കർഷകദ്രോഹം, കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്; ഇനി കർഷകർ വിതയ്ക്കും കമ്പനികൾ കൊയ്യും

ഒരു വിഷയം ഇതുവരെ മാധ്യമങ്ങളുടെ ശ്രദ്ധയിൽപ്പെടാതെ പോയിട്ടുണ്ട്. അവശ്യവസ്തുക്കളുമായി ബന്ധപ്പെട്ട നിയമത്തിൽ കൊണ്ടുവന്ന മാറ്റം. അത് കരിഞ്ചന്തയ്ക്കും പൂഴ്ത്തിവെപ്പിനും വേണ്ടിയാണ്. അംബാനി, അല്ലെങ്കിൽ അദാനിയെപ്പോലുള്ളവർക്ക് വേണ്ടുന്നത്രയും പൂഴ്ത്തിവെക്കാം. അതീവ ഗുരുതര സാഹചര്യത്തിൽ മാത്രമേ സർക്കാർ ഇടപെടൂ. അപ്പോൾപ്പോലും വൻകിട കമ്പനികളുടെ സംഭരണശേഷിക്കനുസരിച്ച് നിയന്ത്രണം കൊണ്ടുവരാൻ പോകുന്നില്ല- കാർഷിക മേഖലയിലെ പരിഷ്‌കരണവുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ കൊണ്ടുവന്ന മൂന്ന് ബില്ലുകൾക്കെതിരെ രാജ്യമൊട്ടാകെ കർഷകരും രാഷ്ട്രീയ പാർട്ടികളും തൊഴിലാളി സംഘടനകളും സമരരംഗത്തിറങ്ങിയ സാഹചര്യത്തിൽ അഖിലേന്ത്യ കിസാൻ സഭ ജോ. സെക്രട്ടറി വിജു കൃഷ്ണൻ സംസാരിക്കുന്നു

മനില സി. മോഹൻ: 2017-18 വർഷങ്ങളിൽ ഉത്തരേന്ത്യയിൽ മുഴുവൻ താങ്കളടക്കമുള്ളവരുടെ നേതൃത്വത്തിൽ വലിയ കർഷക സമരങ്ങളുണ്ടായിരുന്നു. എന്നാൽ ഇന്ന് കോവിഡിന്റെ മറവിൽ, ആ മുദ്രവാക്യങ്ങളെ മുഴുവൻ അട്ടിമറിക്കുന്ന രീതിയിലുള്ള, ആ സമരങ്ങളെ പരിഗണിക്കുക പോലും ചെയ്യാത്ത, ഇന്ത്യൻ കർഷകരെ മുഴുവൻ വഞ്ചിക്കുന്ന ബില്ലല്ലേ ഇപ്പോൾ പാസാക്കിയിരിക്കുന്നത്

വിജു കൃഷ്ണൻ: 2017-18ലെ കർഷകസമരങ്ങൾക്കും ലോങ്ങ് മാർച്ചിനുമൊക്കെ മുമ്പ്, 2014ൽ നരേന്ദ്രമോദി തെരഞ്ഞെടുപ്പു സമയത്ത് കർഷകർക്ക് നിരവധി വാഗ്ദാനങ്ങൾ നൽകിയിരുന്നു. ആ വാഗ്ദാനങ്ങളിൽ ഒന്നും നടപ്പായില്ല. ഉൽപാദന ചെലവിനേക്കാൾ 50% കൂടുതൽ താങ്ങുവില (C2+50%) നിശ്ചയിക്കും, അത് എല്ലാവർക്കും ലഭിക്കുമെന്ന് ഉറപ്പാക്കും, ആരെങ്കിലും അങ്ങനെ നൽകുന്നില്ലെങ്കിൽ അവർക്കെതിരെ നടപടി കൊണ്ടുവരും എന്നൊക്കെയായിരുന്നു വാഗ്ദാനം. കൃഷിക്കാരെ വഞ്ചിച്ച് അതിൽനിന്ന് പിന്നോട്ടു പോയപ്പോഴാണ് 2017-18 ൽ ദൽഹിയിലും മറ്റ് സംസ്ഥാനങ്ങളിലും കർഷകരുടെ നേതൃത്വത്തിൽ വലിയ സമരങ്ങൾ നടന്നത്. അഖിലേന്ത്യ കിസാൻ സഭയുടെയും അഖിലേന്ത്യാ കിസാൻ സംഘർഷ് കോഡിനേഷൻ കമ്മിറ്റിയുടെയും നേതൃത്വത്തിലായിരുന്നു ഈ സമരങ്ങൾ. ഇന്ന് 200ലധികം കർഷക സംഘടനകളുണ്ട് അഖിലേന്ത്യാ കിസാൻ സംഘർഷ് കോഡിനേഷൻ കമ്മിറ്റിയിൽ.

രണ്ട് ഡിമാന്റുകളായിരുന്നു അന്ന് ഈ കൂട്ടായ്മ മുന്നോട്ടുവെച്ചത്. ഒന്ന്, താങ്ങുവില ഉറപ്പാക്കണം (Guaranteed remunerative price), സർക്കാർ സംഭരണം ഉറപ്പുവരുത്തണം. കൂടാതെ കടം എഴുതിത്തള്ളണം (Freedom from indebtedness). ഈ സമരങ്ങളുടെ അടിസ്ഥാനത്തിൽ സമരമുഖത്തുനിന്ന് രണ്ട് ബില്ലുകളാണ് തയ്യാറാക്കിയത്. ഈ രണ്ട് വിഷയത്തിന്റെയും അടിസ്ഥാനത്തിൽ ഓൾ ഇന്ത്യ കിസാൻ സംഘർഷ് കോഡിനേഷൻ കമ്മിറ്റി കർഷകർക്കുവേണ്ടി ‘റൈറ്റ് ടു ഗ്യാരണ്ടീഡ് മിനിമം സപ്പോർട്ട് പ്രൈസസ് ഫോർ അഗ്രികൾച്ചറൽ കമ്മോഡിറ്റീസ്' ബില്ലും ‘ഫാർമേഴ്‌സ് റൈറ്റ് റ്റു ഫ്രീഡം ഫ്രം ഇൻഡെപ്റ്റഡ്‌നെസ്' ബില്ലും കൊണ്ടുവരുന്നു. പാർലമെന്റിൽ പ്രൈവറ്റ് മെമ്പർ ബില്ലായി സി.പി.എം എം.പി കെ.കെ. രാഗേഷ് ഇത് അവതരിപ്പിക്കുകയും ചെയ്തിരുന്നു. കർഷകരിൽ നിന്നുയർന്ന ആവശ്യങ്ങൾ ഉൾപ്പെടുത്തിയായിരുന്നു ഈ ബിൽ തയ്യാറാക്കിയത്. എന്നാൽ അതിനെപ്പറ്റി ഒന്നും പരാമർശിക്കാതെ, കർഷകർ ഉന്നയിച്ചിട്ടില്ലാത്ത ആവശ്യങ്ങളാണ് ഇപ്പോൾ കൊണ്ടുവന്നിരിക്കുന്നത്.

കർഷകരുമായോ, സംസ്ഥാന സർക്കാറുകളുമായോ ആലോചിക്കുകപോലും ചെയ്തിട്ടില്ല. കർഷകർക്ക് അനുകൂലമായ വിധത്തിൽ മാർക്കറ്റിൽ പരിഷ്‌കരണം കൊണ്ടുവരണമെന്നും വ്യാപിപ്പിക്കണമെന്നുമായിരുന്നു കർഷകരുടെ ആവശ്യം. അല്ലാതെ മാർക്കറ്റ് എടുത്ത് കളയണമെന്നോ Essential commodities act ൽ മാറ്റം വേണമെന്നോ ഉള്ള ആവശ്യങ്ങൾ കർഷകർ മുന്നോട്ടുവെച്ചിട്ടേയില്ല. ന്യായവില ഉറപ്പുവരുത്തുകയെന്നതായിരുന്നു പ്രധാന ഡിമാന്റ്. അത് നടപ്പിലാക്കാൻ കേന്ദ്രം തയ്യാറായിട്ടില്ല. മാർക്കറ്റിൽ സർക്കാർ കൂടുതൽ ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ടപ്പോൾ തീരെ ഇടപെടാതിരിക്കുക എന്ന സമീപനത്തിലേക്കാണ് സർക്കാർ പോകുന്നത്.

ചോദ്യം: അഗ്രികൾച്ചറൽ പ്രൊഡ്യൂസ് മാർക്കറ്റ് കമ്മിറ്റിയുടെ റോൾ എന്താണ്? അവർ എന്തൊക്കെയാണ് ശരിക്ക് ചെയ്തിരുന്നത്?

1960കളിലും 70കളിലുമാണ് മിക്കവാറും സംസ്ഥാനങ്ങളിൽ അഗ്രിക്കൾച്ചറൽ പ്രൊഡ്യൂസ് മാർക്കറ്റിങ് കമ്മിറ്റികൾ (എ.പി.എം.സി) വരുന്നത്. അതുവരെ വൻകിട കച്ചവടക്കാർ സാമ്പത്തിക അധികാരം ഉപയോഗിച്ച് കുറഞ്ഞ വിലയിൽ കർഷകരിൽ നിന്ന് ഉൽപന്നങ്ങൾ വാങ്ങുകയായിരുന്നു പതിവ്. അവരുടെ കുത്തക തകർക്കാനായിരുന്നു എ.പി.എം.സി കൊണ്ടുവന്നത്. ഉൽപന്ന വില, ഗുണനിലവാരം, തൂക്കം എന്നിവ നിശ്ചയിക്കുന്നതിൽ കർഷകർ ചൂഷണം ചെയ്യപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്തുകയായിരുന്നു എ.പി.എം.സി ലക്ഷ്യം. ഈ നിയമം കാര്യക്ഷമമായി നടപ്പിലാക്കിയിട്ടില്ലെങ്കിലും ഇതുവഴിയുണ്ടായ ഓക്ഷൻ സമ്പ്രദായം കാർഷിക ഉൽപന്നങ്ങൾ വാങ്ങുന്നതിൽ മത്സരാധിഷ്ഠിതമായ സമീപനം കൊണ്ടുവരാൻ സഹായകരമായി.

കർഷകൻ ഉൽപന്നങ്ങൾ എ.പി.എം.സിയിലേക്ക് കൊണ്ടുവരുന്നു. അവിടെ ഒരു അടിസ്ഥാന വില നിശ്ചയിച്ച്​ ഓക്ഷൻ നടക്കും. അതിൽ സർക്കാർ നിയന്ത്രണങ്ങളുണ്ട്. വാൾമാർട്ടോ റിലയൻസോ വന്ന് ഞങ്ങളിത്രയേ തരൂ എന്നു പറഞ്ഞുപോകൽ നടക്കില്ല. ഇവിടെ ഒരു കമ്മിറ്റിയുടെ ഇടപെടലുണ്ട്. നെല്ല്, ഗോതമ്പ് എന്നിങ്ങനെ സർക്കാർ സംഭരിക്കുന്ന വിളകളുടെ താങ്ങുവില നിശ്ചിതമാക്കാൻ ഇതുകൊണ്ട് പറ്റും. കേരളത്തിൽ എ.പി.എം.സി പോലുമില്ല, എന്നിട്ടാണ് കേരളത്തിലെ എം.പിമാർ സമരം ചെയ്യുന്നത് എന്നാണ് ബി.ജെ.പി ആരോപണം. എ.പി. എം.സി ഇല്ലെങ്കിലും കേരളത്തിൽ സർക്കാർ കാര്യക്ഷമമായി ഇടപെടുന്നുണ്ട് എന്ന വസ്തുത മറച്ചുവെച്ചാണ് ഈ ആരോപണം ഉന്നയിക്കുന്നത്.

എന്നാൽ ഇപ്പോൾ ഈ മൂന്ന് ബില്ലുകളിലൂടെ എ.പി.എം.സി സോണിനുപുറത്ത് പുതിയ മാർക്കറ്റ് കൊണ്ടുവരികയാണ് സർക്കാർ ചെയ്യുന്നത്. തുടക്കത്തിൽ ഹരിത വിപ്ലവം നടന്ന സ്ഥലങ്ങളിൽ സംഭരണം എക്സ്പാന്റ് ചെയ്​ത്​ സർക്കാറും, എഫ്.സി.ഐയും ഉത്തരവിറക്കിയിരുന്നു. എന്നാൽ അത്തരം നീക്കങ്ങളിൽ നിന്ന് പിന്നോട്ടു പോവുന്ന, ഇല്ലാതാക്കുന്ന രീതിയിലാണ് ഇപ്പോൾ ഈ ബില്ലുകൾ വരുന്നത്.

ചോദ്യം: താങ്ങുവില ഇത്രയും കാലം കർഷകർക്ക് പര്യാപ്തമായിരുന്നില്ലയെന്നുള്ള വാദം ഉണ്ടല്ലോ, ഉൽപാദന ചെലവുമായി ഒത്തുപോകുന്നതല്ല നിലവിലുള്ള താങ്ങുവിലയെന്നുള്ളത്?

അതുകൊണ്ടാണല്ലോ താങ്ങുവില ഉയർത്തണമെന്ന ആവശ്യം ഉന്നയിച്ചത്. ഉൽപാദന ചെലവിനൊപ്പം അതിന്റെ അൻപതുശതമാനവും വെച്ചിട്ടുള്ള താങ്ങുവിലയാണ് വേണ്ടതെന്നാണ് പറഞ്ഞിട്ടുള്ളത്. ഉൽപാദനത്തിൽ കൂലി, വിത്ത്, ജലസേചന ചെലവ്, കീടനാശിനി, ഡീസൽ ചാർജ്, ഇൻഷുറൻസ് പ്രീമിയം തുടങ്ങിയ ചെലവുണ്ട്. പിന്നെ ഉത്തരേന്ത്യയിലൊക്കെ ഭൂമി പാട്ടത്തിലെടുത്താൻ കൃഷി ചെയ്യാൻ, ഹെക്ടറിന് അൻപതിനായിരമൊക്കെ കൊടുക്കേണ്ടിവരും, ഈ ഘടകങ്ങളെല്ലാം കണക്കിലെടുത്തിട്ടുവേണം കണക്കാക്കാൻ.

കമീഷൻ ഓഫ് അഗ്രിക്കൾച്ചറൽ കോസ്റ്റ്‌സ് ആന്റ് പ്രൈസസ് (സി.എ.സി.പി) ഇപ്പോൾ ഉൽപാദന ചെലവ് ഫിക്സ് ചെയ്യുന്ന രീതി കർഷകരെ സഹായിക്കാൻ മതിയായതല്ല. ഇപ്പോൾ കേരള സർക്കാറിലെ അഗ്രിക്കൾച്ചറൽ ഡിപ്പാർട്ട്മെന്റ് കേരളത്തിൽ നെൽകൃഷിക്ക് ഒരു ക്വിന്റലിന് ഉൽപാദനച്ചെലവ് 2000 രൂപയെന്ന് നിശ്ചയിച്ചെന്നു കരുതുക, സി.എ.സി.പി പറയും, കേരളത്തിലെ ഉൽപാദന ചെലവ് 1200 രൂപയാണെന്ന് അതായത്, കേരളം പറയുന്നതിൽ നിന്ന് 800 രൂപ ആദ്യം തന്നെ കുറയ്ക്കും. ഈ രീതിയിൽ സി.എ.സി.പി എല്ലാ സംസ്ഥാനങ്ങളിലും നിശ്ചിത തുക നിശ്ചയിക്കും. അതിന്റെ ശരാശരിയെടുക്കുകയാണ് ചെയ്യുക. ഉത്തരാഖണ്ഡിൽ 1400 രൂപയാണ് ഉൽപാദന ചെലവ് എന്ന് സംസ്ഥാനം പറഞ്ഞാൽ സി.എ.സി.പി അത് 800 രൂപയായി നിശ്ചയിക്കും. അപ്പോൾ കേരളത്തിന്റെ 1200 രൂപയുടെയും ഈ 800 രൂപയുടെയും ശരാശരിയാണ് ഉൽപാദന ചെലവായി മൊത്തത്തിൽ കണക്കാക്കുക. അപ്പോൾ കേരളം പറഞ്ഞത് 2000 രൂപ ആണ്, സി.എ.സി.പി ഒടുക്കം കണക്കുകൂട്ടിവരുമ്പോൾ അത് 1000 രൂപ മാത്രമാകും. അപ്പോൾ കേരളത്തിലെ കർഷകർക്ക് എത്ര നഷ്ടം വരുമെന്ന് നോക്കൂ.
ഈ 1000 രൂപ വരുന്നത് C2 ഉൽപാദന ചെലവാണ്. പക്ഷേ, മോദി സർക്കാർ ഉപയോഗിക്കുന്നത് A2+FL ആണ്, അതായത്, കർഷകന്റെ ചെലവും അതിന്റെ കൂടെ ഫാമിലി ലേബറും. ഭൂമിയുടെ വാടകയും മറ്റ് ചെലവുകളൊന്നും ഇതിൽ പെടുന്നില്ല. അപ്പോൾ അത് ഈ പറഞ്ഞ ആയിരത്തിലും കുറവാകും. അതിന്റെ അടിസ്ഥാനത്തിലാണ് ഇവർ താങ്ങുവില നിശ്ചയിക്കുന്നത്. ആ നിശ്ചയിക്കുന്ന താങ്ങുവില തന്നെ ഓരോ സംസ്ഥാനത്തിലെയും ഉൽപാദന ചെലവിലും കുറവാണ്. ചില സംസ്ഥാനങ്ങളിൽ ഉൽപാദന ചെലവ് വളരെ കൂടുതലാണ്. ഉദാഹരണത്തിന് കേരളത്തിൽ ഉൽപാദന ചെലവ് വളരെ കൂടുതലാണ്, അതേസമയം ഉത്തരാഖണ്ഡിൽ കുറവായിരിക്കും. അപ്പോൾ ഉത്തരാഖണ്ഡിന് ഈ താങ്ങുവിലയനുസരിച്ച് കർഷകന് ഉൽപാദന ചെലവിനേക്കാൾ പത്തുശതമാനമോ മറ്റോ താങ്ങുവില കിട്ടുമായിരിക്കും. നിലവിലെ സിസ്റ്റത്തിൽ പോലും ഇതുവരെ സർക്കാർ സംഭരണം 20% ത്തിൽ താഴെയാണ്. അതും കൂടുതലും ഗോതമ്പും നെല്ലും മാത്രമാണ്. പരിപ്പ്, പരുത്തി എന്നിവയൊക്കെ ചിലയിടത്ത് സംഭരിക്കുന്നുണ്ട്. സംഭരണം വ്യാപിപ്പിക്കണം എന്നതാണ് നമ്മുടെ ആവശ്യം.

ചോദ്യം: സർക്കാരിന്റെ സംഭരണ കേന്ദ്രങ്ങളിലേക്ക് എത്തിപ്പെടാൻ സാധാരണ കർഷകർക്ക് സാധിക്കാത്തതുകൊണ്ടുതന്നെ അവർക്ക് ഈ താങ്ങുവില പോലും ഉപയോഗപ്പെടുന്നില്ലയെന്നും 90% ആളുകളും സ്വകാര്യ മാർക്കറ്റിലാണ് ഉൽപന്നങ്ങൾ വിൽക്കുന്നത് എന്നുള്ള വിമർശനമുയരുന്നുണ്ട്. അതായത്, സർക്കാർ സംവിധാനങ്ങൾ ഭൂരിപക്ഷം കർഷകർക്കും ലഭ്യമാകാതെ പോകുന്നുണ്ടോ?

സർക്കാർ സംവിധാനം വ്യാപിപ്പിക്കണം എന്നാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്. അതിന് ഇതുവരെ നടപടി കൈക്കൊണ്ടിട്ടില്ല. അത് ശരിക്കും വികേന്ദ്രീകൃതവും വ്യാപകവും ആക്കുകയാണ് വേണ്ടത്. കൂടുതൽ കച്ചവടക്കാരെ ഈ ശൃംഖലയുടെ ഭാഗമാക്കാൻ ലൈസൻസ് നടപടി ലഘൂകരിക്കുന്നതുപോലുള്ള കാര്യങ്ങൾ ചെയ്യാം. പഞ്ചായത്തുകളേയും സഹകരണ മേഖലയെയും കുടുംബശ്രീ പോലുള്ള സംവിധാനങ്ങളെയും ഉൾക്കൊള്ളിക്കണം. സ്വാമിനാഥൻ കമീഷൻ പറയുന്നത്, അഞ്ചു കിലോമീറ്റർ പരിധിയിൽ കർഷകർക്ക് സംഭരണ കേന്ദ്രം ഉണ്ടാവണം എന്നാണ്.
ഫാം സബ്സിഡികളും പബ്ലിക് ഡിസ്ട്രിബ്യൂഷൻ സബ്സിഡികളുമൊക്കെ വെട്ടിച്ചുരുക്കാനും, പബ്ലിക് സ്റ്റോക്ക്ഹോൾഡിങ് കുറയ്ക്കാനുമുള്ള വേൾഡ് ട്രേഡ് ഓർഗനൈസേഷന്റെ ‘ഉത്തരവുകൾ' ഇന്ത്യയിൽ എങ്ങനെ നടപ്പിലാക്കാൻ പോകുന്നുവെന്ന് ഈ മൂന്ന് ബില്ലുകളും ഒരുമിച്ചു ചേർത്ത് വായിച്ചാൽ നമുക്ക് മനസ്സിലാകും. ഇതിനു മുമ്പ് ബി.ജെ.പി നേതാവും പഴയ ഹിമാചൽ മുഖ്യമന്ത്രിയുമായ ശാന്തകുമാർ കമീഷൻ മുന്നോട്ടുവെച്ച ശുപാർശകളും ഡബ്ല്യു.ടി.ഒ പറഞ്ഞതുപോലെ തന്നെയാണ്. കേന്ദ്രത്തിന്റെ വലിയ ഇടപെടലില്ലാതെ സംഭരണവും വിളകൾ സൂക്ഷിക്കുന്നതും സ്വകാര്യവൽകരിക്കാനായിരുന്നു ശാന്തകുമാർ കമിറ്റി നിർദേശിച്ചത്. താങ്ങുവിലയ്ക്കു മുകളിൽ സംസ്ഥാനം എന്തെങ്കിലും ബോണസ് നൽകുകയാണെങ്കിൽ സംസ്ഥാനങ്ങളുടെ പൊതുവിതരണ സംവിധാനത്തിനും മറ്റു ക്ഷേമപദ്ധതികൾക്കും ആവശ്യമായതിനപ്പുറം ഭക്ഷ്യധാനങ്ങൾ കേന്ദ്രം സ്വീകരിക്കേണ്ടതില്ലെന്നും കമ്മിറ്റി ശുപാർശ ചെയ്തിരുന്നു.

അതായത്, നെല്ലിന് കേന്ദ്രം നിശ്ചയിച്ച താങ്ങുവില ക്വിന്റലിന് 1840രൂപയാണ്. കേരള സർക്കാർ 2750 രൂപയാണ് നിശ്ചയിച്ചിട്ടുള്ളത്. അങ്ങനെ ഏതെങ്കിലുമൊരു സംസ്ഥാനം കൂടുതൽ ബോണസ് കൊടുത്താൽ ആ സംസ്ഥാനത്തിൽ നിന്ന് സർക്കാർ സംഭരിച്ചുകൂടായെന്നാണ് ശാന്തകുമാർ കമിറ്റിയുടെ ശുപാർശ. ആ ദിശയിലേക്കാണ് ഈ നയങ്ങൾ കൊണ്ടുപോകുന്നത്.
ഫെഡറൽ സംവിധാനത്തിൽ കൃഷി സംസ്ഥാന വിഷയമാണ്. കേരളത്തിലെ സർക്കാർ ബോണസ് കൊടുക്കാൻ താൽപര്യപ്പെടുന്നു. പക്ഷേ കേന്ദ്രസർക്കാർ പറയുന്നു, നിങ്ങൾ കൊടുത്താൽ ഞങ്ങൾ വാങ്ങിക്കില്ല എന്ന്. നമ്മളോ കൊടുക്കില്ല, നിങ്ങള് കൊടുത്താൽ നമ്മൾ വാങ്ങിക്കുകയുമില്ല എന്ന സമീപനം.

ചോദ്യം: ബില്ലുകൾ അവതരിപ്പിച്ച് സർക്കാർ പറയുന്ന ഒരു വാദം കർഷകരുടെ ശാക്തീകരണവും, പ്രൈസ് അഷ്വറൻസുമാണ്. പക്ഷേ നമുക്കെല്ലാവർക്കും അറിയാം അതിന്റെ നേർവിപരീതമാണ് സംഭവിക്കുന്നത് എന്ന്. ഇത് എങ്ങനെയൊക്കെയാണ് കർഷകരെ ബാധിക്കുന്നത്?

നേരത്തെ കർഷകർ കൊടുത്ത ബില്ലിൽ കർഷകരുടെ ശാക്തീകരണം എങ്ങനെയെന്ന് പറഞ്ഞിട്ടുണ്ട്. താങ്ങുവില സി2 പ്ലസ് 50% എന്നതായി നിജപ്പെടുത്തുകയെന്നതൊക്കെയായിരുന്നു പ്രധാന നിർദേശം. പക്ഷേ ഇതിൽ പ്രൈസ് ഗ്യാരണ്ടി (വില സുനിശ്ചിതമാക്കൽ) എന്നവർ പറയുന്നുണ്ട് പേരിന്. മൂന്ന് ബില്ലുകളുടേയും പേര് കണ്ടാൽ വളരെ ആകർഷകമായി തോന്നും. പക്ഷേ പ്രൈസ് ഗ്യാരണ്ടി എവിടെയുമില്ല. അതിൽ എവിടെയും താങ്ങുവില ഉറപ്പാക്കുമെന്നോ അത് നിയമപരമായിത്തന്നെ കർഷകരുടെ അവകാശമാക്കുമെന്നോ പറഞ്ഞിട്ടില്ല. അതിനിടയിൽ അവർ പറയുന്നതെന്താണ്? പഞ്ചാബിലും ഹരിയാനയിലുമൊക്കെ മാർക്കറ്റ് ടാക്സ് വളരെയധികമാണെന്നും അത് നിയന്ത്രിക്കാൻ പുതിയ ബില്ലുകൾ വഴി സാധിക്കുമെന്നുമാണ്. അത് ഓരോ സംസ്ഥാനങ്ങളുടെയും ധനസ്ഥിതിയെ ആശ്രയിച്ചാണിരിക്കുക. പഞ്ചാബും ഹരിയാനയും അടിസ്ഥാന സൗകര്യമേഖലയിൽ (കാർഷിക, മാർക്കറ്റ്) നിക്ഷേപം കൂടിയ സംസ്ഥാനമാണ് എന്ന കാര്യവും ശ്രദ്ധിക്കേണ്ടതാണ്. എന്നിരുന്നാലും മാർക്കറ്റ് ടാക്സ് കുറയ്ക്കണമെന്ന ആവശ്യം അടിസ്ഥാന തലത്തിൽ നിന്നും ഉയരുകയാണെങ്കിൽ തന്നെ അതിന്റെ ഭാഗഭാക്കായ എല്ലാവരുമായും ആലോചിച്ചശേഷം നടപ്പിലാക്കേണ്ട കാര്യമാണ്. അവിടുത്തെ സർക്കാറും, ജനങ്ങളും കച്ചവടക്കാരുമെല്ലാം ഒരു ധാരണയിലെത്തി അത് കുറക്കുന്നെങ്കിൽ അത് ഞങ്ങൾക്ക് വിരോധമില്ല.

ഇപ്പോൾ എല്ലാ അധികാരവും കയ്യടക്കിവെച്ച കേന്ദ്രസർക്കാർ ജി.എസ്.ടിയുടെ വിഹിതം പോലും സംസ്ഥാന സർക്കാറുകൾക്ക് കൊടുക്കുന്നില്ല. ഇപ്പോൾ പുതിയ നിയമം വഴി മാർക്കറ്റുകളിൽ നിന്ന് സംസ്ഥാന സർക്കാരുകൾക്ക് കിട്ടേണ്ട നികുതിയും എടുത്തുകളയുകയാണ് ചെയ്യുന്നത്.

ചോദ്യം: നരേന്ദ്രമോദിയുടെ ഒരു പ്രസ്താവന കണ്ടു; താങ്ങുവില തുടരും, എ.പി.എം.സി തുടരും, മറ്റ് പ്രചാരണങ്ങളെല്ലാം അടിസ്ഥാന രഹിതമാണ് എന്ന തരത്തിൽ. ഇതിൽ എത്ര വാസ്തവമുണ്ട്?

രേഖയിൽ താങ്ങുവില തുടരും. സംഭരണം തുടരും, താൽക്കാലികമായിട്ടാണെങ്കിലും. ഇവരുടെ അഗ്രിക്കൾച്ചറൽ അഡൈ്വസർ രമേശ് ചന്ദ്രും പറയുന്നു, പൊതുവിതരണ സംവിധാനം തുടരുമെന്ന്. പൊതുവിതരണ സംവിധാനത്തിൽ ബഫർ ലിമിറ്റിനേക്കാൾ, (കരുതൽ ശേഖരം) നാലുമടങ്ങാണ് നിലവിൽ സംഭരിക്കുന്നത്. കരുതൽശേഖരം 2.7 കോടി ടണ്ണാണ്. ഇന്ന് പത്തര കോടി ടണ്ണാണ് സംഭരിക്കുന്നത്. പക്ഷേ ഇതിന്റെ വളരെ ചെറിയൊരു ഭാഗമേ ഡിസ്ട്രിബ്യൂഷൻ സമ്പ്രദായത്തിൽ കൊടുക്കുന്നുള്ളൂ. പൊതുവിതരണ സംവിധാനത്തിനു മാത്രമായി സംഭരണം നിയന്ത്രിക്കുകയാണെങ്കിൽ അതിനർത്ഥം സംഭരണം കുത്തനെ കുറയുമെന്നാണ്. അതുതന്നെയാണ് കർഷകരുടെ ഭയവും. നിലവിലെ അവസ്ഥയിൽ, സംഭരണം കൂടിയത് വിതരണം ചെയ്യാൻ സർക്കാറിനുമേൽ ഒരുതരത്തിലുള്ള സമ്മർദ്ദം സൃഷ്ടിക്കപ്പെടുന്നുണ്ട്. അതുകൊണ്ടു തന്നെ സംഭരണം കുറയുമ്പോൾ പൊതുവിതരണ സംവിധാനവും പ്രതിസന്ധിയിലാവും.

രണ്ടാമത്തെ വിഷയം, ട്രേഡർക്ക് കർഷകനിൽ നിന്ന് നേരിട്ട് ഉൽപന്നങ്ങൾ വാങ്ങിക്കാം എന്നതാണ്. പിന്നെ ഈ ട്രേഡർ എ.പി.എം.സി മാർക്കറ്റിൽ പോകില്ലല്ലോ. ട്രേഡർ നേരിട്ട് കർഷകന്റെയടുത്താണ് പോകുക. എ.പി.എം.സി മാർക്കറ്റിൽ പോയാൽ ട്രേഡർ ടാക്സ് കൊടുക്കണം. നേരിട്ട് വാങ്ങിക്കുമ്പോൾ അതില്ല. സാധാരണ ഗതിയിൽ, നെല്ല്​ അല്ലെങ്കിൽ ഗോതമ്പ് കൃഷി ചെയ്യുന്ന കർഷകന് കൊയ്ത്തു കഴിഞ്ഞ് ഉല്പന്നം സംഭരിച്ചുവെക്കാൻ പറ്റുന്ന സാഹചര്യമല്ല ഉളളത്. അത് പാടത്തുതന്നെ വെക്കാൻ പറ്റില്ല. കാരണം അടുത്ത കൃഷി തുടങ്ങണം. അടുത്ത കൃഷിക്ക്​ നിക്ഷേപമിറക്കണമെങ്കിൽ പണം വേണം. അതുകൊണ്ടുതന്നെ ഈ കർഷകൻ എത്രയും പെട്ടെന്ന് ഉൽപന്നം വിൽക്കാനുള്ള താൽപര്യത്തിലായിരിക്കും.

വ്യാപാരികൾ ഒരു നിയന്ത്രണങ്ങളുമില്ലാതെ നേരിട്ടുവരുമ്പോൾ അവർ പല ആവശ്യങ്ങളും മുന്നോട്ട് വെക്കും. അവർ പറയും, ഈ ഉരുളക്കിഴങ്ങ് വട്ടത്തിലല്ല ഉള്ളത് എന്നൊക്കെ. ഇപ്പോൾ പെപ്സിയുടെ കോൺട്രാക്ട് ആണ് ഇതിൽ നടക്കുന്നത്. ആദ്യ ഘട്ടത്തിൽ ചില കർഷകർക്ക് വില കൂടുതൽ കിട്ടിയെന്നുംവരാം. പിന്നീട് ഗ്രേഡിങ് കൊണ്ടുവരും. ക്വാളിറ്റി പോര, നെല്ലിൽ ഈർപ്പം കൂടുതലാണ്, എന്നൊക്കെ പറഞ്ഞ് കർഷകരെ ദ്രോഹിക്കും. ഇത് കൂടുതൽ വലിയ രീതിയിലാവാൻ പോകുകയാണ്. വൻകിട കമ്പനികളായിരിക്കും ഇനി ഇടപെടുന്നത്.

അതിനൊപ്പം, ഒരു വിഷയം ഇതുവരെ മാധ്യമങ്ങളുടെ ശ്രദ്ധയിൽപ്പെടാതെ പോയിട്ടുണ്ട്. അവശ്യവസ്തുക്കളുമായി ബന്ധപ്പെട്ട നിയമത്തിൽ കൊണ്ടുവന്ന മാറ്റം. അത് കരിഞ്ചന്തയ്ക്കും പൂഴ്ത്തിവെപ്പിനും വേണ്ടിയാണ്. അംബാനി, അല്ലെങ്കിൽ അദാനിയെപ്പോലുള്ളവർക്ക് വേണ്ടുന്നത്രയും പൂഴ്ത്തിവെക്കാം. വൻതോതിൽ വിലക്കയറ്റം ഉണ്ടാവുന്ന സാഹചര്യത്തിൽ (100%)- പ്രകൃതിദുരന്തം, ക്ഷാമം പോലുള്ള അതീവ ഗുരുതര സാഹചര്യത്തിൽ- മാത്രമേ സർക്കാർ ഇടപെടൂ എന്നാണ് പറയുന്നത്. അപ്പോൾപ്പോലും വൻകിട കമ്പനികളുടെ സംഭരണശേഷിക്കനുസരിച്ച് നിയന്ത്രണം കൊണ്ടുവരാൻ പോകുന്നില്ല. അത്തരം കമ്പനികളുടെ വലിയ സംഭരണശേഷിക്കും മുകളിൽ സംഭരണം വന്നാൽ മാത്രമേ ഇടപെടൂ. അദാനിയെപ്പോലുള്ള കമ്പനികൾക്ക് ഭക്ഷ്യധാന്യങ്ങൾ ഇറക്കുമതി ചെയ്യാനും കയറ്റി അയയ്ക്കാനുള്ള അനുമതിയുണ്ട്. അതിലും ഏത് സാഹചര്യത്തിലും ഒരു നിയന്ത്രണവും ഉണ്ടാവാൻ പോകുന്നില്ല. ഇത് ബാധിക്കാൻ പോകുന്നത് കർഷകരെ മാത്രമല്ല; മധ്യ- ഉപരി വർഗ ഉപഭോക്താക്കൾക്കും വൻ വിലക്കയറ്റം നേരിടേണ്ടിവരും. ഇന്ന് അവർക്ക് നേരിട്ട് അത് അനുഭവിക്കേണ്ടി വരുന്നില്ല. പക്ഷേ ഭാവിയിൽ അത് വരും. മുമ്പ് എന്തിനായിരുന്നു അവശ്യവസ്തു നിയമം കൊണ്ടുവന്നത് എന്നത് നമ്മൾ മനസിലാക്കേണ്ടതുണ്ട്. അത് വ്യാപാരികൾ പൂഴ്ത്തിവെപ്പും കരിഞ്ചന്തയും നടത്തുന്നതുകൊണ്ടാണ്. കൃത്രിമ ക്ഷാമമുണ്ടാക്കി വിലക്കയറ്റമുണ്ടാക്കുന്നതുകൊണ്ടാണ്. അതില്ലാതാക്കുകയാണിപ്പോൾ. സാധാരണക്കാർക്ക് അരിയോ ഗോതമ്പോ മറ്റു വിളകളോ ഉണ്ടോ ഇല്ലയോ എന്നതൊന്നും അവരുടെ പ്രശ്നമല്ല. അവർക്കുവേണമെങ്കിൽ ഇത് കയറ്റുമതി ചെയ്യാം.

ചോദ്യം: കോൺട്രാക്റ്റ് ഫാമിങ്ങ് വലിയ രീതിയിൽ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണല്ലോ ഇപ്പോഴത്തെ ഭേദഗതി വന്നിരിക്കുന്നത്. ഉത്തരേന്ത്യൻ കാർഷിക രംഗത്ത് അത് ഇപ്പോൾ തന്നെ എത്ര വ്യാപകമാണ്? വലിയ കമ്പനികളിൽ ഇതിലേക്ക് എത്രത്തോളം വന്നിട്ടുണ്ട്? അതിന്റെ ഗ്രാവിറ്റി എത്രത്തോളമുണ്ട്?

വലിയ രീതിയിൽ വ്യാപിച്ചിട്ടില്ല ഇതുവരെ. അതിനൊരു കാരണം കൂടിയുണ്ട്. 2008 മുതൽ സാമ്പത്തിക മാന്ദ്യത്തിന് സമാനമായ സാഹചര്യമായതുകൊണ്ട് വലിയ രീതിയിൽ വ്യാപിച്ചിട്ടില്ല. ഈ മൂന്ന് നിയമങ്ങളും കൊണ്ടുവരുന്നതോടെ അവർക്കുമേലുള്ള എല്ലാ നിയന്ത്രണങ്ങളും മാറുകയാണ്. അങ്ങനെയൊരു സാഹചര്യത്തിൽ കോൺട്രാക്റ്റ് കൃഷി എന്ന സമീപനത്തോട് കമ്പനികൾക്ക് താൽപര്യമുണ്ടാവും. മൂന്ന് ബില്ലുകളും ഒന്നിച്ചുവായിച്ചാലേ അതിന്റെ പ്രശ്നങ്ങൾ മനസിലാവൂ. കോൺട്രാക്റ്റ് കൃഷിയിൽ ഏർപ്പെടുന്ന കൃഷിക്കാരും വൻകിട കമ്പനികളും തമ്മിൽ തർക്കമുണ്ടായാൽ കോടതിയെ സമീപിക്കാൻ കഴിയില്ല. കളക്ടറുടെ അടുത്താണ് തർക്കം തീർക്കേണ്ടത്. റിലയൻസും പാവപ്പെട്ട കർഷകരും തമ്മിൽ തർക്കമുണ്ടായി, കളക്ടറുടെ അടുത്ത് ചെന്നാൽ ആർക്കാണ് നേട്ടമുണ്ടാവുക എന്നത് വ്യക്തമാണല്ലോ. അത്തരം അനീതികൾക്കാണ് ഇത് വഴിവെയ്ക്കുക.

ആന്ധ്രയിൽ തുടക്കത്തിലുണ്ടായ കോൺട്രാക്റ്റ് സ്ഥാപനമാണ് ചന്ദ്രബാബു നായിഡുവിന്റെ മണ്ഡലത്തിലെ കുപ്പം എന്ന സ്ഥലത്തെ ഇസ്രയേലി അമേരിക്കൻ കമ്പനി. ഗെർകിൻ എന്ന ഉൽപന്നമായിരുന്നു ഇവർ ശേഖരിച്ചിരുന്നത്. സലാഡിലും മറ്റും ഇടുന്ന, കണ്ടാൽ നമ്മുടെ കോവക്കയൊക്കെ പോലെയുള്ള ഒരു പച്ചക്കറി. 2000ത്തിൽ ഞാൻ പി.എച്ച്.ഡി ചെയ്യുമ്പോൾ അവിടെപ്പോയി ഒരു സ്റ്റഡി നടത്തിയിരുന്നു. അന്ന് അവർക്ക് കിലോക്ക് ഏഴുരൂപ കിട്ടിയിരുന്നു. ഒരു വർഷത്തിൽ നാലു വിള എടുക്കാൻ പറ്റും. കർഷകന് അതുവരെ വളർത്തിക്കൊണ്ടിരുന്ന ഉൽപന്നത്തേക്കാൾ മെച്ചപ്പെട്ട ഒന്നായി ഇത് അനുഭവപ്പെടാൻ തുടങ്ങി. പക്ഷേ കുറച്ചു കഴിഞ്ഞപ്പോൾ സൈസ് ശരിയല്ല തുടങ്ങിയ കാര്യങ്ങൾ പറയാൻ തുടങ്ങി. അല്ലെങ്കിൽ മറ്റെവിടെയെങ്കിലും പ്രൊഡക്ഷൻ കൂടുമ്പോൾ അവിടെ അതിനനുസരിച്ച് വില കുറ്ക്കുക എന്ന രീതിയായി. പിന്നെ ഈ കമ്പനികളാണ് അതിന് ഉപയോഗിക്കേണ്ട കീടനാശിനികളും വളവുമെല്ലാം വിൽക്കുന്നത്. വൻ വിലയാണ്, കീടനാശിനികൾക്ക്. അതിലും സർക്കാരിന് ഒരു നിയന്ത്രണവും ഇല്ല. ഒരു സൂപ്പർവൈസറുടെ മേൽനോട്ടത്തിലാവും ഇത്. കമ്പനി രാജ് തന്നെയാണ് അവിടെ. അവിടെയത് നടപ്പിലാക്കിയത് തുടക്കത്തിൽ കർഷകർക്ക് 100% സബ്സിഡി കൊടുത്താണ്. പിന്നീടത് 75% ആക്കി. ഇവിടെ ഇപ്പോൾ സബ്സിഡി പാക്കേജും ഇല്ല. ഫലത്തിൽ കർഷകർ സ്വന്തം ഭൂമിയിൽ തൊഴിലാളിയായി മാറുന്ന സ്ഥിതി വന്നു. ഒരു സബ്സിഡിയും കേന്ദ്രം നൽകാൻ പോകുന്നില്ല.

‘ആത്മനിർഭർ ഭാരതു'മായി ബന്ധപ്പെട്ട് ഒരുലക്ഷം കോടി രൂപ അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ പാക്കേജ് എന്നുപറഞ്ഞ് നൽകുന്നുണ്ട്. അതിന്റെ ബെനഫിറ്റ് കിട്ടാൻ പോകുന്നത് വലിയ കമ്പനികൾക്കാണ്. ഞങ്ങൾ പറയുന്നത് സഹകരണ സ്ഥാപനങ്ങൾ, കുടുംബശ്രീ പോലെയുള്ള സ്വയം സഹായ സംഘങ്ങളെ മാർക്കറ്റിലേക്ക് ഉയർത്തിക്കൊണ്ടുവരണം എന്നതാണ്. പ്രത്യേകിച്ച് ഈ കോവിഡ് കാലത്ത്, വലിയ തോതിൽ തൊഴിലില്ലായ്മ രൂക്ഷമായ സമയത്ത് ഈ രീതി കൊണ്ടുവരുന്നത് സാധാരണക്കാർക്ക് ഗുണകരമായിരിക്കും. എന്നാൽ കേന്ദ്രത്തിന്റേത് കോർപ്പറേറ്റുകളിൽ നയിക്കപ്പെടുന്ന അജണ്ടയാണ്.

ചോദ്യം: കർഷകർക്കിടയിൽ പ്രവർത്തിക്കുന്ന ആളാണല്ലോ താങ്കൾ. എങ്ങനെയായിരുന്നു ഇന്ത്യയിലെ കർഷകരുടെ കോവിഡ് കാല ജീവിതം?

ശരിക്കും ശ്രദ്ധിക്കേണ്ട ഒരു കാര്യമാണിത്. കർഷകരേയും തൊഴിലാളികളേയും അവരുടെ അവകാശങ്ങളേയുമൊക്കെ പിടിച്ചെടുത്തുകൊണ്ടാണ് ഈ സർക്കാർ കോവിഡ് ലോക്ക്ഡൗൺ നടപ്പിലാക്കിയത്. ഇവരെ ലോക്ക്ഡൗണിൽ വെച്ചുകൊണ്ട് കർഷകദ്രോഹ നയങ്ങൾ നടപ്പിലാക്കാനാണ് കേന്ദ്രം ശ്രമിച്ചത്. ഗ്രാമങ്ങളിലൊക്കെ കോവിഡ്- ലോക്ക്ഡൗൺ ഭീതി ഇപ്പോഴുമുണ്ട്. പക്ഷേ ഈ നയങ്ങൾ അവരെ മാത്രമല്ല, ഭാവി തലമുറയേയും പ്രശ്നത്തിലാക്കും എന്നുള്ളതുകൊണ്ടാണ് വലിയ രീതിയിൽ പ്രതിഷേധം ഉയരുന്നത്. പ്രതിഷേധങ്ങളിൽ കോവിഡ് പ്രോട്ടോകോൾ പാലിക്കണമെന്ന് ഞങ്ങൾ എല്ലാ പരിപാടികളിലും പറയുന്നതാണ്. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി കേരളത്തിൽ ഫുഡ് കിറ്റ് കൊടുക്കുന്നുണ്ട്. ക്ഷേമ പെൻഷനുകൾ കൊടുത്തിട്ടുണ്ട്. ആറുമാസത്തേക്ക് ഇത് നീട്ടിയിട്ടുമുണ്ട്. എന്നാൽ മറ്റിടങ്ങളിൽ ഇതുപോലുമില്ല. ശാരീരിക അകലം പാലിക്കുക എന്നൊക്കെ പറയുമ്പോൾ അവിടങ്ങളിൽ അത് സാധ്യമാവില്ല. വീടുകളുടെയൊക്കെ അവസ്ഥ അത്രയും പരിതാപകരവുമാണ്.

ചോദ്യം: ഇപ്പോഴത്തെ ഈ മൂന്ന് ബില്ലുകളെപ്പറ്റി, അതിന്റെ ഭീകരതയെപ്പറ്റി കർഷകർ ബോധവാന്മാരാണോ? എന്താണ് തുടർന്നുള്ള സമരപരിപാടികൾ?

അഖിലേന്ത്യാ കിസാൻ സംഘർഷ് കോഡിനേഷഷൻ കമ്മിറ്റി നിരവധി ലഘുലേഖകൾ വഴി പ്രശ്നങ്ങൾ താഴേത്തട്ടുവരെ അറിയിക്കാൻ ശ്രമിച്ചിട്ടുണ്ട്. കിസാൻ സഭയും ഇത് വലിയ രീതിയിൽ ഏറ്റെടുത്തിട്ടുണ്ട്. നമുക്കു കാണാം, മുമ്പൊരിക്കലും ഇല്ലാത്ത രീതിയിൽ ആളുകൾ സമരങ്ങളിലൊക്കെ പങ്കെടുക്കുന്നുണ്ട്. നമുക്കൊന്നും വലിയ സ്വാധീനമില്ലാത്ത സ്ഥലങ്ങൾ, ബീഹാറിന്റെ ചില ഭാഗങ്ങളിൽ നിന്നൊക്കെ ആളുകൾ കൂടുതലായി വരുന്നുണ്ട്. 25ന് ഞങ്ങൾ രാജ്യത്ത് പ്രതിരോധ ദിനമായി ആചരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലൊക്കെ ഇത് ബന്ദായി നടത്തും. തമിഴ്നാട്ടിലും ബന്ദിനുവേണ്ടി ചർച്ച നടക്കുന്നുണ്ട്. ബാംഗ്ലൂരിലെ പ്രതിഷേധം വരുന്ന ഒരാഴ്ചത്തേക്ക് നീട്ടാനും തീരുമാനിച്ചിട്ടുണ്ട്.
തൊഴിലാളിവർഗത്തിനെതിരെയും നീക്കങ്ങളുണ്ടല്ലോ. ലേബർ കോഡും മറ്റുമായി. അവരും സർക്കാറിന്റെ ഈ നയങ്ങൾക്കെതിരെ നിസഹകരണം എന്ന രീതിയിൽ മുന്നോട്ടുപോകും. കർഷകന്റെ അനുവാദമില്ലാതെ ഇത് നടപ്പിലാക്കാൻ കഴിയില്ല. ആ രീതിയിൽ ഞങ്ങൾ കർഷകരെ ഒന്നിപ്പിച്ചുകൊണ്ട് മുന്നോട്ടുപോകും. 25നുശേഷം സമരം കൂടുതൽ ശക്തമാക്കുന്ന രീതിയിൽ ഭാവി പരിപാടികൾ തയ്യാറാക്കും.

2019 ലെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ എ.പി.എം.എസ് ആക്ടും കയറ്റുമതിക്കും അന്തർ സംസ്ഥാന വ്യാപാരത്തിനുമുൾപ്പെടെയുള്ള സർക്കാർ നിയന്ത്രണങ്ങളും എടുത്തുകളയുമെന്നാണ് കോൺഗ്രസ് പറഞ്ഞിരുന്നത്. കർഷക സമരങ്ങളുടെ സമ്മർദ്ദഫലമായിട്ടാവാം നിലപാട് മാറ്റി സമരങ്ങളിൽ കോൺഗ്രസ് പങ്കാളിയാവുന്നതിനെ ഞങ്ങൾ സ്വാഗതം ചെയ്യുകയാണ്.

Comments