കൊറോണ കാരുണ്യമില്ലാതെ പടരുമ്പോൾ മാധ്യമങ്ങൾ എന്താണ് ചെയ്തത്?

ലോകത്ത് ആദ്യമായി കോവിഡ് റിപ്പോർട്ട് ചെയ്യപ്പെട്ട ചൈനയിലെ വുഹാൻ നഗരത്തിൽനിന്ന് ലോക്ക്ഡൗൺ കാല ജീവിതത്തെക്കുറിച്ചുള്ള ദൃക്‌സാക്ഷിവിവരണമാണ് പ്രശസ്ത ചൈനീസ് എഴുത്തുകാരിയായ ഫാങ് ഫാങ്ങിന്റെ 'വുഹാൻ ഡയറി' എന്ന കൃതി. വുഹാനിൽ നടന്ന ദാരുണവും അസംബന്ധവുമായ സംഭവവികാസങ്ങളുടെ രേഖയാണിതെങ്കിലും, കോവിഡ് വ്യാപനം നടക്കുന്നിടങ്ങളിലെയെല്ലാം സംഭവങ്ങളുമായി ഇതിന് അടുത്ത ബന്ധമുണ്ട്. ഭരണകൂട വീഴ്ച, മാധ്യമങ്ങളുടെ ക്രൂരമായ അലംഭാവം, ആരോഗ്യപ്രവർത്തകരുടെ സമർപ്പണം, രോഗമുക്ത സമൂഹത്തെക്കുറിച്ചുള്ള ഉൽക്കണ്ഠകൾ എന്നിവയെല്ലാം ഫാങ് ഫാങ് വിവരിക്കുന്നു. ‘വുഹാൻ ഡയറി’യിൽനിന്നുള്ള ചില ഭാഗങ്ങൾ

മാർച്ച് 14, 2020
ഭയം കൂടാതെ സത്യങ്ങൾ വിളിച്ചുപറയുന്ന
വിസിൽ ബ്ലോവറാകാൻ ഇത്തവണ ആരുടെ ഊഴമാകും?

തെളിഞ്ഞ, പ്രസന്നമായ ദിവസം. ചെറിപ്പൂക്കൾ ഇപ്പോഴും പൂത്തുനിൽപ്പുണ്ടാകുമോ എന്നാണ് ഞാൻ ചിന്തിക്കുന്നത്. സാധാരണഗതിയിൽ ചെറിപ്പൂക്കൾ വിരിയുന്ന കാലത്തു കാറ്റും മഴയും നിറഞ്ഞ കാലാവസ്ഥയാണ് ഉണ്ടാകാറുള്ളത്. സ്വാഭാവികമായും ഒന്നുരണ്ടു ദിവസങ്ങൾക്കുള്ളിൽ തന്നെ പൂക്കളെല്ലാം കൊഴിഞ്ഞു മരങ്ങൾ ശൂന്യമാകും. അതുകൊണ്ടാണ് ചെറിപ്പൂക്കൾ വിരിയുന്നതിന്റെയും കൊഴിയുന്നതിന്റെയും ഇടയ്ക്കുള്ള ആ ഹ്രസ്വനേരം, നമ്മെ ജീവിതത്തിന്റെ ക്ഷണികതയെയും അനിശ്ചിത്വത്തെയും പറ്റിയെല്ലാം ചിന്തിക്കാൻ പ്രേരിപ്പിക്കുന്നത്.
പുതിയ രോഗികളുടെ എണ്ണം കുറയുന്നത് തുടരുന്നതിനാൽ രോഗവ്യാപനം സംബന്ധിച്ച സാഹചര്യം ഭേദപ്പെടുന്നുവെന്നു തന്നെ പറയാം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി, പുതിയ കേസുകളുടെ എണ്ണം ഒറ്റയക്ക സംഖ്യകളായി തുടരുകയാണ്. ഈ കണക്കുകൾ വ്യാജമാണെന്ന് ഞാൻ കരുതുന്നുണ്ടോയെന്നു ഇതേപ്പറ്റി ആശങ്കപ്പെട്ട ഒരു സുഹൃത്ത് ഇന്നലെ എന്നോട് ചോദിച്ചു. രോഗവ്യാപനത്തിന്റെ ആദ്യഘട്ടങ്ങളിൽ ഉദ്യോഗസ്ഥർ പല വിവരങ്ങളും ജനങ്ങളിൽ നിന്ന് മറച്ചുവച്ചതിനാൽ, ഔദ്യോഗിക കണക്കുകൾ കൃത്യമാണോയെന്ന് ഇപ്പോഴും നിരവധി പേർ സംശയമുന്നയിക്കുന്നുണ്ട്.

വുഹാൻ നഗരം, യെല്ലോ ക്രെയിൻ ടവറിൽനിന്നുള്ള ദൃശ്യം

‘രോഗികളുടെ എണ്ണം കുറഞ്ഞെന്നു വരുത്താൻ അവർ കണക്കുകളിൽ കൃത്രിമം കാണിക്കുന്നുണ്ടെങ്കിലോ? സ്വന്തം പ്രതിച്ഛായ മെച്ചപ്പെടുത്താൻ അവർ കള്ളം പറയുകയാണെങ്കിലോ? അവർ പിന്നെയും നുണ പറയുകയാണെങ്കിൽ നമ്മളെന്തു ചെയ്യും?' എന്റെ സുഹൃത്തിന്റെ ആശങ്കകൾ എനിക്ക് വ്യക്തമായി മനസ്സിലാകുന്നുണ്ട്; പഴയ ഒരു ചൊല്ലുണ്ടല്ലോ, ‘ചൂടുവെള്ളത്തിൽ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കും' എന്ന്. ഇതുവരെ നടന്ന സംഭവങ്ങൾ കാരണം ആളുകൾക്ക് പല കാര്യങ്ങളെക്കുറിച്ചും സംശയം തോന്നുന്നത് സ്വാഭാവികമാണ്. അതുകൊണ്ട്, അധികാരികൾ കണക്കുകളിൽ കൃത്രിമം കാണിക്കുന്നതാകാനുള്ള സാധ്യതയുണ്ടോ എന്നറിയാൻ എന്റെ ഡോക്ടർ സുഹൃത്തുക്കളിലൊരാളെ വിളിക്കാൻ ഞാൻ തീരുമാനിച്ചു. എന്റെ ഡോക്ടർ സുഹൃത്ത് ആത്മവിശ്വാസത്തോടെ പറഞ്ഞ മറുപടി ഇതായിരുന്നു, 'അവർ ഒന്നും മറച്ചു വയ്ക്കില്ല, ഒന്നും മറച്ചു വയ്‌ക്കേണ്ട കാര്യമില്ല!' ഞാൻ കേൾക്കാൻ ആഗ്രഹിച്ച ഉത്തരവും അതായിരുന്നു.

ഇന്നുച്ചയ്ക്ക്, ‘കിഴവൻ കുറുക്കൻ' എന്നു വിളിപ്പേരുള്ള പഴയ ഒരു സഹപാഠി എനിക്കു സന്ദേശമയച്ചിരുന്നു. അദ്ദേഹത്തിന്റെ പിതാവ്, മിസ്റ്റർ ഹു ഗുവോറി, പണ്ട് എന്നെ കവിത പഠിപ്പിച്ചിട്ടുണ്ട്. മിസ്റ്റർ ഹു ഒരു മികച്ച അധ്യാപകനായിരുന്നു. മറ്റു പഠനവിഭാഗങ്ങളിൽ നിന്നുള്ള കുട്ടികൾ പോലും അദ്ദേഹത്തിന്റെ ക്ലാസ്സിൽ വന്നിരിക്കുമായിരുന്നു; മിക്കപ്പോഴും ആ ക്ലാസ്സ്മുറികൾ കുട്ടികളെക്കൊണ്ട് നിറഞ്ഞിരിക്കും. ഒടുവിൽ, അദ്ദേഹത്തിന്റെ ക്ലാസ് ലാവോസൈഷെ കെട്ടിടത്തിലെ വലിയ ക്ലാസ്സ്മുറികളിലൊന്നിലേയ്ക്ക് മാറ്റുകയാണുണ്ടായത്. ഞാൻ പഠിക്കുന്ന സമയത്തു, ഞങ്ങളുടെ സിലബസ്സിൽ ഇല്ലാതിരുന്ന ഒരു കവിത അദ്ദേഹം ഞങ്ങൾക്കു പറഞ്ഞു തന്നു. അതിലെ വരികൾ അദ്ദേഹം ക്ലാസ്സിൽ ചൊല്ലുകയായിരുന്നു:

മഞ്ഞുമൂടും ജലപാതകളിൽ അങ്ങുമിങ്ങും സഞ്ചരിച്ചു.
പത്താണ്ടു ഞാൻ പടിഞ്ഞാറൻ തടാകത്തിൽ
വളർന്നെന്നു പറയപ്പെടുന്നു,
എന്റെ ചെറിയ തുഴവഞ്ചിയിൽ
തുവ്വൽ പുല്ലുകൾ ഇടതൂർന്നു വളരുന്ന തീരങ്ങൾ ഞാൻ താണ്ടവേ
എന്നുള്ളിലെ സന്തോഷം ഒരു ഗാനമായി ഉയരുന്നു.
മൗനം പരക്കും രാത്രിയിൽ എന്റെ ശബ്ദം മുഴങ്ങുന്നു,
ആസ്വാദകരില്ലാത്ത എന്റെ സംഗീതം
അതിരില്ലാകുന്നുകളിൽ പ്രതിധ്വനിക്കവേ
ഞാൻ മാത്രം കരഘോഷം മുഴക്കുന്നു

മിസ്റ്റർ ഹു ഈ കവിത പ്രാസത്തിൽ ചൊല്ലിയതും അദ്ദേഹത്തിന്റെ ആലാപനത്തിൽ ഈ കവിതയോടുള്ള ഇഷ്ടം പ്രകടമായതും ഞാനിപ്പോഴുമോർക്കുന്നു. ഇന്നലെ നടന്നതുപോലെ ആ ചിത്രം എന്റെ മനസ്സിലുണ്ട്. കിഴവൻ കുറുക്കൻ 1977ലെ ക്ലാസ്സിലാണ് പഠിച്ചിറങ്ങിയത്; യാത്ര ചെയ്യാൻ ഏറെ ഇഷ്ടമുണ്ടായിരുന്ന അദ്ദേഹം അപ്പലാച്ചിയൻ വനപഥം മുഴുവൻ സഞ്ചരിക്കാൻ അമേരിക്ക വരെ പോയ ആളാണ്. മാസങ്ങളോളമെടുത്തു നടത്തിയ ആ യാത്രയുടെ ഓരോ നിമിഷവും അദ്ദേഹം രേഖപ്പെടുത്തി വച്ചിട്ടുണ്ട്. അവിശ്വസനീയമായ ഒരു യാത്ര തന്നെയായിരുന്നു അത്. അപ്പലാച്ചിയൻ വനപഥത്തിലൂടെയുള്ള സഞ്ചാരം പൂർത്തിയാക്കുന്ന ആദ്യത്തെ ചൈനക്കാരനാകും അദ്ദേഹമെന്നാണ് ഞാൻ കരുതിയിരുന്നത്, എന്നാൽ പിന്നീടൊരു സന്ദർഭത്തിൽ അദ്ദേഹമെന്നോട് പറഞ്ഞത് വുഹാനിൽ നിന്ന് ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ ആൾ താനാണെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ടെന്നാണ്.

കിഴവൻ കുറുക്കൻ എന്നെ അറിയിച്ച വിവരങ്ങൾ ഞെട്ടിക്കുന്നവയാണ്. മിക്ക കുടുംബങ്ങളും പങ്കെടുക്കുന്ന ഒരു അനുഷ്ഠാനം കൂടിയാണിത്. അദ്ദേഹം പറഞ്ഞ രണ്ടു കാര്യങ്ങൾ ഞാനിവിടെ പങ്കുവയ്ക്കാം:
1. എനിക്കൊരു നല്ല വാർത്ത അറിയിക്കാനുണ്ട്. യി ഫാനിനെ വെന്റിലേറ്ററിലെ നിന്ന് മാറ്റുകയും അദ്ദേഹത്തിന് ബോധം തെളിയുകയും ചെയ്തിരിക്കുന്നു. പഴയ ചില സഹപാഠികൾക്കായി അദ്ദേഹം ഒരു ചെറു വീഡിയോ പോലും തയ്യാറാക്കിയിട്ടുണ്ട്. യി ഫാന്റെ ഒൻപതു വയസ്സുകാരിയായ മകൾ അവളുടെ അച്ഛന് വേണ്ടി ഒട്ടനേകം ആശംസ കാർഡുകളാണ് ഉണ്ടാക്കിയിരിക്കുന്നത്. ഹു സായും കോമയിൽ നിന്ന് പുറത്തു വന്നിരിക്കുന്നു. ബീജിങ്ങിലെ സിനോ-ജാപ്പനീസ് ഫ്രണ്ട്ഷിപ് ഹോസ്പിറ്റലിനെ സംബന്ധിച്ചിടത്തോളം ഇതൊരു മഹാത്ഭുതം തന്നെയാണ്.

വൈറസുമായുള്ള പോരാട്ടത്തിന്റെ മുൻനിരയിൽ പ്രവർത്തിക്കവേ രോഗബാധിതരായി, ഇപ്പോൾ ജീവന് വേണ്ടി പൊരുതുന്ന രണ്ടു ഡോക്ടർമാരെക്കുറിച്ച് നിങ്ങളുടെ ഇന്നലത്തെ കുറിപ്പിൽ പരാമർശിച്ചിരുന്നുവല്ലോ, ഡോക്ടർ യി ഫാനും ഡോക്ടർ ഹു വെയ്ഫെങ്ങും (ഹു സാ എന്നാണ് ഹു വെയ്‌ഫെങിന്റെ വിളിപ്പേര്). അവർ രണ്ടുപേരും എന്റെ കൂടെ വ്യായാമത്തിനു വരുന്ന സുഹൃത്തിന്റെ സഹപാഠികളാണ്. ആ ഡോക്ടർമാരുടെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങൾ എന്റെ സുഹൃത്ത് എന്നും എന്നെ അറിയിക്കാറുണ്ട്. അവർ രണ്ടു പേർക്കും ബോധം തെളിഞ്ഞെന്ന വിവരമാണ് ഇന്ന് കിട്ടിയിരിക്കുന്നത്.

വിഷാദമൂകമായ ഈ ദിവസങ്ങൾ ജീവിച്ചു തീർക്കാൻ നാം കഷ്ടപ്പെട്ടുകൊണ്ടിരിക്കുമ്പോൾ, ഇതിലും നല്ല വാർത്ത കേൾക്കാനില്ല. ഡോക്ടർ യി ഫാൻ സെൻട്രൽ ആശുപത്രിയിലെ തൊറാസിക്ക് ശസ്ത്രക്രിയാ വിഭാഗത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറും ഡോക്ടർ ഹു വെയ്ഫെങ് അതേ ആശുപത്രിയിലെ യൂറോളജി വിഭാഗത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറുമാണ്. ഇവർ രണ്ടു പേരും ഗുരുതരാവസ്ഥയിലാണെന്നാണ് രണ്ടു ദിവസം മുൻപ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്; അത് ഞാനെന്റെ കുറിപ്പിൽ ചേർക്കുകയും ചെയ്തു. എന്നാൽ ഈ രണ്ടു ഡോക്ടർമാരും ഇന്ന് ഉണർന്നിരിക്കുന്നുവെന്നത് ആശ്ചര്യകരമായ വാർത്ത തന്നെയാണ്. അവർ തങ്ങളുടെ എല്ലാ ശക്തിയുമുപയോഗിച്ചു പിടിച്ചുനിൽക്കുമെന്നു ഞാൻ കരുതുന്നു; അവരെ പൂർണ ആരോഗ്യത്തിലേയ്ക്ക് മടക്കി കൊണ്ടുവരാൻ അവരുടെ ഡോക്ടർമാർക്ക് കഴിയുമെന്ന് എനിക്കുറപ്പുണ്ട്.
സെൻട്രൽ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകരുടെ ഉയർന്ന മരണനിരക്ക് വ്യാപകമായി ചർച്ച ചെയ്യപ്പെടുന്ന വിവാദ വിഷയമായി തുടരുകയാണ്. പക്ഷേ ഇതുവരെയായിട്ടും ആശുപത്രി അധികാരികളിൽ ഒരാൾപോലും ഏതെങ്കിലും തരത്തിലുള്ള അച്ചടക്ക നടപടി നേരിട്ടതായി ഞാൻ അറിഞ്ഞില്ല. ആശുപത്രിയിലെ ചുമതലപ്പെട്ടവർ അവിടെ നടന്ന സംഭവങ്ങളുടെ ഉത്തരവാദിത്തമേറ്റെടുക്കണമെന്ന മുറവിളി ഓൺലൈനായി ഉയരുമ്പോഴും, അവർ ഈ വിഷയത്തിൽ അസാധാരണമായ മൗനം പാലിക്കുകയാണ്; പ്രതികരിക്കാതിരുന്നാൽ വിമർശനങ്ങൾ നിലയ്ക്കും എന്നാണ് അവർ കരുതുന്നതെന്ന് തോന്നും. വുചാങിലെ ജില്ലാ അധികാരിയുടെയും കിങ്ഷാനിലെ സഹ ജില്ലാ അധികാരിയുടെയും കാര്യത്തിൽ സംഭവിച്ചതിൽ നിന്നും തീർത്തും വ്യത്യസ്തമാണിത്. പൊതുജനങ്ങളിൽ നിന്നും ആവശ്യമുയരുന്നതിനു മുൻപ് പോലും അവർ രണ്ടുപേരെയും അതാതു പദവികളിൽ നിന്നും നീക്കംചെയ്തിരുന്നു. ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കേണ്ട സാഹചര്യങ്ങളിൽ ഉന്നതാധികാരികൾ ഏതു തത്ത്വമാണ് പിന്തുടരുന്നതെന്നു എത്ര ശ്രമിച്ചിട്ടും എനിക്ക് മനസ്സിലാക്കാൻ സാധിച്ചിട്ടില്ല. എനിക്കാകെ അറിയാവുന്നത് ഒരു അപകടത്തിൽ എത്ര പേർ മരിച്ചാലും എത്ര പേർക്ക് പരിക്കേറ്റാലും, അതിനുത്തരവാദികളായ നേതാക്കൾ തങ്ങളുടെ പിഴവ് ഏറ്റുപറയണമെന്നില്ലെന്നാണ്. പക്ഷേ ഈ വിഷയത്തെക്കുറിച്ചു ഞാൻ കൂടുതൽ പറയാതിരിക്കുന്നതാണ് നല്ലത്; ഞാനിതു തുടർന്നാൽ ഫലം അത്ര നല്ലതായിരിക്കില്ല.

ഇന്ന് ഓൺലൈനിൽ മാധ്യമപ്രവർത്തകരെക്കുറിച്ചു പല തരത്തിലുമുള്ള ചർച്ചകൾ നടക്കുന്നുണ്ട്; അവയിൽ ചിലതു വളരെ വിശദവും രസകരവുമാണ്. എനിക്കും അതിലേയ്ക്ക് ചിലതു ചേർക്കാനുണ്ട്: സെൻട്രൽ ആശുപത്രിയിലെ ഡോക്ടർ ഐ ഫെൻ ഇപ്പോൾ സ്വയം വിശേഷിപ്പിക്കുന്നത് ‘വിസിൽ-ഗിവർ’ എന്നാണ്; ഡോ. വെൻ ലിയാങിനെ ആണല്ലോ ജനങ്ങൾ വിസിൽ ബ്ലോവർ എന്ന് വിശേഷിപ്പിക്കുന്നത്. അതിനർത്ഥം ഡോ. ഐ ഫെനിൽ നിന്നുമാണ് ഡോ. വെൻ ലിയാങ് ആ പട്ടം ഏറ്റെടുത്തതെന്നാണ്. ഡോ. ലിയാങിന്റെ മരണത്തോടെ ഇനി ആരാകും ആ ദൗത്യം നിർവഹിക്കുക എന്നാണ് ഞാൻ ചിന്തിക്കുന്നത്. ഡോ. വെൻ ലിയാങിനെതിരെ നടപടിയുണ്ടായെങ്കിലും അദ്ദേഹം ഒരിക്കലും തന്റെ നിലപാടിൽ നിന്ന് പിന്നോട്ട് പോയിരുന്നില്ല. വാസ്തവത്തിൽ, പൊലീസ് നടപടികളിലൂടെയാണ് അദ്ദേഹത്തിന്റെ നിലപാട് കൂടുതൽ ജനങ്ങൾ ശ്രദ്ധിക്കാനിടയായത്.

നോവൽ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതായുള്ള ആദ്യ വാർത്ത വന്നത് 2019 ഡിസംബർ 31 നാണ്. ഞാൻ എന്തായാലും ആ വാർത്ത അറിഞ്ഞത് അന്നാണ്. തൊട്ടടുത്ത ദിവസം തന്നെ, പ്രാദേശിക പോലീസ് എട്ടു ‘നെറ്റിസണുകൾക്ക്' കർശനമായ താക്കീതു നൽകിയെന്ന വാർത്ത സി.സി.ടി.വി അടക്കമുള്ള മാധ്യമങ്ങളിൽ പ്രചരിച്ചു. എന്നാൽ ഇതിനർത്ഥം എതിർശബ്ദങ്ങൾ നിലച്ചുവെന്നല്ലല്ലോ. അപ്പോൾ ഇനി ആരാണ് ആ ചുമതല ഏറ്റെടുക്കേണ്ടത്? ഭയം കൂടാതെ സത്യങ്ങൾ വിളിച്ചു പറയുന്ന വിസിൽ ബ്ലോവറാകാൻ ഇനി ആരുടെ ഊഴമാണ്?

വുഹാനിൽ പ്രധാനമായും രണ്ടു വലിയ മാധ്യമ ശൃംഖലകളാണുള്ളത്; അവയിൽ വലുത് ഹുബെയ് ഡെയ്​ലി ന്യൂസ് ആൻഡ് മീഡിയ ഗ്രൂപ്പ് തന്നെയാണ്. രണ്ടാമത്തെ വലിയ ശൃംഖല യാങ്ങ്ടസീ ഡെയിലി ന്യൂസ്പേപ്പർ ഗ്രൂപ്പും. ഈ രണ്ടു കമ്പനികളിലുമായി എത്ര മാധ്യമപ്രവർത്തകർ ജോലി ചെയ്യുന്നുണ്ടാകും? അതെനിക്കുറപ്പില്ല, പക്ഷേ സെർച്ച് എഞ്ചിനായ ബേയ്ദു കാണിക്കുന്നത് ഹുബെയ് ഡെയ്ലി ന്യൂസ് ആൻഡ് മീഡിയ ഗ്രൂപ്പ് ഏഴ്​ ദിനപത്രങ്ങൾ, എട്ട്​മാസികകൾ, 12 വെബ്സൈറ്റുകൾ, അഞ്ച്​ മൊബൈൽ പ്ലാറ്റുഫോമുകൾ, ഒരു പ്രസിദ്ധീകരണശാല, 56 കമ്പനികൾ (അവർക്ക്​ പൂർണ്ണ ഉടമസ്ഥാവകാശമുള്ളതും ഭൂരിപക്ഷ ഓഹരിയുള്ളതുമായ കമ്പനികൾ) എന്നിവ നിയന്ത്രിക്കുന്നുവെന്നും അവർക്കു ഹുബെയ് പ്രവിശ്യയിൽ അങ്ങോളമിങ്ങോളമായി 17 സ്റ്റേഷൻ ഓഫീസുകൾ ഉണ്ടെന്നുമാണ്. ഇതവരെ ഹുബെയിൽ നിന്ന് വരുന്ന പ്രധാന വാർത്തകൾ ലോകത്തെ അറിയിക്കുന്ന ഏറ്റവും വലിയ വാർത്ത, വിവര പ്ലാറ്റഫോം ആക്കി മാറ്റുന്നു. ഈ ഘടന കണ്ടിട്ട് യാങ്ങ്ടസീ ഡെയ്ലി ന്യൂസ്പേപ്പർ ഗ്രൂപ്പിനും സമാനമായ രീതിയിൽ അവരുടെ കീഴിൽ പ്രവർത്തിക്കുന്ന പ്രസിദ്ധീകരണങ്ങളും, മാസികകളും, വെബ്‌സൈറ്റുകളും, കമ്പനികളും ഉണ്ടാകുമെന്നു ഞാൻ ഊഹിക്കുകയാണ്. അതിന്റെ വിശദാംശങ്ങൾ തിരഞ്ഞു കണ്ടുപിടിക്കാനുള്ള ക്ഷമ ഇപ്പോഴെനിക്കില്ല. അതെന്തായാലും ഈ രണ്ടു വലിയ കമ്പനികളിലുമായി ഒട്ടേറെ റിപ്പോർട്ടർമാരും മാധ്യമപ്രവർത്തകരും ജോലി ചെയ്യുന്നുണ്ടാകുമെന്നത് ഉറപ്പിക്കാമെന്ന് തോന്നുന്നു.

മാധ്യമപ്രവർത്തകരുടെ ദൗത്യവും പ്രൊഫഷണലായ കടമയും എന്താണെന്ന ചോദ്യത്തിലാണ് നമ്മളെത്തിച്ചേരുന്നത്. ഈ ചോദ്യത്തിന് പല ഉത്തരങ്ങളും ഉണ്ടാകാമെങ്കിലും ഞാൻ മനസ്സിലാക്കുന്നത് മാധ്യമപ്രവർത്തകരുടെ ഏറ്റവും പ്രധാനപ്പെട്ട ദൗത്യം സമൂഹത്തെയും അതിന്റെ ഭാഗമായ ജനങ്ങളുടെ ജീവിതത്തെയും സൂക്ഷ്മമായി നിരീക്ഷിക്കുക എന്നതാകണമെന്നാണ്. ഇത് വാസ്തവമാണെങ്കിൽ, എനിക്ക് ഒരു കാര്യം ചോദിച്ചേ മതിയാകൂ, നോവൽ കൊറോണ വൈറസിന്റെ വ്യാപനം പോലെ സ്‌ഫോടനാത്മകമായ ഒരു വാർത്ത പുറത്തു വന്നിട്ടും, പോലീസ് എട്ടു ‘നെറ്റിസണുകളെ' താക്കീത് ചെയ്തെന്ന പ്രധാനപ്പെട്ട വാർത്ത വന്നിട്ടും, സമൂഹത്തെയും ജനങ്ങളുടെ ജീവിതത്തെയും നേരിട്ട് ബാധിക്കുന്ന ഗൗരവകരമായ ഈ വിഷയങ്ങളെക്കുറിച്ച് അവരാരും കൂടുതൽ അന്വേഷണങ്ങൾ നടത്താതിരുന്നത് എന്തുകൊണ്ടാണ്? കൊറോണ വൈറസ് എങ്ങനെയാണ് തിരിച്ചറിയപ്പെട്ടത് എന്ന് കണ്ടെത്താൻ അവർ താൽപര്യപ്പെടാഞ്ഞത് എന്തുകൊണ്ടാണ്? പുതിയ വൈറസ് സാംക്രമികമാണോ അല്ലയോ എന്നറിയാൻ അവരാരും ശ്രമിക്കാതിരുന്നത് എന്തുകൊണ്ടാണ്? മേൽപറഞ്ഞ എട്ടു നെറ്റിസണുകൾ ആരാണെന്നും അവർ എന്തിനാണ് ‘കിംവദന്തികൾ പരത്തുന്നതെന്നും' അന്വേഷിച്ചറിയാൻ അവരിൽ ഒരാൾ പോലും തയ്യാറാകാഞ്ഞത് എന്തുകൊണ്ടാണ്?

ഇതുപോലുള്ള സാഹചര്യങ്ങളിൽ പ്രൊഫഷണൽ മാധ്യമപ്രവർത്തകർ തൊഴിൽപരമായ ആത്മാർത്ഥത പ്രകടിപ്പിക്കേണ്ടതുണ്ട്; സത്യം പുറത്തു പറയേണ്ട ദൗത്യം ഡോക്ടർ ലീ വെൻലിയാങിൽ നിന്ന് ഏറ്റെടുക്കേണ്ടത് സത്യത്തിൽ അവരായിരുന്നു. എന്നാൽ അവർ എവിടെപ്പോയിരുന്നു? ‘മാധ്യമപ്രവർത്തകർ ഇതിനകം സംഭവ സ്ഥലത്തെത്തിയിട്ടില്ലെങ്കിൽ അവർ അങ്ങോട്ടുള്ള യാത്രയിലായിരിക്കും' എന്നല്ലേ സാധാരണയായി പറയാറുള്ളത്? നോവൽ കൊറോണ വൈറസിന്റെ ഉത്ഭവത്തെപ്പറ്റി സൂക്ഷ്മമായി അന്വേഷിക്കാൻ തയ്യാറായി അന്ന് മാധ്യമപ്രവർത്തകർ മുന്നോട്ടു വന്നിരുന്നെങ്കിൽ, സെൻട്രൽ ആശുപത്രിയിലെ ഡോക്ടർമാരിൽ നല്ലൊരു പങ്കും രോഗബാധിതരായിരിക്കുന്നുവെന്നു അവർ തിരിച്ചറിഞ്ഞിരുന്നെങ്കിൽ, ‘കിംവദന്തി പരത്തിയ എട്ടു നെറ്റിസണുകളും' യഥാർത്ഥത്തിൽ ഡോക്ടർമാർ ആണെന്ന സത്യം അവർ വെളിച്ചത്തു കൊണ്ടുവന്നിരുന്നെങ്കിൽ, ഒരുപക്ഷേ, ഒരുപക്ഷേ മാത്രം, ഇന്ന് സ്ഥിതി മറ്റൊന്നായേനേ. പക്ഷേ അതിനു മാധ്യമപ്രവർത്തകർ ഉയർന്ന നിലവാരത്തിലുള്ള പ്രൊഫഷണലിസം കാണിക്കേണ്ടതുണ്ടായിരുന്നു; നിരവധി ആളുകളുമായി ബന്ധങ്ങൾ ഉണ്ടാക്കിയെടുക്കുകയും വിവിധ പ്ലാറ്റുഫോമുകളുമായി ആശയവിനിമയം നടത്തി തങ്ങളുടെ ശബ്ദം ഉയർന്നു കേൾക്കുമെന്നു ഉറപ്പു വരുത്തുകയും ചെയ്യേണ്ടിയിരുന്നു. അവർ ഇതെല്ലാം ചെയ്തിരുന്നെങ്കിൽ, വുഹാൻ ഇപ്പോൾ ഈ ഭീകരാവസ്ഥയിലൂടെ കടന്നുപോകേണ്ടി വരുമായിരുന്നോ? ഹുബെയ് പ്രവിശ്യയിൽ നിന്നുള്ള ആളുകളെയെല്ലാം ക്വാറന്റീനിൽ ഇരുത്തിയിരുന്നെങ്കിൽ ഇന്നത്തെ അവസ്ഥയുണ്ടാകുമായിരുന്നോ? ദേശീയ തലത്തിൽ തന്നെ നമ്മൾ ഇത്തരമൊരു സ്ഥിതി നേരിടേണ്ടി വരുമായിരുന്നോ? വുഹാനിൽ മാത്രമല്ല, എല്ലായിടത്തും മികച്ച പത്രപ്രവർത്തകർ ഉണ്ടെന്നു തന്നെയാണ് എന്റെ വിശ്വാസം. നിങ്ങൾ ഇവിടെ നടന്ന കാര്യങ്ങളെക്കുറിച്ചൊക്കെ അന്വേഷിച്ചിട്ടുണ്ടാകും എന്നാണ് ഞാൻ കരുതുന്നത്; അതിനെപ്പറ്റി ലേഖനങ്ങളും എഴുതിയിട്ടുണ്ടാകും. എന്നാൽ അവ പ്രസിദ്ധീകരിക്കാനുള്ള അനുമതി നിങ്ങൾക്ക് ലഭിക്കാഞ്ഞതാണ് അവയൊന്നും പുറത്തു വരാതിരുന്നതിന് കാരണമെങ്കിൽ എനിക്ക് സമാധാനത്തിനു വകയുണ്ട്. പക്ഷേ, ആ നിഗമനത്തിനു ബലം പകരുന്ന വാർത്തകൾ ഒന്നും ഇതുവരെ കേട്ടിട്ടില്ല എന്നത് തികച്ചും നാണക്കേടുണ്ടാക്കുന്ന ഒരു കാര്യമാണ്. ഡോ ഐ ഫെൻ ആദ്യമേ ഇതേക്കുറിച്ച് പറഞ്ഞിരുന്നു, ഡോ ലി വെൻലിയാങ് ചില കാര്യങ്ങൾ ചൂണ്ടിക്കാണിച്ചു തന്നിരുന്നു; പക്ഷേ ആ പാതയിൽ മുന്നോട്ടു പോകാൻ ആരുണ്ട്? പ്രശ്നങ്ങളും അഴിമതിയും ചൂണ്ടിക്കാണിക്കുന്നവരുടെ ശബ്ദം നേരത്തെ സൂചിപ്പിച്ച രണ്ടു മാധ്യമ സ്ഥാപനങ്ങളുടെ വിജയഭേരിയിലും വിജയാഹ്‌ളാദത്തിലും മുങ്ങിപോകുകയാണ്. കോറോണ വൈറസ് യാതൊരു കാരുണ്യവും ഇല്ലാതെ പടരുന്നു, ഓരോരോ ഡോക്ടർമാരായി വീണു പോകുന്നു; എങ്കിലും നമ്മുടെ ദിനപത്രങ്ങൾ വർണ്ണാഭമാണ്, ചിരിക്കുന്ന മുഖങ്ങളും, ചുവന്ന കൊടികളും, സന്തോഷ പ്രകടനങ്ങളും പുഷ്പങ്ങളുമാണ് അവയിൽ നിറയുന്നത്.

ഡോ. ലി വെൻലിയാങ്

ഒരു സാധാരണ പൗരയായ എനിക്ക് പോലും ഈ വൈറസ് എത്ര ഭീകരമാണ് എന്ന് ജനുവരി പതിനെട്ടു മുതൽ തന്നെ അറിയാമായിരുന്നു. ആ സമയം മുതൽക്കു തന്നെ ഞാൻ പുറത്തു പോകുമ്പോൾ മാസ്‌ക് ധരിച്ചിരുന്നു. എന്നാൽ നമ്മുടെ മാധ്യമ സ്ഥാപനങ്ങൾ അക്കാലത്തൊക്കെ എന്ത് ചെയ്യുകയായിരുന്നു? ജനുവരി പത്തൊൻപതാം തീയതി നാൽപതിനായിരം കുടുംബങ്ങൾ പങ്കെടുത്ത വിരുന്നിനെപ്പറ്റി അവർ റിപ്പോർട്ട് ചെയ്തു; ഇരുപത്തിയൊന്നാം തീയതി പ്രവിശ്യയിലെ മുതിർന്ന നേതാക്കൾ പങ്കെടുത്ത, പുതുവർഷാഘോഷത്തിന്റെ ഭാഗമായ നൃത്തപരിപാടിയെപ്പറ്റിയും അവർ റിപ്പോർട്ട് ചെയ്തിരുന്നു. ഓരോ ദിവസവും, നമ്മൾ ഏറ്റവും സമ്പന്നമായ കാലത്തിലൂടെയാണ് കടന്നുപോകുന്നത് എന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന റിപ്പോർട്ടുകൾ അവർ പ്രസിദ്ധീകരിച്ചു കൊണ്ടിരുന്നു. നമ്മുടെ വീട്ടുവാതിൽക്കൽ എത്തിയ വൈറസ് ഭീകരനെക്കുറിച്ച് യാതൊരു വിവരവും പത്രങ്ങൾ പ്രസിദ്ധീകരിച്ചുമില്ല. ചൈനീസ് പുതുവർഷം മുതൽ താത്ക്കാലിക ആശുപത്രികൾ നിർമ്മിക്കുന്ന കാലം വരെ, ആയിരക്കണക്കിന് ആളുകൾ കഷ്ടപ്പെടുകയും മരിക്കുകയും ചെയ്തു. ആ സമയത്തു തങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട കടമ നിർവ്വഹിക്കാതിരുന്നതിൽ മനസാക്ഷിക്കുത്തുള്ള ആരെങ്കിലും ഉണ്ടായിരിക്കുമോ എന്ന് ഞാൻ അത്ഭുതപ്പെടുകയാണ്. ജനങ്ങളെ തെറ്റിധരിപ്പിച്ച ആ രണ്ടു മാധ്യമ സ്ഥാപനങ്ങളിലെയും അധികാരികൾ ഉത്തരവാദിത്തം ഏറ്റെടുത്തു രാജി വെക്കുമോ? യാങ്ങ്ടസീ ഡെയിലിയിൽ നിന്നുള്ള W എന്ന് പേരായ ഒരു റിപ്പോർട്ടർ, തന്റെ ഒരു ലേഖനത്തിൽ, ഫാങ് ഫാങ്ങിനു അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കാൻ മാത്രമേ അറിയൂ എന്ന് പറയുന്നു. ഞാൻ കാര്യങ്ങൾ പതുക്കെ മാത്രം പഠിക്കുന്ന ഒരാൾ ആയിരിക്കും എന്നിരിക്കലും ഈ വാക്ക് ഞാൻ പഠിച്ചിരിക്കുന്നു. ഇന്ന് കുറച്ചു 'അടിസ്ഥാനരഹിതമായ ആരോപണങ്ങൾ' ഉന്നയിച്ചുകളയാം എന്ന് ഞാൻ തീരുമാനിച്ചു.

മാർച്ച് 18, 2020
പണ്ട് ഞങ്ങൾ എവിടെ ആയിരുന്നോ,
ഇപ്പോൾ നിങ്ങൾ അവിടെ ആണ്

ലോക്ക്ഡൗണിന്റെ അൻപത്തിയാറാമത് ദിവസം.
ന്ന് തെളിച്ചമുള്ള ഒരു ദിവസമാണ്. വേനൽക്കാലത്തിലേക്കെത്താൻ സൂര്യൻ കുതിക്കുകയാണെന്നു തോന്നും. നല്ല വെയിലുണ്ടെങ്കിലും അന്തരീക്ഷത്തിൽ ചൂട് അത്രതന്നെ ഇല്ല. ഇതാണ് വുഹാനിലെ ഏറ്റവും നല്ല കാലാവസ്ഥ. എനിക്ക് ഈ നഗരം ഇഷ്ടപ്പെടാനുള്ള ഒരു കാരണം ഈ കാലാവസ്ഥയാണ്. വുഹാനിലെ കാലാവസ്ഥാ മാറ്റങ്ങൾ വളരെ പ്രകടമാണ്, ഓരോ കാലത്തിനും അതിന്റേതായ സ്വഭാവമുണ്ട്. ഇവിടുത്തെ ജനങ്ങൾ പറയുന്നത് പോലെ, വേനൽക്കാലം നരകത്തീയാണെങ്കിൽ ശൈത്യകാലം നിങ്ങളെ തണുപ്പിച്ചു കൊല്ലും. എല്ലാ വസന്തത്തിലും ഈർപ്പമുള്ള കുറേ ദിനങ്ങൾ ഉണ്ട്, എന്നാൽ ശിശിരത്തിലെ ദിനങ്ങളിലെല്ലാം തെളിഞ്ഞ ആകാശവും വരണ്ട വായുവുമായിരിക്കും. അതാണ് വുഹാനിലെ ഏറ്റവും സമാധാനമുള്ള കാലാവസ്ഥ. കുട്ടിക്കാലത്തു വുഹാനിലെ കാലാവസ്ഥ എനിക്ക് വല്ലാത്ത വെറുപ്പായിരുന്നു; കടുത്ത ചൂടും തണുപ്പും എനിക്ക് വെറുപ്പായിരുന്നു. പിന്നീട് സാങ്കേതിക വിദ്യ മെച്ചപ്പെടുകയും ഞങ്ങളുടെ ജീവിത നിലവാരം കൂടുകയും ചെയ്തപ്പോൾ, ചൂടുകാലത്ത് എ.സി യും തണുപ്പുകാലത്തു ഹീറ്ററും വസന്തങ്ങളിൽ ഈർപ്പം കുറയ്ക്കുന്നതിനുള്ള ഉപകരണവും ഉപയോഗിക്കാൻ കഴിഞ്ഞു. അങ്ങനെ സുഖകരമായ ശൈത്യകാലവും ശിശരത്തിലെ നല്ല കാലാവസ്ഥയും ഞങ്ങൾക്ക് അനുഭവിക്കാനായി. ഇവിടുത്തെ കാലാവസ്ഥയുടെ കുഴപ്പങ്ങളെല്ലാം പെട്ടെന്നു പരിഹരിക്കപ്പെട്ടതുപോലെ ആയിരുന്നു ആ അനുഭവങ്ങൾ.

മനുഷ്യന്റെ വിജ്ഞാനത്തിന് നന്ദി! ഈ നഗരത്തിന്റെ മനോഹാരിത ആസ്വദിക്കാൻ അത് ഞങ്ങളെ സഹായിച്ചു. ഇപ്പോൾ വുഹാനിലെ നാല് ഋതുക്കളും എനിക്ക് ആസ്വാദ്യകരമാണ്. ഒരുപാട് നാളുകൾക്ക് മുൻപ്, ഞാൻ ഡോക്യുമെന്ററി സിനിമ എടുക്കുന്ന അക്കാലത്ത്, ചൈനയിൽ നാല്പതു ഡിഗ്രിയോളം ചൂടുണ്ടായിരുന്നു. അന്ന് ഞാൻ സംസാരിച്ച വൃദ്ധനായ ഒരു മനുഷ്യൻ ചൂടിനെക്കുറിച്ച് ഇങ്ങനെ പറയുകയുണ്ടായി: ‘ഇത്രയും ചൂടുണ്ടാകണം. എന്നാൽ മാത്രമേ നിങ്ങൾ നന്നായി വിയർത്ത് ശരീരത്തിലെ വിഷാംശമെല്ലാം പുറത്തുപോകൂ. നന്നായി ചൂടെടുത്തു വിയർക്കാതെ മനുഷ്യർക്ക് ആരോഗ്യകരമായി ജീവിക്കാൻ സാധിക്കുകയില്ല.' ആ കാലത്ത് അദ്ദേഹത്തിന്റെ വാക്കുകൾ എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി. ഒരു വേനലിൽ എങ്ങാനും ചൂട് നാൽപതു ഡിഗ്രിയോളം ഉയർന്നില്ലെങ്കിൽ, വുഹാനിലെ ജനങ്ങൾ വല്ലാതെ അതൃപ്തരായിക്കൊണ്ട് ഇങ്ങനെ പറയും: ‘ഇതിനെ എങ്ങനെ നമ്മൾ വുഹാനിലെ വേനൽ എന്ന് വിളിക്കും?'

നമുക്ക് കൊറോണ വൈറസിലേക്ക് തന്നെ മടങ്ങാം. ആദ്യഘട്ടത്തിലെ ആശയക്കുഴപ്പവും പാളിച്ചകളും കടന്നുപോയതിനു ശേഷം ഇന്ന് വരെ കൊറോണ നിയന്ത്രണ പ്രവർത്തനങ്ങൾ പടിപടിയായി മെച്ചപ്പെട്ട് വരികയാണ്. വൈറസ് വ്യാപനം പൂർണമായും നിയന്ത്രണ വിധേയമാണ് എന്ന് പറയാം. വുഹാനിൽ ഇന്ന് ഒരേയൊരു പുതിയ കേസ് മാത്രമാണ് റിപ്പോർട്ട് ചെയ്തത്. ഇന്ന് പത്തു പേർ മരണപ്പെട്ടെങ്കിലും പുതുതായി കൊറോണ സംശയിക്കുന്ന ഒരു കേസ് പോലും ഇല്ല. വുഹാനിലെ ജനങ്ങൾ ഈ സംഖ്യകൾ പൂജ്യത്തിലേക്ക് എത്തുന്നതിനായി കാത്തിരിക്കുകയാണ്. എന്നാലല്ലേ ഇത് പൂർണമായി ഒഴിവായി എന്ന് പറയാനാകൂ. ആ ദിനം അത്ര ദൂരെയല്ല എന്നാണ് എനിക്ക് തോന്നുന്നത്.

കൊറോണ നിയന്ത്രണ പ്രവർത്തനങ്ങളുടെ മുൻനിരയിൽ നിൽക്കുന്ന എന്റെ ഒരു ഡോക്ടർസുഹൃത്തുമായി ഇന്ന് വൈകിട്ട് ഞാൻ ദീർഘനേരം ഫോൺ സംഭാഷണത്തിൽ ഏർപ്പെട്ടിരുന്നു. ചില വിഷയങ്ങളിൽ ഞങ്ങളുടെ കാഴ്ചപ്പാടുകൾ വളരെ വ്യത്യസ്തമാണ്. ഉദാഹരണത്തിന്, പകർച്ചവ്യാധിയുടെ ഉത്തരവാദികൾ ആരാണെന്ന വിഷയം. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഓരോരുത്തരെയായി ഉത്തരവാദികളായി കണക്കാക്കി നാം ശിക്ഷിക്കാൻ ആരംഭിച്ചാൽ, രാജ്യത്തിന്റെ നേതൃനിര അപ്രത്യക്ഷമാകുകയും കാര്യങ്ങൾ നിയന്ത്രിക്കാൻ ആരുമില്ലാതെ വരികയും ചെയ്യും. നമ്മൾ സർക്കാരിനെക്കുറിച്ചാണോ ആശുപത്രികളെക്കുറിച്ചാണോ സംസാരിക്കുന്നതെന്ന് ഞാൻ അത്ഭുതപ്പെട്ടു. ആളുകൾ അത്ര ദുർബലരാണെന്ന് ഞാൻ കരുതുന്നില്ല. ഈ പറഞ്ഞ ആശുപത്രികളിലും സർക്കാരിലും യോഗ്യരായ നിരവധി പേർ ജോലി ചെയ്യുന്നുണ്ട്. പകർച്ചവ്യാധിക്ക് ഉത്തരവാദികളായവർ രാജിവച്ചാലും ആ സ്ഥാനവും ഉത്തരവാദിത്തവും ഭംഗിയായി നിർവ്വഹിക്കാൻ കഴിയുന്ന നിരവധി പേരുണ്ടെന്നാണ് ഞാൻ കരുതുന്നത്. ഇപ്പോൾ പകർച്ചവ്യാധിയുടെ അവസാന ഘട്ടത്തിൽ എത്തിയ സ്ഥിതിക്ക്, കാര്യങ്ങൾ തീർപ്പാക്കേണ്ട സമയമാണിത്. എന്തൊക്കെയാണ് സംഭവിച്ചത് എന്ന് ആളുകളുടെ മനസ്സിൽ കൃത്യമായി പതിഞ്ഞിരിപ്പുണ്ട്. അതിനുത്തരവാദികളായവരെ ശിക്ഷിക്കേണ്ടത് അത്യാവശ്യമാണ്, അല്ലെങ്കിൽ എങ്ങനെയാണ് മരണപ്പെട്ട ആയിരക്കണക്കിന് പേരുടെ ആത്മാക്കളോടും നിരവധി കഷ്ടതകളിലൂടെ കടന്നുപോയ വുഹാൻ നിവാസികളോടും മറുപടി പറയുക? ഞാൻ നേരത്തെ പലപ്പോഴും പറഞ്ഞതുപോലെ, വുഹാനിലെ ഈ പകർച്ചവ്യാധി പല തരത്തിലുള്ള ഘടകങ്ങളുടെ കൂടിച്ചേരലാണ്. പല തലങ്ങളിൽ നിന്നാണ് ഈ ഘടകങ്ങൾ രൂപപ്പെട്ടത്, ഇവയെല്ലാം ചേർന്ന് പ്രവർത്തിച്ചതിനു പിറകിൽ നിരവധി കാരണങ്ങൾ ഉണ്ടായിരുന്നു. കാരണങ്ങളോരോന്നും വ്യത്യസ്തമായിരുന്നെങ്കിലും, എല്ലാം കൂടി ഒരുമിച്ചു ഒരേ കലത്തിൽ തന്നെയാണ് വന്നു പതിച്ചത്. ഇപ്പോൾ, കലത്തിലുള്ളതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ ആരും തയ്യാറല്ല. എന്നാൽ ഇതിന്റെ ഉത്തരവാദിത്തത്തിൽ നിന്നും ബന്ധപെട്ടവരെയാരെയും കുതറിമാറാൻ അനുവദിക്കാതിരിക്കേണ്ടത് നമ്മുടെ ചുമതലയാണ്. ഈ ഒരു ദുരന്തത്തിൽ പങ്കുള്ളവരെല്ലാം അതിന്റെ ഭാരം ചുമക്കേണ്ടിയിരിക്കുന്നു.
പക്ഷേ എന്റെ ഡോക്ടർ സുഹൃത്ത് പറഞ്ഞതിൽ രണ്ടു കാര്യങ്ങൾ എന്നെ വല്ലാതെ ആകർഷിച്ചു. നിങ്ങളുടെ അറിവിലേക്കായി ഞാൻ അത് ഇവിടെ കുറിക്കാം:

(1) ആശുപത്രികളുടെ നിർമ്മാണത്തെപ്പറ്റി പറയുന്നത്: പല ആശുപത്രികളിലും കൃത്യമായ വായുസഞ്ചാരമില്ല. ഇടുങ്ങിയ സ്ഥലങ്ങൾ രോഗാണുബാധ വർദ്ധിക്കുന്നതിനും പടരുന്നതിനും കാരണമാകുന്നു. പല ആശുപത്രികളും ഊർജസംരക്ഷണത്തിന്റെ ഭാഗമായും വികിരണം കുറയ്ക്കുന്നതിനായും നിരവധി പുതിയ കെട്ടിടങ്ങൾ നിർമ്മിച്ചിട്ടുണ്ട്. എന്നാൽ അത്തരം പുതിയ നിർമ്മാണ രീതികളിൽ പലതും ആശുപത്രിയുടെ സുരക്ഷയ്ക്ക് സഹായകമല്ല. സാർസ് പകർച്ചവ്യാധിയുടെ കാലത്ത് സംഭവിച്ച കാര്യങ്ങൾ എന്റെ സുഹൃത്ത് ഓർമ്മിപ്പിച്ചു. അന്ന് ഷെൻഷാനിൽ ചൂടുള്ള കാലാവസ്ഥയായിരുന്നു. അതിനാൽ അവിടുത്തെ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന അദ്ദേഹത്തിന്റെ കൂട്ടുകാരൻ ആശുപത്രിയുടെ ജനാലകൾ തുറന്നിടുകയുണ്ടായി. ഇത് വൈറസിന്റെ തീവ്രത കുറയ്ക്കാനും അണുബാധയുടെ എണ്ണം കുറയാനും സഹായകമായി. ഷെൻഷാനിലെ സാർസ് ബാധാ നിരക്കിനെ കുറിച്ച് ഞാൻ ഓൺലൈനിൽ തിരഞ്ഞില്ല. എന്നാൽ അദ്ദേഹം പറഞ്ഞത് യുക്തിയുള്ള ഒരു അഭിപ്രായമാണെന്ന് എനിക്ക് തോന്നി. പക്ഷേ വുഹാനിൽ ഇപ്പോൾ ശൈത്യകാലമാണ്. ജനാലകൾ തുറന്നിടാൻ നമുക്ക് സാധ്യമല്ല; അതെന്നെ വല്ലാതെ നിരാശപ്പെടുത്തി. പക്ഷേ ആശുപത്രി മുറികളിലെ വായുസഞ്ചാരം ഒരു പ്രധാന കാര്യമാണെന്നാണ് ഞാൻ കരുതുന്നത് പ്രത്യേകിച്ച് എമർജൻസി റൂമുകളിലെ അണുബാധ തടയുന്ന കാര്യത്തിൽ അത് വളരെ പ്രധാനമാണ്.

(2) ശൈത്യത്തിനും വസന്തത്തിനും ഇടയിലുള്ള കാലം പകർച്ച വ്യാധികളുടെ കാലമാണെന്നാണ് എന്റെ സുഹൃത്തു പറയുന്നത്. ഈ കാലത്തു തന്നെയാണ് സാർസ് വന്നതും, ഇപ്പോൾ അതേ കാലത്തു തന്നെയാണ് കൊറോണ വൈറസ് വന്നിരിക്കുന്നതും. എന്നിട്ടും എല്ലാ കൊല്ലവും തങ്ങളുടെ വൻകിട യോഗങ്ങളും പരിപാടികളും സർക്കാർ ഈ കാലത്തേയ്ക്ക് നീക്കി വെക്കുന്നതെന്തിനാണെന്നും അദ്ദേഹം അത്ഭുതപ്പെടുന്നു. അത്തരം പരിപാടികൾ ഈ സമയത്ത് നടത്തുന്നതിന് പകരം പകർച്ചവ്യാധി ഭീഷണി ഇല്ലാത്ത സമയത്തേക്ക് പുനഃക്രമീകരിക്കേണ്ടതുണ്ട്.

എന്റെ സുഹൃത്തിന്റെ നിർദേശങ്ങൾ പല തരത്തിലുള്ള ആശയങ്ങൾ മുന്നോട്ടു വയ്ക്കുന്നവയാണ്. ഞാൻ നിങ്ങളോട് ഒരു സത്യം പറയാം. ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റി മൂന്ന് മുതൽ, കഴിഞ്ഞ ഇരുപത്തിയഞ്ചു വർഷങ്ങളിൽ തുടർച്ചയായും, ഞാൻ പ്രവിശ്യാ പീപ്പിൾസ് കോൺഗ്രസിന്റെ മീറ്റിംഗിലും പ്രവിശ്യാ രാഷ്ട്രീയ വിദഗ്ധ സമിതിയുടെ യോഗങ്ങളിലും പങ്കെടുക്കുന്നുണ്ട്. ഈ യോഗങ്ങൾ അടുക്കുമ്പോൾ ഓരോ സർക്കാർ ഓഫീസിലെയും സ്ഥിതിയെന്തായിരിക്കുമെന്ന് എനിക്ക് വ്യക്തമായി അറിയാം. ഈ യോഗങ്ങൾ കുഴപ്പമില്ലാതെ നടക്കേണ്ടതിനാൽ മോശം പ്രതിച്ഛായ ഉണ്ടാക്കുന്ന യാതൊരു വാർത്തയും പ്രസിദ്ധീകരിക്കാൻ മാധ്യമ സ്ഥാപനങ്ങളെ അനുവദിക്കാറില്ല. അതുപോലെ തന്നെ, ഉയർന്ന സർക്കാർ ഉദ്യോഗസ്ഥർ ഈ യോഗങ്ങളിൽ നിർബന്ധമായും പങ്കെടുക്കേണ്ടതുണ്ട് എന്നതുകൊണ്ട് ഈ സമയങ്ങളിൽ സാധാരണ ജോലികൾ മാറ്റി വച്ച് സർക്കാർ ജോലിക്കാർ തിരക്കിലായിരിക്കും. ഈ വർഷവും വ്യത്യാസം ഒന്നും ഉണ്ടായില്ല. മുൻസിപ്പൽ ആരോഗ്യ കമ്മീഷൻ രോഗവ്യാപനത്തെ സംബന്ധിച്ച റിപ്പോർട്ടിങ് നിർത്തിയത് ഈ രണ്ടു യോഗങ്ങൾക്കടുപ്പിച്ച ദിവസങ്ങളിലായിരുന്നു എന്നതൊന്നും വെറും യാദൃച്ഛികമല്ല. എന്നാൽ ഇങ്ങനെ സംഭവിച്ചത് മനഃപൂർവ്വമല്ല എന്നു ജനങ്ങൾ ചിന്തിക്കുകയും വേണം. അതാണ് ഇവിടുത്തെ സർക്കാർ സംവിധാനങ്ങൾ പ്രവർത്തിക്കുന്ന രീതി. ഇതൊന്നും പുതിയ രീതികളല്ല; കാലങ്ങളായി ഇവിടെ സ്വീകരിച്ചു വരുന്ന പ്രവർത്തനരീതികളാണ്. ഈ യോഗങ്ങൾ കഴിയുന്ന വരേയ്ക്കും സർക്കാർ ഓഫീസുകളുടെ ദൈനംദിന പ്രവർത്തനങ്ങളെല്ലാം നീട്ടിവയ്ക്കുക എന്നതാണ് ശീലം. അതുപോലെ തന്നെ യോഗങ്ങളുടെ വിജയത്തിന് വേണ്ടി മോശം വാർത്തകൾ റിപ്പോർട്ട് ചെയ്യാതിരിക്കുകയും നല്ല വാർത്തകൾ മാത്രം റിപ്പോർട്ട് ചെയുകയും ചെയ്യുന്നത് മാധ്യമങ്ങളുടെ പതിവുമാണ്. പാർട്ടി പ്രവർത്തകരും ജനങ്ങളും നേതാക്കളും മാധ്യമങ്ങളും എല്ലാവരും ഈ പ്രവർത്തന രീതികളോട് പൊരുത്തപ്പെട്ടിരിയ്ക്കുകയാണ്. ദൈനംദിന ജോലികളെല്ലാം നീട്ടിവച്ചുകൊണ്ടും മോശം വാർത്തകളെ മറച്ചുവച്ചുകൊണ്ടും മുന്നോട്ട് പോകുമ്പോൾ അവിചാരിതമായതൊന്നും സംഭവിക്കാറില്ല. ജീവിതത്തിലെ ചെറിയ ചെറിയ കാര്യങ്ങൾക്ക് വേണമെങ്കിൽ കുറച്ചുദിവസം കാത്തു നില്കാവുന്നതേയുള്ളു; ഒടുവിൽ എല്ലാവർക്കും നല്ലതു സംഭവിക്കുമല്ലോ! ആളുകൾ ഈ രീതിയുമായി പൊരുത്തപ്പെട്ടിരിക്കുന്നു; എല്ലാവരും ഇതിലൂടെ സ്വന്തം മുഖം രക്ഷിക്കുകയും ചെയ്യുന്നു. എന്നാൽ പകർച്ചവ്യാധികൾ നിങ്ങളുടെ ചിട്ടകളെയോ നിങ്ങളുടെ പ്രതിച്ഛായയെ സംബന്ധിച്ചോ വ്യാകുലരല്ല എന്ന് മാത്രമല്ല അവയെയൊക്കെയും താറുമാറാക്കാനാണ് തുനിയുന്നതും.അതാണ് സാർസ് ചെയ്തത്, അതാണ് നോവൽ കൊറോണ വൈറസ് ചെയ്തത്, ഇനി മൂന്നാമതൊരെണ്ണം കൂടി ഉണ്ടാകുമോ? ഞാൻ അല്പം ആശങ്കാകുലയാണ്. എന്റെ ഡോക്ടർ സുഹൃത്തിന്റെ ചിന്തകൾ കേട്ടപ്പോൾ എനിക്ക് മറ്റൊരു നിർദേശം മനസ്സിൽ തോന്നി. ഈ യോഗങ്ങളുടെ സമയം മാറ്റിയില്ലെങ്കിലും അവയുമായി ബന്ധപ്പെട്ട നമ്മുടെ മോശം ശീലങ്ങൾ എന്തായാലും മാറ്റേണ്ടതുണ്ട്. ഇനി അതല്ല ഈ ചിട്ടവട്ടങ്ങൾ മാറ്റാൻ നമ്മൾ തയ്യാറല്ലെങ്കിൽ, കുറഞ്ഞത് പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്ന ഈ സമയത്തുനിന്നും മറ്റൊരു സമയത്തേക്ക് അവ മാറ്റിവയ്ക്കാനെങ്കിലും നാം തയ്യാറാകേണ്ടതുണ്ട്.

എനിക്ക് കണ്ടില്ലെന്നു നടിക്കാൻ കഴിയാത്ത മറ്റൊരു കാര്യവും കൂടി ഇന്ന് സംഭവിച്ചു. അതിനെ സംബന്ധിച്ച എന്റെ പ്രതികരണത്തിനായി വായനക്കാരിൽ പലരും കാത്തിരിക്കുകയാണെന്ന് എനിക്ക് അറിയാം. പതിനാറു വയസ്സുള്ള, 'ഒരു ഹൈസ്‌കൂൾ വിദ്യാർത്ഥി' എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരാൾ എനിക്ക് ഓൺലൈനിൽ ഒരു തുറന്ന കത്ത് അയക്കുകയുണ്ടായി. ആ കത്തിലെ പല വിശദാംശങ്ങളും പരസ്പരം ചേരാത്തതായി എനിക്ക് തോന്നി. എന്റെ പല സുഹൃത്തുക്കളും അതൊരു സ്‌കൂൾ വിദ്യാർത്ഥി എഴുതിയതല്ല എന്ന് അഭിപ്രായപ്പെടുകയുമുണ്ടായി. അൻപതിലേറെ വയസ്സു പ്രായം വരുന്ന, എന്നാൽ ഓൺലൈനിൽ കൗമാരക്കാരികളായി അഭിനയിച്ചു കൊണ്ടു എഴുതുന്ന ചിലരില്ലേ, അവരുടെ ഭാഷയായിരുന്നു ആ കത്തിന്. ഇനി യാഥാർഥ്യം എന്തുതന്നെയായാലും, ഒരു പതിനാറു വയസ്സുള്ള വിദ്യാർത്ഥി എഴുതിയതെന്നു നിലയിൽ തന്നെ ആ കത്തിന് മറുപടി പറയാൻ ഞാൻ തീരുമാനിച്ചിരിക്കുകയാണ്.

എനിക്ക് പറയാനുള്ളതെന്തെന്നാൽ, എന്റെ കുഞ്ഞേ, നീ അയച്ചത് വളരെ നല്ല ഒരു എഴുത്താണ്. നിന്റെ പ്രായത്തിലുള്ളവർ അനുഭവിക്കുന്ന അനിശ്ചിതത്വങ്ങൾ മുഴുവൻ ആ എഴുത്തിലുണ്ട്. നിന്നെ അലട്ടുന്ന ചിന്തകളൊക്കെ സ്വാഭാവികമാണെന്നും അവയൊക്കെയും നിന്നെ പഠിപ്പിക്കുന്നവരിൽ നിന്നും വന്നതാണെന്നും എനിക്ക് കാണാൻ കഴിയും. പക്ഷേ എനിക്ക് നിന്നോട് പറയാനുള്ള ഒരു കാര്യം നിന്റെ ഈ സംശയങ്ങൾ ദൂരീകരിക്കാനുള്ള ചുമതല എന്റേതല്ല എന്നാണ്. നിന്റെ കത്ത് വായിച്ചപ്പോൾ നിരവധി വർഷങ്ങൾക്ക് മുൻപ് ഞാൻ വായിച്ച ഒരു കവിതയാണ് ഓർമയിൽ വന്നത്. കവിയും നാടകകൃത്തുമായ ബായ് ഹുവാ എഴുതിയ ആ കവിത ഞാൻ സ്‌കൂളിൽ പഠിക്കുന്ന കാലത്ത്, സാംസകാരിക വിപ്ലവത്തിന്റെ ചൂടൻ ദിനങ്ങളിലൊന്നിലാണ് വായിച്ചത്. ആ ഒരു വേനൽക്കാലം മുഴുവൻ, വുഹാന്റെ നിരത്തുകളിൽ പോരാടുന്ന ചുവപ്പു സേനയുണ്ടായിരുന്നു. അന്ന് ഞാൻ അഞ്ചാം ക്‌ളാസിൽ പഠിക്കുകയാണ്. അപ്പോഴാണ് ബായ് ഹുവാ എഴുതിയ ‘ഇരുമ്പുകുന്തത്തിനു മുന്നിൽ ലഘുലേഖ വിതരണം ചെയ്യൽ' എന്ന കവിതാ സമാഹാരം ലഭിച്ചത്. ആ കവിതാ സമാഹാരത്തിൽ ‘ഞാനും നിങ്ങളെ പോലെ ഒരിക്കൽ ചെറുപ്പമായിരുന്നു' എന്ന ഒരു കവിതയുണ്ടായിരുന്നു. അതിൽ 'ഞാനും നിന്നെ പോലെ ഒരിക്കൽ ചെറുപ്പമായിരുന്നു' എന്നൊരു വരിയുമുണ്ടായിരുന്നു. ആ കവിത ആദ്യമായി കണ്ടപ്പോൾ എനിക്കേറെ സന്തോഷം തോന്നി. ഞാൻ ആ വരികൾ ഇപ്പോഴും ഓർക്കുന്നുണ്ട്. എന്റെ കുഞ്ഞേ, നീ പറയുന്നു നിനക്ക് പതിനാറു വയസ്സായെന്ന്. ആയിരത്തി തൊള്ളായിരത്തി എഴുപത്തിയൊന്നിൽ എനിക്കും പതിനാറു വയസ്സായിരുന്നു. അന്ന് ‘സാംസ്‌കാരിക വിപ്ലവം ഒരു ദുരന്തമാണെന്ന് ' ആരെങ്കിലും പറഞ്ഞിരുന്നെങ്കിൽ ഞാൻ അവരെ പിന്തുടർന്ന് തല്ലു പിടിക്കുമെന്നുറപ്പാണ്. ഇനി മൂന്നു രാവും പകലും ഒരാൾ എന്നോട് ഇതേപ്പറ്റി സംസാരിച്ചാലും അത്തരമൊരു വാദഗതിക്ക് എന്റെ മനസ്സ് മാറ്റാൻ സാധിക്കുമായിരുന്നില്ല. കാരണം, പതിനൊന്നാമത്തെ വയസ്സ് മുതൽ ഞാൻ നിരന്തരം കേട്ടുവരുന്ന ഒരു കാര്യം 'സാംസ്‌കാരിക വിപ്ലവം ഒരു നല്ല കാര്യമാണ്' എന്ന പല്ലവിയാണ്. പതിനാറു വയസ്സായപ്പോഴേക്കും ഞാൻ ഈ പ്രചാരണം കേട്ട് തുടങ്ങിയിട്ട് അഞ്ചു വർഷം കഴിഞ്ഞിരുന്നു. അതിനാൽ തന്നെ, മൂന്ന് ദിവസത്തെ മറുപക്ഷവാദങ്ങളൊന്നും തന്നെ എന്റെ ധാരണകളെ മാറ്റാൻ സഹായകമാകുമായിരുന്നില്ല. ഈ യാഥാർഥ്യം മനസിലുള്ളപ്പോൾ, നിന്റെ മനസ്സിലുള്ള തെറ്റിദ്ധാരണകൾ മാറ്റാൻ എനിക്ക് സാധിക്കില്ല. ഇനി ഞാൻ മൂന്ന് ദിവസമല്ല, മൂന്ന് വർഷം ശ്രമിച്ചാലും എട്ടു പുസ്തകങ്ങൾ എഴുതി സമർത്ഥിക്കാൻ ശ്രമിച്ചാലും, നിന്നെ വിശ്വസിപ്പിക്കാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. എന്തുകൊണ്ടെന്നാൽ എന്റെ ചെറുപ്പകാലത്തേതു പോലെ നിനക്കും ഇപ്പോൾ അഞ്ചുവർഷത്തോളം ഒരു പ്രത്യേക വിദ്യാഭ്യാസം ലഭിച്ചിട്ടുണ്ട്. അത് പറയുമ്പോൾ തന്നെ മറ്റൊരു കാര്യം കൂടി പറയാനുണ്ട്. എന്റെ കുഞ്ഞേ, ഒരു നാൾ ഈ പറഞ്ഞ അനിശ്ചിതത്വങ്ങൾക്ക് മുഴുവൻ ഉത്തരങ്ങളും കണ്ടെത്താൻ നിനക്ക് കഴിയും. പക്ഷേ നിനക്ക് വേണ്ട ഉത്തരങ്ങൾ കണ്ടെത്താൻ നിനക്ക് മാത്രമേ സാധിക്കൂ. നീ എത്ര ബാലിശമായാണ് ഇന്ന് പെരുമാറുന്നതെന്ന് ഒരുപക്ഷേ പത്തോ ഇരുപതോ വർഷം കഴിഞ്ഞാൽ നീ തിരിച്ചറിയുമായിരിക്കും. എന്ത് കൊണ്ടെന്നാൽ അന്ന് നീ തീർത്തും പുതിയ ഒരു നീ ആയി മാറിയിരിക്കും, അല്ല ഇനി ആ തീവ്ര ഇടതുവാദികളുടെ കൂട്ടത്തിലാണ് നീ ചെന്നുപെടുന്നതെങ്കിൽ ഈ ഉത്തരങ്ങളൊന്നും നീ ഒരിക്കലും കണ്ടെത്തില്ല എന്ന് മാത്രമല്ല, അതിനു പകരം അന്തമില്ലാത്ത, ആജീവനാന്തം നീണ്ടു നിൽക്കുന്ന പോരാട്ടത്തിൽ നീ വീണു പോകുകയും ചെയ്യും.
എന്റെ കുഞ്ഞേ, ഞാൻ പറയട്ടെ, എനിക്ക് പതിനാറു വയസ്സായിരുന്നപ്പോൾ ഞാൻ നിന്നെക്കാളും മോശം ആയിരുന്നു. ആ കാലത്തു ഞാൻ ‘സ്വതന്ത്ര ചിന്ത' പോലെയുള്ള വാക്കുകൾ ഒന്നും കേട്ടിട്ടേ ഇല്ലായിരുന്നു. ആളുകൾ തങ്ങൾക്ക് വേണ്ടി സ്വയം ചിന്തിക്കാൻ പ്രാപ്തരാണ് എന്നൊന്നും ഞാൻ ഒരിക്കലും മനസ്സിലാക്കിയിരുന്നില്ല. ഞങ്ങൾ ഞങ്ങളുടെ അധ്യാപകർ പറഞ്ഞതെല്ലാം ചെയ്തു, സ്‌കൂളുകൾ ചെയ്യാൻ പറഞ്ഞത് അങ്ങനെ തന്നെ പിന്തുടർന്നു, ദിനപത്രങ്ങൾ പറഞ്ഞ കാര്യങ്ങൾ അതേ പോലെ പിന്തുടർന്നു, റേഡിയോ സംപ്രേക്ഷണങ്ങൾ ഞങ്ങളോട് എന്ത് പറഞ്ഞു അതെല്ലാം ഞങ്ങൾ അക്ഷരം പ്രതി അനുസരിച്ചു. എനിക്ക് പതിനൊന്നു വയസുള്ളപ്പോൾ തുടങ്ങിയ സാംസ്‌കാരിക വിപ്ലവം എന്റെ ഇരുപത്തിയൊന്നാം വയസ്സ് വരെ തുടർന്നു. അതാണ് ഞാൻ വളർന്നുവന്ന പത്തു വർഷം. ഞാൻ എന്നെപ്പറ്റി ചിന്തിച്ചിരുന്നതേ ഇല്ല, കാരണം ഞാൻ സ്വയം ഒരു വ്യക്തിയായി പരിഗണിച്ചതേ ഇല്ല. വലിയൊരു യന്ത്രത്തിലെ ചെറിയൊരു ആണി മാത്രമായിരുന്നു ഞാൻ. ആ യന്ത്രത്തിനൊപ്പം ഞാൻ ചലിച്ചു, അത് നിന്നപ്പോൾ ഞാൻ നിന്നു. അതിനൊപ്പം പടിപടിയായ് പൊയ്‌ക്കൊണ്ടിരുന്നു. ഒരുപക്ഷേ നിന്റെ ഇന്നത്തെ അവസ്ഥയും ഇതായിരിക്കണം. (ഞാൻ നീ എന്ന് പറയുമ്പോൾ നിന്റെ തലമുറയിലെ എല്ലാവരെയും കുറിച്ചല്ല പറയുന്നത്. എന്തെന്നാൽ സ്വതന്ത്ര ചിന്താഗതിയുള്ള നിരവധി പതിനാറ് വയസ്സുകാരുണ്ട് ഇന്ന് നമ്മുടെ സമൂഹത്തിൽ) ഞാൻ പക്ഷേ ഭാഗ്യവതിയായിരുന്നു. എന്തെന്നാൽ എന്റെ പിതാവിന്റെ ജീവിതാഭിലാഷം അദ്ദേഹത്തിന്റെ എല്ലാ മക്കളെയും കോളേജിലയച്ചു പഠിപ്പിക്കുക എന്നതായിരുന്നു. അദ്ദേഹം അത് പറഞ്ഞത് ഞാൻ ഇപ്പോഴും ഓർക്കുന്നുണ്ട്. അതിനാൽ തന്നെ ഒരു ചുമട്ടുതൊഴിലാളിയായി ജോലിയെടുക്കുമ്പോഴും, എന്റെ അച്ഛന്റെ സ്വപ്നം നിറവേറ്റാനായി കഴിയുന്നതെല്ലാം ചെയ്യണമെന്ന് എനിക്ക് വാശിയുണ്ടായിരുന്നു. ഒടുവിൽ, ചൈനയിൽ തന്നെ ഏറ്റവും മനോഹരമായ ക്യാംപസ്സുള്ള വുഹാൻ സർവകലാശാലയിൽ ഞാൻ പ്രവേശനം നേടി.

എന്റെ കുഞ്ഞേ, ഞാൻ വളരെ ഭാഗ്യവതിയാണെന്ന് എനിക്ക് തോന്നാറുണ്ട്. ബാല്യകാലത്ത് എനിക്ക് ലഭിച്ച വിദ്യാഭ്യാസം വെറും വിഡ്ഢിത്തരമായിരുന്നെങ്കിലും, എങ്ങനെയൊക്കെയോ കോളേജിൽ കയറിപ്പറ്റാൻ എനിക്ക് സാധിച്ചു. കോളേജിൽ എത്തിക്കഴിഞ്ഞതിനു ശേഷം ജീവിതം മുഴുവൻ അറിവിനായ് ദാഹിച്ചു നടന്ന ഒരാളെപ്പോലെ ഞാൻ ആർത്തിയോടെ വായിക്കുകയും പഠിക്കുകയും ചെയ്തു. എല്ലാ തരത്തിലുള്ള വിഷയങ്ങളും ഞാൻ എന്റെ സഹപാഠികളോട് ചർച്ച ചെയ്തു. അങ്ങനെ ഞാൻ സർഗ്ഗാത്മക രചന ആരംഭിച്ചു. ഒടുവിൽ ഒരു നാൾ ഞാൻ സ്വതന്ത്ര ചിന്തയുടെ പ്രാധാന്യത്തെകുറിച്ച് തിരിച്ചറിഞ്ഞു. ‘പരിഷ്‌കരണ കാലത്തിന്റെ' ആദ്യഘട്ടം മുതൽ തന്നെ കാണാനും പിന്നീട് ആ കാലഘട്ടത്തിലുണ്ടായ എല്ലാ മാറ്റങ്ങളും ദർശിക്കുവാനും സാധിച്ച ഒരാളാണ് ഞാൻ. സാംസ്‌കാരിക വിപ്ലവം എന്ന ദുരന്തത്തിൽ നിന്നും ഓരോ കുഞ്ഞു ചുവടുകളായി മുന്നോട്ട് വച്ച്, പിന്നോക്ക രാജ്യമായിരുന്ന ചൈന ഒരു ലോക ശക്തിയായി ഉയർന്നുവരുന്നത് ഞാൻ നേരിട്ട് കണ്ടു. ആ പരിഷ്‌കരണ ഘട്ടമില്ലായിരുന്നെങ്കിൽ ഇപ്പോൾ നമ്മൾ കാണുന്നതൊന്നും നമുക്കുണ്ടാകുമായിരുന്നില്ല. എനിക്ക് ഈ ഡയറി ഓൺലൈനിൽ പ്രസിദ്ധീകരിക്കാനുള്ള അവകാശവും അതിനു മറുപടിയായി കത്തെഴുതാനുള്ള നിന്റെ അവകാശവും, ഒന്നും തന്നെ ഉണ്ടാകുമായിരുന്നില്ല. എന്റെ കുഞ്ഞേ, നിനക്കറിയാമോ പരിഷ്‌കരണ കാലഘട്ടത്തിലെ ആദ്യ പത്തു വർഷം ഞാൻ എന്നോട് തന്നെ സംഘർഷത്തിലായിരുന്നു. എന്റെ തലച്ചോറിൽ അടിഞ്ഞുകൂടിയിരുന്ന ചവറുകളും വിഷവും നീക്കം ചെയ്യേണ്ടിയിരുന്നു. പുതിയ അറിവുകൾ കൊണ്ട് എന്റെ മനസ്സു നിറയ്ക്കണമായിരുന്നു. പുതിയ കാഴ്ചപ്പാടുകളിലൂടെ കാര്യങ്ങൾ കാണാൻ പഠിക്കേണ്ടിയിരുന്നു. സ്വന്തം കണ്ണുകളിലൂടെ പ്രശ്ങ്ങളെ പഠിക്കാനും മനസിലാക്കാനും ശ്രമിക്കേണ്ടിയിരുന്നു. എന്റെ ബാല്യകാല അനുഭവങ്ങളും വായനയും നിരീക്ഷണവും കഠിനാധ്വാനവുമെല്ലാം ഈ വളർച്ചയെ സ്വാധീനിച്ചിട്ടുണ്ടന്ന് ഉറപ്പാണ്.

എന്റെ കുഞ്ഞേ, ഞാൻ അനുഭവിച്ച ഈ ആത്മസംഘർഷം, അത് എന്റെ തലമുറയിൽപ്പെട്ടവർ മാത്രം കടന്നുപോയ ഒന്നാണ്. നീയും നിന്റെ തലമുറയിൽപ്പെട്ട ചിലരും അതിനു സമാനമായ സംഘർഷങ്ങളിലൂടെ കടന്നു പോകുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. നിന്റെ തലയിൽ അടിഞ്ഞുകൂടിയ അഴുക്കും വിഷവും ഒഴിവാക്കി കളയാൻ നീയും ഇതേ സംഘർഷത്തിലൂടെ ഒരിക്കൽ കടന്നുപോകേണ്ടിവരും. അത് തീർത്തും വേദനാജനകമായ ഒരു പ്രക്രിയയാണ്. ഓരോ വിരേചനത്തിലും നിങ്ങളുടെ വിമോചനമുണ്ട്. അങ്ങനെ ഓരോ വിമോചനത്തിലൂടെയും കടന്നുവന്ന്, തുരുമ്പിച്ച, മരണപ്പെട്ട അസ്ഥിപഞ്ജരത്തിൽ നിന്നും ഒരു പുതിയ മനുഷ്യനായി നിങ്ങൾ ഉയർത്തെഴുന്നേൽക്കും.

എന്റെ കുഞ്ഞേ, നിനക്കു മനസ്സിലാകുന്നുണ്ടോ ഞാൻ പറയാൻ ശ്രമിക്കുന്നതെന്താണെന്ന്. നിനക്കായി ഞാൻ ഒരു വരി കവിത നൽകി പോകുന്നു, ‘ഞാനും ഇന്നത്തെ നിന്നെ പോലെ ഒരിക്കൽ ചെറുപ്പമായിരുന്നു.'

മാർച്ച് 21, 2020
കൊറോണ വൈറസിന്റെ വ്യാപനം കുറഞ്ഞിരിക്കുന്നതായി കാണാം, എന്നാൽ ജനങ്ങളുടെ ഹൃദയമിടിപ്പ് കുറഞ്ഞിട്ടില്ല

ന്ന് ലോക്ക്ഡൗണിന്റെ അൻപത്തൊൻപതാം ദിവസമാണ്. വലിയൊരു കാലയളവ് ആണത്. ഇന്നലെ സൂര്യൻ ഏറെ തെളിഞ്ഞാണ് നിന്നിരുന്നത്, എന്നാൽ ഇന്ന് മൂടിക്കെട്ടിയ ദിവസമാണ്. വൈകിട്ട് ചെറിയ മഴച്ചാറലും ഉണ്ടായിരുന്നു.പക്ഷേ ഈ സമയം എന്റെ മുറ്റത്തെ ചെടികൾക്കും മരങ്ങൾക്കും നല്ല മഴ വേണം. രണ്ടുമൂന്ന് ദിവസം മുൻപ് വുഹാൻ സർവകലാശാലയിലെ ചെറിമരങ്ങൾ പൂത്തു. ക്യാംപസ് ഒഴിഞ്ഞു കിടക്കുകയാണെങ്കിലും ഏതോ ചില റിപ്പോർട്ടർമാർ അവിടെയുണ്ടെന്ന് എനിക്ക് തോന്നുന്നു. എന്തെന്നാൽ സഹപാഠികളുടെ ഓൺലൈൻ ഗ്രൂപ്പുകളിൽ ആരോ ചെറി മരങ്ങളുടെ ചിത്രങ്ങൾ ഷെയർ ചെയ്യുന്നുണ്ട്. ചുറ്റും മനുഷ്യരൊന്നും ഇല്ലാതെ വിരിഞ്ഞുനിൽക്കുന്ന ചെറിപ്പൂക്കൾ കാണുന്നത് മനോഹരമായ ദൃശ്യമാണ്.
ആകാശം വല്ലാതെ ഇരുണ്ടതായിരിക്കുന്നു. വൈകിട്ട് ഒരു പാഴ്‌സൽ വാങ്ങനായി ഞാൻ ഗേറ്റിനടുത്തേക്കു പോയിരുന്നു. ആ സമയത്ത് ചെറുതായി മഴ പെയ്തിരുന്നു, എന്റെ കൈയിൽ കുട ഉണ്ടായിരുന്നില്ല. പക്ഷേ മഴ നനയുന്നതിൽ എനിക്ക് ഒരുപാട് സന്തോഷം തോന്നി. ഞാൻ എന്റെ വാതിൽക്കൽ തിരിച്ചെത്തിയപ്പോഴേക്കും പെരുമഴ പെയ്യാൻ തുടങ്ങി. ഒരു നിമിഷം കഴിഞ്ഞാണ് വീട്ടിനുള്ളിൽ എത്തിയിരുന്നതെങ്കിൽ ഞാൻ ആകെ നനഞ്ഞ് കുതിരുമായിരുന്നു. ഭാഗ്യംകൊണ്ട് രക്ഷപ്പെട്ടതാണ് എന്ന് തോന്നി.
കോറോണ വൈറസിന്റെ വ്യാപനം ഒരുപക്ഷേ സ്ഥിരപ്പെട്ടിട്ടുണ്ടാകും, പക്ഷേ ജനങ്ങളുടെ മനസ്സ് സ്ഥിരപ്പെട്ടിട്ടില്ല. കൊറോണ വൈറസിൽ നിന്നും രക്ഷപ്പെട്ട രോഗികൾക്ക് വീണ്ടും അണുബാധയുണ്ടാകുമോ എന്ന ഭയത്തിലാണ് എല്ലാവരും. ഇപ്പോഴുണ്ടാക്കിയെടുത്ത ‘പൂജ്യം രോഗികൾ' എന്ന റെക്കോർഡ് തകർക്കാതിരിക്കാൻ ആശുപത്രികൾ കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ വിമുഖത കാണിക്കുമോ എന്നാണ് എല്ലാവരുടെയും ഭയം. ആളുകൾ ഈ വിഷയത്തെകുറിച്ച് സംസാരിക്കുന്നതുകൊണ്ട്, വ്യക്തമായ ഉത്തരം ലഭിക്കുന്നതിനായി എന്റെ ഡോക്ടർ സുഹൃത്തുക്കളോട് ഇതിനെപ്പറ്റി ചോദിക്കാം എന്ന് ഞാൻ കരുതി. ഓൺലൈനിൽ നിരവധി പേർ ഇതേപ്പറ്റി പരിഭ്രാന്തിയോടെ ചർച്ച ചെയ്യുന്നത് ഞാൻ കാണുന്നുണ്ട്. വിചിത്രമായ മാർഗ്ഗങ്ങളിലാണ് ഈ വൈറസ് പ്രവർത്തിക്കുന്നത്. വൈറസ് പ്രവർത്തിക്കുന്ന മാർഗ്ഗങ്ങൾ ഏതൊക്കെയാണെന്ന കാര്യത്തിൽ ഇപ്പോഴും വലിയ തീർച്ചയില്ല. ആളുകൾ വല്ലാത്ത ഭയത്തിലാണ് പ്രത്യേകിച്ചും വുഹാൻ നിവാസികൾ.പകർച്ചവ്യാധിയുടെ ആദ്യഘട്ടത്തിൽ നടന്ന ദുരന്തം ഞങ്ങളെല്ലാം നേരിട്ട് കണ്ടതാണ്. ആ സമയത്തുണ്ടായ ഭയം ഞങ്ങളുടെയെല്ലാം ഉള്ളിൽ ഇപ്പോഴും ഉണ്ടെന്നു തോന്നുന്നു. പക്ഷേ എന്തുതന്നെ സംഭവിച്ചാലും നമുക്ക് സമാധാനമായി ഇരിക്കേണ്ടതുണ്ട്. പരിഭ്രമിച്ചിട്ട് യാതൊരു കാര്യവുമില്ല. നമ്മൾ ആകെ പരിഭ്രമിച്ചതുകൊണ്ടാണ് ആദ്യഘട്ടത്തിൽ അത്രയും വലിയ ദുരന്തം ഉണ്ടായതെന്ന് എനിക്ക് തോന്നുന്നത്. ചെറിയൊരു പനി ഉണ്ടായിരുന്നവർ പോലും ആശുപത്രിയിലേക്ക് ഓടി പോകുകയാണുണ്ടായത്. അതിലൂടെ കൊറോണ വൈറസ് ഇല്ലാതിരുന്ന നിരവധി പേർക്ക് അണുബാധയുണ്ടാകാൻ ഇടയായി. അതാകട്ടെ തകർന്നുകൊണ്ടിരുന്ന ആരോഗ്യമേഖലയെ കൂടുതൽ സമ്മർദ്ദത്തിലാക്കുകയും കൂടുതൽ മരണങ്ങൾ സംഭവിക്കുന്നതിനു കാരണമാകുകയും ചെയ്തു.

ഇപ്പോൾ പകർച്ചവ്യാധിയുടെ കാര്യത്തിൽ നമ്മൾ ഈ ഒരു അവസ്ഥയിൽ വന്നെത്തിയിരിക്കുകയാണ്. കാര്യങ്ങൾ ഒരുവിധം നിയന്ത്രണ വിധേയമായിരുന്നു. ഇനി പരിഭ്രമിക്കേണ്ട ആവശ്യമില്ല. കൊറോണ രോഗികളെ ചികിതസിക്കേണ്ടതെങ്ങനെ എന്നതിനെ പറ്റി ആശുപത്രികൾക്ക് ഇപ്പോൾ ഏകദേശം ധാരണ ഉണ്ട്. അതിനാൽ തന്നെ പുതുതായി രോഗം ബാധിക്കുന്നവർ ഭയപ്പെടേണ്ടതില്ല. കൃത്യസമയത്ത് ആശുപത്രിയിൽ പോയാൽ മാത്രം മതിയാകും. നമ്മളാരും ഉരുക്കുകൊണ്ട് നിർമ്മിക്കപെട്ടവരല്ല. അസുഖബാധിതരാകാൻ സാധ്യതയുണ്ട്. അപ്പോൾ നാം വേണ്ട ചികിത്സ സ്വീകരിക്കുകയും വേണം. ശൈത്യത്തിനും ശിശിരത്തിനും ഇടയിലുള്ള കാലം സാധാരണയായി തന്നെ പനിക്കാലമാണ്. പകർച്ചപ്പനിക്കാലം പക്ഷേ നമ്മളെല്ലാവരും അതിൽനിന്നും സുരക്ഷിതരായി രക്ഷപ്പെടാറില്ലേ? ഷാങ്ഹായിൽ നിന്നുള്ള ഷാങ് വെൺഹോങ് എന്ന് പേരായ ഒരു ഡോക്ടറുടെ അഭിപ്രായത്തിൽ കൊറോണ വൈറസ് മൂലമുള്ള മരണ നിരക്ക് ഒരു ശതമാനത്തിനും താഴെയാണ്. ഏറ്റവും ഗുരുതരമായ അണുബാധയുള്ള രോഗികളുടെ കാര്യത്തിലല്ലാതെ നാം ഭയപ്പെടേണ്ടതില്ല. താത്കാലിക ആശുപത്രികളിൽ രോഗികൾ ആടുന്നതും പാടുന്നതും നാം കണ്ടതല്ലേ? ആശുപത്രിയിൽനിന്നും പുറത്തുവന്നപ്പോൾ അവരെല്ലാവരും വളരെയേറെ സന്തുഷ്ടരായിരിക്കുന്നു. മറ്റേതൊരു രോഗത്തെയും പോലെ മാത്രമേ അവർക്കു ഇതും അനുഭവപ്പെട്ടിട്ടുള്ളു.

രോഗികളുടെ എണ്ണം പൂജ്യത്തിൽ നിലനിർത്താനുള്ള ഈ ആവേശം എനിക്ക് മനസിലാകുന്നില്ല. പൂജ്യവും ഒന്നും തമ്മിലുള്ള വ്യത്യാസം എത്ര വലുതാണ്? ആളുകളും സർക്കാരും ഈ സംഖ്യയുടെ കാര്യത്തിൽ ഇത്രയും നിർബന്ധബുദ്ധി കാണിക്കേണ്ടതില്ല എന്നാണ് എനിക്ക് തോന്നുന്നത്. സാധാരണ കാലങ്ങളിലും പകർച്ചവ്യാധികൾ ഉണ്ടാകാറുണ്ട്. അസുഖം ബാധിച്ചുകഴിഞ്ഞാൽ നമ്മൾ ശ്രദ്ധിക്കണം, ആരോഗ്യപ്രവർത്തകരുടെ സഹായം തേടണം. അത്രമാത്രം ശ്രദ്ധിച്ചാൽ മതി. ഈ രോഗികളുടെ എണ്ണം പൂജ്യമായാൽ നമുക്കെല്ലാവർക്കും ജോലിക്ക് പോകാൻ സാധിക്കും എന്നെനോട് പറയരുത്. അതുപോലതന്നെ പുതുതായി റിപ്പോർട്ട് ചെയ്യുന്ന ഒരു കേസ് സാധാരണത്വത്തിലേക്കുള്ള നമ്മുടെ തിരിച്ചുപോക്കിനെ ബാധിക്കുകയുമില്ല. പുതിയ ഒരു രോഗി ഉണ്ടായിക്കഴിഞ്ഞാൽ അയാളെ ക്വാറന്റീനിൽ അയച്ചു നമുക്ക് ആ പ്രശ്‌നം പരിഹരിച്ചൂടെ? പൂർണമായ ഒരു പൂജ്യം നമുക്ക് എപ്പോഴും കിട്ടണം എന്നില്ല. പൂർണത പലപ്പോഴും പ്രായോഗികമല്ല.

കൊറോണ വൈറസിനെതിരായ മുൻകരുതൽ നടപടികളെ കുറിച്ചാലോചിക്കുമ്പോൾ ഞാൻ ഷാങ്ഹായിലെ ഡോ ഴാങ് വെൻ ഹോങ്ങിന്റെ അഭിപ്രായങ്ങളോട് യോജിക്കുന്നു. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ നമുക്ക് സ്വീകരിക്കാൻ കഴിയുന്ന ചില മുൻകരുതൽ മാർഗ്ഗങ്ങളുണ്ട്. ‘കൃത്യമായ സാമൂഹിക അകലം പാലിക്കുക, തുടർച്ചയായി കൈ കഴുകുക, മാസ്‌ക് ധരിക്കുക; ഇവ മൂന്നും അത്യാവശ്യമാണ്. ഈ ദിവസം വരെ ഈ മൂന്ന് കാര്യങ്ങളും കൃത്യതയോടെ ചെയ്തതിനുശേഷം അണുബാധയുണ്ടായ ഒരാളെപ്പോലും നമുക്ക് കാണാൻ കഴിഞ്ഞിട്ടില്ല. ഈ നിർദേശങ്ങൾ കൃത്യമായി പാലിച്ചാൽ നിങ്ങൾക്ക് അണുബാധയുണ്ടാകാനുള്ള സാധ്യത കുറവാണ്.' ഡോ ഷെങിന്റെ ഈ കാഴ്ചപ്പാടുമായി ഞാൻ പൂർണമായും യോജിക്കുന്നു. ‘ഡോ ഷാങ് വെൻഹോങ്ങിനെയല്ലാതെ മറ്റെന്ത് വേണമെങ്കിലും നിങ്ങൾക്ക് ഹുബേയിലേക്കയക്കാം' എന്ന് പറയുന്ന ഒരു മീം ഞാൻ കണ്ടിരുന്നു. അങ്ങനെയെങ്കിൽ ഷാങ്ഹായിലെ ജനങ്ങൾ ഇദ്ദേഹത്തെ ഇത്ര മതിപ്പോടെ കാണാൻ കാരണമെന്താകും? അദ്ദേഹം പറഞ്ഞ മിക്കവാറും കാര്യങ്ങളും സത്യമാണെന്ന് തെളിഞ്ഞിട്ടുണ്ട്. ജപ്പാൻകാരുടെ ശുചിത്വബോധം കൊണ്ടാണ് അവിടെ കൊറോണ വൈറസിന്റെ വ്യാപനത്തെ എളുപ്പത്തിൽ തടഞ്ഞുനിർത്താൻ സാധിച്ചതെന്ന് കരുതുന്നു. ആ പറഞ്ഞതിൽ അല്പം സത്യവുമുണ്ട്. നിങ്ങൾ ഈ ലോകമാകെ സഞ്ചരിച്ചാലും ജപ്പാനെപോലെ വൃത്തിയുള്ള ഒരു രാജ്യം കാണാൻ പ്രയാസമാകും. അതുകൊണ്ട് തന്നെ ആയിരിക്കാം ജപ്പാൻകാർക്ക് ദീർഘായുസ്സ് ഉള്ളതും. കൃത്യമായ ശുചിത്വ മാനദണ്ഡങ്ങൾ സ്വീകരിച്ചുകഴിഞ്ഞാൽ തന്നെ ഒരുപാട് രോഗങ്ങളിൽ നിന്നും മുക്തി നേടാൻ നമുക്ക് സാധിക്കും.

പകർച്ചവ്യാധിയുടെ വ്യാപനത്തിന് ശേഷം സ്‌നേഹം, നന്മ തുടങ്ങിയ വാക്കുകൾ പണ്ടത്തേതുപോലെയല്ല അനുഭവപ്പെടുന്നത്. സ്‌നേഹവും നന്മയും എന്താണെന്നു വ്യക്തമായി കാണാൻ ജനങ്ങൾക്ക് കഴിയുന്നുണ്ട്. ഇത്തരം വാക്കുകൾ ഉച്ചത്തിൽ വിളിച്ചുപറയാൻ മാത്രം കഴിയുന്ന ചിലരുണ്ട്. യഥാർത്ഥത്തിൽ കാര്യങ്ങൾ ചെയ്യാൻ അവരെയാരെയും നമുക്ക് കാണാൻ കഴിയില്ല. വളരെ വൈകാരികമായും ആവേശത്തോടെയും നന്മയും സ്‌നേഹവും എന്നൊക്കെ പറയും. ഒരു രാഷ്ട്രീയവത്കരിക്കപ്പെട്ട പൊള്ളയായ പദം എന്ന നിലയിൽ ഇത്തരം വൈകാരികതകൾ അവരെ യഥാർത്ഥ ലോകത്തേക്കിറക്കി കൊണ്ടുവന്നാൽ അവരുടെ പെരുമാറ്റത്തിൽ നേരത്തെ കണ്ടതിന്റെ ഒരൗൺസ് ആത്മാർത്ഥത പോലും കാണില്ല. ഒരിറ്റു ആത്മാർത്ഥതപോലും കാണില്ല. വിദേശത്ത് നിന്നും ചൈനയിലേക്ക് തിരിച്ചുവരുന്ന ആളുകളെ ചീത്ത വിളിക്കുകയും ശപിക്കുകയും ചെയ്യുന്ന നിരവധി വീഡിയോകൾ ഞാൻ കഴിഞ്ഞ ദിവസങ്ങളിൽ കാണുകയുണ്ടായി. അതുപോലെ ഹുബെയ് പ്രവിശ്യയിൽ നിന്നുള്ള തൊഴിലാളികൾ മറ്റു പ്രവിശ്യകളിലേക്കു ജോലിക്കായി തിരിച്ചുപോയപ്പോൾ അവിടത്തുകാരുമായി വലിയ തർക്കങ്ങളിൽ ഏർപ്പെടുന്നതിന്റെ വീഡിയോയും കാണുകയുണ്ടായി. ഈ വീഡിയോകൾ എന്നെ അമ്പരപ്പിക്കുന്നു. സ്വന്തം രാജ്യത്തെ സ്‌നേഹിക്കുന്നതിന്റെ അതെ വികാരവായ്‌പോടെ ഈ നാട്ടുകാർക്ക് തങ്ങളുടെ സഹോദരങ്ങളെ എന്തുകൊണ്ട് സ്‌നേഹിച്ചൂകൂടാ?

കൊറോണ വൈറസ് ആദ്യം പടർന്നുപിടിച്ച സാഹചര്യത്തിൽ ഇവിടുത്ത ചില പ്രദേശങ്ങളിൽ മരുന്നിന്റെയും മറ്റു ചികിത്സാഉപകരണങ്ങളുടേയും ക്ഷാമം വലിയ രീതിയിൽ അനുഭവപ്പെടുകയുണ്ടായി. ആ സമയത്ത് വിദേശത്തുള്ള ചൈനക്കാർ തങ്ങൾ താമസിക്കുന്ന രാജ്യങ്ങളിൽ നിന്നും വലിയ തോതിൽ മരുന്നുകൾ വാങ്ങിച്ച് വുഹാനിലേക്ക് അയച്ചതു കൊണ്ടുകൂടിയാണ് നമുക്ക് ഈ കഷ്ടകാലം കടന്നുപോകാൻ സാധിച്ചത്. എന്നാൽ അവർ വീടുകളിലേക്ക് തിരിച്ചുവരാൻ തുടങ്ങുമ്പോൾ ഇത്രത്തോളം ബുദ്ധിമുട്ടുകൾ അനുഭവിയ്ക്കുമെന്നും ഇത്രയുമധികം പേർ അവരെ ചീത്ത വിളിക്കുമെന്നും ആരെങ്കിലും പ്രതീക്ഷിച്ചിരുന്നുവോ? ആളുകൾ എത്രവേഗമാണ് മാറുന്നത്. മനുഷ്യർക്ക് എത്രത്തോളം മോശക്കാരാകാം എന്നതിന്റെ ദൃഷ്ടാന്തമാണിത്.
പിന്നെ ഹുബെയ് നിവാസികളുടെ കാര്യം വൈറസിന്റെ പകർച്ച തടയുന്നതിനായി അൻപത്തിയൊൻപത് ദിവസങ്ങളായി വീടുകൾക്കുള്ളിൽ ഇരുന്നവരാണവർ. എന്നിട്ട് ഇപ്പോൾ എല്ലാം ശാന്തമായപ്പോൾ ജോലിക്ക് വേണ്ടി അവർ തിരിച്ചുപോകുമ്പോൾ ഇത്രയും എതിർപ്പുകൾ നേരിടേണ്ടി വരുന്നു. നമ്മുടെ രാജ്യത്തിന് മഹത്തായ നിരവധി മുദ്രാവാക്യങ്ങളുണ്ട്. മഹത്തായ സർക്കാർ രേഖകളുണ്ട്. എന്നിരുന്നാലും യാഥാർഥ്യത്തിലേക്ക് വരുമ്പോൾ അവ കൊണ്ടൊന്നും ഒരു കാര്യവും ഇല്ല. ഈ രണ്ടു സന്ദർഭങ്ങളിലും, അതായതു ചൈനയിലേക്ക് തിരിച്ചുവരുന്നവർക്ക് വേണ്ടിയും, മറ്റിടങ്ങളിലേക്ക് ജോലിക്കു പോയ ഹുബെയ് നിവാസികൾക്ക് വേണ്ടിയും കഴിയാവുന്ന സഹായമെല്ലാം സർക്കാർ ചെയ്‌തെങ്കിലും ചിലർക്ക് അവരുടെ ജീവിതം ദുഷ്‌കരമാക്കുന്നതിൽ എന്തോ ആനന്ദം ലഭിക്കുന്നതുപോലെ ആയിരുന്നു. ഇതെല്ലം വളരെ വിചിത്രം തന്നെ.

'വുഹാൻ ഡയറി' കവർ

ചില കാര്യങ്ങൾ കൂടി രേഖപ്പെടുത്തണം എന്ന് ഞാൻ വിചാരിക്കുന്നു. ഈ ബുദ്ധിമുട്ടേറിയ കാലഘട്ടത്തിലൂടെ കടന്നു പോകാൻ പല രാജ്യങ്ങളും തങ്ങളുടെ പൗരന്മാർക്ക് ചെറിയ തുകകൾ നൽകി സഹായിക്കുകയാണ്! ഈ വാർത്ത ഓൺലൈനിൽ പടർന്നുപിടിക്കുന്നുണ്ട്, അവർ പണം നൽകുന്ന രീതി വളരെ ബഹുമാനം അർഹികുന്നുണ്ട്. ഇത് കണ്ട് ചൈനയിലും ഇതുമാതിരി പണം നൽകുമോ എന്നൊക്കെ ജനങ്ങൾ ചോദിക്കുന്നുണ്ട്. അവർ ഹുബെയിൽ ഇത് ചെയ്യുമോ? ഇന്ന് ഓൺലൈനിൽ ആരോ സർക്കാർ ജനങൾക്ക് ക്യാഷ് വൗച്ചർ നൽകണമെന്ന് ആവശ്യപെടുന്നതായി കണ്ടു, അങ്ങനെയെങ്കിൽ പൗരന്മാർക്ക് പകർച്ചവ്യാധി വ്യാപനം തീർന്നതിന് ശേഷവും സാധനങ്ങൾ വാങ്ങിക്കാൻ ഉപയോഗിക്കാം. ഇതിലൂടെ കച്ചവടം നടക്കുന്നതിനും വിപണി സജീവമായി നിർത്തുന്നതിന് സഹായിക്കുകയും ചെയ്യും. നിരവധിപേർ ഈ ആശയത്തെ ഓൺലൈനിൽ പിന്തുണയ്ക്കുന്നതായി കണ്ടു. ദരിദ്രരെയും, പ്രത്യേക സഹായം ആവശ്യമുള്ളവരെയും സഹായിക്കാനായി വുഹാനിൽ പുതിയ ചില നയങ്ങൾ രൂപീകരിക്കുമെന്ന് കേൾക്കുന്നുണ്ട് ദാരിദ്ര്യ നിർമ്മാർജ്ജന വികസന വിഭാഗത്തിന്റെ ഓഫീസിൽ ഞാൻ ഈ വാർത്ത കാണുകയുണ്ടായി. കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങൾ കൊറോണ കാലത്തനുഭവിക്കുന്ന ബാധ്യതകൾ ഒഴിവാക്കുന്നതിനായി ഒറ്റ തവണ ദുരിതാശ്വാസസഹായ വിതരണം ചെയ്യുന്നതിനായി തീരുമാനിച്ചിരിക്കുന്നു. നഗരപ്രദേശങ്ങളിൽ കുറഞ്ഞ വരുമാനക്കാർക്കും, പകർച്ചവ്യാധിമൂലം, തൊഴിൽ നഷ്ടപെട്ട നഗര/ഗ്രാമ തലത്തിൽ തൊഴിലെടുക്കുന്നവർക്കുമാണ് ഈ സഹായം ലഭ്യമാകുക. ശരാശരി മാസ ശമ്പളത്തിന്റെ നാല് ഗഡുക്കളായി ഒരു മാസം വിതരണം ചെയ്യുന്നതാണ് (നഗര പ്രദേശങ്ങളിൽ ഇത് മാസം 780 യുവാൻ, ഗ്രാമങ്ങളിൽ 635 യുവാൻ). മറ്റു രാജ്യങ്ങളിൽ നൽകുന്ന തുകയുമായി തട്ടിച്ചുനോക്കുമ്പോൾ ഇത് വളരെ കുറവാണ്. എന്നിരുന്നാലും ഒന്നുമില്ലാത്തതിനെക്കാളും നല്ലതല്ലേ എന്തെങ്കിലും. എന്ന് മാത്രമല്ല ഇനിയും നല്കുന്നുണ്ടെങ്കിലോ?

ഈ ഒരു സമയത്ത് ആശുപത്രികൾ അവരുടെ മറ്റു വിഭാഗങ്ങളും സാധാരണ രീതിയിലുള്ള പ്രവർത്തനങ്ങളിലേക്ക് തിരിച്ചുകൊണ്ടുവരികയാണ്. പകർച്ചവ്യാധിക്ക് മുൻപുണ്ടായിരുന്ന സ്ഥിതിയിലേക്ക് തിരിച്ചുപോയിട്ടുണ്ടോ എന്ന് പറയാനാവില്ല. പക്ഷേ ഇത് വളരെ അത്യാവശ്യമായി ചെയ്ത് തീർക്കേണ്ട ഒരു കാര്യമാണ്. സാധാരണ സമയങ്ങളിൽ ഈ ആശുപത്രികളെല്ലാം രോഗികളാൽ നിറഞ്ഞിരിക്കുന്നതാണ്. എന്നാൽ കഴിഞ്ഞ രണ്ടുമാസമായി ഗുരുതരാവസ്ഥയിൽ കഴിയുന്ന രോഗികൾ പോലും കൊറോണ വൈറസ് ഒഴിഞ്ഞുപോകുന്നതിനായി തങ്ങളുടെ ചികിത്സ നീട്ടിവച്ചിരിക്കുകയാണ്. പക്ഷേ ഈ കാത്തിരിപ്പ് അവരുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നുണ്ട്. ഉദാഹരണത്തിന് കീമോ തെറാപ്പി മുടങ്ങിപ്പോയ കാൻസർ രോഗികൾ. അവരുടെ അവസ്ഥ എന്താണ്? ഈ കാലത്തേക്ക് ശസ്ത്രക്രിയ നിർണ്ണയിച്ചവരുടെ അവസ്ഥ എന്താണ്? ഇനിയും സമയത്ത് അവർക്ക് ശസ്ത്രക്രിയകൾ നടത്താൻ കഴിയുമോ?

സ്വന്തം സഹോദരിയുടെ അനുഭവം വിവരിച്ചുകൊണ്ട് ഒരാൾ എഴുതിയ ഒരു കത്ത് എന്റെ ഒരു സുഹൃത്തെനിക്ക് അയച്ചുതരികയുണ്ടായി. ദിവസവും തായ്ച്ചി പരിശീലിച്ചിരുന്ന അയാളുടെ സഹോദരിക്കു അൻപത് ദിവസം വീട്ടിൽ അടഞ്ഞിരുന്നപ്പോൾ ഹൃദയാഘാതം നേരിടുകയുണ്ടായി. അവർ നൂറ്റിപത്തിൽ വിളിച്ചെങ്കിലും ആദ്യം അവരെ പ്രവശിപ്പിക്കാൻ ഒരു ആശുപത്രിയും തയ്യാറായില്ല. പിന്നീട് ആശുപത്രിയിലെത്തിച്ചതിനു ശേഷം ആദ്യം അവരെ കൊറോണ പരിശോധനയ്ക്ക് വിധേയ ആക്കേണ്ടി വന്നു. കൊറോണ പരിശോധന ഫലം വന്നപ്പോഴേക്കും അവരെ സംരക്ഷിക്കുന്നതിനുള്ള സമയം കടന്നുപോയിരുന്നു. ഒരാഴ്ച ആശുപത്രിയിൽ കഴിഞ്ഞതിന് ശേഷം അവർ മരണത്തിനു കീഴടങ്ങി. ആ കത്തെഴുതിയിരുന്ന ആൾ ഇങ്ങനെ പറഞ്ഞു: ‘എനിക്കിതൊക്കെ ഒന്ന് പുറത്തേക്കു ഒഴുക്കിക്കളയണം, ഈ വിഷമവും ദേഷ്യവും എല്ലാം തന്നെ പറഞ്ഞു തീർക്കണം. പക്ഷേ അതിനേക്കാൾ പ്രധാനമായും വുഹാനിൽ കാര്യങ്ങൾ നിയന്ത്രിക്കുന്നവർ അറിയാൻ ഒന്ന് പറയാനുണ്ട്. ആശുപത്രികൾ പഴയ രീതിയിൽ പ്രവർത്തനമാരംഭിച്ചില്ലെങ്കിൽ അപകടമാണ്. വുഹാനിൽ പൊതുഗതാഗതം ശരിയായി വരുന്നുണ്ട്. പക്ഷേ ആശുപത്രികളുടെ കാര്യമോ? വൈറസ് വ്യാപനത്തിനെതിരെ നാം മുൻകരുതലുകൾ സ്വീകരിക്കേണ്ടതുണ്ട്. അതിനോടൊപ്പം തന്നെ നാം കാര്യങ്ങൾ സാധാരണ നിലയിലേക്കാക്കുകയും വേണം. ആശുപത്രികൾ എത്രയുംപെട്ടന്ന് പ്രവർത്തന ക്ഷമമായില്ലെങ്കിൽ ഈ രാജ്യത്തു ഒഴിവാക്കാനാകുന്ന നിരവധി മരണങ്ങൾ സംഭവിക്കും. എന്റെ നാത്തൂന്റെ അമ്മയ്ക്ക് പിത്താശയത്തിൽ അർബുദബാധയുണ്ടായിരുന്നു. അവർക്ക് ഭക്ഷണമൊന്നും കഴിക്കാൻ സാധിച്ചിരുന്നില്ല. നിരവധി തവണ ഞങ്ങൾ നൂറ്റിപ്പത്തിലും നൂറ്റിഇരുപതിലും വിളിച്ചുവെങ്കിലും മറുപടി ഉണ്ടായില്ല. ചാന്ദ്രവർഷത്തിന്റെ രണ്ടാം ദിവസം വേദനകൊണ്ട് അവർ മരണപെട്ടു.'

അയാളുടെ കത്ത് ഇങ്ങനെകൂടി പറഞ്ഞു: ‘കൊറോണ വൈറസ് നഗരത്തിലാകെ പടരുകയാണെന്ന കാര്യത്തെ ഞാൻ ഏറെ വെറുക്കുന്നു. അതുപോലെ പകർച്ചവ്യാധിയുടെ ആദ്യഘട്ടത്തിൽ വേണ്ടത്ര മുന്നറിയിപ്പുകൾ നൽകാത്ത മുൻസിപ്പൽ ആരോഗ്യ കമ്മീഷന്റെ നടപടികളെയും ഞാൻ വെറുക്കുന്നു. എത്രപേരാണ് അതിലൂടെ മരണപ്പെട്ടത്. ലോക്ക് ഡൗണിനു മുൻപ് ഈ ഒരു പ്രതിസന്ധി ഘട്ടത്തെ എങ്ങനെ നേരിടണം എന്ന് ആ ഉപയോഗശൂന്യരായ നേതാക്കന്മാർക്ക് യാതൊരു ധാരണയും ഇല്ലായിരുന്നു. ഇപ്പൊ, ലോക്ക്ഡൗൺ തുടങ്ങി രണ്ടു മാസമായെങ്കിലും വൃദ്ധജനങ്ങളെയും, അർബുദരോഗികളെയും അതുപോലെ ഗുരുതര രോഗങ്ങളുള്ളവരെയും അത്യാഹിതം വരുമ്പോൾ എന്ത് ചെയ്യണം എന്നതിനെ സംബന്ധിച്ച് അവർക്കു യാതൊരു നയവും ഇല്ല. തീർത്തും ഭീകരമായൊരു അവസ്ഥയാണത്' ഇത് അദ്ദേഹത്തിന്റെ കത്തിൽ നിന്നുള്ള ഉദ്ധരണിയാണ്. ആ ആശ്ചര്യചിഹ്നം പോലും അദ്ദേഹത്തിന്റേതാണ്.
നിങ്ങളുടെ ചുറ്റുമുള്ളവർ ഒന്നിനുപിറകെ മറ്റൊന്നായി മരിച്ചുപോകുന്നത് നേരിൽകാണുക എന്നത് വളരെ ഭീകരമായൊരു അനുഭവമാണ്.ഗുരുതരമായ രോഗങ്ങളുള്ളവർക്ക് ചികിത്സാ മാർഗ്ഗങ്ങളില്ല എന്നത് വളരെ വലിയൊരു പ്രശ്‌നമായി മാറിയിരിക്കുകയാണ്. ഈ വിഷയവും ഞാൻ എന്റെ ഡോക്ടർ സുഹൃത്തിനോട് പങ്കുവെച്ചു. ആ സംഭാഷണം ഞാൻ ആരംഭിച്ചത് ഈയൊരു ചോദ്യത്തോടെ ആയിരുന്നു: ‘ഗുരുതരമായ രോഗങ്ങളുമായി ആശുപത്രികളിൽ പോകുന്നവർക്ക് ആദ്യം കോറോണ പരിശോധന നടത്തി റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മറ്റു ചികിത്സകൾക്കായി രെജിസ്റ്റർ ചെയ്യാൻ സാധിക്കുകയുള്ളു എന്ന് കേൾക്കുന്നത് ശരിയാണോ?'

ഇതിനു അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ ആയിരുന്നു: ‘ചികിത്സയ്ക്കായി വരുന്ന കൊറോണ ബാധിതരല്ലാത്ത രോഗികൾക്ക് വേണ്ട സകല മുൻകരുതലുകളും ഞങ്ങൾ സ്വീകരിച്ചിട്ടുണ്ട്. ആശുപത്രികളിൽ സുരക്ഷാസോണുകൾ രൂപീകരിച്ചിട്ടുണ്ട്. കൊറോണ ബാധിച്ചിട്ടുണ്ടെന്നു സംശയം തോന്നുന്ന രോഗിയെ ആദ്യം ക്വാറന്റീൻ റൂമിലാക്കും. എന്നിട്ട് കൊറോണ ബാധിതരല്ലെന്നു സ്ഥിരീകരിച്ചുകഴിഞ്ഞാൽ സുരക്ഷാ സോണുകളിലേക്കു മാറ്റും. ഓരോ രോഗിക്കും ന്യൂക്ലിയക് ആസിഡ് അളവും, പ്രതിരോധസെല്ലുകളുടെ പരിശോധനയോടൊപ്പം നെഞ്ചിന്റെ സി.ടി സ്‌കാനും ചെയ്യേണ്ടതുണ്ട്. ഇനി രോഗിയുടെ കൂടെ വരുന്ന ആൾക്കും ആശുപത്രിയിൽ തങ്ങണമെങ്കിൽ സി.റ്റി സ്‌കാനിനു വിധേയമാകേണ്ടതുണ്ട്. നെഞ്ചുവേദനയോ, ഹൃദയാഘാതം പോലുള്ള ഗുരുതരാവസ്ഥകളോ ആയി വരുന്ന രോഗികളെ നേരിട്ട് അത്യാഹിത വിഭാഗത്തിലേക്ക് കൊണ്ടുപോയി വേണ്ട ശുശ്രൂഷ നൽകുകയാണ് പതിവ്. അവരുടെ കൊറോണ പരിശോധന ഫലത്തിനുവേണ്ടി കാത്തുനിൽക്കാറില്ല.' ആ കത്തെഴുതിയ വ്യക്തിയുടെ സഹോദരിക്ക് അത്രയും സമയം പിടിച്ചു നിൽക്കാൻ കഴിയാഞ്ഞത് വലിയ സങ്കടമായിപ്പോയി.

ആരോഗ്യപ്രവർത്തകർക്കു അവരുടേതായ തലവേദനകളുണ്ട്. കൊറോണ പൂർണമായും നിയന്ത്രണത്തിലായിക്കഴിഞ്ഞെന്നു ഉറപ്പില്ലാത്തതിനാൽ വരുന്ന രോഗികൾ കൊറോണ വാഹകരാകാനും ആകാതിരിക്കാനും സാധ്യതയുണ്ട്. നിരവധി ആരോഗ്യപ്രവർത്തകരെ വൈറസ് കീഴ്‌പെടുത്തി കഴിഞ്ഞിരിക്കുന്നതിനാൽ അവരുടെ ഭയവും ആശങ്കയും അസ്ഥാനത്തല്ല. അങ്ങനെ ഇപ്പോഴത്തെ അവസ്ഥ ഒരു കീറാമുട്ടിയാണ്. ‘കൊറോണ വൈറസ് ഇല്ല എന്നുറപ്പുവരുത്താതെ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചാൽ അയാളിൽ നിന്നും മറ്റൊരാൾക്ക് രോഗം പകരുന്നതിന് ഒരുപക്ഷേ അത് കാരണമാകും. അതിനാൽ തന്നെ ഞങ്ങൾക്ക് വലിയ ഉത്തരവാദിത്തം ഉണ്ട്. ഞങ്ങൾ ആവശ്യത്തിന് കരുതൽ എടുത്തില്ലെങ്കിൽ അൻപത് ദിവസത്തെ ലോക്ക്ഡൗൺ കൊണ്ട് നേടിയതെല്ലാം നമുക്ക് നഷ്ടപ്പെടും. ‘ ഇപ്പോൾ പ്രശ്‌നത്തിന്റെ ഗൗരവം എന്താണ് എന്ന് മനസിലായല്ലോ.
ഇത്രയും പുതിയ പരിശോധനകൾ നടത്തേണ്ടതിനാൽ രോഗിയും ഡോക്ടറും തമ്മിലുള്ള ബന്ധവും ഈ കൊറോണ കാലത്ത് വല്ലാതെ പ്രശ്‌നത്തിലായിരിക്കുക ആണെന്നാണ് എന്റെ ഡോക്ടർ സുഹൃത്ത് പറയുന്നത്. ‘കോറോണയ്ക്കു ലഭിക്കുന്ന ശുശ്രൂഷയിൽ പൊതുജനം ഇത്രയും സന്തുഷ്ടരായിരിക്കുന്നത് എന്തുകൊണ്ടാണ് എന്നാണ് നിങ്ങൾ വിചാരിക്കുന്നത്? ഇതിന്റെ ചെലവ് മുഴുവൻ വഹിക്കുന്നത് സർക്കാരാണ്. കുറഞ്ഞ വരുമാനമുള്ള ഒരു കുടുംബത്തിന് ആയിരം യുവാൻ ഒരു വലിയ തുകയാണ്. ഇപ്പോൾ ഏർപ്പാടാക്കിയ പുതിയ പരിശോധനകൾക്ക് ആയിരം യുവാൻ ആകും. എന്നാലും നിങ്ങൾ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നില്ല. ഈ കാരണങ്ങൾ കൊണ്ട് അത്യാഹിത വിഭാഗത്തിൽ ജോലിചെയ്യുന്ന ഡോക്ടർമാർക്ക് വല്ലാത്ത ജനരോഷം അനുഭവിക്കേണ്ടി വരുന്നുണ്ട്. സാധാരണ ആശുപത്രി സന്ദർശനത്തിന് പോലും ഇത്തരം പരിശോധനകളിലൂടെ കടന്നുപോകേണ്ടതുണ്ട്. അത്യാഹിത വിഭാഗം ഇപ്പോൾ സന്ദർശന വിഭാഗമായി പ്രവർത്തിക്കുകയാണ്. ഇപ്പോൾ വുഹാൻ നഗരത്തിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവർ എല്ലാം സാധരണ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ ഉപഭോക്താക്കളാണ്.ആളുകൾ അത്യാഹിത വിഭാഗത്തിൽ രജിസ്റ്റർ ചെയ്യുകയാണെങ്കിൽ പണം ആദ്യം അടയ്‌ക്കേണ്ടിവരികയും പിന്നീട് ഇൻഷുറൻസ് കമ്പനി തിരിച്ചുനൽകുകയുമാണ് പതിവ്. രോഗികൾക്കായി ഈ തുക സർക്കാർ ആദ്യമേ അടച്ചാൽ ഇത്രയും രോഗികൾ ഞങ്ങളോട് ദേഷ്യപെടുന്ന സ്ഥിതി ഉണ്ടാകില്ല. പക്ഷേ ജനങ്ങൾ ആദ്യം പണം അടയ്ക്കാൻ നിർബന്ധിതരാകുകയാണെങ്കിൽ അതിന്റെ ഫലം അനുഭവിക്കേണ്ടി വരുന്നത് ഡോക്ടർമാരാണ്.'

ആശുപത്രികളിൽ ആവശ്യത്തിന് ജോലിക്കാരില്ല എന്നൊരു ഗുരുതര പ്രശ്‌നവും ഇപ്പോഴുണ്ട്. ‘കൊറോണ വൈറസിന്റെ ആദ്യഘട്ടത്തിൽ നിരവധി ആരോഗ്യപ്രവർത്തകർക്ക് അസുഖം ബാധിച്ചിരുന്നു. അവരിൽ പലരും ഇപ്പോൾ രക്ഷപ്പെട്ടുവരുന്നേ ഉള്ളൂ.'
ജനങ്ങൾ കടന്നുപോയ ബുദ്ധിമുട്ടുകളും, ഡോക്ടർമാർ പെട്ടുപോയ പ്രശ്‌നങ്ങളും എല്ലാം നമ്മുടെ മുന്നിൽ വ്യക്തമാണ്. കൊറോണ വ്യാപനത്തിന്റെ ഉച്ചസ്ഥായിയിൽ ഉണ്ടായിരുന്ന അവസ്ഥയിൽ നിന്ന് ഒട്ടും വ്യത്യസ്തമല്ല ഇപ്പോഴത്തെ അവസ്ഥയും. ഇപ്പോൾ പ്രത്യക്ഷപ്പെട്ട ഈ പ്രശ്ങ്ങളെല്ലാം നാം എത്രയും പെട്ടന്ന് പരിഹരികേണ്ടതായിട്ടുണ്ട്. ഇതിന് വേണ്ട വഴികൾ പറഞ്ഞുതരാൻ വിദഗ്ദ്ധർക്ക് കഴിയട്ടെ എന്ന് വിചാരിക്കുന്നു. ഒരുപക്ഷേ രോഗിയുടെ അസുഖം ഏതാണ് എന്ന് നോക്കാതെ കൊറോണ പരിശോധനയുമായി അനുബന്ധിച്ച് ആശുപത്രികൾ ഈടാക്കുന്ന തുക മുഴുവൻ ഒഴിവാക്കാൻ സർക്കാരിന് സാധിച്ചാൽ നന്നായിരിക്കും.

ഒലിവ് ബുക്​സ്​ പ്രസിദ്ധീകരിക്കുന്ന ‘വുഹാൻ ഡയറി'യിൽനിന്നുള്ള ഭാഗങ്ങൾ. ‘വുഹാൻ ഡയറി'യുടെ ഇംഗ്ലീഷ് വിവർത്തനം മൈക്കിൾ ബെറി, മലയാള വിവർത്തനം: പ്രവീൺ രാജേന്ദ്രൻ, പ്രതിഭ ആർ.കെ, അനു കെ. ആന്റണി.

ഫാങ് ഫാങ്: രാഷ്ട്രീയ നിലപാടുകളിലൂടെയും ഭരണകൂട വിമർശനങ്ങളിലൂടെയും വ്യക്തിമുദ്ര പതിപ്പിച്ച എഴുത്തുകാരി. 1955ൽ ജിയാങ്‌സു പ്രവിശ്യയിലെ നാൻജിങ്ങിൽ ജനിച്ചു. വുഹാൻ സർവകലാശാലയിൽനിന്ന് ചൈനീസ് ഭാഷയിൽ ബിരുദം നേടി. സോഫ്റ്റ് ബറിയൽ, ചിൽഡ്രൻ ഓഫ് ദി ബിറ്റർ റിവർ, സിറ്റി ഓഫ് വുചാങ് എന്നിവ പ്രധാന കൃതികൾ.

Comments