ആവീരെ നീരും കൈതേരെ തണലും വെളുത്ത മണലും കുളുത്ത പടലും

അസ്രാളൻ തെയ്യത്തിന്റെ കഥയുടെ രണ്ടാം ഭാഗം. മനുഷ്യരും കടലും മീനുകളും കരയും ചേർന്ന് രൂപം കൊള്ളുന്ന ഒരു ആവാസ വ്യവസ്ഥയുടെ കലയിലേക്കുള്ള പരിണാമം. ഭാഷകൊണ്ടും ഭാഷയാൽ വരച്ചിടുന്ന ദേശ കാലങ്ങൾ കൊണ്ടും വായിക്കുന്നവരുടെ ലോകത്ത് തിരകളും കടൽക്കാറ്റും മീൻ മണവും സൃഷ്ടിക്കുകയാണ് അനിൽകുമാർ

ഴുകടലാഴങ്ങൾക്കുമക്കരെ, നൂറ്റെട്ടാഴികൾക്കുമക്കരെ ആര്യക്കെട്ടിലെ ആര്യർരാജന്റെ പൊൻമകൾ ആരിയപൂമാല ആരിയപൂങ്കാവനത്തിൽ പൂമുറിപ്പാൻ പോയി. ആയിരം തോഴിമാർ താനുംകൂട ആയിരംപൂക്കുരിയ കയ്യിൽകൊണ്ടു. പൂ മുറിപ്പാൻ തുടങ്ങി. ചെമ്പകം, ചേമന്തി ചെമ്പരത്തി, പിച്ചകം, ചെക്കി, ചെങ്കുറുഞ്ഞി ആയിരം പൂക്കുരിയ പൂനിറഞ്ഞു. ആയിരം തോഴിമാർ താനുംകൂട ആര്യപൊൻകുളത്തിൽ നീരുമാടി. നീരാടി കന്യമാർ മാറ്റുടുത്തു. ആരിയപൂമാല ദേവകന്യാവ് ആദിത്യദേവന് പൂചൊരിഞ്ഞു. ഒരു പൂവെടുത്തവൾ ആരാധിച്ചു. ഒരു പൂവെടുത്തവൾ മുടിക്കണിഞ്ഞു. പൂങ്കാവനം കാറ്റിലിളകിനിന്നു. ദേവകന്യാവ് മോഹാലസ്യപ്പെട്ടു. മോഹിച്ച കന്യാവ് മണ്ണിൽ വീണു. അടഞ്ഞ നീൾമിഴികളിൽ മണ്ണഴകിന്റെ താഴ്‌വാരപ്പച്ചകൾ പൊലിച്ചു. പൂമാരുതൻ മയക്കിയ പെണ്ണ് ഇടവിലോകത്തിന്റെ മായാക്കാഴ്ചകളിൽ ഉന്മാദിനിയായി. സുഗന്ധവ്യഞ്ജനങ്ങൾ പൂത്ത മലങ്കാട്ടിലും കുരുമുളകു വള്ളികൾ പടർന്ന കരിമ്പാറക്കെട്ടിലും കന്യയുടെ സ്വപ്നങ്ങൾ എരിഞ്ഞു പൊള്ളി. കണ്ണെത്താത്ത കനവെത്താത്ത മൺവീറുകൾ. ഏഴാംകടലിനക്കരെ ദേവകന്യാക്കന്മാർ വിളയാടുന്ന മലയും കടലും കായലും. പുല്ലാഞ്ഞികളിണചേർന്നു പുളയുന്ന ഏഴിൽമല. പുന്നയും നെല്ലിയും പൂത്ത കുളങ്ങാട്ട്മല. ഏത് കടൽക്ഷോഭത്തിലും അഭയമാകുന്ന ആകാശത്തിലേക്കെകർന്ന ദേവമുദ്രകൾ. നീലത്തിമിഗംലങ്ങളും സ്രാവുകളും പുള്ളിത്തെരണ്ടികളും മദിക്കുന്ന മത്സ്യകന്യമാരുടെ കടൽക്കൊട്ടാരങ്ങൾ. നവതാരുണ്യം തിരളുന്ന നഗ്നശരീരികളായ കടൽത്തീരസമൃദ്ധി. നീലിച്ച കായലോളങ്ങളിലും നീർച്ചാലുകളുടെ കണ്ണാടിത്തിളക്കത്തിലും ചായമൂട്ടി നിറപ്പിച്ച തിണയുടലുകൾ. കൈതപ്പൂക്കൾ വിടർന്ന ഓരിയരക്കാവിന്റെ തീരങ്ങൾ. വിയർപ്പിന്റെ ഉതിർമണികൾ വെള്ളിപ്പരൽമീനുകളായി തുള്ളിമറിയുന്ന മൊയോന്റെ ഉപ്പുകാറ്റിലുറച്ച കറുത്ത ശരീരം. കാടങ്കോടിന്റേയും നീലംബത്തിന്റേയും ലവണഗന്ധിയായ നെയ്തൽത്തിണവഴക്കങ്ങൾ. മനുഷ്യരുടെ അറ്റമില്ലാത്ത സങ്കടപ്പെരുക്കങ്ങൾ.
ഉദിമാനം പൊന്നിൻ തലപ്പാളി കെട്ടിയ മലയും അസ്തമനം ചോപ്പുകൂറ ചിറ്റിയ കായലും. തുളുനാടിന്റേയും നന്നന്റെ മലനാടിന്റേയും എതിരില്ലാ ഭംഗികൾ. ഭൂമിയിലെ ഏറ്റവും മനോഹരമായ കാഴ്ച്ചയിൽ ദേവകന്യാവ് മതിമറന്നു.

അസ്രാളൻ തെയ്യം

സ്വപ്നത്തിന്റെ മുകിലുകളിൽ കന്യ കച്ചോൻകാറ്റടിച്ചുലഞ്ഞു. മീനവരുടെ ദേശം മീനവരുടെ ആടൽ മീനവരുടെ പാടൽ. തോഴിമാർ മന്ത്രകന്നിയെ താങ്ങിയെടുത്ത് കൊട്ടാരത്തിലെത്തിച്ചു. പരിഭ്രമിച്ച രാജൻ നല്ലറിവോനെ വിളിച്ചു വരുത്തി. ജലഗന്ധപുഷ്പവും ഹോമവും ദൂമവും മടക്കാടയും ചന്ദനവും ചാണകവും കൊണ്ടു വന്നു. നല്ലറിവോൻ പ്രശ്‌നചിന്ത നടത്തി. പെണ്ണിന്റെ പിണിയകറ്റി. പേടിക്കാനൊന്നുമില്ല. പക്ഷേ പൂമാല ഈ നാട്ട്ന്ന് പോവുകയാണ്. ആര്യക്കെട്ടിലെ രാജകുമാരിയായി പൂങ്കന്യാവിനിയിരിക്കില്ല. അങ്ങ് ആയിരം കാതങ്ങളകലെ മലനാടെന്നൊരു ദേശമുണ്ട്. മലനാട് കാണാനായി കന്യാവ് നിനച്ചു നിൽക്കയാണ്. ആര് പറഞ്ഞാലും അടങ്ങില്ല. ഏഴ് കടലുകൾക്കുമക്കരെ മലയും മനുഷ്യനുമുള്ള ഭൂമിയിലേക്കവൾ വഴിതിരിഞ്ഞു. എത്രയും പെട്ടെന്ന് കന്യയുടെ യാത്രയ്ക്ക് വേണ്ടുന്ന ഒരുക്കങ്ങൾ ചെയ്യുക. നല്ലറിവോൻ പറഞ്ഞു നിർത്തി.
ആര്യക്കെട്ടിൽ നിന്നും നൂറ്റെട്ടഴികൾ താണ്ടി മൊഴിപെയർദേശത്തേക്കാണ് പോകേണ്ടത്. ഇരാമകടന്റെ ഏഴിൽമലയെപ്പറ്റിയും പെരുങ്കാനത്തെപ്പറ്റിയും കച്ചിൽ പട്ടണത്തെപ്പറ്റിയുമൊക്കെ കടൽ വാണിഭക്കാർ പറഞ്ഞു കേട്ടിട്ടുണ്ട്. ഇതുവരെ ആരും പോയിട്ടില്ല. ആര്യരാജൻ പേരുകേട്ട സമുദ്രസഞ്ചാരികളെ വിളിച്ചുവരുത്തി. മരക്കലത്തിൽ മാത്രമേ ഇത്രയും ദൂരം സഞ്ചരിച്ച് ഏഴിൽ മലയിലെത്താനാകൂ. ഏറ്റവും വിദഗ്ധനായ വിശ്വകർമ്മാവിനെ അന്വേഷിച്ച് ഭടന്മാർ പോയി. വിന്ധ്യന്റെ താഴ്‌വാരത്തിൽ നിന്നും മരക്കലം നിർമ്മിക്കുന്ന മേലാശാരി വിശ്വകർമ്മാവ് വന്നു. മരക്കലം തീർക്കുന്നതിനുള്ള നാൾകുറിച്ചു. മാടം തുറന്നവൻ മഴുവെടുത്തു. കൂടം തുറന്നവൻ ഉളിയെടുത്തു. കൊത്തുളി ചെത്തുളി കൈമേൽ കൊണ്ടു. വായുളി വരയുളി കൈമേൽ കൊണ്ടു. ചിത്രുളി, പത്രുളി കൈമേൽ കൊണ്ടു. വെൺനൂല് കരിനൂല് കൈമേൽ കൊണ്ടു. നെടുമുഴക്കോൽ കുറുമുഴക്കോൽ കൈമേൽ കൊണ്ടു. കോടാലിയെന്നൊരു മഴുവെടുത്തു. പടിഞ്ഞാറ്റകം തൊഴുത് തറ്റുടുത്തു. തന്നുടെ മണിക്കുട തൊഴുതെടുത്തു. പക്ഷേ മരക്കലത്തിന് പാകമായ മരം മാത്രം കിട്ടിയില്ല. മേലാശാരിയും കൂട്ടരും മരക്കലം തീർക്കുന്നതിന് പാകമായ മരം തേടിയലഞ്ഞു. ആര്യനാടും മലനാടും കഴികെപ്പോയി. അകമല പുറമല കഴികെപ്പോയി. മകരക്കലമരം മാത്രം കണ്ടതില്ല. ഇനിയൊരു മല മാത്രേ ബാക്കിയുള്ളു. കുറുന്തോട്ടിയെന്ന വൻമലമുടിയിലേക്ക് നടകൊണ്ടു. മേലാശാരി മനസ്സിൽ കണ്ട മരക്കലങ്ങൾ നിറഞ്ഞ വനമായി കുറുന്തോട്ടി മല എകർന്നു നിന്നു. ഉളിയും നൂലും മുഴക്കോലുമായി ചന്ദനമരത്തിന്റെ തണലിരുന്നു. കുങ്കുമമരത്തിന്റെ കുളിരണിഞ്ഞു. അകിൽമരകാറ്റിൽ വിശ്രമിച്ചു.

കുറുന്തോട്ടിമലയിൽ നിന്നും ആചാരവിധിപ്രകാരം മരക്കലം തീർക്കുന്ന നാൾ മരം മുറിച്ചെടുത്തു. നല്ലൊരു നാളായ നന്മുഹൂർത്തത്തിൽ മരത്തിന് ഈർച്ച പിടിച്ചു. മരക്കലത്തിന്റെ പലകകൾ ചന്ദനമരത്തിൽ പണികഴിച്ചു.

മരക്കലം തീർക്കുന്നതിനുള്ള നാൾകുറിച്ചു. മാടം തുറന്നവൻ മഴുവെടുത്തു. കൂടം തുറന്നവൻ ഉളിയെടുത്തു. കൊത്തുളി ചെത്തുളി കൈമേൽ കൊണ്ടു. വായുളി വരയുളി കൈമേൽ കൊണ്ടു. ചിത്രുളി, പത്രുളി കൈമേൽ കൊണ്ടു. വെൺനൂല് കരിനൂല് കൈമേൽ കൊണ്ടു.

ഉറപ്പേറിയ ദേവൻകാലുകൾ കുങ്കുമമരത്തിലുറപ്പിച്ചു. മരക്കലത്തിന് നാൽപത്തിയൊമ്പത് കോൽ നീളം കണ്ടു. ഇരുപത്തിയിരുകോൽ വീതി കണ്ടു. അടിപ്പലകയെല്ലാം അടി നിരത്തി. മേൽപ്പലകയെല്ലാം മേൽ നിരത്തി. കൂമ്പുമരങ്ങൾ ചേർത്തുവെച്ചു. നാലുപുറത്തു നൽവാതിൽ വെച്ചു. തണ്ടാളർക്ക് വേണ്ടുന്ന തണ്ടുവെച്ചു. നങ്കൂരം താങ്ങിനിൽക്കാനായി കമ്പക്കയർ കപ്പികളിൽ ചേർത്തുകെട്ടി. പായി കൊളുത്താനായി പാമരങ്ങളും തീർത്തു. ആര്യപൂങ്കന്നിക്കും പരിവാരങ്ങൾക്കും ഇരിക്കുന്നതിന് നാൽപത്തൊമ്പത് കള്ളി തീർത്തു. നാൽപത്തൊമ്പത് പീഠം വെച്ചു. നാൽപത്തൊമ്പത് പീഠത്തിന്മേൽ നാൽപത്തൊമ്പത് ചുകപ്പുമിട്ടു. നാൽപത്തൊമ്പത് വട്ടകയിൽ നാൽപത്തൊമ്പത് ശൂലം വെച്ചു. നാൽപത്തൊമ്പത് നാന്ദകവാളും നാൽപത്തമ്പത് പരിചയും വെച്ചു. മരക്കലം നീരണിയുന്നതിനായി ഒരുങ്ങിനിന്നു. ആര്യർരാജൻ നല്ലറിവോനായ നേരറിവോനോട് മരക്കലം നീരണിയുന്നതിനുള്ള നാളും നന്മുഹൂർത്തവും കുറിക്കാൻ പറഞ്ഞു.

നാൽപത്തൊമ്പത് അറകളിൽ നാൽപത്തിയെട്ട് വെള്ളി പീഠത്തിൽ തോഴിമാരും നാൽപത്തൊമ്പതാമത്തെ സ്വർണ്ണപീഠത്തിൽ ആര്യപൂങ്കന്നിയുമിരുന്നു. മലനാട്ടിലേക്ക് കപ്പലോടിക്കുന്ന പെണ്ണിനെ കാണാൻ ആര്യക്കെട്ടിലെ നാട്ടുകാരൊത്തുകൂടി. വന്നവർ വന്നവർ ദക്ഷിണ കൊടുത്തു. മുത്തും പവിഴവും രത്‌നവും ആര്യരാജൻ മകൾക്ക് കാഴ്ച്ച വെച്ചു. ജനങ്ങൾ നെല്ലും അരിയും പുടവയും കൊണ്ട് കപ്പൽ നിറച്ചു. പൂമാലയുടെ കപ്പൽ യാത്രയ്ക്ക് മംഗളങ്ങളുമായി ചേകവന്മാരും പടയാളികളും അഴിമുഖത്ത് വന്നു ചേർന്നു. ആര്യക്കെട്ടഴിയിൽ നിന്നും ദേവമരക്കലം ഓടിത്തുടങ്ങി.

കപ്പലിൽ പെണ്ണുങ്ങൾ മാത്രമേയുള്ളു. വീര്യമുള്ള ആൺചങ്ങാത്തമുണ്ടെങ്കിലേ നൂറ്റെട്ടഴിമുഖങ്ങൾക്കപ്പുറമുള്ള മലായാളനാട്ടിലെത്താനാകൂ. കപ്പൽ വില്ലാപുരത്തടുപ്പിക്കാൻ ദേവി നിർദ്ദേശം നൽകി. വില്ലാപുരത്ത് കപ്പലിറങ്ങിയ ദേവി വില്ലാപുരത്ത് ദേവന്റെ കോട്ടപ്പടി തട്ടിത്തുറന്നു. ശാസ്താവിനോട് തനിക്ക് നല്ലോരു ആൺചങ്ങാത്തം വേണമെന്ന് പറഞ്ഞു. വില്ലാപുരത്ത് ദേവന് വീരന്മാരായ അഞ്ഞൂറ് ചേകോന്മാരുണ്ട്. ദേവന് പൂ കൊയ്യാൻ പോകുന്ന അഞ്ഞൂറ് വീരന്മാരേയും പൂങ്കന്യാവ് കണ്ടു. ഇതിൽ ഏറ്റവും ബലവും വീര്യവുമുള്ള കന്നിനെ നീ പിടിച്ചോ വില്ലാപുരത്ത് ദേവൻ പറഞ്ഞു.

വില്ലാപുരത്ത് അസ്രാളൻ അമരക്കാരനായി മരക്കലം കടൽ വഴക്കങ്ങളിലൂടെ തെക്കോട്ട് പായനിവർത്തിയോടി. ഒരുകടലേയുള്ളു. പല അഴിമുഖങ്ങളാണ്. പലജീവിതങ്ങളാണ്.

വില്ലാപുരത്ത്‌കോട്ടയും കൊട്ടാരവും തകർത്ത് അന്തിയും പൂജയും മുടക്കി. വില്ലാപുരത്ത് ദേവന്റെ കോട്ടയും തട്ടിപ്പൂട്ടി നട്ടുച്ചയ്ക്ക് തീയുംവെച്ചു. അഞ്ഞൂറ് വീരന്മാരിലെ അതികടവീരനായ വില്ലാപുരത്ത് അസുരാളനെ മൂന്നുവട്ടം പേർചൊല്ലി വിളിച്ചു. തൊടുകുറിയണിയിച്ച് കച്ചിലപ്പുറത്ത് പിടിച്ച് മരക്കലത്തിൽ കേറ്റി. ഞാനും തോഴിമാരും ഈ നാടുവിട്ട് മറ്റൊരു നാട്ടിലേക്ക് പോകയാണ്. എന്നെ കാത്ത് അവിടെ മലയും പുഴയും കായലും കടലും മനുഷ്യരും അവരുടെ ദു:ഖവുമുണ്ട്. വില്ലാപുരത്ത് അസ്രാളാ കൂടെ ആൺചങ്ങാത്തമായി എന്റെ വലഭാഗം നീയുണ്ടാകണം. കൂടവഴിയേ വന്നാൽ എനക്കെന്തു തരും ആൺചങ്ങാതി ചേദിച്ചു. ഞാനിരിക്കുന്നിടത്തൊക്കെ എന്റെ നേർചങ്ങാതിയുണ്ടാകും. മലനാട്ടിലെ എന്റെ ഊർക്കകങ്ങളിൽ മുമ്പും പിമ്പും വമ്പും പൂർണ്ണ അധികാരവും നൽകാം. എണ്ണൂം വണ്ണൂം നാഴിയും താക്കോലും പെട്ടിയും പ്രമാണവും കൊട്ടും കോവും തെക്കിനിക്കൊട്ടാരവും നിൻപക്കൽ സമ്മതിക്കാം. വില്ലാപുരത്ത് അസ്രാളൻ അമരക്കാരനായി മരക്കലം കടൽ വഴക്കങ്ങളിലൂടെ തെക്കോട്ട് പായനിവർത്തിയോടി.
ഒരുകടലേയുള്ളു. പല അഴിമുഖങ്ങളാണ്. പലജീവിതങ്ങളാണ്. ആര്യക്കര, ഗംഗാക്കര, അറബിക്കര, അനന്തക്കര, ഗോകർണ്ണക്കര, അനന്താശി, ജഗവള്ളി കടലുകളും കാലവും ദേശങ്ങളും വയ്യലേക്ക് വയ്യലേക്ക് മറഞ്ഞുകൊണ്ടിരുന്നു.

തെക്കൻ കാറ്റടിച്ചു തുടങ്ങുന്നതേയുള്ളു. കന്നി, തുലാമാസത്തിലെ തെക്കൻവാട. തുലാക്കോളിൽ പുറങ്കടൽ അസ്വസ്ഥമാണ്. മരക്കലത്തിലെ പെണ്ണുങ്ങൾ പാട്ടിലും പുരാണത്തിലും മാത്രം കേട്ടിട്ടുള്ള കടൽക്കാഴ്ച്ചകളിൽ മതിമറന്നു. വില്ലാപുരത്ത് അസ്രാളന്റെ കഴിവിലും കരുത്തിലും പെൺചങ്ങാതിമാരുടെ പേടിയകന്നു. സ്വപ്നം പോലെ കടൽ സ്വയം ആവിഷ്‌ക്കരിച്ചു കൊണ്ടിരുന്നു. രാത്രിയിൽ കടൽ ആകാശത്തിലേക്കും ആകാശം കടലിലേക്കും മൂർച്ചിച്ച് ഒന്നാകുന്നു. ഇളകുന്ന അലകൾ കടലാണോ ആകാശമാണോ എന്ന് രാത്രിയിൽ തിരിച്ചറിയാനാകുന്നില്ല. കടലിലാണോ ആകാശത്തിലാണോ എന്ന് തിരിയാത്ത വിഭ്രാന്തി. തെക്കോട്ട് പോകുന്തോറും തുലാക്കോൾ കൂടിക്കൂടി വന്നു. കിഴക്കേമാനത്ത് അണിയറക്കൊട്ടുയരുന്നുണ്ട്. ഇടിയൊച്ചകളുടെ പെരുക്കങ്ങളിലേക്ക് കടൽ മലച്ചുപൊന്തി. കിഴക്കേമേഘമാലകളിൽനിന്നും ഉതിരുന്ന മിന്നൽപ്പൊലിമയിലേക്ക് കൂട്ടത്തോടെ ആർത്തുല്ലസിച്ചു പായുന്ന മീൻപുലപ്പുകളുടെ മായാക്കാഴ്ച്ചയിൽ സഞ്ചാരികൾ അമ്പരുന്നു. വെളിച്ചം കുടിക്കുന്നതിനായി കുതിക്കുന്ന മീൻകൂട്ടങ്ങൾ മരക്കലത്തെ പൊതിഞ്ഞു. കിഴക്കൻ കടലിലേക്ക് മതിഭ്രമത്താൽ പായുന്ന മീൻകാഴ്ച്ച ഒരു സ്വപ്നം പോലെ തോന്നി. ആകോലിയുടേയും തളയന്റേയും ലക്ഷക്കണക്കിനുള്ള പുലപ്പുകൾ മദിച്ചു പുളയ്ക്കുന്നു. നീലജലത്തിലെ ആഴങ്ങളിലേക്കാഴങ്ങളിലേക്ക് മിന്നലൊളികൾ തിണർത്തു തിളച്ചു. സമുദ്രശരീരത്തിൽ സ്വർണ്ണവെളിച്ചത്തിന്റെ അതിപ്രഭാവം. മരക്കലകന്യമാർ ആഴക്കടലിന്റെ വർണ്ണവിന്യാസങ്ങളിൽ മിഴി പാർത്തു. മിന്നൽക്കൊടി മനേലയിൽ മുക്കി മോത്തെഴുതി കടലിനെ ചമയിക്കുന്ന തുലാവർഷക്കോളിൽ മരക്കലമുലഞ്ഞു.
തുലാവരിഷമൊഴിഞ്ഞ് മോത്ത് തെളിഞ്ഞ നീലാകാശം വെയില് തട്ടി തിളങ്ങി. ഇന്ദ്രനീലച്ചേലയിലെ അഴകാണ് ജലത്തിന്റെ ഏഴഴകിൽ ഏറ്റമുജ്ജ്വലമെന്ന് കന്യമാർ തമ്മാമിൽ കിസ പറഞ്ഞു. നീലക്കല്ലുകൾ പോലെ തെളിഞ്ഞു തിളങ്ങുന്ന ലവണാകരത്തിലെ മീനഴക് വാക്കുകൾക്കതീതമാണ്. മീനുകളെ നീലക്കണ്ണാടി വെള്ളത്തിൽ തെളിഞ്ഞുകാണാം. പുറങ്കടൽ കലാശം കഴിഞ്ഞ് കുറികൊടുക്കുന്ന തെയ്യത്തെ പോലെ സൗമ്യമാണ്. തെങ്ങരക്കരനീരും കാറ്റും യാത്രയ്ക്കനുകൂലം. ദിവസങ്ങളങ്ങനെ കടന്നുപോയി. ഭൂമിയിലെ കാഴ്ച്ചകളും കടലിലെ കാഴ്ച്ചകളും ജീവിതത്തിന്റെ ആരും പറയാത്ത ആഴവും അർത്ഥവുമാണ് കപ്പലോട്ടക്കാർക്ക് പറഞ്ഞു കൊടുക്കുന്നത്. കരയും കടലും ജീവിതത്തെ കാഴ്ച്ചകൾ കൊണ്ടു മാത്രമല്ല പകുക്കുന്നത്.
കടൽക്കാഴ്ച്ചകളുടെ വിസ്മയങ്ങൾ അവസാനിക്കുന്നില്ല. കടൽമീനുകളുടെ നവതാരുണ്യം. കടലിലെ ചെറുവാല്യക്കാരേയും വാല്യക്കാര്ത്തികളെയുമാണ് പിന്നെ കണ്ടത്. ചെകിളപ്പൂ ചീറ്റുന്ന വെള്ളത്തിനിടയിൽ ചോര പടർന്നപോലെ ചോപ്പിന്റെ തിരയിളക്കം. കണ്ണെത്താ ദൂരത്തോളം ചോപ്പ് പടർന്നിരിക്കുന്നു. എന്താണ് കടലിൽ സംഭവിക്കുന്നതെന്ന് ആർക്കും ആദ്യം തിരിഞ്ഞില്ല. കാതങ്ങളകലെ ചോപ്പിളകിവരുന്നു. അടുത്തെത്തിയപ്പോഴാണ് ചിത്രം വ്യക്തമായത്. ചെകിളപ്പൂക്കളുലർത്തി ഉപ്പുവെള്ളം കുടിച്ച് അയിലപ്പുലപ്പിന്റെ ആർത്തുല്ലസിച്ചുള്ള വരവാണ്. വല്ലാത്തൊരു കാഴ്ച്ചയായിരുന്നു. അയിലകളുടെ സ്വരൂപത്തിലൂടെയാണ് മരക്കലം കാറ്റിലൊഴുകിക്കൊണ്ടിരിക്കുന്നത്. പെട്ടെന്നാണ് വലിയ വെരിമീനുകൾ കൂട്ടത്തേടെ വെള്ളം തെറിപ്പിച്ച് ആകാശത്തേക്ക് ചാടുന്നത് കണ്ടത്. പുലപ്പിനുള്ളിൽ ഒളിഞ്ഞു കയറി അയിലക്കുഞ്ഞങ്ങളെ പിടിക്കാനായുള്ള വെരിമീനുകളുടെ കുതിച്ചു ചാട്ടം. എന്തെന്ത് കാഴ്ച്ചകളാണ് കടൽ ഒളിച്ചു വെച്ചിരിക്കുന്നത്.

കടലിൽ കച്ചാൻകാറ്റ് വീശാൻ തുടങ്ങിയതോടെ വർധിതരണവീര്യം ഉള്ളിലടക്കിയ ചേകോനെ പോലെ കടൽ യുദ്ധസജ്ജമായി. അസ്രാളൻ നയിക്കുന്ന മരക്കലം തെക്കൻതീരം ലക്ഷ്യമാക്കി പായ നിവർത്തിയൊഴുകി.

അയിലകളുടെ സ്വരൂപത്തിലൂടെയാണ് മരക്കലം കാറ്റിലൊഴുകിക്കൊണ്ടിരിക്കുന്നത്. പെട്ടെന്നാണ് വലിയ വെരിമീനുകൾ കൂട്ടത്തേടെ വെള്ളം തെറിപ്പിച്ച് ആകാശത്തേക്ക് ചാടുന്നത് കണ്ടത്.

പെട്ടെന്ന് കടലിളക്കങ്ങൾ നിന്നു. മുകിലലകൾ ഭയപ്പെട്ട് നിശബ്ദമായി. മരക്കലം ശക്തമായി ഉലയാൻ തുടങ്ങി. കടലാഴങ്ങളിൽ നിന്നും വെള്ളത്തിന്റെ മുഴക്കം. കടലലകൾക്ക് മുകളിൽ എറിച്ചു നിൽക്കുന്ന കൊമ്പാണ് ആദ്യം കണ്ടത്.

പിന്നെയത് ഇളകാൻ തുടങ്ങി. കടുംനീലപ്പാറക്കല്ലുകളിളകിവരികയാണ്. വലിയ കൂട്ടമായാണ് മരക്കലത്തിലേക്ക് പാറകൾ ഒഴുകി വരുന്നത്. പിന്നെ പിളർന്ന ഭീമൻ വായ കണ്ടു. കടലിൽ വെള്ളിപ്പൂത്തിരി കത്തിച്ചുവെച്ചതു പോലെ വെള്ളത്തിന്റെ പൂത്തിരികൾ ആകാശത്തിലേക്ക് ചീറ്റുകയാണ്. അത്രയും ഉയരത്തിലേക്കാണ് വെള്ളം അതിശക്തമായി ചീറിയൊഴുകുന്നത്. ഇത്രയും നാളത്തെ കടൽ യാത്രയിൽ ഇങ്ങനെയൊന്ന് ആദ്യമായിരുന്നു. തണ്ടാളർ തണ്ടു വലിച്ച് മരക്കലം നിർത്തി. ആരും ഭയപ്പെടരുത് നീലക്കടലാനകളാണ് അസ്രാളൻ മുന്നറീപ്പ് കൊടുത്തു. എല്ലാവരും കൺനിറയെ ആ കാഴ്ച്ച കണ്ടു. ഇനിയൊരിക്കലും ഇതൊന്നും കണാൻ പറ്റില്ല. ജീവിത്തിലെ ആദ്യത്തേയും അവസാനത്തേയും കാഴ്ചയാണ്. നെറ്റിപ്പട്ടം കെട്ടിയ നീലക്കടലനാകളുടെ എഴുന്നള്ളത്ത്. എണ്ണകിനിയുന്ന കടുംനീലമേനിയഴക് നിറയെപ്പൊലിയെ കണ്ടു. പുറത്തു നിന്നും ഉയർന്നു നിൽക്കുന്ന കൊമ്പുകൾ. വായക്ക് മുകൾ ഭാഗത്തു നിന്നും ആകാശത്തേക്ക് വെള്ളം ചീറ്റിക്കൊണ്ടിരിക്കുന്നു. കടലിലെ രാജാക്കന്മാരാണ് നീലക്കടലാനകൾ. ആരും ഒന്നും ശബ്ദിച്ചില്ല. കാര്യമറിയാതെയെത്തിയ ലക്ഷക്കണക്കിന് അയിലകൾ കടലാനകളുടെ പിളർന്ന വായയുടെ കയങ്ങളിൽ അപ്രത്യക്ഷമാകുന്ന ഭീതിതമായ കാഴ്ച്ച എല്ലാവരും ശ്വാസമടക്കി നോക്കി നിന്നു.
നീലക്കടലാനകൾ കടലിലെ വാഴ്ച്ചക്കാരാണ്. ഭൂമിയിലെ ഏറ്റവുംവലുപ്പമുള്ളവർ. അവരോളം ശക്തർ വേറാരുമില്ല. ആരും ഒന്നും ശബ്ദിച്ചില്ല. നീലക്കടലാനകൾക്ക് വല്ലാത്ത ചെവിടോർമ്മയാണ്. മതിയാവോളം ഭക്ഷണം കഴിച്ച് കടലിളക്കി വലിയ ശബ്ദത്തിലൂടെ വെള്ളം ആകാശപ്പരപ്പിലേക്ക് ചീറ്റിയൊഴുക്കി പുറങ്കടൽക്കാട്ടിലേക്ക് ചെവിയാട്ടി തുമ്പി ഉയർത്തി അവർ തുഴഞ്ഞു പോയി. എല്ലാവരും ആ മതിവരാക്കാഴ്ച്ചയിൽ മിണ്ടാതെ ഉരിയാടാതെ തൊഴുത് നിന്നു. വൃശ്ചികം പിറന്നതോടെ കച്ചാൻ കാറ്റും നീരൊഴുക്കും വർധിച്ചു. ഓരോ ദിനവും കാറ്റും കടലും പെരുത്തു. അസ്രാളൻ മരക്കലത്തിന്റെ ആഞ്ചക്ക് നിന്ന് കപ്പൽ നിയന്ത്രിച്ചു. കടലും കാഴ്ച്ചകളും മാറി മറിയുകയാണ്. കുറേദൂരം മുന്നോട്ട് പോയപ്പോൾ നീരിന്റെ ബലം കുറഞ്ഞു വന്നു. നോക്കെത്താ ദൂരത്തോളം കടൽ കറുത്തിരുണ്ട് ബലപ്പെട്ട് കിടക്കുന്നു. കടലിനുള്ളിൽ ചേറെന്ന കരയിലെ മനുഷ്യരുടെ പ്രാർത്ഥന. കർക്കിടകം പെയ്തമരുമ്പോൾ കിഴക്കൻ മലയരികിൽ മണ്ണും മരങ്ങളും ജീവജാലങ്ങലും ചണ്ടിയും ചപ്പും അടിഞ്ഞഴുകി മലവെള്ളം വലിയ ചേറിന്റെ കെട്ടായി കടലിനടിയിൽ അലിയാതെ കിടക്കും. കരയിലേയും കടലിലേയും മക്കൾക്ക് കടലമ്മയുടെ വരദാനമാണ് ചേറ്. വൻമല പൊട്ടിയളി വരുന്ന കാടും പടലും മലവെള്ളവും ഈ ചേറിലേക്ക് വന്നടിഞ്ഞു കൊണ്ടിരിക്കും. വലുപ്പത്തിനനുസരിച്ച് കടലിലെ നീരൊഴുക്കിനെ ചേറ് അമർത്തി വെക്കും. നല്ലയൊരു ചേറ് പൊന്തിയാൽ കടലും കരയും രക്ഷപ്പെടും. രുചിതേടിയുള്ള മീനുകളുടെ സംഘയാത്രയാണ് കരയിലെ മനുഷ്യന്റെ ചാകര.

ചേറിന്റെ രുചി സമ്രാജ്യത്തിലേക്ക് പലജാതി മീനൻപുലപ്പുകളുടെ പ്രവാഹമാണ്. ചെറുതും വലുതുമായ മീനുകൾ ചേറിന് ചുറ്റും പുളച്ചു. അയില, മത്തി, തളയൻ, കൊയല, ഇരിമീൻ, ചെമ്പല്ലി, ഏരി, മുള്ളൻ, വറ്റ, പ്രാച്ചി, കറ്റ്‌ല മീനുകളുടെ പെരുങ്കടൽ. പുള്ളിത്തെരണ്ടികളും കാക്കത്തെരണ്ടികളും പുളയ്ക്കുന്നു. മീൻപുലപ്പുകൾ തിന്നാനെത്തുന്ന സ്രാക്കുട്ടികൾ. മുള്ളൻസ്രാവും കൊമ്പൻസ്രാവും. ചേറ് തിന്നു മദിക്കുന്ന മീനുടലുത്സവങ്ങളുടെ മായക്കാഴ്ച്ചകളിൽ സ്വയം മറന്നാനന്ദിച്ചു. വൃശ്ചികക്കാറ്റിലൂടെ മരക്കലം മുന്നോട്ട് പോയ്‌ക്കൊണ്ടിരുന്നു. എത്രയോ കടലിരവുകളും കടൽപ്പകലുകളും കടന്നു പോയി. മീനുകളൊഴുകുന്ന മുകിലുകളിൽ കടൽക്കാക്കകളെ കാണാൻ തുടങ്ങി. കാറ്റും നീരുമടങ്ങി കടൽ ശാന്തമായി. മരക്കലം പല അഴികൾ താണ്ടി. കുന്ദാപുരം, മംഗലാപുരം, ഉഉളാപുരം, കുമ്പളക്കര, കാഞ്ഞിരങ്ങോട്, പാണ്ട്യൻകല്ല്, ചീക്കൈക്കടവ് തെക്കൻ അഴിമുഖങ്ങളിലേക്ക് മരക്കലം അടുത്തുതുടങ്ങി.
മീനുകൾക്ക് പുറമെ പലദേശങ്ങളിൽ നിന്നുമുള്ള കടൽ വാണിഭക്കാരേയും കണ്ടു. വലിയ വളർവഞ്ചികളിൽ കച്ചവടം ചെയ്യുന്ന കോളാഞ്ചിയരും വളഞ്ചിയരും. ഇതല്യരും ചീനരും അറബികളും കടലിലൂടെ ചരക്കുമായി സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. അറബിക്കച്ചവടക്കാരോട് കന്യമാർ അറബിക്കുപ്പായവും വിലകൂടിയ തുണിത്തരങ്ങളും വാങ്ങിച്ചു. ചീനരോട് പട്ടുവസ്ത്രങ്ങളും വാങ്ങി. കരയും കാടും മലയും ഇടതൂർന്ന പ്രദേശങ്ങൾ. ആര്യപ്പൂമാല സന്തോഷത്താൽ മതിമറന്നു. തന്റെ സ്വപ്നം സാക്ഷാത്ക്കരിക്കപ്പെടുകയാണ്. കിനാവിൽ മാദകമധുഗന്ധവാഹിയായ കാറ്റ് കാട്ടിത്തന്ന മലനാടെന്ന സ്വപ്നഭൂമി കണ്ടുതുടങ്ങി. നീലേശ്വരം അഴിത്തലക്കടൽ കണ്ടു. ദൈവമരക്കലം പിന്നേയും ഓടിത്തുടങ്ങി. നീലജലവിതാനത്തിൽ മൈനാകം പോലെ എകർന്ന നരിമുരളുന്ന കുളങ്ങാട്ടുവന്മല കണ്ടു. മരക്കലപ്പായയിൽ കാറ്റുലർന്നു. കവ്വായിക്കടൽ കണ്ടു. ദൂരെ നിന്നും ഏഴിൽ മലയുടെ കൊമ്പുകൾ കണ്ടു. ഏഴിൽമല മുനമ്പു കണ്ടു. എത്രയോ ദിവസങ്ങളായുള്ള കഠിനശ്രമത്തിന്റെ ഫലപ്രാപ്തി. എടത്തൂരിലെ അഴിക്കാനത്ത് മരക്കലം നിശ്ചലമായി. ഏഴിൽമലയിൽ എടത്തൂരഴിയിൽ ദേവിയും പരിവാരങ്ങളും മരക്കലമടുത്തു.

ഏഴിമല കുറുവന്തട്ടയിൽ നിന്നും ദേവിമാരും കപ്പിത്താനായ അസ്രാളനും പലതായി വഴി പിരിഞ്ഞു. ഓരോരോ പേർപകർച്ചകൾ സ്വീകരിച്ചു. ആര്യക്കെട്ടിൽ നിന്നും വരുമ്പോൾ അവർക്കൊരു തീരുമാനമുണ്ടായിരുന്നു. മലനാട്ടിലെ മനുഷ്യരുടെ കഷ്ടതൾ അകറ്റുക. കൊടുങ്കാട്ടിൽ നായാടിയും തോട്ടിൽ നിന്നും പൊഴയിൽ നിന്നും മീൻപിടിച്ചും ജീവിക്കുന്ന മനുഷ്യരെ തങ്ങളുടെ കുടക്കീഴിൽ കൊണ്ടു വന്ന് ശക്തമായ ഗോത്രസംസ്‌കൃതിയിലൂടെ കെട്ടുറപ്പുള്ള സമൂഹമായി അവരെ ഒന്നിപ്പിച്ച് നിർത്തുക. കൂടുതൽ അധ്വാനിച്ച് കൂടുതൽ ഉയർന്ന ഒരു സാമൂഹിക ജീവിതത്തിലേക്ക് അവരെ കൊണ്ടു വരിക. ആര്യപൂങ്കന്നി പൂമാലയായി ചങ്ങാതി പൂമാരന്റെ കൂടെ തീയ്യരുടെ കുലദേവതയായി കുറുവന്തട്ടയിലിരുന്നു. കടൽ ജീവിതങ്ങളും അവരുടെ കുലനായകരെയും തേടി രണ്ട് ദേവിമാർ ആൺ ചങ്ങാതിമാരുടെ കൂടെ എടത്തൂരഴിയിൽ നിന്നും പിന്നേയും വടക്കോട്ട് തന്നെ സഞ്ചരിച്ചു.

ഏഴിമല

കടൽ സഞ്ചാരികൾക്ക് വഴികാട്ടിയായി മസ്തകമുയർത്തി അതിസമ്പന്നമായ തുളുനാടൻ മഹിമ തിടമ്പേറ്റിയ കുളങ്ങാട്ട് വൻമല ലക്ഷ്യം കണ്ട് അസ്രാളൻ മരക്കലം തുഴഞ്ഞു.

മരക്കലപ്പായയിൽ കാറ്റുലർന്നു. കവ്വായിക്കടൽ കണ്ടു. ദൂരെ നിന്നും ഏഴിൽ മലയുടെ കൊമ്പുകൾ കണ്ടു. ഏഴിൽമല മുനമ്പു കണ്ടു. എത്രയോ ദിവസങ്ങളായുള്ള കഠിനശ്രമത്തിന്റെ ഫലപ്രാപ്തി.

കച്ചിൽപട്ടണത്തിന്റെ തീരസമൃദ്ധി കണ്ട് കവ്വയിക്കാറ്റുപിടിച്ച കപ്പൽ മുന്നോട്ട് പോകവേ ഒരു പെണ്ണ് മറ്റേ പെണ്ണിനോട് പറഞ്ഞു. ഇനിയങ്ങോട്ടുള്ള യാത്രയിൽ നമ്മൾ ഒരുപോലെയാണ്. രണ്ട് കിട്ടിയാൽ ഓരോന്ന് ഒന്ന് കിട്ടിയാൽ പപ്പാതി. നമുക്കിരിക്കാൻ ഒരേ സ്ഥലം. അങ്ങനെയൊരുടമ്പടിയിലാണ് യാത്ര തുടർന്നത്. പെട്ടെന്ന് ആച്ച് മാറി. കാറ്റ് ചൊല്ലിയുറയാൻ തുടങ്ങി. കടൽ എടഞ്ഞു. പൊറങ്കടൽ പൊട്ടി. തിരമാലകൾ വായി പിളർന്ന് മലയോളം ഉയരത്തിൽ ചീറി. അസ്രാളൻന്റെ കയ്യിൽ നിന്നും കപ്പൽ നിയന്ത്രണം വിട്ടു. ഭീമൻതിരമാലകളിൽ ആടിയുലഞ്ഞു. മരക്കലത്തിന്റെ കൂമ്പ് തകർന്നു, കുളങ്ങാട്ട് മലയും ഏഴിൽമലയും മുങ്ങിപ്പോകുന്ന വൻതിരമാല മലർന്നുപൊന്തി മരക്കലത്തിനെ വിഴുങ്ങി. കുങ്കുമമരത്തിന്റെ അടിപ്പലകയും ചന്ദനമരത്തിന്റെ മേൽപ്പലകയും അകിലിന്റെ പുറംപലകയും പൊട്ടിപ്പിളർന്നു. ദൈവങ്ങൾ നടുക്കടലിൽ മുങ്ങിത്താഴാൻ തുടങ്ങി. കപ്പൽച്ഛേദത്തിൽ തകർന്ന മരപ്പലകയിൽ ഉറ്റവരായ തോഴിമാർ മുങ്ങാതെ പിടിച്ചു നിന്നു. ഏഴുരാവും ഏഴു പകലും മരപ്പലകയിൽ കെട്ടിപ്പിടിച്ച് കിടന്നു. അസ്രാളൻ കരയിലേക്ക് നീന്തി.

എട്ടാം നാൾ കാറ്റടങ്ങി. എട്ടാം നാൾ തിരയടങ്ങി. എട്ടാം നാൾ കടലടങ്ങി. കന്യമാർ ഉപ്പുവെള്ളത്തിൽ കെട്ടിപ്പിടിച്ചുകിടന്ന മരപ്പലക കരയിലടുത്തു. കടലും കായലും ആവിയും നീർക്കെട്ടുകളും ഇടകലർന്ന അതിമനോഹര ഭൂമി. കായലിനക്കരെ കുളങ്ങാട്ട് മലയുടെ മനോരഞ്ജകമായ താഴ്‌വാരം. എങ്ങും കൈതപൂത്ത കാടുകൾ. കൈതപ്പൂക്കളുടെ മനം മയക്കുന്ന സൗരഭ്യം. ഓരിയരക്കാവെന്ന ആവീരെ നീരിൽകുതിർന്ന മണ്ണ്. അശുദ്ധി കലരാത്ത കന്യാഭൂമി. ദേവിമാർ ചിലമ്പനക്കി വെളളിവിതാനിച്ച മണൽപ്പരപ്പിന്റെ നഗ്നമേനിയിൽ തൊട്ടു. കന്യമാർ ആവീരെ നീരും കൈതേരെ തണലും വെളുത്ത മണലും കുളുത്ത പടലും ആധാരമായി നിലകൊണ്ടു. കറുപുരളാത്ത വെളുത്ത മണലും ഉപ്പുനീരിൽ നീലിച്ച ആവിക്കരയും കൈതപ്പൂവെൺമയിൽ കുളിർത്ത പടലും തേടിയാണല്ലോ, തീരശോഭയിലെ മനുഷ്യജീവിതം തേടിയാണല്ലോ ഈക്കടൽ ദൂരങ്ങളൊക്കെ താണ്ടി ഇവിടെ വരെ എത്തിയത്. കടലിൽ നിന്നും തണുത്ത കാറ്റുവീശി. ഓരിയരക്കാവിലേക്ക് പടർന്ന കാറ്റിന്റെ കെട്ടഴിഞ്ഞ് നൂറ്റെട്ടഴികൾക്കുമപ്പുറമുള്ള ആര്യപൂങ്കാവനത്തിന്റെ കാട്ടുഗന്ധമുലർന്നു.

നെല്ലിക്കാത്തീയ്യൻ തലക്കാട്ടെകൂറൻ

നെല്ലിക്കാതീയ്യൻ തലക്കാട്ടെകൂറൻ കുളങ്ങാട്ട് മലയടിവാരത്തിലെ തീയ്യനാണ്. കാടങ്കോട്ടെ മൊയോന്റെ ചങ്ങാതിയാണ്. രണ്ടുപേരും പതിവുപോലെ കുളങ്ങാട്ട് മലയിൽ മണിനായാട്ടിന് പോയി. നെല്ലിക്കാതീയന് നായട്ടുകഴിഞ്ഞ് ഏറാനും മൊയോന് പൊഴയിൽ തെളിയംവല വീയാനും പോണം. നെല്ലിക്കാത്തീയന്റെ കള്ളും മലാംമൊയോന്റെ മീനും കരയിലും നീരിലുമായി അവരവരുടെ ഉടയോരെ കാത്തിരുന്നു. ഓരിയരക്കാവിലെ കാട്ടിൽ ദേവിമാർ ഇളവെയിൽ കൊള്ളാനിറങ്ങി. നെല്ലിക്കാത്തീയ്യൻ അമ്പും വില്ലുമായി നായാട്ട് മെരുവത്തെ തേടി. പെട്ടെന്നാണ് മുന്നിൽ മുള്ളുകൾ വിടർത്തി കരികരിപോലൊരെയ്യൻ. അമ്പുകൊണ്ട എയ്യൻ മുള്ളുകൾ കുടഞ്ഞു. ശരത്തെക്കാൾ വേഗത്തിൽ കൈതക്കാട്ടിലെ പൊന്തയിലേക്ക് കുതിച്ചു. മെരുവത്തിന് പിന്നാലെ തീയ്യൻ പാഞ്ഞു. കാട്ടു പൊന്തയ്ക്കുള്ളിലൂടെ ആവിയുടെ തീരത്തെത്തി. തീയ്യന് പെട്ടെന്നൊന്നും തിരിഞ്ഞില്ല. മൃഗങ്ങൾ പോലും വരാൻ മടിക്കുന്ന കാട്ടിൽ ഇതുവരെ കണ്ടിട്ടില്ലാത്ത വേഷത്തിലും ഭാഷയിലും രൂപത്തിലുമുള്ള മനുഷ്യർ. തീയ്യൻ പേടിച്ചു നിലവിളിച്ചുവെങ്കിലും കൂറ്റ് പുറത്തു വരാതെ ആവിയായിപ്പോയിരുന്നു.
മണിനായാട്ടിനറങ്ങിയ നെല്ലിക്കാത്തീയ്യന് നായാട്ട് മൃഗത്തെ കാട്ടിക്കൊടുത്തവർ ആരാണ്. അമ്പും വില്ലും താഴെ വെച്ച് നെല്ലിക്കാത്തീയ്യൻ ഭയഭക്തിയോടെ പുറനാട്ടിൽ നിന്നും വന്നവരെ തൊഴുതു. ചരക്ക് കൊണ്ടുപോകുന്നതിനായി കപ്പലോടിച്ച് വരുന്ന ചിലരെയൊക്കെ തീയ്യൻ കണ്ടിട്ടുണ്ടായിരുന്നു.

ആയിറ്റിക്കാവ്

പറങ്കിപോലെ ചോന്ന വർത്തകപ്രമാണിമാരെ അഴിത്തലത്തീരത്തൊക്കെ വല്ലപ്പോഴും കാണാറുണ്ടായിരുന്നു. പക്ഷേ ഇവർ അവരെ പോലെയല്ല. തീയ്യൻ ഒന്നും ആലോചിച്ചില്ല ഓരിയരക്കാവിലെ കായലോരത്തേക്ക് നടന്നു. തെങ്ങിൽ കേറി നാലിളനീരുമായിവന്ന് അതിഥികൾക്ക് മുന്നിൽ വെച്ച് ദൂരേക്ക് മാറിനിന്നു. നെല്ലിക്കാത്തീയനെ കാണാതെ കാത്തിരുന്ന് മടുത്ത ചങ്ങാതി മലാംമൊയോൻ മടക്കുകത്തിയും തലക്കുടയുമായി കൈതക്കാട്ടിലെത്തി. കൈതക്കാട്ടിലെ കാഴ്ചയിൽ മൊയോൻ ഭയന്നില്ല. കൽത്തറയിൽ പാകമായ നാലിളനീരും നാല് ദേവതമാരേയും കണ്ടു. വിദേശീയരായ സഞ്ചാരികളെ ഉപചാരപൂർവ്വം തലക്കുടയൂരി കെട്ടിത്തൊഴുതു. അരയിൽ നിന്നും പീശാക്കത്തിയൂരി നാലിളനീരും ചെത്തി കുടിക്കാനായി കൊടുത്തു. ചെത്തിവെച്ച ഇളനീരിനുമുന്നിൽ വെളുത്ത മണലിൽ നിരന്നിരിക്കുന്ന കടൽയാത്രികരെ മൊയോൻ ആദരപൂർവ്വം നോക്കിനിന്നു. ആരും ഒന്നും സംസാരിച്ചില്ല. തീയ്യൻ ഇളനീർ കൊത്തിവെച്ചു കൊടുത്തിരുന്നില്ല. ദേവിമാരും അസ്രാളനും സന്തോഷിച്ചു. മലാംമൊയോന്റെ പ്രവർത്തിയിൽ അതിയായ സന്തോഷം തോന്നിയ കന്യാക്കന്മാരിൽ ഒരാൾ പരസ്പരം സമ്മതം ചോദിക്കാതെ ഒരുകയ്യിൽ ഇളനീർക്കലശമെടുത്തുല്ലസിച്ചു. ഇതുകണ്ട് മറ്റേ പെണ്ണാൾ കോപിച്ചു. നേർചങ്ങാതി എന്നോടന്വേഷിക്കാതെ നെല്ലിക്കാതീയ്യൻ കൊത്തിവെച്ച ഇളനീർ വാങ്ങിയനുഭവിച്ചതിൽ വെറുത്തരിശപ്പെട്ടു. കൈതക്കാട്ടിലേക്ക് വരുമ്പോഴുള്ള ചങ്ങായിത്തം നീ മറന്നുവെന്ന് ഓരാളൊരാളോട് പരിഭവം പറഞ്ഞു.
കൈതക്കാടുകളും ആവീരെ നീരും വെളുത്ത മണലും കുളുത്ത പടലും കടന്ന് പെണ്ണുങ്ങളിലൊരാൾ ആൺചങ്ങാതിയേയും കൂട്ടി യാത്ര തുടർന്നു. മുന്നിൽ ആകാശത്തോളം പടർന്ന കൊടുങ്കാടും മൃഗങ്ങളും നിറഞ്ഞ് സമൃദ്ധമായ കുളങ്ങാട്ട് മല കണ്ടു. മലമുടിയിൽ കത്തിച്ചുവെച്ച വെളിച്ചം കണ്ടു. മലയിലെ ആദിമ സംസ്‌ക്കാരം കണ്ടു. അസ്രാളന്റെ വില്ല് പാലമാക്കി വിലങ്ങിയ പുഴ കടന്ന് കൊളങ്ങാട്ടുവന്മല മുമ്പേതുവായി ശേഷിപ്പെട്ടു. കൊളങ്ങാട്ടപ്പന്റേയും കൈതക്കാട്ട്ശാസ്താവിന്റേയും പൂവും നീരും കയ്യേറ്റ് നിലകൊണ്ടു. കൈതക്കാട്ട് ശാസ്താവിന്റെ വെള്ളിവിളക്കിലെ ദീപം നിറയെപൊലിയേകണ്ടു. പുന്നമരത്തമണലിൽ വിശ്രമിച്ചു. കുളങ്ങാട്ട് മലങ്കൊമ്പിൽ നിന്നും പെണ്ണ് ചുറ്റിലും നോക്കി. നീലപ്പെരുങ്കടലുടൽ വലിയ സ്രാവിനെ പോലെ ദൂരെ പച്ചത്തലപ്പുകൾക്ക് മുകളിൽ വാലും ചെകിളയും ഇളക്കിക്കിടക്കുന്നു. കിഴക്ക് പൊന്നിനെക്കാൾ വിലയുള്ള കുരുമുളകും ഏലവും കറുവപ്പട്ടയും പൂത്ത ഗന്ധമാദനങ്ങൾ. നീരാഴികളും നീർക്കെട്ടുകളും നീലത്തടാകങ്ങളും നിറഞ്ഞ തീരസമൃദ്ധി. കഠിനാധ്വാനികളായ ചെറുമാനുഷർ. സ്വപ്നത്തിൽ കണ്ടതിനേക്കാൾ മനോജ്ഞമാണീ മണ്ണഴകുകൾ.

നേരെ തെക്കോക്കികൊള്ള തിരിഞ്ഞ് മലയിറങ്ങി. തെക്കുനിന്നാരാണ് വിളിക്കുന്നത്. കുളങ്ങാട്ടപ്പനും കൈതക്കാട്ട് ദേവനും പിൻമറഞ്ഞു. ഉച്ചൂളികൾ നിറഞ്ഞ കടവിൽ വെച്ച് മൊയോൻ ചെത്തിക്കൊടുത്ത ഇളനീർക്കലശം വാങ്ങിയനുഭവിച്ച പെണ്ണ് കൊളങ്ങാട്ട് മലയിലെ പുന്നമരത്തണലിലിരുന്നു. രണ്ടു ദേവിമാരും മോയോയറുടേയും തീയ്യരുടേയും തെക്കും കിഴക്കും രണ്ടു ദേശത്തേക്ക് കൊള്ളതിരിഞ്ഞു. കൊളങ്ങാട്ട് മലയിലിരുന്ന് തെക്കും കിഴക്കും ദേശം ഭരിക്കുന്ന നായനാർമാരെ കണ്ടു. തെക്ക് മടിയൻക്ഷേത്രപാലകനും കിഴക്ക് വൈരജാതനും. രണ്ട് തമ്പുരാക്കന്മാരുടെ ജമ്മമാണ്. തമ്പുരാൻ വാഴ്ച്ചയുടെ പ്രതാപകാലം. ജാതിയെയും ദേശത്തേയും കടലിലൊഴുക്കി മനുഷ്യരായാണ് ഞങ്ങൾ മലനാട്ടിൽ മരക്കലമിറങ്ങിയത്. നീരിലും കരയിലും മലയിലും കഷ്‌പ്പെടുന്നവർക്ക് വേണ്ടിയാണ് നീലക്കടലാനകളെ കടന്ന് കൊമ്പൻ സ്രാവുകളെ കടന്ന് നൂറ്റെട്ടഴിയാൽ നീരാടി നൂറ്റെട്ട് ദേശപ്പലമകളിലെ ഉപ്പും നീരുമണിഞ്ഞ് ഈ കുളങ്ങാട്ട് മലങ്കാട്ടിൽ ഞങ്ങൾ എത്തിയത്. പെണ്ണുങ്ങൾ പരസ്പരം മൊഴി പറഞ്ഞ് പിരിഞ്ഞു.

ജാതിയെയും ദേശത്തേയും കടലിലൊഴുക്കി മനുഷ്യരായാണ് ഞങ്ങൾ മലനാട്ടിൽ മരക്കലമിറങ്ങിയത്.

വഴിപിരിഞ്ഞ പെൺചങ്ങാതിമാരിലൊരുവൾ ബലമുള്ള നായരും ഉശിരുള്ള നാൽപ്പാടിയും എതമുള്ള സ്ഥലവും വേണമെന്ന് നിനച്ച് ഓരിച്ചേരിക്കല്ലും പടന്ന കൊട്ടാരവും കടന്ന് പിന്നെയും തെക്കോട്ട് ഉദിനൂരിലേക്ക് നടന്നു. അള്ളടസ്വരൂപത്തിന്റെ അധിപൻ വാതിൽകാപ്പാനായ മടിയൻ ക്ഷേത്രപാലകന്റെ ഉദിനൂർകൂലോത്തെ പടിഞ്ഞാറെ കീറ്റിലെത്തി. ഒരു പെണ്ണാണല്ലോ വന്ന് വരമിരിക്കുന്നത്. നായനാർ മടിയൻ ക്ഷേത്രപാലകൻ വന്ന പെണ്ണിനോട് ലക്ഷ്യമെന്താണെന്ന് ചോദിച്ചു. ഉശിരുള്ള പെണ്ണ് നായന്മാരുടെ ഇരുനൂറ്റിഅയിമ്പത് ലോകർക്കും കന്നുകാലി പൈതങ്ങൾക്കും അപ്പോത്തന്നെ ലക്ഷ്യത്തെ കാട്ടികൊടുത്തു. കൂട്ടത്തോട് കുരിപ്പോട് വാപ്പോട് വസൂരിയേട് മാറാവ്യാധി വാരിയെറിഞ്ഞു. മടിയൻ നായരച്ചന് തന്റെ മുന്നിൽ വന്നിരിക്കുന്നത് ഒരു സാധാരണ പെണ്ണല്ലെന്ന് തിരിഞ്ഞു. അന്ന് നായിനാർ മടിയൻക്ഷേത്രപാലകൻ വെള്ളിതൃക്കൈക്കടുത്തില കൊണ്ട് ചൂണ്ടിക്കാട്ടി നീർവീഴ്ത്തി തെക്ക് നാലില്ലത്തിന്റെ കൊയോങ്കര നാട് വരച്ചുകാണിച്ച് ബോധിപ്പിച്ചു കൊടുത്തു.

വെള്ളിതൃക്കൈക്കടുത്തില കൊണ്ട് ചൂണ്ടിത്തന്ന പറ്റുവൻ, പറമ്പൻ, തിരുനെല്ലി, പേക്കടവൻ എന്നിങ്ങനെ നാലില്ലത്തുനായന്മാരുടെ കൊയോങ്കര നാട്ടിലെത്തി. തേളപ്പുറത്ത് മൊയോൻ കത്തിച്ചുവെച്ച വെളളിവിളക്കിലെ ദീപം കണ്ടുകൊതിച്ച് തേളപ്പുറത്തച്ചന്റെ പടിഞ്ഞാറ്റിയിൽ ശേഷിപ്പെട്ടു. തേളപ്പുറത്ത് പടിഞ്ഞാറ്റ പയ്യക്കാൽ കാവെന്ന പേരും പെരുമയും വളർമയും നേടുന്നതിന് മുമ്പ് നീലംബം കടൽക്കരയിൽ ആയിറ്റിത്തുരുത്തിലെ ആയിറ്റിക്കാവിൽ ആൺചങ്ങാതി അസ്രാളനൊപ്പം തണലിരുന്നു. ആയിറ്റിപ്പോതിയെന്ന് പേർപൊലിച്ചു. ആയിറ്റിക്കാവെന്ന നെയ്തൽത്തിണയിലിരുന്ന് കടലിന്റേയും ജീവിതത്തിന്റേയും വേലിയേറ്റങ്ങളും വേലിയിറക്കങ്ങളും കണ്ടു. എത്രയോ രാപ്പകലുകൾ ജീവിതം പണയപ്പെടുത്തി കപ്പലോട്ടം നടത്തിയ കടലാഴങ്ങളുടെ നിതാന്തതയിലേക്ക് നോക്കിക്കൊണ്ടിരിരുന്നു. ആൺചങ്ങാതി അസ്രാളനെ നാട് നടന്നു കാണാനായി പറഞ്ഞുവിട്ടു. കാവിലെ വൻമരത്തണലിൽ വിശ്രമിക്കുമ്പോഴാണ് അതു കണ്ടത്. മരത്തണലിൽ കൽത്തറയിൽ വായ്‌പൊതി കെട്ടിയ കലശകുംഭം.

ആയിറ്റിപ്പോതിയുടെ മുടി

രണ്ടാമതാലോചിക്കാൻ നിന്നില്ല. വായ്‌പ്പൊതി തുറക്കുമ്പോൾ പൂമ്പാറ്റകൾ ചിറകു വീശിപ്പറന്നു. ആര്യപൂങ്കാവനത്തേക്കാൾ ഹൃദ്യസുഗന്ധം. മണമാണല്ലോ എപ്പോഴും ജീവിതത്തെ വഴി തിരിച്ചുവിടുന്നത്. മൺപാനി തുറന്ന് കലശം മതിയവോളം എടുത്തുല്ലസിച്ചു. ജീവിതത്തിൽ ഇന്നോളം അനുഭവിക്കാത്ത ആനന്ദത്തിൽ ആയിറ്റിപ്പോതി നീന്തി. ആര്യപൂങ്കാവനത്തിലെ പൂക്കളുടെ മധു മുഴുവൻ വായ്‌പ്പൊതി കെട്ടിയ ഈ മൺപാത്രത്തിലാണോ പോർന്നു വെച്ചിട്ടുള്ളത്. ഇതെന്ത് മറിമായം ഈ കൊടുങ്കാട്ടിൽ ആരാണീ മധുലഹരി കൊണ്ടു വെക്കുന്നത്. പിറ്റെന്നാൾ അതികാലത്തുണർന്ന് വൻമരത്തണലിൽ മറപറ്റിനിന്നു. വെള്ളത്തുണികൊണ്ട് തലപൊതിഞ്ഞ് പൂക്കലശവുമായി വന്നത് മെലിഞ്ഞു കറുത്തൊരാൾ. കലശകുംഭം കലശത്തറയിൽ വെച്ച് അയാൾ തൊഴുതുനിന്നു. തൊടങ്കലും കത്തിയും ഒണ്ടയും അരയിലുണ്ട്. തിളങ്ങുന്ന മൊട്ടത്തല. കയ്യിലും കാലിലും തളയിട്ടതിന്റെ കറുത്ത് തിണർത്ത തഴമ്പുകൾ. മോത്ത് കടൽകുറുക്കിയ കഠിനഭാവം. കണ്ണിൽ തീവെയിൽ തിളക്കുന്നു. കലയക്കാരൻ ഏറ്റുകത്തിയും കാൽത്തളത്തഴമ്പുമായി കാടിറങ്ങി. ആളും അനക്കവുമില്ലാത്ത ഈ പെരുങ്കാട്ടിൽ ഒറ്റയ്ക്കു വന്നു പോകുന്നവൻ ആരാണ്.
നാടലഞ്ഞ അസ്രാളൻ പേക്കടത്തെ തീയ്യക്കാർന്നോരാണ് കലശവുമായി ആയിറ്റിക്കാവിൽ വരുന്നതെന്ന് ദേവിയോട് തിരുവുള്ളം വിശേഷിച്ചു. അവനൊരു പേക്കടത്തീയനാണെങ്കിൽ ഞാനൊരു ആര്യപ്പൂങ്കന്യാവ് ആയിറ്റിപ്പോതി. തീയ്യനെ എനക്കുപേക്ഷിക്കാനാവൂല. ദേവി തീയന്റെ ആഗമനത്തിനായി കാത്തു. സംക്രമനാളിൽ എതിരെപ്പുലരെ ഉദയാരംഭകാലത്ത് പേക്കടത്തീയ്യൻ കലശവുമായി ആയിറ്റിക്കാവിൽ വീണ്ടുമെത്തി. മൂത്ത കള്ള് തറയിൽ വെച്ചു. മൂത്തകലശം രുചിച്ച ദേവി മൂന്നുവട്ടം എന്റെ മൂത്തേടത്തീയ്യാ മൂത്തേടത്തീയ്യാ എന്ന് വിശേഷിച്ചു. ആയിറ്റിക്കാവിലെ കുളിർത്ത പടലിലും വെളുത്ത മണലിലും കണ്ടു മുട്ടിയ പെണ്ണിനെ എന്റെ ആയിറ്റിപ്പോതീ എന്ന് ഏറ്റുകാരനായ തീയ്യൻ മറുകൂറ്റു കാട്ടി. മൂത്തേടത്തീയ്യന്റെ കെട്ടും ചുറ്റും ഞൊറിയും കുറിയം അടക്കവും ആചാരവും കണ്ട് കയ്യൊഴിച്ചുകൂട എന്നവസ്ഥ കരുതി മൂത്തേടത്തീയ്യൻ ഏറിയ മൂത്തകള്ളും മൂത്തടത്തീയൻ പിടിച്ച വെള്ളോലമെയ്ക്കുടയും മൂത്തേടത്തീയ്യന്റെ സങ്കടങ്ങളും ആധാരമായി പേക്കടത്ത് പടിഞ്ഞാറ്റയിൽ ശേഷിപ്പെട്ടു.

അവനൊരു പേക്കടത്തീയനാണെങ്കിൽ ഞാനൊരു ആര്യപ്പൂങ്കന്യാവ് ആയിറ്റിപ്പോതി. തീയ്യനെ എനക്കുപേക്ഷിക്കാനാവൂല. ദേവി തീയന്റെ ആഗമനത്തിനായി കാത്തു.

മാപ്പിളക്കുട്ടികൾ ഖുർ ആൻ ഓതുന്ന സ്ഥലമായിരുന്നു അക്കാലം ആ പ്രദേശം. മൂത്തേടത്തീയ്യന് ദേവിയെ ഇരുത്തുന്നതിന് മതിയായ സ്ഥലമില്ലായിരുന്നു. തീയ്യൻ സങ്കടപ്പെട്ടു. നായും നരിയും കളിയാടുന്ന കാട്ടിൽ നിന്നു കിട്ടിയ ഈ പൊന്നിൻപഴുക്കയെ എന്തു ചെയ്യും. മാപ്പിളസഹോദരന്മാരിരിക്കുന്ന ഈ പുണ്യഭൂമിയിൽ ഞങ്ങളുടെ അമ്മയായി ഈ നാടിന്റെ കുലദൈവമായി ഞങ്ങൾക്ക് തുണയായി നീ വേണം. ആയതുപ്രകാരം ദേവി ഖുർ ആൻ ഓതുന്ന പള്ളിയിൽ തണലിരുന്നു. ഖുർ ആനിലെ വിശുദ്ധ വചനങ്ങളുടെ വെളിച്ചം വീണ് പരിശുദ്ധമായ ഭൂമി കുറുവാപ്പളളിയറെയെന്ന് പേർ പൊലിച്ചു. തീയ്യനും മാപ്പിളയും ഏകോദരസഹോദരരെ പോലെ കഴിയുന്ന വിശുദ്ധഭൂമി, ആയിറ്റിപ്പോതി തൃപ്പാദമൂന്നിയ മണ്ണ് നാലുനാട്ടിലും എട്ട് ദിക്കിലും പേരും പെരുമയും വളർമ്മയും നേടി.

മൂത്തേടത്തീയ്യന്റെ കലശം ഭുജിച്ച് ആയിറ്റിപ്പോതി കുറുവാപ്പള്ളിയറയിൽ നിലകൊണ്ടു. പക്ഷേ ആൺചങ്ങാതി അസ്രാളനെ എന്തുചെയ്യും. നൂറ്റെട്ടഴികൾക്കുമക്കരെ നിന്നും തന്നെ കടൽക്ഷോഭത്തിനും കടൽക്കൊള്ളക്കാർക്കും വിട്ടുകൊടുക്കാതെ കാത്ത് ഇവിടെ വരെയെത്തിച്ച നേർചങ്ങാതിയെ കയ്യൊഴിച്ച് കളയാനാകില്ലല്ലോ. ഞാനിരിക്കുന്നിടത്തൊക്കെ മുമ്പും പിമ്പും വടക്കിനിക്കൊട്ടാരവും സമ്മതിക്കാമെന്ന് വാക്കു കൊടുത്തതല്ലേ. നേർചങ്ങാതി എന്നരികത്തുതന്നെയിരിക്കണം. ആയിറ്റിപ്പോതി മൂത്തേടത്തീയ്യനോട് കാര്യം പറഞ്ഞു. കലയക്കാരനും നോക്കനും കുറുവാപ്പള്ളി ഊർക്കകത്തെ പത്തും കൂടിയാലോചിച്ച് ദേവകന്യാവിനോട് പരിഹാരം നിർദേശിച്ചു. ദേവിയിരിക്കുന്ന കുപ്പൊരയുടെ വലത്തായി പടിഞ്ഞാറ് കന്നിക്ക് ആകാശത്തിലേക്ക് പടർന്ന പൊലീന്ത്രൻ പാലയുണ്ട്. ആന പിടിച്ചാൽ പോലും ഇളക്കാൻ കഴിയാത്ത വൻമരം. അതിളക്കിത്തന്നാൽ ആൺചങ്ങാതിക്ക് സ്ഥാനം നൽകാം. ആയിറ്റിപ്പോതി അസ്രാളനെ തന്നരികിലേക്ക് വിളിച്ചു. ഏതാപത്തിലും തനിക്ക് ആൺതുണയായിരുന്ന വില്ലാപുരത്ത് വീരൻ വലഭാഗം തന്നെ വേണം. അസ്രാളൻ തന്റെ കടൽക്കരുത്ത് മുഴുവനുമെടുത്ത് പൊലീന്ത്രൻ പാല ഇളക്കിമറിച്ചു. വീരന്റെ ശക്തിയും കരുതലും കാവലും ഈ നാടിന് വേണമെന്ന് കരുതി കുറുവാപ്പള്ളിയുടെ കന്നിക്ക് പടിഞ്ഞാറ് ഭാഗം വില്ലാപുരത്ത് അസ്രാളന് പള്ളിയറ പണിതു. തൃക്കരിപ്പൂരിന്റെ ആരും കണ്ടെടുക്കാത്ത ചരിത്രത്തിന്റെ പുറങ്കടലിൽ ഈ നാവികൻ ഇപ്പോഴും കപ്പലോടിക്കുന്നുണ്ട്. തൃക്കരിപ്പൂരിലെ കുറുവാപ്പള്ളിയറയിലാണ് അസുരകാലനെന്ന അസ്രാളൻ തെയ്യമുള്ളത്. നാളുകൾ കഴിയന്തോറും ചരിത്രത്തിന്റെ പിൻബലം ഓരോന്നായി നഷ്ടപ്പെട്ട് അസ്രാളൻ എന്നത് കുറുവാപ്പള്ളിയറയിലെ തീരെ പ്രസക്തിയില്ലാത്ത ഒരു വീരൻതെയ്യം മാത്രമായി ചുരുങ്ങിപ്പേയി. ഇത്രയും വിപുലമായ ഐതിഹാസിക ജീവിതം ആ വീരൻതെയ്യത്തിനുണ്ടെന്ന് എത്ര പേർക്കറിയാം. പുലർച്ചെ മൂന്ന് മണിക്ക് നമ്മളെല്ലാവരും സുഖനിദ്രയിലമരുമ്പോൾ ഉറക്കൊഴിച്ച് വയറ് കാഞ്ഞ് തെയ്യക്കാരൻ ആർക്കും വേണ്ടാത്ത, കാണുവാൻ ആരുമില്ലാത്ത ചരിത്രത്തിന്റെ കെട്ടഴിക്കും. ആരും പറയാത്ത സത്യം വിളിച്ചു പറയും. അസ്രാളൻ തെയ്യമായി തെക്കുംകര വണ്ണാനും പ്രതിപുരുഷനായ അസ്രാളൻ വെളിച്ചപ്പാടനായി തേളപ്പുറത്ത് മൊയോനും പാരമ്പര്യ ചരിത്ര സങ്കൽപങ്ങളുടെ കൽക്കെട്ടുകൾക്കുമുകളിൽ കയറി നിന്ന് ചൊല്ലിയുറയും ഉറഞ്ഞുരിയാടി ഉച്ചത്തിലുച്ചത്തിൽ സത്യം വിളിച്ചുപറയും.

നെയ്തൽത്തിണയിലെ മീനവരുടേയും തീയ്യരുടേയും കഠനിനാധ്വാത്തിന്റേയും സങ്കടത്തിന്റേയും അഴിമുഖങ്ങളിലേക്ക് മരക്കലം തുഴഞ്ഞു വരുന്ന സഞ്ചാരിയായ ദൈവത്തെ വാഴ്ത്തുവതെങ്ങനെ.

പത്താമുദയസൂര്യൻ പടിഞ്ഞാറനാവിയിൽ നീരണിയുമ്പോൾ, തുലാക്കോളിലും നീരിലും പുറങ്കടൽ പൊട്ടിയലറുമ്പേൾ, ആഴിത്തിരകളിൽ സ്രാവുകൾ കൊമ്പുകോർത്തുല്ലസിക്കുമ്പോൾ, തുലാമേഘത്തിന്റെ പിളർന്ന വായിൽ ഇടിത്തീയാളുമ്പോൾ, ആകോലിപ്പുലപ്പുകൾ പൊട്ടിയൊലിച്ച വൈദ്യുതിവെളിച്ചം കുടിക്കനായി കിഴക്കൻ തീരത്തേക്കാർത്തലയ്ക്കുമ്പോൾ, പൊന്നിൻപഴുക്ക പോലുള്ള പെൺമണികളുമായി ആയിരം കാതങ്ങളകലെ പുറങ്കടലിൽ ദേവമരക്കലത്തിന്റെ കൂമ്പ് കാണാം. ആര്യപൂങ്കാവനം മണക്കുന്ന എരിഞ്ഞിപ്പൂങ്കുലകളും കരിമഷിക്കൊടുംപുരികവും മോത്തെഴുതി കൊതച്ചമുടിയും കറുത്ത താടിയും മീശക്കൊമ്പുമായി വെളുത്ത മണലും കുളിർത്ത പടലും ആധാരമായി ഉലകീയുന്ന കപ്പലോട്ടക്കാരനായ ദൈവം. അരയിൽ ഞൊറിയുടുത്ത വെളിമ്പൻ. അർക്കനോടെതിർ പോരുന്ന തൃക്കണ്ണും നാസികയും. കർണ്ണകുണ്ഡലങ്ങൾ, മുത്തുമാല, വനമാല, തുളസിമാല, കളകളനിനദം,തൃക്കരങ്ങളിൽ കട്ടാരം, കടുത്തില, പലിശ, പൊന്തി, ചേടകം. തിരുമെയ്‌ശോഭയിൽ കടൽപോരാട്ടത്തിന്റെ ഉതിരത്തിരകൾ, ചിലമ്പൊലിശിഞ്ചിതം. അതികാലം കുളിർത്ത കച്ചാൻകാറ്റിൽ മാനത്ത് പെരിമീൻ ചെകിളവിടർത്തി നീന്തുമ്പേൾ കപ്പൽഛേദങ്ങളും കടൽക്ഷോഭങ്ങളും താണ്ടി ദേവനൗക ഒഴുകിയുലഞ്ഞു വരും. നെയ്തൽത്തിണയിലെ മീനവരുടേയും തീയ്യരുടേയും കഠനിനാധ്വാത്തിന്റേയും സങ്കടത്തിന്റേയും അഴിമുഖങ്ങളിലേക്ക് മരക്കലം തുഴഞ്ഞു വരുന്ന സഞ്ചാരിയായ ദൈവത്തെ വാഴ്ത്തുവതെങ്ങനെ. എല്ലാ തുലാവരിഷപ്പകർച്ചയിലും രാക്കൊണ്ടനേരത്ത് കൂമ്പുതകർന്ന കപ്പലുമായി മൂത്തേടത്തീയനും തേളപ്പുറത്ത് മൊയോനും മുതിർത്ത മൂത്ത കള്ളും മത്സ്യഗന്ധവും മോഹിച്ചുവരുന്ന ഈ കടൽച്ചങ്ങാതിയെ ഇന്ന് എത്ര പേർ തമ്മിൽ കൂടിക്കാണുന്നുണ്ട്.


മൂന്നാം ഭാഗം: തേളപ്പുറത്തെവെള്ളിവെളിച്ചം

Comments