വെറും കാലുമായി പഴുത്ത മണലിലൂടെ

എന്നും തല കുത്തി നിക്കും. മനസ്സിന് ഒട്ടും സൗഖ്യമില്ലാത്ത ദിവസങ്ങളിൽ കത്തുന്ന വെയിലത്ത് വെറും കാലുമായി പഴുത്ത് കിടക്കുന്ന മണലിലൂടെ കച്ചയിൽ മണിക്കൂറുകൾ നടന്നു. അന്നേരം ചെറിയ ആശ്വാസം തോന്നി...ഒരു കവിയുടെ ജീവിതമെഴുത്ത്​. ഒരു കായൽക്കവിതയുടെ ജീവിതം. പരമ്പരയുടെ രണ്ടാം ഭാഗം

മ്മ മരിക്കുന്നത് ക്യാൻസർ കാരണമാണ്.
ആറ് മക്കളെ പേറി നടന്ന യൂട്രസ് താഴേക്കിറങ്ങി വരുന്നതായിരുന്നു തുടക്കം. അമ്മയ്ക്ക് എന്തസുഖം വന്നാലും കൊണ്ട് നടക്കുന്നതാ ശീലം, ആരോടും പറയില്ല.
ഞാനപ്പോൾ ദുബൈയിലാണ്.

അടിവയറ്റിൽ കൊടിലിട്ട് പിടിക്കുന്നത് പോലുള്ള വേദന സഹിക്കാൻ വയ്യാതായപ്പം എനിക്കൊന്ന് ആശൂത്രീ പോണം എന്ന് എന്നോട് പറഞ്ഞു അമ്മ. വെറുതേ പറയില്ലെന്ന് അറിയാവുന്നത് കൊണ്ട് പെങ്ങളേ കൂട്ടി അടുത്തുള്ള പ്രൈവറ്റ് ആശുപത്രിയിൽ വിട്ടു.
അവരാണ് സംശയം തോന്നി ആർ.സി.സിയിലേക്ക് വിട്ടത്.
കാൻസർ സ്ഥിരീകരിച്ച് കഴിഞ്ഞ് ഗർഭപാത്രം നീക്കാൻ ഓപ്പറേഷൻ പറ്റില്ലെന്ന് പറഞ്ഞു, പരിശോധനയിൽ ഹാർട്ടും വീക്കാണെന്ന് കണ്ടത് കൊണ്ടാണ്
ബാക്കിയൊള്ള മക്കള് അഞ്ച് പേരും കൂടി, പ്രായം കൊറേ ആയതല്ലേ ചികിൽസിക്കാൻ നിക്കണ്ടാ എന്ന് വിളിച്ച് പറഞ്ഞു.

സാധാരണക്കാരാണ്, കാശില്ലായ്മയാണ് കാരണം പറഞ്ഞത്.
എനിക്കത് ഓർക്കാൻ കൂടി പറ്റത്തില്ലായിരുന്നു.
ആരും കാശെടുക്കണ്ടാ, ഒന്ന് ആശൂത്രിയിൽ കൊണ്ടോവാൻ കൂട്ട് ചെന്നാ മതി എന്ന് പറഞ്ഞു. ഒരു ചേട്ടച്ചാരോട് ഒരു ദെവസം ഒന്ന് കൂട്ട് ചെല്ലാൻ പറഞ്ഞപ്പം, എനിക്ക് പണിക്ക് പോയാൽ പത്തെണ്ണൂറ് രൂപാ കിട്ടും, അത് തരാവെങ്കിൽ പോവാവെന്ന് പറഞ്ഞു. ഞാൻ ഗൾഫിലാണല്ലോ എനിക്ക് ഒരു പാട് കാശൊണ്ടെന്നാണ് വിചാരം.
പെങ്ങൻമാര്യം കൂട്ടുകാരനും കൂടി അമ്മെ ആശുപത്രിയിൽ കൊണ്ടുപോയി.
ഒന്നൊന്നര കൊല്ലം പരമാവധി ശ്രമിച്ച് നോക്കി, ആരോടും അഞ്ച് പൈസ വാങ്ങിയില്ല.
ഒടുക്കം അസുഖം കൂടിയപ്പോ ഞാൻ കളഞ്ഞിട്ട് തിരിച്ച് പോന്നു.
അമ്മ മരിക്കുമ്പം തുണിക്കടയിൽ ജോലിക്ക് പോവ്വാണ് ഞാൻ.
ആറേഴ് മാസം കെടന്ന കെടപ്പ് കെടന്ന് നരകിച്ച് പൊട്ടിയാണ് അമ്മ പോയത്.
അമ്മ പോയി ഒരു കൊല്ലം കഴിഞ്ഞപ്പോ അച്ഛനും പോയി.
അമ്മ പോയിക്കഴിഞ്ഞ് അച്ഛന് ആത്മബലമില്ലായിരുന്നു, ബീഡി പൊക കൊണ്ട് ശ്വാസകോശം ചുരുങ്ങി പെടവട്ടം തല്ലിയാണ് പോയത്.

അച്ഛനെന്നോട് സ്‌നേഹം കാണിച്ചത് ഓർമ്മയിലില്ല.
മരണമടുത്തപ്പോ എടം വലം മാറാതെ ഞാൻ അടുത്ത്‌ വേണമായിരുന്നു.
മരിക്കുന്നേന്റന്ന് കക്കൂസിൽ കൊണ്ടുപോയി കഴുകി പുറത്ത് വന്ന മൂലം കൈ കൊണ്ട് തള്ളി അകത്തിടുമ്പോ, കണ്ണീരൊഴുക്കിക്കൊണ്ട്
നെനക്ക് ഞാനൊരു മുട്ടായി പോലും വാങ്ങിച്ച് തന്നിട്ടില്ലല്ലോ മക്കളേ എന്ന് പറഞ്ഞു.

അതുവരെയുള്ള പകയും പരാതിയും സങ്കടവുവെല്ലാം
ആ പറച്ചിലിൽ ഒലിച്ച് പോയി.

അമ്മേ വച്ചൊള്ള കാശ് വേണ്ടാ

അന്ന് ശാസ്താം കോട്ടയിൽ ഒരു പണമിടപാട് സ്ഥാപനത്തിൽ ജോലി ചെയ്യുവാണ്.
ഉച്ചസമയത്ത് ഒരു ഓട്ടോ വന്നു നിന്നു, ഓട്ടോയിൽ നിന്ന് മുഖമാകെ ചോരയിൽ കുളിച്ച പ്രായം ചെന്ന സ്ത്രീ കൈ കാണിക്കുന്നു.
പെട്ടെന്ന് നെഞ്ചിലൊരാന്തലുണ്ടായി; അമ്മയായിരുന്നു അത്.
കടയിൽ പോവാൻ വരുന്ന വഴി റോഡ് മുറിച്ച് കടക്കുമ്പോൾ ബൈക്കിടിച്ചതാണെന്ന് പറഞ്ഞു.
മുഖം മൊത്തം ചോരയുമായിരുക്കുന്നത് കണ്ട് സഹിക്കാൻ പറ്റിയില്ല. ഏങ്ങലടിച്ച് കരയുന്ന എന്നേ അമ്മ ഒന്നുവില്ലെടാ എന്ന് പറഞ്ഞ് സമാധാനിപ്പിക്കാൻ നോക്കിക്കൊണ്ടിരുന്നു. അമ്മയേം കൊണ്ട് ഗവൺമെന്റാശുപത്രിയിൽ ചെല്ലുമ്പോ ഡോക്ടർ സീറ്റിലില്ല.

ആധികേറി കരഞ്ഞു കൊണ്ട് നാട്ടുകാരനായ അറ്റന്ററോട് ഡോക്ടറേ തെരക്കി.
അയാക്കപ്പോ എന്തോ പറ്റിയതാന്ന കാരണം ആദ്യം അറിയണം, എന്നിട്ടേ ഡോക്ടറെവിടാന്ന് പറയൂ. സകല നിയന്ത്രണവും തെറ്റി അലറിക്കൊണ്ട് അയാളേ അടിക്കാനായി കുത്തിന് കേറി പിടിച്ചു. കൂടെ ഉണ്ടായിരുന്ന ഓട്ടോക്കാരൻ പിടിച്ച് മാറ്റിയത് കൊണ്ട് കൂടുതലൊന്നും സംഭവിച്ചില്ല. ഡോക്ടറെ കണ്ട് എക്‌സ് റേ എടുത്തപ്പോ മുഖത്ത് പൊട്ടലൊന്നുമില്ല. പക്ഷേ മുൻവശത്തെ രണ്ട് പല്ല് പോയിരുന്നു. അഡ്മിറ്റ് ചെയ്യണ്ട ആവശ്യമില്ല എന്ന് പറഞ്ഞു. അന്നേരം ഒരു പയ്യൻ പേടിച്ച് പേടിച്ച് അടുത്തു വന്നു.
അമ്മയേ ഇടിച്ച ബൈക്കോടിച്ച പയ്യനായിരുന്നു.
എന്റെ കരച്ചിലും ബഹളവും കണ്ട് പേടിച്ച് മാറി നിന്നതായിരുന്നു അവൻ. കുറച്ച് കാശ് നീട്ടിയിട്ട് അണ്ണാ അമ്മ എടുത്ത് ചാടിയതാ, ഇത് ആശുപത്രീല് ഇനി എന്തേലും ആവശ്യം വന്നാലെടുക്കാം എന്ന് പറഞ്ഞു.
എന്റെ പിടി വിട്ട് നിക്കുവാന്ന് മനസിലായ അമ്മ എന്നേ വട്ടം പിടിച്ചിട്ട്, എന്റെ കുറ്റവാടാ ആ കൊച്ചൻ കൊണ്ടിടിച്ചതല്ല എന്ന് പറഞ്ഞു. അവന് വണ്ടീടെ പേപ്പറെല്ലാം ക്ലിയറാണെന്നും കേസ് കൊടുത്തോളാനും പറഞ്ഞു.

ആ കാശ് വേടിച്ചില്ല. തിരിച്ച് വീട്ടിലെത്തിക്കഴിഞ്ഞ് ആക്‌സിഡന്റ് അറിഞ്ഞ് രണ്ട് വക്കീലൻമാർ തെരക്കി കടയിൽ വന്നു.
പല്ല് പോയാൽ നല്ല ക്ലെയിം കിട്ടും, കേസ് കൊടുക്കെന്ന് നിർബന്ധിച്ചു.
കേസ് കൊടുക്കുന്നില്ല, അമ്മേ വച്ചൊള്ള കാശ് വേണ്ടാ എന്ന് പറഞ്ഞ് അവരേ പറഞ്ഞു വിട്ടു.
ആ കാശിനായി ആറ് മക്കളും കൂടി അടിക്കുന്നത് കാണാൻ വയ്യായിരുന്നു.
കുറേ കാലം കഴിഞ്ഞാണ് മനസ്സിലായത്, ആ ആക്‌സിഡന്റിൽ അമ്മയുടെ വലത് ചെവിയുടെ കേൾവി ശക്തി നഷ്ടപ്പെട്ടിരുന്നു.

കരഞ്ഞു കൊണ്ട്, ഉപ്പിടാമൂട് പാലത്തിലൂടെ

ചെന്നൈയിൽ നിന്ന് തിരികെ വന്ന് കുറേക്കാലം ഒരു പണമിടപാട് സ്ഥാപനത്തിൽ ജോലി ചെയ്യുമ്പഴാണ്, വിസ ശരിയാക്കാം നീ പാസ്‌പോർട്ടെടുക്ക് എന്ന് ദുബായിൽ നിന്ന് കൂട്ടുകാരൻ വിളിച്ച് പറയുന്നത്. രക്ഷപ്പെടാൻ ഒരവരമാന്നല്ലോ എന്നോർത്ത് പാസ്‌പോർട്ടിന് അപേക്ഷിച്ചു. പെട്ടെന്ന് കിട്ടാനായി രണ്ടായിരം രൂപ അടച്ച് കാത്തിരുന്നു. ഒരു മാസം കഴിഞ്ഞിട്ടും പാസ്‌പോർട്ട് വന്നില്ല. തിരുവനന്തപുരം പാസ്‌പോർട്ട് ഓഫീസിൽ ചെന്ന് തിരക്കുമ്പോഴൊക്കെ ശരിയായിട്ടില്ല, പിന്നെ വാ എന്ന് പറഞ്ഞ് മടക്കി അയച്ചുകൊണ്ടിരുന്നു.
ആറ് മാസത്തോളം പാസ്‌പോർട്ട് ഓഫീസ് കേറിയെറങ്ങിയിട്ടും ശരിയായില്ല.
ആ സമയത്താണ് മൂത്ത പെങ്ങടെ ഭർത്താവ് ആത്മഹത്യ ചെയ്തത്.
അവളന്ന് രണ്ടാമത്തെ കൊച്ചിനേ പ്രസവിച്ച് ആറ് മാസം ആയിട്ടില്ല. മൂത്ത മോൾക്ക് രണ്ട് വയസ് പ്രായം. പെങ്ങളും അച്ഛനും അമ്മയും എന്റെ കൂടൊണ്ട്. പെങ്ങളേം പുള്ളാരേം വിളിച്ച് വീട്ടിൽ കൊണ്ട് വന്ന്​ അന്ന് കായലരികത്ത് വീട് വച്ച് താമസം തൊടങ്ങിയ സമയവാണ്. തറയൊക്കെ പച്ച മണ്ണാണ്.
വിഷാദമാണെന്നൊന്നും അറിയില്ല, എപ്പഴും നെഞ്ച് തിങ്ങെ സങ്കടമൊണ്ട്. പക്ഷേ കരയാൻ പറ്റില്ല. നിരാശ നെഴല് പോലെ അടുത്തുന്ന് മാറാതെ കൂടെയൊണ്ട്. എല്ലാത്തിനേം പേടിയായി തൊടങ്ങി. വീടിന് സിമന്റ് തറയോ കതകോ ജനലോ ഒന്നുമില്ല. പെങ്ങള് ഭർത്താവ് ചത്ത് കൂടെയൊണ്ട്. എങ്ങനേലും ദുബായിൽ പോയാലേ രക്ഷപെടാനൊക്കു.
ഒരു ദെവസം പാസ്‌പോർട്ട് ഓഫീസീന്ന് എഴുത്തു വന്നു, എന്തോ എൻക്വയറിക്ക് ചെല്ലണമെന്ന്.
അവടെ ചെന്നപ്പോ പാസ്‌പോർട്ട് ഓഫീസറുടെ മുറിയിൽ ഇരുത്തി അവർ ചോദ്യം ചെയ്യൽ തുടങ്ങി. രണ്ട് മൂന്ന് പേരൊണ്ട്, അവര് കൊറേ പേപ്പർ കാണിച്ചിട്ട് നീ നിന്റെ പ്രൂഫൊക്കെ വേറേ ആർക്കാ പാസ്‌പോർട്ടെടുക്കാൻ കൊടുത്തത് എന്ന് ചോദിച്ചു. ആ പേപ്പർ നോക്കുമ്പോ, ഫോട്ടോ ഒഴിച്ച് പേര്, വീട്ട് പേര്, അച്ഛന്റേം അമ്മേടേം പേര്, അപ്പുപ്പന്റെ പേര് എല്ലാം എന്റെത് തന്നെ. ഒരു പ്രൂഫിൽ മാത്രം സ്ഥലം വേറേതാണ്. അങ്ങനെ പാസ്‌പോർട്ട് എടുത്ത് ഒരാൾ പുറത്ത് പോയിട്ടൊണ്ട്.
പാസ്‌പോർട്ട് കിട്ടാൻ സാധ്യതയില്ലെന്ന് മനസിലായ ഞാൻ അവരോട് മനപ്രയാസം കാരണം ദേഷ്യപ്പെട്ടു. ചോദ്യം ചോദിച്ചു കൊണ്ടിരുന്ന ആൾ ഫോണെടുത്ത് പോലീസിനേ വിളിക്കാനൊരുങ്ങി. ഞാൻ കാശ് വാങ്ങി രേഖകൾ വിറ്റതാണെന്നും കള്ള പാസ്‌പോർട്ടിന് കൂട്ടു നിന്നതിന് അകത്താവുമെന്നും വെരട്ടിയതോടെ ഞാൻ വെറയ്ക്കാൻ തൊടങ്ങി. എന്റെ വെപ്രാളം കണ്ട് പാസ്‌പോർട്ട് ഓഫീസർ മറ്റുള്ളവരോട് പുറത്ത് പോകാൻ പറഞ്ഞു. വെളുത്ത് മെലിഞ്ഞ ഒരു പെന്തക്കോസ്ത് സ്ത്രീയായിരുന്നു.
ഞാൻ നിലവിളിച്ചുകൊണ്ട് അവരുടെ കാലിൽ വീണു അവർ കരയാതെന്ന് പറഞ്ഞ് പിടിച്ചെഴുന്നേൽപ്പിച്ച് കസേരയിലിരുത്തി.
ഗൾഫിൽ പോയില്ലെങ്കിൽ ആത്മഹത്യ ചെയ്യേണ്ടി വരുമെന്നും അളിയൻ മരിച്ചതും പൊടിക്കുഞ്ഞുങ്ങടെ കാര്യവും ഒക്കെ പറഞ്ഞു. പാസ്‌പോർട്ട് കിട്ടിയില്ലേൽ തിരിച്ച് ജീവനോട് വീട്ടിൽ ചെല്ലത്തില്ലെന്ന് പറഞ്ഞു.
അവർക്കെന്നേ മനസിലായി. സമാധാനവായിട്ട് വീട്ടിൽ പോ പാസ്‌പോർട്ട് ശരിയാക്കാം എന്ന് പറഞ്ഞു. എനിക്ക് വിശ്വാസവില്ലാരുന്നു. നട്ടുച്ചയ്ക്ക് ആൾക്കാര് നോക്കുന്നത് പോലും മനസ്സിലേക്കെത്താതെ ഉപ്പിടാമൂട് പാലത്തിലൂടെ കരഞ്ഞു കൊണ്ട് നടന്നു.
എല്ലാ പ്രതീക്ഷയും നശിച്ച് വീട്ടിലെത്തി, ഒരാഴ്ച കഴിഞ്ഞ് പാസ്‌പോർട്ട് വന്നു.

മുറിയുടെ മൂലയ്ക്ക് എന്നും തല കുത്തി നിക്കും

പാസ്‌പോർട്ട് കിട്ടി ഒരു മാസത്തിനകം ദുബായിക്ക്​ വിസ കിട്ടി.
അതോടെ മാനസിക പിരിമുറുക്കം താങ്ങാൻ പറ്റാതായി. പോകുന്നതിന് ഒരാഴ്ച മുമ്പ് കരുനാഗപ്പള്ളിയിൽ ഒരു ഡോക്ടറേ പോയി കണ്ടു പ്രശ്‌നങ്ങൾ പറഞ്ഞു. അദ്ദേഹം കൊറേ സമാധാനിപ്പിച്ചു. പക്ഷേ പോകുന്നത് ഓർക്കുമ്പഴെല്ലാം നെഞ്ചിൽ ഒരാന്തല് ആളിപ്പിടിച്ചു. പുള്ളി, നീ വല്ല മയക്ക് മരുന്നും ഉപയോഗിച്ചിരുന്നോ എന്ന് ചോദിച്ചു. പ്രീഡിഗ്രി കാലം തൊട്ട് ശംഭു വയ്ക്കുന്ന സത്യം മടിച്ച് മടിച്ച് അങ്ങേരോട് പറഞ്ഞു. അത് നിർത്തിയാലേ നീ രക്ഷപെടൂ എന്ന് പറഞ്ഞു. എനിക്ക് ടെൻഷനും വെപ്രാളവും സഹിക്കാൻ പറ്റുന്നില്ല. മരുന്ന് വേണം എന്ന് പറഞ്ഞപ്പോൾ പുള്ളി ഗുളിക എഴുതിത്തന്നു. തുണ്ട് മെഡിക്കൽ സ്റ്റോറിൽ കൊടുത്തപ്പോ അയാൾ എന്നേ ഒന്ന് നോക്കി.
ദുബായില്​ ചെന്ന് കഴിഞ്ഞ് കരക്ക് പിടിച്ചിട്ട മീനിന്റെ അവസ്ഥയായി. പല്ല് കടിച്ച് പിടിച്ച് വെറയലക്കാൻ പാട് പെട്ടു. ഒരിക്കലും അവിടവുമായി ഒത്ത് പോവില്ലെന്ന തോന്നലായിരുന്നു ഉള്ളിൽ. ഹാലൂസിനേഷൻ തോന്നിത്തുടങ്ങി. ആകെയൊള്ള ആശ്വാസം എന്നേ കൊണ്ടുപോയ കൂട്ടുകാരന്റെ വീട്ടിൽ പോകുന്നതും വെള്ളിയാഴ്ച കള്ള് കുടിക്കുന്നതുമായിരുന്നു. മരുന്ന് തീരുന്ന മൊറയ്ക്ക് കൂട്ടുകാരൻ വാങ്ങി നാട്ടിൽ നിന്ന് വരുന്നവരുടെ കയ്യിൽ കൊടുത്ത് വിട്ടു.
ഒരു വെള്ളിയാഴ്ചത്തെ കള്ള് സഭയിൽ വടകരക്കാരൻ കൂട്ടുകാരൻ നീ എന്തിനാ അൽപരാക്‌സ് കഴിക്കുന്നത്, അത് കേടാ ഇനി കഴിക്കരുതെന്ന് പറഞ്ഞു.
ടെൻഷൻ മാറ്റാൻ പല വഴിയും നോക്കാൻ തൊടങ്ങി. വെളുപ്പിന് എല്ലാരും എഴുന്നേൽക്കുന്നതിന് മുമ്പ് മുറിയുടെ മൂലയ്ക്ക്
എന്നും തല കുത്തി നിക്കും. മനസ്സിന് ഒട്ടും സൗഖ്യമില്ലാത്ത ദിവസങ്ങളിൽ കത്തുന്ന വെയിലത്ത് വെറും കാലുമായി പഴുത്ത് കിടക്കുന്ന മണലിലൂടെ കച്ചയിൽ മണിക്കൂറുകൾ നടന്നു. അന്നേരം ചെറിയ ആശ്വാസം തോന്നി. തിരിച്ച് പോകുന്നതിനേക്കുറിച്ച് ആലോചിക്കാൻ പോലും പറ്റാത്തത് കൊണ്ട് അവടെ തന്നെ നിക്കാൻ തീരുമാനിച്ചു.

സോറി, മദർ സീരിയസ്

സാമ്പത്തിക മാന്ദ്യം തൊടങ്ങിയ സമയത്താണ് അമ്മയ്ക്ക് സുഖമില്ലെന്നറിയുന്നത്. പെങ്ങൻമാരും ചേട്ടൻമാരും നീ അവടെ നിന്നാമതി ഇപ്പൊ വരണ്ട എന്ന് പറഞ്ഞു.
ഫോണിൽ അമ്മയോട് സംസാരിച്ചപ്പോ, നീ എപ്പഴാ വരുന്നത് എന്ന് ചോദിച്ചു. അത് കേട്ടപ്പോ തൊട്ട് നിക്കക്കള്ളിയില്ലാതായി. ആ മാസത്തെ ശമ്പളവും നാട്ടിൽ പാൻ ലീവും ചോദിച്ചപ്പോ തരാൻ പറ്റില്ല എന്ന് പറഞ്ഞു.
ആധികേറി എന്ത് ചെയ്യണം എന്നറിയാൻ പറ്റാതായി.എന്റെ വെഷമം കണ്ട് കൂട്ടുകാര് കമ്പനിയിൽ സംസാരിച്ച് ലീവ് സാങ്ഷനാക്കി.
പക്ഷേ പോവാൻ പൈസയില്ല.

കൂട്ടുകാരെല്ലാം കൂടി പിരിവിട്ട് പൈസയൊപ്പിച്ച് തന്നു. ഓഫീസിന്റെ മുമ്പിൽ വെഷമിച്ച് നിക്കുന്നത് കണ്ട് അവിടേക്ക് വന്ന ക്ലൈന്റായ പഠാണി മടിയിലെ പൊതിയഴിച്ച് നൂറ് ദിർഹംസ് എടുത്തു തന്നു. എയർ പോർട്ടിലെ എമിഗ്രേഷനിലെ ക്യൂവിൽ ലോകം തന്നെ മറന്ന് വെഷമിച്ച് നിന്ന എന്റെ ഊഴമായതറിഞ്ഞില്ല.
ഹൈവാൻ എന്ന വിളികേട്ട് ഓടിച്ചെന്ന എന്റെ പാസ്‌പോർട്ട് നോക്കുന്നതിനിടയിൽ അയാൾ ദേഷ്യത്തിൽ എന്തൊക്കെയോ അറബിയിൽ പറഞ്ഞു കൊണ്ടിരുന്നു.
സോറി, മദർ സീരിയസ് എന്ന് പറഞ്ഞപ്പോ അയാൾ എന്നേ ഒന്ന് നോക്കി.
കണ്ണ് നെറഞ്ഞ് ഒഴുകുന്നുണ്ടായിരുന്നു.
അയാൾ എഴുന്നേറ്റ് തോളിൽ തട്ടിക്കൊണ്ട്, ഡോണ്ട് വറി നത്തിങ് ഹാപ്പൻ, മേ ദുവാ കരേഗാ എന്ന് പറഞ്ഞു.
കൂട്ടുകാരൻ കാറും വിളിച്ച് നാട്ടിലെ എയർപോർട്ടിൽ ഉണ്ടായിരുന്നു.
വീട്ടിലെത്തിയപ്പോ അമ്മ ജനലിൽ പിടിച്ച് റോഡിലോട്ട് നോക്കി നിക്കുന്നുണ്ടായിരുന്നു.


Comments