എന്തുകൊണ്ട് സർക്കാരിന് ഒരു സോഫ്റ്റ് വെയർ പ്ലാറ്റ്ഫോം ആവശ്യമുണ്ട്?

ഫലപ്രദമായ ഒരു ആരോഗ്യസംവിധാനത്തിൽ, അനിശ്ചിതത്വത്തെ നേരിടാനുള്ള ഏറ്റവും വലിയ ടൂൾ ഡാറ്റയാണ്. അത് ആവശ്യമുള്ളപ്പോൾ അടിയന്തിരമായി സംഘടിപ്പിക്കുന്നത് നടക്കുന്ന കാര്യമല്ല. പിന്നെ ചെയ്യാവുന്നത്, ചിതറിക്കിടക്കുന്ന വിവരങ്ങൾ മൊത്തമായി ഒരു ഡാറ്റ പ്ലാറ്റ്‌ഫോമിലേക്ക് സംയോജിപ്പിക്കുകയും അതിനെ ഭാവിയിലേക്കുള്ള ആരോഗ്യ ഈടുവെപ്പായി ഉപയോഗിക്കുകയും ചെയ്യാൻ വഴി ആരായുക എന്നതാണ്

കേരള സർക്കാർ കോവിഡ് സാഹചര്യത്തെ നിയന്ത്രണത്തിലാക്കാനും കൈകാര്യം ചെയ്യാനും ഒരു സോഫ്റ്റ് വെയർ സർവീസ് പ്രൊവൈഡറുമായി ചേർന്നുണ്ടാക്കിയ സംവിധാനം, ഡാറ്റ മോഷണം എന്ന ഗൗരവതരമായ ആരോപണം നേരിടുകയാണ്. മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ ഈ പ്രശ്‌നം വിശദീകരിച്ചുവെങ്കിലും സാങ്കേതികവും സാമൂഹികവുമായ ചില സന്ദേഹങ്ങളും പ്രചാരണവും ഇപ്പോഴുമുണ്ട്. പ്രശ്‌നത്തിന്റെ ചില വശങ്ങൾ പരിശോധിക്കുകയാണിവിടെ.

കോവിഡ് വ്യാപനത്തിലൂടെ നിലവിലെ ലോകക്രമം മുഴുവൻ അട്ടിമറിക്കപ്പെടുന്ന സാഹചര്യമാണുള്ളത്. ഇതുവരെയുണ്ടായിരുന്ന മുൻഗണനകളും ഭരണരീതികളും പുതിയ പ്രശ്‌നം കൈകാര്യം ചെയ്യാൻ അപര്യാപ്തമാവുന്ന അവസ്ഥയുണ്ട്. ഒരുപക്ഷേ, ഒരു പുതിയ ലോകക്രമം വരെ നിർബന്ധിതമാക്കിയേക്കാവുന്ന അവസ്ഥയിലേക്കാണ് ഈ മഹാമാരി മനുഷ്യരാശിയെ എത്തിക്കുന്നത്.

ഭരണഘടനാപരമായ ചില അവകാശങ്ങൾവരെ ചുരുങ്ങിയ തോതിലെങ്കിലും മരവിപ്പിക്കപ്പെടുന്ന അവസ്ഥയാണ്. വ്യക്തിസ്വാതന്ത്ര്യം എന്നത് സാമൂഹ്യസാഹചര്യങ്ങൾ അനുവദിക്കുന്ന പരിധിക്കകത്ത് നിയന്ത്രിക്കേണ്ടുന്ന അവസ്ഥവരെയുണ്ട്. മരണം എല്ലാറ്റിനും മുകളിൽ നിഴൽവിരിച്ചുനിൽക്കുമ്പോൾ ജീവന് മാത്രം മുൻഗണന കൊടുക്കേണ്ടുന്ന സ്ഥിതി.

കോവിഡിന് നിലവിൽ വാക്‌സിനുകളോ വൈദ്യശാസ്ത്രം അംഗീകരിച്ച മറ്റ് രോഗനിവാരണരീതികളോ കണ്ടെത്തിയിട്ടില്ല, സമൂഹത്തിന്റെ മേൽ മൊത്തമായി നടപ്പിലാക്കപ്പെടുന്ന നിയന്ത്രണങ്ങളല്ലാതെ രോഗം ഒരു വ്യക്തിഗതപ്രശ്‌നമായെടുത്ത് കൈകാര്യം ചെയ്യാവുന്ന ലക്ഷ്യവേധിയായ മാർഗങ്ങളില്ല.

നിലവിലെ മനുഷ്യാദ്ധ്വാനം കണ്ടമാനം ഉപയോഗിച്ചുകൊണ്ടുള്ള സർക്കാർ നടപടികൾ ലക്ഷ്യം കണ്ട് കോവിഡിനെ നിയന്ത്രിക്കാൻ കഴിഞ്ഞാൽതന്നെ എപ്പോൾ വേണമെങ്കിലും അപ്രതീക്ഷിതമായി ഏതെങ്കിലുമൊരു കോണിൽനിന്ന് വീണ്ടും അത് പൊട്ടിപ്പുറപ്പെടാം. കാരണം, നിലവിലെ ഒരു രീതിയും വൈറസിനെ നിർവീര്യമാക്കാൻ കഴിവുള്ളതല്ല, പകരം അതിന്റെ വ്യാപനം കുറയ്ക്കാൻ മാത്രമാണ് ഉപകരിക്കുന്നത്. പ്രതിരോധനടപടികൾ വലിയ തോതിൽ സ്റ്റാറ്റിസ്റ്റിക്കൽ ആണ്.

സർക്കാരിന്റെ കൈവശം വലിയ തോതിൽ ആരോഗ്യഡാറ്റയുണ്ട്. സെൻസസിന്റെ ഭാഗമായി കിട്ടിയ ഡെമോഗ്രഫിക് ഡാറ്റ, വൾണറബിലിറ്റി ഗ്രൂപ്പുകളെ(ആരോഗ്യഭീഷണി നേരിടുന്നവർ) പ്പറ്റിയുള്ള വിവരങ്ങൾ, ഭൂപ്രദേശങ്ങളും സാംസ്‌കാരികപ്രത്യേകതകളും ആരോഗ്യശീലങ്ങളും ഓരോ ഗ്രൂപ്പുകളിലും വരുത്തുന്ന വ്യതിയാനങ്ങൾ, സർക്കാർ സർവേകൾ വഴി അറിഞ്ഞോ അറിയാതെയോ കൈവശമെത്തിയ പലവിധ ഡാറ്റആട്രിബ്യൂട്ടുകൾ തുടങ്ങി ക്ഷയരോഗ നിർമ്മാജ്ജനയജ്ഞത്തിന്റെ ഭാഗമായി രണ്ടരക്കോടി കേരളീയരുടെ രോഗവിവരങ്ങളുടെ ഡാറ്റ വരെയുണ്ട്. ഇത്രയും വലിയ ഡാറ്റ ശേഖരവും ഇപ്പോൾ കോവിഡ് നിവാരണയജ്ഞത്തിന്റെ ഭാഗമായി ശേഖരിച്ചുകൊണ്ടിരിക്കുന്ന വിവരങ്ങളും പല എക്‌സെൽ ഷീറ്റുകളിലും വേർഡ് ഫയലുകളിലും, എന്തിന് സാധാരണ പേപ്പർഫയലുകളിൽ വരെ ചിതറിക്കിടക്കുകയാണ്.

ഫലപ്രദമായ ഒരു ആരോഗ്യസംവിധാനത്തിൽ, അനിശ്ചിതത്വത്തെ നേരിടാനുള്ള ഏറ്റവും വലിയ ടൂൾ ഡാറ്റയാണ്. അത് ആവശ്യമുള്ളപ്പോൾ അടിയന്തിരമായി സംഘടിപ്പിക്കുന്നത് നടക്കുന്ന കാര്യമല്ല. പിന്നെ ചെയ്യാവുന്നത്, ചിതറിക്കിടക്കുന്ന ഈ വിവരങ്ങൾ മൊത്തമായി ഒരു ഡാറ്റപ്ലാറ്റ്‌ഫോമിലേക്ക് സംയോജിപ്പിക്കുകയും അതിനെ ഭാവിയിലേക്കുള്ള ആരോഗ്യ ഈടുവെപ്പായി ഉപയോഗിക്കുകയും ചെയ്യാൻ, വഴി ആരായുക എന്നതാണ്. അതിന് വൻതോതിൽ ഡാറ്റ ഉള്ളിലേക്കെടുക്കാനും പ്രോസസ് ചെയ്യാനും കൈകാര്യം ചെയ്യാനുമൊക്കെയുള്ള 'ഡാറ്റലേയ്ക്കും' അനലിറ്റിക്‌സ് പ്ലാറ്റ്ഫോമും വേണം. ഇപ്പോൾ കോവിഡുമായി ബന്ധപ്പെട്ട് കൈവശമുള്ള ഡാറ്റ മാത്രമല്ല, തുടർച്ചയായി സോഷ്യൽ മീഡിയ ഫീഡുകളിലും മറ്റും ലഭിക്കുന്ന ഡാറ്റയും സർക്കാർ ഫയലുകളിൽ ചിതറിക്കിടക്കുന്ന അൺസ്ട്രക്‌ചേർഡ് ഡാറ്റയും കൈകാര്യം ചെയ്യാൻ പറ്റുന്ന സംവിധാനം വേണം.

ഇപ്പോഴത്തേതുപോലെ ഒരു അടിയന്തിരഘട്ടം വരുമ്പോൾ, അല്ലെങ്കിൽ ഇപ്പോൾത്തന്നെ, നിമിഷനേരത്തിനുള്ളിൽ വൾണറബിലിറ്റി ഗ്രൂപ്പുകളെ കണ്ടെത്താനും ലക്ഷ്യവേധികളായ (targeted) പ്രതിനടപടി എടുക്കാനും ആ ഗ്രൂപ്പുകളെ നേരിട്ട് വിവരം അറിയിക്കാനും ആരായാനും ടെക്‌നോളജി പ്ലാറ്റ്ഫോം വേണം. അതിനുള്ള സോഫ്റ്റ് വെയർ വേണം. ഇത്തരമൊരു സംവിധാനം, ഡാറ്റ പാറ്റേണുകൾ കണ്ടെത്തുകയും അങ്ങനെ കണ്ടെത്തുന്ന പാറ്റേണുകൾ തമ്മിലുള്ള ബന്ധത്തിലൂടെ ആ വിവരങ്ങളെ പ്രവചനങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്യുന്നു.

ഉദാഹരണമായി, തുടച്ചയായ വിവരവിശകലനം വഴി അടുത്തത് എവിടെയാണ് രോഗസാധ്യത, ഏതൊക്കെ ഗ്രൂപ്പുകളാണ് വൾണറബിളാവുന്നത്, എത്രത്തോളം വ്യാപ്തിയുണ്ടാകും, മുൻപരിചയംവെച്ച് എന്തൊക്കെ ഒരുക്കങ്ങളാണ് നടത്തേണ്ടത്, അതിന് വേണ്ടിവരുന്ന വിഭവശേഷി, പൊതുജനാഭിപ്രായം, പ്രത്യേക ഡെമോഗ്രാഫിക് ഗ്രൂപ്പുകൾക്ക് നേരിട്ട് എങ്ങനെ വിവരം കൈമാറാം, വ്യക്തിഗത പ്രശ്‌നങ്ങൾ എങ്ങനെ സിസ്റ്റത്തിന്റെ ശ്രദ്ധയിൽ കൊണ്ടുവരാം, സ്വകാര്യത സംരക്ഷിച്ചുകൊണ്ടുതന്നെ എങ്ങനെ ക്വാറന്റൈൻ തീരുമാനങ്ങൾ എടുക്കുകയും നിർദ്ദേശങ്ങൾ കൈമാറുകയും ചെയ്യാം തുടങ്ങി മനുഷ്യരും സാധാരണ കമ്പ്യൂട്ടർ സംവിധാനങ്ങളും കഠിനാദ്ധ്വാനം ചെയ്താൽ മാത്രം സാദ്ധ്യമാവുന്ന തീരുമാനങ്ങൾക്കുള്ള ശുപാർശകളും അവയുടെ പ്രക്രിയകളും ഇത്തരമൊരു പ്ലാറ്റ്‌ഫോംവെച്ച് വളരെക്കുറഞ്ഞ മനുഷ്യാദ്ധ്വാനവും വിവേചനശേഷിയും കൊണ്ട് ലഭ്യമാക്കാവുന്നതേയുള്ളൂ. ഇത് മുഴുവൻ ഒറ്റ പ്ലാറ്റ്ഫോമിൽ ലഭ്യമാവുന്നതാണ് എന്ന് പ്രത്യേകിച്ച് ശ്രദ്ധിക്കണം.

എന്താണ് ഇത്തരമൊരു സംവിധാനത്തിന്റെ സാങ്കേതിക സാദ്ധ്യത?

പല രീതികളിൽ ഇത്തരമൊന്ന് ലഭ്യമാക്കാം.
ഒന്ന്: സർക്കാർ സ്വന്തമായി ഇത്തരമൊരു സംവിധാനം നിർമിച്ചെടുക്കുക.

ഇത് മിക്കവാറും അസാദ്ധ്യം എന്ന് പറയാം. വർഷങ്ങളെടുക്കും അത്തരമൊരു പ്ലാറ്റ്ഫോമും സോഫ്റ്റ് വെയറും ഉണ്ടാക്കിയെടുക്കാൻ, നിലവിലുള്ള ഓപ്പൺസോഴ്‌സ് ഘടകങ്ങൾ ഉപയോഗിച്ചാൽ തന്നെ. ഭീമമായ ചെലവ് താങ്ങാം എന്നുവച്ചാൽ തന്നെ വൈദഗ്ധ്യം ലഭ്യമാക്കൽ ഏതാണ്ട് അസാദ്ധ്യമാണ്. പോരാത്തതിന് അത്തരമൊരു പ്ലാറ്റ്ഫോമും അതിന്റെ ഇൻഫ്രാസ്ട്രക്ചറും സ്വന്തമായി കൈകാര്യം ചെയ്യുക എന്നതും അത് നിലവിലുള്ള സമാനമായ മറ്റ് സംവിധാനങ്ങളുമായി സംയോജിപ്പിക്കുക എന്നതുമൊക്കെ ഇത്തരമൊരു സമീപനത്തെ ഏതാണ്ട് പൂർണമായും അസാദ്ധ്യമാക്കുന്നു. സർക്കാരിന്റെ പണി ഭരിക്കലാണ്, എന്തിനാണ് സോഫ്റ്റ് വെയർ ഉണ്ടാക്കാൻ പോകുന്നത് എന്ന പ്രശ്‌നത്തെ അവഗണിക്കുകയാണെങ്കിൽ പോലും. നിലവിലെ കോവിഡ് പ്രശ്‌നത്തിൽ പോയിട്ട്, അടുത്ത അഞ്ചുകൊല്ലത്തേക്കെങ്കിലും ഇതുകൊണ്ട് ഒരു പ്രശ്‌നവും പരിഹരിക്കപ്പെടാൻ സാദ്ധ്യതയില്ല.

പക്ഷേ ഈ മോഡലിൽ മാത്രമേ സർക്കാരിന് സോഫ്റ്റ് വെയർ കോഡുമുതൽ ഫിസിക്കൽ ഡാറ്റ വരെ പൂർണമായ ആധിപത്യമുള്ള ഒരു സംവിധാനം നടക്കൂ. ഇത്തരമൊരു സംവിധാനം ഉണ്ടെങ്കിൽ അത് മറ്റ് സർക്കാരുകൾക്ക് വിൽക്കുക എന്ന സാദ്ധ്യതയുമുണ്ട്, തത്വത്തിലെങ്കിലും.
ഒറ്റനോട്ടത്തിൽ സെക്യൂരിറ്റിയുടെ കണ്ണിൽ പെർഫെക്റ്റ് എന്ന് തോന്നുമെങ്കിലും കൈകാര്യം ചെയ്യുന്നവരുടെ പ്രോസസ്സുകളുടെ അപക്വത മൂലം ഡാറ്റയെ സംബന്ധിച്ച് ഏറ്റവും വൾണറബിളായ മോഡൽ ഇതാണ്.

രണ്ട്: ഇത്തരമൊരു സോഫ്റ്റ് വെയറും അതിന്റെ ഡാറ്റ പ്ലാറ്റ്ഫോമും വേണ്ടിവരുന്ന സകല അനുബന്ധ സർവീസുകളും സർക്കാർ വിലകൊടുത്തുവാങ്ങി സ്വന്തമായി ഒരു ഡാറ്റ സെന്ററിലോ അല്ലെങ്കിൽ കേന്ദ്ര സർക്കാരിന്റെ ഹോസ്റ്റിങ് സൗകര്യം ഉപയോഗപ്പെടുത്തിയോ ഡിപ്ലോയ് ചെയ്യുക.

ഇതിലും സോഫ്റ്റ് വെയറിന്റെ ബൗദ്ധികാവകാശമൊഴിച്ച് ബാക്കിയെല്ലാ ഘടകങ്ങളിലും സർക്കാരിന് നേരത്തേ പറഞ്ഞ മോഡലിലുള്ള ഏതാണ്ടെല്ലാ നിയന്ത്രണങ്ങളുമുണ്ട്. പക്ഷേ അത്തരമൊരു സോഫ്റ്റ് വെയർ നിലവിലുള്ളതായി എനിക്കറിവില്ല. അഥവാ ഉണ്ടെങ്കിൽത്തന്നെ അതിന്റെ ചെലവ്, ഉപഭോക്താക്കൾ സർക്കാരുകൾ മാത്രമായിരിക്കേ, അതിഭീമമായിരിക്കുകയും ചെയ്യും. പോരാത്തതിന് അതിന്റെ മാനേജ്‌മെന്റ് ഓവർ ഹെഡ്ഡുകളും നീണ്ട ഡിപ്ലോയ്‌മെന്റ് ലൈഫ്സൈക്കിളും സമാനമായ സൗകര്യങ്ങളോട് കൂട്ടിയോജിപ്പിക്കാനുള്ള ബുദ്ധിമുട്ടും ഒക്കെക്കൂടി ഫലത്തിൽ പ്രയോജനമില്ലാതെ പോകും. ഇതും നിലവിലെ സാഹചര്യത്തിന് സമയപരിധി മൂലം ലഭ്യമാവുകയുമില്ല.

മൂന്ന്: സോഫ്റ്റ് വെയർ നിർമ്മാതാക്കൾ ക്ലൗഡ് പ്ലാറ്റ്ഫോമിൽ ഓഫർ ചെയ്യുന്ന PaaS (Platform as a service), SaaS (Software as a service) എന്നീ രണ്ട് ഡിപ്ലോയ്‌മെന്റ് മോഡലുകൾ പരിഗണിക്കുക.

ക്ലൗഡ് സർവീസ് എന്നാൽ ഏറ്റവും ലളിതമായി പറഞ്ഞാൽ സെർവറുകളും അതിൽ ഓടുന്ന ഓപ്പറേറ്റിങ് സിസ്റ്റവും അവയിൽ പ്രവർത്തിക്കുന്ന കുറെയേറെ സോഫ്റ്റ് വെയറുകളും ഉപഭോക്താക്കൾക്ക് വേണ്ടി മറ്റ് സർവീസ് പ്രൊവൈഡർമാർ ഓടിക്കുകയും ഉപഭോക്താവ് തനിക്കാവശ്യമുള്ള സമയത്തേക്ക് മാത്രമായി ആവശ്യമുള്ള സർവീസ് ഉപയോഗിക്കുകയും അതിന് പണം കൊടുക്കയും ചെയ്യുന്ന ഏർപ്പാടാണ്.

ഏകദേശ ഉദാഹരണം പറഞ്ഞാൽ, നെറ്റ്ഫ്‌ളിക്‌സിലോ ആമസോൺ പ്രൈമിലോ സിനിമ കാണുന്നത് പരിഗണിക്കുക. നമ്മൾ മാസവരിസംഖ്യ കൊടുക്കുന്നു, സിനിമയും മറ്റ് പ്രോഗ്രാമുകളും കാണാൻ എല്ലാ പശ്ചാത്തലസംവിധാനങ്ങളും അവർ ഉണ്ടാക്കുന്നു. അവർ നിർമ്മാതാക്കളുമായി സംസാരിക്കുന്നു, ചിലപ്പോൾ സ്വന്തമായി സിനിമകളോ സീരിയലുകളോ നിർമിക്കുന്നു, സിനിമ നമ്മുടെ അടുത്തേക്കെത്താനുള്ള സാങ്കേതികവും നിയമപരവുമായ ഏർപ്പാടുകൾ ഏറ്റെടുക്കുന്നു. നമ്മൾ ചെയ്യുന്നത് മാസവരിസംഖ്യ അടക്കുക എന്നത് മാത്രമാണ്. 'ഏസ് എ സർവീസ്' എന്ന ക്ലൗഡ് സർവീസ് മോഡലാണിത്.

ഏതാണ്ട് ഇതുപോലെയാണ് PaaS (Platform as a service), SaaS (Software as a service) എന്നീ മോഡലുകൾ പ്രവർത്തിക്കുന്നത്. ഉപഭോക്താവ് ആകെ ചെയ്യുന്നത് സോഫ്റ്റ് വെയർ ഉപയോഗിക്കുക എന്നത് മാത്രമാണ്. അത് ഓടിക്കാനുള്ള സെർവറുകൾ മുതൽ ആവശ്യമായ നിയമസംവിധാനങ്ങൾ വരെ സർവീസ് പ്രൊവൈഡർമാരുടെ ചുമതലയാണ്. നമ്മൾ ഉപയോഗിക്കുന്ന പല സംവിധാനങ്ങളും SaaS (Software as a service) മോഡലാണ്, പണം കൊടുക്കാതെയാണ് ഉപയോഗിക്കുന്നത് എന്നേയുള്ളൂ.

ഉദാഹരണമായി, ഗൂഗിൾ മാപ്‌സ് ഒരു SaaS അപ്ലിക്കേഷനാണ്. സങ്കീർണമായ നാവിഗേഷൻ സോഫ്റ്റ്വെയറും തത്സമയ വിവരങ്ങളും ഗൂഗിൾ ശേഖരിക്കുകയും നമ്മൾ കൊടുക്കുന്ന നിർദ്ദേശങ്ങൾക്കനുസരിച്ച് അവരുടെ ക്ലൗഡ് പ്ലാറ്റ്‌ഫോമിൽ പ്രോസസ് ചെയ്യുകയും നമുക്കാവശ്യമുള്ള സ്ഥലത്തേക്ക് പോകേണ്ട വഴികളും ആ വഴികളിലെ നിലവിലെ ട്രാഫിക്കും മറ്റ് സാദ്ധ്യതകളും ഡാറ്റ അനലിറ്റിക്‌സ് സംവിധാനങ്ങൾ കണ്ടെത്തുകയും നമ്മുടെ ഫോണിലുള്ള ഒരു ചെറിയ അപ്ലിക്കേഷനിലേക്ക് ഈ ഫലങ്ങൾ മാറ്റുകയും ചെയ്യുന്നു. അപ്പോൾ മുതൽ നമ്മൾ ലക്ഷ്യസ്ഥാനത്ത് എത്തുന്നതുവരെ നമ്മുടെ റൂട്ടും സ്പീഡും ഗൂഗിളിന്റെ സോഫ്റ്റ്വെയറും അവയ്ക്ക് ആവശ്യമുള്ള വിവരങ്ങൾ നൽകുന്ന അനലിറ്റിക്‌സ് സംവിധാനവും നിരന്തരമായി നിരീക്ഷിക്കുകയും ആവശ്യമായ മാറ്റം നിർദ്ദേശിക്കുകയും ചെയ്യുന്നു. നമ്മളിതൊന്നും അറിയുന്നില്ല, ആകപ്പാടെ ചെയ്യേണ്ടത് ഒരു ചെറിയ അപ്ലിക്കേഷൻ ഫോണിൽ ലഭ്യമാക്കുക എന്നത് മാത്രമാണ്. ഗൂഗിൾ മാപ്‌സിന്റെ ക്ലൈന്റ് മാത്രമാണ് നമ്മൾ ഉപയോഗിക്കുന്ന മാപ്‌സ് ആപ്പ്, വലിയ കമ്പ്യൂട്ടിങ് പവർ ആവശ്യമുള്ള അനേകം പ്ലാറ്റ്ഫോമുകളെ കൂട്ടിയോജിപ്പിക്കുന്ന അതിസങ്കീർണമായ സംവിധാനം, അതിന്റെ പിന്നിൽ ഗൂഗിളിന്റെ ക്ലൗഡ് പ്രവർത്തിക്കുന്നുണ്ട്.

PaaS സർവീസുകൾ ആദ്യം പറഞ്ഞ രണ്ട് ഡെഡിക്കേറ്റഡ് മോഡലുകളുടെ അത്രതന്നെയില്ലെങ്കിലും കുറെയൊക്കെ ബാക് എൻഡ് നിയന്ത്രണം ഉപഭോക്താക്കൾക്ക് നൽകുന്നുണ്ട്. ഉദാഹരണമായി, സ്വന്തമായി ഡാറ്റാബേസ് സ്‌കീം ഡിഫൈൻ ചെയ്യാം, ചില കേസുകളിൽ സാങ്കേതികമായി ഡാറ്റബേസ് നേരിട്ട് ആക്‌സസ് ചെയ്യാം. PaaS മോഡലുകൾ ഒരു സോഫറ്റ്വെയർ ഇൻസ്റ്റൻസിനെ കസ്റ്റമർക്ക് നേരിട്ട് ലഭ്യമാക്കുകയാണ്. പക്ഷേ SaaS മോഡലുമായി താരതമ്യം ചെയ്താൽ വളരെക്കുറച്ച് എൻഡ് യൂസർ അപ്ലിക്കേഷനുകളേ PaaS മോഡലിൽ ലഭ്യമാവുന്നുള്ളു. മിക്കവാറും ഉപഭോക്താക്കൾ PaaS ഉപയോഗിക്കുന്നത് ഡേറ്റാബേസ്, മിഡിൽവെയർ തുടങ്ങിയ പശ്ചാത്തല സോഫ്റ്റ്വെയറുകൾക്കാണ്. SaaS മായി താരതമ്യപ്പെടുത്തുമ്പോൾ കുറേക്കൂടി അദ്ധ്വാനവും വൈദഗ്ദ്ധ്യവും ഈ മോഡൽ ഉപഭോക്താക്കളിൽ നിന്ന് ആവശ്യപ്പെടുന്നുണ്ട്. ഒരേ അപ്ലിക്കേഷനുകൾ തന്നെ പലപ്പോഴും ഈ രണ്ട് മോഡലുകളിലും ലഭ്യമാവും.

സാസ് അപ്ലിക്കേഷനുകൾ മിക്കവാറും വാങ്ങിയ ഉടൻ ഉപയോഗിച്ചുതുടങ്ങാം. ഒരുദാഹരണമെടുത്താൽ സർക്കാർ ഇവിടെ ഉപയോഗിക്കാൻ ഉദ്ദേശിക്കുന്ന SaaS വെറും ഒരാഴ്ചത്തെ സമയമേ പൂർണമായും ഉപയോഗസന്നദ്ധമാക്കാൻ എടുക്കുന്നുള്ളൂ.

സാസ് അപ്ലിക്കേഷനുകളുടെ മാനേജുമെന്റ്, അപ്‌ഡേയ്റ്റുകൾ തുടങ്ങി എല്ലാത്തരം പശ്ചാത്തല പ്രവർത്തനങ്ങളും സർവീസ് പ്രൊവൈഡറാണ് നോക്കുന്നത്. വീണ്ടും ഉദാഹരണമായി ഗൂഗിൾ മാപ്‌സ് എടുത്താൽ, അതിലെ ഫീച്ചേഴ്‌സ് പുതുതായി വരുന്നതും അപ്ഡേയ്റ്റാവുന്നതും ഇന്റർഫേയ്‌സ് മാറുന്നതും ഒന്നും നമ്മൾ പ്രത്യേകിച്ച് ഒന്നും ചെയ്തിട്ടല്ലല്ലോ. അത്തരം സോഫ്റ്റ് വെയറുകൾ ഉപയോഗിക്കൽ മാത്രമാണ് ഉപഭോക്താവിന് ചെയ്യേണ്ടതുള്ളത്. ഒട്ടുമിക്കവാറും ഉപഭോക്താക്കൾ ഈ മോഡലിലേക്ക് കഴിയുന്നിടത്തോളം മാറുകയോ മാറാനുള്ള സാദ്ധ്യതകൾ അന്വേഷിച്ചുകൊണ്ടിരിക്കുകയോ ആണ്. വരുന്ന കാലം പൊതുവേ SaaS ന്റേതാണ് എന്നാണ് കരുതപ്പെടുന്നത്. മറ്റ് മോഡലുകളുമായി തട്ടിച്ചുനോക്കുമ്പോൾ ഏറ്റവും ചെലവ് കുറവുള്ളതും ഈ രീതിക്കാണ്.

നിലവിൽ സർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന സിറ്റിസൻ എക്സ്പീരിയൻസ് പ്ലാറ്റ്ഫോമുകൾ ഏതാണ്ടെല്ലാം ഈ മോഡലിലാണ് ലഭ്യമായിട്ടുള്ളത്. മിക്കവാറും എല്ലാ പുതിയ സോഫ്റ്റ് വെയറുകളും തന്നെ ഈ മോഡലിലാണ്. നമ്മൾ മൊബൈലിൽ ഉപയോഗിക്കുന്ന തൊണ്ണൂറുശതമാനം സോഫ്റ്റ് വെയറുകളും, പൊതുവെ ഉപഭോക്താക്കൾ അറിയാറില്ലെങ്കിലും, ഈ മോഡലിലുള്ളവയാണ്.

അറിഞ്ഞിടത്തോളം സർക്കാർ ഉദ്ദേശിക്കുന്ന കാര്യം നടക്കണമെങ്കിൽ SaaS മോഡലിലേ നിലവിൽ പരിഹാരമുള്ളൂ. Saas നെ ഒന്ന് മെനക്കെട്ടാൽ PaaS മോഡലായി മാറ്റാവുന്നതേയുള്ളൂ, പക്ഷേ അതെന്തിന് ഒരു പ്രൊവൈഡർ ചെയ്യണം എന്ന ചോദ്യമുണ്ട്. എല്ലാ ഫീച്ചറുകളും താലത്തിൽ കിട്ടുമ്പോൾ എന്തിന് ഉപഭോക്താവ് കൂടുതൽ പണിയെടുക്കണം?

നിയമ പരിമിതി അഥവാ Regulatory and Compliance Constraints

പരമാധികാര രാജ്യങ്ങൾക്ക് തങ്ങളുടെ പൗരന്മാരുടെ വിവരങ്ങളുടെ മേൽ നിയന്ത്രണാധികാരമുണ്ട്, അവർ അത് അതാത് രാജ്യത്ത് നിയമങ്ങളായി നടപ്പിലാക്കുകയും ചെയ്യുന്നുണ്ട്. ഇന്ത്യക്കുമുണ്ട് തങ്ങളുടെ പൗരന്മാരുടെ വിവരങ്ങളുടെ മേൽ നിയന്ത്രണം സ്ഥാപിക്കുന്ന നിയമങ്ങൾ. ഇൻഫോർമേഷൻ മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ ഈ വിവരങ്ങൾ ലഭ്യമാണ്.

വിശദാംശങ്ങൾ മാറ്റിനിർത്തിയാൽ ഈ സന്ദർഭത്തിൽ പ്രസക്തമായ ഭാഗം ഇതാണ്. ഇന്ത്യൻ നിയമനുസരിച്ച് 'പേഴ്‌സണലി സെൻസിറ്റീവ് ഡാറ്റ' അതായത്, ആരോഗ്യവിവരങ്ങൾ, ലൈംഗികമായ ഓറിയന്റേഷൻ, മെഡിക്കൽ റെക്കോർഡുകൾ, വിരലടയാളം തുടങ്ങിയ ബയോമെട്രിക് വിവരങ്ങൾ നിർബന്ധമായും ഇന്ത്യയിൽ ഭൗതികമായി നിലവിലുള്ള സാങ്കേതികസംവിധാനങ്ങളിലേ ശേഖരിക്കാൻ പാടുള്ളൂ. പ്രോസസ് ചെയ്യാൻ ഇന്ത്യക്ക് പുറത്തെ സെർവറുകളിലേക്ക് കൊണ്ടുപോകാം, പക്ഷേ ഒരിടത്തും അവ സൂക്ഷിക്കാൻ അനുവാദമില്ല. ആവശ്യം കഴിഞ്ഞാൽ നശിപ്പിച്ചുകളയുകയോ പ്രോസസ്ഡ് ഡാറ്റ തിരിച്ച് ഇന്ത്യയിൽ സൂക്ഷിക്കുകയോ വേണം.

ഇന്ത്യൻ നിയമം, പേഴ്സണൽ സെൻസിറ്റീവ് ഡാറ്റ SaaS പ്ലാറ്റ്‌ഫോമുകളിൽ ഉപയോഗിക്കുന്നത് നിരോധിക്കുന്നില്ല, ഡാറ്റ ഇന്ത്യയിൽ സൂക്ഷിക്കണം എന്നേ നിയമമുള്ളൂ.

നിലവിൽ കേരള സർക്കാർ തെരഞ്ഞെടുത്തിട്ടുള്ള സർവീസ് പ്രൊവൈഡർ കേരളത്തിൽ നിന്ന് ശേഖരിക്കുന്ന ഡാറ്റ ഇന്ത്യയിൽ തന്നെയാണ് സൂക്ഷിക്കുന്നത്. പ്രോസസ് ചെയ്യാൻ പുറത്തേക്കെടുത്തേക്കാം എന്നവർ അവരുടെ എസ്.എൽ.എയിൽ പറയുന്നുണ്ട്, അത് നിയമപരവുമാണ്.
SaaS മോഡലിലെ ഡേറ്റ സെക്യൂരിറ്റി

വളരെ തെറ്റിദ്ധരിക്കപ്പെട്ട ഒന്നാണ് SaaS മോഡലിലെ ഡേറ്റ സെക്യൂരിറ്റി. അപ്ലിക്കേഷൻ കൈകാര്യം ചെയ്യുന്നത് ഉപഭോക്താവല്ല (ഇവിടെ സർക്കാർ). ഡാറ്റ സർവീസ് പ്രൊവൈഡറുടെ സ്റ്റോറേജിലാണ്. അതുകൊണ്ടുതന്നെ ഡാറ്റയ്ക്ക് യാതൊരു സെക്യൂരിറ്റിയും ഇല്ല, അവർക്ക് എപ്പോൾ വേണമെങ്കിലും എടുക്കാം എന്നാണ് ധാരണ. എത്ര നിയന്ത്രണ സംവിധാനങ്ങളെക്കുറിച്ച് പറഞ്ഞാലും പൊതുവെ കേൾക്കുന്ന ചോദ്യം ഡാറ്റ അവരുടെ കൈയിലല്ലേ എന്നാണ്.

സാസ് ഡാറ്റ സെക്യൂരിറ്റി സാങ്കേതികമായ നിബന്ധനകൾ കൊണ്ടുമാത്രം നടപ്പിലാക്കാവുന്ന ഒന്നല്ല. കോൺട്രാക്റ്റ് ബാദ്ധ്യതകളും പല അടരുകളിലെ കർശനമായ നിബന്ധനകളും അവയെ പരസ്പരം മോണിറ്റർ ചെയ്യുന്ന ഗവേർണൻസ് സംവിധാനങ്ങളും (Data Governance) ഇതിനെയൊക്കെ പിന്തുണക്കുന്ന പ്രോസസ്സുകളും സാങ്കേതികവിദ്യയും ഒക്കെ ചേർന്ന സങ്കീർണ സംവിധാനമാണ് ഡാറ്റ സെക്യൂരിറ്റി.

ഇന്ത്യൻ നിയമം, പേഴ്സണൽ സെൻസിറ്റീവ് ഡാറ്റ SaaS പ്ലാറ്റ്‌ഫോമുകളിൽ ഉപയോഗിക്കുന്നത് നിരോധിക്കുന്നില്ല, ഡാറ്റ ഇന്ത്യയിൽ സൂക്ഷിക്കണം എന്നേ നിയമമുള്ളൂ. അത് വലിയ ക്ലൗഡ് സർവീസ് പ്രൊവൈഡറുടെ സംവിധാനങ്ങൾക്കകത്ത് വളരെ നിസ്സാരമായ സാങ്കേതികകാര്യമാണ്, സ്റ്റോറേജ് പ്രൊവിഷൻ ചെയ്യുമ്പോൾ ഇന്ത്യയിലുള്ള ഒരു പ്രദേശം (ഉദാഹരണം മുംബൈ) തെരഞ്ഞെടുക്കേണ്ട കാര്യമേയുള്ളൂ.

റെഗുലേറ്ററി തടസ്സം സാസ് ഉപയോഗിക്കുന്നതിൽ ഇല്ല, ഡാറ്റ സെക്യൂരിറ്റി കൺട്രോളുകൾ എന്തൊക്കെയാണെന്നും എങ്ങനെ നടപ്പിലാക്കണമെന്നും കേന്ദ്രസർക്കാരിന്റെ നിർദ്ദേശങ്ങളുണ്ട്. അതുപോലും ഒറ്റയടിക്ക് എല്ലാം നടപ്പിലാക്കണം എന്നല്ല, അവർ തന്നെ ഈ മോഡൽ സ്വീകരിക്കുന്നതിലേക്കുള്ള ഒരു പക്വതാമാർഗ്ഗം (Maturity Path) നിർവ്വചിച്ചിട്ടുണ്ട്.
സാസ് എന്റർപ്രൈസ് ഡേറ്റ സെക്യൂരിറ്റിയുടെ ഏറ്റവും ശക്തമായ സാങ്കേതികനടപടികളിലൊന്ന്, നടപടി സെക്യൂരിറ്റി കീകൾ ഹോസ്റ്റ് ചെയ്യാൻ സാസ് സർവീസ് പ്രൊവൈഡറെ അനുവദിക്കാതിരിക്കുക എന്നതാണ്. HSM മൊഡ്യൂളുകൾ ഉപയോഗിച്ച് സെക്യൂരിറ്റി കീകൾ സ്വന്തം നിയന്ത്രണത്തിൽ സൂക്ഷിക്കുകയും ആവശ്യമുള്ളപ്പോൾ മാത്രം അവ സർവീസ് പ്രൊവൈഡർക്ക് നൽകുകയുമാണ് ചെയ്യുന്നത്.

ഒരു കാരണവശാലും ഒരു കമ്പനി ജീവനക്കാരൻ ഒറ്റക്കോ അല്ലെങ്കിൽ ഒരു ചെറിയ ഗ്രൂപ്പിലുള്ള ആളുകളോ വിചാരിച്ചാൽ ആ ഡാറ്റ ആക്‌സസ് ചെയ്യാൻ പറ്റില്ല. സാങ്കേതികമായ എൻക്രിപ്ഷൻ നടപടികൾ മുതൽ ഒരാൾക്കും ഒറ്റക്ക് ലഭ്യമാവാത്ത തരത്തിലുള്ള ഡാറ്റ സെക്യൂരിറ്റി കൺട്രോൾ മെഷറുകൾ വരെയുള്ള ചെക്സ് ആൻഡ് ബാലൻസ് നടപടികളിൽ കുടുങ്ങിക്കിടക്കുന്ന ഒരു കിട്ടാക്കനിയാണ് ജീവനക്കാരെ സംബന്ധിച്ച് കസ്റ്റമർ ഡാറ്റ.

ഒരു വ്യക്തിയോ ഏതാനും വ്യക്തികളോ ചേർന്ന് അത് ആക്‌സസ് ചെയ്യാൻ നോക്കിയാൽ കിട്ടുന്നത് എൻക്രിപ്റ്റഡ് ഡാറ്റ, അതായത് ഒരു ഉപകാരവുമില്ലാതെ കുറേ ജങ്ക് കാരക്റ്ററുകൾ മാത്രമായിരിക്കും സാധാരണ ഗതിയിൽ. മാത്രമല്ല ഏത് ഡാറ്റയാണ് ആക്‌സസ് ചെയ്യാൻ നോക്കിയത് എന്നും എപ്പോൾ ആര് എങ്ങനെ എത്ര അളവിൽ എന്നൊക്കെയുള്ള സകലമാന ലോഗുകളും ഓഡിറ്റ് ട്രെയിലുകളും അത് വിട്ടിട്ടുപോകുകയും ചെയ്യും. മോഷ്ടിക്കാൻ കയറിയ വീട്ടിൽ വിരലടയാളം മാത്രമല്ല തിരിച്ചറിയൽ കാർഡും പാസ്പോർട്ടും ആധാർ നമ്പറും കൂടി ഇട്ടിട്ടുപോകുന്ന അവസ്ഥ ആലോചിച്ചാൽ മതി.

പൊതുഭരണസംവിധാനത്തിന്റെ ആണിയാണ് ഡാറ്റ അനലിറ്റിക്‌സ്. ഇതിനെത്തന്നെ നാളെ വെള്ളപ്പൊക്കകാലത്തോ വാക്‌സിൻ പ്രവർത്തങ്ങൾക്കോ ഉപയോഗിക്കാം.

ഇനി ഇതിനെയെല്ലാം മറികടന്ന് കമ്പനിയുടെ 'ഉടമസ്ഥന്' തന്റെ ജീവനക്കാരെ മുഴുവൻ സ്വാധീനിച്ച് ഡാറ്റ എടുക്കാൻ പറ്റുമോ എന്നാണ് ചോദ്യമെങ്കിൽ ഒരു പക്ഷേ തത്വത്തിൽ ഭാഗികമായി സാധിക്കാം. സുരക്ഷിതമായ ഡാറ്റ എന്ന് പറയുന്നത് ശേഖരിക്കാത്ത ഡാറ്റ മാത്രമാണ്, ശേഖരിക്കപ്പെടുന്ന നിമിഷം മുതൽ അതിന്റെ സുരക്ഷ കൈകാര്യം ചെയ്യുന്ന സംവിധാനത്തിന്റെ സുരക്ഷയാണ്, അത് സർക്കാരായാലും സാസ് പ്രൊവൈഡറായാലും. സർവീസ് പ്രൊവൈഡറെ സംബന്ധിച്ച് പക്ഷേ ഒരൊറ്റ സെക്യൂരിറ്റി ഇൻസിഡന്റോടെ ആ സ്ഥാപനം എന്നെന്നേക്കുമായി പൂട്ടിക്കെട്ടേണ്ടിവരും, അതിന്റെ ഉത്തരവാദിയുടെ ആജീവനാന്ത കരിയറും അതോടെ അവസാനിക്കും.

പക്ഷേ സർക്കാർ ഓഫീസിലെ ഹാർഡ് ഡിസ്‌കിൽ നിന്ന് ഡാറ്റ എടുത്തുകൊണ്ടുപോകുന്നതിനേക്കാൾ അനേകായിരം മടങ്ങ് റിസ്‌കാണ് മോഷ്ടാവിനെയും മോഷ്ടിച്ച ഡാറ്റയുടെ ഉപഭോക്താവിനെയും സംബന്ധിച്ചിടത്തോളം അത്. ഡാറ്റ വേണമെങ്കിൽ എന്തിനാണ് കഷ്ടപ്പെട്ട് കർശനമായ അന്താരാഷ്ട്ര മാനദണ്ഡങ്ങളും കാലാകാലങ്ങളിലുള്ള സ്വതന്ത്ര ഏജൻസികളുടെ തലങ്ങും വിലങ്ങുമുള്ള ഓഡിറ്റുകളും കഠിനമായ പിഴകൾ അനുശാസിക്കുന്ന കോൺട്രാക്റ്റുകളും സൽപ്പേരും തുലച്ച് ഈ പണിക്ക് നിൽക്കുന്നത്? അതിലേക്ക് നേരിട്ട് ആക്‌സസുള്ള, ഇപ്പറയുന്ന പ്രോസസ് മെച്യൂരിറ്റിയൊന്നും ഇല്ലാത്ത, സർക്കാർ സംവിധാനത്തിലെ ഏതെങ്കിലും കമ്പ്യൂട്ടറിൽ നിന്ന് നേരിട്ടങ്ങ് കോപ്പി ചെയ്താൽ പോരേ?
വ്യക്തിഗത SaaS ഉൽപ്പന്നങ്ങളുമായുള്ള താരതമ്യം

ഇവിടെ വരാവുന്ന ഒരു ചോദ്യം ഗൂഗിൾ ഫേസ്ബുക് തുടങ്ങിയവയുടെ എൻഡ് യൂസർ കൺസ്യൂമർ സേവനങ്ങൾ (ഉദാ: ഫേസ്ബുക് അപ്ലിക്കേഷൻ, ഗൂഗിൾ മാപ്‌സ്, ജി മെയിൽ) ഉപഭോക്താവിന്റെ വിവരങ്ങൾ, പരസ്യങ്ങൾക്കും അവർക്ക് വരുമാനമുണ്ടാക്കാവുന്ന മറ്റ് ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നുണ്ടല്ലോ, അങ്ങനെയെങ്കിൽ ഇത്തരം സിറ്റിസൻ എക്‌സ്പീരിയൻസ് പ്ലാറ്റ്ഫോമുകളിൽ നിന്നുള്ള ഡേയ്റ്റയും കച്ചവടാവശ്യങ്ങൾക്ക് ഉപയോഗിച്ചുകൂടേ എന്നതാണ്.
ന്യായമായ ചോദ്യമാണ്, പക്ഷേ എന്റർപ്രൈസ് കോൺട്രാക്റ്റുകളുടെ ടേംസ് തന്നെ അത്തരം ആവശ്യങ്ങൾക്ക് ഇത്തരം ഡാറ്റ ഉപയോഗിക്കാൻ പാടില്ല എന്നതും അവർക്കുള്ള അപ്ലിക്കേഷനുകളുടെ ആർക്കിടെക്ചർ തന്നെ അങ്ങനെ ഉപയോഗിക്കാൻ സാദ്ധ്യമായ വിധത്തിലാവാൻ പാടില്ല എന്നുള്ളതുമാണ്.

ഗൂഗിളിലോ ഫേസ്ബുക്കിലോ ഉള്ള നമ്മുടെ ഡാറ്റ അവർക്ക് നിയന്ത്രിതമായി ഉപയോഗിക്കാനുള്ള അനുവാദം നമ്മൾ തന്നെ അവർക്ക് കൊടുക്കുന്നുണ്ട് ലൈസൻസ് എഗ്രമെന്റ് സമ്മതിക്കുക വഴി. അതുകൊണ്ടാണ് പറഞ്ഞത് കോൺട്രാക്ച്വൽ ഒബ്ലിഗേഷനാണ് ഡാറ്റ സെക്യൂരിറ്റിയുടെ ആണികളിലൊന്ന് എന്ന്. വ്യക്തിഗത സൗജന്യ ഉൽപ്പന്നങ്ങൾക്കുള്ള കോൺട്രാക്റ്റിലല്ല എന്റർപ്രൈസ്/ഗവണ്മെന്റ് സംവിധാനങ്ങൾ ഓടുന്നത്. അവയ്ക്കുള്ള റെഗുലേയ്റ്ററി/സ്റ്റാറ്റിയൂട്ടറി/കോംപ്ലയൻസ്/ആർക്കിടെക്ചറൽ/ലീഗൽ സംവിധാനങ്ങൾ പാടേ വ്യത്യസ്തവും ഡാറ്റ പ്രൊട്ടക്ഷനിലും സെക്യൂരിറ്റിയിലും അടിസ്ഥാനപ്പെടുത്തിയതുമാണ്. ക്ലൗഡ് ഡെലിവെറി മോഡൽ ഒന്നാണെന്നത് മാത്രമാണ് അവ തമ്മിൽ പൊതുവായുള്ളത്.

റിസ്‌കും നേട്ടവും

ഇനി ഒരു റിസ്‌കും എടുക്കാൻ തയ്യാറില്ലെന്ന നിലപാട് എടുക്കാൻ മാത്രം ക്രിറ്റിക്കലാണോ ഈ ഡേറ്റ?

കേന്ദ്രസർക്കാർ വർഗീകരണം അനുസരിച്ചും ആഗോള മാനദണ്ഡങ്ങൾക്കനുസരിച്ചും ഹെൽത്ത് ഡാറ്റ സെൻസിറ്റീവ് ആണെങ്കിലും ക്രിറ്റിക്കൽ ഡാറ്റ അല്ല. അതിന്റെ ഉപയോഗം ഫെയർ യൂസ് ക്ലോസുകൾക്ക് വിധേയമാണ്. ഇന്ത്യൻ ഭരണഘടനയനുസരിച്ച് സ്വകാര്യതക്കുള്ള അവകാശം മറ്റ് മൗലികാവകാശങ്ങളുടെ വെളിച്ചത്തിൽ മാത്രം നിലനിൽക്കുന്ന ഒന്നാണുതാനും.

ഒരു വാദത്തിനുവേണ്ടി ഈ ഡാറ്റയുടെ സുരക്ഷിതത്വത്തിൽ ചില സന്ദേഹങ്ങൾക്ക് സ്ഥാനമുണ്ട് എന്നുതന്നെ കരുതുക, വാദത്തിനുവേണ്ടി മാത്രം.

ലോകം മുഴുവൻ നേരിടുന്ന ഒരു മഹാമാരിയുടെ ഭയത്തിലാണ് സംവിധാനം മുഴുവൻ. നമ്മുടെ ആരോഗ്യ, പൊലീസ്, റവന്യൂ, സിവിൽ സപ്ലൈസ് തുടങ്ങിയ സകല സംവിധാനങ്ങളും സ്വന്തം ആരോഗ്യത്തെയും സുരക്ഷയേയും കൂടി പണയം വെച്ച് പൊരുതിക്കൊണ്ടിരിക്കുകയാണ്. അവർക്ക് ഇത് അനന്തമായി തുടരാൻ കഴിയില്ല, ദിനംപ്രതി അടിയന്തിരഘട്ടം നേരിടുക എന്ന അവസ്ഥ ഏത് സംവിധാനത്തിന്റെയും അടിത്തറയിളക്കിക്കളയും.

ഇതെത്ര കാലം തുടരേണ്ടിവരുമെന്നോ ഏതൊക്കെ പുതിയ ഘടകങ്ങൾ ഇനി ഈ പ്രശ്‌നത്തിനകത്തേക്ക് വരാൻ പോകുന്നു എന്നോ നമുക്ക് ഊഹിക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്. ലോകത്തിന് പ്രളയകാലത്തെപ്പോലെ നമ്മളെ സഹായിക്കാനും കഴിയില്ല, അല്ലാവരും അവരവരുടെ അതിജീവനത്തിന്റെ തിരക്കിലാണ്. നമ്മുടെ കാര്യം, ഡാറ്റ അനാലിസിസ് മുതൽ റേഷനരി വരെ, നമ്മൾ തന്നെ നോക്കേണ്ടിവരും. ചടുലഗതിയിൽ തീരുമാനമെടുക്കുകയും അതിനുള്ള സംവിധാനത്തെ അതിവേഗത്തിൽ സജ്ജമാക്കുകയും ചെയ്യേണ്ടിവരും.

പ്രത്യേക വൾണറബിലിറ്റി വിഭാഗങ്ങളോടോ സർക്കാർ സംവിധാനങ്ങളിലെത്തന്നെ വിവിധ ഗ്രൂപ്പുകളോടോ പൊതുജനങ്ങളോട് മൊത്തത്തിലോ സോഷ്യൽ മീഡിയ പേജുകളിലേക്കോ ഒക്കെ ചടുലഗതിയിൽ വിവരങ്ങളും സന്ദേശങ്ങളും ചിലപ്പോൾ ടാർഗെറ്റഡ് ഇൻഫോർമേഷനും എത്തിക്കേണ്ടിവരും.

ഉദാഹരണമായി കിഡ്‌നി, കരൾ, ഹൃദ്രോഗം എന്നീ രോഗങ്ങളുള്ളവർ ഇന്ന പ്രദേശത്ത്, ഇന്ന വീട്ടിൽ കഴിയണം (Reverse Quarantine) എന്നൊരു നിർദ്ദേശം രണ്ടുമിനുറ്റിനകം ആ പ്രശ്‌നങ്ങളുള്ളവർക്ക് നേരിട്ടോ അല്ലെങ്കിൽ അവരുടെ അടുത്ത വ്യക്തികൾക്കോ എത്തിക്കണം എന്നും ആ പ്രദേശത്തെ ഇന്നയിന്ന ആശുപത്രികളിൽ ഇത്ര അഡ്മിഷനുകൾ വരാൻ സാദ്ധ്യതയുണ്ടെന്നും ചില പ്രത്യേക മരുന്നുകളും സ്‌പെഷ്യലിസ്റ്റുകളും തയ്യാറായിരിക്കണെമെന്നും തീരുമാനിക്കാനും അതിനുള്ള കൃത്യമായ നിർദ്ദേശങ്ങൾ കൊടുക്കാനും ഏതാനും സെക്കന്റുകൾ മതിയാവും അത്തരമൊരു സംവിധാനത്തിന്.

ഇത്രയും കാര്യം മനുഷ്യർ സാധാരണ കമ്പ്യൂട്ടറുകളും സ്‌പ്രെഡ് ഷീറ്റുകളും ഉപയോഗിച്ച് ഫോണിലോ ഇ-മെയിലിലോ ഒക്കെ നടപ്പാക്കുന്ന കാര്യം ഒന്നാലോചിച്ചുനോക്കൂ.

ഇത്തരമൊരു സംവിധാനം കോവിഡ് പ്രശ്‌നത്തിന് മാത്രമല്ല ഉപകാരപ്പെടുക. പൊതുഭരണസംവിധാനത്തിന്റെ ആണിയാണ് ഡാറ്റ അനലിറ്റിക്‌സ്. ഇതിനെത്തന്നെ നാളെ വെള്ളപ്പൊക്കകാലത്തോ വാക്‌സിൻ പ്രവർത്തങ്ങൾക്കോ ഉപയോഗിക്കാം. സർക്കാറിന്റെ വികസന പദ്ധതികൾക്കോ ആരോഗ്യസുരക്ഷാ പരിപാടികൾക്കോ, എന്തിന് പോഷകാഹാരവിതരണത്തിനുപോലും നേരിട്ട് ഉപകാരമാണത്.

ഇതിന്റെയൊക്കെ അടിസ്ഥാനം ഡാറ്റയെ അടിസ്ഥാനപ്പെടുത്തിയുള്ള ഒരു സോഫറ്റ്വെയർ പ്ലാറ്റ്ഫോമാണ്.
ജീവനാണ് ഒന്നാമതും രണ്ടാമതും മൂന്നാമതും വലുത്. പ്രത്യേകിച്ച് ഒരു സമൂഹത്തെ മുഴുവൻ വിഴുങ്ങാൻ കഴിവുള്ള ഒരു സാഹചര്യം അഭിമുഖീകരിക്കുമ്പോൾ.

സഹായിക്കുന്നവരോടുള്ള ബാദ്ധ്യത: അടിയന്തിരഘട്ടങ്ങളിൽ സഹായം വാഗ്ദാനം ചെയ്യുന്നവരുടെ ഖ്യാതി (Reputation) തകർക്കുന്ന ഏർപ്പാട് എത്രയും പെട്ടെന്ന് അവസാനിപ്പിക്കണം. നീട്ടുന്ന കൈക്ക് കൊത്തുന്ന പരിപാടിക്ക് നിന്നുകൊടുക്കാൻ എല്ലാവരും ബുദ്ധസന്യാസിമാരാവില്ല.

Comments