വിജയ്ബാബുവിനെതിരായ പരാതി
പൊലീസ് പിടിച്ചുവച്ചത് എന്തിന്?
വിജയ്ബാബുവിനെതിരായ പരാതി പൊലീസ് പിടിച്ചുവച്ചത് എന്തിന്?
വിജയ് ബാബുവിനെതിരെ പൊലീസില്‍ പരാതിപ്പെട്ടതിനുശേഷമാണ് നടി സോഷ്യല്‍മീഡിയയിലൂടെ പരാതി പുറത്തുവിട്ടത്. അത് മാധ്യമങ്ങള്‍ വാര്‍ത്തയാക്കുകയും ചര്‍ച്ചയാകുകയും ചെയ്തതിനുശേഷം മാത്രമാണ് പൊലീസ് കേസുമായി മുന്നോട്ടുപോകാന്‍ തയ്യാറായത്. സോഷ്യല്‍ മീഡിയയിലൂടെ വിവരം പുറത്തുപറയുകയും ഇത്തരത്തില്‍ ഇടപെടലുണ്ടാവുകയും ചെയ്തില്ലായിരുന്നെങ്കില്‍ ഈ കേസ് ഒരുപക്ഷെ ആരുമറിയാതെ പോകുമായിരുന്നു. നടി മാല പാർവതി പറയുന്നു.
5 May 2022, 05:45 PM
നടനും നിർമാതാവുമായ വിജയ്ബാബുവിനെതിരായ പരാതി പൊലീസ് പുറത്തുവിടാതെ പിടിച്ചുവച്ചുവോ? ആക്രമിക്കപ്പെട്ട നടി സോഷ്യൽ മീഡിയിലൂടെ പരാതി പരാതിപ്പെടുകയും മാധ്യമങ്ങൾ ഇത് ഏറ്റെടുക്കുകയും ചെയ്തതോടെ കേസുമായി മുന്നോട്ടുപോകാൻ പൊലീസ് നിർബന്ധിതമായതാണോ? ഈ സംശയങ്ങൾ ശരിവക്കുന്നതാണ് നടി മാലാ പാർവതി ‘ട്രൂ കോപ്പി’യുമായി സംസാരിച്ചപ്പോൾ വെളിപ്പെടുത്തിയ വിവരങ്ങൾ.
വിജയ് ബാബുവിനെതിരായ പരാതിയെക്കുറിച്ച് എപ്പോഴാണ് അറിഞ്ഞതെന്ന് തന്നോട് പൊലീസ് കഴിഞ്ഞദിവസം അന്വേഷിച്ചതായി മാലാ പാര്‍വതി പറഞ്ഞു. ഓണ്‍ലൈന്‍ മാധ്യമത്തിലൂടെ ഈ വിവരം അറിഞ്ഞയുടൻ താൻ പൊലീസ് സ്റ്റേഷനില്‍ ബന്ധപ്പെട്ടെങ്കിലും അങ്ങനെയൊരു കേസില്ലെന്നാണ് പൊലീസ് അന്ന് പറഞ്ഞത് എന്ന് മറുപടി പറഞ്ഞപ്പോൾ, ‘പരാതി കിട്ടിയിരുന്നു, ഞങ്ങള്‍ പുറത്തുവിടാതിരുന്നതാണ്’ എന്ന് പൊലീസ് തന്നോട് പറഞ്ഞതായി മാലാ പാർവതി പറഞ്ഞു.
""വിജയ് ബാബുവിനെതിരെ പൊലീസില്‍ പരാതിപ്പെട്ടതിനുശേഷമാണ് നടി സോഷ്യല്‍മീഡിയയിലൂടെ പരാതി പുറത്തുവിട്ടത്. അത് മാധ്യമങ്ങള്‍ വാര്‍ത്തയാക്കുകയും ചര്‍ച്ചയാകുകയും ചെയ്തതിനുശേഷം മാത്രമാണ് പൊലീസ് കേസുമായി മുന്നോട്ടുപോകാന്‍ തയ്യാറായത്. സോഷ്യല്‍ മീഡിയയിലൂടെ വിവരം പുറത്തുപറയുകയും ഇത്തരത്തില്‍ ഇടപെടലുണ്ടാവുകയും ചെയ്തില്ലായിരുന്നെങ്കില്‍ ഈ കേസ് ഒരുപക്ഷെ ആരുമറിയാതെ പോകുമായിരുന്നു. പൊലീസിന്റെയും അധികാരസ്ഥാനത്തിരിക്കുന്നവരുടെയും ഇത്തരം മനോഭാവം കാരണമാണ് ചൂഷണം നേരിടുന്നവര്‍ പലപ്പോഴും പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുന്നതിനുപകരം സോഷ്യല്‍ മീഡിയയെ ആശ്രയിക്കുന്നത്.'' - മാലാ പാര്‍വതി പറഞ്ഞു.

എ. എം.എം.എ. എന്ന സംഘടനയില്‍ കുറച്ചുപേര്‍ മാത്രമാണ് പുരുഷാധിപത്യ മനോഭാവമുള്ളവരെന്നും അല്ലാത്തവരും കുറേപ്പേരുണ്ടെന്നും അതിനാല്‍ സംഘടനയില്‍ നിന്നുകൊണ്ടുതന്നെ പൊരുതാനാണ് തീരുമാനമെന്നും മാല പാര്‍വതി ‘ട്രൂ കോപ്പി’യോട് പറഞ്ഞു. ""അമ്മ എന്നത് വലിയൊരു സംഘടനയാണ്. ഒരുപാട് പഴയകാല ആര്‍ട്ടിസ്റ്റുകള്‍ക്ക് ഭക്ഷണവും മരുന്നും ആശുപത്രി ചെലവുകളുമൊക്കെ ഈ സംഘടന നല്‍കുന്നുണ്ട്. ആരുമില്ലാതെ ഒറ്റപ്പട്ട് കഴിയുന്ന ആര്‍ട്ടിസ്റ്റുകളുടെയൊക്കെ കാര്യങ്ങള്‍ ചെയ്യാനായി ഇടവേള ബാബു പോകും. അവര്‍ക്ക് വീട് വെച്ചുകൊടുക്കുകയും ഭക്ഷണം എത്തിച്ചുനല്‍കുകയും ചെയ്യും. അതുകൊണ്ടൊക്കെയാണ് ഇത്രയും ആളുകള്‍ സംഘടനയില്‍ തുടരുന്നത്.''- അവര്‍ പറഞ്ഞു. പക്ഷെ, ഇത്തരം നന്മകളൊക്കെ ചെയ്യുമ്പോഴും ഫ്യൂഡല്‍ മനോഭാവമാണ് ഈ സംഘടനയ്ക്ക്. ഒന്നും മിണ്ടാതെ എല്ലാം അനുസരിച്ച് നില്‍ക്കുന്നവര്‍ക്കുവേണ്ടി എല്ലാം ചെയ്തുകൊടുക്കും. പരാതിപ്പെടുകയും പ്രതികരിക്കുകയും ചെയ്യുന്നവരെ അവഗണിക്കുകയും നിശബ്ദരാക്കുകയും ചെയ്യും.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിയമമുണ്ടാക്കുമെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും അത് എത്രത്തോളം നടപ്പാകുമെന്ന കാര്യത്തില്‍ വലിയ ആശങ്കയുണ്ടെന്ന് മാല പാര്‍വതി പറഞ്ഞു: ""സ്ത്രീവിരുദ്ധത എന്ന് പറയുന്നതിനപ്പുറം എന്താണ് ലിംഗനീതി എന്നും സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ എങ്ങനെ പരിഹരിക്കണമെന്നും അറിയാത്തവരാണ് സംഘടനകളിലെ തീരുമാനങ്ങളെടുക്കുന്നവര്‍. അങ്ങനെയുള്ളവര്‍ ബോധവത്കരിക്കപ്പെട്ടാല്‍ മാത്രമെ സിനിമാ മേഖല തുല്യതയുള്ള ഇടമായി മാറുകയുള്ളൂ.''
ഇപ്പോള്‍തന്നെ മലയാളം ഒഴികെയുള്ള മറ്റു ഭാഷകളിലെ സിനിമാ മേഖലകളെല്ലാം മാറിക്കഴിഞ്ഞതായി മാല പാര്‍വതി ചൂണ്ടിക്കാട്ടുന്നു: ""നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ തുടങ്ങിയവയുടെ സീരീസുകളും മറ്റു സംസ്ഥാനങ്ങളിലെ സിനിമകളിലുമെല്ലാം ഇപ്പോള്‍ എല്ലാ കാര്യങ്ങളും എഴുതിത്തയ്യാറാക്കിയ കരാറുകളിലൂടെയാണ്. ചെറിയ റോളുകള്‍ ചെയ്യുന്നവര്‍ മുതല്‍ എല്ലാവര്‍ക്കും കൃത്യമായ കരാറുണ്ടാകും. എന്തൊക്കെ സൗകര്യങ്ങള്‍ തരുമെന്നും നമുക്ക് എന്തൊക്കെ അവകാശങ്ങളുണ്ടെന്നും കരാറില്‍ വ്യക്തമാക്കിയിട്ടുണ്ടാകും. നമ്മുടെയും അവരുടെയും ഉത്തരവാദിത്വങ്ങളും ജോലികളും എന്താണെന്ന് നേരത്തെ തന്നെ അറിയാം. എല്ലാവരും മാറി. കേരളം മാത്രമാണ് മാറാത്തത്. ഇവിടെ മാത്രം ആര്‍ക്കും ഇതൊന്നും മനസ്സിലാകില്ല എന്ന് ഇനിയും പറയാനാകില്ല. അഞ്ച് വര്‍ഷമൊക്കെ കഴിയുമ്പോഴേക്കും മലയാള സിനിമയും മാറും.''
എല്ലാ സിനിമാ സെറ്റുകളിലും ഐ.സി. വേണമെന്ന് പറഞ്ഞിട്ടുണ്ട്. പക്ഷെ ഐ.സി.യ്ക്ക് പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം കൊടുക്കുമോ എന്നാണ് സംശയമെന്നും പാര്‍വതി പറഞ്ഞു. യഥാര്‍ഥത്തില്‍ എ.എം.എം.എ യില്‍ അല്ല ഐ.സി. വേണ്ടത്. പ്രൊഡ്യൂസര്‍മാരാണ് ഓരോ സെറ്റിലും ഐ.സി. വെക്കേണ്ടത്. സിനിമാ മേഖലയിലെ എല്ലാ സംഘടനകളുടെയും പ്രതിനിധികള്‍ ഉള്‍പ്പെടുന്ന കമ്മിറ്റി വേണം. കാരണം, ഒരു ഓഡിഷന്‍ ഉണ്ട്, അല്ലെങ്കില്‍ ഷൂട്ടിങ് ഉണ്ട് എന്ന് അറിയിപ്പ് കിട്ടിയാല്‍ ഒരാള്‍ക്ക് അങ്ങനെയൊരു ഇങ്ങനെയൊരു സിനിമയുണ്ടോ എന്നറിയാന്‍ ഇപ്പോള്‍ ഒരു വഴിയുമില്ല. ഈ സ്ഥിതി മാറണം.- പാര്‍വതി വ്യക്തമാക്കി.
""സ്ത്രീവിരുദ്ധത പറയുന്നവര്‍ക്കും പ്രതികള്‍ക്കു വേണ്ടി സംസാരിക്കുന്നവര്‍ക്കും അവസരം കൊടുക്കുകയാണ് മാധ്യമങ്ങൾ ചെയ്യുന്നത്. രാഹുല്‍ ഈശ്വര്‍, ശാന്തിവിള ദിനേശ്, സജി നന്ത്യാട്ട് തുടങ്ങിയവരെ ചാനലുകളില്‍ വിളിച്ചിരുത്തുകയാണ്. ദിലീപിനെയും വിജയ് ബാബുവിനെയും പിന്തുണയ്ക്കുന്ന ഇത്തരക്കാര്‍ വിനായകനെ പോലെയുള്ളവര്‍ക്കുവേണ്ടി ഒരിക്കലും സംസാരിക്കില്ല. ഇത് ഇല്ലാകണമെങ്കില്‍ മാധ്യമങ്ങള്‍ക്കുമേല്‍ കടുത്ത സമ്മര്‍ദമുണ്ടാകണം.'' - മാല പാര്‍വതി പറഞ്ഞു.
ബാബുരാജിന്റെ രാജിഭീഷണി
താരസംഘടനയായ എ.എം.എം.എ.യുടെ ആഭ്യന്തര പരാതി പരിഹാര സമിതിയില്‍ (Internal Complaints Committee -I.C.C.) നിന്ന് അധ്യക്ഷ അടക്കം മൂന്നുപേർ രാജിവച്ചതും, സിനിമാമേഖലയിലെ സ്ത്രീകൾ നേരിടുന്ന വിഷയങ്ങൾ പഠിച്ച് ജസ്റ്റിസ് കെ. ഹേമ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ട് പുറത്തുവിടില്ലെന്ന സർക്കാർ നിലപാടും, മലയാള സിനിമാ മേഖലയിലെ സ്ത്രീപ്രശ്നങ്ങളുമായി ബന്ധപ്പെട്ട തുറന്ന ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്.
വിജയ് ബാബുവിനെതിരെ ഒരു നടപടിയും വേണ്ട എന്നാണ് എ.എം.എം.എ. എക്‌സിക്യൂട്ടീവ് കമ്മിറ്റി ആദ്യം തീരുമാനിച്ചിരുന്നതെന്നും നടപടിയെടുത്തില്ലെങ്കില്‍ താന്‍ രാജിവെക്കുമെന്ന് നടന്‍ ബാബുരാജ് പറഞ്ഞതിനെ തുടര്‍ന്നാണ് വിജയ് ബാബുവിനെ മാറ്റിനിര്‍ത്താൻ തീരുമാനമുണ്ടായതെന്നും മാല പാര്‍വതി പറഞ്ഞു.

ലൈംഗികാക്രമണ പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചാണ് മാല പാര്‍വതി, ശ്വേത മേനോന്‍, കുക്കു പരമേശ്വരന്‍ എന്നിവര്‍ ഐ.സി.സിയിൽ നിന്ന് രാജിവെച്ചത്. വിജയ് ബാബുവിനെതിരെ നടപടിക്ക് ഐ.സി.സി. ശുപാര്‍ശ നല്‍കിയിരുന്നു. എന്നാല്‍ താന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ നിന്ന് മാറിനില്‍ക്കാം എന്നറിയിച്ച് വിജയ് ബാബു നല്‍കിയ കത്ത് അംഗീകരിക്കുകയാണ് എ.എം.എം.എ ചെയ്തത്. ഇതില്‍ പ്രതിഷേധിച്ചാണ് ഐ.സി.സി. അംഗങ്ങളുടെ രാജി. അതേസമയം, രാജിവെക്കില്ലെന്ന് ഐ.സി.സി.യിലെ മറ്റൊരംഗമായ രചന നാരായണന്‍കുട്ടി വ്യക്തമാക്കുകയും ചെയ്തു. ഐ.സി.സി.യെ നോക്കുകുത്തിയാക്കിയിട്ടില്ലെന്നും ഐ.സി.സി. നിര്‍ദേശം തന്നെയാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റി നടപ്പാക്കിയതെന്നുമാണ് രചന പറഞ്ഞത്. മറ്റു മൂന്നുപേര്‍ രാജിവെച്ചത് എന്തിനാണെന്ന് തനിക്കറിയല്ലെന്നും രചന പറഞ്ഞു. അമ്മയുടെ ആഭ്യന്തര പരാതി പരിഹാര സമിതിയിലെ പുറമെനിന്നുള്ള അംഗമായ അഡ്വ. അനഘയും രാജിവെക്കില്ലെന്ന് അറിയിച്ചിരുന്നു.
മാല പാര്‍വതിയാണ് ആദ്യം രാജിവെച്ചത്. പിന്നാലെ ഐ.സി.സി. അധ്യക്ഷയും എ.എം.എം.എ വൈസ് പ്രസിഡന്റുമായ ശ്വേത മേനോനും ഐ.സി.സി. അംഗം കുക്കു പരമേശ്വരനും രാജി നല്‍കി. നടപടി ശുപാര്‍ശ ചെയ്യാന്‍ അധികാരമില്ലെങ്കില്‍ എന്തിനാണ് ഐ.സി.സി. എന്ന ചോദ്യമാണ് രാജിനല്‍കിയ ശേഷം മാല പാര്‍വതി ഉന്നയിച്ചത്. മാത്രമല്ല, അമ്മയില്‍ ഐ.സി.സി. സജീവമാകുന്നതിനെ ചിലര്‍ ഭയക്കുന്നു എന്നും മാല പാവര്‍വതി പറഞ്ഞു.
നടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വിജയ് ബാബുവിനെതിരെ പൊലീസ് കേസെടുത്ത പശ്ചാത്തലത്തിലാണ് എ.എം.എം.എ യുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി ഐ.സി.സി.യോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. ഏപ്രില്‍ 27-ന് ഐ.സി.സി. യോഗം ചേര്‍ന്നു. സമൂഹമാധ്യമത്തിലൂടെ അതിജീവിതയുടെ പേര് വെളിപ്പെടുത്തിയത് കടുത്ത നിയമലംഘനമാണെന്നും വിജയ് ബാബുവിനെ സംഘടനയുടെ ഔദ്യോഗിക പദവിയില്‍ നിന്ന് തരംതാഴ്ത്തണമെന്നും നിര്‍ദേശിച്ചാണ് സമിതി റിപ്പോര്‍ട്ട് നല്‍കിയത്.
സംഘടനയുടെ തെരഞ്ഞെടുക്കപ്പെട്ട ഒരംഗത്തെ നീക്കാന്‍ ഐ.സി.സി.ക്ക് അധികാരമില്ലെന്നിരിക്കെയാണ് മെയ് ഒന്നിന് എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം ചേര്‍ന്നത്. സംഘടനയുടെ നിര്‍ദേശപ്രകാരം സ്ഥാനം ഒഴിയാന്‍ തയ്യാറാണെന്ന് വിജയ് ബാബു അറിയിച്ചു. എന്നാല്‍ വിജയ് ബാബു സ്വയം രാജിവെക്കാന്‍ സന്നദ്ധത അറിയിച്ച് കത്ത് നല്‍കിയെന്നും അതിന്മേല്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി ചര്‍ച്ച ചെയ്ത് തീരുമാനമെടുത്തു എന്നുമായിരുന്നു ഒദ്യോഗിക വാര്‍ത്താക്കുറിപ്പിലുള്ളത്. ഇതാണ് ഐ.സി.സി. അംഗങ്ങളെ പ്രകോപിപ്പിച്ചത്.
വാര്‍ത്താക്കുറിപ്പ് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നും ഒരു അംഗത്തിനെതിരെയുള്ള അച്ചടക്ക നടപടിയായി ഇതിനെ കാണാനാവില്ലെന്നും പറഞ്ഞാണ് മാല പാര്‍വതി രാജിവെച്ചത്. വാര്‍ത്താക്കുറിപ്പില്‍ തിരുത്തല്‍ വേണമെന്ന് ശ്വേത മേനോന്‍ ആവശ്യപ്പെട്ടിരുന്നു. ഐ.സി.സി.യുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എ.എം.എം.എ ആവശ്യപ്പെട്ട പ്രകാരം വിജയ് ബാബു എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗത്വം ഒഴിഞ്ഞു എന്ന വാര്‍ത്താക്കുറിപ്പാണ് ഇറക്കേണ്ടിയിരുന്നതെന്ന് ശ്വേത പറഞ്ഞു.
വിജയ് ബാബു മാറിനില്‍ക്കുന്നു എന്ന് പറയുന്നത് അച്ചടക്കനടപടിയാകില്ല. എക്‌സിക്യൂട്ടീവില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്നാണ് ഐ.സി.സി ആവശ്യപ്പെട്ടതെന്ന് ശ്വേതയും മാല പാര്‍വതിയും വ്യക്തമാക്കി.
തുല്യതയ്ക്കായി നിയമം
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ സിനിമാ മേഖലയിലെ സ്ത്രീകളുടെ സുരക്ഷയ്ക്കായി പ്രത്യേക നിയമം കൊണ്ടുവരുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വിളിച്ച യോഗത്തില്‍ നിയമനിര്‍മാണത്തിനുള്ള നിര്‍ദേശങ്ങള്‍ സാംസ്‌കാരിക വകുപ്പ് അവതരിപ്പിച്ചു.

സിനിമ മേഖലയില്‍ ജോലിസ്ഥലത്ത് മദ്യവും മയക്കുമരുന്നും പാടില്ല, സ്ത്രീക്കും പുരുഷനും തുല്യവേതനം ഉറപ്പാക്കണം, സ്ത്രീകള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ നിഷേധിക്കരുത്, സ്ത്രീകള്‍ക്ക് സുരക്ഷിതമല്ലാത്ത താമസ, യാത്രാസൗകര്യങ്ങള്‍ ഒരുക്കരുതെന്നും നിര്‍ദേശമുണ്ട്. ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ ഡ്രൈവര്‍മാരായി നിയമിക്കരുതെന്നും ഹേമ കമ്മിറ്റി നിര്‍ദേശിച്ചിട്ടുണ്ട്. സിനിമയില്‍ തുല്യവേതനം ഉറപ്പാക്കണം. സിനിമാ മേഖലയില്‍ എഴുതിത്തയ്യാറാക്കിയ കരാര്‍ നിര്‍ബന്ധമാക്കണം. സ്ത്രീകള്‍ക്ക് അടിസ്ഥാനസൗകര്യങ്ങള്‍ നിഷേധിക്കരുത്. സമൂഹമാധ്യമങ്ങളിലൂടെയുള്ള ഓഡിഷന് നിയന്ത്രണം വേണമെന്നും കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ട്. ബന്ധപ്പെട്ട സംഘടനയില്‍ രജിസ്റ്റര്‍ ചെയ്ത നിര്‍മാതാവിന് മാത്രമെ ഓഡിഷന്‍ നടത്താന്‍ അധികാരമുണ്ടാകാവൂ. സ്ത്രീകളോട് അശ്ലീലചുവയുള്ള പെരുമാറ്റം തടയണം. സിനിമാ മേഖലയിലെ സ്ത്രീകളെ സമൂഹമാധ്യമങ്ങളിലൂടെയും ഫാന്‍സ് ക്ലബ്ബുകളിലൂടെയും മറ്റേതെങ്കിലും തരത്തിലും അവഹേളിക്കുന്നത് തടയാന്‍ നടപടി വേണമെന്നും ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലുണ്ട്.
ആരെയും സിനിമാ ജോലി ചെയ്യുന്നതില്‍ നിന്ന് വിലക്കരുത്. അസി. ഡയറക്ടര്‍മാര്‍ക്ക് മിനിമം വേതനം ഉറപ്പാക്കണം. സിനിമകള്‍ക്ക് ലോണുകള്‍ അനുവദിക്കാന്‍ ഏകജാലക സംവിധാനം നടപ്പാക്കണം, ശക്തമായ പരാതി പരിഹാര സംവിധാനം കൊണ്ടുവരണം, ഫിലിം പഠനകേന്ദ്രങ്ങളില്‍ സ്ത്രീകള്‍ക്ക് സീറ്റ് സംവരണം നടപ്പാക്കണം, ടെക്‌നീഷ്യനായി സ്ത്രീകള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ഉണ്ടാകണം, മികച്ച വനിതാ പ്രൊഡ്യൂസര്‍ക്ക് അവാര്‍ഡ് നല്‍കണം തുടങ്ങിയ നിര്‍ദേശങ്ങളും കമ്മിറ്റി മുന്നോട്ടുവെച്ചിട്ടുണ്ട്.
സിനിമാ മേഖലയിലെ എല്ലാ സംഘടനകളെയും സാംസ്‌കാരിക വകുപ്പ് വിളിച്ചുചേര്‍ത്ത യോഗത്തിലേക്ക് ക്ഷണിച്ചിരുന്നു. ഡബ്ല്യു.സി.സി.യില്‍ നിന്ന് പത്മപ്രിയ, ബീനാ പോള്‍ എന്നിവരാണ് പങ്കെടുത്തത്. ‘എ.എം.എം.എ’യില്‍ നിന്ന് ഇടവേള ബാബു, മണിയന്‍പിള്ള രാജു, സിദ്ദിഖ് എന്നിവരും പങ്കെടുത്തു. വനിതാ കമീഷന്‍ അധ്യക്ഷ പി. സതീദേവിയും യോഗത്തില്‍ പങ്കെടുത്തു. മാക്ട, ഫെഫ്ക, ഫിലിം ചേംബര്‍, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ എന്നീ സംഘടനകളുടെ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.
സിനിമാ സംഘടനകളുമായി ചര്‍ച്ച നടത്താനായി വനിതാ കമീഷന്‍ അധ്യക്ഷ പി. സതീദേവി, കെ.എസ്.എഫ്.ഡി.സി. ചെയര്‍മാന്‍ ഷാജി എന്‍. കരുണ്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്, നടന്‍ മധുപാല്‍, നിയമ വകുപ്പ് സെക്രട്ടറി എന്നിവരടങ്ങിയ സമിതയെ നിയോഗിച്ചിട്ടുണ്ട്. ഇപ്പോഴത്തെ കരട് റിപ്പോര്‍ട്ട് പൂര്‍ണതയിലെത്തിച്ച് നിയമവകുപ്പും മന്ത്രിസഭയും പരിശോധിച്ച് നിയമമാക്കുമെന്ന് സജി ചെറിയാന്‍ പറഞ്ഞു.
ചര്‍ച്ചയില്‍ ദിലീപ് അനുകൂലികള്‍
നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ ദിലീപിനെ പിന്തുണയ്ക്കുന്നവരാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാനായുള്ള യോഗത്തില്‍ പങ്കെടുക്കുന്ന "എ.എം.എം.എ' പ്രതിനിധികള്‍ മൂന്നുപേരും. ഇതിനെതിരെ വിമര്‍ശനവുമായി നടന്‍ ഷമ്മി തിലകന്‍ രംഗത്തെത്തി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ഷമ്മി തിലകന്റെ വിമര്‍ശനം. "പൊന്നുരുക്കുന്നിടത്ത് പൂച്ചകള്‍ക്ക് എന്താണാവോ കാര്യം' എന്ന് ചോദിച്ചുകൊണ്ടാണ് ഷമ്മിയുടെ പോസ്റ്റ് തുടങ്ങുന്നത്. സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ച് തയ്യാറാക്കിയ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ നടത്തുന്ന ചര്‍ച്ചയില്‍ പങ്കെടുക്കുന്ന "അമ്മ' പ്രതിനിധികള്‍. സ്ത്രീകളെ പൊടിപോലുമില്ല കണ്ടുപിടിക്കാന്‍ എന്നുപറയുന്നവരോട്. ഈ ചര്‍ച്ചയില്‍ ഉരുത്തിരിയുന്ന തീരുമാനം എന്തായിരിക്കും? പ്രവചിക്കാമോ...? ഇതായിരുന്നു ഷമ്മിയുടെ പോസ്റ്റ്. പ്രവചനം എന്തുതന്നെയായാലും ജനറല്‍ സെക്രട്ടറിയുടെ പത്രക്കുറിപ്പിനായി കാത്തിരിക്കുന്നു എന്നും ഷമ്മി പറയുന്നു.

വിജയ് ബാബുവിനെതിരായ നടപടി വിശദീകരിച്ചുകൊണ്ടുള്ള അമ്മയുടെ വാര്‍ത്താക്കുറിപ്പില്‍ തന്നെക്കുറിച്ച് പരാമര്‍ശിച്ചതിനെതിരെ നേരത്തെ ഷമ്മി തിലകന്‍ രൂക്ഷമായി പ്രതികരിച്ചിരുന്നു. ലൈംഗിക പീഡന കേസില്‍ പൊലീസ് അന്വേഷണം നേരിടുന്ന എക്‌സിക്യൂട്ടീവ് അംഗത്തിനെതിരെ കൈക്കൊണ്ട നടപടി സംബന്ധിച്ച വാര്‍ത്താക്കുറിപ്പില്‍ "ഷമ്മി തിലകനെതിരെയുള്ള അന്വേഷണത്തിനായി ഡിസിപ്ലിനറി കമ്മിറ്റിയുടെ മുമ്പാകെ ഹാജരാകാനുള്ള നോട്ടീസ് കൊടുത്തിരുന്നുവെങ്കിലും അദ്ദേഹം കൂടുതല്‍ സമയം ആവശ്യപ്പെട്ടതുകൊണ്ട് മെയ് 17-ന് ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്' എന്നുമുണ്ട്. ഇത് വസ്തുതാവിരുദ്ധമാണെന്നും തനിക്ക് ഇങ്ങനെ ഒരു അറിയിപ്പ് ലഭിച്ചിട്ടില്ലെന്നുമാണ് ഷമ്മി തിലകന്‍ വ്യക്തമാക്കുന്നത്. മീറ്റൂ ആരോപണത്താല്‍ അറസ്റ്റ് ഭയന്ന് ഒളിവില്‍ കഴിയുന്ന അംഗത്തിനെതിരെയുള്ള നടപടിയുമായി കൂട്ടിക്കലര്‍ത്തി തന്റെ പേര് പറഞ്ഞത് തെറ്റിദ്ധാരണ പരത്തുന്നതും തനിക്ക് സമൂഹത്തില്‍ അവമതിപ്പുണ്ടാക്കുന്നതുമാണെന്ന് ഷമ്മി പറയുന്നു. തന്റെ പ്രതിച്ഛായ നശിപ്പിക്കണമെന്ന ഗൂഢതാത്പര്യമാണ് ജനറല്‍ സെക്രട്ടറിയുടെ പ്രസ്താവനയ്ക്കു പിന്നിലെന്നും ഷമ്മി കുറ്റപ്പെടുത്തി. ഇത്തരം നീചമായ പ്രവര്‍ത്തികള്‍ ചെയ്യുന്നതും സംഘടനയ്ക്ക് അവമതിപ്പുണ്ടാക്കുന്നതാണെന്ന് ഷമ്മി ചൂണ്ടിക്കാട്ടി.
നേരത്തെ ദിലീപ് പ്രതിയായ കേസിലും അതിജീവിതയെ അവമതിക്കുകയും പ്രതിയെ പിന്തുണയ്ക്കുകയും ചെയ്യുന്ന നടപടികളാണ് ‘എ.എം.എം.എ’ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവില്‍ നിന്നുണ്ടായിട്ടുള്ളത്. യോഗത്തില്‍ പങ്കെടുത്ത മറ്റംഗങ്ങളായ മണിയന്‍പിള്ള രാജുവും സിദ്ദിഖും സ്ത്രീവിരുദ്ധത പലതവണ പ്രകടിപ്പിച്ചിട്ടുള്ളവരുമാണ്. സിദ്ദിഖിനെതിരെ മുമ്പ് യുവനടി മീറ്റൂ പരാതി ഉന്നയിച്ചിരുന്നു. ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ സിദ്ദിഖില്‍ നിന്ന് മോശം അനുഭവമുണ്ടായതായി മാല പാര്‍വതിയും കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. മാത്രമല്ല, ദിലീപിനെ പരസ്യമായി പിന്തുണയ്ക്കുന്നയാളുമാണ് സിദ്ദിഖ്.
ഐ.സി.സിയില്‍ നിന്ന് മാല പാര്‍വതിയും ശ്വേതയും കുക്കുവും രാജിവെച്ചതിനുപിന്നാലെ സിനിമാ മേഖലയിലെ സ്ത്രീകളെയാകെ അപമാനിക്കുന്ന തരത്തിലായിരുന്നു സംഘടനയുടെ വൈസ് പ്രസിഡന്റായ മണിയന്‍പിള്ള രാജുവിന്റെ പ്രതികരണം. സ്ത്രീകള്‍ക്ക് പരാതി പറയാന്‍ അവരുടെ സംഘടനയുണ്ടല്ലോ എന്നാണ് മണിയന്‍പിള്ള രാജു പറഞ്ഞത്. മണിയന്‍പിള്ള രാജുവിനെതിരെ ‘എ.എം.എം.എ’ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായ ബാബുരാജ് രംഗത്തെത്തിയിരുന്നു. അമ്മയിലെ വനിതാ താരങ്ങളുടെ പരാതി കേള്‍ക്കാനാണ് ആഭ്യന്തര പരാതി പരിഹാര സമിതിയുള്ളതെന്നും സ്ത്രീകള്‍ക്ക് മറ്റൊരു സംഘടനയുണ്ടല്ലോ, അവിടെ പോയി പരാതി പറയണം എന്ന് വൈസ് പ്രസിഡൻറ് പറഞ്ഞതിന്റെ ഉദ്ദേശ്യം എന്നതാണെന്ന് മനസ്സിലായില്ലെന്നും ബാബുരാജ് പറഞ്ഞു.

‘എ.എം.എം.എ’യിലെ വനിതാ താരങ്ങള്‍ പാവകളല്ല, അവര്‍ പ്രതികരണശേഷിയുള്ളവരാണെന്ന് സമൂഹത്തിന് മനസ്സിലാക്കിക്കൊടുക്കാന്‍ ഐ.സി.സി. അംഗങ്ങളുടെ രാജിയിലൂടെ കഴിഞ്ഞുവെന്നും ബാബുരാജ് പറഞ്ഞു. ‘അമ്മ’യിലെ സ്ത്രീകളുടെ പരാതികള്‍ ‘അമ്മ’യില്‍ ചര്‍ച്ച ചെയ്തില്ലെങ്കില്‍ പിന്നെ വേറെ ആരാണ് ചര്‍ച്ച ചെയ്യുക. ഇതിനുള്ള മറുപടി തന്നെയാണ് മാല പാര്‍വതി ഉള്‍പ്പെടെയുള്ളവരുടെ രാജി എന്നേ എനിക്ക് പറയാന്‍ പറ്റൂ. ‘അമ്മ’ എന്നത് താരങ്ങളുടെ സംഘടനയാണ്. അവിടയെുള്ള എല്ലാവരുടെയും പ്രശ്‌നം സംഘടനയുടെ പ്രശ്‌നമാണ്- ബാബുരാജ് വ്യക്തമാക്കി.
മണിയന്‍പിള്ള രാജുവിനെ വിമര്‍ശിച്ചുകൊണ്ടും രാജിവെച്ച സ്ത്രീകളെ പിന്തുണച്ചുകൊണ്ടുമുള്ള ബാബുരാജിന്റെ പ്രസ്താവനയെ അപൂര്‍വമെന്ന് പറഞ്ഞാണ് മാല പാര്‍വതി സ്വാഗതം ചെയ്തത്. സാധാരണ ഇത്തരത്തില്‍ സംഭവിക്കാറില്ലെന്നും സ്ത്രീകളെ പിന്തുണച്ച് സംസാരിക്കാനും ആളുകളുണ്ടാകുന്നത് അപൂര്‍വമാണെന്നും മാല പാര്‍വതി പറഞ്ഞു.
റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ആവര്‍ത്തിച്ച് ഡബ്ല്യു.സി.സി.
നടി ആക്രമിക്കപ്പെട്ട സംഭവത്തിനുശേഷം സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാനായി സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി രണ്ടുവര്‍ഷം മുമ്പാണ് റിപ്പോര്‍ട്ട് നല്‍കിയത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണമെന്നും നിയമനിര്‍മാണം നടത്തണമെന്നും ഡബ്യു.സി.സി. നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ഡബ്ല്യു.സി.സി. തന്നെ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പി. രാജീവ് പറഞ്ഞത്.
എന്നാല്‍ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളും നിര്‍ദേശങ്ങളും പുറത്തുവിടണമെന്ന് സര്‍ക്കാരിന് എഴുതി നല്‍കിയിരുന്നുവെന്നും മന്ത്രി ഇങ്ങനെ പറയുന്നത് എന്തുകൊണ്ടെന്ന് അറിയില്ലെന്നുമാണ് ഡബ്ല്യു.സി.സി പ്രതികരിച്ചത്. ഹേമ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയവരുടെ പേരുകള്‍ പരസ്യപ്പെടുത്തരുത്, റിപ്പോര്‍ട്ടിലെ കണ്ടെത്തലുകളും ശുപാര്‍ശകളും പരസ്യമാക്കണം എന്നിവയാണ് ജനുവരി 21-ന് മന്ത്രി പി. രാജീവുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം ഡബ്ല്യു.സി.സി പറഞ്ഞത്.
മന്ത്രി പി. രാജീവ് ഇന്ത്യന്‍ എക്സ്പ്രസുമായുള്ള അഭിമുഖത്തിൽ പറഞ്ഞത് "ഡബ്ല്യു.സി.സി പ്രതിനിധികളെ ഞാന്‍ കണ്ടിരുന്നു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പരസ്യപ്പെടുത്തരുതെന്ന് അവര്‍ തന്നെ മീറ്റിങ്ങില്‍ ആവശ്യപ്പെട്ടു. കമ്മീഷന്‍ ഓഫ് എന്‍ക്വയറീസ് ആക്റ്റിന് കീഴില്‍ അല്ലാത്തതിനാല്‍ റിപ്പോര്‍ട്ട് പരസ്യമാക്കേണ്ട കാര്യമില്ല' എന്നാണ്. പിന്നീട് മാധ്യമപ്രവര്‍ത്തകരോടും മന്ത്രി ഇതേ നിലപാട് ആവര്‍ത്തിക്കുകയായിരുന്നു. തുടര്‍ന്ന് റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് മന്ത്രിക്ക് നല്‍കിയ കത്ത് ഡബ്ല്യൂ.സി.സി. പുറത്തുവിട്ടു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്ന ഡബ്ല്യു.സി.സിക്കെതിരെ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനും രംഗത്തെത്തിയിരുന്നു. റിപ്പോര്‍ട്ട് പുറത്തുവിടേണ്ടതില്ലെന്ന് ജസറ്റിസ് ഹേമ തന്നെ പറഞ്ഞിട്ടുണ്ടെന്നും റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് പറയുന്നവര്‍ക്ക് വേറെ ഉദ്ദേശ്യമാണെന്നുമാണ് സജി ചെറിയാന്‍ പറഞ്ഞത്.
റിപ്പോര്‍ട്ട് പുറത്ത് വിടണോ വേണ്ടയോ എന്ന് സര്‍ക്കാരാണ് തീരുമാനിക്കേണ്ടത്. സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വനിതകള്‍ക്ക് സുരക്ഷിതത്വം ലഭിക്കണമെന്നതാണ് സര്‍ക്കാരിന്റെ പ്രധാന ഉദ്ദേശ്യം. റിപ്പോര്‍ട്ടിലെ ഉള്ളടക്കം സര്‍ക്കാര്‍ അംഗീകരിച്ചാണ് തുടര്‍നടപടികളിലേക്ക് നടക്കുന്നത്. റിപ്പോര്‍ട്ട് പുറത്ത് വിടുകയെന്നതിനേക്കാള്‍ ഹേമ കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പിലാക്കുകയാണ് വേണ്ടെതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
അതേസമയം, റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് സര്‍ക്കാരുമായുള്ള ചര്‍ച്ചയ്ക്കു ശേഷവും ഡബ്ല്യു.സി.സി. ആവശ്യപ്പെട്ടു. സര്‍ക്കാരുമായുള്ള ചര്‍ച്ച നിരാശാജനകമായിരുന്നുവെന്നും ഒരു തീരുമാനവുമുണ്ടായില്ലെന്നും ഡബ്ല്യു.സി.സി. അംഗങ്ങള്‍ പറഞ്ഞു. വളരെ സമയമെടുത്ത് തയ്യാറാക്കിയ റിപ്പോര്‍ട്ടിലെ നിരീക്ഷണങ്ങളും കണ്ടെത്തലുകളും ശുപാര്‍ശകളും എന്താണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്നും ഡബ്ല്യു.സി.സി. ആവശ്യപ്പെട്ടു. മൊഴികള്‍ നല്‍കിയവരുടെ പേരുകള്‍ വെളിപ്പെടുത്താതെ റിപ്പോര്‍ട്ടിലെ നിരീക്ഷണങ്ങളും നിര്‍ദേശങ്ങളും പുറത്തുവിടണമെന്നാണ് ഡബ്ല്യു.സി.സി. ആവശ്യപ്പെടുന്നത്.
സിനിമാ മേഖലയിൽനിന്ന് നിരന്തരം ലൈംഗികാക്രമണ പരാതികളുയരുന്നതിനിടക്കും, ഹേമ കമ്മിറ്റി റിപ്പോർട്ടിന്മേൽ ഫലപ്രദമായ തുടർനടപടികളെടുക്കുന്നതിൽ സർക്കാർ ഒളിച്ചുകളി തുടരുകയാണ് എന്നാണ്, സിനിമാ സംഘടനകളുമായുള്ള കഴിഞ്ഞ ദിവസത്തെ ചർച്ച തെളിയിക്കുന്നത്. ഒരു മാസത്തിനുശേഷം അടുത്ത യോഗം നടക്കുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. അതിലും ക്രിയാത്മകമായ എന്തെങ്കിലും നടപടിയുണ്ടാകുമെന്ന് ഇപ്പോഴത്തെ നിലപാടുവച്ച് പ്രതീക്ഷിക്കാനാകില്ല.
കഴിഞ്ഞ, ഐ.എഫ്.എഫ്.കെ ഉദ്ഘാടന വേദിയിൽ ആക്രമിക്കപ്പെട്ട നടിയെ
ക്ഷണിച്ചുവരുത്തി ആദരിക്കുകയും അവരുടെ പോരാട്ടങ്ങൾക്ക് പിന്തുണ അറിയിക്കുകയും ചെയ്തത് പരക്കെ സ്വാഗതം ചെയ്യപ്പെട്ടു. അത്, തന്റെ തീരുമാനമായിരുന്നുവെന്നാണ് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് പറഞ്ഞത്. എന്നാൽ, ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട സർക്കാർ നിലപാട്, നടിയെ ആദരിച്ചത് ഒരു ഷോ മാത്രമായിരുന്നു എന്നാണ് കാണിക്കുന്നത്.
ഷാഫി പൂവ്വത്തിങ്കൽ
Mar 14, 2023
3 Minutes Read
ഇ.വി. പ്രകാശ്
Mar 13, 2023
6 Minutes Read
മുഹമ്മദ് ജദീര്‍
Mar 10, 2023
4 minutes Read
രാംനാഥ് വി.ആർ.
Mar 10, 2023
10 Minutes Read
Think
Feb 13, 2023
3 Minutes Read
മുഹമ്മദ് ജദീര്‍
Feb 10, 2023
5 Minutes Read