കൊറോണ പുതിയ ഘട്ടത്തിലേക്ക്; പരിഹാരമില്ലാത്ത ദാരിദ്ര്യങ്ങൾ

കോവിഡ് എന്ന മഹാമാരിയെ കുറിച്ച് നമുക്കിതുവരെ ഉണ്ടായിരുന്ന ധാരണകൾ പലതും മാറുകയാണ്. ഏതാനും മാസങ്ങൾ നീണ്ടാലും കർശന ജാഗ്രതയോടെയുള്ള പ്രതിരോധ പ്രവർത്തനങ്ങളിലൂടെ ഇതിന്റെ വ്യാപനം പൂർണ്ണമായും തടയാനാവും എന്നായിരുന്നു ആദ്യമൊക്കെ നാം കരുതിയിരുന്നത്. എന്നാൽ ഇന്നത് മാറിയിരിക്കുന്നു. നിപ്പയെപ്പോലെ കടുത്ത പ്രഹരശേഷിയുള്ള ഒരു കൊലയാളി വൈറസിനെ പോലും നമുക്ക് അതിജീവിക്കാനായി. എന്നാൽ കൊറോണ അങ്ങനെ തൂത്ത് മാറ്റാൻ കഴിയുന്ന ഒരു വൈറസല്ല. ഒരുപക്ഷേ എച്ച്.ഐ.വിയെയൊക്കെ പോലെ കൊറോണയുമായും നമുക്ക് ഒത്ത് ജീവിക്കേണ്ടിവന്നേക്കാം എന്ന് സൂചിപ്പിക്കുന്നത് മറ്റാരുമല്ല, ലോകാരോഗ്യ സംഘടനയാണ്.
നാം ഇതുവരെ അവലംബിച്ച മാർഗ്ഗങ്ങൾ മതിയാവില്ല ഇനി അങ്ങോട്ട് എന്നാണ് ഇതിനർത്ഥം. ലോക്ഡൗൺ പോലെയുള്ള കടുത്ത നടപടികളെ അനന്തമായി നീട്ടികൊണ്ടുപോകാനാവില്ല. മരുന്നോ, പ്രതിരോധ കുത്തിവയ്‌പ്പോ ഒന്നും ഉടൻ ലഭ്യമാകും എന്നും കരുതാനാവില്ല. അതുകൊണ്ടൊക്കെത്തന്നെ ഈ രോഗത്തിന്റെ വ്യാപനം തടയുവാൻ ഓരോരോ സർക്കാരുകൾ എടുത്ത നടപടികളെ വിശകലനം ചെയ്തും പുകഴ്ത്തിയും വിമർശിച്ചും മാത്രമായി ഇനിയും മുമ്പോട്ട് പോകുന്നതിൽ കാര്യമില്ല. എവിടെനിന്ന് ഉത്ഭവിച്ചാലും എങ്ങനെ ഉത്ഭവിച്ചാലും കൊറോണ ഉടനെയൊന്നും പരിഹാരം കണ്ടെത്താനാവാത്ത ഒരു യാഥാർത്ഥ്യമായി തീർന്നിരിക്കുകയാണിന്ന്. ആ അവസ്ഥയുടെ ഗൗരവം മനസിലാക്കുകയാണിവിടെ ആദ്യം വേണ്ടത്.
കേരളത്തിൽ പോലും മുമ്പ് ആശ്വാസകരമായിരുന്ന കണക്കുകൾ ഇപ്പോൾ ആശങ്കാജനകമായി ഉയരുകയാണ്. വിദേശത്തെയും അന്യസംസ്ഥാനത്തെയും ഹോട്ട്‌സ്‌പോട്ടുകളിൽ നിന്ന് പോലും ആളുകൾ നാട്ടിലേക്ക് മടങ്ങിവരാൻ തുടങ്ങുമ്പോൾ അത് അപ്രതീക്ഷിതമായിരുന്നില്ല. എങ്കിൽ പോലും അപകടം അപകടം തന്നെയാണ്. അതിനിടയിൽ വിലകുറഞ്ഞ രാഷ്ട്രീയ നാടകങ്ങൾക്കും പ്രസ്താവനാ യുദ്ധങ്ങൾക്കും പിന്നാലെ പോകാൻ സാധാരണ മനുഷ്യർക്ക് ഉൾപ്പെടെ സമയമില്ല എന്നതാണു വസ്തുത. കാരണം ഈ യുദ്ധത്തിൽ നമ്മളോരോരുത്തരും പടയാളികളാണ്.

അതിജീവിക്കുവാനുള്ള രണ്ട് വഴികൾ
ഇന്ന് കോവിഡിനെ ഇല്ലാതാക്കുവാൻ ബാക്കിയാവുന്ന രണ്ടേ രണ്ട് വഴികൾ ഹേർഡ് ഇമ്യൂണിറ്റിയും വാക്‌സിനേഷനുമാണ്. അതായത് ഒന്നുകിൽ രോഗം വന്ന് പോവുക വഴിയുള്ള പ്രതിരോധം, അല്ലെങ്കിൽ പ്രതിരോധ മരുന്ന് ഉപയോഗിക്കുന്നതുവഴിയുള്ള പ്രതിരോധം. അവ തന്നെയും അത്ര ഉറപ്പുള്ള വഴികളുമല്ല. കാരണം രോഗം ഒരിക്കൽ വന്നാൽ പിന്നെ വീണ്ടും വരില്ല എന്ന് ഉറപ്പിച്ച് പറയാൻ ആരോഗ്യ രംഗത്തെ വിദഗ്ധരും തയ്യാറാവുന്നില്ല. ആ നിലയ്ക്ക് ഹേർഡ് ഇമ്യൂണിറ്റി എന്നത് ഒരു പരിഹാരമായി പറയുവാൻ ഇനിയും കൂടുതൽ പരീക്ഷണ നിരീക്ഷണങ്ങൾ ആവശ്യമുണ്ടെന്ന് തോന്നുന്നു.

നാം ഇതുവരെ അവലംബിച്ച മാർഗ്ഗങ്ങൾ മതിയാവില്ല ഇനി അങ്ങോട്ട് എന്നാണ് ഇതിനർത്ഥം. ലോക്ഡൗൺ പോലെയുള്ള കടുത്ത നടപടികളെ അനന്തമായി നീട്ടികൊണ്ടുപോകാനാവില്ല. മരുന്നോ, പ്രതിരോധ കുത്തിവയ്‌പ്പോ ഒന്നും ഉടൻ ലഭ്യമാകും എന്നും കരുതാനാവില്ല.

അതിവേഗം പകരുന്ന ഒന്ന് എന്ന നിലയിൽ കൊറോണ വൈറസിനെതിരേ ഹേർഡ് ഇമ്യൂണിറ്റി കൈവരിക്കാൻ എഴുപതുമുതൽ തൊണ്ണുറുശതമാനം വരെ മനുഷ്യർ പ്രതിരോധ ശേഷി ആർജ്ജിക്കേണ്ടിവരും എന്നാണ് പല പഠനങ്ങളും പറയുന്നത്. ഇത് മറ്റൊരു പ്രതിസന്ധിയാണ്. ഇന്നത്തെ നിലയിൽ ഹേർഡ് ഇമ്യൂണിറ്റി എന്ന ലക്ഷ്യം വച്ച് നിയന്ത്രണങ്ങളൊക്കെ എടുത്ത് കളയുകയും ജനങ്ങളെ സ്വതന്ത്രമാക്കി വിടുകയും ചെയ്യുന്നത് വലിയ വിലകൊടുക്കേണ്ടിവന്നേക്കാവുന്ന ഒരു മാർഗ്ഗമാണ്. അമേരിക്കയുടെയും ബ്രിട്ടന്റെയുമൊക്കെ അവസ്ഥ സൂചിപ്പിക്കുന്നത് അതാണ്.
രണ്ടാമത്തെ വഴിയായ വാക്‌സിനേഷൻ വഴി പ്രതിരോധശേഷി ആർജ്ജിക്കണമെങ്കിൽ ആദ്യം മരുന്ന് കണ്ടുപിടിക്കണം. അത് ഒരു പ്രതീക്ഷയാണ്, ഉറപ്പല്ല. ഇനി അത് കണ്ടുപിടിക്കപ്പെടുന്നു എന്ന് തന്നെ വയ്ക്കുക. അത് നമുക്ക് ഉപയോഗിക്കാൻ പരുവത്തിൽ വിപണിയിൽ ലഭ്യമാകാൻ പിന്നെയും ദീർഘ കാലം കാത്തിരിക്കേണ്ടിവരും. ഒന്നുരണ്ട് വർഷത്തോളം ആ പ്രക്രിയ നീണ്ടേക്കാം. അപ്പോൾ അതും ഒരു പരിഹാരമാകുന്നില്ല. നമുക്ക് വേണ്ടത് രോഗ വ്യാപനം നിയന്ത്രിച്ച് നിർത്തുകയും ഒപ്പം മനുഷ്യരുടെ ജീവസന്ധാരണ പ്രവൃത്തികൾ തടസമില്ലാതെ മുമ്പോട്ട് പോവുകയുമാണ്. രണ്ടും ഒരുമിച്ച് സാദ്ധ്യമാവുന്ന ഒരടിയന്തിര പരിഹാരത്തിലേക്കാണു നാം ഉറ്റുനോക്കുന്നത്.

Photos: Kadakampally Surendran Facebook Page

റിവേഴ്‌സ് ക്വാറന്റൈൻ
പുതിയ സാഹചര്യങ്ങളിൽ വ്യാപകമായി പറഞ്ഞുകേൾക്കുന്ന ഒരു പരിഹാരമാർഗ്ഗമാണ് റിവേഴ്‌സ് ക്വാറന്റൈൻ. രോഗം പകരാതിരിക്കാൻ രോഗബാധിതരായ മനുഷ്യരെ മാറ്റി പാർപ്പിച്ച് ചികിൽസിക്കുക എന്നതാണ് ക്വാറന്റൈൻ എങ്കിൽ റിവേഴ്‌സ് ക്വാറന്റൈനിൽ അത് നേരെ വിപരീതമാകുന്നു. രോഗബാധ കടുക്കുവാൻ സാധ്യതയുള്ള, പ്രതിരോധശേഷി താരതമ്യേനെ കുറഞ്ഞവരെന്ന നിലയിൽ ഹൈ റിസ്‌ക് കാറ്റഗറിയിൽ പെടുന്ന വൃദ്ധർ, ചെറിയ കുട്ടികൾ, ദീർഘകാല രോഗികൾ തുടങ്ങിയവരാണ് റിവേഴ്‌സ് ക്വാറന്റൈനിൽ മാറ്റി നിർത്തപ്പെടുക. അവരെ സംരക്ഷിച്ചുകൊണ്ട് ബാക്കിയുള്ളവരെ സാധാരണപോലെ ജീവിക്കാൻ അനുവദിക്കുക. രോഗം വരുന്നെങ്കിൽ വരട്ടെ എന്ന് കരുതുക. ഇതാണു പദ്ധതി.
ഇവിടെ രോഗവ്യാപനം എന്ന ഭീഷണിയെ ഭയക്കാതെ മുമ്പോട്ട് പോകുന്നതിനുപിന്നിലെ യുക്തി ഇവർക്ക് രോഗം വന്നാൽ തന്നെയും ജീവാപായ സാധ്യത കുറവാണ് എന്നതാണ്. കുറവാണെന്നുവച്ചാൽ ഇല്ലെന്നല്ല, മരണങ്ങൾ ഉണ്ടായേക്കാം എന്ന് തന്നെയാണ് ആരോഗ്യരംഗത്തെ പ്രമുഖരും പറയുന്നത്. എന്നാൽ അതിന്റെ നിരക്ക് വളരെ താഴെയായിരിക്കും. ഒരിക്കൽ രോഗം വന്ന് പോയാൽ അവർ സാധാരണഗതിയിൽ കോവിഡ് പ്രതിരോധശേഷിയുള്ളവരായി മാറുകയും ചെയ്യും. അങ്ങനെ മരണനിരക്ക് കുറച്ചുനിർത്തിക്കൊണ്ട് രോഗത്തെ വ്യാപിക്കാൻ അനുവദിക്കുക. അതുവഴി ഹേർഡ് ഇമ്യൂണിറ്റി ആർജ്ജിക്കാനുള്ള സാധ്യത തേടാം. ഒപ്പം വൈറസിന് ഫലപ്രദമായ മരുന്ന് കണ്ടെത്താൻ ആവശ്യമായ സാവകാശവും.

ഇന്ത്യയിലെ ആശുപത്രികളിൽ ഒരേ സമയം എത്രപേരെ ചികിത്സിക്കാനുള്ള സൗകര്യമുണ്ട്? രോഗി, ഡോക്ടർ അനുപാതം എത്രയാണ്? എത്രത്തോളം വികേന്ദ്രീകൃതമാണ് നമ്മുടെ പൊതു ആരോഗ്യരംഗത്തെ ചികിത്സാ സംവിധാനങ്ങൾ?

ഈ വഴികൊണ്ടുള്ള ഗുണം, ലോകം മുഴുവൻ അനിശ്ചിതകാലം അടച്ചിടുകവഴി ഉണ്ടാകാൻ സാദ്ധ്യതയുള്ള, ഒരുപക്ഷേ വൈറസിനെക്കാളും മാരകമായ പ്രത്യാഘാതങ്ങൾ ഒഴിവാക്കാം എന്നതാണ്. പക്ഷേ ഈ പദ്ധതി പരീക്ഷിച്ച സ്വീഡൻ പോലെയുള്ള രാജ്യങ്ങളുടെ അവസ്ഥ അതിനെ കണ്ണടച്ച് പ്രോൽസാഹിപ്പിക്കാൻ പ്രേരിപ്പിക്കുന്ന ഒന്നല്ല. അത് മാത്രവുമല്ല, ഇന്ത്യയിലെ സവിശേഷ സാഹചര്യങ്ങളിൽ അത് എത്രത്തോളം പ്രായോഗികമാവും എന്നതും സംശയമാണ്.
അതിതീവ്രമായ വ്യാപന ശേഷിയുള്ള ഈ വൈറസ് പടർന്നുപിടിച്ചാൽ രോഗ ലക്ഷണമുള്ളവരെയെങ്കിലും ചികിത്സിക്കേണ്ടിവരില്ലേ? ഇന്ത്യയിലെ ആശുപത്രികളിൽ ഒരേ സമയം എത്രപേരെ ചികിത്സിക്കാനുള്ള സൗകര്യമുണ്ട്? രോഗി, ഡോക്ടർ അനുപാതം എത്രയാണ്? എത്രത്തോളം വികേന്ദ്രീകൃതമാണ് നമ്മുടെ പൊതു ആരോഗ്യരംഗത്തെ ചികിത്സാ സംവിധാനങ്ങൾ? ഈ ചോദ്യങ്ങൾക്കൊക്കെ പര്യാപ്തമാംവണ്ണം ഉണ്ട് എന്ന ഉത്തരം കിട്ടുകയാണെങ്കിൽ മാത്രമേ നമുക്ക് റിവേഴ്‌സ് ക്വാറന്റൈൻ ഫലപ്രദമാകും എന്ന പ്രതീക്ഷയെങ്കിലും വെച്ച് പുലർത്താൻ പറ്റൂ.

ഇന്ത്യൻ വീടുകളുടെ പൊതു അവസ്ഥ
കേൾക്കുമ്പോൾ ലളിതവും ഫലപ്രദവുമെന്ന് തോന്നാമെങ്കിലും അത്ര എളുപ്പമല്ല റിവേഴ്‌സ് ക്വാറന്റൈൻ എന്ന് പറയാൻ വേറെയും കാരണങ്ങളുണ്ട്, പ്രത്യേകിച്ച് ഇന്ത്യൻ സാഹചര്യങ്ങളിൽ. രോഗാണു ശരീരത്തിൽ പ്രവേശിച്ചാലുടൻ രോഗ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നില്ല. എന്നാൽ ഈ കാലയളവിലും രോഗവ്യാപനം നടക്കുകയും ചെയ്യാം. അപ്പോൾ റിവേഴ്‌സ് ക്വാറന്റൈൻ ഭദ്രമായി നടക്കണമെങ്കിൽ വൈറസിന് ഫലപ്രദമായ മരുന്ന് കണ്ടുപിടിക്കുംവരെ മുകളിൽ പറഞ്ഞ ഹൈ റിസ്‌ക് കാറ്റഗറിയിൽ പെട്ടവരിൽ നിന്നും ചെറുപ്പക്കാർ സ്ഥിരമായി അകന്ന് നിൽക്കണം. വീടുകളിൽ ഒന്നിലധികം മുറികളും കക്കൂസ്, കുളിമുറി സൗകര്യങ്ങളും ഇല്ലാതെ അത് പ്രായോഗികമാവില്ല എന്ന് ചുരുക്കം.
മുതിർന്നവർക്കും കുട്ടികൾക്കുമായി പ്രത്യേകം മുറികളും മറ്റ് സാനിറ്റേഷൻ സൗകര്യങ്ങളുമൊക്കെയുള്ള വീടുകൾ ഇന്ത്യയിൽ എത്ര ശതമാനം മനുഷ്യർക്ക് അവകാശപ്പെടാനാവും? ഒരു നല്ല വിഭാഗം മനുഷ്യർക്കും ഇവിടെ വീടുകൾ ഉറങ്ങാൻ മാത്രമുള്ള ഇടങ്ങളാണ്. കാരണം സ്ഥലപരിമിതി തന്നെ. പലർക്കും വീടുകളിൽ കക്കൂസുതന്നെ ഇല്ല, പിന്നെയല്ലേ അറ്റാച്ച്ഡ് ടോയിലറ്റ് ബാത് റൂമുകൾ. അപ്പോൾ അത്തരം കുടുംബങ്ങളിലെങ്ങനെ റിവേഴ്‌സ് ക്വാറന്റൈൻ ഫലപ്രദമാകും?
പല മുറികളും ശുചിമുറി സൗകര്യങ്ങളുമൊക്കെ ഉള്ള വീടുകളിൽ തന്നെയും പ്രശ്‌നങ്ങളുണ്ട്. മുതിർന്ന മനുഷ്യർക്കായാലും കൊച്ച് കുട്ടികൾക്കായാലും രോഗികൾക്കായാലും മരുന്നും ഭക്ഷണവും പോലെ ആവശ്യമുള്ളവയാണു വേണ്ടപ്പെട്ടവരുടെ സാമീപ്യവും പരിചരണവും. അതിനെന്താണു പരിഹാരം? സ്വന്തമായി കാര്യങ്ങൾ ചെയ്യാനാകാത്ത മുതിർന്നവരെയും കുട്ടികളെയും എന്ത് ചെയ്യും? അവരെ പരിചരിക്കുന്നവരും റിവേഴ്‌സ് ക്വാറന്റൈൻ ചെയ്യപ്പെടേണ്ടിവരുമെന്ന് ചുരുക്കം. ഇതൊക്കെ എത്രത്തോളം പ്രായോഗികമാവും? ഒരുവീട്ടിൽ തന്നെയാണെങ്കിലും മുതിർന്നവരെയും കുട്ടികളെയും ദീർഘകാലം അകറ്റി നിർത്തേണ്ടിവരുന്നതുവഴി ഉണ്ടാകുന്ന വൈകാരിക പ്രശ്‌നങ്ങളും പരിഗണിക്കണ്ടേ?

പരിഹാരമില്ലാത്ത ദാരിദ്ര്യങ്ങൾ
അനിശ്ചിതകാല ലോക്ഡൗണും ക്വാറന്റൈനും ഒക്കെയായി നമുക്ക് മുമ്പോട്ട് പോകാനാവില്ല. പരിഹാരമായി നിർദ്ദേശിക്കപ്പെടുന്ന റിവേഴ്‌സ് ക്വാറന്റൈനും അതിന്റേതായ പ്രശ്‌നങ്ങളുണ്ട് എന്ന് വരുമ്പോൾ ഇന്ത്യൻ അവസ്ഥ കൂടുതൽ സങ്കീർണ്ണമാവുകയാണ്.
ഇത് ഇന്ത്യയുടെ മാത്രം കാര്യമല്ല, ദരിദ്രരായ മനുഷ്യരുടെ മുഴുവൻ കാര്യമാണ്. താരതമ്യേനെ ഉയർന്ന ജീവിത നിലവാരമുള്ള സമ്പന്ന രാഷ്ട്രങ്ങളിൽ മനുഷ്യർക്ക് ഈ പ്രശ്‌നങ്ങളെ വ്യക്തിതലത്തിൽ നേരിടാനും പരിഹാര സംവിധാനങ്ങൾ സ്വയം ഒരുക്കുവാനും ഒരുപക്ഷേ കഴിഞ്ഞേക്കും. എന്നാൽ വൃത്തിഹീനമായ ചേരികളിൽ മുതൽ തെരുവോരങ്ങളിൽ വലിച്ച് കെട്ടിയ ടാർപ്പയും തുണിയും മറ്റും ഉപയോഗിച്ച് നിർമ്മിക്കപ്പെട്ട ഇരുനൂറും മുന്നൂറും സ്‌ക്വയർ ഫീറ്റ് വലിപ്പമുള്ള കുടുസ്സുകളിൽ വരെ ജീവിതം കഴിച്ചുകൂട്ടുന്ന കോടികൾ എന്ത് ചെയ്യും?
ആദ്യകാലങ്ങളിൽ കൊറോണ മദ്ധ്യ, ഉപരിവർഗ്ഗങ്ങളെ കൂടുതൽ ബാധിക്കുന്ന, വിമാന താവളങ്ങളും തുറമുഖങ്ങളുമൊക്കെ കേന്ദ്രമാക്കി വ്യാപിക്കുന്ന ഒന്നായാണ് കണ്ടിരുന്നത്. എന്നാൽ ഇന്നത് മാറിയിരിക്കുന്നു. മറ്റേത് രോഗവുമെന്നപോലെ ഒടുവിൽ കോവിഡും സമൂഹത്തിലെ താഴേതട്ടിലുള്ള ദരിദ്രരായ മനുഷ്യരുടെ നിസ്സഹായതയിലേക്ക് പടർന്നുപിടിക്കാൻ പോവുകയാണ്. അതിനു വിട്ടുകൊടുക്കാതെ പിടിച്ച് നിർത്താൻ എന്താണു വഴി?

പലർക്കും വീടുകളിൽ കക്കൂസുതന്നെ ഇല്ല, പിന്നെയല്ലേ അറ്റാച്ച്ഡ് ടോയിലറ്റ് ബാത് റൂമുകൾ. അപ്പോൾ അത്തരം കുടുംബങ്ങളിലെങ്ങനെ റിവേഴ്‌സ് ക്വാറന്റൈൻ ഫലപ്രദമാകും?

എല്ലാവർക്കും ബഹുമുറി സൗകര്യമുള്ള വീടുകൾ വച്ചുനൽകുക എന്നത്, അത് സ്വയം ആർജ്ജിക്കാൻ അവരെ സജ്ജമാക്കുക എന്നത് ഈ കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകൾ കൊണ്ട് സ്വതന്ത്ര ഭാരതത്തിനു കഴിഞ്ഞില്ലെങ്കിൽ പിന്നെ ഒരു കോവിഡ് കാലം ഇരുട്ടി വെളുക്കുന്നതിനിടെ അത് സാധ്യമാകുമെന്ന് പ്രതീക്ഷിച്ചിട്ട് കാര്യമില്ല. എങ്കിലും വൻകിട വ്യവസായങ്ങളും വളർച്ചാ നിരക്കും മറ്റുമൊക്കെ പരിഗണിക്കുന്നതിനൊപ്പമെങ്കിലും സർക്കാരുകൾ "ഇവറ്റ'കളുടെ കാര്യവും ഒന്ന് ആലോചിക്കേണ്ടതുണ്ട് എന്ന് തോന്നുന്നു.
ദരിദ്രരായ മനുഷ്യരുടെ പരിമിതമായ ജീവിതസാചര്യങ്ങളും പുഴുക്കളെ പോലെയുള്ള അവരുടെ ജീവിതവും കണ്ടില്ലെന്ന് വച്ച് മധ്യ ഉപരിവർഗ്ഗങ്ങൾക്കും അവർക്ക് വേണ്ടി മാത്രം ഭരിക്കുന്ന സർക്കാരുകൾക്കും ഇനിയും മുമ്പോട്ട് പോകാനാവില്ല. ഒരുപക്ഷേ കോവിഡ് എന്ന മഹാമാരിയുടെ പുതിയ ഘട്ടം നമ്മെ പഠിപ്പിക്കാൻ പോകുന്ന നല്ല പാഠം അതായിരിക്കാം.

Comments