‘‘ചെറിയ കാര്യങ്ങളില്‍ കാര്യമായി സന്തോഷിക്കാനും വലിയ സങ്കടങ്ങളില്‍ ചെറുതായി മാത്രം വിഷമിക്കാനും ട്രെയിനിങ് നല്‍കുന്ന ഏതെങ്കിലും ഇന്‍സ്റ്റിറ്റ്യൂട്ടുണ്ടെങ്കില്‍ ചേര്‍ന്നാലോ എന്ന് തോന്നാറുണ്ട്. പക്ഷേ ആ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തലപ്പത്ത് ഇവിടത്തെ സ്ഥാപനങ്ങളിലെ ആരുമാകരുത് എന്ന പ്രാര്‍ത്ഥനയുമുണ്ട്. കാരണം നമ്മള്‍ കണ്ട മുഖമായിരിക്കില്ല ചിലപ്പോള്‍ അവര്‍ക്കവിടെ’’- ജീവിതത്തില്‍നിന്ന് ഒരു വര്‍ഷം കൂടി അടര്‍ന്നുപോകുമ്പോള്‍, അത് ജീവിതത്തില്‍ പലതും ബാക്കിയാക്കും. 2022 അവശേഷിപ്പിച്ചുപോയ അത്തരം അനുഭവങ്ങള്‍ വീണ്ടെടുക്കപ്പെടുകയാണിവിടെ. വി.എസ്. സനോജ് എഴുതുന്നു.
5 Jan 2023, 03:55 PM
മാധ്യമപ്രവര്‍ത്തനമെന്ന ഇഷ്ടപ്പണിയില്‍ നിന്ന് അടുത്തൂണ്‍ പറ്റി, സിനിമയെന്ന സ്വപ്നത്തിലേക്ക് സഞ്ചാരം തുടങ്ങിയ കാലങ്ങളിലാണിപ്പോ ജീവിതം. പക്ഷേ കാലത്തിന് നമ്മളോട് മാത്രമായൊരു കമ്മിറ്റ്‌മെന്റുമില്ലാത്തതുകൊണ്ട് സമയവേഗത്തിന്റെ സ്പീഡിനെ പിടിച്ചാ കിട്ടൂലല്ലോ. പക്ഷേ പ്രതിസന്ധികള്‍ അങ്ങനല്ല, അത് ഭയങ്കര കണ്‍സിഡറേറ്റാണ് നമ്മളോട് മിക്കപ്പോഴും. അതങ്ങനെ കാത്തുനില്‍ക്കും. ഹെര്‍ക്കൂലിയന്‍ കടമ്പകള്‍ ഇട്ട് തന്ന് നമ്മളെത്തന്നെ കാലമിങ്ങനെ ടാര്‍ഗറ്റ് ചെയ്യുവാണോ തോല്‍പ്പിക്കാന്‍ എന്ന് സംശയിക്കാവുന്ന മട്ടിലാണത്. ഓരോ ജങ്ഷനിലും അനിശ്ചിതാവസ്ഥകളായി നമ്മള്‍ക്കെതിരായ ഈ കാത്തുകെട്ടി സമരം. സ്വയം ഊതിപ്പഴുപ്പിച്ച് എടുത്തണിയുന്ന, ആത്മവിശ്വാസത്തിന്റെ പടച്ചട്ടയെ തൊട്ട് സകലമാന ആസൂത്രണങ്ങളേയും പൊളിച്ചടക്കി വെടിപ്പാക്കിത്തരും ഇത്തരം പ്രതിസന്ധികള്‍. പുതുക്കിപ്പണിയുന്ന എന്തിനേയും അത്, വലിച്ച് താഴെയിട്ട് കയ്യുംകെട്ടി നിന്ന് നമ്മളെ നോക്കി ഒരു സാഡിസ്റ്റ് ചിരി വെച്ചുകാച്ചുന്ന പോലെ തോന്നും.

വ്യക്തിപരമായി നോക്കിയാല്‍, 2022 ജനുവരിയില്‍ ഏഷ്യാനെറ്റിലെ മാധ്യമപ്പണി വിട്ട് ഏതാണ്ടൊരു വര്‍ഷമായി അലച്ചില്‍ തന്നെ. അരിക് എന്ന ഫീച്ചര്‍ സിനിമ ചെയ്യാൻ തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ഓട്ടം കൂടിയാണത്. കഴിഞ്ഞ 365 ദിവസങ്ങളെന്നത് ഈയുള്ളവനെ സംബന്ധിച്ച് ഏത് പ്ലാനും തിരയെടുത്തുപോകാമെന്ന, ആരും തള്ളിപ്പറഞ്ഞേക്കാമെന്ന ബോധ്യത്തിന്റെ പാഠത്തിന്റെ വര്‍ഷാന്ത്യ ബാലന്‍സ് ഷീറ്റ് മിച്ചമൂല്യം മാത്രം ബാക്കി.
2022 ഇങ്ങനെയെല്ലാമുള്ള അനിശ്ചിതങ്ങള്‍ക്കിടെയായിരുന്നു. ശമ്പളമില്ലാത്ത ജീവിതം നിലനിര്‍ത്താനുള്ള പെടാപ്പാടുകള്‍ക്കിടെ ക്ഷമയുടെ നെല്ലിപ്പടികളെ പരിഹസിക്കുന്ന ചില മനുഷ്യരോ അനുഭവങ്ങളോ മറ്റ് പല രൂപത്തില്‍ കേറി വരും. ഇതൊന്നും ബോധ്യമാകാത്ത ചിലരുണ്ടാകും പരിസരത്തോ, ജീവിതത്തിലോ, ഒപ്പമോ. പ്രതീക്ഷിതമോ അപ്രതീക്ഷിതമോ ആയി അവര്‍ തരുന്ന മുട്ടന്‍ പണിയുടെ കുരുക്കഴിക്കേണ്ടത് മറ്റൊരു മുട്ടന്‍ പണിയാണ്. വലിയ അവനവന്‍ കടമ്പകള്‍ നേരിട്ടു. ചില പരിചയക്കാരുടെ ഭാഷ കടമെടുത്തു പറഞ്ഞാല്‍, മര്യാദയ്ക്കുണ്ടായിരുന്ന പണീം പൈസേം കളഞ്ഞ്, സിനിമാന്നും പറഞ്ഞ് ഇറങ്ങിത്തിരിച്ചവന്റെ കുത്തിക്കഴപ്പിനുള്ള ശിക്ഷയാവാം ഇത്തരം അനിശ്ചിതാവസ്ഥ. ഇല്ലത്തുനിന്ന് പോരേം ചെയ്തു, അമ്മാത്തേയ്ക്ക് എത്തിയുമില്ല എന്ന അവസ്ഥ. പോസ്റ്റ് പാന്‍ഡമിക്കിന്റെ തൊഴില്‍- ഫിനാന്‍ഷ്യല്‍ ക്രൈസിസും മേജര്‍ വില്ലനായി. അതായത് പൈസ ഇന്ന് വരും നാളെ പോകും, മറ്റന്നാല്‍ വരികയേ ഇല്ലെന്ന് തോന്നിപ്പിച്ച വര്‍ഷമാണ് 2022.
യുക്രെയിനോട് റഷ്യ കാണിച്ച നീതികേടില്‍ നിര്‍വ്വികാരമായി നോക്കിനിന്ന വര്‍ഷം. ഇറാന്‍ പെണ്ണുങ്ങളുടെ അടിസ്ഥാനാവകാശത്തെ പിന്തുണച്ച് ആ നാട്ടിലെ ആണ്‍ ഫുട്‌ബോള്‍ പട ലോകം മുഴുവന്‍ കാണ്‍കേ ദേശീയഗാനം പാടാതെ പ്രതികരിച്ച് വിസ്മയിപ്പിച്ച വര്‍ഷം. സ്‌കൂള്‍ കാലത്ത് വീരപരിവേഷത്തില്‍ കേട്ട മനുഷ്യാവകാശ തടവുകാരി ആങ്‌സാന്‍ സൂചി രാജ്യഭരണമേറ്റെടുത്ത ശേഷം സ്വജനപക്ഷപാതത്തിനും അഴിമതി കേസുകളിലും ജയിലില്‍ പോയത് തൊട്ട് ചാള്‍സ് ശോഭരാജിന്റെ ജയില്‍മോചിതം വരെ കണ്ടു. കുറ്റങ്ങളെ പുല്ലുപോലെ കണ്ട്, സിനിമാതാരം കണക്കെ മടങ്ങിപ്പോകുന്ന ചിത്രവും. നമുക്കറിയാത്ത പല വിചിത്ര മുഖങ്ങള്‍ ഒരു മനുഷ്യനുണ്ടാകാം എന്ന് അറിഞ്ഞുതുടങ്ങുന്ന പ്രായമായതിനാല്‍ കൂടുതല്‍ ഞെട്ടിയില്ല.

ശ്രീലങ്കയിലെ ആഭ്യന്തര സംഘര്‍ഷവും ദാരിദ്ര്യവും കണ്ട വര്‍ഷം, സ്റ്റാലിനിലെ തമിഴ് മുഖ്യന്‍ ശ്രദ്ധേയനായ വര്‍ഷം, മോദിയും യോഗിയും ഈ നാടകങ്ങളിനിയും തുടരുമെന്ന് തോന്നിപ്പിച്ച വര്‍ഷം, മൊറോക്കോയുടെ കുതിപ്പും മറഡോണയെന്ന ഓര്‍മയ്ക്കു മുന്നില്‍ അര്‍ജന്റൈന്‍സ് ലോകകീരിടവും നേടി ആവേശപ്പെടുത്തിയ വര്‍ഷം. വനിതാ ക്രിക്കറ്റര്‍മാര്‍ക്ക് പുരുഷതാരങ്ങള്‍ക്ക് തുല്യമായ പ്രതിഫലത്തിന്റെ അര്‍ഹതയുണ്ടെന്ന് ബി.സി.സി.ഐ. സമ്മതിച്ച വര്‍ഷം, ബ്രസീലില്‍ ലുല തിരിച്ചുവന്നു, ലോകത്താകമാനം അറുപതോളം മാധ്യമപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ടിങിനിടെ കൊല ചെയ്യപ്പെട്ടു (അത് താരതമ്യേന കുറവായിരിക്കും. രണ്ട് പതിറ്റാണ്ടിനിടെ 1668 മാധ്യമപ്രവര്‍ത്തകര്‍ കൊല ചെയ്യപ്പെട്ടുവെന്ന റിപ്പോര്‍ട്ടേഴ്‌സ് വിത്തൗഡ് ബോര്‍ഡേഴ്‌സിന്റെ കണക്കിലേതാണ് ഈ വിവരം). അങ്ങനെ പല കഥകളുണ്ട് തിരിഞ്ഞുനോക്കുമ്പോള്‍ ഒരു ഗ്ലോബിലാകെ.
വ്യക്തിപരമായി രാഗദ്വേഷം നിറഞ്ഞാടിയ വര്‍ഷമാണ്. സ്വന്തം സിനിമ ഷൂട്ട് ചെയ്യാന്‍ കഴിഞ്ഞതാണ് ഏറ്റവും വലിയ സന്തോഷം. ഇന്ത്യന്‍ യാത്രകളുടെ സമാഹാരം പുസ്തകമാക്കാന്‍ തയ്യാറെടുക്കുന്നതും ആഹ്ലാദഭരിതമാണ്. ചില നല്ല സുഹൃത്തുക്കളെ ഈ വര്‍ഷങ്ങളില്‍ ലഭിച്ചതിന്റെ സന്തോഷവുമുണ്ട്. പലരുടേയും സഹായങ്ങള്‍ തേടിവന്നു. പക്ഷേ, വേദനയ്ക്കും നിരാശയ്ക്കും ലീഡ് റോളുള്ള ജീവിതമാണ് പണ്ടേ എന്നതിനാല്‍ 2022 ആ പതിവ് തെറ്റിച്ചില്ല. അമ്മയ്ക്ക് കാന്‍സര്‍ സ്ഥിരീകരിച്ച ദിനങ്ങളായിരുന്നു കഴിഞ്ഞ മെയ്. ആകുലതയിലേക്ക് തള്ളിയ വര്‍ഷം. കുടലില്‍ സര്‍ജറിയും പിന്നീട് കീമോ തെറാപ്പിയുമായി അമലയിലെ കാന്‍സര്‍ വാര്‍ഡിലും ഓങ്കോളജി യൂണിറ്റിലുമായി നടന്നും ഇരുന്നും തീര്‍ത്തു. ആറുമാസത്തോളം അങ്ങനെയാണ് കടന്നുപോയത്. ഏറെ പ്രിയപ്പെട്ട സുഹൃത്തിന്റെ കുഞ്ഞിന്റെ അകാലവിയോഗമുണ്ടാക്കിയ ഞെട്ടലാണ് മറ്റൊന്ന്. ആ കുട്ടി പോയതായി വിശ്വസിക്കാന്‍ ഇപ്പോഴും പാടാണ്. വാഹനാപകടത്തില്‍ മരിച്ചുപോയ അവളുടെ മുഖവും പഴയ സംസാരങ്ങളും സന്തോഷങ്ങളും എനര്‍ജിയും അവളുടെ വാക്കുകളായി കേട്ട സ്വപ്നങ്ങളുമെല്ലാം ഇടയ്ക്കിടെ ഓര്‍മയിലേക്ക് കേറിവരും. ആശുപത്രിയിലെ അവളുടെ നിശ്ചലമായ കിടപ്പിന്റെ കാഴ്ച വല്ലാതെ ഉലച്ചുകളഞ്ഞു. നിരവധി അപ്രതീക്ഷിത വേദനയുടെ കൂടി കാലമായി അങ്ങനെ 2022.
ലോകത്ത് ഏറ്റവും വിലപിടിപ്പുള്ളത് രത്‌നക്കല്ലുകള്‍ക്കല്ല, മനഃസമാധാനത്തിനാണ് എന്നത് കുറെ വര്‍ഷങ്ങളായുള്ള വ്യക്തിപരമായ അനുഭവമാണ്. വിവാഹമോചനമെന്ന സാങ്കേതിക സമാധാനത്തിനുവേണ്ടി ക്ഷമയുടെ നെല്ലിപ്പലക കണ്ട ദിനങ്ങളുടെ കൂടി കാലം. കോടതിമുറിയിലും കൗണ്‍സിലര്‍-മീഡിയേഷന്‍ മുറികളിലുമായി കടന്നുചെന്ന് ഇരുന്ന് നരകിച്ചു. അസത്യങ്ങളുടേയും മാറ്റിപ്പറയലുകളുടേയും വൈരനിര്യാതനങ്ങളുടേയും മിന്നലാട്ടങ്ങളും വിക്ഷോഭങ്ങളും ക്ഷമയോടെ നിര്‍വ്വികാരനായി കണ്ടും കേട്ടും ഇരിക്കേണ്ടിവന്ന വര്‍ഷങ്ങള്‍. പാന്‍ഡമിക്, കോടതി വ്യവഹാരങ്ങളെ നീട്ടിക്കൊണ്ടുപോയി. കെട്ടുകഥകള്‍ക്കും, വ്യാജസ്തുതിക്കാരുടേയും സപ്പോര്‍ട്ട് ഗ്രൂപ്പുകള്‍ക്കും മുന്നിലൂടെ ഓരോ സിറ്റിങിലും ഏകനായി കടന്നുപോകേണ്ടിവന്നു. സത്യാനന്തര ലോകത്തിന്റെ സത്യവാങ്മൂലങ്ങളോട്, അസത്യങ്ങളോടും തെറ്റിദ്ധാരണകളോടും മറുപടിയ്ക്ക് നിൽക്കാതെ, എന്തേലും കരുതട്ടെ അവരെന്ന്, സ്വയം സമാധാനിച്ച്, ഒരു മനോവൈകൃതത്തിനും കുട പിടിക്കാതെ നടന്നു. ഒരു തെറ്റായ തീരുമാനം കൊണ്ട് ഒരുപാട് കാലം അസ്വസ്ഥമായി ജീവിക്കേണ്ടിവരിക എന്നതൊരു പ്രത്യേക തരം അവസ്ഥയാണ്. സ്വയം കുറ്റപ്പെടുത്താന്‍ മാത്രമേ കഴിയൂ, ആ തീരുമാനമെടുത്തതില്‍. ക്യാറ്റ് ആൻറ് മൗസിലെ പോലെ എലിയെ വാലില്‍ തീപിടിപ്പിച്ച് പൂച്ച നടത്തുന്ന പൊട്ടിച്ചിരിയാഹ്ലാദം ഈ കാലയളവിലെല്ലാം കണ്ടു, ഇപ്പോഴും. സത്യം എന്തെന്ന് മനഃസാക്ഷിയ്ക്ക് അറിയാവുന്നതുകൊണ്ട് ഒരു കഥയ്ക്കും മറുപടി പറയാന്‍ പോകില്ലെന്ന് തീരുമാനിച്ച് നടക്കുന്നു. അതറിയാവുന്നവരും കുറവ്. നിശ്ചേതനത്വം എന്ന ഭാവം ഉപാസിച്ചാണ് ഇപ്പോ നടപ്പും ഇരിപ്പും ദിനരാത്രങ്ങളും.

മലയാളസിനിമ മികച്ച തീരുമാനങ്ങളും പ്രമേയങ്ങളുമായി പുറത്തുവന്ന വര്‍ഷം. പുഴുവും ആവാസവ്യൂഹവും അടക്കം അഭിപ്രായമുണ്ടാക്കി, ഭീഷ്മപര്‍വ്വം പോലെ കൊമേഴ്‌സ്യല്‍ ഹിറ്റുകള്‍ ഓളമുണ്ടാക്കി. ഐ.സി.സി. സിനിമയില്‍ നിര്‍ബന്ധമാക്കിയ പോരാട്ട വര്‍ഷം. പക്ഷേ എം.ഡി.എം.എ. എന്നെല്ലാമുള്ള കുഴപ്പം പിടിച്ച വാക്കുകള്‍ പോപ്പുലറായ വര്‍ഷം. ഡ്രഗ് ഉപയോഗത്തെ നിസ്സാരവത്ക്കരിക്കുന്നവരുടെ എണ്ണം കൂടിയത് ആശങ്ക സൃഷ്ടിച്ചു. ആരുടെ നേരെയും ചോദിക്കാതെ മൊബൈലുമായി വീഡിയോ മോഡില്‍ കേറിചെല്ലുന്ന അശ്ലീല ഇടപെടലുകള്‍, അഭിമുഖക്കാരുടെ വക റോസ്റ്റിങ്, സിനിമാതാരങ്ങളോട് മണ്ടന്‍ ചോദ്യങ്ങള്‍, പ്രകോപനങ്ങള്‍ ഇതെല്ലാം ഈ വര്‍ഷവും നമ്മള്‍ കാണും. കാസ്റ്റിസവും നിറത്തെ പരിഹസിക്കലുമായി ചാനല്‍ കോമഡി വിനോദങ്ങള്‍ തുടരുന്നു. പക്ഷേ നല്ല പ്രൊഡ്യൂസേഴ്‌സായി സൂപ്പര്‍ താരങ്ങള്‍ തമിഴില്‍ മികച്ച അഭിപ്രായമുണ്ടാക്കി, മലയാളത്തെ അപേക്ഷിച്ച്. സൂര്യയും ധനുഷും വിജയ് സേതുപതിയും നയന്‍താരയും മികച്ച ചിത്രങ്ങള്‍ക്ക് ഫണ്ട് നല്‍കി. പരീക്ഷണങ്ങളെ മാര്‍ക്കറ്റ് ചെയ്യാന്‍ അവരും കൂടെ കൂടി. കടൈസി വിവസായിയും ജയ് ഭീമും പോലെ ചിത്രങ്ങളുണ്ടായി. ബോളിവുഡിലെ രാജാപാര്‍ട്ട് കഥകള്‍ തകര്‍ന്നടിഞ്ഞ വര്‍ഷം കൂടിയാണിത്. രാജാവാഴ്ച കാവിപരിവേഷ കഥകള്‍ക്കും അജണ്ടയ്ക്കും ക്ലച്ച് പിടിക്കാനായില്ല.
ഒ.ടി.ടിയുടെ പുഷ്‌കല കാലം, പാതാള്‍ ലോക് - പോലുള്ള മികച്ച ദൃശ്യപരിശ്രമങ്ങള്‍ ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലൂടെ കണ്ടു. അന്യഭാഷകളിലെ മറ്റ് രാജ്യങ്ങളിലെ ധാരാളം സിനിമകളും വെബ് സീരീസുകളും കാണാനായി എന്ന സാധ്യതയുടെ കൂടി കാലങ്ങളാണ് കടന്നുപോകുന്നത്. വായിച്ച പുസ്തകങ്ങളെക്കുറിച്ച്, കണ്ട ചിത്രങ്ങളെക്കുറിച്ചും പരത്തിപ്പറയുന്നില്ല. സിനിമകള്‍ കുറെയൊക്കെ കാണാനായി എന്നതാണ് സത്യം. പക്ഷേ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് പുസ്തക വായന ഒതുങ്ങിപ്പോയി എന്നൊരു വിഷാദവുമുണ്ട്. ഡോ. കെ. രാജശേഖരന്‍ നായരുടെയും ഡോ.ബി. ഉമാദത്തന്റേയും അനുഭവലോകം കൗതുകത്തോടെ വായിച്ചു. രാജശ്രീയുടെ കത പറച്ചിലും ബെന്യാമിന്റെ കമ്യൂണിസ്റ്റ് വര്‍ഷങ്ങളും അജയ് പി. മങ്ങാട്ടിന്റെ മൂന്ന് കല്ലുകളും അടക്കം വായിക്കാനായി. ഡിസംബറിലെ അവസാനദിനങ്ങളില്‍ വായിച്ചവസാനിപ്പിച്ചത് കനു സന്യാലിന്റെ ബയോഗ്രഫി, ദ ഫസ്റ്റ് നക്‌സല്‍ എന്ന ബപ്പാദിത്യ പോളിന്റെ പുസ്തകവും ബുക്കര്‍ ജേതാവ് ഡേവിഡ് ദിയോപിന്റെ അറ്റ് നൈറ്റ് ഓള്‍ ബ്ലഡ് ഈസ് ബ്ലാക്കും. അടുത്തിടെ വായിച്ചതില്‍ വിനില്‍ പോളിന്റെ അടിമകേരളത്തിന്റെ അദൃശ്യചരിത്രം നല്ല വായനാനുഭവമായി.
ആദ്യമായി ഒരു ഫുള്‍ മോഡ് സിനിമാ ഷൂട്ടിങ് ലീഡ് ചെയ്യുകയെന്ന സ്വപ്ന സാഫല്യത്തിന്റെ കൂടി വര്‍ഷം. 50 ലധികം വരുന്ന ഫിലിം ക്രൂവിനൊപ്പം സര്‍ഗാത്മകമായി പ്രതികരിച്ചും ഡീല്‍ ചെയ്തും മുന്നോട്ടുപോയ നാളുകള്‍ സംഭവിച്ചു. ഒരു സിനിമയെങ്കിലും ചെയ്ത് അവസാനിപ്പിക്കുമെന്ന് മനസ്സുറപ്പിക്കാനായി. ചില സങ്കടങ്ങളും ലാഗും ഇടയ്ക്ക് നേരിട്ടു. പല ആസൂത്രണങ്ങളെയും അജ്ഞാതകാരണങ്ങള്‍ വൈകിപ്പിക്കും. ചില അടിയന്തര പെര്‍മിഷനുകള്‍ക്ക് ഒച്ചിന്റെ വേഗതയായി. ഡിസംബറില്‍ സെന്‍സര്‍ ചെയ്യാന്‍ പണി തീര്‍ന്നില്ല. സെന്‍സറിന് ഇനി ഒരു വര്‍ഷം കൂടി കാത്തിരിക്കണം. ലൈഫ് മിഷന്‍ പദ്ധതിയിലെ വീടുപണി കണക്കെയാണ് ഇത്തരം സിനിമാ അനുമതികള്‍ എന്നത് സങ്കടകരമാണ്. പക്ഷേ, കഥയും തിരക്കഥയും തെരഞ്ഞെടുക്കപ്പെട്ട്, നിര്‍മ്മാതാവിനെ കിട്ടി, ഷൂട്ടിങ് തീര്‍ക്കാന്‍ യത്‌നിക്കുന്നതില്‍ ഒരു പുതിയ സംവിധായകന്‍ അനുഭവിക്കുന്ന ത്രില്ലും സ്വപ്നസാഫല്യവും വലുതാണ്.
2022 ഓരോ വര്‍ഷത്തേയും പോലെ ചില പാഠങ്ങള്‍ പഠിപ്പിച്ചു. ആളുകളെ കൂടുതല്‍ മനസ്സിലാക്കാന്‍, അമിത പ്രതീക്ഷകള്‍ കുറയ്ക്കാന്‍, തെറ്റിദ്ധാരണകള്‍ തിരുത്താന്‍ പോയി സമയം മെനക്കെടുത്താതിരിക്കാന്‍ എല്ലാം പഠിപ്പിച്ചു. പക്ഷേ ഓരോ ദിനവും ഓരോ കടമ്പയാണ്. വ്യക്തിപരമായി 365 കടമ്പയാണ് ഒരു വര്‍ഷമെന്നത്. അങ്ങനെയാണ് നേരിട്ടതും. ചെറിയ കാര്യങ്ങളില്‍ കാര്യമായി സന്തോഷിക്കാനും വലിയ സങ്കടങ്ങളില്‍ ചെറുതായി മാത്രം വിഷമിക്കാനും ട്രെയിനിങ് നല്‍കുന്ന ഏതെങ്കിലും ഇന്‍സ്റ്റിറ്റ്യൂട്ടുണ്ടെങ്കില്‍ ചേര്‍ന്നാലോ എന്ന് തോന്നാറുണ്ട്. പക്ഷേ ആ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ തലപ്പത്ത് ഇവിടത്തെ സ്ഥാപനങ്ങളിലെ ആരുമാകരുത് എന്ന പ്രാര്‍ത്ഥനയുമുണ്ട്. കാരണം നമ്മള്‍ കണ്ട മുഖമായിരിക്കില്ല ചിലപ്പോള്‍ അവര്‍ക്കവിടെ. വലിയ കെടുതികളിലൂടെ കടന്നുപോയ നിരവധി മനുഷ്യരെ ചുറ്റും കാണുന്നുണ്ട് എല്ലായ്‌പ്പോഴും. ആസ്പത്രി വാര്‍ഡിലോ കോടതിയിലോ റോഡിലോ ചുറ്റുവട്ടത്തു തന്നെയോ ഒക്കെ. അവരുടെ പ്രശ്‌നങ്ങളും വേദനകളും കേട്ട് നോക്കിയാല്‍ അത്ര കെടുതിയൊന്നും സ്വയം ഇല്ലെന്ന് ചിന്തിക്കും. അതാണ് നേരും. അവരുടെ വിഷമത്തിന് മേല്‍ ഒന്നുമല്ല നമ്മുടേത് എന്ന സ്വയം ബോധ്യം നല്ലൊരു ഒറ്റമൂലിയാണ്. വിഷാദങ്ങള്‍ക്കും തനിച്ചാവലിനുമിടെ നല്ല ചില സൗഹൃദാനന്ദങ്ങളും അനുഭവിക്കാനാവുന്നുണ്ട്. ടോക്‌സിക് ആകാതെ മനുഷ്യര്‍ മനസ്സിലാക്കുന്നത് ആഹ്ലാദകരമാണ്. അതിജീവന ട്രിപ്പീസുകളില്‍ പെട്ടുഴലുന്നവരാണ് കോവിഡാനന്തരം മിക്കവരും. കഴിഞ്ഞ ഒന്നോ രണ്ടോ മൂന്നോ വര്‍ഷം ഗുണം, 365 എന്നത് മിക്കവര്‍ക്കും പ്രശ്‌നഭരിതമായിരിക്കും. അതുകൊണ്ടൊരു മൊഡ്യൂള്‍ ചെയ്ഞ്ചര്‍ മോഡ് പിടിക്കേണ്ട അത്യാവശ്യമുണ്ട്, എല്ലാവരും പോലെ അതിനുള്ള റിലേ ഓട്ടത്തിലാണ്.
പുതിയ വര്‍ഷം എന്താകുമെന്നറിയില്ല, ഈ വര്‍ഷത്തോടെ ജീവിതത്തിന്റെ കട്ടേം പടോം മടങ്ങുമോ എന്നുമറിയില്ല. പക്ഷേ പ്രതീക്ഷകള്‍ തന്നെ. യാത്രാവിവരണ പുസ്തകവും സിനിമയും പുറത്തുവരുന്ന വര്‍ഷമാകും 2023 എന്ന ആഗ്രഹമുണ്ട്. അസുഖങ്ങള്‍ വീട്ടിലായാലും നമ്മളിലായാലും പ്രിയപ്പെട്ടവരിലായാലും കുറച്ചുനാളത്തേക്ക് കൂടി ക്ഷമയോടെ ഒതുങ്ങി മാറി നിന്നാല്‍ അത്രയും സന്തോഷം. യാത്രകള്‍ കുറഞ്ഞുപോയി. വിരലിലെണ്ണാവുന്ന യാത്രകളാണ് നടന്നത്. വായനയും യാത്രകളും ഇല്ലാതാകുന്നത് നല്ല കാര്യമല്ല. ബൈക്കില്‍ രാത്രി മകനോടൊത്തുള്ള നാട്ടിലെ കൊച്ചു കറക്കങ്ങള്‍, ഫുഡ് കഴിക്കാനുള്ള പോക്കുകള്‍ ഇവ വ്യക്തിപരമായി വലിയ സന്തോഷങ്ങളാണ്.
പുതുവർഷത്തില്‍ കൂടുതല്‍ ആശ്വാസവും സന്തോഷവും ജനിപ്പിക്കുന്ന കാര്യങ്ങള്‍, വല്യ ടെക്‌നിക്കല്‍ ലാഗ് ഇല്ലാതെ സംഭവിക്കുമെന്ന തോന്നലിന്റെ പേരാണല്ലോ പ്രതീക്ഷ. അതിനെ കൈവിടുന്നില്ല ഏതായാലും. ഈ ലോകത്തിനും പ്രിയപ്പെട്ടവര്‍ക്കും അങ്ങനെയായിരിക്കണം. അവര്‍ക്ക് കിട്ടുന്ന സമാധാനത്തിന്റെ ചെറിയ ഓഹരി മാത്രം മതി നമ്മള്‍ക്ക്, അതിമോഹമില്ല. ചിയേഴ്‌സ്, 2023.
ജേണലിസ്റ്റ്, സംവിധായകന്‍
ഷാഫി പൂവ്വത്തിങ്കൽ
Mar 14, 2023
3 Minutes Read
ഇ.വി. പ്രകാശ്
Mar 13, 2023
6 Minutes Read
മുഹമ്മദ് ജദീര്‍
Mar 10, 2023
4 minutes Read
രാംനാഥ് വി.ആർ.
Mar 10, 2023
10 Minutes Read
Think
Feb 13, 2023
3 Minutes Read
മുഹമ്മദ് ജദീര്‍
Feb 10, 2023
5 Minutes Read
പ്രഭാഹരൻ കെ. മൂന്നാർ
Feb 08, 2023
5 Minutes Read