മാധ്യമങ്ങൾ എന്തുകൊണ്ടു വിമർശിക്കപ്പെടുന്നു? മാധ്യമപ്രവർത്തകരുടെ മറുപടി

മാധ്യമങ്ങളും മാധ്യമപ്രവർത്തകരും രാഷ്ട്രീയപ്രവർത്തകർ അടക്കമുള്ള പൊതുസമൂഹത്തിന്റെ നിശിത വിമർശനങ്ങൾക്ക് വിധേയമായ സന്ദർഭത്തിലാണ് ട്രൂ കോപ്പി തിങ്ക്, സ്വയം വിമർശനപരമായ ഒരു ആത്മപരിശോധനയുടെ സംവാദഭൂമിയൊരുക്കിയത്. എന്തുകൊണ്ട് മാധ്യമങ്ങളുടെ ഉള്ളടക്കവും മാധ്യമപ്രവർത്തകരും വിമർശിക്കപ്പെടുന്നു എന്ന ചോദ്യത്തിന് കേരളത്തിലെയും പുറത്തുമുള്ള പ്രമുഖ മാധ്യമപ്രവർത്തകർ കൃത്യമായ മറുപടിയാണ് നൽകിയത്. അവ, സമകാലിക മാധ്യമപ്രവർത്തനത്തിന്റെ ദൗർബല്യങ്ങളും പിഴവുകളും സത്യസന്ധമായി തുറന്നുകാട്ടുന്നതായിരുന്നു. എന്നാൽ, മനുഷ്യൻ അതിജീവനത്തിന് പൊരുതുന്ന ഒരു ഘട്ടത്തിൽ, മൗലികവിഷയങ്ങൾ തമസ്‌കരിച്ചും പൊള്ളയായ വിവാദങ്ങളിലേക്ക് ശ്രദ്ധ തിരിച്ചും തുടർന്നുകൊണ്ടിരിക്കുന്ന ചിന്താശൂന്യമായ മാധ്യമപ്രവർത്തനം വീണ്ടും പ്രതിക്കൂട്ടിലാക്കപ്പെടുകയാണ്, അതുകൊണ്ടുതന്നെ ഈ സ്വയംവിമർശനം പുനർവായനക്ക് അവതരിപ്പിക്കുകയാണ്‌

എം. വി. നികേഷ് കുമാർ : മാധ്യമങ്ങൾ വിമർശനത്തിന് അതീതരല്ല. ഒരുപക്ഷേ ക്രൂരമായ വിമർശനത്തിന് മാധ്യമങ്ങൾ വിധേയരാകണമെന്നാണ് എന്റെ അഭിപ്രായം. മാധ്യമങ്ങളുടെ ഉള്ളിൽ നയരൂപീകരണത്തിന് സമൂഹത്തെ ബോധ്യപ്പെടുത്തുന്ന തരത്തിലുള്ള എഡിറ്റോറിയൽ സമിതികളുണ്ടാകണം. മാധ്യമങ്ങൾക്ക് സ്വന്തം ഓംബുഡ്സ്മാൻ ഉണ്ടാവണം. നൽകിയ വാർത്ത തെറ്റാണെന്ന് ബോധ്യപ്പെട്ടാൽ അത് തിരുത്തി നൽകാനുള്ള ഔചിത്യം മാധ്യമങ്ങൾ കാണിക്കണം. മാധ്യമങ്ങൾക്ക് കൊമ്പൊന്നുമില്ല. കൊമ്പുണ്ട് എന്ന നാട്യം തന്നെ അശ്ലീലമാണ്.


അഭിലാഷ് മോഹൻ : മാധ്യമങ്ങളെ വിശുദ്ധ പശുക്കളായി ഇപ്പോൾ ആരും കരുതാറില്ല. വിമർശിക്കുന്നവരാണ് മാധ്യമങ്ങൾ. അവർ ഓഡിറ്റ് ചെയ്യപ്പെടുന്നതും വിമർശിക്കപ്പെടുന്നതും സ്വാഭാവികമാണ്. മാധ്യമങ്ങളുടെ സമീപനം, പക്ഷപാതിത്വം ഒക്കെ വിമർശനാത്മകമായി ആളുകൾ ചൂണ്ടിക്കാട്ടുന്നതിനെ തെറ്റുപറയാൻ കഴിയില്ല. മാധ്യമങ്ങൾ പറയുന്നതെല്ലാം നൂറു ശതമാനം ശരിയാണെന്നോ മാധ്യമപ്രവർത്തകർ ബയാസുകൾക്ക് അതീതരാണെന്നോ അല്ലല്ലോ നമ്മുടെ അനുഭവം. പിന്നെ കേരളം രാഷ്ട്രീയമായി ധ്രുവീകരിക്കപ്പെട്ട സമൂഹമാണ്. തങ്ങൾക്ക് ഹിതകരമല്ലാത്തത് പറയുന്നവർ ശത്രുക്കളാണ് എന്ന സമീപനം പുലർത്തുന്നവർ നിരവധിയാണ്. അനിഷ്ടമുള്ള മാധ്യമപ്രവർത്തകരെ ആൾക്കൂട്ട ആക്രണത്തിന് വിധേയമാക്കുന്ന രീതിയാണ് ഇപ്പോൾ നടക്കുന്നത്. വിമർശനങ്ങളോട് യോജിക്കാം, പക്ഷേ സൈബർ മോബ് ലിഞ്ചിങ്ങിനെ ജനാധിപത്യ അവകാശങ്ങളുടെ പട്ടികയിൽ പെടുത്താനാകില്ല.


ധന്യ രാജേന്ദ്രൻ: രണ്ടുതരം മാധ്യമ വിമർശനമാണ് പൊതുവായി കാണുന്നത്. ഒന്ന്, മാധ്യമങ്ങൾക്ക് പറ്റുന്ന തെറ്റ്, അത് ചൂണ്ടിക്കാട്ടുന്ന ഒരുപാട് ആൾക്കാരുണ്ട്. അത് ഫെയ്​ക്ക്​ ന്യൂസ് ആവാം, ഒരുവാർത്ത പെട്ടെന്ന് കൊടുക്കുന്ന തിരക്കിൽ തെറ്റായി കൊടുത്തതാവാം, അല്ലെങ്കിൽ സോഴ്സ് ശരിക്കും പരിശോധിക്കാതെ രണ്ട് സോഴ്സിനോട് ചോദിക്കാതെ കൊടുത്തവാർത്തയാവാം. അത് കണ്ട് റിയാക്ട് ചെയ്യുന്ന ഒരുപാട് ആളുകളുണ്ട്. അവരുടെ വിമർശനം രണ്ടുതരത്തിലായിരിക്കാം. ഒന്ന്, വളരെ ബാലൻസ്ഡ് ആയ വിമർശനം. രണ്ട്, ഇന്റർനെറ്റിൽ ആളുകളുടെ ഇടപെടൽ നമുക്ക് നിയന്ത്രിക്കാൻ സാധിക്കില്ലല്ലോ. അപ്പോൾ അത് അബ്യൂസിവാകാം, ഹരാസ് ചെയ്തേക്കാം. അല്ലെങ്കിൽ വളരെ മോശമായ രീതിയിൽ വിമർശിക്കുന്ന ആളുകളുണ്ട്. ഇതാണ് ഒന്നാമത്തെ വിമർശനം. അതായത് മാധ്യമങ്ങളുടെ ഭാഗത്തുനിന്നുണ്ടായ പിഴവിനോടുളള പ്രതികരണം എന്ന രീതിയിൽ.

രണ്ടാമത്തെ വിഭാഗം മീഡിയ എന്തു ചെയ്താലും അത് ശരിയായാലും ശരി, തെറ്റായാലും ശരി അവരെ വിമർശിച്ചേ അടങ്ങൂ. അവരുടെ ക്രഡിബിലിറ്റിയെ ചോദ്യം ചെയ്ത് ആ ക്രഡിബിലിറ്റിയെ ഇല്ലാതാക്കുകയെന്ന ഒരേയൊരു ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഒരുകൂട്ടം ആൾക്കാർ. ഇതിൽ മിക്കവാറും രാഷ്ട്രീയ പാർട്ടികളാണ്. ഉദാഹരണത്തിന് എത്രയോ വർഷങ്ങളായി, എനിക്കു തോന്നുന്നത് 2014ന് മുമ്പുതന്നെ ബി.ജെ.പി തുടങ്ങിവെച്ച പ്രചാരണമാണ് മാധ്യമങ്ങൾക്ക് ക്രഡിബിലിറ്റിയില്ല, മാധ്യമങ്ങൾ പറയുന്നത് വിശ്വസിക്കരുത് എന്ന ഒരു നരേറ്റീവ്. അതിപ്പോൾ പല സംസ്ഥാനങ്ങളിലും അവിടെയുള്ള പ്രാദേശിക പാർട്ടികൾ ചെയ്യാൻ തുടങ്ങി. അങ്ങനെ ആർക്കൊക്കെയാണോ മാധ്യമങ്ങളോട് പ്രശ്നം അവർ മാധ്യമങ്ങളെ എതിർക്കാൻവേണ്ടി ക്രഡിബിലിറ്റി ക്രൈസിസ് ഉണ്ടാക്കുക. ഇത് ഇന്ത്യയിൽ മാത്രമുള്ള പ്രവണതയല്ല, ലോകത്തിൽ എല്ലായിടത്തും നമ്മൾ കണ്ടുകൊണ്ടിരിക്കുന്ന കാര്യമാണ്. മീഡിയയുടെ ക്രഡിബിലിറ്റി ഒന്നടങ്കം ചോദ്യം ചെയ്യുക, ഒന്നടങ്കം മീഡിയയ്ക്ക് ക്രഡിബിലിറ്റി ഇല്ല എന്നു വരുത്തിവെയ്ക്കുക, അങ്ങനെയാണെങ്കിൽ സത്യം റിപ്പോർട്ടു ചെയ്യുമ്പോഴും ജനങ്ങൾ സംശയിക്കും, ഇല്ല ഇവരെ വിശ്വസിക്കാൻ പറ്റില്ലയെന്ന്. ഡൊണാൾഡ് ട്രംപ് മുതൽ ലോകമെമ്പാടുമുള്ള ഒരുപാട് നേതാക്കൾ ഇങ്ങനെ ചെയ്തുവരുന്നത് നമ്മൾ കാണുന്നുണ്ട്.


ടി.എം. ഹർഷൻ: വിമർശനം പുതിയ കാര്യമല്ല. വാർത്ത അറിയിക്കുന്നതിനൊപ്പം സിസ്റ്റത്തോടുള്ള വിമർശനം കൂടിയാണല്ലോ മാധ്യമങ്ങളും മാധ്യമപ്രവർത്തകരും നിരന്തരം നടത്തുന്നത്. അതുകൊണ്ട് മാധ്യമങ്ങളുടെ വിമർശനവും വിമർശനങ്ങളോടുള്ള പ്രതിഷേധവും എല്ലാക്കാലവും സംഭവിച്ചുകൊണ്ടേയിരിക്കും. പൊതുബോധനിർമ്മിതിയുടെ ഉപകരണമായി പ്രവർത്തിക്കുന്ന മാധ്യമങ്ങൾ നിരുത്തരവാദപരമായി പെരുമാറിയാൽ മാധ്യമങ്ങളോടുള്ള വിമർശനവും രൂക്ഷമാവും. പക്ഷേ പിഴവുകളോ വീഴ്ചയോ ഭിന്നതാൽപര്യമോ മുൻനിറുത്തി ശാരീരികമോ മാനസികമോ ആയി ആക്രമിക്കുന്നത് ശരിയല്ല. മോശം ജേർണലിസം എന്നൊന്നുണ്ടെന്നത് മാധ്യമലോകം തന്നെ അംഗീകരിച്ച വസ്തുതയാണ്. മാധ്യമപ്രവർത്തകരെ ആക്രമിച്ചതുകൊണ്ട് അതില്ലാതാവാൻപോകുന്നില്ല.
സത്യാനന്തരകാലം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇക്കാലത്ത് വസ്തുതയ്ക്കും യുക്തിയ്ക്കുമപ്പുറം വൈകാരികതയ്ക്കും ജിങ്കോയിസത്തിനുമാണ് പ്രാധാന്യം കിട്ടുന്നത്.

മാധ്യമപ്രവർത്തനം എന്നത് മാർക്കറ്റിന്റെ താൽപര്യം കൂടിയാവുമ്പോൾ എല്ലാ വാർത്തയ്ക്കും ഏതെങ്കിലും ഒരു മാധ്യമത്തെ മാത്രം ആശ്രയിക്കുന്നതും വിശ്വസിക്കുന്നതും അബദ്ധമാവുമെന്ന ബോധ്യം പതിയെപ്പതിയെ ജനങ്ങളിൽ പരുവപ്പെട്ടുതുടങ്ങിയിട്ടുണ്ട്. സാർവ്വദേശീയതലത്തിൽത്തന്നെ ജനാധിപത്യം സങ്കൽപാതീതമായ പരിണാമത്തിനോ മൂല്യച്യുതിക്കോ വിധേയമാകുന്ന കാലത്ത് ജനാധിപത്യത്തിന്റെ നാലാംതൂണ് എന്ന വിശേഷണത്തിന്റെ ആനുകൂല്യം പറ്റാൻ എത്ര മാധ്യമങ്ങൾക്ക് അവകാശമുണ്ട് എന്നതും സ്വയംവിമർശനപരമായി വിലയിരുത്തപ്പെടേണ്ടതാണ്.

രണ്ടുതരം ആക്രമണങ്ങളാണ് മാധ്യമപ്രവർത്തകർ നേരിടുന്നത്. ഒന്ന്,

ഭരണകൂടത്തിന്റെ പ്രൊപ്പഗാൻഡയ്ക്ക് എതിരേ നീന്താൻ തീരുമാനിക്കുമ്പോൾ ഉണ്ടാവുന്ന ആക്രമണം. മാധ്യമങ്ങളുടെ നിലനിൽപ് തന്നെ തകരാറിലാവുന്ന സാഹചര്യമാണത്. ഡൽഹിയിൽ കാരവാൻ മാഗസിനിലെ മാധ്യമപ്രവർത്തകർ ആക്രമിക്കപ്പെട്ടതാണ് ഒടുവിലെ ഉദാഹരണം. രണ്ടാമത്തേത് ഭരണകൂടഭീഷണിക്കോ പ്രലോഭനത്തിനോ വശംവദരായ മാധ്യമങ്ങൾ പ്രൊപ്പഗാൻഡാ മെഷീനായി പ്രവർത്തിച്ചുതുടങ്ങുമ്പോഴുള്ള പ്രതിഷേധമാണ്. ഈ പ്രതിഷേധത്തെ പ്രതിരോധിക്കാനും രക്ഷപ്പെടാനുമുള്ള കരുത്തും തന്ത്രവും തൽക്കാലം മാധ്യമങ്ങൾക്കുണ്ട്. പോരാത്തതിന് പ്രൊപ്പഗാൻഡിസ്റ്റുകളുടെ പിന്തുണയും ഇത്തരം മാധ്യമങ്ങൾക്ക് നിർലോഭം ലഭിക്കും.
രണ്ട് തരം ആക്രമണങ്ങൾക്കും നൂറുനൂറുദാഹരണങ്ങൾ ചൂണ്ടിക്കാട്ടാനുണ്ട്. എന്തായാലും ഈ കാലം മാധ്യമങ്ങൾക്ക് വെല്ലുവിളികളുടേതാണ്. ഇതിൽ ഏതുതരം ആക്രമണമാണ്, വിമർശനമാണ് നേരിടേണ്ടത് എന്നത് മാധ്യമങ്ങളുടെ ചോയ്‌സാണ്. ഈ രണ്ടുതരം ആക്രമണങ്ങൾക്കും നവമാധ്യമകാലത്ത് കൂടുതൽ പ്രഹരശേഷിയുണ്ട് എന്നത് മറ്റൊരു കാര്യം.


ജോൺ ബ്രിട്ടാസ്: മാധ്യമങ്ങളും മാധ്യമപ്രവർത്തകരും വർദ്ധിച്ച തോതിൽ വിമർശനത്തിന് വിധേയരായി കൊണ്ടിരിക്കുന്ന കാലഘട്ടമാണ്. ഇത് അനിവാര്യതയാണ്. മറ്റ് ഏത് മേഖലയും വിമർശനത്തിനും വിചാരണക്കും വിധി എഴുത്തിനും വിധേയമാകണമെന്ന് നമ്മൾ ശഠിക്കുമ്പോൾ നമ്മുടെ രംഗം മാത്രം ഇതിനൊക്കെ അതീതമാണെന്ന് ചിന്തിക്കുന്നതിൽ തന്നെ ഒട്ടേറെ അപാകതകൾ ഉണ്ട്. മാധ്യമ മേഖലയെ മറ്റൊരു വ്യവസായമായി മാത്രം കാണാൻ കഴിയില്ല. മനസ്സിന്റെ വ്യവസായം ആണ് ഈ രംഗം. സാമൂഹിക-രാഷ്ട്രീയ-സാംസ്‌കാരിക പ്രതലങ്ങളെ മാറ്റി മറിക്കാൻ കെൽപുള്ള ഈ മനസ്സിന്റെ വ്യവസായം നിരന്തരമായ പരിശോധനകൾക്ക് വിധേയമാകണം എന്നാണ് എന്റെ അഭിപ്രായം.


ജോണി ലൂക്കോസ്​: മാധ്യമങ്ങൾ എന്തുകൊണ്ട്​ വിമർശിക്കപ്പെടുന്നു എന്നു ചോദിച്ചാൽ ചിന്താശേഷിയുള്ള ഒരു സമൂഹത്തിൽ ഇത്തരം വിമർശനങ്ങൾ സ്വാഭാവികമാണ് എന്നാണ് ഉത്തരം. ആരോഗ്യകരമായ മാധ്യമ സാമൂഹിക സംവാദം ഗുണകരണമാണ്. Personal vendetta, Political vendetta എന്നീ ഗണങ്ങളിൽ പെടാത്തിടത്തോളം ഏതു വിമർശനവും സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. സ്വന്തം അഭിപ്രായത്തിന് എന്നതുപോലെ വിരുദ്ധ അഭിപ്രായത്തിനും മൂല്യം കൽപ്പിക്കുക എന്നതാണ് ജനാധിപത്യത്തിന്റെ സത്ത. പക്ഷേ വിരുദ്ധ അഭിപ്രായത്തിന് കുറച്ചെങ്കിലും മൂല്യം കൽപ്പിക്കുന്നതിനപ്പുറത്ത് പറയരുത് എന്ന നിലയിലേക്ക് അസഹിഷ്ണുത നമ്മെ കൊണ്ടെത്തിച്ചു. നിങ്ങൾ പറയൂ ഞങ്ങൾ മറുപടി പറയാം എന്നല്ല, നിങ്ങൾ പറയേണ്ട എന്നാണ് പറയുന്നത്. ഈ വിരുദ്ധ അഭിപ്രായങ്ങളുടെ ഏറ്റുമുട്ടലിനു വേദിയാവുന്ന മാധ്യമങ്ങളെ സന്ദർഭത്തിനും ആവശ്യത്തിനും അനുസരിച്ച് ഒരുഭാഗത്ത് ചേർത്തുനിർത്തി വിമർശിക്കുക എന്നതാണ് ഇന്നു കാണുന്ന ഒരു പൊതുപ്രവണത. അങ്ങനെയാണ് വിമർശനം വ്യക്തിപരമായ അധിക്ഷേപത്തിലേക്കും കുടുംബത്തെ അവഹേളിക്കലിലേക്കും നീങ്ങുന്നത്. സമൂഹമാധ്യമങ്ങളിലൂടെ ചില മാധ്യമപ്രവർത്തകർ പരസ്യനിലപാട് എടുക്കുന്നതും ചിലർ മര്യാദകേട് എന്നു തോന്നിപ്പിക്കുന്നവിധത്തിൽ ഇടപെടുന്നതും വിമർശനത്തിന് വഴിവയ്ക്കുന്നുണ്ട്.


ജോസി ജോസഫ്: പോസ്റ്റ് ലിബറലൈസ്ഡ് വേൾഡിൽ കഴിഞ്ഞ മുപ്പതുവർഷമായി നമ്മുടെ മാധ്യമങ്ങൾ ഉണ്ടാക്കിവെച്ച ഒരു മോഡലുണ്ട്. പരസ്യവരുമാനത്തെ ആശ്രയിച്ചുള്ള ജേണലിസം മോഡൽ. പരസ്യക്കാർ വഴി ലഭിക്കുന്ന വരുമാനത്തിൽ നിന്നാണ് നമ്മുടെ എല്ലാ മാധ്യമ കമ്പനികളും പ്രവർത്തിക്കുന്നത്. സബ്‌സ്‌ക്രിപ്ഷൻ റവന്യൂ വളരെ ചെറിയ തുക മാത്രമാണ്. ഈ മോഡലിൽ, എക്‌സ്‌പെൻസീവായ റിഗറസ് ജേണലിസം ചെയ്യാനുള്ള ഓപ്ഷൻ ഇല്ല. അതിനു പകരം നമ്മൾ കണ്ടുപിടിച്ച രണ്ടുമൂന്ന് കോൺസെപ്ടുകൾ ഉണ്ട്. ഒന്ന്, പ്രിന്റിലാണെങ്കിൽ ഗവൺമെന്റിന്റെയും പൊളിറ്റിക്കൽ ക്ലാസിന്റെയും സ്റ്റേറ്റ്‌മെന്റുകൾ റീഹാഷ് ചെയ്യുന്ന രീതിയിലുള്ള ഒരു തരം റിപ്പോർട്ടിങ്. ടിവിയിലാണെങ്കിൽ സ്റ്റുഡിയോ ചർച്ചകളും ബ്രെയ്ക്കിങ് ന്യൂസ് എന്ന പേരിലുള്ള ബൈറ്റ് ജേണലിസവും കൂടിയാണ്. ലോകത്തിലെവിടെയും ചെയ്യാവുന്ന ഏറ്റവും ചെലവുകുറഞ്ഞ മാധ്യമപ്രവർത്തന മോഡൽ ഇതാണ്. ഈ രണ്ടു മോഡൽ വെച്ചുകൊണ്ടുള്ള ബിസിനസാണ് നടന്നുകൊണ്ടിരിക്കുന്നത്. At best we are drafting the first version of the propaganda of the governments or corporations. We definitely are not writing the first draft of history.

ആർതർ മില്ലർ പറഞ്ഞതുപോലെ, A good newspaper is a nation talking to itself എന്നതാണ് മീഡിയ എങ്കിൽ We are definitely not talking to the nation, we are talking down at them, screaming at them, and drilling shrill propaganda and our own gloated egos into the masses. ഈ ഒരു മോഡൽ എല്ലാ ഭാഷയിലും എല്ലായിടത്തുമുണ്ട്. കേരളത്തിൽ അത് വളരെ ശക്തമായിട്ടും വ്യക്തമായിട്ടും കാണാവുന്ന മോഡലാണ്. ഞാൻ കണ്ടിരിക്കുന്ന, വളരെ കുറഞ്ഞ മലയാളം ടി.വി ന്യൂസുകളിൽപോലും ശ്രദ്ധിച്ച ഒരു കാര്യം, ടി.വി ഡിബേറ്റ് എന്നു പറയുന്നത് ഒരു ആർട്ടിഫിഷൽ ടെൻഷൻ ഉണ്ടാക്കി ആങ്കർ ഒരു മോറൽ ജഡ്ജ്‌മെന്റ് പാസാക്കി, അത്​ കണ്ടിരിക്കുന്ന സാധാരണക്കാരെ, അവർ എന്തോ വലിയ മോറൽ വിക്ടറി നേടിയതുപോലുള്ള പ്രതീതി ഉണ്ടാക്കുന്ന ഒരു ഡ്രാമയാണ് നടക്കുന്നത്. മലയാളത്തിലും ഹിന്ദിയിലും ഇംഗ്ലീഷിലുമൊക്കെ ഇതുതന്നെയാണ് അവസ്ഥ. അതുകൊണ്ട് ജനങ്ങൾ നമ്മളെ, മാധ്യമപ്രവർത്തനത്തെ രൂക്ഷമായി വിമർശിക്കുന്നതിൽ യാതൊരുവിധ തെറ്റുമില്ല.


കെ.ജെ. ജേക്കബ്​: ക്രൂരമായി വിമർശിക്കപ്പെടുന്നു എന്ന ഒരു തോന്നലും എനിക്കില്ല. ആളുകൾക്ക് വിവരങ്ങൾ എത്തിച്ചുകൊടുക്കുക എന്ന പണിയാണ് മാധ്യമങ്ങളുടേത്. ജനാധിപത്യത്തിൽ ആ വിവരങ്ങൾകൂടി വെച്ചാണ് ജനങ്ങൾ തീരുമാനമെടുക്കുന്നത്; അതുകൊണ്ട് അങ്ങേയറ്റം ഉത്തരവാദിത്തത്തോടെ ചെയ്യേണ്ട ഒരു പണി. അതിനു ചില പ്രോസസ്സുകളുണ്ട്. അതിനിടയിൽ ചിലപ്പോൾ തെറ്റുപറ്റാം. പക്ഷെ അതിനപ്പുറം ഒരു അജണ്ട വെച്ച് സംഭവങ്ങളെ സമീപിക്കുകയും നീതിപൂർവകമായ വിലയിരുത്തൽ നടത്താതിരിക്കുകയും സമൂഹത്തിന്റെ മുൻഗണനകളെ മാറ്റിമറിക്കാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ സമൂഹം പ്രതികരിച്ചു എന്നിരിക്കും. അത് ജീവനുള്ള ഒരു സമൂഹത്തിന്റെ സ്വഭാവമാണ്.


കെ.പി സേതുനാഥ്: മാധ്യമങ്ങളും, മാധ്യമപ്രവർത്തകരും നേരിടുന്ന ആക്രമണങ്ങളെ കഴിഞ്ഞ ആറേഴ് കൊല്ലങ്ങളായി ഇന്ത്യൻ സമൂഹത്തിൽ വർദ്ധിച്ചു വരുന്ന അക്രമത്തിന്റെ പശ്ചാത്തലത്തിലാണ് വിലയിരുത്താനാവുക. ഭരണകൂടത്തിന്റെയും, അതുമായി ബന്ധപ്പെട്ടു നിൽക്കുന്ന കക്ഷികളുടെയും ഭാഗത്തുനിന്നുള്ള അക്രമത്തിന്റെ സൂചികയിൽ ഗണ്യമായ വർദ്ധനയാണ് ഇക്കാലയളവിൽ ഉണ്ടായിട്ടുള്ളത്. അക്രമത്തിന്റെ രൂപത്തിലും ഭാവത്തിലുമെല്ലാം ഈ മാറ്റങ്ങൾ ശ്രദ്ധേയമാണ്. അക്രമത്തിന്റെ ഈ വേലിയേറ്റം മാധ്യമമേഖലയിലും സ്വാഭാവികമാണ്. മാധ്യമമേഖലയിലെ അക്രമം കുറച്ചുകൂടി സങ്കീർണ്ണമാണ് എന്നൊരു വ്യത്യാസം മാത്രം. വിവിധ രീതികളിലാണ് അവ പ്രത്യക്ഷപ്പെടുന്നത്. മാധ്യമീകൃതമെന്നു പൊതുവെ വിവക്ഷിക്കപ്പെടുന്ന വിവരവിനിമയ മേഖലയുടെ ഇപ്പോഴത്തെ മുഖമുദ്രയായ ആരോപണ-പ്രത്യാരോപണങ്ങളും, അപകീർത്തിപ്പെടുത്തലുകളുമാണ് ഒരു രീതി. അത്തരമൊരു മാധ്യമസംസ്‌ക്കാരം രൂപപ്പെടുത്തുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചവർ എന്ന നിലയിൽ ഒരു പരിധിവരെ മാധ്യമപ്രവർത്തകർ തന്നെയാണ് അത്തരത്തിലുള്ള അക്രമങ്ങളുടെ ഉത്തരവാദികൾ. അതിൽ നിന്നും തികച്ചും ഭിന്നമാണ് ഭരണകൂടം പ്രത്യക്ഷമായും, പരോക്ഷമായും നടപ്പിലാക്കുന്ന അക്രമം. ആക്രമണോത്സുകമായ രാഷ്ട്രീയ ഹൈന്ദവികത അധികാരത്തിലെത്തിയ ശേഷമാണ് ഇത്തരത്തിലുള്ള ആക്രമണം ഗണ്യമായി ഉയർന്നത്. തൊഴിൽനിഷേധം മുതൽ ശമ്പളം നിഷേധം വരെ മാധ്യമ മുതലാളിമാരിൽ നിന്ന്​ നേരിടുന്ന അക്രമവും ഒട്ടും ചെറുതല്ല. മാധ്യമ പ്രവർത്തകരെ സംബന്ധിച്ച് ​അവസാനം പറഞ്ഞ രണ്ടു കാര്യങ്ങളാണ് ഏറ്റവും അപകടകരം.


എം. സുചിത്ര : ആരും വിമർശനത്തിന് അതീതരല്ല. മാധ്യമസ്ഥാപനങ്ങളും (മാധ്യമപ്രവർത്തകരും) വിമർശിക്കപ്പെടുക തന്നെ വേണം, മറ്റേതുസ്ഥാപനത്തെയും പോലെ, മറ്റേതു തൊഴിൽമേഖലയെയും പോലെ. ഒരുപക്ഷേ, അതിലും കൂടുതൽ. കാരണം, ജനാധിപത്യത്തെ താങ്ങിനിർത്തുന്ന നാലാമത്തെ തൂണ്​ എന്നു വിശേഷിപ്പിക്കപ്പെടുന്ന ഒന്നാണല്ലോ മീഡിയ. സത്യവും യാഥാർഥ്യവും അന്വേഷിച്ചു കണ്ടെത്തി അത് ഭയമേതുമില്ലാതെ ലോകത്തോടു പറയുക എന്നതാണ് മാധ്യമധർമ്മം എന്നാണെന്റെ വിശ്വാസം. പല ആംഗിളുകളിൽ നിന്ന് നമ്മൾ കാര്യങ്ങൾ മനസ്സിലാക്കേണ്ടി വരും. അത് പറയേണ്ടി വരും. സ്വതന്ത്രമായി നിന്നുകൊണ്ട്, ആരുടെയും സമ്മർദ്ദങ്ങൾക്കു വഴങ്ങാതെ സത്യം പറയാൻ കഴിയണം.

എന്നാൽ, ആ ധർമ്മം ഇപ്പോൾ മാധ്യമങ്ങൾ പാലിക്കുന്നുണ്ടോ? മാധ്യമങ്ങൾ എന്നു പറയുമ്പോൾ മാധ്യമസ്ഥാപനം നടത്തുന്നതാര്, അതിന്റെ നിക്ഷിപ്ത താൽപര്യം എന്ത് എന്നൊക്കെ ആലോചിക്കേണ്ട അവസ്ഥയാണ് നിലവിലുള്ളത്. സ്ഥാപനം നടത്തുന്നത് രാഷ്ട്രീയ പാർട്ടികളായിരിക്കാം, മതസംഘടനകളായിരിക്കാം, കോർപറേറ്റ് കമ്പനികളായിരിക്കാം. ഓരോന്നിനും അവരുടേതായ താൽപര്യങ്ങളുണ്ടായിരിക്കും. ഓരോ മാധ്യമസ്ഥാപനത്തിലും ജോലിചെയ്യുന്നവർ എത്ര സത്യസന്ധരായാലും തൊഴിലിനോട് കൂറുപുലർത്തുന്നവരായാലും മാനേജ്മെന്റിന്റെ താൽപര്യങ്ങളുടെ നാലുചുമരുകൾക്കുള്ളിൽ നിന്നുകൊണ്ടുമാത്രമേ ജോലിചെയ്യാൻ പറ്റൂ. അല്ലാത്തവർക്ക് പുറത്തുപോകേണ്ടിവരും. മാധ്യമ മുതലാളിമാർക്കും മാധ്യമപ്രവർത്തകർക്കുമിടയിൽ നിലനിൽക്കുന്ന സംഘർഷം പലപ്പോഴും പുറംലോകം അറിയുന്നത് ചിലർ രാജിവച്ചു പുറത്ത് പോകുമ്പോഴായിരിക്കും.

മാധ്യമ ധർമത്തെപ്പറ്റി നമ്മൾ എത്രതന്നെ പുകഴ്​ത്തിപ്പറഞ്ഞാലും അത് നിറവേറ്റാൻ പറ്റുന്ന സാഹചര്യം നിലവിലുണ്ടോ എന്നു നോക്കേണ്ടതുണ്ട്. അങ്ങേയറ്റം കോർപറേറ്റ്​വൽക്കരിക്കപ്പെട്ട വ്യവസായമാണ് ഇപ്പോൾ മീഡിയ. ലാഭമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഒരു വ്യവസായം. ലാഭം മാത്രമല്ല, പലതരം സങ്കുചിത താല്പര്യങ്ങൾ മാധ്യമസ്ഥാപനങ്ങൾക്കുണ്ട്. അതു മതവിശ്വാസമാകാം, കക്ഷിരാഷ്ട്രീയമാകാം, ഭൂരിപക്ഷ വർഗീയതയാവാം, ന്യൂനപക്ഷവർഗീയതയാവാം. സാമൂഹ്യപ്രതിബദ്ധത, ഉള്ളടക്കത്തിന്റെ സത്യസന്ധത എന്നതൊന്നുമല്ല ഇപ്പോൾ കാര്യങ്ങൾ നിർണയിക്കുന്നത്. പരസ്യം, വരുമാനം ഇതൊക്കെയാണ്. പരസ്യദാതാക്കളും മാധ്യമങ്ങളും തമ്മിലുള്ള ബന്ധം വളരെയേറെ മാറിയിരിക്കുന്നു. ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ ഇവർക്കിടയിലുള്ള ബന്ധം ഇപ്പോഴത്തേതു

മാതിരിയായിരുന്നില്ല. പരസ്യക്കാർ പണം നൽകി പരസ്യം കൊടുക്കും. അവ പ്രസീദ്ധീകരിക്കുമ്പോഴും മാധ്യമങ്ങൾ എഡിറ്റോറിയൽ സ്വാതന്ത്ര്യം നിലനിർത്തിയിരുന്നു. എന്നാൽ 1970 കൾ മുതൽ ആ ബന്ധത്തിന്റെ സ്വഭാവത്തിൽ മാറ്റം വന്നുതുടങ്ങി. പരസ്യക്കാർ കൂടുതൽ പിടിമുറുക്കിത്തുടങ്ങി. നിങ്ങൾ ഇന്ന വാർത്ത ഇന്ന രീതിയിൽ കൊടുത്തില്ലെങ്കിൽ ഞങ്ങൾ പരസ്യം തരില്ല എന്ന നിലപാട്. പിന്നീട് പെയ്ഡ് ന്യൂസായി. അതും കഴിഞ്ഞ്​ മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസ് പോലുള്ള വ്യവസായ സ്ഥാപനങ്ങൾ മാധ്യമരംഗം കീഴടക്കുന്ന കാഴ്ച നാം കാണുന്നു. കോർപറേറ്റ് കമ്പനികളും ഭരണകർത്താക്കളും തമ്മിലുള്ള ശക്തമായ കൂട്ടുകെട്ട് രഹസ്യമല്ല. തിരഞ്ഞെടുപ്പിന് പണം മുടക്കുന്നത് മുതൽ ഏതു നയം രൂപീകരിക്കണമെന്നതുവരെ തീരുമാനിക്കുന്നത് ഈ കമ്പനികളായിരിക്കും. അവർക്കു കീഴിലുള്ള മാധ്യമസ്ഥാപനങ്ങൾ ഭരണകൂടത്തിനു സ്തുതിഗീതം പാടും. ഇവരുടെയൊക്കെ കീഴിലുള്ള മാധ്യമസ്ഥാപനങ്ങളിൽ തൊഴിലെടുക്കുന്നവർക്ക് എത്രമാത്രം പ്രവർത്തന സ്വാതന്ത്ര്യമുണ്ടാകും?

രാഷ്ട്രീയ-കോർപറേറ്റ് മാഫിയക്കെതിരെ ശബ്ദമുയർത്തുന്ന മാധ്യമപ്രവർത്തകരുടെ ജീവൻ അപകടത്തിലാണ്. 1992 നും 2020 നും ഇടയ്ക്ക് ഇന്ത്യയിൽ 51 മാധ്യമപ്രവർത്തകർകൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് കമ്മിറ്റി റ്റു പ്രൊട്ടക്ട് ജേണലിസ്‌റ്‌സ് എന്ന അന്താരാഷ്ട്രസംഘടന പ്രസിദ്ധീകരിച്ച സ്ഥിതിവിവരക്കണക്ക്. ഇവരിൽ ഭൂരിഭാഗവും ഭൂ-ഖനനമാഫിയകൾക്കെതിരെയും പരിസ്ഥിതി നാശത്തിനുമെതിരെയും സ്വരമുയർത്തിയവരാണ്.

മാധ്യമങ്ങൾക്കു മേലുള്ള ഭരണകൂടത്തിന്റെ സമ്മർദ്ദവും മുമ്പെന്നത്തെക്കാളുമേറെ വർധിച്ചിട്ടുണ്ട് ഇപ്പോൾ. ഫാസിസത്തിനെതിരെ ശബ്ദമുയർത്തുമ്പോൾ ഗൗരി ലങ്കേഷിനെപ്പോലുള്ള മാധ്യമപ്രവർത്തകർ കൊലചെയ്യപ്പെടുന്നു. കശ്മീരിൽ മാധ്യമപ്രവർത്തകർ വലിയ രീതിയിൽ പീഡിപ്പിക്കപ്പെടുന്നുണ്ട്. കഴിഞ്ഞ ഏപ്രിലിൽ മസ്റത് സഹ്റ, ഗൗഹർ ഗീലാനി എന്നീ രണ്ട് ജേണലിസ്റ്റുകൾ UAPA ക്കു കീഴിൽ അറസ്റ്റിലായിട്ടുണ്ട്. അവർ ആന്റി- നാഷണൽ പ്രവർത്തങ്ങളിൽ ഏർപ്പെട്ടു എന്നാണാരോപണം.

പൗരത്വ നിയമത്തിനെതിരെ പ്രക്ഷോഭം നടന്ന സമയത്ത് കേരളത്തിലെ രണ്ടു വാർത്താചാനലുകളുടെ പ്രക്ഷേപണം മണിക്കൂറുകളോളം കേന്ദ്രസർക്കാർ നിർത്തിച്ചത് ഓർമ്മയില്ലേ? മാധ്യമ സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ ഇന്ത്യ 140ാം സ്ഥാനത്താണ് എന്നാണ് കഴിഞ്ഞ മെയ് മാസത്തിൽ Reporters Without Borders എന്ന അന്താരാഷ്ട്രസംഘടന 180 രാജ്യങ്ങളിൽ നടത്തിയ പഠനത്തിൽ പറയുന്നത്.

അതേസമയം, ഇന്ത്യൻ മാധ്യമരംഗം വലിയ രീതിയിൽ കാവിവൽക്കരിക്കപ്പെടുന്നുണ്ട്. മുമ്പ് സെക്കുലർ എന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന പല പത്രങ്ങളുടെയും സ്വഭാവം മാറിയിട്ടുണ്ട്. അയോധ്യയിൽ ഈയിടെ നടന്ന രാമക്ഷേത്രശിലാന്യാസം ഭൂരിഭാഗം മാധ്യമങ്ങളും എങ്ങനെയാണ് റിപ്പോർട്ട് ചെയ്തത് എന്ന് നാം കണ്ടതാണല്ലോ. ബാബ്റി മസ്ജിദ് പൊളിച്ച സ്ഥലത്താണ് പള്ളി പണിയുന്നത് എന്ന് എത്ര മാധ്യമങ്ങൾ തുറന്നെഴുതി?

കോവിഡുമായി ബന്ധപ്പെട്ട് നമ്മുടെ രാജ്യത്ത് നിലവിൽവന്ന ലോക്ഡൗണിന്റെ പലതരം പ്രത്യാഘാതങ്ങൾ റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ വിവിധ സംസ്ഥാനങ്ങളിലായി അമ്പതിലേറെ മാധ്യമപ്രവർത്തകർ അറസ്റ്റു ചെയ്യപ്പെടുകയോ കേസുകളിൽ കുടുങ്ങുകയോ ഭീഷണികൾക്കു വിധേയരാവുകയോ ചെയ്തിട്ടുണ്ടെന്ന് ദൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന Rights and Risk Analysis Group (RRAG) കഴിഞ്ഞ ജൂണിൽ തയ്യാറാക്കിയ India: Media's Crackdown During Covid-19 Lockdown എന്ന റിപ്പോർട്ടിൽ പറയുന്നുണ്ട്.

ഇത്തരത്തിൽ സങ്കീർണമായ പ്രശ്‌നങ്ങൾ മാധ്യമങ്ങൾ അഭിമുഖീകരിക്കുന്നുണ്ട്. അതേസമയം, ഉള്ള സ്വാതന്ത്ര്യം പോലും വേണ്ട രീതിയിൽ വിനിയോഗിക്കാതിരിക്കുന്നുമുണ്ട്. പ്രശ്‌നങ്ങളിലേക്ക് ആഴത്തിൽ ചെല്ലുന്നില്ല. വിവാദങ്ങളുണ്ടാക്കുകയും വാർത്തകളെ സെൻസേഷണൽ ആക്കുകയും ചെയ്ത് റേറ്റിങ്ങും സർക്കുലേഷനും ലാഭവും വർധിപ്പിക്കുക. അത്രയേയുള്ളൂ. അങ്ങനെ വരുമ്പോൾ മാധ്യമങ്ങൾ വിമർശിക്കപ്പെടുന്നതിൽ എന്താണ് അത്ഭുതം?


എം.ജി.രാധാകൃഷ്ണൻ: ലോകമാകെയുള്ള മാധ്യമഗവേഷണപഠനങ്ങൾ കണ്ടെത്തുന്നത്, ഇത് വാർത്താമാധ്യമങ്ങളെ ഏറ്റവും വിമർശനവിധേയമാക്കുന്ന കാലമാണെന്നാണ്. അഞ്ച് നൂറ്റാണ്ട് പിന്നിട്ട ആധുനിക ബഹുജന മാധ്യമങ്ങളുടെ ചരിത്രത്തിൽ ഇന്നത്തെപ്പോലെ മാധ്യമങ്ങൾ ജനജീവിതത്തിൽ ഏറ്റവും അധികം സ്വാധീനം ചെലുത്തിയ കാലമുണ്ടായിട്ടില്ല. എന്നാൽ മാധ്യമങ്ങളിൽ ജനങ്ങളുടെ വിശ്വാസം ഏറ്റവും കുറഞ്ഞ കാലവും ഇതാണെന്നതാണ് വൈരുദ്ധ്യം. ഇതിന്റെ മുഖ്യകാരണം, മാധ്യമങ്ങളുടെ അമ്പരപ്പിക്കുന്ന ബാഹുല്യവും വൈവിദ്ധ്യവും തന്നെയാണ്. അച്ചടി മാധ്യമങ്ങളും ടെലിവിഷനും അടങ്ങുന്ന പരമ്പരാഗത മാധ്യമങ്ങൾക്ക് പുറമെ സാമൂഹ്യമാധ്യമങ്ങൾ കൂടി കടന്നുവന്നപ്പോൾ ഇത് പലമടങ്ങായി വർദ്ധിച്ചു. മാത്രമല്ല, നിയമങ്ങളും ആധികാരികതയും അടക്കം മാധ്യമപ്രവർത്തനത്തിൽ നിർബന്ധമായിരുന്നു. അടിസ്ഥാനപരമായ മാനദണ്ഡങ്ങൾ ഒന്നും ആവശ്യമില്ലാത്ത സാമൂഹ്യമാധ്യമലോകത്ത് ഏതൊരു വ്യക്തിക്കും കാഴ്ചപ്പാടിനും തുല്യമായ സാന്നിദ്ധ്യം ലഭിക്കുന്നു. അതോടെ വായനക്കാർക്കും കാഴ്ചക്കാർക്കും കേൾവിക്കാർക്കുമൊക്കെ മുന്നിൽ ഒരേ സമയം പല കാഴ്ചപ്പാടുകളും വ്യാഖ്യാനങ്ങളും വിശകലനങ്ങളും കുഴഞ്ഞ് കലങ്ങിമറിയുന്നു. ഓരോന്നിന്റെയും പിന്നിൽ സാമൂഹ്യവും സാമ്പത്തികവും സാംസ്‌കാരികവും ലിംഗപരവും പ്രാദേശികവും വർഗപരവും വംശപരവും ഒക്കെ ആയ താൽപ്പര്യങ്ങൾ അറിഞ്ഞോ, അറിയാതെയോ പ്രവർത്തിക്കുകയും ചെയ്യും. അതോടെ മിക്കപ്പോഴും കുറസോവയുടെ റാഷോമോണിലെപ്പോലെ ഒരേ സത്യത്തിന്റെ വൈവിദ്ധ്യവും വൈരുധ്യവും അനുവാചകന്റെ മുന്നിൽ ഒരേ പോലെ തുറക്കുന്നു. സ്വാഭാവികമായും സത്യത്തിന്റെ ഈ സങ്കീർണകാലം ഏതാനും മാധ്യമങ്ങൾ മാത്രമുണ്ടായിരുന്ന പഴയ ലളിതകാലത്തിൽ നിന്ന് മൗലികമായി വ്യത്യസ്തമാണ്. അതിനാൽ തന്നെ മുന്നിൽ വരുന്ന വാർത്തയെ വ്യക്തി വേദപുസ്തകം പോലെ കണ്ണും പൂട്ടി വിശ്വസിക്കുന്ന നിഷ്‌കളങ്കതയുടെ കാലം അസ്തമിച്ചതിൽ അത്ഭുതപ്പെടാനില്ല. "വസ്തുത പവിത്രമാണ്, അഭിപ്രായം സ്വതന്ത്രവും' എന്ന ഗാർഡിയൻ പത്രാധിപർ സി. പി. സ്നോയുടെ ആപ്തവാക്യം ഇന്നത്തെ മാധ്യമലോകത്ത് ന്യായമായും കാലഹരണപ്പെട്ടു കഴിഞ്ഞു.

എന്ത്, എന്ന് , എപ്പോൾ, എവിടെ, എങ്ങിനെ എന്ന അഞ്ച് "എകാരങ്ങൾ' ആയിരുന്നു വാർത്തകളിലുണ്ടാകേണ്ടതെന്നായിരുന്നു

മാധ്യമപാഠപുസ്തകങ്ങളിലെ പഴയ പാഠം. ഇന്ന് നാല് "എകാരങ്ങളും' അറിയാൻ ജനത്തിന് എത്രയോ മറ്റ് വഴികളുണ്ട്. അവർക്ക് ഇന്ന് മാധ്യമങ്ങളിൽ നിന്ന് അറിയേണ്ടത് "എങ്ങിനെ' എന്നതാണ്. അതിൽ കാഴ്ചപ്പാടും വ്യാഖ്യാനവും അഭിപ്രായവും ഒക്കെ ഉൾച്ചേരുക സ്വാഭാവികം.

മറ്റേതൊരു സാമൂഹ്യസ്ഥാപനവുമെന്ന പോലെ മാധ്യമങ്ങൾ വിമർശവിധേയമാകേണ്ടത് ജനാധിപത്യത്തിന്റെ നിലനിൽപ്പിന് അത്യന്താപേക്ഷിതമാണ്. സങ്കുചിതമായ മൂലധന-രാഷ്ട്രീയ-മത-സാമുദായിക പക്ഷപാതങ്ങൾ, മാധ്യമ വിചാരണ, കമ്പോള അടിമത്തം, സ്ത്രീവിരുദ്ധത, അന്ധവിശ്വാസം തുടങ്ങി പ്രതിലോമ മൂല്യങ്ങളുടെ പുനരുൽപ്പാദനം, വ്യക്തിയുടെ സ്വകാര്യതയിൽ കടന്നുകയറ്റം, ഇക്കിളി വാർത്തകളുടെയും സംഭ്രമാത്മകതയുടെയും ഒളിഞ്ഞുനോട്ടത്തിന്റെയും ആധിക്യം, മാധ്യമപ്രവർത്തകരിലെ ദളിതരുടെ അസാന്നിധ്യം എന്നിങ്ങനെ മാധ്യമങ്ങളുടെ വിമർശനവിധേയമാകേണ്ട വീഴ്ചകൾ ഏറെയുണ്ട്. പക്ഷെ വിമർശനം ഏറെയും സ്വന്തം സങ്കുചിതപക്ഷപാതങ്ങളുടെ അടിസ്ഥാനത്തിലായതുകൊണ്ട് തന്നെ അത് ഗൗരവത്തിലെടുക്കപ്പെടുന്നതിലോ ആത്മപരിശോധനയ്ക്ക് വഴിതുറക്കപ്പെടുന്നതിലോ പരാജയപ്പെടുകയാണ് ചെയ്യാറുള്ളത്. രാഷ്ട്രീയപ്പാർട്ടികളും അവയുടെ അനുയായികളും പ്രതിപക്ഷത്താകുമ്പോൾ മാധ്യമ സ്വാതന്ത്ര്യത്തിനു വേണ്ടി ശബ്ദമുയർത്തും. ഭരണത്തിലെത്തുമ്പോൾ വിമർശനം ഉയർത്തുന്ന മാധ്യമങ്ങളോട് കടുത്ത അസഹിഷ്ണുതയുടെ കെട്ടഴിക്കും. ഇത് ലോകമാകെ കാണുന്ന ദൃശ്യം. മാധ്യമവിമർശനം മിക്കപ്പോഴും അർത്ഥപൂർണമാകാതെ പോകുന്നത് ഇതിനാലാണ്. അർത്ഥപൂർണമാകുന്നില്ലെന്ന് മാത്രമല്ല , മുഖ്യധാരാ മാധ്യമങ്ങളുടെ വിശ്വാസ്യത റദ്ദാക്കാനുള്ള നിക്ഷിപ്ത താൽപ്പര്യം ജനാധിപത്യത്തിന് തന്നെ അപായകരമാണ്. ജനാധിപത്യത്തിന്റെ പേരിൽ അധികാരമേറിയ വലതുതീവ്രപക്ഷ ഭരണാധികാരികളിൽ പലരും -അമേരിക്കയിൽ ട്രംപും ബ്രസിലിൽ ബോത്സനാറോയും തുർക്കിയിൽ എർദോഗാനും ഇന്ത്യയിൽ മോദിയും - ചെയ്യുന്ന മാധ്യമവിമർശനത്തിന്റെ ലക്ഷ്യം മറ്റൊന്നല്ല. മുഖ്യധാരാമാധ്യമങ്ങളെ നിരന്തരം കടന്നാക്രമിക്കുകയും സാമൂഹ്യമാധ്യമങ്ങൾക്ക് മുഖ്യധാരാമാധ്യമങ്ങൾക്ക് മേൽ പ്രാധാന്യം നൽകുകയും ചെയ്യുന്ന തരം പ്രചാരണങ്ങൾ കേരളം പോലെയുള്ള ഇടങ്ങളിൽ പോലും രാഷ്ട്രീയകക്ഷികൾ ചെയ്യുന്നത് അവരെ ചോദ്യം ചെയ്യാനുള്ള ഇടങ്ങൾ ഇല്ലാതാക്കാൻ തന്നെയാണ്. ഈയിടെ കൊളംബിയൻ സർവകലാശാലയിലെ പ്രശസ്തമായ ജേണലിസം വകുപ്പിന്റെ പ്രസിദ്ധീകരണമായ "സി.ജെ.ആറി'ൽ പ്രൊഫസറായ മൈക്കൽ ഷഡ്സൺ എഴുതി: "ജനാധിപത്യവ്യവസ്ഥയിൽ മാധ്യമങ്ങളോട് ആരോഗ്യകരമായ സംശയഭാവം നിലനിർത്തുന്നത് ആവശ്യമാണ്. പക്ഷെ ഇന്ന് അത് മാധ്യമങ്ങളുടെ വിശ്വാസ്യത അപ്പാടെ റദ്ദാക്കുന്ന പ്രവണതയിലേക്ക് വഴി മാറിയില്ലേ? അതാണ് ഡൊണാൾഡ് ട്രംപിനെപ്പോലെയുള്ളവരുടെ ഭക്ഷണം. മാധ്യമങ്ങളുടെ വിശ്വാസ്യത തകർത്തുകൊണ്ട് താൻ ചെയ്യുന്ന തെറ്റുകൾക്ക് ജനതയുടെ അംഗീകാരം നേടിയെടുക്കുക. ട്രംപിന്റെ ചെയ്തികളുടെ തെറ്റുകൾ തെളിവുകൾ സഹിതം മാധ്യമങ്ങൾ പുറത്ത് കൊണ്ടുവന്നിട്ടും ജനങ്ങളിൽ 40 ശതമാനം പേരും അത് മനഃപൂർവം വിശ്വസിക്കാത്തതിന്റെ പിന്നിൽ ഈ ആസൂത്രിതപദ്ധതി ആണ്...'.


രാജീവ് ദേവരാജ് : മാധ്യമങ്ങളും മാധ്യമപ്രവർത്തകരും ചെയ്യുന്ന തെറ്റുകളുടെ പേരിലാണ് വിമർശനം സംശയം വേണ്ട. എന്നാൽ എല്ലാ വിമർശനങ്ങളും നല്ല ഉദ്ദേശ്യമുള്ളതല്ല. ശരി തെറ്റുകളെക്കുറിച്ചുള്ള കാഴ്ചപ്പാട് മാറിയതും വിമർശനത്തിനുള്ള ഇടങ്ങൾ ഉണ്ടായതും വളർന്നതുമെല്ലാം ഇതിൽ പ്രധാനമാണ്. തിരുവായ്ക്ക് എതിർവായില്ലാത്ത അവസ്ഥ മാറി. വാർത്ത വസ്തുതകൾക്ക് വിരുദ്ധമാണെങ്കിൽ ചോദിക്കാനും പറയാനും ആളുണ്ട്. വാർത്തയിൽ താൽപര്യങ്ങളും അനാരോഗ്യകരമായ പക്ഷം പിടിക്കലും വരുമ്പോൾ ഫൗളിന്റെ വിസിലടി നമുക്ക് കേൾക്കാം. ഇതിനെ ഞാൻ പോസിറ്റീവായാണ് കാണുന്നത്. പക്ഷെ വിമർശനത്തിലെ ക്രൂരത പലപ്പോഴും നല്ല ഉദ്ദേശ്യത്തിലല്ല എന്നതും കണ്ടിട്ടുണ്ട്. വിമർശനത്തിലും കാണാം നിഷിപ്ത താല്പര്യങ്ങളുടെ ധാരാളിത്തം.


ഇ. സനീഷ് : വിമർശിക്കുന്നതിൽ തെറ്റില്ല എന്നാണ് എന്റെ പക്ഷം. വിമർശം എന്നത് തെറ്റായ കാര്യമേയല്ല, വളരെ പോസിറ്റീവായ ഒന്നാണ്​. ധാരാളം തെറ്റ്​പറ്റിയേക്കാവുന്ന, എന്നാൽ തെറ്റ്​ ഉണ്ടാകാൻ പാടില്ലാത്ത ഒന്നാണ് മാധ്യമ പ്രവർത്തനം. നമ്മുടെ നിസ്സാരമായ തെറ്റുകൾ പോലും വലിയ ബുദ്ധിമുട്ട് സമൂഹത്തിൽ ഉണ്ടാക്കാൻ സാധ്യതയുണ്ട്. എന്നാൽ പണിയെടുക്കുന്ന മനുഷ്യർക്ക് പിശക്​ സംഭവിക്കും. അതുകൊണ്ട് തന്നെ വിമർശനവും തെറ്റ് തിരുത്തലും നിരന്തരം നടക്കേണ്ട സംഗതിയാണ്. ചലിച്ചുകൊണ്ടിരിക്കുന്ന ഒരു യന്ത്രത്തെ എണ്ണയിടുന്ന പോലത്തെ പോസിറ്റീവായ സംഗതിയാണ് വിമർശനം. വിമർശം വരുന്നത് സ്ഥാപനങ്ങൾക്ക് അകത്ത് നിന്നോ പുറത്ത് നിന്നോ എന്നത് പ്രധാനമേയല്ല. എവിടെ നിന്ന് വന്നാലും അത് പോസിറ്റീവായെടുക്കുക എന്നതാണ് നമ്മൾ ചെയ്യേണ്ടത്.

എന്തുകൊണ്ട് വിമർശിക്കപ്പെടുന്നു എന്ന് ചോദിച്ചാൽ, വിമർശിക്കാനുള്ള കാര്യങ്ങൾ സംഭവിക്കുന്നത് കൊണ്ട് എന്നാണ് ഉത്തരം. മനുഷ്യർ പണിയെടുക്കുന്ന ഇടമാണല്ലോ ഇതും. മറ്റെല്ലായിടത്തുമെന്ന പോലെ പ്രത്യേകമായ താൽപര്യങ്ങൾ ചില മാധ്യമപ്രവർത്തകരെയും സ്ഥാപനങ്ങളെയും ഭരിക്കുന്നുണ്ടാകുമല്ലോ. അത്തരം താൽപര്യങ്ങളോട് വിയോജിപ്പുള്ളവരും വിമർശിക്കും. മാധ്യമങ്ങൾക്ക് തെറ്റ് വരുന്നു എന്നത് അസ്വാഭാവികതയല്ല. അതുകൊണ്ട് വിമർശിക്കപ്പെടുന്നതും അസ്വാഭാവികതയല്ല. വിമർശിക്കുന്നവരോട് ചിലപ്പോഴൊക്കെ മാധ്യമപ്രവർത്തകർക്കും, സ്ഥാപനങ്ങൾക്കും ദേഷ്യം തോന്നിയേക്കാം. അതും സ്വാഭാവികമായ കാര്യമാണ്. എന്നുവെച്ച് ദേഷ്യം കൊണ്ട് കണ്ണ് കാണാതായി പോകരുത്. അത് അവരവർക്ക് തന്നെയാണ് ദോഷം ചെയ്യുക. വ്യക്തികൾക്ക് സാധിച്ചില്ല എന്ന് വരാം, എന്നാലും സ്ഥാപനങ്ങൾക്ക് ഒരൽപ്പം നിസ്സംഗത ഇത്തരം കാര്യങ്ങളിൽ വേണ്ടതാണ്.

ക്രൂരമായ വിമർശം എന്നുകൂടെ ചോദ്യത്തിൽ ഉള്ളതുകൊണ്ട് ഇത്ര കൂടി പറയുന്നു. ക്രൂരമായ എന്തും ക്രൂരം തന്നെയാണല്ലോ. അത് പാടില്ലാത്തതാണ്. പക്ഷെ നിശിതമായ വിമർശത്തെ ക്രൂരം എന്ന് കണക്കുകൂട്ടരുത്. അപൂർവം ചിലർ വിമർശമാണെന്ന് കരുതി പുലഭ്യം പറയുന്നവരാണ്. അവരെ പരമാവധി മൈൻഡ് ചെയ്യാതിരിക്കുക, അല്ലെങ്കിൽ നിയമനടപടിക്ക് വിധേയമാക്കുക. അത്രതന്നെ.


സ്റ്റാൻലി ജോണി : കേരളത്തിന്റെ സാഹചര്യത്തിൽ പല വിമർശനങ്ങളും കാമ്പുള്ളവയാണെന്നാണു തോന്നിയിട്ടുള്ളത്. മാധ്യമപ്രവർത്തനത്തിന്റെ അടിസ്ഥാനധർമം വസ്തുതാപരമായ റിപ്പോർട്ടിങ്ങാണ്. പ്രത്യേകിച്ചും വ്യാജവാർത്തകളുടേയും വ്യാജ വീഡിയോകളുടേയും, വാട്‌സാപ് ഫോർവേഡുകളുടേയും കാലത്ത് മുഖ്യധാരാ മാധ്യമങ്ങൾ അങ്ങേയറ്റം ശ്രദ്ധ പാലിക്കേണ്ടതുണ്ട്. പക്ഷേ, പലപ്പോഴും സെൻസേഷണലിസത്തിന്റെ തിരക്കിൽ ഇതിൽ വീഴ്ച പറ്റുന്നതാണു നമ്മൾ കാണുന്നത്. എത്രയോ ഉദാഹരണങ്ങൾ കഴിഞ്ഞ ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ ഉണ്ടായി! അതുകൊണ്ട് വിമർശനങ്ങളോട് ക്രിയാത്മക സമീപനമാണ് മാധ്യമങ്ങൾ സ്വീകരിക്കേണ്ടത്. എന്തുകൊണ്ട് ഇത്രയധികം തെറ്റുകൾ സംഭവിക്കുന്നു എന്നാണ് അവർ സ്വയം ചോദിക്കേണ്ടത്. ഏതു ജോലിയിലും എക്കൗണ്ടബിലിറ്റി എന്നൊന്നുണ്ട്. അതു മാധ്യമപ്രവർത്തകർക്കും ബാധകമാണ്. ഇത് വിമർശനത്തിന്റെ കാര്യമാണ്. അധിക്ഷേപങ്ങളെ വിമർശനങ്ങളായി കാണേണ്ടതില്ല.


കെ.ടോണി ജോസ് : ജനാധിപത്യത്തിൽ ഏതു പൊതുസ്ഥാപനവുമെന്ന പോലെ മാധ്യമങ്ങളും ഓഡിറ്റു ചെയ്യപ്പെടുകയും വിമർശിക്കപ്പെടുകയും ചെയ്യണം. അത് ആരോഗ്യമുള്ള ജനാധിപത്യത്തിന്റെ ലക്ഷണമാണ്. മാധ്യമങ്ങൾക്ക് സ്വയം വിമർശനത്തിനുള്ള അവസരം കൂടി ഇതു തുറന്നു തരുന്നുണ്ട്. പക്ഷേ, മാധ്യമങ്ങളെ നിശ്ശബ്ദരാക്കുകയും ഒരേ ശബ്ദം മാത്രം സംസാരിക്കുന്നവയാക്കി മാറ്റാൻ ശ്രമിക്കുകയും ചെയ്യുന്നത് വലിയ ജനാധിപത്യവിരുദ്ധതയാണ്. ഇപ്പോൾ കണ്ടുവരുന്ന ഓഡിറ്റിങ്ങിന്റെ അപകടവും അതാണ്. ബഹുസ്വരതയെ ഇല്ലാതാക്കുകയെന്ന വ്യക്തമായ അജണ്ട അതിനടിയിലൂടെ പ്രവർത്തിക്കുന്നു. വ്യത്യസ്ത ശബ്ദങ്ങൾ സാധ്യമല്ലെങ്കിൽ പല മാധ്യമങ്ങൾ ആവശ്യമില്ലല്ലോ. ജനങ്ങളുടെ അടിസ്ഥാനപരമായ ആവശ്യത്തെയും ഭരണഘടനാപരമായ അവകാശത്തയും നിഷേധിക്കുക കൂടിയാണിത്.


ഉണ്ണി ബാലകൃഷ്ണൻ: മാധ്യമ വിമർശനം ഒരു പുതിയ പ്രതിഭാസമല്ല. എന്നാൽ ഇപ്പോൾ രൂപപ്പെട്ടിരിക്കുന്ന മാധ്യമ വിമർശനങ്ങളെ രണ്ട് കാരണങ്ങളുടെ അടിസ്ഥാനത്തിൽ നോക്കി കാണണം. ഒന്നാമതായി, ഓരോ മനുഷ്യനും ഒരു മാധ്യമമായി മാറിയ കാലഘട്ടമാണ് നമ്മുടേത്. സമൂഹ മാധ്യമങ്ങൾ മുഖ്യധാരാ മാധ്യമങ്ങളെ ഏറെക്കുറെ പരമ്പരാഗത മാധ്യമങ്ങളാക്കി മാറ്റി കഴിഞ്ഞിരിക്കുന്നു. ഇനി മാധ്യമങ്ങളുടെ ചരിത്രത്തിൽ പുതിയ ഒരു വികാസം സംഭവിക്കാനുണ്ടോ എന്ന് നമ്മെയൊക്കെ അതിശയിപ്പിക്കും വിധമാണ് സമൂഹ മാധ്യമങ്ങളുടെ നിലയെടുപ്പ്. ഓരോ മനുഷ്യനും സ്വയം ഒരു മാധ്യമമായി മാറി ക്കഴിഞ്ഞിരിക്കുന്ന സ്ഥിതിക്ക് ഇനി സംഭവിക്കാനിരിക്കുന്ന വികാസത്തെ ഭാവന ചെയ്യാൻ പോലും നമുക്ക് കഴിയുന്നില്ല. ഒരുപക്ഷെ വഴിയുടെ അവസ്സാനമായിരിക്കുന്നു - end of the road - എന്ന് തന്നെ പറയാം. സ്വാഭാവികമായും സ്വയം ഒരു മാധ്യമമായി മാറുകയും അതിലൂടെ തന്റെ അഭിപ്രായങ്ങളെ പ്രകാശിപ്പിക്കാൻ കഴിയുകയും ആരുടേയും ഇടനില കൂടാതെ അത് സമൂഹത്തിൽ പ്രചരിപ്പിക്കാൻ കഴിയുകയും ചെയ്യാനാവുന്ന സ്ഥിതിയിൽ സമൂഹത്തിനും വ്യക്തികൾക്കും സവിശേഷമായ ഒരു സ്വാതന്ത്ര്യം കൈവന്നിട്ടുണ്ട്. അതിന്റെ ഗുണദേഷങ്ങൾ മറ്റൊരു വിഷയമാണ്. എന്നാൽ ഈ സമൂഹ മാധ്യമങ്ങൾ നൽകുന്ന കരുത്താണ് ഒന്നാമതായി പരമ്പരാഗത - സാമ്പ്രദായിക മാധ്യമങ്ങളെ വിമർശിക്കാനും വെല്ലുവിളിക്കാനും പിൻബലമാകുന്ന പ്രധാന ഘടകം. എന്റെ അഭിപ്രായം വിളിച്ച് പറയാനും എന്റെ പ്രതിഷേധം അടയാളപ്പെടുത്താനും എനിക്ക് മറ്റൊരു ഇടനിലക്കാരന്റെ ആവശ്യം ഇല്ലാതായിരിക്കുന്നു. അത് എനിക്ക് നേരിട്ട് തന്നെ നിർവഹിക്കാവുന്നതേയുള്ളൂ. ഇതോടെ മാധ്യമ പ്രവർത്തകരും മാധ്യമങ്ങളും സ്ഥിതിവിവരങ്ങൾ റിപ്പോർട്ട് ചെയ്താൽ മതി എന്ന മനോഭാവം ശക്തിപ്പെട്ട് തുടങ്ങിയിട്ടുണ്ട്. അതായത്, വിശകലനവും വിലയിരുത്തലുമൊക്കെ സമൂഹം അതിന്റെ അനവധിയും വിവിധങ്ങളുമായ പ്ലാറ്റ്‌ഫോമുകളിലൂടെ സ്വതന്ത്രമായും വ്യക്തിപരമായും നിർവഹിച്ചുകൊള്ളും. പരമ്പരാഗത മാധ്യമങ്ങൾ സമൂഹത്തിന്റെ ജീഹ്വകളാകാൻ ശ്രമിക്കേണ്ടതില്ല എന്നർത്ഥം. ഇതാണ് ഇപ്പോഴത്തെ മാധ്യമ വിമർശനങ്ങളുടെ ഒരു പൊതുസ്വഭാവം. ഈ കരുത്ത് ഒരു സംഘബലമായി പരമ്പരാഗത മാധ്യമങ്ങളെ സ്വാധീനിക്കാനും നിയന്ത്രിക്കാനും തുടങ്ങിയിരിക്കുന്നു എന്നതാണ് രണ്ടാം ഘട്ടം. അതായത് സമൂഹ മാധ്യമങ്ങളുടെ കരുത്തിൽ സമ്മർദ്ദ വിഭാഗങ്ങൾ ഉണ്ടാവുകയും അവ മുഖ്യധാരാ മാധ്യമങ്ങളുടെ അജണ്ടയെപോലും സ്വാധീനിച്ച് തുടങ്ങുകയും ചെയ്തിരിക്കുന്നു. എല്ലാ സമ്മർദ്ദ വിഭാഗങ്ങൾക്കും അവരുടേതായ രാഷ്ട്രീയമുണ്ട്. ഏറ്റവും

കൂടുതൽ ആളുകളെ കളത്തിലിറക്കി കളിക്കുന്നവർ കളം കയ്യടക്കുന്നു. അങ്ങനെ ഭൂരിപക്ഷ ബോദ്ധ്യങ്ങളെ സംബന്ധിച്ച് തെറ്റായ പ്രതീതി സൃഷ്ടിക്കുന്നു. സാമൂഹിക വിഷയങ്ങളെ വിശകലനം ചെയ്യുകയും സമൂഹത്തെ ശരിയായ ദിശയിൽ നയിക്കുകയും ചെയ്യുക എന്നത് പരമ്പരാഗത മാധ്യമങ്ങളുടെ മാത്രം കുത്തകാവകാശമായി കാണുന്ന ആളല്ല ഞാൻ. അത് ഏത് വിഭാഗത്തിനും ഏത് മാർഗത്തിലും ഗുണപരമായി നിർവഹിക്കാവുന്നതേയുള്ളൂ. എന്നാൽ അടിസ്ഥാന ബോധ്യങ്ങളുടെ അഭാവത്തിലും പ്രതിലോമപരമായ ലക്ഷ്യങ്ങളുടെ പ്രേരണയാലും ആൾക്കൂട്ടങ്ങൾ ഉയർത്തിക്കൊണ്ടിരിക്കുന്ന വിമർശനങ്ങൾ ആരോഗ്യപരമാകില്ലെന്നും ഇപ്പോൾ അതാണ് ഭൂരിഭാഗം സന്ദർഭങ്ങളിലും സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നുമാണ് എന്റെ വിനീതമായ മനസ്സിലാക്കൽ. ശരികളെ ബോദ്ധ്യപ്പെടാനും തെറ്റുകൾ സ്വയം തിരുത്താനുമുള്ള സമൂഹത്തിന്റെ ശക്തിയിൽ ഉറച്ച വിശ്വാസമുള്ള ആളാണ് ഞാൻ. അതുകൊണ്ട് തന്നെ ഈ മേഖലയിൽ ആർക്കാണ് മുൻകൈ എന്ന കടുംപിടുത്തത്തിനപ്പുറം ജനാധിപത്യപരമായ തുറന്ന സംവാദങ്ങൾക്ക് സമൂഹം തന്നെ അടിയന്തിരമായി തുടക്കമിടും എന്നും പ്രതീക്ഷിക്കുന്നു.


വി.ബി. പരമേശ്വരൻ: മാധ്യമങ്ങൾ വിമർശനത്തിന് വിധേയമാകുന്നതിൽ ഒരു കുഴപ്പവുമില്ല. ജനാധിപത്യത്തിന്റെ നാലാംതൂണ്​ മറ്റ് മൂന്നു തുണുകളിൽ ഒന്നു മാത്രമായി തീരുന്നതാണ് വിമർശനത്തിന് അടിസ്ഥാനം എന്നാണ് എനിക്ക് തോന്നുന്നത്. ജനങ്ങൾ അറിഞ്ഞിരിക്കേണ്ട വിവരങ്ങൾ (അത് ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നതുമായിരിക്കണം) നൽകുന്നതിന് പകരം അധികാരത്തിലിരിക്കുന്നവരുടെ മെഗഫോൺ മാത്രമായി ചുരുങ്ങുമ്പോഴാണ് പ്രശ്നങ്ങൾ ഉടലെടുക്കുന്നത്. അധികാരസ്ഥാനങ്ങളോട് സന്ധിചെയ്യുന്ന മാധ്യമങ്ങളാണ് ഇന്നത്തെ ഇന്ത്യയുടെ മുഖം. ആരുടെയൊക്കെയോ താൽപര്യങ്ങൾക്ക് വഴങ്ങുന്ന "ലാപ്ഡോഗ് മീഡിയ'യായി മുഖ്യധാരാമാധ്യമങ്ങൾ മാറിയിരിക്കുന്നു. അതിന് തയ്യാറാകാത്തവർക്കെതിരെ "വെടിവക്കൂ'എന്ന് അലറുന്നതും ന്യൂസ് സ്റ്റുഡിയോകളിൽ ഇരിക്കുന്നവർ തന്നെയാണെന്നതാണ് വിരോധാഭാസം. രവീഷ് കുമാറിന്റെ (എൻ.ഡി.ടി.വി) ഭാഷ കടമെടുത്താൽ "ഗോഡി മീഡിയ' "ഗോലിമാരോ മീഡിയ'ആയി മാറിയിരിക്കുന്നു. ഇത് സൃഷ്ടിക്കുന്ന ഉൻമത്തതയാണ് മാധ്യമ ആക്രമണങ്ങൾക്ക് പിറകിലുള്ളത്. അതോടൊപ്പം സർക്കാരിനെ വിമർശിക്കുന്നവരും വേട്ടയാടപ്പെടുന്നു.

അധികാരികളെ തൃപ്തിപ്പെടുത്താനായി വ്യാജവാർത്തകളുടെ നിർമിതിയും ഇന്നത്തെ മാധ്യമങ്ങൾ ആഘോഷപൂർവം ഏറ്റെടുക്കുന്നു. വിശ്വാസ്യതയാണ് മാധ്യമപ്രവർത്തനത്തിന്റെ അടിത്തറ. വ്യാജവാർത്താ നിർമിതി ഈ അടിത്തറതന്നെയാണ് തകർക്കുന്നത്. വ്യാജവാർത്തകൾ വ്യാജ സംവാദത്തിനും അത് വ്യാജരാഷ്ട്രീയത്തിനും വഴിവെക്കുന്നു. നമ്മുടെ ജനാധിപത്യം തന്നെ വ്യാജമാക്കപ്പെടുന്ന ദുരവസ്ഥയാണിത് സൃഷ്ടിക്കുന്നത്. അത്യന്തം ആശങ്ക ഉളവാക്കുന്ന അവസ്ഥയാണിത്. മാധ്യമങ്ങൾക്കെതിരായ വിമർശനത്തെ ഈ പശ്ചാത്തലത്തിൽ വേണം കാണാൻ.


വെങ്കിടേഷ് രാമകൃഷ്ണൻ: തീർച്ചയായും വിമർശനപരമായി തന്നെയാണ് നോക്കിക്കാണേണ്ടതുണ്ട്. ഏതാണ്ട് മൂന്നര പതിറ്റാണ്ടായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ഭാഷാ മാധ്യമങ്ങളെയും ഇംഗ്ലീഷ് മാധ്യമങ്ങളെയും അടുത്ത് നിന്ന് കാണാൻ അവസരം ലഭിച്ച ഒരാളെന്ന നിലയിൽ, കേരളത്തിന്റെ മാധ്യമ പാരമ്പര്യത്തെ ഉയർന്ന നിലയിൽ വിലയിരുത്തിയിരുന്ന ഒരാളാണ് ഞാൻ. വസ്തുതാ ശേഖരണത്തോടും നവീനമായ സാങ്കേതിക വിദ്യ സ്വായത്തമാക്കുന്നതിനോടും എന്നും ഉൽപതിഷ്​ണമായ രീതിയിൽ പ്രതിവർത്തിക്കുന്ന ഒരു പാരമ്പര്യമാണ് 1970 കളിൽ പ്രിന്റ് മാത്രമുള്ള സമയം മുതൽ കേരളത്തിനുണ്ടായിരുന്നത്. 1990 കളിലും 2000 ത്തിന്റെ ആദ്യ വർഷങ്ങളിലും ടെലിവിഷൻ മുതലായ ദൃശ്യമാധ്യമങ്ങൾ ഏറെ പ്രചാരം നേടിയപ്പോഴും അത്തരം ഉദ്യമങ്ങളുടെ പിറകിൽ വലിയ തോതിലുള്ള രാഷ്ട്രീയ മൂലധനം കടന്നുവന്നപ്പോഴും (കടന്നുവന്നിട്ടും) നമ്മുടെ മാധ്യമപരിസരങ്ങൾ മുമ്പു പറഞ്ഞ വസ്തുതാ ശേഖരണത്തിലും, നവീന സാങ്കേതികവിദ്യാ പ്രയോഗത്തിലും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഏറെ മുന്നിലായിരുന്നു. ഈ പാരമ്പര്യം വലിയ പരിധി വരെ സെൻസേഷണലിസത്തിൽ നിന്ന് നമ്മുടെ മാധ്യമങ്ങളെ മാറ്റിനിർത്തുകയും ചെയ്തിരുന്നു.

പക്ഷെ ചാനൽ മുതലാളിമാർ ഔദ്യോഗിക യോഗങ്ങളിൽ പരസ്യമായി തന്നെ അർണബ് ഗോസ്വാമിക്ക് പഠിക്കാൻ അവതാരകരോട് ആഹ്വാനം ചെയ്യുന്ന ഒരു സമീപകാലവും നമുക്കുണ്ടായി. കഴിഞ്ഞ കുറച്ചു മാസങ്ങളായി ഈ

ആഹ്വാനമേറ്റെടുക്കാൻ ചാനൽ അവതാരകരും, പ്രിന്റിലെ എഴുത്തുകാരും ഒക്കെ പരസ്പരം മത്സരിക്കുന്ന പരിതാപകരമായ ഒരു കാഴ്ചയാണ് കാണുന്നത്. അതിന്റെ പരിണത ഫലമാണ്, കൊടുത്താൽ കൊല്ലത്തും കിട്ടും, എന്ന മട്ടിൽ സാമൂഹിക മാധ്യമങ്ങളിലെ lumpen- expressors മാധ്യമപ്രവർത്തകർക്കെതിരെ നടത്തുന്ന സൈബർ ആക്രമണങ്ങൾ. ഇതിനെ മറികടക്കാൻ സർക്കാർ തലത്തിലോ, പൊലീസ് തലത്തിലോ ഉള്ള നിയന്ത്രണങ്ങൾ കൊണ്ട് സാധിക്കുമെന്ന് തോന്നുന്നില്ല. അകത്തുനിന്ന് തന്നെയുള്ള ഒരു സ്വയം തിരുത്തൽ-പരിഷ്‌കരണ പ്രസ്ഥാനത്തിൽ മാത്രമേ ഇത്തരം കടന്നാക്രമണങ്ങളെ ധാർമികമായി ചെറുത്തു നിൽക്കാൻ സാധിക്കൂ.


വിധു വിൻസെന്റ് : ഒരു മാധ്യമ പ്രവർത്തക എന്ന നിലയിൽ ആത്മവിമർശനത്തോടെ തന്നെ മറുപടി പറയേണ്ടതുണ്ട് എന്നതിനാൽ മാധ്യമ പ്രവർത്തന വഴികളെ ഒന്ന് പിറകിലേക്ക് പോയി നോക്കി കാണേണ്ടതുണ്ട് എന്ന് തോന്നുന്നു. കേരളീയ നവോത്ഥാനത്തിന്റെ നന്മകളെക്കുറിച്ച് നമ്മൾ ആവേശിതരായിരിക്കുമ്പോഴും കേരളത്തിന്റെ പിറവിക്ക് ശേഷമുണ്ടായ പ്രധാന സാമൂഹിക പരിവർത്തനങ്ങളിലൊന്ന് ജാതീയതയുടെ പുനഃസ്ഥാപനമായിരുന്നു എന്നത് നവോത്ഥാനത്തിന് നേർക്കുള്ള, ഇന്ന് ഏതാണ്ട് പരക്കെ അംഗീകരിക്കപ്പെട്ട വിമർശനമാണ്. സാമുദായിക- ജാതി സംഘടനകൾ ആർജ്ജിച്ച രാഷ്ട്രീയാവബോധം സ്വാതന്ത്ര്യത്തിനും ഐക്യകേരള പിറവിക്കും ശേഷം സംസ്ഥാനത്തെ ദൈനംദിന രാഷ്ട്രീയത്തിലെ നിർണായക ഇടപെടലുകൾ നടത്തുന്ന സമ്മർദ്ദ രാഷ്ട്രീയ തന്ത്രമായി മാറിയതും നമ്മൾ കണ്ടതാണ്. ഈ ജാതി ധ്രുവീകരണത്തെ ഒരു തരത്തിലും തടയുന്നതിനുള്ള ഒരു ശ്രമവും അക്കാലത്തെ മാധ്യമങ്ങൾ സ്വീകരിച്ചില്ല എന്ന് മാത്രമല്ല ഭൂരിപക്ഷം മാധ്യമങ്ങളും ഇത്തരം സാമുദായിക - ജാതി താൽപര്യങ്ങളുടെയോ സംഘടനകളുടെയോ കീഴിലാണ് സംവിധാനം ചെയ്യപ്പെട്ടത്. വൃത്താന്തപത്രപ്രവർത്തനത്തിൽ നിന്ന് മൂലധനാധിഷ്ഠിത പത്രപ്രവർത്തനത്തിലേക്കുള്ള ചുവട് മാറ്റം മാധ്യമങ്ങളെ സംബന്ധിച്ച്​സുപ്രധാനമായിരുന്നു. വിപണി കേന്ദ്രീകരിച്ച്, കച്ചവട താൽപര്യങ്ങളെ മുൻനിർ ത്തി നടത്തേണ്ട ഒന്നായി മാറി മാധ്യമ പ്രവർത്തനം. മൂലധന താൽപര്യം മാധ്യമങ്ങളുടെ സാമൂഹ്യ കാഴ്ചപ്പാടുകളെ സ്വാധീനിക്കുന്നതായി മാറി. സ്വാതന്ത്ര്യാനന്തരം അതിജീവിച്ച പത്രങ്ങളിലെല്ലാം ഈ ചുവടുമാറ്റം വളരെ പ്രകടമായിരുന്നു. ജാതി-മത- വിശ്വാസാധിഷ്ഠിതമായ വാർത്തകളെ പോലും മൂലധന താൽപര്യാർത്ഥം സമീപിക്കുന്ന വൈരുധ്യവും മാധ്യമ പ്രവർത്തനത്തിൽ നമ്മൾ കണ്ടു കഴിഞ്ഞു. പുലയർക്ക് വിദ്യാഭ്യാസം നൽകേണ്ട ആവശ്യകതയെ കുറിച്ച് മുഖപ്രസംഗമെഴുതി അയിത്താചാരത്തിനെതിരേ കലഹിച്ച മലയാള മനോരമ പോലൊരു പത്രം ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും പുനഃപ്രതിഷ്ഠിക്കാൻ വർഗ്ഗീയ ശക്തികൾ നടത്തുന്ന ശ്രമത്തിന് എങ്ങനെയൊക്കെ കുടപിടിക്കുന്നു എന്ന് തിരിച്ചറിയാൻ വലിയ മാധ്യമ നിരീക്ഷണമൊന്നും വേണ്ട. വിശ്വാസികളെ വ്രണപ്പെടുത്താതിരിക്കുക എന്നതാണ് ഇതിന് അവർ നൽകുന്ന വിശദീകരണം. വിശ്വാസികളെന്നാൽ ലക്ഷക്കണക്കിന് വരുന്ന അവരുടെ വായനക്കാരാണ്, പ്രസ്തുത പത്രത്തിൽ വരുന്ന പരസ്യ ഉൽപ്പന്നങ്ങളുടെ ഉപഭോക്കാക്കളാണ്. സ്വാഭാവികമായും പരസ്യദാതാക്കളുടെ താൽപര്യം പത്രത്തിന്റെ നിലപാടുകളിലും പ്രതിഫലിക്കും. ഏറിയും കുറഞ്ഞും മിക്കവാറും എല്ലാ മാധ്യമങ്ങളും ഇതിന്റെ പിടിയിൽ തന്നെയാണ്.

ഗുരുവായൂരമ്പലത്തിൽ കോൺഗ്രസ് നേതാവ് വയലാർ രവിയുടെ ചെറുമകന് ചോറൂണ് നൽകിയത് ഉണ്ടാക്കിയ വിവാദങ്ങൾ ചിലരെങ്കിലും ഓർക്കുന്നുണ്ടാകും. ക്ഷേത്രത്തിൽ പ്രവേശിക്കാത്ത മേഴ്‌സി രവിയുടെ വിശ്വാസം ഗുരുവായൂർ ക്ഷേത്രത്തെ അശുദ്ധമാക്കിയെന്നായിരുന്നു ക്ഷേത്രം അധികൃതരുടെ വാദം. പിന്നീടൊരിക്കൽ ഇതേ ക്ഷേത്രത്തിൽ തന്നെ സ്ത്രീകൾക്ക് ചുരിദാർ ധരിച്ച് പ്രവേശിക്കാമെന്ന് ഒരു നിർദ്ദേശം വന്നു. പ്രസ്തുത വിഷയത്തിലും മേൽപ്പറഞ്ഞ സംഭവത്തിലുമൊക്കെ കേരളത്തിലെ ഭൂരിപക്ഷം മാധ്യമങ്ങളും വിശ്വാസികളെ വ്രണപ്പെടുത്തരുതെന്ന നിലപാടാണ് സ്വീകരിച്ചത് അഥവാ പുരോഗമനം പറയുമ്പോഴും "ഒന്ന് തൊട്ടു തടവി മാത്രം പറഞ്ഞു പോവുന്ന' സമീപനമായിരുന്നു അത്.

ശബരിമലയുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന വിവാദങ്ങൾ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ലല്ലോ. അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരേയുള്ള മുദ്രാവാക്യങ്ങൾ മുഴങ്ങിക്കേട്ട കേരളത്തിന്റെ തെരുവീഥികൾ നാമജപ ഘോഷശബ്ദങ്ങളാൽ മുഖരിതമായപ്പോൾ അതിന്റെ വർണ്ണചിത്രങ്ങൾ കൊടുത്ത് വിശ്വാസികളെ വ്രണപ്പെടുത്താതെ മാധ്യമങ്ങൾ എന്തായിരുന്നു പറഞ്ഞു കൊണ്ടിരുന്നതെന്ന് നമ്മൾ മറന്നിട്ടില്ലല്ലോ. പൊന്നമ്പലമേട്ടിൽ മകരജ്യോതി തനിയെ അങ്ങ് തെളിയുകയല്ല തെളിയിക്കുകയാണെന്ന് ഉത്തരവാദപ്പെട്ടവർ സമ്മതിച്ചിട്ടും അത് ഒരു അന്വേഷണാത്മക വിഷയമാണെന്ന് മാധ്യമ രംഗത്തെ മുത്തശ്ശിമാർക്കൊന്നും തോന്നുന്നില്ല എന്നിടത്താണ് പ്രശ്‌നമുള്ളത്.

മുഹമ്മദ് നബിയുടെ മുടി കൈവശമുണ്ടെന്ന അവകാശവാദമുയർത്തിയ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവന ഓർക്കുന്നുണ്ടാകില്ലേ? തിരുകേശം ഇട്ടു വെച്ച വെള്ളം ദിവ്യമാണെന്ന് പ്രചരിപ്പിച്ച് വിശ്വാസികൾക്ക് അത് നൽകാൻ നടത്തിയ ശ്രമത്തിനെതിരേ "മാധ്യമവും ', "വർത്തമാനവും' ധീരമായ നിലപാടെടുത്തിരുന്നു. പക്ഷേ "മുഖ്യധാരാ പത്രങ്ങൾ' അപ്പോഴും ഇക്കാര്യങ്ങളിൽ സ്വന്തമായ അന്വേഷണങ്ങൾ നടത്തുകയോ നിലപാട് പറയുകയോ ഉണ്ടായില്ല.

ഇങ്ങനെ എണ്ണി പറയാനാണെങ്കിൽ മാധ്യമങ്ങൾ നടത്തിയ ഇരട്ടത്താപ്പുകൾ എത്രയോ മുന്നിലുണ്ട്. വിസ്താരഭയത്താൽ ദീർഘിപ്പിക്കുന്നില്ല. ഇത്രയും പറഞ്ഞത്, മാധ്യമങ്ങൾ എന്തുകൊണ്ട് വിമർശിക്കപ്പെടണം എന്നു പറയാനാണ്. സമീപകാലത്ത്​, മുഖ്യമന്ത്രിയുടെ ഓഫീസിനെ ചുറ്റിപ്പറ്റി പൊങ്ങി വന്ന വിവാദങ്ങളിൽ മാധ്യമങ്ങൾക്കുണ്ടാകുന്ന താൽപര്യം സ്വാഭാവികമാണ്. അതുമായി ബന്ധപ്പെട്ട ഏത് അന്വേഷണങ്ങൾക്കും ഏത് ഏജൻസിയുമായും സഹകരിക്കും എന്ന് മുഖ്യമന്ത്രി ആവർത്തിച്ചു പറയുകയും ചെയ്തു. അന്വേഷണങ്ങൾ അതിന്റെ വഴിക്ക് നടക്കുന്നുമുണ്ട്. ആചാരങ്ങളുമായി ബന്ധപ്പെട്ടോ ആൾദൈവങ്ങളുടെ കാര്യത്തിലോ മറ്റ് സാമൂഹിക-സാമ്പത്തിക വിഷയങ്ങളിലോ ഒന്നുമുണ്ടാകാത്ത "അന്വേഷണാത്മകത്വര' മാധ്യമങ്ങൾ പൊതുവിൽ ഈ വിഷയത്തിൽ മാത്രം കാണിക്കുമ്പോൾ പൊതു സമൂഹത്തിനും സ്വാഭാവികമായും ഒരു ത്വരയുണ്ടാകും, ഇതെന്തുകൊണ്ടാകും എന്നാലോചിച്ച്. പണം മുടക്കി മാധ്യമ സ്ഥാപനം (കച്ചവടകേന്ദ്രം) നടത്തുന്ന മുതലാളിയുടെ വിപണി, ജാതി, മതം, ലിംഗാടിസ്ഥാനത്തിലുള്ള താല്പര്യങ്ങൾ തന്നെയാണ് മാധ്യമങ്ങളിൽ നടപ്പിലായി കൊണ്ടിരിക്കുന്നത്, (അപവാദങ്ങൾ ഉണ്ടായേക്കാം) അല്ലാ എന്ന് ആർക്കെങ്കിലും എതിർപക്ഷമുണ്ടെങ്കിൽ മൂഢസ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങി വരൂ എന്നു മാത്രമേ പറയാനുള്ളൂ. ഇതൊരു വ്യവസായമാണെന്ന് അറിഞ്ഞു കൊണ്ടും അംഗീകരിച്ചു കൊണ്ടും മുന്നോട്ട് പോവുകയും എന്നാൽ സാധ്യമാകുന്ന അത്രയും സംവാദാത്മകമായ ജനാധിപത്യ ഇടങ്ങൾ ഒരുക്കിക്കൊണ്ട് ഇടപെടലുകൾ നടത്തുകയും ചെയ്യുന്ന സമീപനമാവും മാധ്യമങ്ങൾ സ്വീകരിക്കേണ്ടത്.


വി. എം ദീപ : മുഖ്യധാരാ മാധ്യമങ്ങൾ, പ്രത്യേകിച്ച് ദൃശ്യമാധ്യമങ്ങൾ, കടുത്ത മത്സരത്തിന്റെ ഒരന്തരീക്ഷത്തിൽ പ്രവർത്തിക്കാൻ തുടങ്ങിയത് 24 മണിക്കൂർ ലൈവ് വാർത്ത നൽകാനുള്ള സാങ്കേതികവിദ്യ വികസിച്ചതോടെയാണ്. ഇന്നത്തെ പ്രത്യേക രാഷ്ട്രീയ-സാമൂഹ്യ സാഹചര്യത്തിൽ മാത്രം വിമർശിക്കപ്പെടേണ്ട പ്രശ്‌നങ്ങളല്ല, മാധ്യമങ്ങൾക്കുള്ളതെന്നു തോന്നുന്നു. മത്സരം നിറഞ്ഞ ലൈവ് വാർത്തയിൽ ചോർന്നുപോകുന്ന പഠനവും, വിശദാംശങ്ങളും, വസ്തുതകളുടെ കൃത്യതയുമെല്ലാം എല്ലാ സമയത്തും ഒരു പ്രശ്‌നം തന്നെയാണ്. മാത്രമല്ല, സമൂഹത്തിന്റെ പൊതുബോധമാണ് മാധ്യമങ്ങളിലും പ്രതിഫലിക്കുന്നത്. എരിവും പുളിയുമുള്ള വാർത്തയോടുള്ള കടുത്ത ആഭിമുഖ്യം നമ്മുടെ സമൂഹത്തിൽ പൊതുവേയുണ്ടെന്ന് ഇവിടെ പ്രചാരമുള്ള ചില ഓൺലൈൻ മാധ്യമങ്ങൾ ശ്രദ്ധിച്ചാൽ തന്നെ മനസ്സിലാവും. പാപ്പരാസിയുടെ തലത്തിലേക്ക് താഴാതിരിക്കാൻ ഒരു കരുതൽ മാധ്യമങ്ങളുടെ ഭാഗത്തുണ്ടാവേണ്ടത് തന്നെയാണ്. അത് മാധ്യമസമൂഹത്തിനകത്തു നിന്നും, പൊതുസമൂഹത്തിൽ നിന്നും ഒരുപോലെ വരുന്ന ആത്മവിമർശനത്തിന്റെ ഭാഗമായിരിക്കണം.


വി.പി റജീന : സമൂഹത്തിന്റെ ഭാഗം തന്നെയാണ് മാധ്യമങ്ങളും. അതിലുണ്ടാവുന്ന മാറ്റങ്ങൾ സ്വാഭാവികമായും മാധ്യമങ്ങളെയും സ്വാധീനിക്കും. അതിന്റെ അകത്തും പുറത്തും പുതിയ പല പ്രവണതകളും കൊണ്ടുവരും. വിമർശനങ്ങൾ ഉണ്ടാവും. ഏത് സംവിധാനവും കുറ്റമറ്റതല്ലാതാവുന്നിടത്തോളം വിമർശനങ്ങൾ ഉണ്ടാവണം. പക്ഷെ, അത് നശിപ്പിച്ച് ഇല്ലാതാക്കുന്ന തരത്തിലാവുമ്പോൾ അതിനകത്തെ ഉദ്ദേശ്യശുദ്ധി സംശയിക്കപ്പെടും. ആ അർത്ഥത്തിൽ ഇപ്പോൾ നടന്നുവരുന്ന പല മാധ്യമ വിമർശനങ്ങളും ആശാവഹമായി തോന്നാറില്ല.

ക്രിയാത്മകമായ വിമർശനത്തിന്റെ അഭാവം മറ്റെന്തിനേയും പോലെ മാധ്യമങ്ങളെയും ദുർബലപ്പെടുത്തുന്ന പ്രധാന ഘടകങ്ങളിലൊന്നായി മാറിക്കഴിഞ്ഞു. മാധ്യമ വിമർശനത്തിന്റെ വഴികൾ പാളിപ്പോവുന്നതിന് ഇടയാക്കുന്ന രണ്ട് കാരണങ്ങൾ ഉള്ളതായാണ് മനസ്സിലാക്കുന്നത്. ഒന്ന് മാധ്യമങ്ങൾ ഉണ്ടാക്കിയെടുത്ത പ്രതിച്ഛായ. മറ്റൊന്ന് മാധ്യമങ്ങളെ വേട്ടയാടുന്നവരുടെ പ്രതിച്ഛായ. കുറച്ചുകാലമായി ഇതിൽ മുന്നിട്ടു നിൽക്കുന്നത് ഇതിൽ രണ്ടാമത്തെ ഘടകമാണ്. അത്തരം വിമർശനങ്ങൾ വലിയൊരളവോളം നിർമിച്ചെടുത്തതാണെന്ന് കാണാനാവും.
മറ്റൊന്ന്, മാധ്യമങ്ങൾ വരുത്തുന്ന തെറ്റുകൾ മുമ്പ്​ ഇത്രമാത്രം വിചാരണക്കും വിമർശനത്തിനും വിധേയമായിരുന്നില്ല. ഒരു ഉദാഹരണം പറയാം. ചാരക്കേസ് കാലത്ത് അച്ചടി മാധ്യമങ്ങൾ അതിനെ സമീപിച്ച രീതിയെ ഏറ്റവും കടുത്ത തോതിൽ വിചാരണക്ക് വിധേയമാക്കിയത് അത് നടന്ന് എത്രയോ വർഷങ്ങൾക്കിപ്പുറം സമൂഹ മാധ്യമങ്ങളിലൂടെയാണ്. അന്ന് വായനക്കാർക്ക് പ്രതികരിക്കാൻ പ്ലാറ്റ്‌ഫോമുകൾ തുച്ഛമായിരുന്നു. ഇന്ന് അവർക്ക് പ്രതികരണമറിയിക്കാൻ ഒരു എഡിറ്ററുടെയും ഔദാര്യത്തിന് കാത്തുനിൽക്കേണ്ടതില്ല. വാർത്തകളെ അപ്പപ്പോൾ സൂക്ഷ്മമായി കീറിമുറിക്കാൻ അവസരം കൈവന്നു. ചെറിയ തെറ്റുപോലും ട്രോൾ ശരങ്ങളായി പറക്കുന്നതും അതുകൊണ്ടാണ്. വിമർശനങ്ങൾക്കായി തുറന്നു കിട്ടിയ പുതിയ പ്രതലങ്ങൾ പൊതുജനവും നേതാക്കളും എങ്ങനെ ഉപയോഗിക്കുന്നു എന്നത് വിശകലന വിധേയമാക്കേണ്ടതാണ്. മേൽപറഞ്ഞ രണ്ട് യാഥാർത്ഥ്യങ്ങൾ മുന്നിൽവെച്ചുകൊണ്ടാണ് മാധ്യമ വിമർശനങ്ങളുടെ പുതിയ തലങ്ങൾ പരിശോധിക്കേണ്ടത്.

ആണധികാര സമൂഹത്തിന്റെ എല്ലാ തരം പ്രിവിലേജുകൾക്കും ആഴത്തിൽ വേരോട്ടം കിട്ടിയ ഒരു സമൂഹമായതിനാൽ, കേരളം വനിതാ മാധ്യമ പ്രവർത്തകർക്കുനേരെ ഉയർത്തുന്ന ആക്രോശങ്ങൾ അൽഭുതപ്പെടുത്താറില്ല. മാധ്യമ മേഖലയിലും രാഷ്ട്രീയ-പൗരാവകാശ-പരിസ്ഥിതി മണ്ഡലങ്ങളിലും ഒക്കെ വനിതകളുടെ ശ്രദ്ധേയ ഇടപെടലും സംഭാവനകളും അധികരിക്കുന്ന സാഹചര്യത്തിൽ എത്ര ഒളിച്ചുപിടിച്ചാലും ഇതിനകത്തെ അസഹിഷ്ണുത പുറത്തുചാടും. ഓരോരുത്തരും അവരുടെ സ്വന്തം വാളുകളിൽ ആക്രോശവുമായി അണിനിരക്കും. ആ അസഹിഷ്ണുതക്ക് ഒരേ മുഖവും ഒരേ

സ്വരവും ഒരേ ഭാഷയുമായിരിക്കും. തെറിവിളികൾ സ്ത്രീകൾക്ക് നേരെയാകുമ്പാൾ അതിൽ പ്രത്യേക "വൈദഗ്ധ്യം' മലയാളി പുരുഷൻ പ്രകടിപ്പിക്കും. അതിലൊന്നാണ് ശരീരത്തെയും കുടുംബത്തെയും ചേർത്തുവെക്കുക എന്നത്. അങ്ങനെ ചെയ്യുന്നതിനുള്ള ലൈസൻസ് തങ്ങൾക്കുണ്ടെന്നും അത് സവിശേഷ അധികാരമാണെന്നും വരുത്തിത്തീർക്കും. പ്രശ്‌നത്തെ മെറിറ്റിൽ നിന്ന് നേരിടാൻ കഴിയാതെ വരുേമ്പാൾ ഒളിഞ്ഞും തെളിഞ്ഞും തെറികളും പരിഹാസങ്ങളുമായി നേരിടുന്ന ഈ ഭീരുക്കൾ എന്നിട്ട് തങ്ങൾ ധീരൻമാരാണെന്ന് സ്വയം അഹങ്കരിക്കുകയും ചെയ്യും. രാഷ്ട്രീയത്തിൽ ഉയർന്ന സ്ഥാനങ്ങളിൽ ഇരിക്കുന്നവർ പോലും ഈ തരംതാണ കളികളിൽ ഏർപ്പെടുന്നത് നമ്മളെത്ര കണ്ടിരിക്കുന്നു.

മാധ്യമങ്ങൾ വരുത്തുന്ന തെറ്റുകളോടുള്ള വായനക്കാരുടെയും കാഴ്ചക്കാരുടെയും പ്രതികരണങ്ങളിൽ ചിലതിലെങ്കിലും ശരിയുള്ളതായി തോന്നിയിട്ടുണ്ട്. അതിലൊന്ന് ദുരന്തമുഖങ്ങളിൽ പലപ്പോഴും മാധ്യമപ്രവർത്തകർ, പ്രത്യേകിച്ച് ദൃശ്യമാധ്യമങ്ങൾ പുലർത്തുന്ന അനൗചിത്യമാണ്. അതിൽ പ്രധാനമായും ഉയരുന്നത് മാധ്യമപ്രവർത്തകരുടെ അത്യാവേശമാണ്. ഇതിൽ ചെറിയൊരു ശരിയുണ്ട്, വലിയൊരു ശരികേടുമുണ്ട്. പ്രിന്റ് - വിഷ്വൽ മീഡിയകളിൽ ജോലി ചെയ്യുന്നവരെ സംബന്ധിച്ച്​ അത്തരം ദിനങ്ങൾ സാധാരണ ദിവസങ്ങളെ പോലെയായിരിക്കില്ല. കൂടുതൽ ഊർജ്ജസ്വലരായി മനസ്സ് പതറാതെ തൊഴിലിൽ ഏർപ്പെടേണ്ട ദിനങ്ങളാണ്. അവരുടെ മേൽ സ്ഥാപന ഉടമകളുടെ- മേലധികാരികളുടെ സമ്മർദ്ദം ഏറുന്ന ദിവസങ്ങളുമാണ്. ഇത് പൊതുജനത്തിന് അറിയാത്ത കാര്യമാണ്. ഒരേസമയം അതൊരു സാമൂഹ്യ ദൗത്യവും സ്വന്തംവയറ്റുപ്പിഴപ്പിനുള്ള മാർഗവുമായി മാറുന്നിടത്ത് മാധ്യമ പ്രവർത്തകർക്ക് പലർക്കും തെറ്റുപറ്റാം. ഇവയെല്ലാം ബോധപൂർവമായിരിക്കില്ല. അതേസമയം, ബോധപൂർവമായി വരുത്തുന്ന പിഴവുകൾ ആ അർത്ഥത്തിൽ വിമർശിക്കപ്പെടേണ്ടതാണെന്നതിൽ സംശയമില്ല. അത് അപഹാസ്യത്തിന്റെയും ആക്രമണത്തിന്റെയും ലക്കുകെട്ട ഭാഷയിലായിരിക്കരുതെന്നു മാത്രം.


കെ.പി. റജി: അങ്ങേയറ്റം രാഷ്ട്രീയവൽക്കരിക്കപ്പെട്ട ഒരു സമൂഹമാണ് നമ്മുടേത്. കേരളത്തിന്റേതായി പ്രകീർത്തിക്കപ്പെടുന്ന പല നേട്ടങ്ങൾക്കും ഈ രാഷ്ട്രീയവൽക്കരണം ഒരു പരിധിവരെ സഹായകമായിട്ടുണ്ട് താനും. വിവിധ രാഷ്ട്രീയചേരികളുടെ കള്ളികളിലേക്ക് സ്വയം മാറ്റിനിർത്തിയിരിക്കുകയാണ് ഏതാണ്ട് ഒട്ടുമിക്ക മലയാളികളും. സ്വന്തം രാഷ്ട്രീയ ഇച്ഛകൾക്കും അഭിരുചികൾക്കും ഹിതകരമല്ലാത്ത ഏതിനെയും നിശിതമായിത്തന്നെ എതിർക്കുന്നതാണ് ഇങ്ങനെ വിവിധ കളങ്ങളിൽ നിലയുറപ്പിച്ചുനിൽക്കുന്നവരുടെ ഇതഃപര്യന്തമുള്ള ശീലം. അതുകൊണ്ടുതന്നെ, അപ്രിയകരമായ കാര്യങ്ങൾ വിളിച്ചുപറയുന്ന അല്ലെങ്കിൽ ഹിതകരമല്ലാത്ത ചോദ്യങ്ങൾ ഉന്നയിക്കുന്ന മാധ്യമങ്ങളെയും മാധ്യമപ്രവർത്തകരെയും അവർ എതിരാളിയുടെ കളത്തിൽ പ്രതിഷ്ഠിക്കും.
സ്വതന്ത്രവും നിഷ്പക്ഷവുമായ മാധ്യമങ്ങൾ ഒരു ജനാധിപത്യസമൂഹത്തിൽ എത്രത്തോളം പ്രധാനമാണ് എന്ന് തിരിച്ചറിയാത്തവരല്ല സാക്ഷരകേരളത്തിലെ ബഹുഭൂരിപക്ഷവും. ജനാധിപത്യത്തിൽ ബഹുകക്ഷി രാഷ്ട്രീയത്തിനൊപ്പം അനിവാര്യമാണ് മാധ്യമ സ്വാതന്ത്ര്യവും എന്ന് അടിവരയിടുന്നവരാണ് നമ്മുടെ ഏതാണ്ട് എല്ലാ രാഷ്ട്രീയനേതാക്കളും. പക്ഷേ, മാധ്യമങ്ങളുടെ നാവ് എതിരാളിക്കെതിരെ ആയിരിക്കുന്നിടത്തോളം മാത്രമാണ് ഈ ഇഷ്ടവും സ്‌നേഹവുമൊക്കെ. സ്വന്തം താൽപര്യങ്ങൾക്കു വിരുദ്ധമായ വാർത്ത വരുമ്പോൾ എല്ലാവരും തനിനിറം കാട്ടുന്നു. അപ്പോൾ ജനാധിപത്യമോ നവോത്ഥാനമോ ലിംഗനീതിയോ ഒന്നും ബാധകമല്ലാതാകുന്നു.
ഏതു വാർത്ത വന്നാലും, അതിനു വിരുദ്ധമായ കാഴ്ചപ്പാട് പുലർത്തുന്ന വിഭാഗം അതിന്റെ പേരിൽ ആ വാർത്ത റിപ്പോർട്ട് ചെയ്യുകയോ അവതരിപ്പിക്കുകയോ ചെയ്യുന്ന മാധ്യമപ്രവർത്തകർക്കെതിരെ വിവിധ തരത്തിലുള്ള പ്രചാരണങ്ങളും ആക്രമണങ്ങളും അഴിച്ചുവിടുന്നത് കേരളത്തിൽ മാത്രമല്ല, രാജ്യമെമ്പാടും

വ്യാപകമായി വളർന്നുവരികയാണ്. ഇന്ന് ഒരു രാഷ്ട്രീയചേരിയുടെ ആളുകളെന്ന് എതിർവിഭാഗം മുദ്രകുത്തുന്നവരെ നാളെ മറുഭാഗം ശത്രുക്കളായി ചാപ്പ കുത്തുകയും ഹീനമായ പ്രചാരവേല അഴിച്ചുവിടുകയും ചെയ്യും. ഒരു മാധ്യമവും ഇതിൽനിന്നു മുക്തല്ലെന്നത് ഈ വിമർശനങ്ങളുടെ പൊള്ളത്തരമാണ് യഥാർഥത്തിൽ തുറന്നുകാട്ടുന്നത്.
ദൽഹി കലാപവാർത്തകളുടെ പേരിൽ സംപ്രേഷണ വിലക്ക് നേരിട്ട ഏഷ്യാനെറ്റിനെ അന്ന് ഇടതുപക്ഷത്തിന്റെയും ന്യൂനപക്ഷ തീവ്രവാദികളുടെയും ശബ്ദമെന്നാക്ഷേപിച്ചാണ് സംഘ്പരിവാർ അനുകൂലികൾ അവർക്കെതിരെ ആക്രമണം അഴിച്ചുവിട്ടത്. എന്നാൽ, തിരുവനന്തപുരം വിമാനത്താവളം വഴി നടന്ന നയതന്ത്ര ചാനലിലൂടെയുള്ള സ്വർണക്കടത്ത് അനുബന്ധ വാർത്തകളുടെ പേരിൽ അതേ ഏഷ്യാനെറ്റ് ഇപ്പോൾ ഇടതുപക്ഷത്തിന്റെ നിശിതമായ ആക്രമണങ്ങൾക്കു ശരവ്യമായിക്കൊണ്ടിരിക്കുകയാണ്. ഇടതുപക്ഷത്തിന് ഏഷ്യാനെറ്റിൽ ഇപ്പോൾ കാവി വർണമേ കാണാൻ കഴിയുന്നുള്ളൂ. ഏഷ്യാനെറ്റ് ഇടതുപക്ഷത്തിന്റെ പിണിയാളുകളായി തങ്ങൾക്കെതിരെ നുണവാർത്തകൾ പ്രചരിപ്പിക്കുന്നു എന്നാക്ഷേപിച്ച സംഘ്പരിവാർ ചേരി ഇപ്പോൾ ഇടതുപക്ഷത്തിന്റെ ഏഷ്യാനെറ്റ് ബഹിഷ്‌കരണത്തിനെതിരെ മാധ്യമ സ്വാതന്ത്ര്യത്തിന്റെ അപ്പോസ്തലൻമാരായി സജീവമായി രംഗത്തുണ്ട്.
ലോകത്തിന്റെ ഇതരഭാഗങ്ങളിൽനിന്ന് വ്യത്യസ്തമായി താരതമ്യേന പരിമിതമായ ഒരു പ്രേക്ഷക സമൂഹത്തിൽ ആധിപത്യം നേടിയെടുക്കാനുള്ള മാധ്യമങ്ങളുടെ തത്രപ്പാട് ചിലപ്പോഴെങ്കിലും അറിയാതെയാണെങ്കിലും വിമർശകർക്ക് മരുന്നിട്ടുകൊടുക്കുന്ന സാഹചര്യം സൃഷ്ടിക്കുന്നുണ്ട്. അതിവേഗം മുന്നിലെത്താനുള്ള മത്സരത്തിൽ നൂറു ശതമാനം കൃത്യമായ പുനപരിശോധനയ്ക്ക് സ്വാഭാവികമായും നേരിടുന്ന വെല്ലുവിളികളാണ് ഇവിടെ മാധ്യമപ്രവർത്തകർക്കു മുന്നിലെ വെല്ലുവിളി.

Comments