ക്യരാഷ്ട്ര സഭയുടെ കണക്കുകൾ പ്രകാരം 2018 അവസാനത്തോടെ ലോകത്തിൽ ഏകദേശം 70.8 ദശലക്ഷം ആളുകൾ അഭയാർഥികളായുണ്ട്. അവരിൽ പകുതിയും 18 വയസ്സിന് താഴെയുള്ളവരാണ്.

ആരാണ് അഭയാർത്ഥികൾ? എങ്ങനെയാണ് ചില ജനസമൂഹങ്ങൾ അഭയാർത്ഥികൾ ആകുന്നത്? മാതൃരാജ്യത്തിനും ആതിഥേയരാജ്യത്തിനും ഇടയിലുള്ള അപകടകരമായ ദൂരം ഇവർ താണ്ടുന്നതെങ്ങനെയാണ്? ആ യാത്രയിൽ അവർക്കു നേരിടേണ്ടി വരുന്നത് അല്ലെങ്കിൽ നഷ്ടപ്പെടുന്നത് എന്തെല്ലാമാണ്? എത്തപ്പെട്ട ദേശത്തെ താത്കാലിക ക്യാമ്പുകളിൽ അഭയാർത്ഥി എന്ന നിയമപരമായ പദവിക്കായി കാത്തിരിക്കുന്നതിനിടയിൽ ഒരുപക്ഷെ ജീവനും ഇട്ടിരിക്കുന്ന മുഷിഞ്ഞ വസ്ത്രങ്ങളും അല്ലാതെ മറ്റൊന്നും കയ്യിലില്ലാത്ത ദുർബലരായ ആ മനുഷ്യർ - പെണ്ണും ആണും അവരും കുട്ടികളും, ചേർത്തുപിടിക്കുന്ന പ്രതീക്ഷകൾ എന്തെല്ലാമായിരിക്കും? ക്യാമ്പിലെ അവരുടെ അവസ്ഥ, നേരിടേണ്ടി വരുന്ന ലൈംഗികപീഡനം അടക്കമുള്ള അനുഭവങ്ങൾ എങ്ങനെയാണവർ അതിജീവിക്കുക? സ്വദേശികൾ എങ്ങനെയാണ് ഇവരോട് പെരുമാറുക? ഇവരുടെ സംരക്ഷണത്തിനും ക്ഷേമത്തിനും ഉണ്ടെന്നുപറയപ്പെടുന്ന നിയമങ്ങൾ എത്രകണ്ട് ഫലപ്രദമാണ്? അന്താരാഷ്ട്ര അഭയാർത്ഥി നിയമങ്ങൾ ഒപ്പുവെച്ചിട്ടില്ലാത്ത, ദേശീയഅഭയാർത്ഥി നിയമങ്ങൾ രൂപപ്പെടുത്തിയിട്ടില്ലാത്ത ഇന്ത്യ പോലെയുള്ള രാജ്യങ്ങൾ തങ്ങളുടെ ലക്ഷക്കണക്കിന് വരുന്ന അഭയാർത്ഥിസമൂഹത്തെ ഏതുരീതിയിലാണ് കൈകാര്യം ചെയ്യുക, പ്രത്യേകിച്ചും സിഎഎ പോലെയുള്ള ന്യൂനപക്ഷവിരുദ്ധ നിയമങ്ങൾ നടപ്പിലാക്കപ്പെടുമ്പോൾ? ജനിച്ച മണ്ണിലേക്കുള്ള മടക്കം ഈ മനുഷ്യർക്ക് എത്രത്തോളം ഒരു സാധ്യതയാണ്?

മനുഷ്യനുണ്ടായ കാലംമുതൽ തന്നെ നിർബന്ധിത പലായനങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു എങ്കിലും ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ഇരുപത്തൊന്നാം നൂറ്റാണ്ടിലും അവ്യക്തമാണ്. പ്രത്യേകിച്ചും കുടിയേറ്റ-അഭയാർത്ഥി നിയമങ്ങളുടെ നിർവഹണാധികാരം പരിപൂർണമായും വെസ്റ്റ്‌ഫേലിയൻ നേഷൻ-സ്റ്റേറ്റുകളിൽ അധിഷ്ഠിതമാണെന്നിരിക്കെ വർത്തമാനകാല അഭയാർത്ഥിസമൂഹങ്ങളെ രാഷ്ട്രങ്ങൾ അവരുടെ ദേശീയവ്യവഹാരത്തിൽ രാജ്യസുരക്ഷയുമായി ബന്ധപ്പെടുത്തി നിയന്ത്രിക്കുന്നത് സാധാരണമാകുകയാണ്. രാഷ്ട്ര ശിഥിലീകരണത്തിന് കാരണമാരോപിച്ച് തീവ്രവാദികളാവാൻ സാധ്യതയുള്ളവർ എന്നു മുദ്രകുത്തി ഏറ്റവും വൾണറബിളായൊരു ജനസമൂഹത്തെ, അവരുടെ ജീവിതത്തെ, സൈനിക-സമാന്തരസൈനിക-പോലീസ് ശക്തികളെ ഉപയോഗിച്ച് ഭരിക്കുന്നത് ബിയോപോളിറ്റിക്‌സിന്റെ ഏറ്റവും വ്യക്തമായ ഉദാഹരണമാണ്. രാഷ്ട്രങ്ങൾ തന്നെ ഒരു പ്രത്യയശാസ്ത്ര അടിച്ചമർത്തൽ ഉപകരണമാണെന്നിരിക്കെ ജീവിക്കാനുള്ള അടിസ്ഥാനഅവകാശവും നഷ്ടപ്പെട്ട് പലായനം ചെയ്യപ്പെടുന്ന ജനത ഈ കാലത്തിന്റെ പ്രതിരൂപമാണ്.

ഇതേസമയം, ഇന്ത്യയിലിപ്പോൾ മറ്റൊരുകൂട്ടം ആളുകൾ നാഗരാതിർത്തികളിലെ ചേരികളിൽ നിന്ന് അവനവന്റെ വീടുകളിലേക്ക് പലായനം ചെയ്യുന്നു. അതിഥിതൊഴിലാളികൾ എന്ന ഓമനപ്പേരിട്ട് നമ്മൾ വിളിക്കുന്ന അന്തർസംസ്ഥാനതൊഴിലാളികൾ ഈ കോറോണകാലത്തിന്റെ മാത്രം നേർരേഖകളല്ല. കൃത്യമായ കണക്കുകൾക്കും സംരക്ഷണനിയമങ്ങൾക്കും ക്ഷേമനടപടികൾക്കും പുറത്തുനിൽക്കുന്ന തിരസ്‌കരിക്കപ്പെട്ട സമൂഹമാണവർ. അങ്ങനെ നോക്കിയാൽ, വീടുവിട്ട് ഓടുന്നവരും വീടെത്താൻ നടന്ന് തളർന്നവരും അഭയാർത്ഥികൾ തന്നെയാണ്.

ഇത്തരമൊരു സാഹചര്യത്തെ, സ്വന്തം ജീവിതാവസ്ഥയിൽ നേരിടുന്ന കെനിയയിൽ ജനിച്ച, സോമാലിയൻ-ബ്രിട്ടീഷ് എഴുത്തുകാരിയായ വാർസൺ ഷീറെയുടെ "വീട്' എന്ന ഈ കവിത വർത്തമാനകാലത്തിൽ പ്രസക്തമെന്നുള്ള തിരിച്ചറിവിലാണ് ഈ പരിഭാഷ നിർവ്വഹിച്ചിരിക്കുന്നത്.

വീട്

വീട് ഒരു സ്രാവിന്റെ വായ അല്ലെങ്കിൽ
ആരും വീടുവിട്ട് പോകുകയില്ല
നഗരം മുഴുവനായും പലായനം ചെയ്യുന്നത് കാണുമ്പോൾ മാത്രമാണ്
നിങ്ങളും അതിർത്തിയിലേക്ക് ഓടുന്നത്

തൊണ്ടയിൽ കുടുങ്ങിയ നശിച്ചശ്വാസത്തോടെ
നിങ്ങളുടെ അയൽക്കാർ നിങ്ങളേക്കാൾ വേഗത്തിൽ ഓടുന്നു
നിന്നോടൊപ്പം പള്ളിക്കൂടത്തിലേക്ക് പോയവൻ
പഴയ ടിൻഫാക്ടറിയുടെ പിറകിൽവെച്ച്
നിന്നെ തലചുറ്റുവോളം ഉമ്മ വെച്ചവൻ
അവനാണിപ്പോൾ തന്നേക്കാളും വലിയ തോക്ക് പിടിച്ചിരിക്കുന്നത്
നിങ്ങൾ വീട് വിട്ട് പോകുന്നത്
വീട് നിങ്ങളെ താമസിക്കാൻ അനുവദിക്കാത്തപ്പോൾ മാത്രമാണ്.

വീട് നിങ്ങളെ വേട്ടയാടിയില്ലെങ്കിൽ
ആരും വീടുവിട്ട് പോകുകയില്ല
കാലിനടിയിൽ തീപിടിച്ച പോലെ
അടിവയറ്റിലെ പാരവശ്യത്തോടെ
മൂർച്ചയുള്ള കത്തിയുടെ പൊള്ളിക്കുന്ന ഭീഷണി
കഴുത്തോളം എത്തുന്നത് വരെ
ഇത് നിങ്ങൾ ഒരിക്കലും ചെയ്യാനാഗ്രഹിച്ച ഒന്നല്ല
എന്നിട്ടും നിങ്ങൾ നിങ്ങളുടെ ദേശത്തിന്റെ ഗാനം
ശ്വാസത്തിൽ ഒളിച്ചു കടത്തി
ഏതോക്കെയോ എയർപോർട്ട് ടോയ്ലറ്റുകളിലിരുന്ന് ഒതുക്കിയ നിലവിളിയോടെ നിങ്ങളുടെ പാസ്പോർട്ട് കീറിക്കളയുമ്പോൾ
ഓരോ കടലാസുതുണ്ടുകളും
നിങ്ങൾക്കിനിയൊരു തിരിച്ചു പോക്കില്ലെന്ന് ഉറപ്പിക്കുന്നു.

നിങ്ങൾ മനസ്സിലാക്കണം,
മണ്ണിനേക്കാൾ ജലം സുരക്ഷിതമല്ലെങ്കിൽ
ആരും അവരുടെ മക്കളെ ഒരു ബോട്ടിലേക്ക് വലിച്ച് കയറ്റുകയില്ല
ആരും അവരുടെ കൈകൾ പൊള്ളിക്കുകയില്ല
ട്രെയിനുകൾക്ക് കീഴെ
വണ്ടികൾക്ക് താഴെ
ഒളിച്ചു സഞ്ചരിച്ച ദൂരങ്ങൾ യാത്രയേക്കാളും വലുതല്ലെങ്കിൽ
വാർത്തകൾ മാത്രം ഭക്ഷിച്ച്
ആരും ഒരു ട്രക്കിന്റെ ആമാശയത്തിൽ രാപ്പകലുകൾ കഴിയില്ല.
ആരും വേലിക്കടിയിലൂടെ നൂഴ്ന്നുകയറില്ല
ആരാലും ഉപദ്രവിക്കപ്പെടുവാൻ ആഗ്രഹിക്കില്ല
സഹതപിക്കപ്പെടുവാനും

ആരും അഭയാർഥിക്യാമ്പുകൾ തിരഞ്ഞെടുക്കുകയില്ല
അല്ലെങ്കിൽ ശരീരം വേദനിക്കുവോളമുള്ള
നഗ്‌നപരിശോധനകൾ
അതുമല്ലെങ്കിൽ ജയിൽ,

എന്തുകൊണ്ടെന്നാൽ തീ പിടിച്ച ഒരു നഗരത്തേക്കാൾ
ജയിൽ കുറച്ചുകൂടി സുരക്ഷിതമാണ്
നിങ്ങളുടെ പിതാവിന്റെ മുഖമുള്ള
ഒരു ട്രക്ക് നിറയെയുള്ള ആണുങ്ങളേക്കാൾ നല്ലത്
ജയിൽ രാത്രികളിലെ ഒരു കാവൽക്കാരനാണ്
ആർക്കും അത് സഹിക്കാൻ കഴിയുകയില്ല
ആർക്കും അത് മനസ്സിലാവുകയില്ല
ആർക്കുമത്രയും തൊലിക്കട്ടിയുണ്ടാവില്ല

അവർ
വീട്ടിൽ പോകുക
കറുത്തവർഗക്കാർ
അഭയാർഥികൾ
വൃത്തികെട്ട കുടിയേറ്റക്കാർ
കിടപ്പാടം തെണ്ടികൾ
നമ്മുടെ രാജ്യത്തെ ഊമ്പുന്നവർ
തെരുവുതെണ്ടുന്ന കറുമ്പന്മാർ
സഹിക്കാനാവാത്ത നാറ്റമുള്ള
പ്രാകൃതർ
അവരുടെ രാജ്യം താറുമാറാക്കിയതും പോരാ ഇപ്പോൾ
അവർക്ക് നമ്മെ കുഴപ്പത്തിലാക്കുകയും വേണം
എങ്ങനെയാണീ വാക്കുകൾ
വൃത്തികെട്ട നോട്ടങ്ങൾ
നിങ്ങളെ പിന്തുടരുന്നത്
ഒരുപക്ഷെ നഷ്ടപ്പെട്ട അവയവത്തെക്കാൾ
മൃദുവായതാകാം ഈ അതിക്രമങ്ങൾ

അല്ലെങ്കിൽ നിങ്ങളുടെ കാലിടുക്കിൽ പതിനാലു പുരുഷന്മാർ
കടന്നു കയറുന്നതിനേക്കാളുമൊക്കെ
കൂടുതൽ ആർദ്രമാവാം വാക്കുകൾ
അതുമല്ലെങ്കിൽ അപമാനങ്ങൾ സഹിക്കാനാണ് എളുപ്പം
അവശിഷ്ടങ്ങളേക്കാൾ
അസ്ഥിയേക്കാൾ
കഷണങ്ങളായി കിടക്കുന്ന
നിങ്ങളുടെ കുട്ടികളുടെ ശരീരത്തേക്കാൾ.
എനിക്ക് വീട്ടിൽ പോകണം,
എന്നാൽ വീട് ഒരു സ്രാവിന്റെ വായയാണ്
വീട് തോക്കിന്റെ വീപ്പയാണ്
എന്നുമാത്രമല്ല
വീട് നിങ്ങളെ കടൽക്കരയിലേക്ക് ഓടിച്ചില്ലെങ്കിൽ
വീട് നിങ്ങളോട് ഓട്ടം വേഗത്തിലാക്കാൻ പറഞ്ഞില്ലെങ്കിൽ
ആരും വീടുവിട്ട് പോകുകയില്ല

നിങ്ങളുടെ വസ്ത്രങ്ങൾ ഉപേക്ഷിക്കുക
മരുഭൂമിയിലൂടെ ഇഴഞ്ഞു നീങ്ങുക
സമുദ്രങ്ങളിലൂടെ ഒഴുകി നടക്കുക
മുങ്ങി മരിക്കുക
രക്ഷപ്പെടുക
വിശക്കുക
യാചിക്കുക
അഹങ്കാരം മറക്കുക
നിങ്ങളുടെ നിലനിൽപ്പ് കൂടുതൽ പ്രധാനമാണ്

വീട് നിങ്ങളുടെ ചെവിയിൽ വിയർക്കുന്ന ശബ്ദത്തിൽ-
പോകൂ,
എന്ന് പറയും വരെ ആരും വീട് വിട്ട് പോകുന്നില്ല
ഇപ്പോൾ എന്നിൽ നിന്ന് ഓടിപ്പോകുക
ഞാൻ എന്തായിത്തീർന്നുവെന്ന് എനിക്കറിയില്ല
പക്ഷെ ഒന്നെനിക്കറിയാം
മറ്റെവിടെയും
ഇവിടുത്തേക്കാൾ സുരക്ഷിതമാണ്.

Comments