ഇത് സ്ത്രീ സംവിധായകരെ
പ്രോത്സാഹിപ്പിക്കലല്ല, അപമാനിക്കല്‍:
സംവിധായക ഐ.ജി. മിനി
ഇത് സ്ത്രീ സംവിധായകരെ പ്രോത്സാഹിപ്പിക്കലല്ല, അപമാനിക്കല്‍: സംവിധായക ഐ.ജി. മിനി
2019 - ല്‍ വനിതാ സംവിധായകരെ പ്രോത്സാഹിപ്പിക്കാനായി ഇടതുപക്ഷ സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് 'വനിതാ സംവിധായകരുടെ സിനിമ'. പദ്ധതി നടത്തിപ്പിന് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത് കെ.എസ്.എഫ്.ഡി.സിയെയാണ്. ഇതിനായി 62 തിരക്കഥകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട രണ്ടെണ്ണത്തില്‍ ഒന്നാണ് 'ഡിവോഴ്‌സ്'. മൂന്നുവര്‍ഷം കഴിഞ്ഞിട്ടും, സെന്‍സറിങ് അടക്കം പൂര്‍ത്തിയായിട്ടും, ഡിവോഴ്‌സ് എന്ന സിനിമ ഇതുവരെ റിലീസ് ചെയ്തിട്ടില്ല. റിലീസ് വൈകുന്നതിന്റെ കാരണം വ്യക്തമാക്കാന്‍ പോലും കെ.എസ്.എഫ്.ഡി.സി തയാറായിട്ടില്ല എന്നു തുറന്നുപറയുന്നു ചിത്രത്തിന്റെ സംവിധായക ഐ.ജി. മിനി.
12 Nov 2022, 02:55 PM
കേരള സംസ്ഥാന ഫിലിം ഡെവലപ്‌മെൻറ് കോര്‍പ്പറേഷന്റെ (KSFDC) "വനിതാ സംവിധായകരുടെ സിനിമ' പദ്ധതി പ്രകാരം ചിത്രീകരണം പൂര്‍ത്തിയാക്കിയ "ഡിവോഴ്സ്' എന്ന സിനിമയുടെ റിലീസ് വൈകുന്നതില്‍ പ്രതിഷേധവുമായി സംവിധായിക ഐ.ജി. മിനി. മൂന്നുവര്‍ഷം കഴിഞ്ഞിട്ടും, സെന്‍സറിങ് അടക്കം പൂര്‍ത്തിയായിട്ടും, തന്റെ സിനിമ റിലീസ് ചെയ്യാന്‍ താമസിക്കുന്നതിന്റെ കാരണം പോലും വ്യക്തമാക്കാന്‍ കെ.എസ്.എഫ്.ഡി.സി തയാറായിട്ടില്ലെന്നും ചിത്രം തടയപ്പെടുമോ എന്ന ഭയത്താലാണ് ഇതുവരെ പ്രതികരിക്കാതിരുന്നതെന്നും മിനി പറയുന്നു.
ഒരേ പദ്ധതിയുടെ കീഴില്‍ കെ.എസ്.എഫ്.ഡി. സി നിര്‍മിച്ച സിനിമകളാണ് "നിഷിദ്ധോയും' "ഡിവോഴ്‌സും'. നിഷിദ്ധോ റിലീസ് ചെയ്തെങ്കിലും ഡിവോഴ്സ് ഇനിയും പുറത്തിറങ്ങിയിട്ടില്ല. ഐ.ജി. മിനി ട്രൂകോപ്പിയോട് സംസാരിക്കുന്നു -
വ്യക്തമായ മറുപടി ഇല്ലാത്തതെന്തു കൊണ്ട്?
‘‘പല തവണകളായി റിലീസ് തിയതി അറിയിക്കുകയും, തിയതി അടുക്കുമ്പോള്‍ എന്തെങ്കിലും കാരണം പറഞ്ഞ് റിലീസ് മാറ്റി വയ്ക്കുകയുമാണ്. ഒടുവില്‍ ഈ സെപ്തംമ്പറില്‍ റിലീസ് ചെയ്യാം എന്ന് കെ.എസ്.എഫ്.ഡി. സി അറിയിച്ചു, മറ്റു ജോലികള്‍ ഏറ്റെടുക്കരുതെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു. എല്ലാ സജ്ജീകരണങ്ങളും പൂര്‍ത്തിയാക്കിയശേഷം ഡിവോഴ്‌സ് അല്ല നിഷിദ്ധോ ആണ് റിലീസ് ചെയ്യുന്നതെന്ന് കെ.എസ്.എഫ്.ഡി. സിയില്‍ നിന്ന് അറിയിപ്പുണ്ടായി. കാരണം തിരക്കിയപ്പോള്‍ ചെയര്‍മാനോട് അന്വേഷിക്കാന്‍ നിര്‍ദ്ദേശിച്ചു.

ചെയര്‍മാന്‍ ഷാജി എന്‍. കരുണിന് ഇ- മെയില്‍ സന്ദേശങ്ങള്‍ അയച്ചെങ്കിലും പ്രതികരണം ലഭിച്ചില്ല. ഇതേതുടര്‍ന്ന് നവംമ്പര്‍ ഒന്‍പതിന് അദ്ദേഹത്തെ നേരിട്ടു കണ്ടു. നിഷിദ്ധോ ആണ് കെ.എസ്.എഫ്.ഡി. സി നിര്‍മിച്ച ആദ്യ സിനിമയെന്നും, അതിനോടുള്ള തീയറ്റര്‍ പ്രതികരണമറിഞ്ഞ ശേഷം ഡിവോഴ്‌സിന്റെ റിലീസ് തീരുമാനിക്കാമെന്നുമാണ് അദ്ദേഹം പറഞ്ഞത്. മാത്രമല്ല, സിനിമ ചിത്രീകരിക്കാന്‍ മാത്രമേ സർക്കാർ പറഞ്ഞിട്ടുള്ളൂ, റിലീസ് ചെയ്യാന്‍ പറഞ്ഞിട്ടില്ലെന്നും ധാര്‍ഷ്ട്യത്തോടെയാണ് ചെയര്‍മാന്‍ മറുപടി നല്‍കിയത്’’- മിനി ട്രൂ കോപ്പിയോട് പറഞ്ഞു.
ട്രെയിലർ കണ്ടപ്പോൾ വിഷമം തോന്നി
‘‘2019 - ല്‍ വനിതാ സംവിധായകരെ പ്രോത്സാഹിപ്പിക്കാനായി ഇടതുപക്ഷ സര്‍ക്കാര്‍ ആവിഷ്‌കരിച്ച പദ്ധതി പ്രകാരം 62 തിരക്കഥകളില്‍ നിന്ന്തിരഞ്ഞെടുക്കപ്പെട്ട രണ്ടെണ്ണത്തില്‍ ഒന്നാണ് "ഡിവോഴ്‌സ്' . പദ്ധതി നടത്തിപ്പിന് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത് കെ.എസ്.എഫ്.ഡി. സിയെയാണ്. ഒന്നരകോടി രൂപയാണ് സര്‍ക്കാര്‍ നല്‍കുന്നത്. ഇതില്‍ 25 ലക്ഷം പ്രമോഷന് വേണ്ടി മാത്രം മാറ്റി വെയ്ക്കപ്പെട്ടതാണ്. റിലീസ് പല തവണ വൈകിപ്പിക്കുമ്പോഴും കെ.എസ്.എഫ്.ഡി. സിയില്‍ നിന്ന് ലഭിക്കുന്ന പ്രതികരണം, ‘ചെയര്‍മാന്‍ പറയുന്നതാണ് ഞങ്ങള്‍ ചെയ്യുന്നത്’ എന്നാണ്. പ്രാരംഭ ചര്‍ച്ചകള്‍ക്കു ശേഷം കൊറോണ സമയത്ത് ഇടവേളയുണ്ടായി. മാര്‍ച്ചില്‍, ഒരാഴ്ചക്കുള്ളില്‍ സിനിമ ചെയ്തില്ലെങ്കില്‍ ഫണ്ട് ലാപ്‌സ് ആകുമെന്നും, കൊറോണ ആയതിനാല്‍ എക്സ്റ്റീരിയര്‍ ഷോട്‌സ് കുറക്കണമെന്നും, 60% ചിത്രാഞ്ജലിയില്‍ തന്നെ ഷൂട്ട് ചെയ്യണമെന്നും കെ.എസ്.എഫ്.ഡി. സി ചെയര്‍മാന്‍ ഷാജി എന്‍. കരുണ്‍ നിര്‍ദ്ദേശിച്ചു. ഈ മാനദണ്ഡങ്ങളെല്ലാം ഉറപ്പാക്കി ഒരുപാട് കാര്യങ്ങളില്‍ വിട്ടു വീഴ്ച്ച ചെയ്താണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.’’
‘‘ആദ്യം മുതല്‍ക്കെ സാമ്പത്തിക കാര്യങ്ങളില്‍ പ്രശ്‌നങ്ങളുണ്ടായ സമയത്ത് കെ.എസ്.എഫ്.ഡി.സിയുമായി ബന്ധപ്പെട്ടിരുന്നു. അന്നൊക്കെ അയഞ്ഞ മട്ടിലാണ് അവര്‍ സംസാരിച്ചത്. റിലീസ് ഉടനെ ഉണ്ടാവുമെന്നും, പ്രമോഷന് നിങ്ങള്‍ തന്നെ വേണമെന്നും പറഞ്ഞതുകൊണ്ട് പല ജോലികളും ഒഴിവാക്കേണ്ടി വന്നിട്ടുണ്ട്. സാമ്പത്തികമായി പ്രതിസന്ധിയിലായപ്പോള്‍ പല തവണകളിലായി അവരെ സമീപിച്ചതിന് ശേഷമാണ് പണം ലഭിച്ചത്. ഇനിയും പണം ലഭിക്കാനുണ്ട്. പ്രമോഷന്‍ കാര്യങ്ങളെ കുറിച്ച് തിരക്കുമ്പോള്‍ പ്രഗത്ഭരായവര്‍ നയിക്കുന്ന ഒരു സംഘം തന്നെ കെ.എസ്.എഫ്.ഡി.സിക്കുണ്ട് എന്നാണ് പറഞ്ഞത്. എന്നാല്‍ ഡിവോഴ്‌സ് സിനിമയുടെ ട്രെയിലര്‍ ഒരുക്കിയത് കണ്ടപ്പോള്‍ വിഷമമാണുണ്ടായത്. ഇവരുടെ പ്രമോഷന്‍ രീതി കാലഹരണപ്പെട്ടതാണ് എന്നാണ് തോന്നിയിട്ടുള്ളത്.’’- മിനി പറഞ്ഞു.
റിലീസിങിന് അവാര്‍ഡ് ഒരു ഘടകമാണോ?
‘‘പദ്ധതിയിലൊന്നും അവാര്‍ഡ് റിലീസ് നീട്ടാനുള്ള കാരണമായി പറയുന്നില്ല. പിന്നെ എന്തിനാണ് റിലീസ് നീട്ടുന്നത് എന്ന് മനസിലാകുന്നില്ല. നിഷിദ്ധോ അംഗീകരിക്കപ്പെടുന്നതില്‍ ഏറെ സന്തോഷമുണ്ട്. എന്നാല്‍ ഈ ചിത്രത്തിനുപോലും വേണ്ടത്ര പ്രമോഷന്‍ ലഭിച്ചിട്ടുണ്ടെന്ന് തോന്നിയിട്ടില്ല. പക്ഷേ റിലീസ് വൈകിപ്പിക്കുന്നതിന്റെ വ്യക്തമായ കാരണം അവര്‍ നല്‍കുന്നില്ല. ഒരിക്കല്‍ റിലീസ് വൈകിപ്പിച്ച സാഹചര്യത്തില്‍ അന്നത്തെ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനോട് ഈ കാര്യം സൂചിപ്പിച്ചു. അദ്ദേഹം ഉടനെ കെ.എസ്.എഫ്.ഡി. സി ചെയര്‍മാനെ വിളിച്ച് സംസാരിക്കുകയും, കാലതാമസം ഉണ്ടാക്കാതെ റിലീസ് ചെയ്യാനും ആവശ്യപ്പെട്ടു. പക്ഷേ ഇനിയും സിനിമ റിലീസ് ആയിട്ടില്ല. ഏറെ ബഹുമാനത്തോടെ നോക്കി കാണുന്ന സംവിധായകനാണ് ഷാജി എന്‍ കരുണ്‍, എന്നാല്‍ അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുണ്ടായ സമീപനങ്ങള്‍ ഞെട്ടിക്കുന്നതായിരുന്നു. സിനിമയുടെ പ്രിവ്യൂ സമയത്ത് സംസാരിക്കാന്‍ പോലും അനുവദിച്ചില്ല. പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ ശബ്ദം താഴ്ത്തി സംസാരിക്കാനാണ് അദ്ദേഹം നിര്‍ദ്ദേശിച്ചത്. ഇത് കെ.എസ്.എഫ്.ഡി. സി ചെയര്‍മാന്‍ നല്‍കുന്ന ഔദാര്യമായി പോലും തോന്നിപ്പിക്കുന്ന രീതിയിലുള്ള സമീപനമാണ് ഉണ്ടായത്.’’
‘‘ഇനിയും ഞാന്‍ മൗനയായിരുന്നാല്‍ അപകടമാണ് എന്നതു കൊണ്ടാണ് ശബ്ദമുയര്‍ത്താന്‍ തീരുമാനിച്ചത്. സ്ത്രീ സംവിധായകരെ പ്രോത്സാഹിപ്പിക്കാനല്ല, അവരെ അപമാനിക്കാനും കഴിയുന്നതും പദ്ധതിയെ തകിടം മറിക്കാനുമാണ് കെഎസ്എഫ്ഡിസിയുടെ ഉദ്ദേശം. ഇതുവരെ പദ്ധതിക്ക് കീഴില്‍ അനുകൂല്യം ലഭിച്ച എല്ലാവര്‍ക്കും ഇത്തരം സംഘര്‍ഷങ്ങള്‍ അനുഭവിക്കേണ്ടി വരുന്നുണ്ട്. പക്ഷേ സിനിമയോടുള്ള സ്നേഹം കൊണ്ട് മൗനം പാലിക്കുകയാണവര്‍.’’
നാല് സംവിധായികമാർക്കുമുള്ളത് നല്ല അനുഭവങ്ങളല്ല: സജിത മഠത്തിൽ
മിനി അനുഭവിച്ച സംഘര്‍ഷങ്ങള്‍ പരിഗണിക്കുമ്പോള്‍ മിനിക്കൊപ്പം നില്‍ക്കുകയാണെന്ന് സജിത മഠത്തിൽ പറഞ്ഞു; ‘‘ഡബ്ല്യു.സി.സി മുന്നോട്ട് വെച്ച ആവശ്യം പരിഗണനാപൂര്‍വ്വമാണ് സര്‍ക്കാര്‍ നടപ്പാക്കിയത്. എന്നാല്‍ എന്താണോ ഡബ്ല്യു.സി.സി മുന്നോട്ട് വെച്ച ആശയം, അതിന് വിപരീതമായാണ് സര്‍ക്കാര്‍ ചുമതല നല്‍കിയ കെ.എസ്.എഫ്.ഡി. സി പെരുമാറുന്നത്. കെ.എസ്.എഫ്.ഡി. സി പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ പിന്‍തുടര്‍ന്നാണ് മിനി മുന്നോട്ട് പോയത്. അതുകൊണ്ട് തന്നെ റിലീസ് വൈകിപ്പിക്കുന്നതിന്റെ കാരണം മിനിയെ അറിയിക്കുക ഉദ്യോഗസ്ഥരുടെ കടമയാണ്. ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ അവരെ അപമാനിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. ഈ പ്രോജക്ട് ഒരിക്കലും നിന്നു പോവരുത്. ഒരേ സമയത്ത് തന്നെ നിര്‍മിച്ച സിനിമകളായി നിഷിദ്ധോയും, ഡിവോഴ്‌സും പരിഗണിക്കപ്പെടണം.

അവാര്‍ഡ് ലഭിച്ചു എന്നത് റിലീസിങിന് ഒരു മാനദണ്ഡമാകുന്നില്ല. അതല്ലെങ്കില്‍ കൃത്യമായ ആശയ വിനിമയം മിനിയുമായി നടത്തി റിലീസിങ് എന്തുകൊണ്ട് വൈകുന്നു എന്നതിന് വ്യക്തമായ ഉത്തരം അവര്‍ നല്‍കണം. പദ്ധതി അംഗീകരിക്കപ്പെട്ടപ്പോഴുണ്ടായ സന്തോഷത്തേക്കാളേറെ, ഇപ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങള്‍ വേദനിപ്പിക്കുകയാണ്. നിലവില്‍ നാല് സ്ത്രീകള്‍ക്കാണ് ഈ പദ്ധതിയുടെ ആനുകൂല്യം ലഭിച്ചിട്ടുള്ളത്. അതിലാര്‍ക്കും തന്നെ നല്ല അനുഭങ്ങളല്ല ഉണ്ടായിട്ടുള്ളത്. ഈ സമീപനങ്ങളില്‍ മാറ്റം വരണം.’’- സജിത മഠത്തിൽ ട്രൂകോപ്പിയോട് പറഞ്ഞു.
ആരോപണങ്ങളോട് പ്രതികരിക്കാന്‍ ഷാജി എന്‍. കരുണ്‍ തയ്യാറായില്ല. ട്രൂകോപ്പി അദ്ദേഹത്തിന്റെ പ്രതികരണത്തിന് ശ്രമിച്ചപ്പോള്‍ ഓഫീസുമായി ബന്ധപ്പെടുക എന്നാണ് മറുപടി ലഭിച്ചത്.
ഷാജു വി. ജോസഫ്
Feb 01, 2023
5 Minutes Read
റിന്റുജ ജോണ്‍
Jan 28, 2023
4 Minutes Watch
മുഹമ്മദ് ജദീര്‍
Jan 27, 2023
4 minutes Read
പ്രഭാഹരൻ കെ. മൂന്നാർ
Jan 21, 2023
5 Minutes Read
ഇ.വി. പ്രകാശ്
Jan 21, 2023
3 Minutes Read
മുഹമ്മദ് ജദീര്‍
Jan 19, 2023
4 minutes Read
സി.കെ. മുരളീധരന്‍
Jan 19, 2023
29 Minute Watch