ട്രംപ്​ അവശേഷിപ്പിച്ച യു.എസിനെ ബൈഡൻ എന്തുചെയ്യും?

അമേരിക്കൻ സമ്പദ്‌വ്യവസ്ഥ ലോക സമ്പദ്‌വ്യവസ്ഥയുടെ നെടുംതൂണായി നിൽക്കുന്ന കാലത്തോളം അമേരിക്കയുടെ പ്രതിസന്ധികൾ ആഗോള പ്രതിസന്ധിയായി നിലനിൽക്കും. ഇത് കൈകാര്യം ചെയ്യുന്നതിലെ പാകപ്പിഴകളാണ് മറ്റു രാജ്യങ്ങൾക്ക് ചുമക്കേണ്ടി വരുന്നത്. മാറിവന്ന അമേരിക്കൻ ഭരണകൂടങ്ങൾ ഇക്കാര്യത്തിൽ അനുവർത്തിച്ചു വന്ന നയങ്ങൾ തികച്ചും സമ്പന്ന-രാഷ്ട്ര പക്ഷപാതിത്വത്തോടെയായിരുന്നു. അതിലൊന്നും കാതലായ മാറ്റമൊന്നും പുതിയ ഭരണകൂടത്തിൽ നിന്ന്​ പ്രതീക്ഷിക്കേണ്ടതില്ല

ചരിത്രം പൊതുവിൽ അറിയിക്കും, ഏതാണ് മോശപ്പെട്ട ഭരണകൂടമെന്ന്
തോമസ് ജെഫേഴ്‌സൺ

കാംക്ഷകൾക്കും ആശങ്കകൾക്കും ഒടുവിൽ ഭൂരിപക്ഷം നേടിയ ഡെമോക്രാറ്റിക് സ്ഥാനാർഥി ജോ ബൈഡൻ വൈറ്റ് ഹൗസിലേക്കുള്ള വരവ് ഉറപ്പാക്കിയതോടെ അമേരിക്കയുടെ രാഷ്ട്രീയ ചരിത്രത്തിലെ ഒരു ‘കോമാളി ഇടവേള' അവസാനിക്കുകയാണ്. നാലുവർഷം കോമാളി വേഷം കെട്ടി തകർത്താടിയ ഡോണൾഡ് ട്രംപ് പടിയിറങ്ങുബോൾ മറ്റൊന്നുകൂടി അമേരിക്കൻ ജനതയെ ബോധ്യപ്പെടുത്തി. ഒരു ഭേദപ്പെട്ട കച്ചവടക്കാരന് എത്ര മോശമായ ഒരു രാഷ്ട്രീയക്കാരനാകാമെന്ന്.

ഒരർത്ഥത്തിൽ ട്രംപ് എന്ന രാഷ്ട്രീയക്കാരന്റെ ജനകീയ വിചാരണയായിരുന്നു 2020-ലെ തിരഞ്ഞെടുപ്പ് (അമേരിക്കൻ കോൺഗ്രസിൽ ‘ഇംപീച്ച്‌മെന്റ്' എന്ന കടമ്പ ട്രംപ് സാങ്കേതികാർത്ഥത്തിൽ കടന്നെങ്കിലും).

രാഷ്ട്രീയ ശവപ്പറമ്പിലേക്ക് ട്രംപും

നവംബർ നാലിന് വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ 264-214 ആയിരുന്നു ബൈഡൻ- ട്രംപ് ഇലക്ടറൽ വോട്ടുകളുടെ യഥാക്രമ സ്ഥിതി. 270 എന്ന കടമ്പയിലെത്താൻ ചാഞ്ചാട്ട സംസ്ഥാനങ്ങളിലെ വോട്ടെണ്ണൽ അവസാനിക്കണമായിരുന്നു.

ജോർജിയ, നെവാദ, പെൻസിൽവേനിയ, നോർത്ത് കാരലൈന അലാസ്‌ക എന്നീ ചാഞ്ചാട്ട സംസ്ഥാനങ്ങളാണ് ഒടുവിൽ വിധി പറഞ്ഞത് (ഈ സംസ്ഥാനങ്ങളുടെ 60 ഇലക്ടറൽ വോട്ടുകൾ നിർണായകമായി). ജോർജിയയും പെൻസിൽവേനിയയും വ്യക്തമായി തങ്ങളുടെ മുൻഗണന രേഖപ്പെടുത്തിയതോടെ ട്രംപിന്റെ അടിത്തറയിളകി. അമേരിക്കൻ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വോട്ട് നേടിയ സ്ഥാനാർത്ഥിയായി ബൈഡൻ. 75 ദശലക്ഷത്തോളം വോട്ടുകൾ ഇതെഴുതുമ്പോൾ ബൈഡന് കിട്ടിക്കഴിഞ്ഞു.

എന്നാൽ ഔദ്യോഗിക പ്രഖ്യാപനം വരുന്നതിനു മുമ്പ് വിജയം അട്ടിമറിക്കാനുള്ള അവസാനശ്രമവും ട്രംപ് പയറ്റി. താൻ നിയമിച്ച സുപ്രീം കോടതി ജഡ്ജിമാരും മറ്റും തന്റെ തുണക്കെത്തുമെന്നു ട്രംപ് സ്വപ്നം കാണുന്നുണ്ടാവണം. എന്നാൽ വൈറ്റ് ഹൗസ് വാസത്തിന്റെ തുടർച്ചക്കായി ശ്രമിച്ച് നിലംപരിശായ ഒരു ഡസനോളം പ്രസിഡന്റുമാരുടെ രാഷ്ട്രീയ ശവപ്പറമ്പിലേക്ക് ട്രംപും പ്രവേശിക്കുകയാണ്.

കമല ഹാരിസ്

ഇതോടൊപ്പം എടുത്തു പറയേണ്ട ഒന്നാണ് കമലാ ഹാരിസിന്റെ വിജയം. ഇന്ത്യൻ വംശജ എന്നതിലുപരി അമേരിക്കയുടെ ആദ്യ വനിത വൈസ് പ്രസിഡന്റ് എന്ന നിലയിലേക്ക് അവർ ഉയർന്നതോടെ മറ്റൊരു കാവ്യനീതി കൂടി തീർപ്പാക്കുകയാണ്. ‘‘ഞാൻ അമേരിക്കയുടെ ആദ്യ വൈസ് പ്രസിഡന്റ് ആയിരിക്കാം, എന്നാൽ അവസാനത്തേതല്ല'' എന്ന പ്രഖ്യാപനവും വലിയ പ്രതീക്ഷയും സന്ദേശവുമാണ് കമല നൽകുന്നത്. പ്രചരണങ്ങൾക്കിടയിൽ ഏറെ അധിക്ഷേപവും കളിയാക്കലുകളും ട്രംപിൽ നിന്ന് കേട്ട കമലയുടെ തിരഞ്ഞെടുപ്പോടെ പുതിയ ഭരണകൂടം വംശീയ ബഹുത്വത്തിന്റെ പ്രതീകമായി, പ്രതീക്ഷയായി മാറുകയാണ്. ഒരു പക്ഷെ വംശീയ വിദ്വേഷങ്ങൾ ഇത്രയേറെ ഇറക്കിവിട്ട മറ്റൊരു സർക്കാർ സമീപകാല ചരിത്രത്തിലൊന്നും ഉണ്ടായിട്ടില്ല.

തോൽവിയുടെ കണക്കുപുസ്തകം

ട്രംപിന്റെ പരാജയത്തിന്റെ കണക്കുപുസ്തകം വളരെ വലുതാണ്. സംരക്ഷണവാദം (protectionism) രണ്ടു മേഖലകളിൽ ഉയർത്തിപ്പിടിച്ച ഒരാളായിരുന്നു ട്രംപ്. വ്യാപാരരംഗത്ത് അത് ചൈനയും യൂറോപ്യൻ യൂണിയനും ഉൾപ്പടെയുള്ള ശക്തികളെ വരുതിയിലാക്കാൻ ഉപയോഗിച്ച തന്ത്രമായിരുന്നു. ഇത് തിരിച്ചടികൾ മാത്രമാണ് അമേരിക്കയ്ക്ക് നൽകിയത്.

ആഭ്യന്തരരംഗത്ത് രണ്ടു തലങ്ങളിലാണ് സംരക്ഷണവാദം പ്രയോഗിച്ചത്. ഒന്ന്, ആഭ്യന്തര വിപണി ശക്തിപ്പെടുത്താൻ എന്ന പേരിൽ കാട്ടിക്കൂട്ടിയ കോപ്രായങ്ങൾ. അതാകട്ടെ ഒട്ടും യാഥാർഥ്യബോധമില്ലാത്തതും തലതിരിഞ്ഞതുമായിരുന്നു. മറുഭാഗത്ത് വെള്ളാക്കാരായ തദ്ദേശീയരെ കൈയിലെടുക്കാൻ കെട്ടിപ്പൊക്കിയ കുടിയേറ്റ വിരുദ്ധ പ്രഖ്യാപനങ്ങളും നയങ്ങളും.

കുടിയേറ്റ വിരുദ്ധ നയങ്ങൾ അങ്ങേയറ്റം വംശീയവും ജനാധിപത്യവിരുദ്ധവുമായിരുന്നു. 45 ദശലക്ഷത്തോളം കുടിയേറ്റ ജനത മൊത്തം ജനസംഖ്യയുടെ 13.7 ശതമാനത്തോളം വരും. മെക്‌സിക്കോ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്നുള്ളവരും ആഫ്രോ-അമേരിക്കൻ വംശജരും രാജ്യത്തെ സാമൂഹിക സംതുലനം അട്ടിമറിക്കുന്നു എന്ന രീതിയിൽ ട്രംപ് നടത്തിയ പ്രചാരണം അമേരിക്കയുടെ സാമ്പ്രദായിക നിലപാടിനെ തന്നെ ചോദ്യം ചെയ്തു. ആഫ്രോ-അമേരിക്കൻ വിഭാഗങ്ങൾ ഉൾപ്പടെയുള്ള വലിയൊരു ശതമാനം കുടിയേറ്റ ജനത ഇത്തവണ ട്രംപിന് വിരുദ്ധമായി തന്നെ പ്രചാരണത്തിൽ ഏർപ്പെടുകയും വോട്ടു ചെയ്യുകയും ചെയ്തു. കമലാ ഹാരിസിന്റെ രംഗപ്രവേശനം ആ അർത്ഥത്തിൽ തന്ത്രപരമായി ബൈഡൻ ഉപയോഗിച്ചു.

ശവക്കുഴി തോണ്ടിയത് കോവിഡ്

നിശ്ചയമായും ട്രംപിന്റെ രാഷ്ട്രീയ ശവക്കുഴി തോണ്ടിയത് കോവിഡ് കൈകാര്യം ചെയ്തതിലുള്ള ഗുരുതര വീഴ്ച തന്നെയാണ്. തികച്ചും അശാസ്ത്രീയമായ വിടുവായത്തങ്ങൾ വിളമ്പിയും ശാസ്ത്രലോകത്തെ തന്നെ വെല്ലുവിളിച്ചും ഇത്ര തരംതാഴ്ന്ന ഒരു പ്രസിഡന്റ് അമേരിക്കൻ ചരിത്രത്തിലുണ്ടായിട്ടില്ല.

പത്തുദശലക്ഷത്തോളം കോവിഡ് രോഗികളും രണ്ടര ലക്ഷത്തോളം കോവിഡ് മരണങ്ങളുമായി നിൽക്കുന്ന അമേരിക്ക ഇന്ന് ലോകത്തിലെ ഏറ്റവും കൂടുതൽ മഹാമാരി കേസുകൾ കൈകാര്യം ചെയ്യുന്ന രാജ്യമാണ്. പക്ഷേ അതുണ്ടാക്കിയ സാമൂഹിക-സാമ്പത്തിക ദുരന്തം അതിലേറെ അമേരിക്കയെ പിടിച്ചുലച്ചു. സ്വാഭാവികമായും തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ ബൈഡന്റെ മുഖ്യആയുധം മഹാമാരി തന്നെയായിരുന്നു.

കോവിഡിന്റെ കാലത്ത് വെള്ളക്കാരായ വോട്ടർമാർ പോലും ട്രംപിനെ കൈവിട്ടതായി കാണാം. രാജ്യത്തെ തൊഴിലില്ലായ്മ 6.9 ശതമാനത്തിലേക്ക് എത്തി. തൊഴിൽരഹിതർ 36 ദശലക്ഷമായി ഉയർന്നു. കോവിഡ് വ്യാപനത്തിനുശേഷം ആരോഗ്യ മേഖലയിൽ ഉൾപ്പടെ സർക്കാർ ജോലികളുടെ സാധ്യതയും ഗണ്യമായി കുറഞ്ഞു. തൊഴിൽ സാധ്യത കൂടിയ ഇടത്തരം വ്യാപാര മേഖലയിലുണ്ടായ ഇടിവ് ഗുരുതരമായിരുന്നു. ഇപ്പോൾ 22 ദശലക്ഷം അമേരിക്കൻ പൗരന്മാർ തൊഴിലില്ലായ്മ സഹായം വാങ്ങുന്നുണ്ട്. കഴിഞ്ഞ വർഷം ഇത് 14 ദശലക്ഷമായിരുന്നു. തൊഴില്ലായ്മയുടെ യഥാർത്ഥ കണക്ക് പൂർണരൂപത്തിൽ പുറത്തുവിട്ടിട്ടില്ല.

വിനോദ സഞ്ചാരം, ഭക്ഷണശാലകൾ, ഹോട്ടൽ ശൃംഖലകൾ തുടങ്ങിയ മേഖലകളിൽ 35 ലക്ഷത്തോളം പേർ ഇപ്പോഴും തൊഴിലില്ലായ്മയുടെ അനിശ്ചിതത്വത്തിലാണ്. ചില്ലറ വ്യാപാര മേഖലയിൽ അഞ്ചുലക്ഷവും ആരോഗ്യ പരിപാലന മേഖലയിൽ പത്തുലക്ഷത്തോളവും പേർക്ക് കഴിഞ്ഞ എട്ടു മാസം കൊണ്ട് തൊഴിൽ നഷ്ടമായി. തൊഴിൽ കമ്മി ഒരു കോടി കവിഞ്ഞ ഒരു സാഹചര്യം രണ്ടാം ലോകയുദ്ധാനന്തര കാലഘട്ടത്തിലെ സാമ്പത്തിക മാന്ദ്യകാലത്തു പോലും ഉണ്ടായിട്ടില്ലെന്ന് വിദഗ്ദ്ധർ പറയുന്നു. മാത്രമല്ല, നഷ്ടപ്പട്ട തൊഴിലിടങ്ങൾ തിരിച്ചുവരാനാവാത്തവിധം പ്രതിസന്ധിയിലാണെന്നാണ് പഠനങ്ങൾ പറയുന്നത്. ഏറ്റവും കുറഞ്ഞത് രണ്ടുവർഷമെങ്കിലും കഴിഞ്ഞാലേ കോവിഡിന് മുൻപത്തെ സ്ഥിതിയിലേക്കെങ്കിലും പോകാൻ സാധിക്കൂ.

രാജ്യത്ത് 55 ദശലക്ഷത്തോളം പേർ പട്ടിണിയിലേക്കാണ് പോകുന്നത്. കോവിഡ് കാലത്തു മാത്രം 8 ലക്ഷത്തോളം പേർ പട്ടിണിയിലായി. എന്നാൽ സാമ്പത്തികാസമത്വം രൂക്ഷമായി. ധനവാന്മാരും അതിസമ്പന്നന്മാരും കോവിഡ് കാലത്ത് കോടികൾ വാരിക്കൂട്ടി. വ്യാപാര തന്ത്രങ്ങൾ മാറ്റിയാണ് വിപണിയിൽ നിന്ന് അവർ കോടികൾ കൊയ്തത്. എന്നാൽ ഇതിന്റെ ഭാരം മുഴുവൻ ഇടത്തരക്കാരും താഴെത്തട്ടിലുള്ളവരുമായിരുന്നു ചുമക്കേണ്ടിയിരുന്നത്.

ഏറ്റവും കുറഞ്ഞത് 650 ഓളം അമേരിക്കൻ ശതകോടീശ്വരന്മാർ തങ്ങളുടെ ആസ്തി കോവിഡ് കാലത്തു പതിന്മടങ്ങു വർധിപ്പിച്ചു എന്നാണ് പഠനങ്ങൾ പറയുന്നത്. ഈ തിരഞ്ഞെടുപ്പിൽ സ്വാഭാവികമായും സമ്പന്ന വിഭാഗങ്ങൾ ട്രംപിനും മധ്യവർഗ തൊഴിലാളി വർഗ വിഭാഗങ്ങൾ ബൈഡനും അനുകൂലമായി വോട്ടു ചെയ്തിട്ടുണ്ടാവണം. ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ പാർട്ടിക്കുള്ളിൽ തന്നെ വിള്ളലുകൾ പ്രകടമായിരുന്നു. കൂടെനിൽക്കുന്നവരെ പോലും ആട്ടിപ്പായിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന ട്രംപിന്റെ വിലക്ഷണ സ്വഭാവങ്ങൾ അവർക്കു പൊറുക്കാവുന്നതിലും അപ്പുറമായിരുന്നു. വൈറ്റ് ഹൗസിൽ തുടക്കം മുതൽ തന്നെ ഇത് പ്രകടമായിരുന്നു.

ബൈഡന്റെ കാശ്മീർ, പൗരത്വ നിയമ പ്രതികരണങ്ങൾ

രാജ്യാന്തര രംഗത്ത് അമേരിക്കയെ താഴ്ത്തിക്കെട്ടിയ ഒരു ഭരണകൂടം അതിന്റെ ശവക്കുഴി സ്വയം തിരഞ്ഞെടുക്കുകയായിരുന്നു. ‘പിന്മാറൽ' നയതന്തവും ‘പിരിച്ചയക്കൽ' നയവും ട്രംപിന്റെ ആദ്യ ദിനം മുതൽ ലോകം കണ്ടുതുടങ്ങിയതാണ്. കാലാവസ്ഥ വ്യതിയാന നിയന്ത്രണത്തിനുള്ള പാരീസ് ഉടമ്പടി, ട്രാൻസ്-അറ്റലാന്റിക് പാർട്ണർഷിപ്, റഷ്യയുമായുള്ള ആണവായുധ നിയന്ത്രണ കരാർ, ഇറാനുമായുള്ള ബഹുരാഷ്ട്ര ആണവ ഉടമ്പടി, ലോകാരോഗ്യ സംഘടന, യുനെസ്‌കോ, മനുഷ്യാവകാശ കൗൺസിൽ, തുടങ്ങിയവയിൽ നിന്നെല്ലാം അമേരിക്ക പിന്മാറുന്നതിനു പറഞ്ഞ ന്യായങ്ങൾക്ക് എന്തെങ്കിലും യുക്തിയോ ആദർശമോ ഇല്ലെന്ന് ലോകരാഷ്ട്രങ്ങൾ തിരിച്ചറിഞ്ഞു.

ചൈനയുമായും ഇറാനുമായും കൊമ്പുകോർത്തുകൊണ്ടു നടത്തിയ പ്രഖ്യാപനങ്ങൾ, ഉപരോധങ്ങൾ വ്യാപാര യുദ്ധങ്ങൾ എല്ലാം അമേരിക്കക്ക് തന്നെ തിരിച്ചടിയായി. ഐക്യരാഷ്ട്ര സംഘടനയും ലോക വ്യാപാര സംഘടനയും എല്ലാം ഇത്രയും നിശിതമായി വിമർശിച്ച മറ്റൊരു അമേരിക്കൻ പ്രസിഡന്റ് ഉണ്ടാവില്ല. തന്റെ വലിയ നേട്ടങ്ങളായി ട്രംപ് പറയുന്ന ഇസ്രായേലിലെ അമേരിക്കൻ എംബസി ജെറുസലേമിലേക്ക് മാറ്റിയതും സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളെ അടിമുടി ആയുധമണിയിച്ചതും ഉൾപ്പടെയുള്ള നടപടികൾ വലിയ വിമർശനങ്ങൾക്കു വിവാദങ്ങൾക്കും തിരികൊളുത്തിയിരുന്നു. തിരഞ്ഞെടുപ്പുകാലത്തു ഈ വിഷയങ്ങളിലെല്ലാം ബൈഡന്റെ നിലപാടുകൾ ട്രംപിന്റെ നയങ്ങൾക്ക് കടകവിരുദ്ധമായിരുന്നു. അതുകൊണ്ടാണ് ട്രംപ് ബൈഡനെ ‘ഒരു തീവ്രഇടതുപക്ഷക്കാരനെയാണ് നിങ്ങൾ കേൾക്കുന്നത്' എന്ന് പരിഹസിച്ചത്.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാമിഅ മിലിയ ഇസ്ലാമിയ സർവകലാശാലയിൽ നടന്ന പ്രതിഷേധം. / Photo: Wikimedia Commons.

ബൈഡന് മേൽപറഞ്ഞ വിഷയങ്ങളിലെല്ലാം ശക്തമായ നിലപാടുണ്ട്.
പാരീസ് കരാറിൽ അമേരിക്ക ചേരുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. തിരഞ്ഞെടുപ്പുകാലത്തുപോലും ട്രംപ് തിരഞ്ഞുപിടിച്ചു ഇന്ത്യയെയും ചൈനയെയും ഇക്കാര്യത്തിൽ നിശിതമായി വിമർശിച്ചിരുന്നു. മലിനീകരണകാര്യത്തിൽ ഇന്ത്യ ‘വൃത്തികെട്ട' (filthy) രാജ്യമെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. തന്ത്രപരമായ ഉടമ്പടികളിൽ കൂടി ഇന്ത്യയെ ഒരു സാമന്തരാജ്യമാക്കിയ ട്രംപ് കൂടുതൽ ആയുധക്കച്ചവടമാണ് ലക്ഷ്യമിട്ടിരുന്നത്.

തന്ത്രപരമായ വിഷയങ്ങളിൽ ഒരു പക്ഷെ ബൈഡനും ഇന്ത്യയെ ചേർത്തുനിർത്താൻ ആയിരിക്കും ശ്രമിക്കുന്നത്. ചൈനയുമായുള്ള പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിൽ ഇതിനു പ്രസക്തിയുണ്ടെന്ന് ഇന്ത്യയും കരുതുന്നു. എന്നാൽ തിരഞ്ഞെടുപ്പ് കാലത്തു ബൈഡൻ കാശ്മീർ വിഷയത്തെ കുറിച്ചും പൗരത്വനിയമ ഭേദഗതിയെക്കുറിച്ചും നടത്തിയ വിമർശനങ്ങൾ ഇന്ത്യ മറന്നിട്ടില്ല. ബൈഡൻ സർക്കാർ ഇക്കാര്യത്തിൽ കുറച്ചുകൂടി യാഥാർഥ്യബോധത്തോടെ ഇടപെടാൻ ഇന്ത്യ നിർബന്ധിച്ചേക്കും.

വ്യാപാര ബന്ധം മെച്ചപ്പെടുത്തുന്നതിനും കിഴക്കൻ ഏഷ്യ-പസഫിക് തന്ത്രം രൂപപ്പെടുത്തുന്നതിലും ബൈഡൻ സർക്കാർ ഇന്ത്യയെ ഗൗരവമായി പരിഗണിക്കുമെന്നു ഇന്ത്യ വിശ്യസിക്കുന്നു. പാകിസ്താനുമായുള്ള ബന്ധം വളരെ മോശമായിരിക്കുന്ന സന്ദർഭത്തിൽ കരുതലോടെ നീങ്ങാനാണ് ഇന്ത്യയും ആഗ്രഹിക്കുന്നത്.

ബൈഡനുമുന്നിലെ അമേരിക്ക

ദീർഘനാളത്തെ രാഷ്ട്രീയ പ്രവർത്തന പരിചയമുള്ള ബൈഡൻ കൂടുതൽ പക്വതയോടെ ആഭ്യന്തര-രാജ്യാന്തര വിഷയങ്ങൾ കൈകാര്യം ചെയ്യുമെന്നാണ് ലോകം പ്രതീക്ഷിക്കുന്നത്. തന്റെ മുൻഗണന കോവിഡ് കൈകാര്യം ചെയ്യുന്നതിൽ ആയിരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു കഴിഞ്ഞു. ദുർഘടം പിടിച്ച സമ്പത്ത് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുക എന്നത് ശ്രമകരമാണ്. തൊഴിലാളി വർഗം ഉറ്റുനോക്കുന്നത് താഴെത്തട്ടിലുള്ള ജനങ്ങളോടുള്ള ഭരണകൂടത്തിന്റെ നിലപാടുകളും ഇടപെടലുകളുമാണ്. അസമത്വവും വംശീയ വിഭജനവും അവസാനിപ്പിച്ചില്ലെങ്കിൽ രാജ്യം കലുഷിതമായ സാമൂഹിക ബന്ധങ്ങളിലേക്കു പോകുമെന്ന് ബൈഡൻ തിരിച്ചറിഞ്ഞിട്ടുണ്ടാവണം.

ട്രംപ് ആഗോളവൽക്കരണത്തിന് എതിരായിരുന്നു എന്ന തെറ്റിദ്ധാരണ പലർക്കമുണ്ടായിരുന്നു. താൻ ആഗ്രഹിക്കുന്ന രീതിയിൽ ലോകരാഷ്ട്രങ്ങൾ തങ്ങളുടെ സമ്പദ്‌വ്യവസ്ഥകളെ കൊണ്ടുവരാൻ ട്രംപ് ആജ്ഞാപിച്ചുകൊണ്ടിരുന്നു എന്നതാണ് സത്യം. അമേരിക്ക-ആദ്യം (America-First) എന്ന നയം അതിന്റെ ഭാഗമായിരുന്നു. 140 രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ട്രംപ് വ്യാപാരത്തിന്റെ സാമ്രാജ്യം നിലനിർത്തണമെങ്കിൽ ഇത്തരം വിലപേശലുകൾ ആവശ്യമായിരുന്നു. സ്വതന്ത്ര വ്യാപാരത്തിനു (Free Trade) പകരം ന്യായമായ വ്യാപാരം (Fair Trade ) എന്ന മുദ്രാവാക്യം തികച്ചും വിലപേശൽ രാജ്യാന്തര തന്ത്രത്തിന്റെ ഭാഗമായിരുന്നു.

നവലിബറൽ സാമ്പത്തിക പരിപാടികൾക്ക് രാജ്യാന്തര തലത്തിൽ കടുത്ത വെല്ലുവിളി ഉയർത്തിയ ഒരു കാലഘട്ടം കൂടിയാണിത്. രാജ്യങ്ങൾ തമ്മിലുള്ള സാമ്പത്തികാസമത്വവും ആഗോള വ്യാപാര മാന്ദ്യവും രൂക്ഷമായിരിക്കുന്നു. ആഗോള മുതലാളിത്ത വികസനത്തിന് മുന്നോട്ടു പോകണമെങ്കിൽ പ്രതിസന്ധികൾ ഉയർത്തിയ വെല്ലുവികൾ ഏറ്റെടുത്തേ പറ്റൂ. അമേരിക്കൻ സമ്പദ്‌വ്യവസ്ഥ ലോക സമ്പദ്‌വ്യവസ്ഥയുടെ നെടുംതൂണായി നിൽക്കുന്ന കാലത്തോളം അമേരിക്കയുടെ പ്രതിസന്ധികൾ ആഗോള പ്രതിസന്ധിയായി നിലനിൽക്കും. പക്ഷെ ഇത് കൈകാര്യം ചെയ്യുന്നതിലെ പാകപ്പിഴകളാണ് മറ്റു രാജ്യങ്ങൾക്ക് ചുമക്കേണ്ടി വരുന്നത്.

വരുമാനം കുറഞ്ഞ ആഗോള-ദക്ഷിണ (Global South) രാജ്യങ്ങൾ ഇത് തിരിച്ചറിയുന്നെണ്ടെങ്കിലും പുതിയ ലോകത്തിന്റെ പുതിയ സാധ്യത തേടി അവർ സമ്പന്നരായ ആഗോള-ഉത്തര (Global North) രാജ്യങ്ങൾക്കു പിന്നാലെയാണ്. മാറിവന്ന അമേരിക്കൻ ഭരണകൂടങ്ങൾ ഇക്കാര്യത്തിൽ അനുവർത്തിച്ചു വന്ന നയങ്ങൾ തികച്ചും സമ്പന്ന-രാഷ്ട്ര പക്ഷപാതിത്വത്തോടെയായിരുന്നു. അതിലൊന്നും കാതലായ മാറ്റമൊന്നും പുതിയ ഭരണകൂടത്തിൽ നിന്നും പ്രതീക്ഷിക്കേണ്ടതില്ല. ഒരു ലിബറൽ ലോകക്രമത്തിൽ നീതിപൂർവമായ കൊടുക്കൽ വാങ്ങലുകൾക്കു അമേരിക്ക തയ്യാറാകുമോ എന്ന ചോദ്യം മാത്രമാണ് അവശേഷിക്കുന്നത്.

മഹാത്മാഗാന്ധി സർവകലാശാലയിൽ ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ സോഷ്യൽ സയൻസ് റിസർച്ച് വിഭാഗത്തിന്റെ ഡയറക്ടറാണ് ലേഖകൻ. നേരത്തെ ഇന്റർനാഷണൽ റിലേഷൻസ് വിഭാഗം തലവൻ, സോഷ്യൽ സയൻസ് ഡീൻ തുടങ്ങിയ പദവികളും വഹിച്ചിട്ടുണ്ട്

Comments