മെസ്സി എന്തു കൊണ്ടു പുറത്തു പോകുന്നു

ഫുട്‍ബോളിൽ സംഭവിക്കുന്ന പണത്തിന്റെ നിക്ഷേപം ഫാൻസ്‌ ഉടമകളായ ക്ലബുകളെ ശരിക്കും തകർക്കുകയാണ്. ഇ.പി.എൽ ക്ലബുകൾക്ക് ഇത്ര പ്രതിസന്ധി ഇല്ല. അവർ കോവിടാനന്തരമുള്ള ഈ സീസണിൽ മത്സരിച്ചാണ് ചെലവഴിക്കുന്നത്.

മെസ്സി ബാഴ്‌സ വിടുന്നതിന്റെ കാരണം എന്ത് എന്ന് ചോദിച്ചാൽ വളരെ ലളിതമാണ്. ബാഴ്‌സയുടെ മുൻ ബോർഡിന്റെ സാമ്പത്തിക അച്ചടക്കം ഇല്ലാത്ത സ്‌പെൻഡിങ്. സ്പാനിഷ് ഫുട്‍ബോൾ ലീഗിന്റെ നിയമം അനുസരിച്ച് ക്ലബ് റവന്യുവിന്റെ നിശ്ചിത ശതമാനം മാത്രമേ കളിക്കാരുടെ ശമ്പളത്തിനും മറ്റുമായി ചെലവഴിക്കാൻ സാധിക്കൂ. കോവിഡ് വരികയും ക്ലബിന്റെ റവന്യു ഭീകരമായി കുറയുകയും ചെയ്തതോടെ ബാഴ്സലോണക്ക് ശമ്പളമായി നൽകാവുന്ന തുകയുടെ ലിമിറ്റ് വലിയൊരളവ് കുറഞ്ഞു. ഇതോടെ 50% കുറച്ചിട്ടും മെസ്സിയുടെ ശമ്പളം ബാഴ്‌സിലോണയെ സംബന്ധിച്ച് അപ്രാപ്യമായ ഒന്നായി മാറി.

ബാഴ്‌സ പ്രസിഡൻറ്​ ജോണ് ലാപോർട്ട പറഞ്ഞതനുസിച്ച് മെസ്സിയെ കൂട്ടാതെ തന്നെ ക്ലബിന്റെ റവന്യുവിന്റെ 95%വും കളിക്കാരുടെ ശമ്പളം ഇനത്തിൽ പോവുന്നു എന്നാണ്. ഇതെങ്ങനെ സംഭവിച്ചു?

അവിടെയാണ് മുൻ ബോർഡിന്റെ സാമ്പത്തിക അച്ചടക്കം ഇല്ലായ്മ എന്നത് പ്രധാന വിഷയമാവുന്നത്. വലിയ തുകകൾക്ക് കഴിഞ്ഞ ബോർഡ് ഒരുപാട് താരങ്ങളെ വാങ്ങിക്കൂട്ടി. നെയ്​മർ പോയ ശേഷം കുട്ടീഞ്ഞോ, ഡെമ്പേലെ, അന്റോണിയോ ഗ്രീസ്മാൻ എന്നീ താരങ്ങൾക്കുവേണ്ടി വലിയ തുകകളാണ് ബാഴ്‌സ ചെലവഴിച്ചത് ഇവരൊന്നും വിജയമായില്ല, വിജയമായ ഫ്രെങ്കി ഡിയോങ്നും വലിയ തുക നൽകി. പല താരങ്ങൾക്കും വലിയ ശമ്പള വർദ്ധനവ് നൽകി ദീർഘകാല അടിസ്ഥാനത്തിൽ ക്ലബിൽ നിലനിർത്തി.

ഇതിന്റെ അനന്തര ഫലം പലപ്പോഴായി അവർ തന്നെ അനുഭവിക്കേണ്ടി വന്നു. അതിലൊന്നാണ് സുവാരസിനെ ക്ലബിൽ നിന്ന് തള്ളിപ്പറഞ്ഞയക്കേണ്ടി വന്നത്. സുവാരസിനെ ചിരവൈരികളായ അത്​ലറ്റികോ മാഡ്രിഡിന് സൗജന്യമായി കൊടുക്കണ്ട അവസ്ഥ ബാഴ്‌സയ്ക്ക് വന്നു. മറ്റൊന്നാണ് ക്ലബിൽ നന്നായി കളിച്ച ആർതറിനെ യുവന്റസിന് കൊടുക്കേണ്ടി വന്നത്. മറ്റൊന്നാണ് മാൽകം എന്ന ഈ ഒളിമ്പിക്സിൽ തിളങ്ങിയ താരത്തെ വിറ്റൊഴിവാക്കിയത്. ഇങ്ങനെ ഒരുപാടുണ്ട്.

എന്നാൽ എന്തുകൊണ്ടിങ്ങനെ? ഫുട്‍ബോളിൽ ഇത്രയും വലിയ തുകകൾ മുടക്കുന്ന, വലിയ കോൺട്രാക്​റ്റുകൾ കൊടുക്കേണ്ടി വരുന്നത് എന്ത് കൊണ്ടാണ്? ഞാൻ കരുതുന്നത് ഒരു ദശകമായി ഫുടബോളിലേക്ക് പമ്പ് ചെയ്യപ്പെടുന്ന മൂലധനമാണ് ഇതിന്റെ കാരണം എന്നാണ്. അറബ് വ്യവസായികൾ പ്രധാനമായും തുടങ്ങി വെച്ച ഒരു പ്രാക്ടീസ്. ബാഴ്‌സ നെയ്മറിന്റെ റിലീസ് ക്ളോസ് 200 മില്യനോട് അടുപ്പിച്ച് വെയ്ക്കുന്നത് ആ തുക കൊടുത്ത് ഒരാളും ഒരു താരത്തെയും വാങ്ങില്ല എന്ന വിശ്വാസത്തിലാണ്. എന്നാൽ മൊത്തം ഫുട്‍ബോളിനെ ഞെട്ടിച്ച് പി.എസ്.ജി ആ തുക കൊടുക്കുന്നു, അതെ സീസണിൽ എംബാപ്പയെ എത്തിക്കുന്നു. ഡാനി ആൽവേസ്, ഡി മരിയ, കവാനി തുടങ്ങിയവരെ എത്തിക്കുന്നു. ഇംഗ്ളീഷ് ലീഗിലും സ്ഥിതി വ്യത്യസ്തമല്ല. സിറ്റി ഫുട്‍ബോളിൽ വലിയ ഇൻവെസ്റ്റ്മെൻറ്​ നടത്തുന്നുണ്ടായിരുന്നു പല ക്ലബുകളും. ഇതിനോട് പിടിച്ച് നിൽക്കുക, ഫുടബോളിലെ താരാധിപത്യം ഇനിയേസ്റ്റ, ചാവി, നെയ്മർ ഇവരുടെ പോക്കോടെ നഷ്ടമാവാതിരിക്കുക ഈ ലക്ഷ്യങ്ങളാണ് ധൃതി പിടിച്ച മേജർ സൈനിംഗുകളിൽ ബാഴ്‌സയെ എത്തിക്കുന്നത്.

ബാർസയിലെ വിടവാങ്ങൽ പ്രസംഗത്തിൽ പൊട്ടിക്കരയുന്ന ലയണൽ മെസ്സി

ഫുട്‍ബോളിൽ സംഭവിക്കുന്ന ഈ പണത്തിന്റെ നിക്ഷേപം ഫാൻസ്‌ ഉടമകളായ ക്ലബുകളെ ശരിക്കും തകർക്കുകയാണ്. ഇ.പി.എൽ ക്ലബുകൾക്ക് ഇത്ര പ്രതിസന്ധി ഇല്ല. അവർ കോവിടാനന്തരമുള്ള ഈ സീസണിൽ മത്സരിച്ചാണ് ചെലവഴിക്കുന്നത്. യൂറോപ്യൻ കോമ്പിറ്റീഷന് യോഗ്യത നേടാത്ത ടോട്ടൻഹാം 55 മില്യൺ കൊടുത്ത് ക്രിസ്ത്യൻ റൊമേറോയെ വാങ്ങി, 70 മില്യൺ കൊടുത്ത് ലോട്ടരോ മാർട്ടിനെസ് ആണ് അടുത്ത ലക്‌ഷ്യം . ചെൽസി 100 മില്യൺ കൊടുത്ത് ലുക്കാക്കുവിനെ എത്തിച്ചു. ഇനി 60 മില്യൺ കൊടുത്ത് ജൂൾസ് കുണ്ടേയെ നോക്കുന്നു. യുണൈറ്റഡ് 100+ മില്യൺ കൊടുത്ത് സാഞ്ചോയെ എത്തിച്ചു, 60 മില്യൺ കൊടുത്ത് വരാനെയെ എത്തിച്ചു.

ഈ ലീഗുകളിൽ ഒന്നും ഈ സാലറിയോ സ്‌പെൻഡിങ്ങോ കോവിഡിന് ശേഷം ഒരു പ്രശ്‌നമേ ആവുന്നില്ല. മാർക്കറ്റിന് പൂർണമായി കീഴ്പ്പെട്ടാലേ ഇനി ഫുട്‍ബോളിൽ തുടരാനാവു എന്ന് ഇവരൊക്കെ തിരിച്ചറിയുന്നുണ്ട് . ഫുട്‍ബോളിലെ വരുമാനം ടിക്കറ്റ് വിറ്റിട്ടല്ല കിട്ടുന്നത് എന്നും. ലാലിഗയും ബുണ്ടസ് ലീഗയും മാത്രം ഇപ്പോഴും മാർക്കറ്റിന് പൂർണമായി പുറത്ത് നിക്കുകയാണ്. പ്രധാന ക്ലബുകൾ വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ ഉടമസ്ഥതയിൽ അല്ല എന്നതാവാം ഒരു കാരണം. പക്ഷെ അതുകൊണ്ട് അവർക്ക് ലീഗിന്റെ മൊത്തം വരുമാനത്തിന്റെ പ്രധാന സ്രോതസ്സായ രണ്ട് താരങ്ങളെ ഈ സീസണിൽ നഷ്ടമായി. ഇനിയും ഈ നിയമങ്ങൾ തുടരുക ആണെങ്കിൽ ലീഗ് മെല്ലെ മെല്ലെ ഏറ്റവും അവസാനമാവും. സൂപ്പർ ലീഗ് പോലെയുള്ള മത്സരങ്ങൾക്ക് പിന്നിൽ ഇപ്പോഴും ഓടേണ്ടി വരുന്നത് ഈ കാരണങ്ങൾ കൊണ്ട് കൂടെയാണ്. ഇനി ഇതിനുള്ള നീക്കങ്ങൾ കൂടുതൽ ശക്തമായേക്കും.

Comments