്‍ച്ച എന്ന അഴിമതിവിരുദ്ധ മുന്നേറ്റത്തിന് തുടക്കമിട്ട 1987കള്‍ മുതല്‍ പാസ്വാന്‍ അദ്ദേഹത്തോടൊപ്പമുണ്ട്. അക്കാലത്ത് അരുണ്‍ നെഹ്‌റു, ആരിഫ് മുഹമ്മദ് ഖാന്‍, മുഫ്തി മുഹമ്മദ് സയ്യിദ്, രാം ധന്‍, സത്യപാല്‍ മാലിക് എന്നിവരടക്കം ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള യുവാക്കളും നിരവധി മുതിര്‍ന്ന നേതാക്കളും സിങ്ങിനൊപ്പം പ്രവര്‍ത്തിച്ചിരുന്നു.

എന്നാല്‍ സവര്‍ണനായ ഠാക്കൂര്‍ രാജ ഓഫ് മാണ്ഡ (പ്രതാപ് സിങ്) ഇക്കൂട്ടത്തില്‍ പ്രധാനമന്ത്രിയാവാനുള്ള ക്ഷമത കണ്ടെത്തിയത് കഷ്ടിച്ച് 40 വയസുമാത്രമുള്ള ആ ദളിത് യുവാവിലായിരുന്നു. സിങ്ങിന്റെ പ്രവചനം സഫലമാക്കാന്‍ പാസ്വാന് കഴിഞ്ഞില്ല. എന്നാല്‍ ഇതുവരെ രാജ്യത്തെ മറ്റൊരു രാഷ്ട്രീയ നേതാവും നേടിയിട്ടില്ലാത്ത, ഭാവിയില്‍ നേടാന്‍ സാധ്യതയില്ലാത്ത അതുല്യമായ ഒരു റെക്കോര്‍ഡ് സ്വന്തമാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. 1989- 2020 കാലത്ത് ഏതാണ്ട് എല്ലാ കേന്ദ്രസര്‍ക്കാറുകളുടെയും ഭാഗമായിരുന്നു പാസ്വാന്‍ എന്നതാണ് ഈ അസാധാരണത്വം. വളരെ ചുരുങ്ങിയ കാലം മാത്രമേ അദ്ദേഹം അധികാരത്തിനു പുറത്തിരുന്നിട്ടുള്ളൂ.
വിശ്വനാഥ് പ്രതാപ് സിങ്, എച്ച്.ഡി ദേവഗൗഡ, ഐ.കെ ഗുജ്റാള്‍, അടല്‍ ബിഹാരി വാജ്‌പേയ്, മന്‍മോഹന്‍ സിങ്, നരേന്ദ്രമോദി എന്നിവരുടെയെല്ലാം സര്‍ക്കാറിന്റെ കാലത്ത് പാസ്വാന്‍ മന്ത്രിയായിരുന്നു. റെയില്‍വേ, തൊഴില്‍, ക്ഷേമം, ഭക്ഷ്യം എന്നിങ്ങനെ സുപ്രധാനമായ പല വകുപ്പുകളും കൈകാര്യം ചെയ്തു. ഒരു സര്‍ജറിയ്ക്കുശേഷം ആരോഗ്യം വീണ്ടെടുക്കാനുള്ള ശ്രമത്തിനിടെ 2020 ഒക്ടോബര്‍ എട്ടിന് ദല്‍ഹിയില്‍ വെച്ച് മരിക്കുമ്പോള്‍ ഈ 74 കാരന്‍ കേന്ദ്ര ഉപഭോക്തൃകാര്യ, ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രിയായിരുന്നു.
ജയിക്കുന്ന പക്ഷത്ത്
അധികാര രംഗത്ത് സ്ഥാനം നേടിയെടുക്കാനുളള പാസ്വാന്റെ സാമര്‍ത്ഥ്യം സമൂഹത്തിന്റെ വിവിധ കോണുകളില്‍, രാഷ്ട്രീയക്കാരും, ബ്യൂറോക്രസിയും ബുദ്ധിജീവികളുമടക്കമുള്ളവരില്‍, മതിപ്പും വെറുപ്പും സൃഷ്ടിച്ചിട്ടുണ്ട്. ബീഹാര്‍ രാഷ്ട്രീയത്തില്‍ ദീര്‍ഘകാലം അദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന, മുഖ്യമന്ത്രി കൂടിയായ ലാലു പ്രസാദ് യാദവ് ഒരിക്കല്‍ പാസ്വാനെ "രാജനീതിക് മൗസം വൈജ്ഞാനികി'ന്റെ ( political weathervane) ഗണത്തില്‍പ്പെടുത്തി.

പൊതുതെരഞ്ഞെടുപ്പിനു മുമ്പുതന്നെ ഏതുപക്ഷം ജയിക്കുമെന്ന് തിരിച്ചറിയാനുള്ള പാടവം ചൂണ്ടിക്കാട്ടിയായിരുന്നു ഈ പരാമര്‍ശം. സെന്റര്‍ ലെഫ്റ്റും വലതുപക്ഷവും മുതല്‍ തീവ്രവലതുപക്ഷം വരെ നീളുന്ന വ്യത്യസ്ത പ്രത്യയശാസ്ത്ര രാഷ്ട്രീയ ചായ് വുള്ള കേന്ദ്രസര്‍ക്കാറുകളില്‍ തുടര്‍ച്ചയായി ഇടംനേടാന്‍ ഈ സാമര്‍ഥ്യം കൊണ്ട് അദ്ദേഹത്തിന് സാധിച്ചു.
പി.വി. നരസിംഹറാവുവിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരണത്തിലിരുന്ന 1991-96 കാലഘട്ടം ഒഴികെ, 1989നും 2000ത്തിനും ഇടയിലുള്ള എല്ലാ മന്ത്രിസഭയുടെയും ഭാഗമായിരുന്നു പാസ്വാന്‍. 1996 ലും 1998ലും അദ്ദേഹം കോണ്‍ഗ്രസ് പിന്തുണച്ച ജനതാദള്‍ പ്രധാനമന്ത്രിമാരായിരുന്ന ദേവ ഗൗഡയുടെയും ഐ.കെ ഗുജറാളിന്റെയും ഒപ്പം പ്രവര്‍ത്തിച്ചു.
എന്നാല്‍ 1999ലെ തെരഞ്ഞെടുപ്പില്‍ അദ്ദേഹം, അത്തവണ ജയിച്ച അടല്‍ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള ഭാരതീയ ജനതാ പാര്‍ട്ടിക്ക് (ബി.ജെ.പി) ഒപ്പം കൂടിയിരുന്നു. 2002ല്‍, ഗുജറാത്തില്‍ നരേന്ദ്രമോദി മുഖ്യമന്ത്രിയായിരിക്കെ നടന്ന മുസ്ലിം വംശഹത്യയ്‌ക്കെതിരെ പ്രതിഷേധിച്ച് അദ്ദേഹം വാജ്‌പേയി സര്‍ക്കാറില്‍ നിന്ന് പുറത്തുപോന്നു. 2004ല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ പാസ്വാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുണൈറ്റഡ് പ്രോഗ്രസീവ് അലയന്‍സിന്(യു.പി.എ) ഒപ്പമായിരുന്നു. യു.പി.എ തെരഞ്ഞെടുപ്പില്‍ വിജയിക്കുകയും ചെയ്തു. യു.പി.എ സര്‍ക്കാറിനെതിരെ ഉയര്‍ന്ന അഴിമതിയാരോപണപ്രളയങ്ങള്‍ക്കു പിന്നാലെ 2014ല്‍ നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബി.ജെ.പി നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യം (എന്‍.ഡി.എ) അധികാരത്തിലെത്തുമ്പോഴും പാസ്വാന്‍ വീണ്ടും ജയിക്കുന്നവരുടെ ഭാഗത്തെത്തിയിരുന്നു. അപ്പോഴേക്കും മോദിയുടെ "വംശഹത്യ സൃഷ്ടിക്കുന്ന' നേതൃത്വത്തോടുള്ള പാസ്വാന്റെ തിളയ്ക്കുന്ന പ്രതിഷേധം പഴങ്കഥയായി മാറിയിരുന്നു.
എന്തുകൊണ്ട് പ്രത്യയശാസ്ത്ര ചാഞ്ചാട്ടങ്ങള്‍?
1986നും 2019നും ഇടയില്‍ വിവിധ തെരഞ്ഞെടുപ്പു പ്രചാരണ വേളയില്‍ പാസ്വാനൊപ്പം സഞ്ചരിക്കേണ്ടി വന്നിട്ടുണ്ട് ഈ ലേഖകന്. പലയിടങ്ങളിലും അദ്ദേഹത്തിന്റെ "പ്രത്യയശാസ്ത്രപരമായ ചാഞ്ചാട്ട' (ideological looseness) ശീലം സംബന്ധിച്ച് നിരവധി ചര്‍ച്ച നടന്നിരുന്നു. മറുപടിയെന്നോണം, പാസ്വാന്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറഞ്ഞ കാര്യം, ഹിന്ദി ഹൃദയഭൂമിയിലെ ദളിതരുടെ ജീവിതത്തെക്കുറിച്ചാണ്, അതിജീവിക്കാനും നിത്യവൃത്തിയ്ക്കും വേണ്ടി മാത്രം ഒരു ശരാശരി ദളിതന് പ്രത്യയശാസ്ത്ര ആശങ്കകളെ കണ്ടില്ലെന്ന് നടിക്കേണ്ടിവരുന്നത് എങ്ങനെയാണെന്നാണ്. "ദളിതന്‍ രാഷ്ട്രീയത്തില്‍ ഉണ്ടോ ഇല്ലെയോ എന്നതില്‍ കാര്യമില്ല. തനിക്കുവേണ്ടിയും സമൂഹത്തിനുവേണ്ടിയും അവന്‍ അല്ലെങ്കില്‍ അവള്‍ അതിജീവിക്കുന്നുണ്ടോയെന്നതാണ് കാര്യം. പ്രാഥമിക വിദ്യാഭ്യാസം നേടുകയെന്നതുപോലെ മറ്റു സമുദായങ്ങളില്‍ സ്വാഭാവികമായ ഒന്നായി മാറിയ കാര്യങ്ങള്‍ പോലും ഉത്തരേന്ത്യയിലെ ദളിതനെ സംബന്ധിച്ച് ഇന്നും വലിയ കടമ്പ തന്നെയാണ്. അതുകൊണ്ടുതന്നെയാണ് എന്റെ എം.എയും എല്‍.എല്‍.ബിയും ബിഹാറില്‍ ഹെര്‍ക്കുലിയന്‍ നേട്ടമായി കണക്കാക്കപ്പെടുന്നത്, ഇവിടുത്തെ ദളിത് സമുദായങ്ങള്‍ ഇന്നും സുപ്രധാന നേട്ടമായി ആഘോഷിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തില്‍, ഒരു ദളിതനെ സംബന്ധിച്ച് പ്രധാനം അവന് അല്ലെങ്കില്‍ അവള്‍ക്ക് പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കുവേണ്ടി എന്തെങ്കിലും നല്ലകാര്യം ചെയ്യാന്‍ കഴിഞ്ഞോ എന്നതാണ്.

അത് അസ്ഥിരമായ പ്രത്യയശാസ്ത്ര ചാഞ്ചാട്ടങ്ങളായി തോന്നിയാല്‍ പോലും': തന്റെ പ്രശസ്തമായ ആ ചിരിയോടെ പാസ്വാന്‍ പറയും.
ഒരുപാട് മലക്കംമറിച്ചിലുകള്‍ നിറഞ്ഞതാണ് ഈ "അതിജീവന മാര്‍ഗം'. പല രാഷ്ട്രീയ സംഘടനകളിലും ചേരുകയും വിട്ടുപോവുകയും ചെയ്തു, സ്വയം നേതൃത്വം നല്‍കുന്ന ഒരുകൂട്ടം പാര്‍ട്ടികള്‍ രൂപീകരിച്ചു. സംയുക്ത സോഷ്യലിസ്റ്റ് പാര്‍ട്ടി മെമ്പര്‍ ആയാണ് പാസ്വാന്‍ തന്റെ രാഷ്ട്രീയ കരിയര്‍ തുടങ്ങിയത്. 1969-ല്‍ ബീഹാര്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പ്രശസ്ത ജാട്ട് നേതാവ് ചരണ്‍ സിങ് 1974ല്‍ ലോക് ദള്‍ രൂപീകരിച്ചപ്പോള്‍ പാസ്വാന്‍ ലോക്ദളിലേക്ക് മാറി. ജനതാപാര്‍ട്ടി രൂപീകരിക്കുന്നതിനായി ബി.ജെ.പിയുടെ പഴയ രൂപമായ ജംനസംഘ് ഉള്‍പ്പെടെയുള്ള മറ്റ് പാര്‍ട്ടികളില്‍ ലോക് ദള്‍ ലയിച്ചപ്പോള്‍, പാസ്വാന്‍ ബീഹാറിലെ ഹാജിപൂരില്‍ നിന്നും 4.24 ലക്ഷം വോട്ടിന്റെ റെക്കോര്‍ഡ് ഭൂരിപക്ഷത്തിന് ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് 1980, 1989, 1996, 1998, 1999, 2014 കാലഘട്ടത്തില്‍ നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം അദ്ദേഹം ആ സീറ്റ് നിലനിര്‍ത്തി. ഇതിനിടെ അദ്ദേഹം പല പാര്‍ട്ടികളില്‍ ചേര്‍ന്നു, പല പാര്‍ട്ടികളും സഖ്യങ്ങളും വിട്ടു, വിവിധ പേരുകളില്‍ രാഷ്ട്രീയ സംഘടനകള്‍ രൂപീകരിക്കുകയും ചെയ്തു. 2000ല്‍ അദ്ദേഹം ലോക് ജനശക്തി പാര്‍ട്ടി (എല്‍.ജെ.പി) രൂപീകരിക്കുകയും അതിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
തീര്‍ച്ചയായും, ഈ മലക്കംമറിച്ചിലുകള്‍ക്കിടയില്‍ അദ്ദേഹം ബീഹാറിലെ വോട്ടിന്റെ ഏഴു മുതല്‍ എട്ടു ശതമാനം വരെ സ്ഥിരമായി കയ്യടക്കി. പ്രത്യേകിച്ച് അദ്ദേഹത്തിന്റെ തന്നെ ദളിത് സമുദായത്തിന്റെയും ഒരുവിഭാഗം അസോസിയേറ്റ് ദളിത്, മോസ്റ്റ് ബാക്ക് വേര്‍ഡ് കാസ്റ്റ് (എം.ബി.സി) സമുദായങ്ങളുടെയും വോട്ടുകള്‍. ഈ "സര്‍വൈവര്‍' വോട്ടുബാങ്കാണ് മറ്റ് രാഷ്ട്രീയ കളിക്കാര്‍ക്കിടയില്‍ പാസ്വാനെ തന്റേതായ അധികാരാവകാശങ്ങളുള്ള സുപ്രധാന രാഷ്ട്രീയ ഘടകകക്ഷിയാക്കിത്തീര്‍ത്തത്. മികച്ച രാഷ്ട്രീയ നീക്കുപോക്കുകളിലൂടെ അദ്ദേഹം അത് ഫലപ്രദമായി മുതലെടുത്തു. അദ്ദേഹത്തിന്റെ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ മിക്കപ്പോഴും അദ്ദേഹത്തിന്റെ ബന്ധുക്കളായിരുന്നു, ഏതാണ്ട് എല്ലായ്‌പ്പോഴും അത്തരത്തിലുള്ളതായിരുന്നു ആ നീക്കുപോക്കുകള്‍. ഇപ്പോഴും, നിലവിലെ സഭയിലെ ലോക് ജനശക്തി പാര്‍ട്ടി അംഗങ്ങളായ ആറുപേരില്‍ രണ്ടുപേര്‍ പാസ്വാന്റെ സഹോദരന്മാരും മറ്റൊരാള്‍ അദ്ദേഹത്തിന്റെ മകനുമാണ്.
സ്വന്തം പിഴവുകള്‍ തീര്‍ത്ത തിരിച്ചടികള്‍
പാസ്വാന്റെ രാഷ്ട്രീയ ജീവിതത്തില്‍ ആദ്യന്തം മുന്നിട്ടുനില്‍ക്കുന്ന പ്രത്യയശാസ്ത്ര ചാഞ്ചാട്ടങ്ങളും, രാഷ്ട്രീയ അവസരവാദവും, കുടുംബവാഴ്ചയുമാണ് ആ രാഷ്ട്രീയത്തെയും സംഘടനാപരമായ സ്വാധീനത്തെയും ഇന്ത്യയുടെ മറ്റുഭാഗങ്ങളിലേക്ക് വ്യാപിക്കുന്നത് തടഞ്ഞതെന്ന അഭിപ്രായം വലിയൊരു വിഭാഗം രാഷ്ട്രീയക്കാര്‍ക്കിടയിലും രാഷ്ട്രീയ നിരീക്ഷകര്‍ക്കിടയിലുമുണ്ട്. ഈ "എമര്‍ജന്‍സി വാരിയര്‍' ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, പഞ്ചാബ്, ഇന്ത്യയുടെ വടക്കു പടിഞ്ഞാറന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലെ വലിയൊരു വിഭാഗം ദളിതര്‍ക്കിടയില്‍ സ്വീകാര്യത നേടുമെന്നായിരുന്നു 1980കളുടെ പകുതിയില്‍ കരുതിയിരുന്നത്. ഇത് സംഭവിച്ചില്ല എന്നുമാത്രമല്ല, കാന്‍ഷിറാമിന്റെയും മായാവതിയുടെയും നേതൃത്വത്തിലുള്ള ബഹുജന്‍ സമാജ് പാര്‍ട്ടി (ബി.എസ്.പി) ഈ സംസ്ഥാനങ്ങളിലെല്ലാം പാസ്വാനെ മറികടക്കുകയും ദളിത് സമുദായങ്ങളുടെ പ്രധാന രാഷ്ട്രീയ പ്രതിരൂപമായി മാറുകയും ചെയ്തു. അന്തിമ വിശകലനത്തില്‍, പ്രധാനമായും "സ്വന്തം പിഴവുകളാല്‍' നേരിടേണ്ടി വന്ന ഈ തിരിച്ചടികളാണ്, വി.പി സിങ്ങിന്റെ പ്രവചനം നടക്കാതെ പോകാനിടയാക്കിയത്.

ഒരു രാഷ്ട്രീയ നേതാവെന്ന നിലയില്‍, 1990കളില്‍ വി.പി സിങ് സര്‍ക്കാറിന്റെ കാലത്ത് മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ സ്വീകരിച്ച നടപടികളിലൂടെ പാസ്വാന്‍ ചരിത്രത്തില്‍ ഓര്‍മ്മിക്കപ്പെടും. റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ ബഹളംകൂട്ടിയവരില്‍ അന്നത്തെ ക്ഷേമകാര്യ മന്ത്രിയായിരുന്ന പാസ്വാനുമുണ്ടായിരുന്നു. സാമൂഹ്യ നീതിയ്ക്കുവേണ്ടി പോരാടിയ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥനായ പി.എസ് കൃഷ്ണനുമായി ഈ കാലഘട്ടത്തില്‍ അദ്ദേഹം അടുത്തു പ്രവര്‍ത്തിച്ചു. ആ ചങ്ങാത്തം ദശാബ്ദങ്ങളോളം തുടര്‍ന്നു, 2019 നവംബറില്‍ പി.എസ് കൃഷ്ണന്റെ മരിക്കുംവരെ.
ചെറിയ ചെറിയ കാര്യങ്ങള്‍
മാറിമാറി വന്ന വിഭിന്ന പ്രത്യയശാസ്ത്ര മുന്‍ഗണനകളുള്ള സര്‍ക്കാറുകളിലെ പാസ്വാന്റെ സാന്നിധ്യം സാമൂഹ്യ നീതിയിലധിഷ്ഠിതമായ പ്രവര്‍ത്തനങ്ങള്‍ക്കും സംരംഭങ്ങള്‍ക്കും, ആവശ്യമായ തലത്തിലല്ലെങ്കില്‍ കൂടിയും, കുറച്ചെങ്കിലും പ്രാമുഖ്യം നിലനിര്‍ത്താന്‍ സഹായിച്ചതിനെക്കുറിച്ച് പി.എസ്.കെയെന്ന് അടുത്തബന്ധമുള്ളവരും സുഹൃത്തുക്കളും വിളിക്കുന്ന കൃഷ്ണന്‍ ഈ ലേഖകനോട് പലപ്പോഴും പറയാറുണ്ടായിരുന്നു. "തികഞ്ഞ മേല്‍ജാതി ബ്രാഹ്മണ നേതൃത്വം നയിക്കുന്ന വ്യവസ്ഥിതിയുടെ ശ്രദ്ധയില്‍ ഇത് കൊണ്ടുവരാനും അല്‍പാല്‍പം കാര്യങ്ങള്‍ മുന്നോട്ടുനീക്കുവാനും പാസ്വാന് കഴിഞ്ഞു. ഈ ചെറിയ ചെറിയ നടപടികള്‍ വരെ അതിന്റേതായ തരത്തില്‍ സുപ്രധാനമായിരുന്നു.
അരികുവത്കൃത സമൂഹങ്ങളുടെ പുരോഗതിയ്ക്കായുള്ള ഈ ചെറിയ നടപടികള്‍ ഇതിനേക്കാള്‍ മികച്ച തരത്തില്‍ പാസ്വാനും അദ്ദേഹത്തിന്റെ രാഷ്ട്രീയ സംഘടനകള്‍ക്കും നടപ്പിലാക്കാന്‍ കഴിയുമായിരുന്നില്ലേയെന്നത് തീര്‍ച്ചയായും സംവാദാത്മകമായ പ്രശ്‌നമാണ്.' പാസ്വാന്റെ രാഷ്ട്രീയ ജീവിതം പരിഗണിക്കുമ്പോള്‍, പി.എസ്.കെയുടെ ഈ ചിന്തകള്‍, അതിനെ നിര്‍വചിക്കാവുന്ന അടയാളമായി തുടരും. ബീഹാറില്‍ മറ്റൊരു നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, നിതീഷ് കുമാറിനെയും ലാലുപ്രസാദ് യാദവിനെയും പോലെയുള്ള പാസ്വാന്റെ കൂട്ടാളികള്‍ക്കുമുമ്പില്‍ പാസ്വാന്റെ മകന്‍ ചിരാഗ് സമാനമായ രാഷ്ട്രീയ കൗശലത്തില്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ ഈ സംവാദങ്ങളുടെ ആക്കം കൂടും.
ടി.എം. ഹർഷൻ
Apr 27, 2022
1 Minute Reading
ബിപിന്‍ ചന്ദ്രന്‍
Apr 26, 2022
7 Minutes Read
ടി.ആര്‍. സുശീല
Apr 18, 2022
3 Minutes Read
സി. രാധാകൃഷ്ണൻ അമ്പലപ്പുഴ
Apr 04, 2022
2 minutes read
സിവിക് ചന്ദ്രൻ
Mar 19, 2022
3 Minutes Read