എൻഡോസൽഫാൻ: ഞങ്ങൾ എന്തിന്​ ഇപ്പോഴും സമരം ചെയ്യുന്നു? ദുരിതബാധിതർ പറയുന്നു

കാസർകോ​ട്ടെ എൻഡോസൾഫാൻ ദുരിതബാധിതർ സമരത്തിലാണ്​. ഇവർക്ക്​ മാസംതോറും ലഭിക്കേണ്ട ധനസഹായം മൂന്നുമാസമായി മുടങ്ങിയിരിക്കുകയാണ്​. എൻഡോസൾഫാൻ സെൽ യോഗം ചേർന്നിട്ട്​ പത്തുമാസമായി. സർക്കാർ സംവിധാനങ്ങളുടെ ക്രൂരമായ അവഗണനയും നിസ്സംഗതയും അവശരായ ഈ മനുഷ്യരെ തീരാദുരിതത്തിലാക്കിയിരിക്കുകയാണ്​.

ഭോപാലിനു ശേഷം ഇന്ത്യ കണ്ട ഒരു വലിയ ദുരന്തത്തെ വിസ്​മൃതിയിലാക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. അവസാനത്തെ ഇരക്കും നീതി ലഭിക്കുംവരെ പിന്നോട്ടില്ലെന്ന് അമ്മമാർ വിളിച്ചു പറയുമ്പോൾ ഭരണകൂടം ഭയപ്പെടുന്നു. കാസറഗോഡ് ജില്ലയിലെ എൻഡോസൾഫാൻ പ്രശ്​നം, ദുരിതബാധിതരായ അമ്മമാർ മാത്രം ഏറ്റെടുത്ത് നടത്തേണ്ട സമരമാണോ?
കശുവണ്ടി കയറ്റിയയച്ച്​ വിദേശ പണം കിട്ടിയതിന്റെ ഒരു പങ്ക് എല്ലാ കേരളീയനും ലഭിച്ചിട്ടുണ്ട്.

എന്തുകൊണ്ടാണ്​, ദുരിതബാധിതർക്ക്​ ഇപ്പോഴും സമരം തുടരേണ്ടിവരുന്നത്​? ഇതുവരെയുള്ള സമരനാളുകളുടെ വഴി പരിശോധിച്ചാൽ ഇക്കാര്യം വ്യക്​തമാകും.

1964 ൽ കേരളാ കൃഷി വകുപ്പാണ് കാസറഗോഡ് ജില്ലയിലെ 12,000 ഓളം വരുന്ന ഏക്കർ ഭൂമിയിൽ കശുമാവിൻ തൈകൾ വെച്ചുപിടിപ്പിക്കുന്നത്. ആദ്യകാലങ്ങളിൽ ഹാൻഡ്​ പമ്പുപയോഗിച്ച് കീടനാശിനി തളിക്കാൻ തുടങ്ങി. 1978 ൽ കേരള പ്ലാന്റേഷൻ കോർപ്പറേഷന് കൃഷിവകുപ്പ് തോട്ടം കൈമാറി.

എൻമകജെ, ബദിയടുക്ക, ബെള്ളൂർ, കുമ്പടാജെ, കാറടുക്ക, മുളിയാർ, പുല്ലൂർ_പെരിയ , അജാനൂർ , കള്ളാർ, പനത്തടി, കയ്യൂർ - ചീമേനി - 11 പഞ്ചായത്തുകളിലായി കശുമാവിൻ തോട്ടങ്ങൾ പരന്നുകിടക്കുന്നു. ജില്ലയുടെ വടക്ക് എൻമകജെ മുതൽ തെക്ക് കയ്യൂർ ചീമേനിവരെ തോട്ടം പരന്നു കിടക്കുന്നു. (പള്ളിക്കര പഞ്ചായത്തിലും 60 ഏക്കർ തോട്ടമുണ്ട് )1978ൽ തന്നെ ഹെലിക്കോപ്ടർ ഉപയോഗിച്ച് ആകാശമാർഗം വിഷം തളി ആരംഭിച്ചു. 80 കളോടെ തന്നെ പാർശ്വഫലങ്ങൾ പ്രകടമാകുന്നു. എൻമകജയില മാധ്യമപ്രവർത്തകനും കർഷകനുമാിരുന്ന ശ്രീപദ്രെയുടെ നിരീക്ഷണം കീടനാശിനിയെ പ്രതിയാക്കുന്നതിലെത്തി.

തേൻ കർഷകരുടെ പ്രശ്നങ്ങൾ അതിന് തുടക്കമിട്ടു. തേൻ വരവ് ഇല്ലാതായപ്പോൾ പ്രദേശത്തെ തേൻ കർഷകർ ഏറെ പ്രതിസന്ധിയിലായി. തേനീച്ചകൾ കൂട്ടത്തോടെ ചത്തൊടുങ്ങിയതാണ് കാരണമെന്ന് ശ്രീപദ്രെ നിരീക്ഷിച്ചു. കശുമാവിൻ തോപ്പിലെ ജീവജാലങ്ങളെല്ലാം ചത്തൊടുങ്ങി. വർഷങ്ങൾക്കിടയിൽ പശുകുട്ടികളിൽ വൈകൃതങ്ങൾ കണ്ടു തുടങ്ങി. ഇതോടെ ശ്രീപദ്രെ ഉറപ്പിച്ചു, ആകാശത്ത് നിന്ന്​ ചീറ്റിയടിക്കുന്ന കീടനാശിനി തന്നെയാണ് ഇതിനുത്തരവാദിയെന്ന്. സ്വതന്ത്ര മാധ്യമപ്രവർത്തകനായ അദ്ദേഹം കന്നഡ, ഇംഗ്ലീഷ് പത്രങ്ങളിൽ ലേഖനം എഴുതി. മലയാളത്തിലത് എത്തിയില്ല.

ശ്രീപദ്രേ

തൊണ്ണൂറുകളുടെ ആരംഭത്തിൽ തന്നെ ഡോ. വെെ.എസ്. മോഹൻകുമാറിന്റെ മുമ്പിലേക്ക് വാണിനഗർ പരിസരങ്ങളിൽ നിന്നൊക്കെ ഒട്ടേറെ രോഗികളെത്തിയിരുന്നു. തൊട്ടടുത്ത സ്വർഗ രോഗാതുരതയിൽ മുന്നിട്ടു നിന്നു. മോഹൻകുമാർ അക്ഷരാർത്ഥത്തിൽ ഞെട്ടി. അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളും കീടനാശിനിയിലേക്ക് പതിഞ്ഞു. മെഡിക്കൽ ബുള്ളറ്റിനിൽ ഇതേക്കുറിച്ച് ലേഖനമെഴുതിയതിന്റെ പേരിൽ കമ്പനി അദ്ദേഹത്തിന് വക്കീൽ നോട്ടസയച്ചു. അദ്ദേഹം അതുകൊണ്ടൊന്നും പേടിച്ചില്ല. തന്റെ നിലപാടുകളിൽ ഉറച്ചു നിന്നു.

പെരിയ കൃഷി ഭവനിലെ ഉദ്യോഗസ്ഥയായിരുന്ന ലീലാകുമാരിയമ്മ കാഞ്ഞങ്ങാട് കോടതിയിൽ ഫയൽ ചെയ്ത കേസിൽ 1998 ൽ വിഷമടിക്കുന്നതിന് താൽക്കാലിക വിലക്ക് കിട്ടുന്നതോടെ വിഷയം പുറംലോകമറിയുന്നു. തല വലുതായ സൈനബയുടെ പടം പ്രശസ്​ത ഫോ​ട്ടോഗ്രാഫർ മധുരാജ് ഒപ്പിയെടുത്തപ്പോൾ കാസർഗോഡിന്റെ ദുരന്തത്തിന്റെ പ്രതീകമായി മാറി. പ്രശ്നങ്ങൾ അറിഞ്ഞതോടെ ഡൽഹി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സുനിത നാരായണന്റെ നേതൃത്വത്തിലുള്ള സി.എസ്​.ഇ കാസർകോ​ട്ടെത്തി. വിവിധ പരിശോധനകൾ നടത്തിയതിന്റെ ഭാഗമായി എൻഡോസൾഫാൻ ഉണ്ടാക്കിയ അപകടങ്ങൾ പുറത്തുവിട്ടു. ജില്ലയിൽ പല സ്ഥലങ്ങളിലും പ്രതിഷേധങ്ങളുണ്ടാകുന്നു. പുഞ്ചിരി ക്ലബ്ബ്, ശാസ്ത്ര സാഹിത്യ പരിഷത്ത്, ജില്ല പരിസ്ഥിതി സമിതി , പ്രൊഫ. ടി.സി. മാധവ പണിക്കറുടെ നേതൃത്വത്തിലുള്ള പീപിൾസ് ഫോറം തുടങ്ങിയ സംഘടനകളും വ്യക്തികളും പ്രവർത്തനങ്ങളിൽ സജീവമാകുന്നത് ഈയൊരു സമയത്താണ്. മുഖ്യധാരാ രാഷ്ട്രീയം ഈ സമയം കീടനാശിനിക്ക് വേണ്ടി വാദിച്ചു കൊണ്ടിരുന്നു. എൻഡോസൾഫാൻ തളിക്കണമെന്നാവശ്യപ്പെട്ട് കോടതിയിൽ ഹരജി നൽകാനും അവർ മടിച്ചില്ല.

ലീലാകുമാരിയമ്മ

എൻഡോസൾഫാൻ വിഷയം അതീവ ഗുരുതരമാണെന്നും വികസനത്തിന്റെ പേരിൽ ഭരണകൂടം നടത്തുന്ന പരിസ്ഥിതി വിരുദ്ധവും മനുഷ്യത്വരഹിതവുമായ അക്രമമാണിതെന്നും ജില്ലാ പരിസ്ഥിതി സമിതി വിലയിരുത്തി. പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്ക് പോറലേൽക്കുന്ന തല തിരിഞ്ഞ വികസനത്തെ നേരിടാൻ ജനകീയ പോരാട്ടം അനിവാര്യമാണെന്ന് വിലയിരുത്തുകയായിരുന്നു സമിതി . ഒരു ജനതയ്ക്ക് മേൽ രാസായുധത്തിന്റെ പരീക്ഷണങ്ങൾ നടത്തിയ പ്രതീതിയാണെങ്ങും അനുഭവപ്പെട്ടത്. ചിതറിക്കിടന്ന പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാനുള്ള ശ്രമങ്ങൾ ജില്ലാ പരിസ്ഥിതി സമിതി ഏറ്റെടുത്തു. സംഘടനകളെയും വ്യക്തികളെയും ചേർത്ത്
എൻഡോസൾഫാൻ വിരുദ്ധ സമര സമിതി രൂപം കൊണ്ടത് അങ്ങനെയാണ്​.

സി.എസ്.ഇയുടെ പഠനം കുടുതൽ ചർച്ചയ്ക്ക് വിധേമമായി.
സർക്കാർ പഠന കമ്മിറ്റികളെ നിയോഗിച്ചു. ഡോ. അച്യുതൻ കമ്മിറ്റി, ഡോ. ശിവരാമൻ കമ്മിറ്റി എന്നിവർ നടത്തിയ പഠനങ്ങൾ എൻഡോസൾഫാനെ പ്രതി ചേർക്കാൻ അവസരമുണ്ടാക്കി. ഒ.പി. ദുബെ , സി.ഡി. മായി, അബ്ദുൾ സലാം ... പഠനങ്ങൾ എൻഡോസൾഫാനെ കുറ്റമുക്തമാക്കുകയും ചെയ്തു.

ഈയൊരവസരത്തിൽ ദേശീയ മനുഷ്യാവകാശ കമീഷൻ നേരിട്ടെത്തി കണ്ടെത്തിയ അനുഭവങ്ങളാണ് വഴിത്തിരിവായത്. NIOH വിദഗ്ധസംഘം കാസർഗോഡ് എൻമകജയിലെത്തി പഠനം നടത്തി.
NIOH ന്റെ എപ്പിഡിമോളിജിക്കൽ സർവ്വെ ആധികാരിക പഠനമായി.
ഇതോടെ കോടതി നിരോധനത്തിനു പുറമെ കേരള സർക്കാറും എൻഡോസൾഫാന് ജില്ലയിൽ വിലക്കേർപ്പെടുത്തി.

2004 ആഗസ്ത് 7 ന് നടത്തിയ കലക്​ടറേറ്റ്​ മാർച്ച് പ്രതിപക്ഷനേതാവായിരുന്ന
വി.എസ്.അച്ചുതാനന്ദൻ ഉദ്ഘാടനം ചെയ്തു. വി.എസിന്റെ വരവോടെ രാഷ്ട്രീയ നേതൃത്വങ്ങളും ചുവട് മാറ്റി, പ്രത്യേകിച്ച് സി.പി.എം.

എൻഡോസൾഫാൻ സമരവേദിയിലെത്തിയ വി.എസ്.അച്ചുതാനന്ദൻ

കേരളസർക്കാർ എൻഡോസൾഫാൻ ജില്ലയിൽ നിരോധിച്ചു.
സമരം തുടർന്നു. 2006 ൽ വി.എസ്.അച്ചുതാനന്ദൻ മുഖ്യമന്ത്രി സ്ഥാനമേറ്റെടുക്കുന്നതോടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടായി. മഞ്ചേശ്വരം എം.എൽ.എ ആയിരുന്ന സി.എച്ച്. കുഞ്ഞമ്പു എൻഡോസൾഫാൻ മൂലം എത്ര പേർ മരിച്ചുവെന്ന നിയമസഭയിലെ ചോദ്യത്തിന് ആരും മരിച്ചില്ലായെന്ന കൃഷി മന്ത്രിയുടെ മറുപടി വിവാദത്തിനിടയാക്കി.

വി.എസ് കൃഷി മന്ത്രിയോടൊപ്പം കാസർഗോഡെത്തി മരിച്ചവരുടെ കുടുംബത്തിന് 50,000 രൂപ വീതം നൽകി.
ചരിത്രപരമായ ഒരു ദൗത്യം നിറവേറ്റുകയായിരുന്നു വി.എസ്.

2010 ൽ പ്രത്യേക മെഡിക്കൽ ക്യാമ്പിൽ പരിശോധനക്കെത്തിയ രോഗികളെ പരിശോധിച്ചതിൽ 4182 പേരെ എൻഡോസൾഫാൻ ദുരിതബാധിതരായി കണ്ടെത്തി. ഇതിലൂടെ എൻഡോസൾഫാൻ ദുരിതബാധിതർ ഔദ്യോഗിക രേഖകളിലിടം കണ്ടെത്തി. ചികിത്സയും അത്യാവശ്യ മരുന്നുകളുടെ വിതരണവും തുടങ്ങി.

2010 ൽ ദേശീയ മനുഷ്യാവകാശ കമീഷൻ വീണ്ടും കാസർഗോഡ് വന്നു.
ദുരന്തം നടന്ന മേഖലകളിൽ സന്ദർശനം നടത്തി. 2010 ഡിസംബർ 31 ന് ദേശീയ മനുഷ്യാവകാശ കമീഷൻ കേന്ദ്ര , സംസ്ഥാന, സർക്കാറുകൾക്ക് ചില നിർദ്ദേശങ്ങൾ നൽകി. മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം, കിടപ്പിലായവർക്കും മാനസിക വെല്ലുവിളി നേരിടുന്നവർക്കും 5 ലക്ഷം, ബാക്കിയുള്ളവർക്ക് 3 ലക്ഷം രൂപ വീതം നൽകണം. ചികിത്സക്ക് സംവിധാനം ഒരുക്കുക. എൻഡോസൾഫാൻ തളിച്ച മറ്റ് സ്ഥലങ്ങളിലും പഠനം നടത്തി ഉചിതമായ നടപടികളെടുക്കുക ഇതായിരുന്നു പ്രധാന നിർദ്ദേശങ്ങൾ.

2011 മെയ് മാസം നടന്ന സ്റ്റോക്ഹോം കൺവെൻഷനിൽ എൻഡോസൾഫാന് ആഗോള തലത്തിൽ വിലക്ക് വന്നു. ഈ സമയം ഇന്ത്യ എൻഡോസൾഫാനു വേണ്ടി വാദിക്കുകയായിരുന്നു. എന്നാൽ ഡി.വൈ.എഫ്​.ഐ ഫയൽ ചെയ്​ത കേസിൽ സുപ്രീം കോടതി താൽക്കാലികമായി നിരോധിക്കാൻ വിധി വന്നു. ഈ സന്ദർഭത്തിലാണ്​ എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി രൂപമെടുക്കുന്നത്. ഇതിന് മുന്നോടിയായി 2011ൽ പെരിയ പി.സി.കെ യുടെ ആഫീസിനു മുമ്പിൽ 22 ദിവസം നീണ്ടു നിന്ന സ്ത്രീകളടക്കം പങ്കെടുത്ത നിരാഹാരം നടനു. കെ.അജിത, വി.എം.സുധീരൻ, കുരീപ്പുഴ ശ്രീകുമാർ,
ടി.സി. മാധവ പണിക്കർ, അംബികാസുതൻ മാങ്ങാട് എന്നിവരുടെ സാന്നിദ്ധ്യം ശ്രദ്ധേയമായി.

ആറു മാസം കൊണ്ട് നിർദ്ദേശങ്ങൾ നടപ്പാക്കണമെന്ന് ദേശീയ മനുഷ്യാവകാശ കമീഷൻ ആവശ്യപ്പെട്ടെങ്കിലും അത് നടപ്പാക്കാതെ വന്നപ്പോഴാണ് 2012 ഏപ്രിൽ 20 മുതൽ കാസറഗോഡ് കലക്​ടറേറ്റിനുമുന്നിൽ അമ്മമാർ അനിശ്ചിതകാല സമരം ആരംഭിച്ചത്. 128 ദിവസം സമരം നീണ്ടു.
അടുക്കള ഉപേക്ഷിക്കൽ തുടങ്ങിയ ഒട്ടേറെ സമരരീതികൾ പ്രയോഗിക്കപ്പെട്ടു. മുഖ്യമന്ത്രിയുമായി ചർച്ച നടന്നെങ്കിലും തീരുമാനമാകാതെ വന്നപ്പോൾ സമരം ശക്തമാക്കാൻ റിലേ നിരാഹാരം തുടങ്ങി. 2012 ജൂലായ് 20, 21 തീയ്യതികളിൽ കലക്​ടറേറ്റിൽ സംഘടിപ്പിച്ച പുനരിവാസ ശില്പശാല ഉദ്ഘാടനത്തിനായി അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സമരപ്പന്തലിനരികിലൂടെ പോയെങ്കിലും സമരം ചെയ്യുന്ന അമ്മമാരെ കാണാത്തതിൽ പ്രതിഷേധം ശക്തമായി.

പിറ്റേന്ന്​ എത്തിയ മന്ത്രി എം കെ .മുനീർ അമ്മമാരുടെ സങ്കടങ്ങൾ കേൾക്കാൻ തയ്യാറായി. ഇതേ തുടർന്ന് വീണ്ടും മുഖ്യമന്ത്രി ചർച്ചക്ക് അവസരമൊരുക്കി. ഇത്തവണ സ്ത്രീകൾ മാത്രമാണ് മുഖ്യമന്ത്രിയുമായി സംഭാഷണത്തിനെത്തിയത്.

എം. സുൽഫത്ത്, ടി.ശോഭന എന്നിവരുടെ നേതൃത്വത്തിലായിരുന്നു പത്ത് അമ്മമാർ ചർച്ച ചെയ്യാനെത്തിയത്. മുഖ്യമന്ത്രിയടക്കമുള്ളവർ സ്ഥലം വിട്ടപ്പോൾ ചേംബറിലിരുന്ന് സ്ത്രീകൾ നടത്തിയ പ്രതിഷേധം ചരിത്രമാവുകയായിരുന്നു. ഇതേ തുടർന്ന് ജനപ്രതിനിധികളടക്കം ചേർന്ന് നടത്തിയ സംസാരത്തിൽ അനുകൂല തീരുമാനങ്ങളറിയിച്ചതിനെ തുടർന്ന് സമരം താൽക്കാലികമായി നിർത്തി വെച്ചു. തീരുമാനങ്ങൾ പ്രാവർത്തികമാക്കാൻ ആരംഭിച്ചുവെങ്കിലും 102 പേർക്ക് മാത്രം ഒന്നര ലക്ഷം വീതം നൽകി. മറ്റൊന്നും കാര്യമായി നീങ്ങിയില്ല. ഇതേ തുടർന്നാണ് 2013 ഫെബ്രവരി 18 മുതൽ അനിശ്ചിത കാല നിരാഹാരം പൊതു സമൂഹത്തിന്റെ പ്രതിനിധികളേറ്റെടുത്തത്. എ. മോഹൻ കുമാർ, ഡോ. ഡി.സുരേന്ദ്രനാഥ്, എ.വാസു, മൊയീൻ ബാപ്പു, ആശാ ഹരി, പി.കൃഷ്ണൻ, സുഭാഷ് തുടങ്ങിയവർ നിരാഹരം ഏറ്റെടുത്തു. 36 ദിവസം നീണ്ടു.

കാസർഗോഡിന്റെ ചരിത്രത്തിലിടം കിട്ടിയ സമരമായിരുന്നു അത്.
തെരുവുകൾ കലാ സാംസ്​കാരിക പഠന കളരികളായി. സമരത്തിന്റെ ഫലമായി ഒമ്പതോളം ഉത്തരവിറങ്ങി. 2500ഓളം പേർക്ക് സാമ്പത്തിക സഹായം കിട്ടി. 2013 ലെ സമരത്തിലെ ഒരു പ്രധാന ആവശ്യം ട്രിബ്യൂണൽ സ്ഥാപിക്കണമെന്നതു കൂടി ആയിരുന്നു. നഷ്ടപരിഹാരത്തിനും, കുറ്റവാളികളെ നിയമത്തിനുമുമ്പിൽ കൊണ്ടുവരുന്നതിനും പ്രത്യേക ട്രിബ്യുണൽ സംവിധാനം വേണമെന്നതായിരുന്നു ആവശ്യം. ഇതേക്കുറിച്ച് പഠിക്കാൻ ജസ്റ്റീസ് രാമചന്ദ്രൻ നായരെ നിയോഗിച്ചു. ‘വിഷം തളിക്കുമ്പോൾ മാറി താമസിച്ചൂടായിരുന്നോ’ എന്ന അദ്ദേഹത്തിന്റെ ചോദ്യം പ്രതിഷേധങ്ങൾക്ക് വഴിയൊരുക്കി. ട്രിബ്യൂണൽ ആവശ്യമില്ലന്നായിരുന്നു കമീഷൻ ശുപാർശ. ഇതേതുടർന്ന്​ റിപ്പോർട്ട്​ പിൻവലിക്കാൻ വൻ പ്രതിഷേധങ്ങൾ നടന്നു.

2014 ജനുവരി 26 ന് മുഖ്യമന്ത്രിയുടെ വസതിക്കു മുമ്പിൽ അനിശ്ചിതകാല കഞ്ഞി വെപ്പ് സമരം ആരംഭിച്ചു. കഞ്ഞിവെപ്പ് സമരത്തിന് തീ കൂട്ടിയത് കൂടംകുളം സമരത്തിലെ അമ്മമാരായിരുന്നു. ജനുവരി 28 ന് മന്ത്രിമാരുമായി നടത്തിയ ചർച്ചയിൽ പഠന റിപ്പോർട്ട് അംഗീകരിക്കില്ല എന്ന ധാരണയായി.
ധനസഹായം വിതരണം ചെയ്യും. ഗോഡൗണുകളിലെയും നെഞ്ചംപറമ്പിലെയും കിണറിലിട്ട എൻഡോസൾഫാൻ മൂന്നു മാസത്തിനകം നിർവ്വീര്യമാക്കും. എന്നാൽ, ഇത് നടന്നില്ല. രണ്ടാം ഗഡു സഹായം 2600ഓളം പേർക്ക് നൽകി. പ്രത്യേക മെഡിക്കൽ ക്യാമ്പ് നടത്താൻ, കടം എഴുതി തള്ളാൻ തീരുമാനമായി. ഇവ നടക്കാതെ വന്നപ്പോൾ 2016 ജനുവരി 26 ന് വീണ്ടും സെക്രട്ടറിയേറ്റിലെത്തി. ഇത്തവണ 150ഓളം ദുരിതബാധിതർ അനിശ്ചിതകാല സമരമേറ്റെടുത്തു. അറുപതിനടുത്ത് കുട്ടികളും പങ്കാളികളായി.

അന്നത്തെ പ്രതിക്ഷം സമരത്തെ സഹായിച്ചു. വി.എസ് ആയിരുന്നു സംഘാടക സമിതി ചെയർമാൻ. വി.എസ് നിരാഹാരം കിടക്കാൻ തയ്യാറായി.
10 ദിവസം നീണ്ടു നിന്ന സമരം വിജയം കണ്ടു. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പ് അറുന്നോളം പേരുടെ 50,000 രൂപ വരെയുള്ള കടങ്ങൾ എഴുതി തള്ളി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മറ്റൊന്നും നടന്നില്ല.

2017 ൽ ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്നു.
തെരഞ്ഞെടുപ്പിനു മുമ്പ് പിണറായി വിജയൻ നവകേരളയാത്ര തുടങ്ങുന്നത് തന്നെ ദുരിതബാധിതർക്ക് മധുര നാരങ്ങ വിതരണം ചെയ്​തായിരുന്നു. പ്രചാരണങ്ങളിൽ ദുരിത ബാധിതർ നിറഞ്ഞു നിന്നു.
2017 ലാണ് നാല് വർഷത്തിനു ശേഷം പ്രത്യേക മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നത്. (വർഷത്തിൽ ഒരു തവണ മെഡിക്കൽ ക്യാമ്പ് നടത്താനായിരുന്നു 2013ലെ തീരുമാനം ).

ക്യാമ്പിലൂടെ 1905 പേരെ കണ്ടെത്തിയെന്ന് ഉദ്യോഗസ്ഥൻ പറയുന്നു. ദുരിത ബാധിതർക്കു വേണ്ടി ജില്ലാതലത്തിൽ പ്രവർത്തിക്കുന്ന എൻഡോസൾഫാൻ വിക്ടിംസ് റെമഡിയേഷൻ സെൽ യോഗത്തിൽ കണ്ടെത്തിയ 1905 പേരുടെ പട്ടിക ഡപ്യൂട്ടി കലക്ടർ അവതരിപ്പിക്കാനെത്തിയപ്പോൾ അതിന് തടസമുണ്ടായി. പിന്നീടത് 287 ആയി ചുരുങ്ങി. എന്തുകൊണ്ടിതു സംഭവിച്ചു? എണ്ണം കുറച്ചു കൊണ്ട് വരിക എന്നത് അവരുടെ ആവശ്യമായിരുന്നു.
ദുരിതങ്ങളുടെ അളവ് കുറച്ച് ഈ പദ്ധതിയിൽ നിന്നും തലയുരാനുള്ള നീക്കങ്ങളുടെ ഭാഗമായിരുന്നു എണ്ണം കുറച്ച് കൊണ്ടു വരുന്നതിനു പിന്നിൽ.
2010 ൽ 4182, 2011 ൽ 1318, 2013 ൽ 348, 2017 ൽ 287. ( ഇതിൽ 2011 ക്യാമ്പിൽ നിന്ന്​പട്ടികയിൽ പെടുത്തി സർക്കാർ ഉത്തരവിറക്കിയ 1318 ൽ 610 പേർക്ക് ചികിത്സയടക്കം ഒന്നും ലഭിച്ചിട്ടില്ല).

എൻഡോസൾഫാൻ പ്രശ്നം കൂടുതൽ കാലം നീട്ടിക്കൊണ്ടുപോകരുതെന്ന ലക്ഷ്യം ഭരണകൂടത്തിന്റെ താല്പര്യമായിരുന്നു. 2012 ജനുവരി 12 ന് ഇറങ്ങിയ സർക്കാർ ഉത്തരവിൽ 5 വർഷം കൊണ്ട് ഈ പദ്ധതി നിർത്തി വെക്കുമെന്ന് തീരുമാനിച്ചതാണ്. ശക്തമായ സമരങ്ങളെ തുടർന്ന് ആ ഉത്തരവ് പിൻവലിക്കുകയായിരുന്നു. പിന്നീടാണ് എണ്ണം കുറക്കാൻ തുടങ്ങിയത്. എന്നാൽ ഔദ്യോഗിക സംവിധാനത്തിനകത്തും നന്മ മനസുള്ള ചിലരെങ്കിലും ഉണ്ടാകുമല്ലോ. അങ്ങനെയൊരാളാണ് അർഹതയുള്ളവരെ പട്ടികയിൽ പെടുത്താൻ ശ്രമിച്ചത്. 2017ലെ പ്രത്യേക മെഡിക്കൽ ക്യാമ്പിൽ നിന്ന്​ അർഹരായ 1905 പേർ ലിസ്റ്റിൽ വന്നത് അങ്ങനെയായിരുന്നു. (2013 ൽ നടത്തിയ ക്യാമ്പിലേക്ക് പതിനായിരത്തിലധികം അപേക്ഷകർ ഉണ്ടായെങ്കിലും 6500ഓളം പേർക്കാണ് ക്യാമ്പിലേക്ക് അനുമതി കിട്ടിയത്. ഇതിൽ 3000 ലധികം കുട്ടികളായിരുന്നു. പട്ടികയിലിടം കണ്ടെത്തിയത് 348 പേർ മാത്രം !) എൻഡോസൾഫാൻ ദുരിതബാധിത പദ്ധതികൾ അട്ടിമറിക്കാൻ തുടക്കം മുതൽ തന്നെ നീക്കം ആരംഭിച്ചിരുന്നു.

2017 ൽ നടന്ന മെഡിക്കൽ ക്യാമ്പിലുടെ 1905 പേരെ ദുരിതബാധിതരായി കണ്ടെത്തുമ്പോൾ ഗ്രാഫ് ഉയരുന്നത് അവരെ സംബന്ധിച്ച്​ശരിയാവില്ല. അതാണവർ ലിസ്റ്റ് 287 ആയിവെട്ടി ചുരുക്കിയത്. ഉത്തരവാദപ്പെട്ടവരെ സമീപിച്ചു. അനുകൂല നടപടി ഉണ്ടായില്ല.
ഈയൊരു സാഹചര്യത്തിലാണ് 2018 ജനുവരി 30 ന് സെക്രട്ടറിയേറ്റിനു മുമ്പിൽ ഇരുനൂറോളം ദുരിതബാധിതർ എത്തുന്നത്. മന്ത്രി ഇ. ചന്ദ്രശേഖരൻ സമരവേദി സന്ദർശിച്ച്​ പ്രശ്​നം പരിഹരിക്കാമെന്നുറപ്പ് നൽകി. അതുണ്ടാകാതെ വന്നപ്പോൾ സെൽ യോഗം നടന്ന ദിവസം പ്രതിഷേധവുമായി അമ്മമാരെത്തി. പുനഃപരിശോധിക്കാമെന്നുറപ്പ് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ 76 പേരെ കൂടി ചേർത്തു. അപ്പഴും 1542 പേർ പുറത്ത് തന്നെ.

മറ്റു മാർഗമില്ലാതെ വന്നപ്പോൾ 2019 ജനുവരി 30 ന് സെക്രട്ടറിയേറ്റിനു മുമ്പിൽ അനിശ്ചിതകാല പട്ടിണി സമരം ആരംഭിച്ചു. ഫെബ്രുവരി 3 ന് മുഖ്യമന്ത്രിയുമായി നടന്ന ഒത്തുതീർപ്പു വ്യവസ്ഥയനുസരിച്ച് 18 വയസിൽ താഴെയുള്ള 511 കുട്ടികളെ പട്ടികയിൽ ഉൾപെടുത്തി. ബാക്കി വന്ന 1031 പേരുടെ മെഡിക്കൽ രേഖകൾ പരിശോധിച്ച് അർഹരെ ഉൾപ്പെടുത്താമെന്ന ഉറപ്പ് ബാക്കിയായി.

നിലവിൽ 6727 പേരാണ് ഔദ്യോഗിക പട്ടികയിലുള്ളത്. വിധിയനുസരിച്ച് എല്ലാവർക്കും അഞ്ചുലക്ഷം രൂപ വീതം കിട്ടണം. കോടതിയലക്ഷ്യത്തിന് പോയവർക്കു മാത്രമാണ് അഞ്ചു ലക്ഷം കൊടുത്തത്. എല്ലാവർക്കും സുപ്രീം കോടതിയെ സമീപിക്കുക എളുപ്പമല്ല. സംസ്ഥാന സർക്കാണ് ഈ തുക ആദ്യം കൊടുക്കേണ്ടതെങ്കിലും അത് എൻഡോസൾഫാൻ കമ്പനിയിൽ നിന്നും ഈടാക്കാം. കമ്പനി നൽകുന്നില്ലെങ്കിൽ കേന്ദ്ര സർക്കാറോട് ആവശ്യപ്പെടാം. ഇതിനായി കേരള സർക്കാർ ശ്രമിക്കുന്നതിനു പകരം അർഹതയുള്ളവർക്കെല്ലാം വിതരണം ചെയ്തുവെന്നാണ് കോടതിയെ ധരിപ്പിക്കാൻ ശ്രമിച്ചത്. എന്നാൽ കോടതി അത് ചെവിക്കൊണ്ടില്ല. സംസ്ഥാനത്തിന് നഷ്ടവുമില്ലാതിരുന്നിട്ടും എന്തുകൊണ്ട് ചെയ്യുന്നില്ല?

2010 ഡിസംബർ 31 ന് ദേശീയ മനുഷ്യാവകാശ കമീഷൻ നടത്തിയ ശുപാർശ പ്രകാരം, മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം, കിടപ്പിലായവർക്കും മാനസിക വെല്ലുവിളി നേരിടുന്നവർക്കും 5 ലക്ഷം, ബാക്കിയുള്ളവർക്ക് 3 ലക്ഷം രൂപ വീതം കൊടുക്കാനാണ് ആ വശ്യപ്പെട്ടത്. ഇതിനായി സംസ്ഥാനം 2010 ൽ 480 കോടിക്കായി കേന്ദ്രത്തിനെ സമീപിച്ചു. കിട്ടിയില്ല. കോടതി വിധി വരുന്നതിനു മുമ്പ് 2017 ൽ പിണറായി വിജയൻ അധികാരത്തിലായപ്പോൾ 487 കോടിയുടെ പാക്കേജ് കേന്ദ്രത്തിനു മുമ്പിൽ വീണ്ടും വെച്ചിട്ടുണ്ട്. അതിനപ്പുറം നീങ്ങിയില്ല.

ജില്ലക്കകത്ത്​ ആവശ്യത്തിന് ചികിത്സാ സൗകര്യം ഒരുക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. വിദഗ്​ധ പരിശോധന നടത്തണമെങ്കിൽ മംഗലാപുരമെത്തണം.
മണിക്കൂറുകൾ നീണ്ട യാത്രയ്ക്കിടയിൽ ജീവൻ നഷ്ടമായെന്നും വരും.
കൊറോണ കാലത്ത് അതിർത്തി അടച്ചിട്ടപ്പോൾ ഇരുപതിലധികം പേരാണ് വഴിയിൽ മരിച്ചു വീണത്.

എൻഡോസൾഫാൻ സമരവേദിയിൽ സുഗതകുമാരി സംസാരിക്കുന്നു

ഒരു ന്യൂറോളജിസ്റ്റിനെ പോലും നിയമിക്കാൻ ഇതുവരെ ആയിട്ടില്ലാന്ന് അറിയുമ്പോഴാണ് കാസർഗോഡ് ജില്ലയുടെ ആരോഗ്യ പ്രശ്നങ്ങളിൽ ഭരണക്കാരുടെ താല്പര്യം എത്രമാത്രമാണെന്ന് ബോദ്ധ്യമാവുക.
2013 ൽ തുടങ്ങി വെച്ച മെഡിക്കൽ കോളേജ് കോവിഡാശുപത്രിയാക്കിയതിനപ്പുറം പോയില്ല. മരിച്ചു വീഴുന്നവരുടെ സങ്കടങ്ങൾ കാണാതെ വിഷക്കമ്പനികളെ രക്ഷിക്കാനുള്ള പണിപ്പുരയിലാണ് ഭരണാധികാരികൾ. എൻഡോസൾഫാൻ നിരോധിച്ചതു കൊണ്ട് മാത്രം തീരുന്നതല്ല ദുരിതം അനുഭവിക്കുന്നവരുടെ ജീവൽ പ്രശ്നങ്ങൾ. മരിച്ചവരെയോർത്ത് ജീവിച്ചിരിക്കുന്നവർ അസൂയപ്പെടുന്നുണ്ടാകാം.


Comments