സിദ്ദീഖ് കാപ്പന്റെ മോചനം വരെ പോരാടും- റൈഹാനത്ത്

‘‘സിദ്ദീഖ് കാപ്പന്റെ ജാമ്യവുമായി ബന്ധപ്പെട്ട നടപടികൾ കീഴ്‌ക്കോടതിയിൽ നടത്താൻ സുപ്രീംകോടതി നിർദേശിച്ചിരിക്കുകയാണ്​. പത്രപ്രവർത്തക യൂണിയനും അഭിഭാഷകനുമായും ചർച്ച ചെയ്ത് ജാമ്യഹർജി നൽകും. അദ്ദേഹത്തിന്റെ മോചനം വരെ പോരാടും. അതിന് രാഷ്ട്രീയ പാർട്ടികളും പൊതുസമൂഹവും ഞങ്ങൾക്കൊപ്പമുണ്ട്.’’- സിദ്ദീഖ്​ കാപ്പന്റെ ഭാര്യ​ റൈഹാനത്ത്​ സംസാരിക്കുന്നു

ശ്രീജ ​നെയ്യാറ്റിൻകര: മാധ്യമപ്രവർത്തകനായ സിദ്ദീഖ്​ കാപ്പൻ ഏതുസാഹചര്യത്തിലാണ്​ ഉത്തർപ്രദേശ്​ പൊലീസിന്റെ പിടിയിലാകുന്നത്​?

റൈഹാനത്ത്​:ഹാഥ്‌റസിൽ ഒരു ദളിത് പെൺകുട്ടി അതിക്രൂരമായ ലൈംഗികാക്രമണത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിന്റെ പാശ്ചാത്തലത്തിൽ, പെൺകുട്ടിയുടെ മാതാപിതാക്കളുമായി സംസാരിച്ച് എന്താണ് യാഥാർഥ്യം എന്ന് പുറംലോകത്തെ അറിയിക്കാനാണ് മാധ്യമപ്രവർത്തകനായ എന്റെ ഭർത്താവ് സിദ്ദീഖ് കാപ്പൻ ഹാഥ്‌റസിലേക്കുപോകുന്നത്. ഈ സംഭവം യു.പി. സർക്കാറിനെ പ്രതിക്കൂട്ടിലാക്കിയ സമയം കൂടിയായിരുന്നു ഇത്. രാഹുൽഗാന്ധിയെയും ​പ്രിയങ്ക ഗാന്ധിയെയും മാധ്യമപ്രവർത്തകരെയുമെല്ലാം അവിടേക്ക് പോകുന്നതിൽനിന്ന് പൊലീസ് തടഞ്ഞുവച്ചിരുന്നു.

പോപ്പുലർ ഫ്രണ്ടുകാർക്കൊപ്പം ഹാഥ്​റസി​ലേക്ക്​ ​​പോയതിന്റെ പേരിലാണ്​അദ്ദേഹത്തി​നു​മേൽ ആ സംഘടനയുടെ മുദ്ര പതിഞ്ഞത്​. ഇതേക്കുറിച്ച്​ എന്തു പറയുന്നു?

അഴിമുഖം വെബ്‌പോർട്ടലിനുവേണ്ടി ഡൽഹിയിൽനിന്ന് വാർത്ത കൊടുത്തിരുന്നത് സിദ്ദീഖ് കാപ്പനായിരുന്നു. ഒമ്പതുവർഷമായി ഡൽഹിയിലുള്ള അദ്ദേഹം, മാധ്യമസുഹൃത്തുക്കളോടും രാഷ്ട്രീയ പാർട്ടികളിലെ പരിചയമുള്ളവരോടും മറ്റു സുഹൃത്തുക്കളോടും, ഹാഥ്‌റസിലേക്ക് പോകുന്നുണ്ടെങ്കിൽ താനും കൂടിയുണ്ട് എന്ന് പറഞ്ഞിരുന്നു. കാരണം. എല്ലാവർക്കുമൊപ്പം പോയാൽ ചെലവുകുറയ്ക്കാം എന്ന ധാരണയിലാണ് അങ്ങനെ പറഞ്ഞത്. തേജസ് പത്രത്തിൽ അദ്ദേഹം ജോലി ചെയ്തിരുന്നു. അന്നത്തെ പരിചയത്തിന്റെ പേരിൽ പോപ്പുലർ ഫ്രണ്ടുകാരനായ ഒരാൾ, ഒരുമിച്ച് പോകാം എന്ന് അദ്ദേഹത്തിനോട് പറഞ്ഞു. യു.പിയിലുള്ളവരായതിനാൽ അവർക്ക് ഭാഷ അറിയാം എന്നും പറഞ്ഞു. അങ്ങനെയാണ് അവർക്കൊപ്പം പോയത്. ഇതോടെയാണ്​, പോപ്പുലർ ഫ്രണ്ടുകാരൻ എന്ന മുദ്ര അദ്ദേഹത്തിനെതിരെ വന്നത്.

തേജസിലും തത്സമയത്തിലും ജോലി ചെയ്ത അദ്ദേഹം വീക്ഷണത്തിലും മംഗളത്തിലും വർക്കുചെയ്തിട്ടുണ്ട്. അവസാനമാണ് അഴിമുഖം വെബ് പോർട്ടലിലെത്തിയത്. സുപ്രീംകോടതി വാർത്തകളായിരുന്നു ഡൽഹിയിൽനിന്ന് റിപ്പോർട്ടുചെയ്തിരുന്നത്. അതുകൊണ്ടുതന്നെ, അദ്ദേഹത്തിന് പോപ്പുലർ ഫ്രണ്ടുമായി മാത്രമല്ല ബന്ധമുള്ളത്, എല്ലാ രാഷ്ട്രീയപാർട്ടികളിലുള്ളവരുമായും നല്ല ബന്ധമുണ്ട്. പോപ്പുലർ ഫ്രണ്ടുകാരന്റെ കൂടെ പോയി എന്നതുകൊണ്ടും തേജസിൽ വർക്ക് ചെയ്തു എന്നതുകൊണ്ടും ഒരാൾ പോപ്പുലർ ഫ്രണ്ടാകില്ല. ഒരു നിരോധിത സംഘടനയാണ് എങ്കിൽ, പോപ്പുലർ ഫ്രണ്ടിനൊപ്പം പോകാൻ പാടില്ല എന്നു പറയാം. ഒരു നിരോധിത സംഘടനയുടെ കൂടെയല്ല അദ്ദേഹം പോയത് എന്നുമാത്രമേ എനിക്ക് പറയാനുള്ളൂ. അവർക്കൊപ്പം ഒരു മാധ്യമപ്രവർത്തകൻ പോകുന്നതിൽ എന്താണ് കുറ്റം? അദ്ദേഹം പോപ്പുലർ ഫ്രണ്ടുകാരനല്ല. മാധ്യമപ്രവർത്തകനാണ്. അദ്ദേഹത്തിന് പ്രത്യേകമായ രാഷ്ട്രീയ താൽപര്യമില്ല.

യു.പി. പൊലീസ്​ സിദ്ദീഖ്​ കാപ്പനോട്​ എങ്ങനെയാണ്​ പെരുമാറിയത്​?​

ഹാഥ്​റസിലേക്കുള്ള യാത്രാമധ്യേ, മഥുര ടോൾ പ്ലാസിയിലെത്തിയപ്പോൾ അവരെ പൊലീസ് തടഞ്ഞുനിർത്തി. ഇപ്പോൾ വിടാം എന്ന് ആദ്യം പറഞ്ഞു. എന്നാൽ, വൈകീട്ട് അറസ്റ്റുചെയ്തു. പിന്നീട് ഒരുപാട് ചോദ്യങ്ങളായി... ബീഫ് കഴിക്കാറുണ്ടോ, രാഹുൽ ഗാന്ധിയുമായി എന്താണ് ബന്ധം? സാക്കിർനായിക്കിനെ എത്ര തവണ കണ്ടിട്ടുണ്ട്? സി.പി.എമ്മിലെ ഏതെങ്കിലും രണ്ട് എം.പിമാരുടെ പേരുപറഞ്ഞാൽ വെറുതെ വിടാം. ഇതിനൊക്കെ കൃത്യമായ മറുപടി പറഞ്ഞിട്ടും അതൊന്നും അവർക്ക് ദഹിച്ചില്ല. അദ്ദേഹത്തെ അന്ന് ഏറെ ഉപദ്രവിച്ചു. അന്നുരാത്രി ഉറങ്ങാൻ അനുവദിക്കാതെ വിലങ്ങിട്ട് ഇരുത്തി. ഒരുപാട് പുറത്തടിച്ചു. ആ ഒരു ദിവസം അദ്ദേഹത്തെക്കുറിച്ച് ഒരു വിവരവും ഇല്ലായിരുന്നു.

2020 ഒക്‌ടോബർ അഞ്ചിനായിരുന്നു അറസ്റ്റ്. ആറിന് രാവിലെയാണ് അറസ്റ്റ് വിവരം ഞാൻ അറിഞ്ഞത്. രണ്ടു ദിവസത്തിനകം വിടാം എന്ന് അവർ പറഞ്ഞതനുസരിച്ച് കേരള പത്രപ്രവർത്തക യൂണിയൻ, അദ്ദേഹത്തെ കൊണ്ടുവരാൻ വാഹനവുമായി എത്തിയപ്പോഴേക്കും പുതിയ വാർത്ത വന്നു- അദ്ദേഹത്തിനെതിരെ യു.എ.പി.എ ചുമത്തിയിരിക്കുന്നു. വെറും രണ്ടു ദിവസം കൊണ്ട്, മേലേ നിന്നുള്ള ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി എന്ന് വ്യക്തമായിരുന്നു.

സിദ്ദീഖ്​ കാപ്പന്റെ മോചനത്തിനായുള്ള നിയമപോരാട്ടത്തിന്​ എന്തൊക്കെ തടസ്സങ്ങളാണുണ്ടായത്​?

അദ്ദേഹത്തിന് എന്താണ് സംഭവിച്ചത് എന്ന് തുടക്കത്തിൽ ഒരു വിവരവും ഉണ്ടായിരുന്നില്ല. 45 ദിവസം അദ്ദേഹം എവിടെയാണ് എന്ന് ഞങ്ങൾക്കോ പത്രപ്രവർത്തക യൂണിയനോ അഭിഭാഷകനോ അറിയില്ലായിരുന്നു. ജീവിച്ചിരിക്കുന്നുണ്ടോ എന്നുപോലും അറിയാത്ത സാഹചര്യം. ഈ സാഹചര്യത്തിലാണ് സുപ്രീംകോടതിയിൽ ഹേബിയസ് കോർപസ് ഹർജി നൽകിയത്. സുപ്രീംകോടതി വിധി വന്നശേഷമാണ് അദ്ദേഹത്തെ കാണാനും സംസാരിക്കാനും അവസരം ലഭിച്ചത്. ആദ്യ അവസരത്തിൽ കാണാൻ സമ്മതിച്ചില്ല. അഭിഭാഷകനെ ഒരു ദിവസം മുഴുവൻ നടത്തിച്ചിട്ടും സമ്മതിച്ചില്ല. പിന്നെയും സുപ്രീംകോടതിയിലേക്കുപോയപ്പോഴാണ് കാണാനായത്.

വീണ്ടും സുപ്രീംകോടതിയെ സമീപിക്കാനുണ്ടായ സാഹചര്യം എന്തായിരുന്നു?

ഇപ്പോൾ അദ്ദേഹം രോഗബാധിതൻ കൂടിയാണ്. ഒരുപാട് ദിവസമായി പനിയായിരുന്നു. പനി കൂടി ബാത്ത്‌റൂമിൽ കുഴഞ്ഞുവീണു. താടിയെല്ലിന് സാരമായി പരിക്കുണ്ട്. ഭക്ഷണം കുറവായതുകൊണ്ട് ഇമ്യൂണിറ്റി വളരെ കുറവാണ്. കോവിഡ് പോസിറ്റീവായപ്പോൾ കെ.എം. ഹോസ്​പിറ്റൽ മെഡിക്കൽ കോളജിലാക്കി. അവിടെ അദ്ദേഹത്തെ കെട്ടിയിട്ടാണ് ചികിത്സ നടത്തിയത്. ബാത്ത്‌റൂമിൽ പോലും പോകാൻ അനുവദിച്ചില്ല. അദ്ദേഹത്തെ എത്രയും വേഗം ഡൽഹിയിലെ ഏതെങ്കിലും ആശുപത്രിയിലേക്ക് മാറ്റണം, ജീവൻ അപകടത്തിലാണ് എന്നു പറഞ്ഞ് ഞാൻ സുപ്രീംകോടതിയിൽ ഹർജി കൊടുത്തു. ഈ ഹർജിയിലാണ് കോടതി തീരുമാനമെടുത്തത്. ഡൽഹിയിലേക്ക് മാറ്റാൻ അനുമതി ലഭിച്ചു. ജാമ്യവുമായി ബന്ധപ്പെട്ട നടപടികൾ കീഴ്‌ക്കോടതിയിൽ നടത്താനും സുപ്രീംകോടതി നിർദേശിച്ചു.

കേരള പത്രപ്രവർത്തക യൂണിയന്റെ ഇടപെടലിനെക്കുറിച്ച്​ പറയാമോ?

എനിക്ക് പത്രപ്രവർത്തക യൂണിയന്റെ പിന്തുണ തുടക്കം മുതൽ ഇന്നുവരെയുണ്ട്. അവരാണ് കേസ് മുന്നോട്ടുകൊണ്ടുപോകുന്നത്. എന്റെ എല്ലാ കാര്യത്തിനും, ഞാൻ തളരുമ്പോൾ പിന്തുണയുമായി യൂണിയൻ ഒപ്പമുണ്ട്. ഒരു മാധ്യമപ്രവർത്തകനെയാണ് അറസ്റ്റ് ചെയ്​തത്​, അദ്ദേഹം തെറ്റുകാരനല്ല എന്ന് അറിയുന്നതുകൊണ്ടുകൂടിയാണ് പ്രമുഖ അഭിഭാഷകനായ കബിൽ സിബൽ കേസ്, പ്രതിഫലമില്ലാതെ സ്വയം ഏറ്റെടുത്തത്.

സിദ്ദീഖ്​ കാപ്പന്റെ മോചനത്തിന്​ കേരളത്തിൽ എന്തൊക്കെ കാമ്പയിനാണ്​ നടക്കുന്നത്​? രാഷ്ട്രീ​യ പാർട്ടികളുടെയും പൊതുസമൂഹത്തിന്റെയും പിന്തുണ ലഭിക്കുന്നുണ്ടോ?

തുടക്കം മുതൽ, അദ്ദേഹത്തിന്റെ മോചനത്തിന് പലതലങ്ങളിൽ ഇടപെടൽ നടക്കുന്നുണ്ട്. അദ്ദേഹത്തിന്റെ മോചനത്തിന് ഐക്യദാർഢ്യസമിതി രൂപീകരിച്ചിട്ടുണ്ട്. മലപ്പുറത്ത് കോൺഗ്രസിന്റെ പ്രതിഷേധ യോഗം നടന്നു. തിരുവനന്തപുരത്തും അദ്ദേഹത്തിന്റെ ജന്മനാടായ വേങ്ങരയിലും ശക്തമായ പ്രതിഷേധം അരങ്ങേറി. മുസ്‌ലിംലീഗ് നേതാക്കൾ, കോൺഗ്രസ് എം.പിമാർ, സി.പി.എമ്മിലെ എളമരം കരീം, കെ.കെ. രാഗേഷ് എം.പി, എം.എ. ബേബി തുടങ്ങിയവരെല്ലാം പിന്തുണയുമായി വന്നു. ആരോഗ്യപ്രശ്‌നവുമായി ബന്ധപ്പെട്ട മനുഷ്യാവകാശ വിഷയത്തിൽ കൂടുതൽ പേർ ഇടപെട്ടിട്ടുണ്ട്. എല്ലാത്തിനുമുപരിയായി, മനുഷ്യാവകാശലംഘനം കണ്ടപ്പോൾ മുഖ്യമന്ത്രി തന്നെ ഇറങ്ങി. യു.പി മുഖ്യമന്ത്രിക്ക് കത്തയച്ചു. അദ്ദേഹത്തിന്റെ മോചനത്തിന് എഫ്.ബി വഴിയും മറ്റും കാമ്പയിൻ നടത്തുന്നുണ്ട്. അങ്ങനെ ദേശീയ തലത്തിലേക്ക് വിഷയം എത്തിക്കാനായിട്ടുണ്ട്. എനിക്ക് താങ്ങായും തണലായും നിരവധി പേർ ഒപ്പമുണ്ട്.

സിദ്ദീഖ്​ കാപ്പനെ ഡൽഹിയിലെ ആശുപത്രിയിലേക്ക്​ മാറ്റാൻ സുപ്രീംകോടതി അനുമതി നൽകിയ സാഹചര്യത്തിൽ, ഭാവിയിലെ നിയമനടപടികളെക്കുറിച്ച്​ ആലോചിച്ചിട്ടുണ്ടോ?

പത്രപ്രവർത്തക യൂണിയനും അഭിഭാഷകനുമായും ചർച്ച ചെയ്ത് ജാമ്യഹർജി നൽകും. അദ്ദേഹത്തിന്റെ മോചനം വരെ പോരാടും. അതിന് രാഷ്ട്രീയ പാർട്ടികളും പൊതുസമൂഹവും ഞങ്ങൾക്കൊപ്പമുണ്ട്. സുപ്രീംകോടതിക്ക് നന്ദിയുണ്ട്; അദ്ദേഹത്തെ എത്രയും വേഗം ഡൽഹിക്ക് മാറ്റണം എന്ന ആവശ്യം അംഗീകരിച്ചതിൽ. ഇനി അദ്ദേഹത്തിന്റെ മോചനത്തിനുള്ള നിയമനടപടികളാണ്​ ഞങ്ങളുടെ ലക്ഷ്യം.

Comments