വി.എസ്. എന്ന ക്രൗഡ് പുള്ളറെ ഓർക്കാം

തെരഞ്ഞെടുപ്പുരാഷ്ട്രീയത്തിലും അതിനുപുറത്തുമുള്ള വി.എസ്. അച്യുതാനന്ദന്റെ ഇടപെടലുകളെ ഓർക്കുകയാണ്, അദ്ദേഹത്തിന്റെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന ലേഖകൻ

2021 നിയമസഭാ തെരഞ്ഞെടുപ്പിലാണ് കേരളത്തിൽ ഇടതുപക്ഷം ആദ്യമായി തുടർഭരണം നേടിയത്. അതിന് കൃത്യമായ നിലമൊരുക്കി തുടർഭരണം വേണമെന്ന പ്രതീതി സൃഷ്ടിക്കാൻ തൊട്ടു മുമ്പത്തെ വി.എസ് സർക്കാരിന് കഴിഞ്ഞിരുന്നു. നിലവിലുള്ള ഭരണപക്ഷത്തെ, ഭരണത്തുടർച്ചയുടെ വക്കോളമെത്തിക്കാൻ ചരിത്രത്തിലാദ്യമായി വി.എസിന് സാധിച്ചു. അയ്യഞ്ച് വർഷം കൂടുമ്പോൾ ഭരണമാറ്റം എന്ന പാരമ്പര്യത്തിനുനേരെ തൊടുത്ത കൂരമ്പായിമാറി, ആ തെരഞ്ഞെടുപ്പുകാലത്ത് വി.എസ്. അപ്പോൾ വി.എസിന് പ്രായം 89. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനെ വിജയത്തിന് തൊട്ടടുത്തെത്തിച്ചതിൽ വി.എസിന്റെ നിലപാടും ഭരണമികവും പ്രസംഗശൈലിയും ക്രൗഡ് പുള്ളറെന്ന പരിവേഷവും അവിതർക്കിതമാണ്.

ഉറച്ച നിലപാടുകൾ

"തല നരയ്ക്കുവതല്ലെന്റെ വൃദ്ധത്വം' എന്ന് പ്രഖ്യാപിച്ച് 2016ലെ നിയമസഭാ തെരഞ്ഞെടുപ്പുയോഗങ്ങളിലും വി.എസ് കേരളമൊട്ടാകെ ഓടിനടന്നു. ആ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനുണ്ടായത് വൻ വിജയമായിരുന്നു. 2019ലെ പാർലമെന്റ് തെരഞ്ഞെടുപ്പ് യോഗങ്ങളിലും വി.എസ് സജീവ സാന്നിദ്ധ്യമായി. അപ്പോഴേക്കും വാർദ്ധക്യസഹജമായ പരിമിതികൾ അദ്ദേഹത്തെ വേട്ടയാടിത്തുടങ്ങിയിരുന്നു.

2016 ലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ വി.എസ്. അച്യുതാനന്ദൻ

നിലപാടുകളിലെ കാർക്കശ്യം തന്നെയായിരുന്നിരിക്കണം, വി.എസിന്റെ തെരഞ്ഞെടുപ്പ് ട്രംപ് കാർഡ്. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പ് എന്തുകൊണ്ടാണ് പ്രസക്തമാവുന്നത് എന്ന വിചാരത്തിന് പ്രസക്തിയുണ്ട്. മൂന്നാർ ഓപ്പറേഷൻ മുതൽ ഐസ്‌ക്രീം പാർലർ അട്ടിമറിക്കേസ് വരെ നിലപാടുകളുടെ മഹാപ്രളയമായിരുന്നു, 2006-2011 കാലത്തെ വി.എസ് സർക്കാർ. ഒരു ഘട്ടത്തിൽ, വികസനവിരുദ്ധൻ എന്ന പട്ടംപോലും വി.എസിൽ ചാർത്തപ്പെട്ടു. പാരിസ്ഥിതിക സന്തുലനം തകർത്ത്, വികസനമാത്ര വാദവുമായി കേരളത്തിലെത്തിയ ആറ് മഹാപദ്ധതികൾ വി.എസ് തടഞ്ഞുവെച്ചു.

കണ്ടൽക്കാടുകളും നീർത്തടങ്ങളും നശിപ്പിച്ച് വളന്തക്കാട് കെട്ടിപ്പൊക്കാനുദ്ദേശിച്ച ശോഭ സിറ്റി, സലാർപുരിയ പദ്ധതി എന്നിങ്ങനെ നിരവധി പദ്ധതികൾ വികസനമല്ലെന്ന നിലപാടിൽ പാറപോലെ ഉറച്ചുനിന്ന മുഖ്യമന്ത്രി പാർലമെന്ററി ജനാധിപത്യത്തിൽ അത്ഭുതമായിരുന്നു. കാർഷിക വിപ്ലവത്തെക്കുറിച്ചും, കാർഷിക വിപ്ലവം അച്ചുതണ്ടായ ജനകീയ ജനാധിപത്യ വിപ്ലവത്തെക്കുറിച്ചും നിരന്തരം സംസാരിക്കുക മാത്രമല്ല, നെൽവയൽ തണ്ണീർത്തട സംരക്ഷണത്തിന് നിയമമുണ്ടാക്കുകയും ചെയ്തു, വി.എസ് സർക്കാർ. സ്വകാര്യ ലോട്ടറി മാഫിയയുടെ നീരാളിപ്പിടുത്തത്തിൽനിന്ന് കേരളത്തെ മോചിപ്പിച്ചതും ശ്രമകരമായ പോരാട്ടങ്ങളിലൂടെയായിരുന്നു.

2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യുന്ന വി.എസ്‌

മൂന്നാറിലും പരിസര പ്രദേശങ്ങളിലുമുള്ള കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനും, അനധികൃത നിർമാണങ്ങൾ പൊളിച്ചുമാറ്റാനും രൂപീകരിക്കപ്പെട്ട പ്രത്യേക ദൗത്യസേനയുടെ കടിഞ്ഞാൺ കയ്യിലെടുത്തപ്പോൾ, പൊതുജനങ്ങളും കോടതികളും മാധ്യമങ്ങളും നൽകിയ ആവേശകരമായ പിന്തുണതന്നെ, ആ നിലപാടിന്റെ രാഷ്ട്രീയശരിമ ബോദ്ധ്യപ്പെടുത്തി. ഗാഡ്ഗിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകളെക്കുറിച്ച് വി.എസിന് അൽപ്പം വേറിട്ട നിലപാടുകളുണ്ടായിരുന്നു. അതദ്ദേഹം പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. നിർഭാഗ്യവശാൽ, ഇരുപത്തഞ്ച് കോടിയോളം വരുന്ന ജനത വെള്ളത്തിന് ആശ്രയിക്കുന്ന, വനത്തെ ആശ്രയിക്കുന്ന ആദിവാസി ജനവിഭാഗങ്ങളുടെ ആവാസവ്യവസ്ഥയായ പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തെക്കുറിച്ചായിരുന്നില്ല, മറിച്ച് അവിടെ നിർമാണ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്താൻ പോകുന്ന വിലക്കുകളെക്കുറിച്ചായിരുന്നു, രാഷ്ട്രീയ കേരളത്തിന്റെ വേവലാതി. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയകാലത്ത് ഗാഡ്ഗിൽ റിപ്പോർട്ട് പുനർവായനക്ക് വിധേയമായതും അതുകൊണ്ടായിരിക്കണം. അന്ന് ഇത്തരം ചർച്ചകൾക്ക് തുടക്കമിട്ടവരെ വികസനവിരുദ്ധരെന്നും കപട പരിസ്ഥിതിവാദികളെന്നും വിളിച്ചവരുടെ കണ്ണ് തുറക്കാൻ ഒരു പ്രളയം വേണ്ടിവന്നു എന്ന രാഷ്ട്രീയ പരാജയം കേരളത്തിനുണ്ടായി എന്നർത്ഥം.

എൻ. സുബ്രഹ്‌മണ്യനുമായി നടത്തിയ ഒരഭിമുഖത്തിൽ വി.എസ് പറഞ്ഞു: "പാരിസ്ഥിതിക സുസ്ഥിതിയുടെ പുനഃസ്ഥാപനമല്ല, വികസനത്തെക്കുറിച്ച് ഒരു നവീന കാഴ്ചപ്പാടാണ് വേണ്ടത്. ഞാൻ ആവർത്തിച്ച് പറഞ്ഞുകൊണ്ടിരിക്കുന്ന ഒരു കാര്യമാണത്. എന്താണ് നാം വികസിപ്പിക്കാൻ ശ്രമിക്കുന്നത്? മണ്ണും കല്ലും സിമന്റും ഉപയോഗിച്ച് നടത്തുന്ന എല്ലാ പ്രവർത്തനങ്ങളെയും വികസനം എന്ന് വിളിക്കാനാവില്ല. പരിസ്ഥിതിയെ കണക്കിലെടുത്തുകൊണ്ട് ശാസ്ത്രീയമായി ഉൽപ്പാദന വ്യവസ്ഥ പുനഃസംഘടിപ്പിച്ചേ തീരൂ. അങ്ങനെ പുനർനിർമിക്കപ്പെട്ട ഉത്പാദന വ്യവസ്ഥയുമായി പൊരുത്തപ്പെടുന്നതാവണം, നമ്മുടെ ആവാസവ്യവസ്ഥ. സംസ്ഥാനത്തെ എല്ലാ നിർമാണ പ്രവർത്തനങ്ങളും പാരിസ്ഥിതിക അച്ചടക്കവും ഉൽപ്പാദനവ്യവസ്ഥയുടെ അച്ചടക്കവും പാലിക്കുന്നുണ്ട് എന്നുറപ്പാക്കാനുള്ള ബാദ്ധ്യത ഭരണകൂടത്തിനുണ്ട്.'

പഴക്കംചെന്ന ഒരു കമ്യൂണിസ്റ്റുകാരന്റെ പാരിസ്ഥിതിക ബോധം വി.എസിനെ നിയന്ത്രിച്ചിരുന്നു എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. നിർമാണമല്ല, രാഷ്ട്രപുനർനിർമാണമാണ് പ്രധാനം എന്ന് വി.എസ് പ്രഖ്യാപിച്ചിരുന്നു.

ജനക്കൂട്ടത്തിനുമുന്നിലെ വി.എസ്‌

ഉദ്യോഗസ്ഥ- ഭരണകൂട സംവിധാനങ്ങൾക്കും പുറത്ത് ജനാധിപത്യത്തിന്റെ നിയമസാദ്ധ്യതകളിൽ ഉറച്ച വിശ്വാസമുണ്ടായിരുന്നു, വി.എസിന്. അദ്ദേഹം നടത്തിയ നിയമപോരാട്ടങ്ങളുടെ നീണ്ട പട്ടിക അതിന്റെ തെളിവാണ്. ഇപ്പോഴും വി.എസിന്റെ കേസുകൾ കോടതികളിൽ കിടക്കുന്നു. സർക്കാരുകളുടെ ഉറച്ച താൽപ്പര്യങ്ങൾ പ്രാവർത്തികമാക്കാൻ കോടതികളെ എങ്ങനെ ഉപയോഗപ്പെടുത്താം എന്ന് തിരിച്ചറിഞ്ഞ രാഷ്ട്രീയ നേതാവാണ് അദ്ദേഹം. കേന്ദ്ര സർക്കാർ ലോട്ടറി മാഫിയക്കൊപ്പം നിന്ന കാലത്ത് കേരളത്തിൽനിന്നും അവരെ കെട്ടുകെട്ടിക്കാൻ കഴിഞ്ഞത് നിയമനിർമാണത്തിലൂടെയും കോടതി നടപടികളിലൂടെയുമായിരുന്നു.

മൂന്നാർ ദൗത്യകാലത്ത് ഒന്നൊഴികെ എല്ലാ കേസുകളിലും കോടതിവിധി സർക്കാരിന് അനുകൂലമായിരുന്നു. പലപ്പോഴും, വിമതനായും വെട്ടിനിരത്തലുകാരനായുമൊക്കെ ചിത്രീകരിക്കപ്പെട്ട രാഷ്ട്രീയ വ്യക്തിത്വമായിരുന്നു, വി.എസ്. പാർട്ടിയുടെ സ്ഥാപക നേതാക്കളിൽ ജീവിച്ചിരിക്കുന്ന ഏക വ്യക്തി എന്ന നിലയിൽ ചിന്തിച്ചാൽ, അദ്ദേഹം പാർട്ടിയേയും സംഘടനയേയും രണ്ടായി കണ്ടിരുന്നോ എന്ന് ന്യായമായും സംശയിക്കേണ്ടിവരും. ഡി.ഐ.സി ബന്ധം, പി.ഡി.പി ബന്ധം, എച്ച്.എം.ടി വിഷയം, എ.ഡി.ബി വിഷയം എന്നിങ്ങനെ നിരവധി വിഷയങ്ങളിൽ കേരള രാഷ്ട്രീയത്തിൽ തിരുത്തൽ ശക്തിയായി വി.എസ് നിലനിന്നിട്ടുണ്ട്. എനിക്ക് തോന്നുന്നത്, അത്തരം ഉറച്ച നിലപാടുകളാണ് വി.എസിനെ ക്രൗഡ് പുള്ളറാക്കിയത് എന്നാണ്. തന്റെ നിലപാടുകൾ സംഘടന അംഗീകരിക്കുന്നുണ്ടോ എന്നതിനപ്പുറം, പാർട്ടി അംഗീകരിക്കുമോ എന്നതായിരുന്നു, വി.എസ് പരിഗണിച്ചത് എന്നു വേണമെങ്കിൽ സംശയിക്കാം. താൻ ഏറ്റെടുത്ത ഓരോ വിഷയത്തിലും പാർട്ടിക്ക് എന്താണ് പറയാൻകഴിയുക എന്ന് വി.എസിന് നിശ്ചയമുണ്ടായിരുന്നു. മേൽപ്പറഞ്ഞ ഓരോ വിഷയത്തിലും ആ നിലപാടുകൾ ശരിയായിരുന്നു എന്ന് പാർട്ടി തീർപ്പുകൽപ്പിക്കുകയും ചെയ്തിരുന്നു.

ഭൂപരിഷ്‌കരണത്തിന്റെ രണ്ടാംഘട്ടത്തെക്കുറിച്ച്

ഒരു തെരഞ്ഞെടുപ്പ് ഘട്ടത്തിൽ, ഇടതുപക്ഷ നിലപാടുകൾക്ക് ഏറെ പ്രസക്തിയുണ്ട് എന്നതിനാലാണ് ഇത്രയും പറഞ്ഞുപോയത്. അല്ലാതെ പുരാവൃത്തം അവതരിപ്പിക്കാനല്ല. ഇന്ത്യയുടെ രാഷ്ട്രീയഭൂമിക ആശങ്കാജനകമാം വിധം കലങ്ങിമറിയുകയാണ്. ജനാധിപത്യത്തെക്കുറിച്ചും ഫെഡറലിസത്തെക്കുറിച്ചും ഭരണനിർവഹണത്തെക്കുറിച്ചുമുള്ള നിയതമായ ധാരണകൾ വെട്ടിത്തിരുത്തപ്പെടുകയാണ്. ആഗോള മൂലധനത്തിന്റെ കുത്തൊഴുക്കിൽ, അടിസ്ഥാന ശിലകളെല്ലാം പറിച്ചെറിയപ്പെടുന്നു. അതിൽ ഭരണഘടനയുണ്ട്, കർഷകനുണ്ട്, തൊഴിലാളിയുമുണ്ട്. കമ്യൂണിസ്റ്റ് പാർട്ടികളെ സംബന്ധിച്ച്, ജനകീയ ജനാധിപത്യ വിപ്ലവത്തിലേക്കുള്ള പാത കൃത്യമായി നിർവചിക്കപ്പെട്ടതാണ്. മൂലധന കുത്തൊഴുക്കിനെ മുറിച്ചുകടന്ന്, ആ പാതയിലൂടെത്തന്നെ നടക്കാനുള്ള കമ്യൂണിസ്റ്റ് പാർട്ടിയുടെ പിൻബലം ഇന്ത്യയിലെ കർഷകനും തൊഴിലാളിയുമാണ്. ഈ പ്രയാണത്തിൽ എവിടെയെങ്കിലും ചുവടുപിഴച്ചാൽ, ബണ്ടുകൾ തകരുന്നതുപോലെ, മഞ്ഞുമല ഇടിയുന്നതുപോലെ, പ്രസ്ഥാനം കുത്തിയൊലിച്ചു പോവും. ലോകത്തിൽ പലയിടത്തും അങ്ങനെ സംഭവിച്ചിട്ടുണ്ട്.

ഇവിടെയാണ് പ്രസക്തമായ ചോദ്യം വരുന്നത്. അതിന് കൃഷിഭൂമിയെവിടെ? അതിനെന്ത് സംഭവിക്കുന്നു? കൃഷിഭൂമി കർഷകന് എന്ന മുദ്രാവാക്യം പ്രാവർത്തികമാക്കുകയും, പാട്ടപ്പറ തല്ലിപ്പൊളിക്കുകയും ചെയ്ത ആദ്യ കമ്യൂണിസ്റ്റ് സർക്കാർ ഭൂപരിഷ്‌കരണത്തിന്റെ ഒന്നാം ചുവട് വെക്കുകയുണ്ടായി. വാസ്തവത്തിൽ കമ്യൂണിസ്റ്റുകാർ ചെയ്യേണ്ടിയിരുന്നത് ഭൂമി ദേശസാൽക്കരിക്കലായിരുന്നില്ലേ എന്ന ചോദ്യം വരാം. സ്റ്റേറ്റ് ഉടമസ്ഥതയിൽ, ആധുനിക കൃഷിസങ്കേതങ്ങളുപയോഗിച്ച് ലാഭകരമായി കൃഷി ചെയ്യുകയായിരുന്നില്ലേ വേണ്ടത് എന്നർത്ഥം. പക്ഷെ, ഒരു പ്രശ്‌നമുണ്ട്. ജന്മിമാടമ്പിമാരുടെ കയ്യിലിരുന്ന ഭൂമി കൃഷിക്കാരന് കിട്ടുക എന്ന ആദ്യ ഘട്ടം പിന്നിട്ട ശേഷമേ, കർഷകരുടെ പിന്തുണയോടെ, തൊഴിലാളികളുടെ സഹകരണത്തോടെ ഭൂമിയുടെ പൊതുവിനിയോഗം എന്ന ഘട്ടത്തിലെത്താനാവുമായിരുന്നുള്ളു. ഇപ്രകാരം കർഷകരുടെ കൈവശമെത്തിയ തുണ്ടുവൽക്കരിക്കപ്പെട്ട ഭൂമിയിൽ ആധുനിക കാർഷിക സങ്കേതങ്ങൾ പ്രയോഗിക്കാനാവില്ല എന്ന നില വന്നു. പത്തും ഇരുപതും സെന്റുള്ളവർക്ക് ഇത്തരം ആധുനിക സങ്കേതങ്ങൾ കരഗതമല്ല എന്നതുതന്നെ കാരണം. അതായത്, ഭൂപരിഷ്‌കരണത്തിന് രണ്ടാംഘട്ടം അനിവാര്യമാണ്. ഈ കാര്യം ആവർത്തിച്ച് പറഞ്ഞുകൊണ്ടേയിരുന്ന കമ്യൂണിസ്റ്റുകാരനാണ് വി.എസ്. അച്യുതാനന്ദൻ. പലരും ഇതിനെ രണ്ടാം ഭൂപരിഷ്‌കരണം എന്ന് തെറ്റായി വ്യാഖ്യാനിച്ചിട്ടുണ്ട് എന്നത് വേറെ കാര്യം.

ആദ്യകാല പാർടി നേതാക്കൾക്കൊപ്പം വി.എസ്.

മൂന്നാർ ഓപ്പറേഷൻ കാലത്താണ് നവീന മൂന്നാർ എന്ന തന്റെ സ്വപ്നം വി.എസ് പ്രഖ്യാപിച്ചത്. പൊതുഭൂമിയും പൊതു ഇടങ്ങളും പൊതുസൗകര്യങ്ങളും എന്നതായിരുന്നു, ആ പദ്ധതിയുടെ നട്ടെല്ലായ കാര്യം. സ്വകാര്യ വ്യക്തികൾ തീരുമാനിക്കുന്ന വികസനമല്ല, ഒരു മാസ്റ്റർ പ്ലാനിന്റെ അടിസ്ഥാനത്തിലാവണം വികസനമെന്നും, ആ വികസനം മാത്രമേ സുസ്ഥിര വികസനമാവൂ എന്നും വി.എസ് വാദിച്ചു.

വി.എസ് തന്നെ പറഞ്ഞിട്ടുണ്ട്. ആധുനിക സാങ്കേതിക മികവിൽ, സഹകരണാടിസ്ഥാനത്തിൽ തുണ്ടുഭൂമികളെ സമന്വയിപ്പിച്ച് ഉൽപ്പാദന വർധന എന്ന ആദ്യ ലക്ഷ്യം സാക്ഷാത്കരിക്കാനാവണം. അപ്രകാരം ഉൽപ്പാദിപ്പിക്കപ്പെടുന്ന കാർഷികോൽപ്പന്നങ്ങൾ കുത്തക സംഭരണം നടത്തുകയും വിപണി ഉറപ്പാക്കുകയും ചെയ്യണം. മൂല്യവർധിത കാർഷികോൽപ്പന്നങ്ങളുണ്ടാക്കുന്ന വ്യവസായം വളരണം. അടിസ്ഥാന മേഖലയുമായി ബന്ധപ്പെട്ട് തൊഴിൽ സാദ്ധ്യതകൾ വളരണം. അങ്ങനെ, തൊഴിലാളി-കർഷക ഐക്യം സിന്ദാബാദ് എന്ന പഴയ കമ്യൂണിസ്റ്റ് മുദ്രാവാക്യം തളിരിടണം. പക്ഷെ, മൂലധന താൽപ്പര്യങ്ങൾക്ക് എതിരാണിത്. 2019ൽ പുന്നപ്ര വയലാർ രക്തസാക്ഷി വാരാചരണത്തിന്റെ ഭാഗമായി വി.എസ് പ്രസംഗിച്ചപ്പോൾ പറഞ്ഞു: 'മൂലധനത്തിന്റെ ചൂഷണ നിയമങ്ങൾ തിരുവിതാംകൂറിലാണ് താരതമ്യേന നേരത്തെ വരികയും ശക്തിപ്പെടുകയും ചെയ്തത്. സ്വാഭാവികമായും അദ്ധ്വാനശക്തികൾക്കെതിരായ ആക്രമണവും ശക്തിപ്പെട്ടു. എന്നാൽ മലബാറിൽ, ഭൂമിക്കുവേണ്ടി സമരം ചെയ്തവരാണ് കമ്യൂണിസ്റ്റ് പാർട്ടിയോട് കൂടുതൽ അടുത്തത്. തിരുവിതാംകൂറിലാവട്ടെ, ഉത്തരവാദിത്വ ഭരണത്തിനും വോട്ടവകാശത്തിനും ഇന്ത്യൻ യൂണിയനും വേണ്ടി തൊഴിലാളിവർഗം കമ്യൂണിസ്റ്റ് പാർട്ടിയോടൊപ്പം നിന്നു.' ആ പ്രസംഗം അവസാനിപ്പിച്ച് വി.എസ് പറഞ്ഞത്, തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തോടൊപ്പം തൊഴിലാളിവർഗ രാഷ്ട്രീയം കൂടുതൽ ശക്തമായി ഉയർത്തിപ്പിടിക്കണമെന്നായിരുന്നു.

വി.എസിന്റെ "വെട്ടിനിരത്തലു'കൾ

ഈ വാദങ്ങൾ ഇന്ന് കൂടുതൽ പ്രസക്തമാണെന്ന് വിചാരിക്കുന്നു. പഞ്ചാബിലേയും ഹരിയാനയിലേയും യു.പിയിലേയും കർഷകർ ഡൽഹിയുടെ തെരുവോരങ്ങളിൽ സമരരംഗത്താണ്. കേരളത്തിലേതിൽനിന്ന് വിഭിന്നമായി, അവരുടെ കൃഷിയിടങ്ങൾ വിശാലമാണ്. അവർക്ക് ട്രാക്റ്ററുകളും അനുബന്ധ കാർഷികോപകരണങ്ങളുമുണ്ട്. പക്ഷെ, കാർഷികോൽപ്പന്നങ്ങൾക്ക് ന്യായവില ഉറപ്പാക്കണം. അപ്രകാരം ന്യായവില ഉറപ്പാക്കാനാവശ്യമായ ഭരണകൂട സംവിധാനങ്ങളുണ്ടാവണം. അല്ലാതെ, തങ്ങളുടെ വിയർപ്പുതുള്ളികൾ ഏതെങ്കിലും കുത്തകകളുടെ ലാഭക്കൊതിക്ക് വിട്ടുകൊടുക്കരുത്. ഖജനാവിൽ പണമുണ്ടെങ്കിൽ വിളകൾ കുത്തക സംഭരിക്കാമെന്ന് സർക്കാരിന് തീരുമാനമെടുക്കാം. അതുമാത്രം പോര. ആ ഉൽപ്പന്നങ്ങളെ മൂല്യവർധിത ഉൽപ്പന്നങ്ങളാക്കാനുള്ള വ്യവസായംകൂടി വരണം. ഈ പ്രക്രിയയാണ് സുസ്ഥിര വികസനം.

ഒരു കമ്യൂണിസ്റ്റുകാരൻ എന്ന നിലയിൽ, സാമൂഹ്യ ഉൽപ്പാദന ബന്ധങ്ങളെയും പ്രകൃതിയെയും രണ്ടായി കണ്ട് രാഷ്ട്രീയ പ്രവർത്തനം നടത്താനാവില്ല എന്ന് വി.എസ് പറഞ്ഞിട്ടുണ്ട്. ഇതായിരുന്നു, വി.എസിന്റെ പാരിസ്ഥിതിക ജാഗ്രത. ഭൂമി അടിസ്ഥാനപരമായി ഒരു ഉൽപ്പാദനോപാധിയാണെന്നും, അതിന്റെ ഉപയോഗമെന്നാൽ പകരംവെക്കാനാവാത്ത ഉൽപ്പാദനമാണെന്നും, അത് മൂല്യം ഉൽപ്പാദിപ്പിക്കുന്നുണ്ടെന്നും, അതിലൂടെ ഭൂമിക്ക് വിനിമയമൂല്യമുണ്ടാവുമെന്നും ഉള്ള ബോദ്ധ്യമുള്ളതുകൊണ്ടാവണം, വി.എസ് വെട്ടിനിരത്തലുകാരനായതും, മാധവ് ഗാഡ്ഗിലിനെ പിന്തുണച്ചതും, മൂന്നാർ ഓപ്പറേഷന്റെ ചുക്കാൻ ഏറ്റെടുത്തതുമെല്ലാം.

ജനകീയാസൂത്രണത്തിന്റെ ആദ്യ നാളുകളിൽ ആവർത്തിച്ചുറപ്പിച്ച ഒരു ബോദ്ധ്യമുണ്ട്. വികസനമെന്നാൽ, റോഡുകളും തോടുകളും പാലങ്ങളും മാത്രമല്ല. അത് ജീവിത നിലവാരത്തിൽ സ്ഥായിയായി ഉണ്ടാവേണ്ട മാറ്റമാണ്. കേരളത്തെ സംബന്ധിച്ച്, ഗ്രാമസഭകളിൽ ഇന്നും ഉയരുന്ന ആവശ്യം റോഡുകൾക്കും പാലങ്ങൾക്കുമൊക്കെയാണ്. പക്ഷെ, ഇടതുപക്ഷ നിലപാടുകളുടെകൂടി ഭാഗമായി, മികവാർന്ന സ്‌കൂളുകളും ആശുപത്രികളും വായനശാലകളും വൃദ്ധസദനങ്ങളും കളിസ്ഥലങ്ങളുമെല്ലാം നാടിന്റെ വികസനമായി കാണുന്ന അവസ്ഥ സംജാതമായിട്ടുണ്ട്. അഞ്ച് വർഷം തികയ്ക്കുന്ന ഈ സർക്കാർ ഉയർത്തിക്കാണിക്കുന്ന വികസനവും മറ്റൊന്നല്ല. ഹൈടെക്കായ സ്‌കൂളുകളും ആശുപത്രികളും സഹായ സംവിധാനങ്ങളുമെല്ലാമാണ്. മുൻ സർക്കാരിന്റെ കാലത്തിൽനിന്ന് വ്യത്യസ്തമായി ഈ എൽ.ഡി.എഫ് സർക്കാരിന്റെ മികവുകൾ പി.ആർ.ഡിയുടെ രേഖ നോക്കാതെതന്നെ ജനങ്ങൾക്ക് പറയാൻ കഴിയും എന്നതിനാൽ ഇത്തവണ ഭരണത്തുടർച്ചയുണ്ടാവാനുള്ള സാദ്ധ്യതയാണ് കൂടുതൽ.

2019ൽ വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പ് യോഗത്തിൽ വി.എസ് പറഞ്ഞു: 'എല്ലാം കൊണ്ടും ഏറെ നിർണായകമാണ് ഈ ഉപതെരഞ്ഞെടുപ്പ്. സംസ്ഥാന സർക്കാരിന്റെ മതേതര കാഴ്ച്ചപ്പാടിനും വികസന മുന്നേറ്റത്തിനും അംഗീകാരം നൽകാൻ ഈ തെരഞ്ഞെടുപ്പിൽ നിങ്ങൾ വോട്ടവകാശം വിനിയോഗിക്കും എന്നറിയാം. എങ്കിലും രണ്ട് കാര്യങ്ങൾ മാത്രം സൂചിപ്പിക്കുകയാണ്. കേരളത്തിന്റെ വികസന മുരടിപ്പിനെക്കുറിച്ച് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നാം ഏറെ ചർച്ച ചെയ്യുകയുണ്ടായി. എന്നാൽ ഇപ്പോൾ പ്രതിപക്ഷത്തിന് അങ്ങനെയൊരു വാദം ഉന്നയിക്കാനുണ്ടോ? സംസ്ഥാനത്തിന്റെ വികസനകാര്യങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻതന്നെ അവർ തയ്യാറല്ല. അതിനുപകരം സാമുദായികമായും വർഗീയമായും ജനങ്ങളെ ഭിന്നിപ്പിക്കുന്ന ബി.ജെ.പിയോട് ചേർന്ന്, അവരുടെ അജണ്ടകൾക്കു വേണ്ടി സംസാരിക്കുകയാണ്.

ഇന്ന് കേരളം ശാന്തമാണ്. ഇവിടെ പകർച്ചപ്പനി വന്നു. സംസ്ഥാന ആരോഗ്യ വകുപ്പിന്റെ സമയോചിതവും ഫലപ്രദവുമായ ഇടപെടലിലൂടെ നാം അതിനെ അതിജീവിച്ചു. വലിയ പ്രളയ ദുരന്തം ഉണ്ടായപ്പോഴും കേരളം പിടിച്ചുനിന്നു. ജനങ്ങൾ ത്യാഗപൂർവം രംഗത്തിറങ്ങി. സർക്കാരിന്റെ സാദ്ധ്യമായ എല്ലാ പിന്തുണയുമുണ്ടായി...' അതിനെല്ലാം ശേഷം ഇപ്പോൾ കോവിഡ് മഹാമാരിയുടെ താണ്ഡവത്തിന് സാക്ഷ്യംവഹിക്കുകയാണ് നാം. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന ക്രിയാത്മകമായ ഇടപെടലുകളെക്കുറിച്ച് വി.എസ് തന്നെ സംസാരിച്ചിട്ടുണ്ട്.

(നായകനായി വി.എസ്. ഇല്ലാത്ത ഒരു തെരഞ്ഞെടുപ്പ് എന്ന തലക്കെട്ടിൽ 2021 Feb 15 ന് പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ എഡിറ്റഡ് വേർഷൻ)


Comments