പ്രോഗ്രസീവായ ഒന്നുമില്ലാത്ത വണ്ടർ വിമെൻ

സ്ത്രീ സംരംഭകരെയും / സ്ത്രീപക്ഷ ഇടങ്ങളെയും / അവശേഷിക്കുന്ന വളരെ കുറച്ച് സ്ത്രീ സംവിധായകരെയും / സ്ത്രീ സിനിമ പ്രവർത്തകരെയും ഒരവസരം കിട്ടുമ്പോൾ ഒന്ന് കൊട്ടിയേക്കാം എന്ന് കരുതുന്ന ഇവിടുത്തെ പുരുഷ കേന്ദ്രീകൃത ഭൂരിപക്ഷത്തിന് ആഘോഷിക്കാൻ ഒരു ഇരയെ ഇട്ടുതരുന്നതല്ല. മറിച്ച് മഞ്ചാടിക്കുരുവിന്റെയും ഉസ്താദ് ഹോട്ടലിന്റെയും ഹാപ്പി ജേണിയുടെയും കൂടെയുടെയും ഒപ്പം ഉള്ളിൽ സ്ഥാനം പിടിച്ച ഒരു കലാകാരിയുടെ റെട്രോഗ്ഗ്രസ്സീവായ ഒരു ചുവട്‌വെപ്പ് കണ്ട് വിമർശിക്കുകയാണ്/ വിഷമിക്കുകയാണ്.

ഞ്ജലി മേനോന്റെ "വണ്ടർ വിമൺ' കണ്ട ഞാൻ വണ്ടറടിച്ചു പോയി. ഒരിക്കലും ഇങ്ങനെയൊരു റിവ്യു ഇടണമെന്ന് ആഗ്രഹിച്ചിട്ടില്ല. പക്ഷേ എന്തിനായിരുന്നു ഈ സിനിമ എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാവുന്നില്ല. പ്രമേയം, മെയിക്കിങ്, കാസ്റ്റിങ്, ഡയലോഗ്, ആക്റ്റിങ് - എന്തെങ്കിലും ഒന്നിനെക്കുറിച്ച് നല്ലത് പറയാനുണ്ടാവത്തതിൽ ആത്മാർഥമായ കുറ്റബോധം ഉണ്ട്.

SPOILER

ഒരു കൂട്ടം സ്ത്രീകളെ നിരത്തി വെച്ചാൽ സിനിമ സ്ത്രീപക്ഷം ആവില്ലെന്ന് അഞ്ജലിയെ പോലൊരു വ്യക്തിക്ക് ഇനിയും ബോധം വന്നിട്ടില്ല എങ്കിൽ അതിന്റെ പേര് റിഗ്രസ്സീവ് /പിന്തിരിപ്പൻ / ഡമ്പിൾ സ്റ്റാൻഡേഡ് മനോഭാവം എന്ന് തന്നെയാണ്. സ്ത്രീകളെ കൊണ്ട് സ്ത്രീവിരുദ്ധ സന്ദേശം നൽകുന്നതല്ല സ്ത്രീപക്ഷം എന്ന് അഞ്ജലി ഇനിയറിയാൻ സാധ്യതയും ഇല്ല.

കുട്ടികൾ ഉണ്ടാവത്തതിൽ വിഷമിക്കുന്ന, താനോരു "അൺലക്കി' സ്ത്രീ ആണെന്ന് വളരെ എക്സ്പ്ലിസിറ്റായി പറയുന്ന "ഫെമിനിസ്റ്റ്' എന്ന് സംവിധായിക അവകാശപ്പെടുന്ന ഒരു ഗൈനക്കോളജിസ്റ്റ് (അറപ്പ് വന്നു പോയി). അനാവശ്യ ആറ്റിറ്റ്യൂഡും അസ്താനത്തെ ആവേശവും ഓവർ ആക്ടിങ്ങും നിലനിർത്തി "ലേഡി രഞ്ജി പണിക്കർ' ആയി മാറിയ നദിയ മൊയ്ദുവിനെ പരാമർശിക്കാതെ പറ്റില്ല. തനിക്ക് പ്രസവിക്കാൻ പറ്റാത്തതിന്റെ വേദന പേറുന്ന ഒരു പാവം സ്ത്രീക്ക്, മറ്റുള്ളവരുടെ കുട്ടിയിൽ തന്റെ മാതൃത്വ ഭാവങ്ങൾ ഇറക്കി വെക്കുന്ന നിർഭാഗ്യയായ (ഫ്രഷ്) ഒരു സ്ത്രീക്ക്, ഗർഭവതികളായ സ്ത്രീകൾ "വണ്ടർ' തന്നെ. സ്വഭാവികം !!

എലേറ്റ് ലോകത്തിന്റെ സൊഫസ്റ്റിക്കേഷൻ നിലനിർത്താൻ പൃഥിരാജിന്റെ ബ്രോ ഡാഡിയേക്കാൾ അഞ്ജലി വിജയിച്ചിട്ടുണ്ട്. അതിനിടയിൽ "ഗ്രേസി' എന്ന ഒരു കഥാപാത്രത്തെ തിരുകി കയറ്റി ദയനീയമാം വിധം ബാലൻസും ചെയ്തിട്ടുണ്ട്. പാവപ്പെട്ടവന്റെ സന്തോഷം സെന്റിമെൻസ് / ഒന്ന് പെറ്റവളുടെ വിദഗ്ദ ഗൈഡ്ലൈൻസ് / അർച്ചന പത്മിനിക്ക് തന്നെ നൽകിയതിൽ യാതൊരു ക്ലാസ് ഡിഫറൻസും തോന്നിയില്ല.

ഗർഭത്തോടെ തന്റെ എല്ലാ പാഷനും / കഴിവുകളും ഉപേക്ഷിച്ച ഭാര്യയെപറ്റി അത്ഭുതപ്പെടുന്ന ഭർത്താവിനോട് "ദൈവികമായ മാതൃത്വത്തെ പറ്റി അമ്പത് വാക്കിൽ കവിയാതെ ഉപന്യസിക്കുന്ന (അഞ്ച് പൈസക്ക് കൊള്ളാത്ത)' നിത്യാ മേനോന്റെ കഥാപാത്രത്തിനെ ത്രേതായുഗത്തിൽ നിന്നും - കട്ട് കോപ്പി പേസ്റ്റ് - ചെയ്തിറക്കിയതായി തോന്നി.

ടോക്സിക്കായ അമ്മായിയമ്മയെ നിസ്സാരമായ രണ്ട് പഞ്ച് ഡയലോഗിൽ മാലാഖയാക്കുന്ന സംവിധായികയുടെ മാജിക്ക്. എന്താണ് താൻ എന്ന് പോലും പിടിയില്ലാത്ത പാർവതിയുടെ കഥാപാത്രം സിനിമക്ക് തന്നെ ഒരു ബാധ്യതയായിരുന്നു. കഥാപാത്രങ്ങൾ തമ്മിലുള്ള വൈകാരിക അടുപ്പമോ സൗഹൃദമോ സപ്പോർട്ടോ എന്തിന് ഒരു പ്രോപ്പർ സ്ക്രിപ്റ്റോ പോലും ചിത്രം വേണ്ടവിധം ഫോളോ ചെയ്തതായി തോന്നുന്നില്ല.

മാറാത്തിക്കാരിയുടെ ഗർഭകഥ, പത്മപ്രിയയുടെ വക്കീൽ പഞ്ച്, ക്ലൈമാക്സിലെ ഡെലിവറി വിജയം, ആശുപത്രി മുറിയിൽ വെച്ച് ഒന്നായ അമ്മുമ്മ കൊച്ചുമോൾ രംഗം, കുറച്ചൊന്നുമല്ല ചിരിപ്പിച്ചത് (ക്രിഞ്ച് എന്ന് പോലും പറയാൻ പറ്റില്ല). സയനോരയുടെ കഥാപാത്രത്തെ കൊണ്ട് പറയാൻ ശ്രമിപ്പിച്ച "സ്ത്രീയെ മലാഖവൽക്കരിക്കുന്നതിന്റെ അസ്വസ്ഥത' ആ സാഹചര്യത്തിനങ്ങ് ഒത്തില്ലായിരുന്നട്ടോ. കാരണം സിനിമയുടെ തീം അതായിപ്പോയല്ലോ.

പിന്നെ ലാഗ് ഉണ്ടായില്ല എന്നതാണ് ഒരു പോസിറ്റീവ് കാര്യം. സിനിമ ഇപ്പോൾ തുടങ്ങും എന്ന് ഓർത്തിരുന്നപ്പോളെ തീർന്നു പോയ അനുഭവമാണ് എനിക്കുണ്ടായത്. (തുടങ്ങിയാൽ അല്ലേ തീരു!) എന്തായാലും മലയാളികൾക്ക് ഈ സിനിമ കണ്ട് മനസ്സിലാക്കാനുള്ള ഇന്റലക്ച്വൽ എബിലിറ്റി ഇല്ലാത്തതുകൊണ്ട് സിനിമയെ ഇംഗ്ലീഷ് - ഹിന്ദി മീഡിയം ആക്കിയ അഞ്ജലിയുടെ ആത്മവിശ്വാസം സമ്മതിച്ചു കൊടുത്തേപറ്റു.

ഗർഭകാല ആരോഗ്യ പരിപാലനം, മാനസിക ഉന്മേഷം, മാതൃത്വ മഹനീയത, ഉപദേശം, ബോധവൽക്കരണം എന്നതൊക്കെയായിരുന്നു ഉദ്ദേശം എങ്കിൽ വെടിപ്പായി അതെങ്കിലും ചെയ്യാമായിരുന്നു. ആരോഗ്യമാസിക വായിച്ച അറിവോ നല്ലൊരു ഡോക്യുഫിക്ഷൻ കണ്ട സംതൃപ്തിയോ പോലും നൽകാത്ത ഒരു "വീഡിയോ'. ഒരൊറ്റ കഥാപാത്രത്തെ പോലും രജിസ്റ്റർ ചെയ്യാതെ, അതിൽ ഒരു സ്ത്രീയുടെ പോലും ആത്മസംഘർഷങ്ങളിലേക്ക് എത്തിനോക്കാതെ, ഒരു സീനിൽ പോലും സിനിമാറ്റിക്ക് പ്ലെഷർ നൽകാതെ, ഒരു ഡയലോഗിൽ പോലും നൈസർഗിക ഘടകം ഇല്ലാതെ, പ്രോഗ്രസീവായ ഒരൊറ്റ ചിന്ത പോലും മുന്നോട്ട് വെക്കാത്ത, ഒരു തുള്ളി വിയർപ്പ് പോലും ഒഴുക്കി എന്ന് തോന്നാത്ത, പഴയ വീഞ്ഞിനെ ഒരു ഭേദപ്പെട്ട കുപ്പിയിൽ പോലും ഒഴിക്കാൻ മെനക്കെടാത്ത ഫിലിം മേക്കറായി അഞ്ജലി മേനോൻ മാറി എന്നത് തികച്ചും വ്യക്തിപരമായ നിരാശയാണ്.

സ്ത്രീ സംരംഭകരെയും / സ്ത്രീപക്ഷ ഇടങ്ങളെയും / അവശേഷിക്കുന്ന വളരെ കുറച്ച് സ്ത്രീ സംവിധായകരെയും / സ്ത്രീ സിനിമ പ്രവർത്തകരെയും ഒരവസരം കിട്ടുമ്പോൾ ഒന്ന് കൊട്ടിയേക്കാം എന്ന് കരുതുന്ന ഇവിടുത്തെ പുരുഷ കേന്ദ്രീകൃത ഭൂരിപക്ഷത്തിന് ആഘോഷിക്കാൻ ഒരു ഇരയെ ഇട്ടുതരുന്നതല്ല. മറിച്ച് മഞ്ചാടിക്കുരുവിന്റെയും ഉസ്താദ് ഹോട്ടലിന്റെയും ഹാപ്പി ജേണിയുടെയും കൂടെയുടെയും ഒപ്പം ഉള്ളിൽ സ്ഥാനം പിടിച്ച ഒരു കലാകാരിയുടെ റെട്രോഗ്ഗ്രസ്സീവായ ഒരു ചുവട്‌വെപ്പ് കണ്ട് വിമർശിക്കുകയാണ്/ വിഷമിക്കുകയാണ്.

Comments