തോറ്റ തേജസ്വിയാണ് ബിഹാറിൽ ശരിക്കും ജയിച്ചത്

നേതൃത്വം എന്നത് അധ്വാനപുരോഗതിയാണ്. തേജസ്വിയും കൂട്ടുകാരും അത് ആർജിക്കാനുള്ള അധ്വാനത്തിലാണ്. ഈ ഘട്ടത്തിലെ പരാജയങ്ങൾ ശുഭോദർക്കമാണ്. സിലിക്കൺവാലിയിലെ ഉത്തേജനച്ചൊല്ല് ഇവിടെയും അന്വർഥം: Failure is good, make better failure. സർവം തികഞ്ഞ മാച്ചോ ബിംബം വഹിക്കുന്ന സ്ഥിരം വിജയശ്രീലാളിതരെയല്ല, മെച്ചപ്പെട്ട പരാജയങ്ങളിലൂടെ മെച്ചപ്പെടുന്ന മനുഷ്യരെയാണ് നാടിനാവശ്യം. അതു കാട്ടിത്തരികയാണ് പഴയ പാടലീപുത്രം

ഭിശപ്തമായ പരമ്പരാഗത ഗതികേടുകളിൽനിന്ന് അനിവാര്യമായ ചില നവീന ഗതികേടുകളിലേക്ക് പുരോഗമിക്കുകയാണ്, ബിഹാർ. ഇപ്പോഴത്തെ നിയമസഭ തെരഞ്ഞെടുപ്പ് നൽകുന്ന ചില മർമ സൂചനകൾ നോക്കുക:

ജാതിമതങ്ങളും ജന്മി മാടമ്പിത്തങ്ങളും നൂറ്റാണ്ടുകളായി ചവുട്ടിമെതിച്ചിട്ടിരിക്കുന്ന തദ്ദേശ ജനത ഇക്കുറി ആരോടെങ്കിലും മുഖം കറുപ്പിച്ചിട്ടുണ്ടെങ്കിൽ അത് ഒരോളോടുമാത്രം- നിതീഷ് കുമാർ. പോളിങ്​ തീരുംമുമ്പേ തോറ്റിരുന്നു ടിയാന്റെ പാർട്ടി. അതുകൊണ്ടല്ലേ ഇതെന്റെ ഒടുക്കത്തെ പടവെട്ടലാണെന്ന് പടനടുവിൽ വച്ച് നമ്പറിട്ടുനോക്കിയതും.

പട കഴിഞ്ഞപ്പോൾ കൂട്ടുകക്ഷികൾ പുഷ്ടിപ്പെട്ടു, നിതീഷിന്റെ കക്ഷി നന്നേ മെലിഞ്ഞു. എന്നിട്ടും പിടിച്ച് തൊഴുത്തിൽ കെട്ടാത്തത് ആളിപ്പോഴും ആനയായതുകൊണ്ടല്ല, മറിച്ച് സഖ്യകക്ഷികളോട് ബി.ജെ.പിക്കുള്ള മഹാമനസ്‌കതയും രാഷ്ട്രീയ മര്യാദയുമാണ് പോലും. ഇവിടെയാണ് മർമം നമ്പർ വൺ.

ലാലു, നിതീഷ്, സുശീൽ

നിതീഷിന്റെ ചരിത്രമറിയുന്ന ആരും ടിയാനെ കുടിച്ച വിഷത്തിൽ പോലും വിശ്വസിക്കില്ല. 1965ൽ ജയപ്രകാശ് നാരായണിന്റെ ലോക് സംഘർ
ഷ് പ്രസ്ഥാനം ബിഹാറിൽ പെറ്റിട്ടത് മൂന്ന് യുവ ശിങ്കങ്ങളെയാണ്- ലാലു പ്രസാദ് യാദവ്, നിതീഷ് കുമാർ, സുശീൽ മോദി. വിദ്യാർഥിലോകത്തുനിന്ന് ജെ.പി

ജയപ്രകാശ് നാരായൺ

തൊട്ടെടുത്ത നവീന വിത്തിനം. ലോക് സംഘർഷും നവനിർമാൺ പ്രസ്ഥാനവും കേന്ദ്രത്തിലെ ഇന്ദിര ഭരണത്തെ വിറപ്പിക്കുകയും അങ്ങനെ അടിയന്തരാവസ്ഥ ഉടലെടുക്കുകയും ചെയ്തപ്പോൾ ഈ വിത്തുകൾ മുളച്ചുപൊന്തി. അടിയന്തരാവസ്ഥക്കുശേഷം അവർ ജനതാപാർട്ടിക്കാരായി.

ശേഷം ഭിന്നതകളും പലതരം ഗ്രൂപ്പിങ്ങും- ലാലു ആർ.ജെ.ഡിയുണ്ടാക്കി, നിതീഷ് സമത പാർട്ടിയും. ജന്മനാ സംഘഞരമ്പുള്ള സുശീൽ ഒടുവിൽ യോജിച്ച ലാവണത്തിലും- ബി.ജെ.പി. ഏതായാലും 1990കൾ തൊട്ടിങ്ങോട്ട് ഈ വിത്തിനങ്ങളാണ് ബിഹാറിനെ അക്ഷരാർഥത്തിൽ ഭരിച്ചുപോന്നത്.

ലാലുവിന്റെ കക്ഷി യു.പി.എക്ക് ഒപ്പം പോയപ്പോൾ നിതീഷിന്റെ കക്ഷി (ആദ്യം സമതയായും പിന്നെ ജനതാദളുമായും) എൻ.ഡി.എയുടെ കൂട്ടാളിയായി. അങ്ങനെ 2005ലും 2010ലും നിതീഷ് എൻ.ഡി.എ കുടക്കീഴിൽ മുഖ്യമന്ത്രിയായി. 2015ലാകട്ടെ ആർ.ജെ.ഡിയുടെ ചെലവിൽ കസേര പിടിച്ചു. ഏറെ വൈകിയില്ല, മറുകണ്ടം ചാടി ആത്മമിത്രം സുശീൽ മോദി വഴി കേസര കാത്തു.

ഈ ചരിത്രമറിയുന്ന ആർക്കും ഊഹിക്കാവുന്നതേയുള്ളൂ ഇക്കുറി ആ കസേര നിഷേധിച്ചാൽ നിതീഷ് കളിക്കുന്നൊരു കളി. ബി.ജെ.പി സർക്കാറിന്റെ ഹബ്ബിളക്കാൻ വെറും പത്ത് ജെ.ഡി എം.എൽ.എമാരെ കൂട്ടി മറുകണ്ടം ചാടുകയേ വേണ്ടൂ. മഹാസഖ്യത്തിൽ ചേരാൻ നിതീഷിനോ ചേർക്കാൻ അവർക്കോ വൈക്ലബ്യങ്ങളേതുമില്ലതാനും. ഇതാണ് ബി.ജെ.പിയുടെ ‘മഹാമനസ്‌കത'യുടെ നിജസ്ഥിതി. അഥവാ, ബിഹാറിയുടെ നവീന ഗതികേട്: ജനത എന്തു മനോവിധി ബാലറ്റിൽ രേഖപ്പെടുത്തിയാലും നാട്ടുനടപ്പ് രാഷ്ട്രീയ ജന്മികൾ തീരുമാനിക്കും. വെറും നാലുകൊല്ലം മുമ്പ് അവരത് അനുഭവിച്ചു- നരേന്ദ്രമോദിയുടെ ‘വിരാട്' ശകടത്തെ പുറങ്കാലിനടിച്ച് ലാലു- നിതീഷ് സഖ്യത്തെ ഭരണമേൽപ്പിച്ച ജനവിധിയുടെ തലേവര.

തേജസ്വി എന്ന പുതിയ നേതാവിന്റെ ഗ്രാജ്വേഷൻ

ഇനി, മർമം നമ്പർ ടു. തോൽവി മണക്കുവോളം രാഷ്ട്രീയവാദം, വികസന പ്രഘോഷം. മണത്താലോ, ജൗളിയൂരി തലയിൽക്കെട്ടും. അതാണ്, പ്രഫഷനൽ രാഷ്ട്രീയക്കാരുടെ നിലവാര ശൈലി. വികസന ബഡായികളും ദേശാഭിമാന വെടികളും കൊണ്ട് രക്ഷയില്ലെന്നായപ്പോൾ ബിഹാർ ജനതക്ക് മുന്നിൽ

ലാലു പ്രസാദ് യാദവ്

നരേന്ദ്രമോദി ആ പഴയ അമർചിത്രകഥ വീണ്ടും വായിച്ചു: ജംഗ്ൾ രാജ്.

ആധുനിക ചരിത്രത്തിലാദ്യമായി അധഃകൃത ജാതിക്കാരുടെ ഭരണം ബിഹാറിൽ ഏർപ്പാടാക്കിയ ലാലു പ്രസാദിനെ തറപറ്റിക്കാൻ മേൽജാതികളും മധ്യവർഗ മാധ്യമങ്ങളും ചേർന്നു രചിച്ച സൃഗാലന്യായം. (ദോഷം പറയരുതല്ലോ, ആയതിലേക്ക് വേണ്ടുവോളം സംഭാവന ലാലു തന്നെ ചെയ്യുകയുമുണ്ടായി).

ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭക്കെതിരെ ജാതിമത തമ്പ്രാക്കളും മാധ്യമങ്ങളും ചേർന്ന് പണ്ട് കേരളത്തിൽ ഒട്ടിച്ച ‘സെൽ ഭരണ' പോസ്റ്ററുണ്ടല്ലോ, അതുമാതിരി ഒന്ന്. ഇക്കുറി മുഖ്യപ്രതിയോഗിയായ ലാലുപുത്രനെതിരെ ബിഹാറിൽ അതെടുത്ത് പ്രയോഗിച്ചതാരെന്നോർക്കുക: ഗുജറാത്തിൽ തുടരെ ഒരു വ്യാഴവട്ടവും കേന്ദ്രത്തിൽ കഴിഞ്ഞ ആറു കൊല്ലവും സാമൂഹ്യ- സാമ്പത്തിക- നൈയാമക തലങ്ങളിൽ കിരാതശൈലി വികസിപ്പിച്ചെടുത്ത കൂട്ടർ!

ഏതായാലും പരിശുദ്ധ മോദി ‘ജംഗ്ൾ രാജ്' വിളിച്ചപ്പോൾ ലാലുപുത്രൻ കേട്ടഭാവം വച്ചില്ല. ജനതയുടെ പ്രതികരണത്തിനും അതേ ഭാവമായിരുന്നു എന്നതിന്റെ തെളിവാണ് ആർ.ജെ.ഡി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയർന്നത്. ജംഗ്ൾ രാജ് വിളിച്ച മോദിയുടെ കക്ഷി പോലും ലാലുപുത്രന്റെ ജനപിന്തുണക്കുപിന്നിൽ മാത്രം.

മുന്നണി രൂപമൊരുക്കലിലെ പിശകുകളും ജാതിരാഷ്ട്രീയത്തിലെ പരമ്പരാഗത നീക്കുപോക്കുകളുമൊക്കെ പരിഗണിച്ചാലും ഒന്നുറപ്പ്: തേജസ്വി യാദവ് എന്ന പുതിയ രാഷ്ട്രീയനേതാവിന്റെ ഗ്രാജ്വേഷനാണ് ഇപ്പോൾ നടന്നിരിക്കുന്നത്.

തേജസ്വി യാദവ്

ജാതിക്കും അതിന്റെ ഉൾപ്പിരിവുകൾക്കുമപ്പുറം ബിഹാർ പോയേ തീരൂ എന്ന ബോധ്യം ലാലുവിന്റെ മകനിലൂടെ ആ മണ്ണിൽ പന്തലിക്കുകയാണ്. വർഗീയതക്കപ്പുറം വർഗപരമാണ് നാടിന്റെ പ്രശ്‌നങ്ങളെന്ന ബോധ്യം.

സഖ്യകക്ഷികളായ കമ്യൂണിസ്റ്റുകൾ 16 സീറ്റ് നേടിയത് അതിന്റെ ലഘുവായ ഒരു തെളിവുമാത്രം. പ്രമുഖ സഖ്യകക്ഷിയായ കോൺഗ്രസിനെ ജനത നിരാകരിക്കുന്നത് മറ്റൊരു തെളിവ്. (പരമ്പരാഗതമായി വർണഹിന്ദു കൂടാരമായ ആ പാർട്ടി എന്തിന്, അതേ കൂറ് കൂടുതൽ പച്ചക്ക് തെളിയിക്കുന്ന ബി.ജെ.പി കൺമുന്നിലുള്ളപ്പോൾ?) മർമം കിടക്കുന്നത് ഈ തെളിവുകൾക്കുള്ളിലാണ്.

ഈ ഡെമോഗ്രാഫിക് ഡിവിഡന്റിലാണ് ബിഹാറിന്റെ ഭാവി

ജെ.എൻ.യുവിൽനിന്ന് ഡോക്ടറേറ്റ് നേടി അസിസ്റ്റന്റ് പ്രഫസറായ യുവരക്തം സന്ദീപ് സൗരവ് ആ വരേണ്യപ്പണി കളഞ്ഞ് പാലിഗഞ്ചിലെ പരുക്കൻ യാഥാർഥ്യങ്ങളിലേക്ക് ജീവിതം പറിച്ചുനട്ടതെന്തിന്? മറ്റൊരു യുവധിഷണ, മനോജ് മൻസിൽ ജാതിയുദ്ധങ്ങളുടെ പടനിലമായ ഭോജിപ്പുരിലേക്ക് ഇതേവിധം സുരഭില യൗവനം വലിച്ചെറിഞ്ഞ് എത്തിപ്പെട്ടതെന്തിന്? അജിത് കുശ്‌വാഹ തൊട്ട് കനയ്യ കുമാർ വരെ പുറത്തുപോയി പഠിച്ചവർ സ്വന്തം കുഗ്രാമങ്ങളിലേക്ക് വീണ്ടും വീണ്ടും മടങ്ങിപ്പോകുന്നതെന്തുകൊണ്ട്?

ദേശീയ വികസനത്തിന്റെ ഹൈ- ഡെസിബൽ വായ്ത്താരികളുടെ കാലത്തും ഏറ്റവും വലിയ ബീമാരി ദേശമായി കഴിയുന്ന ഇന്നത്തെ ബിഹാർ അതിനുത്തരം നൽകുന്നു, നിശ്ശബ്ദം. ഒന്ന്; ജനസംഖ്യയിൽ 56 ശതമാനം വരുന്നത് യുവജനതയാണ്. ഈ ഡെമോഗ്രാഫിക് ഡിവിഡന്റിലാണ് സംസ്ഥാനത്തിന്റെ ഭാവി. കുടിയേറ്റ തൊഴിലാളികളായി രാജ്യമെങ്ങും അലയുന്ന വിഭാഗമാണ് ആ ഡിവിഡന്റിലെ മഹാഭൂരിപക്ഷം. അവർ അയക്കുന്ന കൂലിക്കാശാണ് ബിഹാറിനെ പുലർത്തുന്നത്- 15 കൊല്ലമായി വാഴുന്ന നിതീഷ്‌കുമാറോ ടിയാന്റെ സഖ്യകക്ഷിയായ കേന്ദ്ര വിരാട് പുരുഷനോ അവകാശപ്പെടുന്ന വികസനനയങ്ങളല്ല.

എന്തിനേറെ, അട്ടക്കാടികളിൽ അട്ടക്കാടികളായവരെ ‘മഹാദളിത്' എന്നൊരു വിശേഷമായ ചാപ്പ കുത്തി ഉദ്ധരിക്കാൻ നിതീഷ് തുനിഞ്ഞത് ജിതൻ റാം മാഞ്ചി എന്ന അച്ചുതണ്ടിൽ മറ്റൊരു വോട്ടുബാങ്ക് കൈപ്പിടിയിൽ വെക്കാൻ മാത്രമാണെന്ന് സാക്ഷാൽ മഹാദളിതുകൾക്കറിയാം. എല്ലാത്തരം പുത്തൻ സംവരണങ്ങൾക്കും ആനുകൂല്യ പാക്കേജുകൾക്കും ഒടുവിൽ അവർ ഇന്നും പഴയ അട്ടക്കാടികൾ തന്നെ.

ചുരുക്കിയാൽ ബിഹാറിന്റെ ഭൂരിപക്ഷ യുവജനത മറ്റു സംസ്ഥാനങ്ങളിൽ കുറഞ്ഞ കൂലിക്ക് പണിയെടുത്ത് സംസ്ഥാനത്തെ പോറ്റുന്നു. അവരെയാണ് ലോക്ക്ഡൗൺ കാലത്ത് തിരിഞ്ഞുനോക്കാതെ കേന്ദ്രവും രോഗവാഹകർ എന്ന ലേബലൊട്ടിന്ന് മുഖം തിരിച്ച മുഖ്യമന്ത്രിയും ചേർന്ന് ജീവച്ഛവങ്ങളാക്കിയത്, പലരെയും ശവങ്ങൾ തന്നെയാക്കിയത്. ഇത് സമീപയാഥാർഥ്യം. പഠിപ്പിന്റെയും അവകാശങ്ങളുടെയും വിലയറിഞ്ഞ ഒരു ന്യൂനപക്ഷമാണ് ഈ യുവതയിൽ ഇനി വരുന്നത്. അവരാണ് പുറംപഠിപ്പുകഴിഞ്ഞ് നാട്ടിലേക്ക് എത്തുന്നത്.

മുൻകാലങ്ങളിലെ അഭ്യസ്ത ബിഹാറികളെപ്പോലെ, എക്കാലത്തെയും അഭ്യസ്ത മലയാളികളെപ്പോലെ, ഈ ന്യൂനപക്ഷം അക്കരപ്പച്ചയിൽ പൗരത്വമെടുത്ത് തടി കാക്കുന്നില്ല. അവർ സ്വന്തം മണ്ണിന്റെ ഭാവിരക്ഷക്ക് മടങ്ങിയെത്തുകയാണ്.
‘ഡെമോഗ്രാഫിക് ഡിവിഡന്റ്' ഈ ന്യൂനപക്ഷം മുഖേനയാണ് പഴയ പാടലീപുത്രത്തെ വീണ്ടെടുക്കുന്നത്. അതാണ് നവയൗവനങ്ങളുടെ പുതിയ ബോധ്യത്തിന്റെ ഉള്ളടക്കം. 31 വയസ്സു മാത്രമുള്ള തേജസ്വി യാദവ് ഈ നവയാഥാർഥ്യം ഉൾക്കൊള്ളുന്നു. 10 ലക്ഷം തൊഴിൽ എന്ന ഈ ചെറുപ്പക്കാരന്റെ വാഗ്ദാനത്തെ പുരികം വരെ നരച്ചുകഴിഞ്ഞ ഒരു പ്രധാനമന്ത്രി ‘പൊയ്‌വാക്ക്' എന്ന് പരിഹസിക്കുന്നിടത്താണ് രാഷ്ട്രീയത്തിന്റെ പുതിയ ശക്തിചേരികൾ ഉരുത്തിരിയുന്നത്.

മുസ്‌ലിം- യാദവ് അല്ല, ഇനി മസ്ദൂർ-യുവ പാർട്ടി

‘സാമൂഹ്യനീതി' മുദ്രാവാക്യമാക്കി അധികാരം കവർന്ന പഴയ സോഷ്യലിസ്റ്റുകൾ പിന്നീട് വികസനത്തിന്റെ മറക്കുടയിൽ ജാതിവർഗീയതയുടെ ‘നമ്പറു'കളിറക്കിയപ്പോൾ നീതിയും വികസനവും അവർക്കു മാത്രമായി, അവരുടെ കക്ഷികൾക്കും. അതിലേക്ക് മതരാഷ്ട്രീയത്തിന്റെ ബുൾഡോസർ കൂടി വന്നതോടെ ചിത്രം പൂർണമായി- ബിഹാർ പതിവുപോലെ ബ്ലാക്ക്‌ഹോളിലൊതുങ്ങിക്കിടന്നു.

സി.പി.ഐ.(എം.എൽ)യുടെ തെരഞ്ഞെടുപ്പു പ്രചാരണം

വർത്തുളമായ ഈ കാലക്കെണിയിൽനിന്ന് പുറത്തുവരാനാണ് 56 ശതമാനം വരുന്ന യുവജനത കലശലായി ശ്രമിക്കുന്നത്. അതിന്റെ പ്രാരംഭസൂചനയാണ് തേജസ്വിയും കൂട്ടുകാരും. പഴകിപ്പതിഞ്ഞ ജാതി രാഷ്ട്രീയവും മതവിഭാഗീയതയും ഒറ്റയടിക്കങ്ങ് ആവിയായെന്നല്ല. അത്തരം ആധാർ കാർഡുകൾക്കപ്പുറത്തേക്ക് ആയുകയാണ് ശരാശരി ബിഹാറി എന്നുമാത്രം. അതിന്റെ ലാക്ഷണിക സൂചനയാണ് എം-വൈ പാർട്ടി (മുസ്‌ലിം- യാദവ്) എന്ന ആർ.ജെ.ഡിയുടെ വിശേഷത്തിന് തേജസ്വി വരുത്തിയിരിക്കുന്ന ലീനമായ മൊഴിമാറ്റം: ‘മസ്ദൂർ, യുവ പാർട്ടി'.

നേതൃത്വം എന്നത് ഒരു അധ്വാനപുരോഗതിയാണ്. തേജസ്വിയും കൂട്ടുകാരും അത് ആർജിക്കാനുള്ള അധ്വാനത്തിലാണ്. ഈ ഘട്ടത്തിലെ പരാജയങ്ങൾ ശുഭോദർക്കമാണ്. സിലിക്കൺവാലിയിലെ ഉത്തേജനച്ചൊല്ല് ഇവിടെയും അന്വർഥം: Failure is good, make better failure. സർവം തികഞ്ഞ മാച്ചോ ബിംബം വഹിക്കുന്ന സ്ഥിരം വിജയശ്രീലാളിതരെയല്ല, മെച്ചപ്പെട്ട പരാജയങ്ങളിലൂടെ മെച്ചപ്പെടുന്ന മനുഷ്യരെയാണ് നാടിനാവശ്യം. അതു കാട്ടിത്തരികയാണ് പഴയ പാടലീപുത്രം.

ഒന്നോർക്കുക, ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ആര്യത്തേർവാഴ്ച ആരംഭിക്കുന്ന ആ പ്രാചീനകാലത്തുതന്നെ ജനായത്തത്തിന്റെ പ്രാഗ്‌റിപ്പബ്ലിക്കുകൾ നിലകൊണ്ടിരുന്ന മണ്ണാണ് ബിഹാർ. ശാക്യരെ ഓർക്കുക, അക്കൂട്ടരുടെ റിപ്പബ്ലിക്കനിസം കേന്ദ്രതന്തുവാക്കിയ ബദൽമതമോതിയ ശാക്യമുനിയെയും. ടിയാന് ബോധം പകർന്ന തണൽമരം നിന്നതും ഇതേ മണ്ണിലാണ്. നളന്ദ വീണ്ടും നമ്മെ ഓരോന്നു പഠിപ്പിച്ചുതുടങ്ങുകയാണ്, നവീന ഗതികേടുകൾക്കിടയിലും.

കോൺഗ്രസ്, ഇടതുപക്ഷം, സോഷ്യലിസ്റ്റ് ഇന്ത്യൻ രാഷ്ട്രീയത്തിന് ഒരു ബിഹാർ ടെസ്റ്റ്

ബിഹാർ; ഈ രാഷ്ട്രീയമാണ് ഇന്ത്യ മുഴുവൻ ജയിക്കേണ്ടത്

Comments