ടി. ശശിധരന്റെ ‘തുറന്നുപറച്ചി’ലും പുത്തൻ ഇടതുസംവാദകരും

ടി. ശശിധരന്റെ പ്രസ്താവന വസ്തുതാപരമല്ല. അതിലുപരി അത് പ്രതിലോമപരവുമാണ്. അത് കേരളത്തിൽ വേരുറപ്പിക്കുന്ന അരാഷ്ട്രീയവൽക്കരണത്തെ പ്രോത്സാഹിപ്പിക്കും. "എല്ലാ രാഷ്ട്രീയക്കാരും കണക്കാണ്' എന്ന ചിന്തക്ക് വളമാകും. നവലിബറൽക്കാലത്തെ മൂല്യച്യുതിയിൽ, ഫാസിസം കളിയ്ക്കാൻ കളം തേടി നടക്കുമ്പോൾ തികച്ചും ആത്മനിഷ്ഠമായ അത്തരമൊരു പരാമർശം വേണ്ടിയിരുന്നില്ല.

ഖാവ് ടി. ശശിധരനെ വ്യക്തിപരമായി പരിചയമില്ല. പലരെയും പോലെ എനിക്കും ഇഷ്ടമാണ്. ഉൾപ്പാർട്ടിസമരത്തിന്റെ ബാക്കിപത്രമെന്ന നിലയിൽ നടപടിക്ക് വിധേയനായി പ്രദേശികമായി ഒതുങ്ങിപ്പോയിരുന്ന അദ്ദേഹം സി.പി.എം തൃശൂർ ജില്ലാ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് ഇടതുപക്ഷ യുവജന പ്രവർത്തകർ ഏറെ ആഹ്ലാദത്തോടെയാണ് സ്വാഗതം ചെയ്തത്. ഇത് സംബന്ധിച്ച സമൂഹ മാധ്യമ ചർച്ചകൾ നോക്കുന്നതിനിടയിലാണ് ട്രൂകോപ്പിക്ക് അദ്ദേഹം മുൻപ് അനുവദിച്ച അഭിമുഖം ശ്രദ്ധയിൽപ്പെട്ടത്. അതിൽ സുപ്രധാനമായ ഒട്ടേറെ നിരീക്ഷണങ്ങൾ അദ്ദേഹം നടത്തുന്നുണ്ട്. എന്നാൽ അതോടൊപ്പം, പാർട്ടിയിൽ നടന്ന, അദ്ദേഹം കൂടി പങ്കെടുത്ത, ഉൾപ്പാർട്ടി സമരം വെറും "മൂപ്പിളമ തർക്കമായിരുന്നു'വെന്നും, "വ്യക്ത്യാധിഷ്ഠിതമായിരുന്നു' വെന്നും "ഐഡിയോളജിക്കൽ ആയിരുന്നില്ല' എന്നും "വെളിപ്പെടുത്തുന്നു.' മറ്റ് പലരെയുംപോലെ ഉൾപ്പാർട്ടിസമരത്തെ താൽപര്യത്തോടെ ശ്രദ്ധിച്ചിരുന്ന രാഷ്ട്രീയ വിദ്യാർത്ഥി എന്ന നിലയിൽ പറയട്ടെ, ശശിധരന്റെ പ്രസ്താവന വസ്തുതാപരമല്ല. അതിലുപരി അത് പ്രതിലോമപരവുമാണ്. അത് കേരളത്തിൽ വേരുറപ്പിക്കുന്ന അരാഷ്ട്രീയവൽക്കരണത്തെ പ്രോത്സാഹിപ്പിക്കും. "എല്ലാ രാഷ്ട്രീയക്കാരും കണക്കാണ്' എന്ന ചിന്തക്ക് വളമാകും. നവലിബറൽക്കാലത്തെ മൂല്യച്യുതിയിൽ, ഫാസിസം കളിയ്ക്കാൻ കളം തേടി നടക്കുമ്പോൾ തികച്ചും ആത്മനിഷ്ഠമായ അത്തരമൊരു പരാമർശം വേണ്ടിയിരുന്നില്ല.

ശശിധരൻ വിലയിരുത്തുന്നതുപോലെതന്നെ ഉൾപ്പാർട്ടി സമരത്തിൽ വ്യക്തിയധിഷ്ഠിതമായ ധാരാളം ഘടകങ്ങളുണ്ടായിരുന്നു. എന്നാൽ അതുമാത്രമായിരുന്നില്ല അന്തഃസത്ത. കാർഷിക പ്രശ്‌നം, കർഷകരും കർഷകത്തൊഴിലാളികളും തമ്മിലുള്ള ബന്ധം, സാമൂഹ്യമാറ്റത്തിന്റെ മുന്നണിപ്പോരാളികളായ തൊഴിലാളിവർഗത്തിന് പാർട്ടിയിൽ ലഭിക്കേണ്ട സ്ഥാനം, ഭൂപ്രശ്നം, വികസനം, ആസൂത്രണം, പരിസ്ഥിതി, പ്രാന്തവൽക്കരിക്കപ്പെടുന്ന ജനവിഭാഗങ്ങളുടെ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കൽ, വ്യക്തിപ്രഭാവവും വ്യക്തിപരമായ അപ്രമാദിത്വവും, പാർട്ടിയും സർക്കാരിനെ നയിക്കുന്ന സഖാക്കളും തമ്മിലുള്ള ബന്ധം, ഉൾപ്പാർട്ടിജനാധിപത്യവുമായി ബന്ധപ്പെട്ട കേന്ദ്രീകൃത ജനാധിപത്യത്തിന്റെയും ഫെഡറലിസത്തിന്റെയും നില തുടങ്ങി പല വിഷയങ്ങളും സുപ്രധാനമായി മാറി. അതൊക്കെ സംബന്ധിച്ച് അകത്തും പുറത്തും ചർച്ച നടന്നു. ഈ വിഷയങ്ങളിൽ സ്ഥാപിത താൽപര്യം വെച്ചാണ് എല്ലാവരും നിലപാടെടുത്തതെന്ന് വിലയിരുത്തുന്നത് കടന്ന കയ്യാണ്. അങ്ങനെ ചെയ്തവരുണ്ടാകാം. അവർതന്നെ എല്ലായ്​പ്പോഴും അങ്ങനെ ആകണമെന്നുമില്ല. വ്യക്തിപരമായ ബന്ധങ്ങളിലും താല്പര്യങ്ങളിലും നിലപാടെടുത്ത പലരും പിന്നീട് രാഷ്ട്രീയമായിമാത്രം പ്രശ്‌നങ്ങളെ സമീപിക്കുന്നത് കാണാമായിരുന്നു. തിരിച്ചും സംഭവിച്ചു. അതൊക്കെയായിരുന്നു ഉൾപ്പാർട്ടിസമരത്തിന്റെ ബലവും ബലഹീനതയും.

സംഘടനാതത്വം വിഭാവന ചെയ്യുന്നപോലെ ആരോഗ്യകരമായി ആ ചർച്ചകൾ തുടർന്നിരുന്നുവെങ്കിൽ പിൽക്കാലത്ത് സൈദ്ധാന്തികമായും സംഘടനാപരമായും കൂടുതൽ കെട്ടുറപ്പുള്ള, ഈ കാലത്തിന്റെ സമസ്യകളെ കൂടുതൽ മെച്ചപ്പെട്ട നിലയിൽ അഭിമുഖീകരിക്കുന്ന ഇടതുപക്ഷം കേരളത്തിൽ ലഭ്യമാകുമായിരുന്നു എന്നതിൽ തർക്കമില്ല. അത് മറ്റൊരു സംഗതി. എന്നാൽ നടന്നതെല്ലാം പടലപ്പിണക്കങ്ങൾ എന്ന് ചുരുക്കിയാൽ ഗൗരവമായി അതിൽ പങ്കുകൊണ്ട ആയിരക്കണക്കിന് പാർട്ടിപ്രവർത്തകർ അത് അംഗീകരിക്കില്ല. അതുകൊണ്ട് ഈ "തുറന്നുപറച്ചിൽ' അനുചിതമെന്ന് പറയേണ്ടിവരുന്നു. യാതൊരു കഴമ്പും ഉൾപ്പാർട്ടിസമരത്തിൽ ഉണ്ടായിരുന്നില്ലെന്ന് ശശിധരനെപ്പോലെ അംഗീകാരമുള്ള ഒരു നേതാവ് പറയുമ്പോൾ, സാധാരണ പാർട്ടിപ്രവർത്തകരിൽ അതുളവാക്കുന്ന ശൂന്യതയും ഇച്ഛഭാംഗവും രാഷ്ട്രീയമായി ശുഭകരമല്ല.

ഉൾപ്പാർട്ടിസമരത്തെ ആത്മനിഷ്ഠമായി സമീപിക്കുന്ന രീതി കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ എല്ലാക്കാലത്തും ഉണ്ടായിരുന്നു. ഡാങ്കെ, പി.സി. ജോഷി, അജയഘോഷ്, ബി.ടി. രണദിവെ തുടങ്ങിവരുടെ വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങളാണ് ആദ്യകാലത്തു പാർട്ടിയുടെ ഗതിവിഗതികളെ മുഖ്യമായും നിർണയിച്ചതെന്ന് വിലയിരുത്തുന്നവരുണ്ട്. ആ രീതി അവലംബിക്കുന്നവർക്ക് എല്ലാ മാറ്റങ്ങളെയും വ്യക്ത്യധിഷ്ഠിതമായി കണ്ടാലേ സമാധാനമാകൂ. അടിസ്ഥാന രാഷ്ട്രീയ സമ്പദ്ഘടനാപ്രശ്‌നങ്ങൾ അവഗണിക്കും. അതുകൊണ്ടാണ് കേരളത്തിൽ ആദ്യ കമ്യൂണിസ്റ്റ് മുഖ്യമന്ത്രി ആകേണ്ടത് എം.എൻ. ഗോവിന്ദൻ നായർ ആയിരുന്നു എന്ന വിലയിരുത്തൽ വരുന്നത്. കെ.ആർ. ഗൗരിയമ്മയെ മുഖ്യമന്ത്രി ആക്കാൻ സി.പി.എം. നേതൃത്വം തീരുമാനിച്ചിരുന്നുവെന്നും പിന്നീട് അട്ടിമറിക്കപ്പെട്ടുവെന്നും കഥയുണ്ടാകുന്നത് അങ്ങനെയാണ്. വർഗീയപ്പാർട്ടികളോടുള്ള നിലപാടിലുണ്ടായ രാഷ്ട്രീയതർക്കം അവഗണിച്ച് എം.വി. രാഘവനോട് വിരോധം തീർക്കുകയായിരുന്നുവെന്ന് കരുതുന്നതും മറ്റൊന്നും കൊണ്ടല്ല. 1964 ലെ പാർട്ടി പിളർപ്പിനുശേഷം ഇത്തരം "ഗോസിപ്പുകൾ' ഇരുഭാഗത്തുനിന്നും ധാരാളമുണ്ടായി. ഇന്നും അതിന്റെ അംശങ്ങൾ തുടരുന്നുണ്ട്. സംശയനിവാരണത്തിനായി സമീപിക്കുന്ന കീഴ്ഘടകകങ്ങളിലെ സഖാക്കളോട് അനുചിതമായി ചില സൂചനകൾ കൊടുക്കുകയും അർത്ഥഗർഭമായി മൂളുകയും ചെയ്ത് തെറ്റിദ്ധാരണ അരക്കിട്ടുറപ്പിക്കുന്ന ചിലരും എല്ലാക്കാലത്തുമുണ്ട്.

നവലിബറൽ കാലവും ഫിനാൻസ് മൂലധനവും ഉളവാക്കുന്ന അതിസങ്കീർണമായ സമസ്യകൾക്ക് ഏറെ സൂക്ഷ്മമായ രാഷ്ട്രീയ ഇടപെടൽ ആവശ്യമാണ്. നിന്ദ, സ്തുതികൾക്കപ്പുറം ആഴമേറിയ രാഷ്ട്രീയധാരണകൾ ആർജിക്കുക, കൂടുതൽ കൂടുതൽ ജനവിഭാഗങ്ങളെ രാഷ്ട്രീയവൽക്കരിക്കുക തുടങ്ങിയ സുപ്രധാനകടമകൾ ഇടതുപക്ഷത്തിൽ അർപ്പിതമായിട്ടുണ്ട്. നിന്ദ, സ്തുതികൾക്കും ആത്മനിഷ്ഠ വിലയിരുത്തലുകൾക്കുമപ്പുറം വസ്തുനിഷ്ഠവും രാഷ്ട്രീയസമ്പദ്ഘ​ടനപരവുമായ വിശകലനങ്ങളാണ് കാലം ആവശ്യപ്പെടുന്നത്.

ഓരോകാലത്തും ഓരോരുത്തരും എടുക്കുന്ന രാഷ്ട്രീയ നിലപാടുകളാണ് സുപ്രധാനം. എപ്പോഴെങ്കിലും ഉണ്ടായ വ്യതിയാനത്തിന്റെ പേരിൽ ഒരാളെ അനിഷ്ടം തോന്നുമ്പോഴെല്ലാം "കൈകാര്യം' ചെയ്യുന്നതും എപ്പോഴെങ്കിലും ചെയ്ത സൽകൃത്യത്തിന്റെ "ക്രെഡിറ്റിൽ' സ്ഥിരം പലിശ ഊറ്റുന്നതും ഒരുപോലെ പിശകാണ്. വസ്തുതകളെയും പ്രവണതകളെയും വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങനെ ശരിതെറ്റുകളുടെ സമ്മേളനമായി വൈരുദ്ധ്യാത്മകമായി വേണമല്ലോ വിലയിരുത്താൻ. "ഒന്നുകിൽ ആശാന്റെ നെഞ്ചത്ത്, അല്ലെങ്കിൽ കളരിക്ക് പുറത്ത്' എന്ന സമീപനം ഒട്ടും ഫലപ്രദമല്ല. ഉൾപ്പാർട്ടിസമരം ആകെ പാഴായിപ്പോയെന്നു കരുതുന്നതും എല്ലാം പാർട്ടി സംഘടനാതത്വമനുസരിച്ചുതന്നെ നടന്നുവെന്ന് വിലയിരുത്തുന്നതും ഒരുപോലെ വസ്തുതാവിരുദ്ധമാണ്.

ശശിധരന്റേതുപോലുള്ള ഏറ്റുപറച്ചിലുകൾ മറ്റ് ചില ഇടങ്ങളിലും ദൃശ്യമാണ്. മുൻപ് പുരോഗമനമെന്ന് കരുതി പങ്കെടുത്ത പല പ്രവർത്തനങ്ങളും പാടെ പാഴായിരുന്നെന്ന് പിൽക്കാലത്ത് ഏറ്റുപറയുന്ന രീതി പല മേഖലകളിലും കാണാം. നന്നായി പ്രണയിച്ച് വിവാഹം കഴിച്ച ദമ്പതികളിൽ ചിലർ "ഞങ്ങളുടേത് അറൈഞ്ച്​ഡ്​ മാര്യേജ് ആയിരുന്നു' എന്ന് വർഷങ്ങൾക്കുശേഷം സുഹൃദ് സദസ്സുകളിലും സ്വന്തം കുട്ടികളോടുംപോലും പറയുന്നത് കേട്ടിട്ടുണ്ട്. നല്ലവണ്ണം പ്രണയിക്കാത്തതുകൊണ്ടും ആരോഗ്യകരമായി അതിനെ സമീപിക്കാത്തതുകൊണ്ടുമുള്ള പാപബോധം അവരെ അലട്ടുന്നുണ്ടാകാം. പിന്നെ രണ്ടു മാർഗ്ഗമേയുള്ളൂ രക്ഷക്ക്. ഒന്നുകിൽ "ഞങ്ങൾ പെട്ടുപോയി' എന്ന് പറയും. അല്ലെങ്കിൽ പ്രണയിച്ചില്ലെന്ന് കൈകഴുകും.

വിദ്യാർഥി സംഘടനാപ്രവർത്തനങ്ങളിലും സമരങ്ങളിലും കോളേജ്, സർവ്വകലാശാല യൂണിയൻ പ്രവർത്തനങ്ങളിലും സജീവമായിരുന്ന ചിലരൊക്കെ "അന്ന് അറിവില്ലാതെ പലതും കാണിച്ചു', "പഠനവും ഉഴപ്പി', "ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ' എന്ന മട്ടിലൊക്കെ പറയുന്നത് കേട്ടിട്ടുണ്ട്. അവരിൽ പലരും തികഞ്ഞ ആത്മാർത്ഥതയോടെ പ്രവർത്തിച്ചവരാണ്. പോലീസ് മർദ്ദനം ഏറ്റവരും ത്യാഗം സഹിച്ചവരുമാണ്. പ്രശ്‌നമതല്ല. വരേണ്യവിദ്യാഭ്യസനയത്തിന്റെ ദോഷം ഉൾക്കൊള്ളാതെ അതിനെതിരെയുള്ള സമരത്തിന് നേതൃത്വം കൊടുക്കും. വിദ്യാർത്ഥികളുടെ പാർലമെന്ററി വേദികളിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ചിലർക്ക് എങ്ങനെ ക്രിയാത്മകമായി അവയെ ഉപയോഗപ്പെടുത്തണമെന്ന് ധാരണ കാണില്ല. സമരവും യൂണിയൻ പ്രവർത്തനവുമെല്ലാം ഒരുവിധം അവർ പൂർത്തീകരിക്കും. അതൊരു വാശി, അല്ലെങ്കിൽ "സ്‌പോർട്‌സ്മാൻ സ്പിരിറ്റ്'. കാലങ്ങൾക്കു ശേഷം, "അയ്യോ ആ കാലമെല്ലാം പാഴായിപ്പോയി' എന്ന് തോന്നാം. അതും സ്വാഭാവികം മാത്രം. എന്നാൽ, അവർ സത്യസന്ധമായി കരുതുന്നപോലെ, അവരുടെ അനുഭവങ്ങളും പിൽക്കാലത്ത് ഉണ്ടായ നിരാശയും തോന്നലുകളും വിദ്യാർഥി സംഘടനാ പ്രവർത്തനത്തിന്റെ പ്രസക്തിയെ ആകെ റദ്ദ് ചെയ്യുമെന്ന് വിലയിരുത്തൻ കഴിയില്ലല്ലോ.

ആത്മാർത്ഥതയും സത്യസന്ധതയും ധീരതയും നിലനിർത്തിയ മാതൃകാ പൊതുപ്രവർത്തകനാണ് സഖാവ് ശശിധരൻ. ഓരോ വാക്കിലും വേദനിക്കുന്ന മനുഷ്യരോടുള്ള ഒത്തുചേരൽ പ്രകടമാണ്. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തിന്റെ സംഭാഷണത്തിൽ കടന്നുകൂടിയ രാഷ്ട്രീയമായി തെറ്റെന്നു തോന്നിയ നിലപാട് ആദരവോടെ പരാമർശിച്ചത്. എന്നാൽ, അത്തരമൊരു പാരമ്പര്യമൊന്നുമില്ലാത്ത ചിലരും "ഗതകാല നഷ്ടങ്ങളിൽ' വിലാപകാവ്യം എഴുതാറുണ്ട്. ഇന്നല്ലെങ്കിൽ നാളെ അങ്ങനെ ചെയ്‌തേക്കാവുന്ന പുതുതായി പ്രത്യക്ഷപ്പെട്ട ഒരു വിഭാഗം "ഇടതു സംവാദകരെക്കൂടി ' ഇവിടെ പരാമർശിക്കുന്നത് ഉചിതമാകുമെന്ന് തോന്നുന്നു.

ഇടതുപക്ഷത്തിന്റെയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും "സംരക്ഷകർ' എന്ന പരിവേഷം ഏതാണ്ട് സ്വയം അണിഞ്ഞ്​ കേരളത്തിലെ പൊതുമണ്ഡലത്തിലെ സംവാദങ്ങളിൽ ഇപ്പോൾ സജീവമായിട്ടുള്ള ഈ വിഭാഗത്തിന്റെ ഗതിവിഗതികളെ മേൽപ്പരിസരത്ത് പരിശോധിക്കാവുന്നതാണ്. അവരിൽ പലരെയും ഇടതുപക്ഷത്തിന്റെ സമര സംഘടന പ്രവർത്തനങ്ങളിലോ നയപരമായ ചർച്ച വേദികളിലോ കണ്ടു ശീലവുമില്ല. പുതിയ ആൾക്കാർ കടന്നുവരുന്നത് തികച്ചും സ്വാഗതാർഹം തന്നെ. എന്നാൽ, ഗൗരവമുള്ള നയപ്രശ്‌നങ്ങളിലും സൈദ്ധാന്തിക പ്രശ്‌നങ്ങളിലും പാർട്ടി നിയോഗിച്ചവരെന്ന മട്ടിൽ നിലപാടുകൾ പ്രഖ്യാപിക്കുകയും മാധ്യമങ്ങളെയും മറ്റ് വേദികളിലെയും ചർച്ചകളെ കൊഴുപ്പിക്കുകയും ചെയ്യുന്നുണ്ട്.

ഇടതുപക്ഷവേദികളിൽ കണ്ടുശീലിച്ച ഭാഷാ പ്രയോഗങ്ങളോ ജനാധിപത്യ രീതികളോ അവരിൽ പൊതുവിൽ ദൃശ്യമാകുന്നില്ല. ഇക്കാര്യത്തിൽ അവർ മിക്കപ്പോഴും അവലംബിക്കുന്നത് ഇടതുപക്ഷത്തിനുപകരം തീവ്ര വലതുപക്ഷ ശൈലിയെയാണ്. അവർ ആ പാത തന്നെ തുടരണമെന്ന് മറ്റാരേക്കാളും ആഗ്രഹിക്കുന്നതും ഫാസിസ്റ്റുകളാണ്. കാരണം അത് ഫാസിസ്റ്റുകളുടെ കളമാണ്, അവിടെ അവർക്കാണ് മേൽക്കൈ. ഈ പുത്തൻ "ഇടതു സംവാദകർക്ക്' പാർട്ടിയുടെ പരിപാടിയോ പദ്ധതിയോ തന്ത്രമോ അടവോ ഒന്നും അറിയണമെന്നില്ല. ഇടതുപക്ഷ നൈതികത വേണ്ട. തികഞ്ഞ "സ്പോർട്​സ്​മാൻ സ്പിരിറ്റോടെ' അവർ കളിക്കും. കളി ജയിക്കാൻ എന്ത് "ട്രിക്കും' ഇറക്കും, ഫൗൾ ചെയ്യും, കള്ളക്കളി ഇറക്കും. തികഞ്ഞ ആത്മാർത്ഥത, പ്രഫഷണലിസം. ഉദ്ദിഷ്ടകാര്യം കഴിഞ്ഞാൽ ചിലപ്പോൾ ചേക്കേറിയപോലെ എങ്ങോട്ടെങ്കിലും മടങ്ങിയേക്കാം. അതിനുശേഷം കുരുടൻ ആനയെക്കണ്ടപോലെ അവർ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെയും അതിന്റെ ദൗർബല്യങ്ങളെയും അവർ പ്രസ്ഥാനത്തിനുവേണ്ടി നടത്തിയ നിഷ്ഫലമായ "രക്ഷാപ്രവർത്തനത്തെയും' ക്കുറിച്ച് എഴുതിയേക്കും. കാര്യമായി നഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ലാത്ത, എന്നാൽ, ചിലതൊക്കെ നേടിയേക്കാവുന്ന അവരും പറഞ്ഞേക്കാം- "എന്റെ ആ നാളുകൾ പാഴായിപ്പോയി' !

Comments