ഓരോ ഹൃദയമിടിപ്പും നമ്മുടെ പാട്ടായിരിക്കണം; രക്തത്തിന്റെ ചുവപ്പ് നമ്മുടെ കൊടിക്കൂറയും

"ആരോഗ്യം ഒരു രാഷ്ട്രീയ തെരഞ്ഞെടുപ്പാണ്' എന്ന 2020 ജൂൺ മാസത്തിലെ ഞങ്ങളുടെ ദോസിയറിൽ ചൂണ്ടിക്കാണിച്ചതുപോലെ, പൊതുജനാരോഗ്യ സംവിധാനങ്ങൾക്കുമേലുള്ള ആക്രമണം ലോകാരോഗ്യ സംഘടന ഒരു സുപ്രധാന മുന്നറിയിപ്പ് പുറപ്പെടുവിക്കുന്നതിലേക്ക് നയിച്ചിരുന്നു. ആരോഗ്യസംരക്ഷണ സംവിധാനത്തെ സ്വകാര്യവൽക്കരിക്കുവാനുള്ള നവലിബറൽ തീട്ടൂരം സ്വീകരിച്ച രാജ്യങ്ങളിൽ ഏതെങ്കിലും മഹാമാരി പൊട്ടിപ്പുറപ്പെട്ടാലുണ്ടാകുന്ന അപകടങ്ങളെക്കുറിച്ചായിരുന്നു അത്.''

ലാവോസും വിയറ്റ്നാമും പോലെയുള്ള രാജ്യങ്ങൾക്ക് കൊറോണാവൈറസിനെ പ്രതിരോധിക്കുവാൻ സാധിച്ചുവെന്ന വസ്തുത വളരെക്കുറച്ചേ ചർച്ച ചെയ്യപ്പെട്ടിട്ടുള്ളൂ. ഈ രണ്ട് രാജ്യങ്ങളിലും സ്ഥിരീകരിക്കപ്പെട്ട ഒരു കോവിഡ്-19 മരണം പോലും ഉണ്ടായിട്ടില്ല. 2019 ഡിസംബറിൽ ഈ വൈറസ് ആദ്യമായി കണ്ടെത്തപ്പെട്ട ചൈനയുമായി ഇപ്പറഞ്ഞ രണ്ട് രാജ്യങ്ങളും അതിർത്തി പങ്കിടുന്നുണ്ടെന്ന് മാത്രമല്ല സമൃദ്ധമായ വ്യാപാര, വിനോദ സഞ്ചാര ബന്ധം നിലനിർത്തുന്നുമുണ്ട്.

ഇന്ത്യയും ചൈനയും ഹിമാലയസാനുക്കളാൽ വേർതിരിക്കപ്പെട്ടിരിക്കുന്നു. ബ്രസീലിനും യു.എസിനും ഇടയിലും അവർക്കും ഏഷ്യയ്ക്കുമിടയിലും രണ്ട് സമുദ്രങ്ങളാണുള്ളത്. എന്നിരുന്നിട്ടുപോലും രോഗബാധയുടെയും മരണത്തിന്റെയും ഏറ്റവും ഞെട്ടിപ്പിക്കുന്ന കണക്കുകളുള്ളത് യു.എസിലും ബ്രസീലിലും ഇന്ത്യയിലുമാണ്. സമ്പന്ന രാജ്യങ്ങൾ - വിശേഷിച്ച് അമേരിക്കൻ ഐക്യനാടുകൾ - പ്രതിസന്ധിയുടെ കയത്തിൽ പെട്ടിരിക്കുമ്പോൾ താരതമ്യേന ദരിദ്രരാജ്യങ്ങളായ ലാവോസും വിയറ്റ്നാമും പോലുള്ളവയ്ക്ക് രോഗബാധയുടെ ശൃംഖല തകർക്കാൻ സാധിച്ചതെങ്ങനെയാണ്?

ട്രൈക്കോണ്ടിനെന്റൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ റിസർച്ചിലെ ഞങ്ങളുടെ ടീം, ലാവോസ്, വിയറ്റ്നാം തുടങ്ങിയ സ്ഥലങ്ങളിലെ സർക്കാരുകൾ കൊറോണാവൈറസിന്റെ ദ്രുതഗതിയിലുള്ള വ്യാപനത്തെ നേരിടുന്ന രീതിയെക്കുറിച്ച് പഠിച്ചുകൊണ്ടിരിക്കുകയാണ്. മൂന്ന് രാജ്യങ്ങളുടെയും (ക്യൂബ, വെനസ്വേല, വിയറ്റ്നാം) ഒരു ഇന്ത്യൻ സംസ്ഥാനത്തിന്റെയും (കേരളം) അനുഭവങ്ങൾ ഞങ്ങൾ സൂക്ഷ്മമായി പരിശോധിച്ചു. ഈ അന്വേഷണങ്ങൾ കൊറോണ ആഘാതത്തെക്കുറിച്ചുള്ള ഞങ്ങളുടെ മൂന്നാമത്തെ പഠനമായി ഇപ്പോൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്, "കൊറോണ ആഘാതവും സോഷ്യലിസവും' (Corona Shock and Socialism) എന്ന പേരിൽ. ഈ അന്വേഷണത്തിൽ, സോഷ്യലിസ്റ്റ് സർക്കാരുകളുള്ള രാജ്യങ്ങളുടെയും മുതലാളിത്ത ക്രമം പിന്തുടരുന്ന രാജ്യങ്ങളുടെയും കോവിഡ്-19നോടുള്ള പ്രതികരണങ്ങൾ തമ്മിൽ പ്രധാനമായും നാല് വ്യത്യാസങ്ങളുണ്ടെന്ന് ഞങ്ങൾക്ക് വ്യക്തമായി.

"കൊറോണ ആഘാതവും സോഷ്യലിസവും' എന്ന ട്രൈക്കോണ്ടിനെന്റൽ പഠനത്തിൽ നിന്നും.

1. ഭ്രമാത്മകതയ്ക്കു പകരം ശാസ്ത്രത്തിന്റെ കരുത്ത്

2020 ജനുവരി 20-ന് കൊറോണാവൈറസ് മനുഷ്യർക്കിടയിൽ പകരാമെന്ന് ചൈനീസ് ശാസ്ത്രജ്ഞരും ഡോക്ടർമാരും പ്രഖ്യാപിച്ച ഉടനെ തന്നെ, തങ്ങളുടെ രാജ്യത്തേയ്ക്കുള്ള പ്രവേശനമാർഗ്ഗങ്ങൾ നിരീക്ഷിക്കാനും ജനങ്ങൾക്കിടയിൽ ഏറ്റവും കൃത്യതയോടെ പരിശോധന നടത്തുവാനും സോഷ്യലിസ്റ്റ് സർക്കാരുകൾ നടപടിയെടുത്തു. തങ്ങളുടെ ജനങ്ങൾക്കിടയിൽ രോഗബാധ നിയന്ത്രണാതീതമാകില്ലെന്ന് ഉറപ്പാക്കാൻ അവർ ടാസ്‌ക് ഫോഴ്‌സുകളും പ്രതിരോധ പ്രവർത്തനത്തിനുള്ള നടപടിക്രമങ്ങളും തയ്യാറാക്കി. ഇതിനൊന്നും ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്ഒ) മാർച്ച് 11 ന് ആഗോള മഹാമാരിയായി പ്രഖ്യാപിക്കുന്നതുവരെ അവർ കാത്തിരുന്നില്ല.

ചൈനീസ് സർക്കാരിനോടും ലോകാരോഗ്യ സംഘടനയോടും ഭ്രാന്തുപിടിച്ചതുപോലെ പെരുമാറിയ യുഎസ്, യുകെ, ബ്രസീൽ, ഇന്ത്യ തുടങ്ങിയ മുതലാളിത്ത രാജ്യങ്ങളിലെ സർക്കാരുകളുടേതിൽ നിന്നും തികച്ചും വ്യത്യസ്തമായ രീതിയായിരുന്നു ഇത്. വിയറ്റ്നാമിന്റെ പ്രധാനമന്ത്രി ങുവേൻ ഷുവാൻ ഫുക്കിന്റെയും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെയും നിലപാടുകൾ തമ്മിൽ താരതമ്യത്തിനു പോലും ഇടമില്ല. ആദ്യത്തെയാൾ സമചിത്തതയോടുകൂടിയ ശാസ്ത്രീയമായ സമീപനം സ്വീകരിച്ചുവെങ്കിൽ രണ്ടാമത്തെയാൾ ഇക്കഴിഞ്ഞ ജൂൺ 24-ന് പോലും കൊറോണാവൈറസിനെ ഒരു നിസ്സാര പനിയായി ചിരിച്ചുതള്ളുകയായിരുന്നു.

2. യുദ്ധവെറിക്കും വംശീയതയ്ക്കും പകരം സാർവദേശീയത
ട്രമ്പും ബോൾസൊനാരോയും വൈറസിനെ നേരിടാൻ തയ്യാറെടുക്കുന്നതിനേക്കാൾ സമയം ചെലവഴിക്കുന്നത് വൈറസിന്റെ പേരിൽ ചൈനയെ കുറ്റപ്പെടുത്താനാണെന്ന് തോന്നുന്നു. അതായത് സ്വന്തം ജനങ്ങളെ പരിപാലിക്കുന്നതിനേക്കാൾ കൂടുതൽ തങ്ങളുടെ കഴിവില്ലായ്മകളെ മറച്ചു പിടിക്കുന്നതിനെക്കുറിച്ചായിരുന്നു അവരുടെ വെപ്രാളം. "ദുഷ്പ്രചാരണമല്ല, ഐക്യദാർഢ്യമാണ്' വേണ്ടത് എന്ന് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ഡോ. തെദ്രോസ് അധാനോം ഗെബ്രെയേസുസ് ആഹ്വാനം ചെയ്യുവാനുള്ള കാരണം ഇതാണ്. മഹാമാരിയുടെ ആക്രമണത്തിൽ നിന്നും യു.എസിനെയോ ബ്രസീലിനെയോ രക്ഷിക്കാൻ യുദ്ധവെറിക്കോ വംശീയതയ്ക്കോ സാധിച്ചില്ല. രണ്ട് രാജ്യങ്ങളും വളരെപ്പെട്ടെന്നു തന്നെ കനത്ത പ്രതിസന്ധിയുടെ കയത്തിലേയ്ക്കു വീണു.

അതേസമയം, യു.എസ്. തലസ്ഥാനമായ വാഷിംഗ്ടൺ ഡിസിയിലേക്ക് സുരക്ഷാ ഉപകരണങ്ങൾ അയച്ചത്, യു.എസ്. മാരക നശീകരണ ആയുധങ്ങൾ വർഷിച്ചതിന്റെ ഏറെയൊന്നും പഴയതല്ലാത്ത ഓർമകൾ പേറുന്ന ഒരു ദരിദ്രരാജ്യമായിരുന്നു - വിയറ്റ്നാം. കോവിഡ്-19നെതിരായ പോരാട്ടത്തിൽ തങ്ങളുടെ സഹായം ലോകമെമ്പാടുമെത്തിച്ചത് ചൈനയുടെയും ക്യൂബയുടെയും ഡോക്ടർമാരായിരുന്നു. യു.എസിൽ നിന്നോ യു.കെയിൽ നിന്നോ ബ്രസീലിൽ നിന്നോ അല്ലെങ്കിൽ ഇന്ത്യയിൽ നിന്നോ ഉള്ള ഒരു ആരോഗ്യപ്രവർത്തകരുടെ സംഘത്തെയും എവിടെയും കാണുവാൻ സാധിച്ചില്ല. ഈ രാജ്യങ്ങളിലെ അപകടകരമാം വിധം കഴിവുകെട്ട നേതാക്കന്മാർ അവരുടെ ജനതയെ വംശീയതയിൽ പൊതിഞ്ഞ് മറ്റൊന്നിനെക്കുറിച്ചും ആശങ്കയില്ലാത്തവരാക്കി മയക്കിയെടുക്കുവാൻ ശ്രമിക്കുകയായിരുന്നു. ജനങ്ങൾ ഇതിന് കൊടുക്കേണ്ടി വരുന്ന വില വളരെ വലുതാണ്. ഇതുകൊണ്ടാണ് "മാനവികതയ്ക്കെതിരായ കുറ്റകൃത്യ'ത്തിന് തുല്യമായ ഈ പ്രവൃത്തികളുടെ പേരിൽ ട്രമ്പിന്റെയും മോദിയുടെയും ബോൾസൊനാരോയുടെയും സർക്കാരുകളെക്കുറിച്ച് അന്വേഷിക്കാൻ അരുന്ധതി റോയ് ഒരു ട്രൈബ്യൂണൽ ആവശ്യപ്പെട്ടത്.

3. ലാഭവെറി പൂണ്ട സ്വകാര്യ മേഖലയ്ക്കു പകരം പൊതുമേഖല
ആതുരശുശ്രൂഷയെ സ്വകാര്യവൽക്കരിക്കുകയും തങ്ങളുടെ പൊതു ആരോഗ്യ സംവിധാനങ്ങളെ ചുരുക്കുകയും ചെയ്ത രാജ്യങ്ങളെ സംബന്ധിച്ചിടത്തോളം ചെയ്യാനുണ്ടായിരുന്നത് യാഥാർഥ്യത്തിന് കീഴടങ്ങുക എന്നത് മാത്രമായിരുന്നു. "ആരോഗ്യം ഒരു രാഷ്ട്രീയ തെരഞ്ഞെടുപ്പാണ്' എന്ന 2020 ജൂൺ മാസത്തിലെ ഞങ്ങളുടെ ദോസിയറിൽ ചൂണ്ടിക്കാണിച്ചതുപോലെ, പൊതുജനാരോഗ്യ സംവിധാനങ്ങൾക്കുമേലുള്ള ആക്രമണം ലോകാരോഗ്യ സംഘടന ഒരു സുപ്രധാന മുന്നറിയിപ്പ് പുറപ്പെടുവിക്കുന്നതിലേക്ക് നയിച്ചിരുന്നു. ആരോഗ്യസംരക്ഷണ സംവിധാനത്തെ സ്വകാര്യവൽക്കരിക്കുവാനുള്ള നവലിബറൽ തീട്ടൂരം സ്വീകരിച്ച രാജ്യങ്ങളിൽ ഏതെങ്കിലും മഹാമാരി പൊട്ടിപ്പുറപ്പെട്ടാലുണ്ടാകുന്ന അപകടങ്ങളെക്കുറിച്ചായിരുന്നു അത്.

തങ്ങളുടെ പൊതുജനാരോഗ്യ സംവിധാനങ്ങളെയും പൊതുമേഖലയെയും ഉപയോഗിച്ച് സുരക്ഷാ ഉപകരണങ്ങൾ മുതൽ മരുന്നുകൾ വരെ വൈറസിനെ നേരിടാനാവശ്യമായതെല്ലാം ഉല്പാദിപ്പിക്കാൻ വിയറ്റ്നാമും ക്യൂബയും പോലുള്ള രാജ്യങ്ങൾക്ക് സാധിച്ചു. എന്തുകൊണ്ട് ഒരു ദരിദ്രരാജ്യമായ വിയറ്റ്നാമിന് സമ്പന്ന രാജ്യമായ യു.എസിലേക്ക് അഞ്ച് ലക്ഷം സുരക്ഷാ ഉപകരണങ്ങൾ കയറ്റിയയയ്ക്കാൻ സാധിച്ചു എന്നതിന്റെ ഉത്തരം ഇതു തന്നെയാണ്.

4. ജനങ്ങളെ ഒറ്റപ്പെട്ട തുരുത്തുകളാക്കി ദുർബലരാക്കുന്ന മാതൃകയ്ക്കു പകരം പൊതു ഇടപെടലിന്റെ മാതൃക

35 ദശലക്ഷം ജനങ്ങളുള്ള നാടാണ് കേരളം. അവിടെ യുവാക്കളുടെയും സ്ത്രീകളുടെയും തൊഴിലാളികളുടെയും കൃഷിക്കാരുടെയുമെല്ലാം ബഹുജന സംഘടനകളും സഹകരണ സ്ഥാപനങ്ങളുമൊക്കെ രോഗവ്യാപനത്തിന്റെ ചങ്ങല പൊട്ടിക്കുന്ന പ്രക്രിയയിലേയ്ക്ക് നേരിട്ട് പ്രവേശിക്കുന്നതും പ്രയാസമനുഭവിക്കുന്ന ജനങ്ങൾക്ക് ആശ്വാസമെത്തിക്കുന്നതും കണ്ടു. 45 ലക്ഷം സ്ത്രീകൾ ഉൾപ്പെടുന്ന കുടുംബശ്രീ വ്യാപകമായി മാസ്‌കുകളും ഹാന്റ് സാനിറ്റൈസറുകളും ഉല്പാദിപ്പിച്ചു. തൊഴിലാളി സംഘടനകളും മറ്റും പലയിടങ്ങളിലും കൈകഴുകൽ കേന്ദ്രങ്ങൾ സ്ഥാപിച്ചു. ഇത്തരത്തിൽ പൊതുജനങ്ങളുടെ പങ്കാളിത്തത്തോടു കൂടിയ പ്രവർത്തനങ്ങൾ സോഷ്യലിസ്റ്റ് ലോകത്താകെ പ്രകടമായിരുന്നു. മാസ്‌ക് നിർമാണത്തിനും ആരോഗ്യത്തെപ്പറ്റിയുള്ള പ്രചാരണങ്ങൾക്കുമായി ആളുകളെ സംഘടിപ്പിച്ച ക്യൂബയുടെ "Committees for the Defence of the Revolution' മുതൽ ജനങ്ങൾക്ക് പോഷകാഹാരം ലഭിക്കുന്നുവെന്ന് ഉറപ്പ് വരുത്താൻ ഭക്ഷണ വിതരണം വിപുലമാക്കിയ വെനസ്വേലയിലെ സാമൂഹ്യ അടുക്കളകളും "Local Committees for Supply and Production'-ഉം വരെ ഈ ഗണത്തിൽ പെടുന്നു.

ബഹുജന സംഘടനകൾ കെട്ടിയിടപ്പെടുകയും സന്നദ്ധ പ്രവർത്തനം പ്രൊഫഷണലൈസ്ഡ് ആവുകയും ചെയ്തിരിക്കുന്ന വികസിത മുതലാളിത്ത രാജ്യങ്ങളിൽ ഈ നിലയിലുള്ള പൊതുജനങ്ങളുടെ പങ്കാളിത്തത്തോടു കൂടിയ പ്രവർത്തനം കണ്ടുകിട്ടുക പോലുമില്ല. ഇവിടെയുള്ള ഒരു വൈരുദ്ധ്യം എന്തെന്നു വച്ചാൽ, ഈ വലിയ ജനാധിപത്യ രാജ്യങ്ങളിൽ ജനങ്ങൾ ഒരേ സമയം ഒറ്റപ്പെട്ട തുരുത്തുകളാക്കപ്പെട്ടിരിക്കുമ്പോഴും പ്രതീക്ഷകൾക്ക് പോലും സാധ്യതയില്ലാത്ത വിധം അപ്രത്യക്ഷമായിരിക്കുന്ന ഭരണകൂട ഇടപെടലിൽ അവർ ആശ വച്ചിരിക്കുന്നുവെന്നതാണ്.

വീട്ടിലിരിക്കുക എന്നത് രാജ്യസ്നേഹമാണ് കാണിക്കുന്നത്.' - ഹിയെപ് ലെ ഡുക് എന്ന വിയറ്റ്നാമീസ് കലാകാരന്റെ സൃഷ്ടി.

മേൽ സൂചിപ്പിച്ച കാരണങ്ങളാൽ, ലാവോസിലും വിയറ്റ്നാമിലും മരണമൊന്നും സംഭവിച്ചിട്ടില്ല, ക്യൂബയ്ക്കും കേരളത്തിനും അണുബാധയുടെ തോത് കുറയ്ക്കാനും കഴിഞ്ഞു. നവലിബറൽ നയങ്ങളിൽ മുങ്ങിയിരിക്കുന്ന അയൽ രാജ്യങ്ങളായ ബ്രസീൽ, കൊളംബിയ എന്നിവിടങ്ങളിൽ യഥാക്രമം 72,151 പേരും 5,307 പേരും കോവിഡ് ബാധിച്ച് ഇതുവരെ മരിച്ചപ്പോൾ വെനസ്വേലയിലെ മരണ സംഖ്യ 89 മാത്രമാണ്. യുഎസിലേത് ഒരുലക്ഷത്തി മുപ്പത്തിയേഴായിരവും! ഈ വലിയ വ്യത്യാസങ്ങൾക്കിടയിലും, വെനസ്വേലയുടെ പ്രസിഡന്റ് മദൂരോ ഇപ്പോഴും രോഗത്തിന്റെ തീവ്രതയെക്കുറിച്ച് മാത്രമല്ല, നഷ്ടപ്പെട്ട 89 ജീവനുകളിൽ ഓരോന്നിന്റെയും ഉയർന്ന മൂല്യത്തെക്കുറിച്ചും ഊന്നിപ്പറയുന്നു എന്നത് ശ്രദ്ധിക്കേണ്ടതാണ്.

എന്നാൽ ലാവോസ്, വിയറ്റ്നാം, ക്യൂബ, വെനസ്വേല തുടങ്ങിയ രാജ്യങ്ങൾ കനത്ത വെല്ലുവിളികളാണ് നേരിടുന്നത്. ക്യൂബയും വെനസ്വേലയും അമേരിക്ക ഏർപ്പെടുത്തിയ കടുത്ത ഉപരോധ ഭീഷണി നേരിടുന്നു. മെഡിക്കൽ ഉല്പന്നങ്ങൾ വാങ്ങാനും അവയ്ക്ക് പണമടയ്ക്കാനുമെല്ലാമുള്ള അവരുടെ മാർഗം ദുർഘടമായിരിക്കുന്നു.

ലാവോസിൽ നിന്നുള്ള ഒരു സർക്കാർ ഉദ്യോഗസ്ഥൻ എന്നോട് പറഞ്ഞു, "ഞങ്ങൾ വൈറസ് പ്രതിസന്ധിയെ പരാജയപ്പെടുത്തി. ഇനി കടക്കെണി ഞങ്ങളെ കീഴ്പ്പെടുത്താൻ പോവുകയാണ്. അതാണെങ്കിൽ ഞങ്ങൾ സൃഷ്ടിച്ചതുമല്ല'. ഈ വർഷം തന്നെ ലാവോസിന് അതിന്റെ വിദേശ കടം വീട്ടുന്നതിന് 900 മില്യൺ ഡോളർ നൽകേണ്ടതായിട്ടുണ്ട്. അവരുടെ മൊത്തം വിദേശനാണ്യ ശേഖരം ഒരു ബില്യൺ ഡോളറിൽ താഴെയാണ്. മഹാമാരിയെ ധീരമായി പിടിച്ചുകെട്ടാൻ സാധിച്ചിട്ടും സാർവത്രികമായ വായ്പ റദ്ദാക്കലിന്റെ അഭാവത്തിൽ കൊറോണക്കാലം സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി സോഷ്യലിസ്റ്റ് സർക്കാരുകൾക്കു മുന്നിൽ ഗുരുതരമായൊരു വെല്ലുവിളി ഉയർത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തിൽ കടം റദ്ദാക്കാനുള്ള ആഹ്വാനം ഒരു ജീവന്മരണ വിഷയമാണ്. അതുകൊണ്ടാണ് കടം റദ്ദാക്കൽ കോവിഡ്-19നു ശേഷം ഗ്ലോബൽ സൗത്തി നു വേണ്ടിയുള്ള പത്തിന അജണ്ടയുടെ ഒരു പ്രധാന ഘടകമായിരിക്കുന്നത്.

ലോകത്ത് മാനവികത ഉൽപാദിപ്പിക്കാൻ പോരാടിയ മുൻ കാലഘട്ടത്തിലെ കവികളിലേയ്ക്കും പോരാളികളിലേയ്ക്കും എന്റെ മനസ്സ് അലഞ്ഞു ചെന്നു. രണ്ട് ഇറാനിയൻ കവികൾ ഓർമ്മയിലേക്ക് വന്നു, രണ്ടുപേരും ഷായുടെ സ്വേച്ഛാധിപത്യത്താൽ വ്യത്യസ്ത രീതികളിൽ കൊല്ലപ്പെട്ടവർ: ഫറോ ഫറോഖ്‌സാദ് (1934-1967), ഖോസ്‌റോ ഗോൽസോർഖി (1944-1974). "മറ്റൊരാളെയും പോലെയല്ലാത്ത ആരോ ഒരാൾ' എന്ന ഫറോഖ്‌സാദിന്റെ മനോഹരമായ കവിത, റൊട്ടി വിതരണം ചെയ്യുന്നതിനായും വില്ലൻ ചുമയ്ക്കുള്ള മരുന്ന് വിതരണം ചെയ്യുന്നതിനായും ആശുപത്രിയിലേയ്ക്കുള്ള പ്രവേശന നമ്പറുകൾ വിതരണം ചെയ്യുന്നതിനായുമൊക്കെ ഏതോ ഒരാൾ വരുന്നതിനായി വ്യഗ്രത കാട്ടുന്നുണ്ട്. ദുരൂഹമായ സാഹചര്യത്തിൽ ഒരു വാഹനാപകടത്തിൽ കൊല്ലപ്പെടുകയായിരുന്നു ഫറോഖ്സാദ്.

ഷായുടെ മകനെ കൊല്ലാൻ ഗൂഡാലോചന നടത്തിയെന്ന് ഗോൽസോർഖിക്കെതിരെ ആരോപണമുയർന്നു. വിചാരണയിൽ അദ്ദേഹം പ്രഖ്യാപിച്ചു, "ഒരു മാർക്സിസ്റ്റ് എന്ന നിലയിൽ ഞാൻ അഭിസംബോധന ചെയ്യുന്നത് ജനങ്ങളെയും ചരിത്രത്തെയും ആണ്. നിങ്ങൾ എന്നെ കൂടുതൽ ആക്രമിക്കുന്തോറും ഞാൻ നിങ്ങളിൽ നിന്ന് കൂടുതൽ അകലുകയും ജനങ്ങളോട് കൂടുതൽ അടുക്കുകയും ചെയ്യും. നിങ്ങൾ എന്നെ അടക്കം ചെയ്താലും - നിങ്ങൾ അത് തീർച്ചയായും ചെയ്യും - ആളുകൾ എന്റെ മൃതദേഹത്തിൽ നിന്ന് പതാകകളും പാട്ടുകളും ഉണ്ടാക്കും'. നമ്മുടെ കാലത്തെ അനിശ്ചിതത്വത്തിനെതിരായ ഉദ്‌ബോധനമായി നിരവധി ഹൃദ്യമായ പാട്ടുകൾ അദ്ദേഹം അവശേഷിപ്പിച്ചു. അതിലൊന്നിൽ നിന്നാണ് ഈ കുറിപ്പിന്റെ തലക്കെട്ട് നമ്മൾ കണ്ടെത്തുന്നത്.

നാം പരസ്പരം സ്നേഹിക്കണം!
നാം കാസ്പിയൻ കടലിനെപ്പോലെ അലറണം
നമ്മുടെ നിലവിളി കേൾക്കപ്പെടുന്നില്ലെങ്കിലും
നാം അവരെ ഒരുമിച്ച് കൊണ്ടുവരണം.
ഓരോ ഹൃദയമിടിപ്പും നമ്മുടെ പാട്ടായിരിക്കണം
രക്തത്തിന്റെ ചുവപ്പ്, നമ്മുടെ കൊടിക്കൂറ
നമ്മുടെ ഹൃദയങ്ങൾ, ആ കൊടിക്കൂറ, പിന്നെയാ പാട്ടും.

(Tricontinental: Institute for Social Research ന്റെ എക്സിക്യൂട്ടീവ് ഡയറക്ടറാണ് ചരിത്രകാരനും പത്രപ്രവർത്തകനുമായ വിജയ് പ്രഷാദ്. ട്രൈക്കോണ്ടിനെന്റലിന്റെ 2020 ലെ ഇരുപത്തിയൊൻപതാമത് ന്യൂസ് ലെറ്ററിന്റെ പരിഭാഷയാണിത്.)

Comments